വീട്ടിലെ ജനനം, മരണം... | അതീതം

വീട്ടിലെ പ്രസവത്തിന് നിർബന്ധിക്കപ്പെടുമ്പോൾ എന്തെങ്കിലും സംഭവിച്ചാൽ മനഃപൂർവമുള്ള നരഹത്യയ്ക്ക് കേസെടുത്ത് അതിന് പ്രേരിപ്പിച്ചവരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച് വിചാരണ ചെയ്യണം
should never encourage home birth read special story

വീട്ടിലെ ജനനം, മരണം... | അതീതം

Updated on

"ആന ഏതെങ്കിലും ആശുപത്രിയിലാണോ പ്രസവിക്കുന്നത്? നായ മൂന്നാം മാസം മൂന്നാം മാസം പെറുന്നത് ഏതെങ്കിലും ആശുപത്രിയിൽ പോയിട്ടാണോ?'- വൈറലായ പ്രസംഗത്തിന്‍റെ ഭാഗമാണിത്. പക്ഷെ, ഈ പ്രസംഗം നടത്തിയ ആളെ നമുക്ക് ഒന്നും ചെയ്യാനാവില്ല. കാരണം, അദ്ദേഹത്തിന്‍റെ വേഷത്തിൽ നിന്ന് മതപുരോഹിതനാണെന്ന് വ്യക്തമാണ്. അത്തരക്കാരെ പൊലീസ് തൊടില്ല, കോടതികൾ കണ്ടതായി നടിക്കില്ല. നിയമവും ന്യായവുമൊക്കെ പാവപ്പെട്ട സാധാരണക്കാർക്ക് മാത്രമാണല്ലോ.

അതുകൊണ്ട് എന്ത് സംഭവിക്കും? പെരുമ്പാവൂർ സ്വദേശി അസ്മ മരിച്ചിട്ട് ഒരാഴ്ച പോലുമായില്ലല്ലോ. അസ്മ മലപ്പുറം ചട്ടിപറമ്പിലെ വാടക വീട്ടിൽ വച്ച് പ്രസവത്തെ തുടർന്ന് മരിച്ചത് രക്തസ്രാവത്തെ തുടർന്നെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അവർ ഗർഭിണിയാണെന്ന് അയൽക്കാരോ, ആശാ പ്രവർത്തകരോ അറിഞ്ഞിരുന്നില്ല. ശനിയാഴ്ച വൈകുന്നേരം ആറുമണിയോടെ വീട്ടിൽ പ്രസവം നടക്കുകയും യുവതി മരണപ്പെടുകയായിരുന്നു. നവജാത ശിശുവിന്‍റെ ചോരക്കറ പോലും തുടയ്ക്കാതെ അസ്മയുടെ മൃതദേഹം പായയിൽ പൊതിഞ്ഞുകെട്ടി ആംബുലൻസിൽ കയറ്റിയാണ് പെരുമ്പാവൂരിലെത്തിച്ചത്. മരണം സംഭവിച്ച കാര്യം പൊലീസിനെ അറിയിച്ചില്ല. പെട്ടെന്നു തന്നെ സംസ്കരിക്കാനായിരുന്നു ഉദ്ദേശ്യം. എന്നാൽ, യുവതിയുടെ വീട്ടുകാർ ഇതിനെ എതിർക്കുകയും പെരുമ്പാവൂർ പൊലീസിനെ അറിയിക്കുകയായിരുന്നു.

അസ്മ ഗര്‍ഭിണിയാണെന്ന് അയല്‍വാസികള്‍ക്ക് സംശയമുണ്ടായിരുന്നു. പക്ഷേ, വീട്ടില്‍ പതിവു സന്ദര്‍ശനത്തിനെത്തിയ ആശാ വര്‍ക്കറോടു പോലും ഗര്‍ഭമില്ലെന്നാണു പറഞ്ഞിരുന്നത്. അത് ആശുപത്രിയില്‍ പോയി പ്രസവിക്കുന്നതി‌നെ ഭര്‍ത്താവ് എതിർത്തതിനെ തുടർന്നായിരുന്നു എന്നാണ് ഇപ്പോൾ വ്യക്തമാവുന്നത്. വീട്ടിൽ ജനനത്തിനൊപ്പം മരണത്തെയും വിളിച്ചുവരുത്തുകയായിരുന്നോ? ഈ പ്രസംഗിക്കുന്നവർക്കോ ഭാര്യയെ ആശുപത്രിയിൽ പ്രസവിപ്പിക്കുന്നതിനെ എതിർക്കുന്നവർക്കോ ഒന്നും സംഭവിക്കുന്നില്ല. പ്രണയവും സ്നേഹവും നിറഞ്ഞതെന്ന വിശ്വാസത്തിൽ മറകളൊക്കെ മറന്ന് നഗ്നതയുടെ വിശുദ്ധിയിൽ പരസ്പരം പങ്കുവച്ചതിനൊടുവിൽ പിറവിയെടുക്കുന്ന ജീവനെ എല്ലാ സൗകര്യങ്ങളോടെയും ഭൂമിയിലേക്ക് വരവേൽക്കാൻ അവസരമുണ്ടായിട്ടും അതിന് അനുമതി നൽകാതെ പങ്കാളിയെ കഠിനവേദനയും നിലയ്ക്കാത്ത രക്തസ്രാവവും ശിക്ഷയായി വിധിക്കുന്ന ആണധികാരത്തിന് ഒന്നും നഷ്ടപ്പെടുന്നില്ല. വേറൊരു ഇണയെ അധികം വൈകാതെ കണ്ടെത്തി ഇതേ രീതിയിൽ എല്ലാം തുടരുന്നു...

സ്വാതന്ത്യം കിട്ടുമ്പോൾ ഇന്ത്യയിൽ മാതൃമരണ നിരക്ക് ഒരുലക്ഷം പ്രസവത്തിൽ 2,000 ആയിരുന്നു. ഇന്ന് അത് 90 മാത്രമാണ്. ശിശുമരണ നിരക്ക് 1000 ൽ 145 ആയിരുന്നത് 28 ആയി. കേരളത്തിൽ ശിശുമരണനിരക്ക് 1970 ൽ 56 ആയിരുന്നത് ഇപ്പോൾ 6 മാത്രമാണെന്ന് ഓർക്കണം. വികസിത രാജ്യങ്ങളിൽ മാതൃമരണ നിരക്ക് ഒരു ലക്ഷം പ്രസവങ്ങളിൽ 20ൽ താഴെയാണ്.

ആശുപത്രി പ്രസവങ്ങളുടെ നേട്ടം ഇത്രയേറെ വ്യക്തമായി അറിയാവുന്ന ഇക്കാലത്തും വീട്ടിലെ "സ്വാഭാവിക' പ്രസവങ്ങൾ പ്രോത്സാഹിപ്പിക്കുന്ന സംഘങ്ങൾ ലോകമെമ്പാടുമുണ്ട്. ഇവർ കുട്ടികൾക്ക് പ്രതിരോധ വാക്സിനുകൾ നൽകുന്നതിനും എതിരാണ്. തന്നോടൊപ്പം ഉണ്ടും ഉറങ്ങിയും ഇണചേർന്നും ജീവിക്കുന്ന പങ്കാളിയെ അവന്‍റെ ബീജം ഉദരത്തിൽ പേറിയതിന് ലോകത്തിന്‍റെ ശാസ്ത്ര നേട്ടങ്ങളുടെ മികവൊന്നും അനുഭവിക്കാനനുവദിക്കാതെ സ്വാഭാവികമെന്ന് വാദിച്ച് പ്രാകൃതയുടെ ബലിക്കല്ലിൽ ജീവിതം കുരുതി കൊടുക്കുന്നതിൽ ഇവർക്ക് ഒരു മടിയുമില്ല. കേരളത്തിൽ അടുത്തിടെയായി ഇത്തരം കൂട്ടായ്മകൾ പൊന്തിവരുന്നുണ്ട്. ഇവർക്ക് പ്രോത്സാഹനം നൽകുന്നത് പ്രകൃതി ചികിത്സകർ, അക്യുപങ്ചർ ചികിത്സകർ, ചില മതമൗലിക വാദികൾ എന്നിവരാണെന്നതും കാണാതെ പോവരുത്. അതുകൊണ്ടുതന്നെ അസ്മ ഇക്കൂട്ടത്തിലെ അവസാനത്തെ ആളാവില്ല.

അങ്ങനെയാണെങ്കിൽ, പുരാതന കാലത്ത് ഇങ്ങനെയാണോ മനുഷ്യർ ജീവിച്ചതെന്ന് ഇക്കൂട്ടരോട് ആരും ചോദിക്കില്ല. വസ്ത്രങ്ങളണിയാതെ കാട്ടുകിഴങ്ങ് പറിച്ച് വേവിക്കാതെ തിന്ന് തികച്ചും മൃഗസമാന ജീവിതം നയിക്കാൻ ഇക്കൂട്ടർ തയ്യാറാകേണ്ടേ? (മനസു കൊണ്ട് ഇവർ മൃഗങ്ങൾക്ക് സമാനമാണെന്ന് ഈ അനുഭവങ്ങൾ നമ്മോട് വിളിച്ചു പറയുന്നുണ്ട്!) എന്തിനാണ് ഇവർ ചെരിപ്പിടുന്നത്? നഗ്നപാദരായി വരണ്ടേ? എന്തിനാണ് വാഹനങ്ങളിൽ സഞ്ചരിക്കുന്നത്? സ്റ്റേജ് കെട്ടി മൈക്ക് വച്ച് എന്തിനാണ് പ്രസംഗിക്കുന്നത്? അതിനു പകരം ഏതെങ്കിലും മരത്തിനു മുകളിൽ വലിഞ്ഞുകയറി ഇവർ അവർക്കു പറയാനുള്ളത് പറഞ്ഞാൽ പോരേ? ആനയും നായയും ഇപ്പോഴും ഇവർ ചെയ്യുന്നതൊന്നും ചെയ്യുന്നില്ല. പ്രസവിക്കുന്നതിൽ മാത്രം ആനയേയും നായയേയും കാണുന്നവർ ബാക്കിയുള്ള ജീവിതത്തിലും അവയെ പിൻപറ്റാൻ തയ്യാറാവേണ്ടേ?

കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ഈ വർഷം ഫെബ്രുവരി വരെ സംസ്ഥാനത്ത് ആകെ 2,94,058 പ്രസവങ്ങളാണ് നടന്നത്. അതിൽ 382 പ്രസവങ്ങൾ വീട്ടിലായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലും ആദിവാസി മേഖലയിലും വീട്ടിലെ പ്രസവം നടക്കുന്നുണ്ട്. പ്രസവ വേദന പെട്ടെന്ന് തുടങ്ങി, വീട്ടില്‍ നിന്നും ആശുപത്രിയിലേക്ക് എത്താന്‍ സമയവും ഗതാഗത സൗകര്യങ്ങളും ഇല്ലാത്ത സാഹചര്യങ്ങൾ ഉണ്ടാകുന്നുണ്ട്. വയനാട്, ഇടുക്കി പോലുള്ള മലയോര പ്രദേശങ്ങളില്‍, ആദിവാസികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍, ഒക്കെ പെട്ടെന്ന് പ്രസവവേദന ഉണ്ടാകുമ്പോള്‍ കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ വീടുകളില്‍ തന്നെ പ്രസവം നടത്തേണ്ടതായി വരുന്നു. അതുകൂടി കണക്കിലെടുക്കുമ്പോൾ മനഃപൂർവം വീട്ടിൽ പ്രസവിക്കുന്നവരുടെ കണക്ക് തുച്ഛമാണ്. അത് മലയാളിയുടെ മികവായിത്തന്നെ കാണണം. മൃഗങ്ങൾ ആശുപത്രിയിൽ പ്രസവിക്കാത്തത് ചൂണ്ടിക്കാട്ടുന്ന ഇത്തരം വൈതാളികർക്ക് കേരളീയ സമൂഹത്തിലുള്ള സ്വാധീനം ഇത്രയൊക്കെയേയുള്ളൂ എന്ന് തിരിച്ചറിയാനും ഇത് സഹായിക്കുന്നുണ്ട്.

മലപ്പുറം ജില്ലയിൽ വീട്ടിലെ പ്രസവത്തിനെതിരേ ആരോഗ്യ പ്രവർത്തകർ വളരെ നല്ല രീതിയിൽ പ്രചാരണം നടത്തുന്നു. കഴിഞ്ഞ 6 വർഷത്തിനിടെ ഈ ജില്ലയിൽ നടന്ന വീട്ടിലെ പ്രസവങ്ങളിൽ ഏറ്റവും കുറവ് കഴിഞ്ഞ വർഷമായിരുന്നു. 2021–22 വർഷത്തെ അപേക്ഷിച്ച് പിന്നീടുള്ള 3 വർഷങ്ങളിലും വീട്ടിലെ പ്രസവത്തിന്‍റെ എണ്ണം കുറഞ്ഞു. 2021–22ൽ 273 ഗാർഹിക പ്രസവമാണ്‌ ജില്ലയിൽ റിപ്പോർട്ട്‌ ചെയ്‌തത്‌. എന്നാൽ 2022–23ൽ 266 ആയും 2023–24ൽ 252 ആയും 2024–25ൽ 191 ആയും കുറഞ്ഞുവെന്നതാണ് ആശ്വാസകരമായ കണക്ക്.

അപ്പോഴും, ഒരു കാര്യം പറയാതിരിക്കാനാവില്ല. നെല്ലു കുത്തിക്കൊണ്ടിരിക്കുമ്പോൾ പ്രസവ വേദന വന്ന് ആർക്കുമൊരു ശല്യമുണ്ടാക്കാതെ തൊട്ടടുത്ത മറയിൽപ്പോയി പ്രസവിച്ചതാണ് തന്നെയെന്ന് വൈദ്യശാസ്ത്രത്തിൽ ബിരുദമെടുത്ത എഴുത്തുകാരനായ പുനത്തിൽ കുഞ്ഞബ്ദുള്ള വിജെടി ഹാളിൽ പ്രസംഗിച്ചത് കേട്ടിട്ടുണ്ട്. "പേറല്ല, ഇന്ന് കീറാണ്' നടക്കുന്നതെന്നും അദ്ദേഹം അന്ന് പരിഹസിച്ചിരുന്നു. അതു പക്ഷേ, കേരളത്തിലെ സ്വകാര്യ ആശുപത്രികൾ പ്രസവത്തിന്‍റെ പേരിൽ നടത്തുന്ന കൊള്ള നടത്തുന്നതിനെതിരായിരുന്നു. അത്തരം ആശുപത്രികളിൽ സ്വാഭാവിക പ്രസംഗം സിസേറിയനാക്കുന്നതിനേയും അദ്ദേഹം പരിഹസിച്ചതാണ് ഇന്ന് "പേറല്ല, കീറ്' എന്ന പ്രയോഗം. വടകരയിൽ സ്വന്തമായി ആശുപത്രി നടക്കുമ്പോഴാണ് ഇത്തരമൊരു പ്രതികരണം ഉണ്ടായത്. അത്തരം ധീരത മെഡിക്കൽ പ്രൊഫഷണലിലുള്ളവരിൽ നിന്നൊക്കെ ഇന്ന് പ്രതീക്ഷിക്കാനാവില്ല.

പ്രസവത്തെ ഒരു "രോഗം' എന്ന നിലയിൽ വലിയ ലാഭമുണ്ടാക്കുന്നതിനുള്ള സംവിധാനമായി മാറ്റുന്ന രീതി ചില ആശുപത്രികളിലെങ്കിലുമുണ്ട് . അത് നിയന്ത്രിക്കപ്പെടുക തന്നെ വേണം. അക്കാര്യത്തിലും സർക്കാർ ഇടപെടൽ ഉണ്ടാവണം. മുൻകൂട്ടി അറിയാമായിരുന്നിട്ടും പ്രസവത്തിന് തുക സ്വരൂപിക്കാൻ കഴിയാതെ സർക്കാരാശുപത്രികളിലെ നിലത്തു കിടന്ന് പ്രസവിക്കുന്ന സ്ത്രീകൾ ഇപ്പോഴും കേരളത്തിലുണ്ട്. അവരെ സഹായിക്കാൻ എത്രയോ കൊല്ലങ്ങളായി "സംയോജിത ശിശുക്ഷേമ പദ്ധതി' നിലവിലുണ്ട്. സാമ്പത്തിക മാനദണ്ഡമില്ലാതെ ഏതു സ്ത്രീയുടെയും ആദ്യ പ്രസവത്തിന് 2 ഗഡുക്കളായി 3,000 രൂപവീതം 6,000 രൂപ ഗുണഭോക്താവിന്‍റെ ബാങ്ക് അക്കൗണ്ടിലേക്കെത്തുന്ന പദ്ധതിയാണിത്. എന്നാൽ, ഇത് എത്ര സ്ത്രീകൾക്ക് കിട്ടിയിട്ടുണ്ട്? പ്രസവാനന്തരം അമ്മയെയും കുഞ്ഞിനെയും വീട്ടിലെത്തിക്കാൻ വാഹന ചാർജിനത്തിൽ 700 രൂപ അക്കൗണ്ടിലേക്ക് നൽകുന്ന ജനനി ശിശു സുരക്ഷാ കാര്യക്രം പദ്ധതിയുമുണ്ട്. അതും ഫലത്തിൽ "ഏട്ടിലെ പശു പുല്ലു തിന്നില്ല' എന്ന സ്ഥിതിയിലാണ്. അതൊന്നും കൃത്യമായി ആവശ്യക്കാർക്ക് അല്ലെങ്കിൽ അർഹതയുള്ളവർക്ക് കിട്ടാറില്ല. അത് അവരുടെ പേരിൽ തട്ടിയെടുക്കുന്നുണ്ടോ എന്ന് അന്വേഷിക്കേണ്ടതുമുണ്ട്.

വീട്ടിൽ പ്രസവിക്കാൻ നിർബന്ധിതമാവുന്നതിൽ ഇത്തരം സാഹചര്യങ്ങളുണ്ടോ എന്നും പരിശോധിക്കണം. വീട്ടിലെ പ്രസവത്തിന് നിർബന്ധിക്കപ്പെടുമ്പോൾ അമ്മയ്ക്കോ കുഞ്ഞിനോ എന്തെങ്കിലും സംഭവിച്ചാൽ മനഃപൂർവമുള്ള നരഹത്യയ്ക്ക് കേസെടുത്ത് അതിന് പ്രേരിപ്പിച്ചവരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച് വിചാരണ ചെയ്യാതെ ഇത്തരം മരണങ്ങൾ അവസാനിക്കില്ല. അതുപോലെ, വീട്ടിലെ പ്രസവത്തിനിനെതിരേ ഉണരേണ്ടത് സ്ത്രീകൾ തന്നെയാണ്. നഷ്ടപ്പെടാനുള്ളത് അവരവർക്കാണെന്ന് അവർ തിരിച്ചറിയണം. ചില ചോദ്യങ്ങൾ ചോദിക്കാനുള്ളതാണ്. അനുസരണയല്ല, പ്രണയത്തിന്‍റെയും ദാമ്പത്യത്തിന്‍റെയും വിജയമെന്ന് മനസിലാക്കേണ്ടതുണ്ട്. ഇനി, അസ്മമാർ ഉണ്ടാവാതിരിക്കട്ടെ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com