
സമാജ പിന്തുണയില്‍ ശതാബ്ദി യാത്ര
ദത്താത്രേയ ഹൊസബാളെ
സര്‍കാര്യവാഹ് (ജന. സെക്രട്ടറി)
ആര്‍എസ്എസ്
രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്‍റെ (ആർഎസ്എസ്) പ്രവര്‍ത്തനം ഈ വിജയദശമി ദനത്തിൽ 100 വര്‍ഷം പൂര്‍ത്തിയാവുകയാണ്. ഈ ശതാബ്ദി യാത്രയില്‍ ഒട്ടനവധി പേര്‍ സഹകരിക്കുകയും പങ്കാളികളാവുകയും ചെയ്തിട്ടുണ്ട്. തികച്ചും ദുഷ്‌കരവും പ്രതിസന്ധികള്‍ നിറഞ്ഞതുമായിരുന്നു ഈ യാത്ര. എങ്കിലും സാധാരണ ജനങ്ങള്‍ നല്‍കിയ പിന്തുണ ആ യാത്രയില്‍ സന്തോഷം പകരുന്ന വശമായിരുന്നു. ഈ യാത്രയുടെ വിജയത്തിനായി സ്വയം സമര്‍പ്പിച്ച ആളുകളെയും നിരവധി സംഭവങ്ങളെയും ശതാബ്ദി വേളയില്‍ ഓര്‍മ വരുകയാണ്.
യുവാക്കളായിരുന്ന പ്രവര്‍ത്തകര്‍ ദേശസ്നേഹത്താല്‍ പ്രേരിതരായി സംഘ പ്രവര്‍ത്തനത്തിനായി ആദ്യ കാലത്ത് യോദ്ധാക്കളെപ്പോലെ രാജ്യമെമ്പാടും സഞ്ചരിച്ചു. അപ്പാജി ജോഷിയെപ്പോലെ കുടുംബസ്ഥനായ പ്രവര്‍ത്തകരായാലും ദാദാറാവു പരമാര്‍ത്ഥ്, ബാലാ സാഹെബ് ദേവറസ്, ഭാവുറാവു ദേവറസ്, യാദവറാവു ജോഷി, ഏകനാഥ് റാനഡെ തുടങ്ങിയ പ്രചാരകന്മാരായാലും, അവരെല്ലാം ഡോ. ഹെഡ്ഗേവാറിന്‍റെ മാര്‍ഗനിര്‍ദേശത്തില്‍ സംഘപ്രവര്‍ത്തനത്തെ രാഷ്‌ട്ര സേവനത്തിനുള്ള ഒരു ജീവിതവ്രതമായെടുത്ത് ആജീവനാന്തം പ്രവര്‍ത്തിച്ചു.
1925ലെ വിജയദശമി ദിനത്തിൽ നാഗ്പുരിലെ മോഹിതെവാഡയിൽ ഡോ. കേശവബലിറാം ഹെഡ്ഗേവാർ എന്ന മഹാപുരുഷൻ ആരംഭിച്ച സംഘത്തിന്‍റെ പ്രവര്‍ത്തനം സമൂഹത്തിന്‍റെ പിന്തുണയോടെ അനവരതം പുരോഗമിച്ചു. സംഘകാര്യം സാധാരണക്കാരുടെ വികാരങ്ങള്‍ക്ക് അനുസൃതമായതിനാല്‍, സമൂഹത്തിനുള്ളില്‍ സംഘത്തിനുള്ള അംഗീകാരം ക്രമേണ വർധിച്ചു.
വിദേശ യാത്രയ്ക്കിടെ ഒരിക്കല്‍ വിവേകാനന്ദ സ്വാമികളോട് ചോദിച്ചു:
"താങ്കളുടെ രാജ്യത്തെ ഭൂരിഭാഗം ആളുകളും നിരക്ഷരരും ഇംഗ്ലീഷ് അറിയാത്തവരുമായതിനാല്‍ താങ്കള്‍ പറയുന്ന വലിയ വലിയ ആശയങ്ങള്‍ ഭാരതത്തിലെ ജനങ്ങളിലേയ്ക്ക് എങ്ങനെ എത്തിച്ചേരും?''
"പഞ്ചസാര എവിടെയെന്നത് അറിയാന്‍ ഉറുമ്പുകള്‍ക്ക് ഇംഗ്ലീഷ് പഠിക്കേണ്ടതില്ല. അതുപോലെ, ഭാരതത്തിലെ എന്‍റെ ജനങ്ങള്‍ക്ക് അവരുടെ ആത്മീയമായ അറിവ് കാരണം, ഏതു കോണില്‍ നടക്കുന്ന സാത്വിക പ്രവൃത്തികളും മനസിലാകുകയും നിശബ്ദമായി അവരവിടെ എത്തിച്ചേരുകയും ചെയ്യും''.
ഇതായിരുന്നു സ്വാമിജിയുടെ മറുപടി.
അതുകൊണ്ട് തന്‍റെ വാക്കുകള്‍ അവര്‍ക്ക് മനസിലാകും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് സത്യമായിരുന്നുവെന്നത് പിന്നീട് തെളിഞ്ഞു. അതുപോലെ, സാത്വികമായ ഈ സംഘ പ്രവര്‍ത്തനത്തിന് സാവധാനത്തിലാണെങ്കിലും പൊതുജനങ്ങളില്‍ നിന്ന് അംഗീകാരവും പിന്തുണയും കിട്ടിക്കൊണ്ടിരിക്കുകയാണ്.
സംഘത്തിന്‍റെ തുടക്കം മുതല്‍ ബന്ധമുള്ളതും പുതുതായി സമ്പര്‍ക്കത്തില്‍ വന്നതുമായ സാധാരണ കുടുംബങ്ങളില്‍ നിന്ന് പ്രവര്‍ത്തകര്‍ക്ക് അനുഗ്രഹങ്ങളും അഭയവും ലഭിച്ചുകൊണ്ടിരുന്നു. സ്വയം സേവകരുടെ കുടുംബങ്ങള്‍ തന്നെയാണ് സംഘ പ്രവര്‍ത്തനത്തിന്‍റെ കേന്ദ്രങ്ങള്‍. അമ്മമാരുടേയും സഹോദരിമാരുടെയും സഹകരണത്തോടെയാണ് സംഘ പ്രവര്‍ത്തനം അതിന്‍റെ പൂര്‍ണത കൈവരിച്ചത്. ദത്തോപന്ത് ഠേംഗ്ഡി, യശ്വന്ത്‌റാവു കേള്‍ക്കര്‍, ബാലാസാഹബ് ദേശ്പാണ്ഡെ, ഏകനാഥ് റാനഡെ, പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ, ദാദാസാഹേബ് ആപ്‌തേ, പി. പരമേശ്വരൻ തുടങ്ങിയവര്‍ സംഘത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സാമൂഹിക ജീവിതത്തിന്‍റെ വിവിധ മേഖലകളില്‍ സംഘടനകള്‍ സൃഷ്ടിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചു.
ഈ സംഘടനകളെല്ലാം നിലവില്‍ വലിയ തോതില്‍ വികസിക്കുകയും ആ മേഖലകളില്‍ ഭാവാത്മകമായ മാറ്റം കൊണ്ടുവരുന്നതില്‍ സജീവ പങ്കു വഹിക്കുകയും ചെയ്യുന്നു. ഇതേ ദേശീയ ലക്ഷ്യത്തിനായി സഹോദരിമാരുടെ ഇടയില്‍, മൗസിജി കേല്‍ക്കര്‍, പ്രമീളാ തായ് മേഢെ തുടങ്ങിയ മാതൃതുല്യര്‍ രാഷ്‌ട്ര സേവികാ സമിതിയിലൂടെ വഹിച്ച പങ്ക് ഈ യാത്രയില്‍ വളരെ പ്രധാനമാണ്.
ദേശീയ താത്പര്യമുള്ള നിരവധി വിഷയങ്ങള്‍ സംഘം ഉന്നയിച്ചിട്ടുണ്ട്. പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചവരില്‍ നിന്നുള്‍പ്പെടെ സമൂഹത്തിലെ വിവിധ ജനവിഭാഗങ്ങളില്‍ നിന്ന് അതിനെല്ലാം പിന്തുണ ലഭിച്ചിട്ടുണ്ട്. വിശാലമായ ഹിന്ദു താല്പര്യമുള്ള വിഷയങ്ങളില്‍ എല്ലാവരുടെയും സഹകരണം ഉറപ്പാക്കാന്‍ സംഘം പരിശ്രമിച്ചിട്ടുണ്ട്. ദേശീയ ഐക്യം, സുരക്ഷ, സാമൂഹ്യ സൗഹാര്‍ദം, ജനാധിപത്യം, ധര്‍മം, സംസ്‌കാരം തുടങ്ങിയവയുടെയെല്ലാം സംരക്ഷണത്തിനായി അസംഖ്യം സ്വയംസേവകര്‍ വിവരണാതീതമായ കഷ്ടപ്പാടുകള്‍ സഹിച്ചിട്ടുണ്ട്, നൂറുകണക്കിന് പേര്‍ക്ക് ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്നു. ഇതിനെല്ലാം സമൂഹത്തിന്‍റെ പിന്തുണ എപ്പോഴുമുണ്ടായിട്ടുണ്ട്.
1981ല്‍ തമിഴ്നാട്ടിലെ മീനാക്ഷിപുരത്ത് ചില ഹിന്ദുക്കളെ തെറ്റിദ്ധരിപ്പിച്ച് മതം മാറ്റി. വളരെ പ്രാധാന്യമുള്ള ഈ വിഷയത്തില്‍ ഹിന്ദു ഉണര്‍വിന്‍റെ ഭാഗമായി ഏകദേശം അഞ്ചുലക്ഷം ആളുകള്‍ പങ്കെടുത്ത സമ്മേളനത്തില്‍ അന്നത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്ന ഡോ. കരണ്‍ സിങ് അധ്യക്ഷത വഹിച്ചു. 1964ലെ വിശ്വഹിന്ദു പരിഷത്തിന്‍റെ സ്ഥാപനവേളയില്‍ സ്വാമി ചിന്മയാനന്ദന്‍, മാസ്റ്റര്‍ താരാ സിങ്, ജൈനമുനി സുശീല്‍ കുമാര്‍, ബുദ്ധ സംന്യാസി കുശോക് ബകുല, നാമധാരി സിഖ് സദ്ഗുരു ജഗ്ജിത് സിങ് എന്നിവരുടെ പ്രധാന പങ്കാളിത്തമുണ്ടായിരുന്നു.
തൊട്ടുകൂടായ്മയ്ക്ക് ഹിന്ദു ശാസ്ത്രങ്ങളില്‍ സ്ഥാനമില്ലെന്ന യാഥാർഥ്യം പുനഃസ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ, ശ്രീ ഗുരുജി ഗോള്‍വല്‍ക്കറുടെ സാന്നിധ്യത്തില്‍ ഉഡുപ്പിയില്‍ നടന്ന വിശ്വഹിന്ദു സമ്മേളനത്തിന് സംപൂജ്യരായ ധർമാചാര്യന്മാര്‍ ഉള്‍പ്പെടെ എല്ലാ സംന്യാസിമാരുടെയും മഹാ പുരുഷന്മാരുടെയും അനുഗ്രഹവും സാന്നിധ്യവും ലഭിച്ചു. പ്രയാഗയില്‍ നടന്ന സമ്മേളനത്തില്‍ 'ന ഹിന്ദു പതിതോ ഭവേത്' (ഒരു ഹിന്ദുവും പതിതനല്ല) എന്ന പ്രമേയം അംഗീകരിച്ചതു പോലെ, ഈ സമ്മേളനത്തിന്‍റെ പ്രഖ്യാപനമായിരുന്നു, 'ഹിന്ദവഃ സോദാരാഃ സര്‍വേ' എന്നത്. അതായത് എല്ലാ ഹിന്ദുക്കളും സഹോദരന്മാരാണ്, ഭാരത മാതാവിന്‍റെ മക്കളാണ്. ഗോവധ നിരോധന സമരമോ രാമജന്മഭൂമി പ്രക്ഷോഭമോ ആകട്ടെ, ഇവയിലെല്ലാം സംന്യാസി വര്യന്മാരുടെ അനുഗ്രഹം എപ്പോഴും സംഘ സ്വയംസേവകര്‍ക്ക് ലഭിച്ചിട്ടുണ്ട്.
സ്വാതന്ത്ര്യലബ്ധിക്കു ശേഷം, രാഷ്‌ട്രീയ കാരണങ്ങളാല്‍ അന്നത്തെ സര്‍ക്കാര്‍ സംഘ പ്രവര്‍ത്തനം നിരോധിച്ചു. പ്രതികൂലമായ ആ സാഹചര്യങ്ങളിലും സമൂഹത്തിലെ സാധാരണക്കാരോടൊപ്പം പ്രമുഖ വ്യക്തികളും സംഘത്തോടൊപ്പം നിന്ന് ഈ പ്രവര്‍ത്തനത്തിന് കരുത്തു പകര്‍ന്നു. അടിയന്തരാവസ്ഥയുടെ പ്രതിസന്ധി കാലയളവിലും ഇതു തന്നെയായിരുന്നു അനുഭവം. ഇത്രയെല്ലാം തടസങ്ങള്‍ക്കിടയിലും, സംഘപ്രവര്‍ത്തനം തടസമില്ലാതെ മുന്നോട്ടുപോകുന്നത് ഈ പിന്തുണ മൂലമാണ്.
ഇത്തരം പരിതസ്ഥിതികളിലും സംഘ പ്രവര്‍ത്തനത്തിനും സ്വയംസേവകര്‍ക്കും ആവശ്യമായ സഹായങ്ങള്‍ ചെയ്യുകയെന്ന ചുമതല അമ്മമാരും സഹോദരിമാരും നല്ലതു പോലെ നിര്‍വഹിച്ചു. ഇതെല്ലാം സംഘ പ്രവര്‍ത്തനത്തിന് എക്കാലത്തും പ്രചോദനമായിട്ടുണ്ട്. രാഷ്‌ട്രസേവനത്തിന് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും സഹകരണവും പങ്കാളിത്തവും ഭാവിയിലും ഉറപ്പാക്കാന്‍ ശതാബ്ദിയില്‍ സ്വയം സേവകര്‍ എല്ലാ വീടുകളിലും സമ്പര്‍ക്കത്തിനെത്താന്‍ പ്രത്യേകം പരിശ്രമിക്കും.
രാജ്യമൊട്ടാകെയുള്ള പ്രധാന നഗരങ്ങള്‍ മുതല്‍ വിദൂരമായ ഗ്രാമങ്ങള്‍ വരെയുള്ള സകല സ്ഥലങ്ങളിലും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിച്ചേരാനും ലക്ഷ്യം വച്ചിട്ടുണ്ട്. മുഴുവന്‍ സജ്ജന ശക്തിയുടെയും കൂട്ടായ പരിശ്രമങ്ങളിലൂടെ രാഷ്‌ട്രത്തിന്‍റെ സമഗ്ര വികസനത്തിലേക്കുള്ള തുടർ യാത്ര സുഗമവും വിജയകരവുമായിരിക്കും.