
ശോഭ കരന്ദ്‌ലാജെ
(കേന്ദ്ര സൂക്ഷ്മ- ചെറുകിട-ഇടത്തരം വ്യവസായ സഹമന്ത്രി)
ഇന്നത്തെ കാലത്ത്, നിർമിതബുദ്ധി ആഗോള ആഖ്യാനത്തിന്‍റെ കേന്ദ്ര ബിന്ദുവായി മാറുന്ന സാങ്കേതിക ഭാവിയിലേക്ക് ലോകം അതിവേഗം നീങ്ങുകയാണ്. നമ്മുടെ യുവാക്കൾ, പ്രത്യേകിച്ച് എസ്‌സി/ എസ്‌ടി വിഭാഗത്തിൽനിന്നുള്ള യുവാക്കൾ, സ്ത്രീകൾ, ഭിന്നശേഷിക്കാർ, വിമുക്ത ഭടന്മാർ, സാമ്പത്തികമായി പ്രാതിനിധ്യം കുറഞ്ഞ വിഭാഗങ്ങളിൽ നിന്നുള്ളവർ, പിന്നാക്കം നിൽക്കുന്ന പൗരന്മാർ എന്നിവരിൽ സംരംഭകത്വം പ്രായോഗിക ജീവിത പാതയായി പരിഗണിക്കാൻ പ്രേരിപ്പിക്കുക എന്നതാണ് വികസിത ഭാരതത്തിന്‍റെ ലക്ഷ്യം.
സംരംഭകത്വ- നൈപുണ്യ വികസന പരിപാടിയുടെ കാഴ്ചപ്പാട് കേവലം വ്യവസായങ്ങൾ സൃഷ്ടിക്കുന്നതിനപ്പുറത്തേക്കു വ്യാപിക്കുന്നു. ഇത് തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുള്ള തന്ത്രപരമായ സമീപനത്തെ പ്രതിഫലിപ്പിക്കുന്നു. അതോടൊപ്പം സാമ്പത്തിക വളർച്ചയെ നയിക്കുകയും താഴേത്തട്ടിൽ നവീകരണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അതോടൊപ്പം, വായ്പാ ഉറപ്പ് പദ്ധതി പ്രഖ്യാപിച്ചതോടെ എംഎസ്എംഇ മേഖലയിൽ ആഹ്ലാദത്തിന്‍റെ അലയൊലികളുണ്ട്. പദ്ധതി യന്ത്രസാമഗ്രികൾക്കായി 100 കോടി രൂപ വരെ ഈടുരഹിത വായ്പ വാഗ്ദാനം ചെയ്യുന്നു. താങ്ങാനാകുന്ന നിരക്കിലുള്ള വായ്പയിലേക്കുള്ള പ്രവേശനത്തിന്‍റെ നിർണായക വെല്ലുവിളി നേരിട്ട് അഭിസംബോധന ചെയ്യുകയും, നൂതന സാങ്കേതികവിദ്യയിൽ നിക്ഷേപിക്കാനും ഉത്പാദനക്ഷമത വർധിപ്പിക്കാനും വ്യവസായങ്ങളെ ശാക്തീകരിക്കുകയും ചെയ്യുന്നു. വായ്പയുടെ ഈ ജനാധിപത്യവത്കരണം, ചെറുകിട വ്യവസായങ്ങൾക്കും വളർന്നുവരുന്ന നിരവധി വ്യവസായങ്ങൾക്കും പ്രയോജനം ചെയ്യും. ഈ വ്യവസായങ്ങളാണ് താഴേത്തട്ടിൽ നവീകരണത്തെ നയിക്കുകയും സമ്പത്ത് സൃഷ്ടിക്കുന്നതിനുള്ള ദ്രുതഗതിയിലുള്ള ഒഴുക്കേകുകയും ചെയ്യുന്നത്.
ഈ വർഷത്തെ കേന്ദ്ര ബജറ്റ് സംഘർഷത്തിന്‍റെ കാലഘട്ടത്തിൽ വായ്പ പിന്തുണ നത്കുന്നതിനുള്ള നിർണായക സംവിധാനം അവതരിപ്പിക്കുന്നു, ഗവൺമെന്‍റ് ഈടുള്ള ധനസഹായ പിന്തുണയോടെ, ഇത് വ്യവസായങ്ങളെ നിഷ്ക്രിയ ആസ്തികളാക്കുന്നതിൽ നിന്ന് തടയുകയും മൊത്തത്തിലുള്ള സാമ്പത്തിക സ്ഥിരത നിലനിർത്തുകയും ചെയ്യുന്നു. "തരുൺ'വിഭാഗത്തിലെ സംരംഭകർക്കുള്ള മുദ്ര വായ്പ 20 ലക്ഷം രൂപയെന്ന നിലയിൽ ഇരട്ടിയാക്കിയത് ഗണ്യമായ ഉത്തേജനത്തെ പ്രതിനിധാനം ചെയ്യുന്നു. ഇത് വ്യവസായവളർച്ച പ്രാപ്തമാക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. കുറഞ്ഞ വിറ്റുവരവ് പരിധിയും വിപുലീകരിച്ച യോഗ്യതയുമുള്ള ട്രേഡ് റിസീവബിൾസ് ഡിസ്കൗണ്ടിങ് സിസ്റ്റത്തിന്‍റെ (TReDS) വർധന, എംഎസ്എംഇകൾക്കുള്ള പണലഭ്യതയും സാമ്പത്തിക പരിപാലനവും മെച്ചപ്പെടുത്തുന്നു. 3 വർഷത്തിനുള്ളിൽ എല്ലാ പ്രധാന എംഎസ്എംഇ ക്ലസ്റ്ററുകളിലേക്കും SIDBI ശാഖകളുടെ ആസൂത്രിത വിപുലീകരണം പ്രാദേശികവത്കരിച്ച സാമ്പത്തിക വളർച്ചയ്ക്ക് കൂടുതൽ പ്രാപ്യമാക്കാവുന്ന സാമ്പത്തിക സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. കൂടാതെ, 50 വിവിധോത്പന്ന ഭക്ഷ്യ വികിരണ യൂണിറ്റുകളും 100 എൻഎബിഎൽ അംഗീകൃത ഭക്ഷ്യ ഗുണനിലവാര- സുരക്ഷാ പരിശോധനാ ലാബുകളും സ്ഥാപിക്കുന്നത് ഭക്ഷ്യ സംസ്കരണ മേഖലയെ ഗണ്യമായി മെച്ചപ്പെടുത്തുകയും ഉത്പന്നങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കുകയും പുതിയ വിപണി അവസരങ്ങൾ തുറക്കുകയും ചെയ്യും.
പിപിപി മോഡിൽ ഇ- കൊമേഴ്‌സ് കയറ്റുമതി കേന്ദ്രങ്ങൾ സൃഷ്‌ടിക്കുന്നത്, എംഎസ്എംഇകളെയും പരമ്പരാഗത കരകൗശല വിദഗ്ധരെയും ആഗോള വിപണിയിൽ കൂടുതൽ എളുപ്പത്തിൽ എത്തപ്പെടാനും ഡിജിറ്റൽ പരിവർത്തനത്തിനും അന്തർദേശീയ വളർച്ചയ്ക്കു പ്രേരിപ്പിക്കാനും പ്രാപ്തമാക്കുന്ന മറ്റൊരു മുൻനിര സംരംഭമാണ്. ഏകദേശം 210 ലക്ഷം യുവതൊഴിലാളികളെ ഗുണപരമായി സ്വാധീനിക്കുന്ന, ഔപചാരിക തൊഴിൽ മേഖലകളിലെ പുതുമുഖങ്ങൾക്ക് നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം എന്ന നിലയിൽ ഒരു മാസത്തെ ശമ്പളമായി 15,000 രൂപ നത്കുന്ന ""ഫസ്റ്റ് ടൈമർ'' പദ്ധതി മുതൽ, 30 ലക്ഷം വ്യക്തികൾക്ക് പ്രയോജനം ലഭിക്കുന്ന ഇപിഎഫ്ഒ സംഭാവനകൾ ഉൾക്കൊള്ളുന്ന ഉത്പാദന മേഖലയിൽ പുതിയ ജീവനക്കാരെ നിയമിക്കുന്നതിനുള്ള ആനുകൂല്യങ്ങൾ വരെ, ഗവണ്മെന്‍റ് സുരക്ഷാ സംവിധാനങ്ങൾ സ്ഥാപനവത്കരിക്കുകയും യുവാക്കളെ അവരുടെ അപാരമായ സാധ്യതകൾ ഉപയോഗിച്ച് ഇന്ത്യയുടെ പുരോഗതിയുടെ യന്ത്രം നയിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അതോടൊപ്പം, 50 ലക്ഷം പുതിയ തൊഴിലാളികളുടെ തൊഴിൽ ലക്ഷ്യമിട്ട്, പ്രതിമാസം ഒരു ലക്ഷം രൂപ വരെ വരുമാനമുള്ള ഓരോ അധിക ജീവനക്കാരനും രണ്ട് വർഷത്തേക്ക് തൊഴിലുടമകൾക്ക് പ്രതിമാസം 3,000 രൂപ വരെ തിരികെ നത്കുന്ന പദ്ധതിയിലൂടെ തൊഴിലുടമയുടെ ക്ഷേമവും കണക്കിലെടുക്കുന്നു. തൊഴിലെടുക്കുന്ന സ്ത്രീകൾക്കായി ഹോസ്റ്റലുകളും ക്രഷുകളും സ്ഥാപിക്കുന്നതിനും പ്രത്യേക നൈപുണ്യവികസന പരിപാടികൾക്കും സ്ത്രീകളുടെ നേതൃത്വത്തിലുള്ള സ്വയം സഹായ സംഘങ്ങൾക്ക് (എസ്എച്ച്ജി) വിപണി പ്രവേശനം നത്കുന്നതിനും വ്യവസായങ്ങളുമായി സഹകരിച്ച് ഗവണ്മെന്‍റ് സംയോജിത നടപടി സ്വീകരിക്കുന്നു. ഉൾക്കൊള്ളൽ എന്നതാണ് ആപ്തവാക്യം.
സമഗ്രമായ സാമ്പത്തിക വളർച്ച പിന്തുടരുന്നതിൽ, വ്യവസായവും അക്കാദമിക മേഖലയും തമ്മിലുള്ള സഹകരണം നിർണായക ഘടകമായി ഉയർന്നുവന്നിട്ടുണ്ട്; പ്രത്യേകിച്ച് എംഎസ്എംഇകളുടെ വികസനത്തിൽ. ഈ പ്രാധാന്യം തിരിച്ചറിഞ്ഞ്, മൈക്രോ, ചെറുകിട, ഇടത്തരം സംരംഭക മന്ത്രാലയം എംഎസ്എംഇ ചാംപ്യൻസ് സ്കീമിന് കീഴിൽ എംഎസ്എംഇ ഇന്നൊവേറ്റീവ് സ്കീം നടപ്പിലാക്കി, വിദ്യാഭ്യാസ സ്ഥാപനങ്ങളും എംഎസ്എംഇ മേഖലയും തമ്മിൽ കരുത്തുറ്റ ബന്ധം സ്ഥാപിക്കാൻ ലക്ഷ്യമിടുന്നു.
മറുവശത്ത്, അക്കാദമിക സ്ഥാപനങ്ങൾ അറിവിന്‍റെയും നവീകരണത്തിന്‍റെയും കേന്ദ്രങ്ങളാണ്, എന്നാൽ ചിലപ്പോൾ പ്രായോഗിക തലത്തിൽ പ്രയോജനപ്പെടുത്താൻ പറ്റുന്ന അവസരങ്ങൾ കൈവരുന്നില്ല. എംഎസ്എംഇ ഇന്നൊവേറ്റീവ് സ്കീം ഈ വിടവ് നികത്തുന്നു. ഇത് രണ്ട് മേഖലകൾക്കും പ്രയോജനകരമാകുകയും വിശാലമായ സമ്പദ്‌വ്യവസ്ഥയ്ക്കു ഗുണം ചെയ്യുന്ന സഹജീവി ബന്ധം സൃഷ്ടിക്കുകയും ചെയ്യുുന്നു. പദ്ധതിയുടെ സമീപനം ബഹുമുഖമാണ്. ഇൻകുബേഷൻ ഘടകത്തിന് കീഴിൽ ഹോസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളായി 697 അക്കാദമിക് സ്ഥാപനങ്ങളുടെ പങ്കാളിത്തം പദ്ധതിയുടെ വ്യാപകമായ സ്വീകാര്യതയുടെയും സാധ്യതയുള്ള സ്വാധീനത്തിന്‍റെയും തെളിവാണ്. വിദ്യാർഥികളുടെയും എംഎസ്എംഇ ജീവനക്കാരുടെയും വ്യാവസായിക കഴിവുകൾ വർധിപ്പിക്കുക എന്നതാണ് ഈ സഹകരണത്തിന്‍റെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങളിലൊന്ന്. ഈ നൈപുണ്യ വികസനം അക്കാദമികമായി യോഗ്യതയുള്ള തൊഴിൽശക്തി സൃഷ്ടിക്കുന്നതിന് നിർണായകമാണ്; മാത്രമല്ല വ്യവസായത്തിനും സജ്ജമാണ്. വിദ്യാർഥികൾക്ക്, ഇത് പ്രായോഗിക വെല്ലുവിളികളിലേക്കും അവസരങ്ങളിലേക്കും അമൂല്യമായ പ്രവേശനം നത്കുന്നു. എംഎസ്എംഇകളെ സംബന്ധിച്ച്, ഇത് പുതിയ കാഴ്ചപ്പാടുകളിലേക്കും ഏറ്റവും പുതിയ അക്കാദമിക ഗവേഷണങ്ങളിലേക്കും പ്രവേശനം വാഗ്ദാനം ചെയ്യുന്നു, ഇത് അവരുടെ പ്രവർത്തന വെല്ലുവിളികൾക്കുള്ള നൂതനമായ പരിഹാരങ്ങളിലേക്ക് നയിക്കുന്നു. ഇന്നുവരെയുള്ള കണക്കനുസരിച്ച്, കഴിഞ്ഞ 10 വർഷത്തിനിടെ 17 കോടി തൊഴിലവസരങ്ങളുടെ ശ്രദ്ധേയമായ വളർച്ചയാണ് നാം കണ്ടത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം 2014-15 ലെ 47.15 കോടിയെ അപേക്ഷിച്ച് 2023-24 വർഷത്തിൽ രാജ്യത്തെ തൊഴിലവസരങ്ങൾ 64.33 കോടിയായി വർധിച്ചു. വികസനം എല്ലാ വീടുകളിലും എത്തുകയും ഓരോരുത്തരുടെയും ജീവിതത്തെ സ്പർശിക്കുകയും, "വിശ്വഗുരു' എന്ന ആദർശത്തിലേക്ക് കൂട്ടായ ഊർജം സംയോജിപ്പിക്കുകയും ചെയ്യുന്ന ഭാരതത്തിലേക്ക് നാം കുതിച്ചുചാട്ടം നടത്തുകയാണ്. വികസിതഭാരതത്തിന്‍റെ സുവർണ കാലഘട്ടത്തിലേക്ക് നമ്മെ എത്തിക്കുന്ന മഹത്തായ നവോത്ഥാനത്തിന്‍റെ യുഗത്തിലേക്കാണ് നാം പോകുന്നത് എന്നതിൽ സംശയമില്ല.