
ഫയലുകളുടെ മെല്ലെപ്പോക്ക് അവസാനിക്കേണ്ടേ ??
ഓരോ ഫയലും ഓരോ ജീവിതമാണെന്ന് ഭരണത്തിലേറുന്ന മുഖ്യമന്ത്രിമാർ പറയാറുണ്ട്. എന്നാൽ ഫയലുകൾ വേണ്ട വേഗത്തിൽ നീങ്ങുന്നില്ലെന്നാണ് ഭരണ നേതൃത്വം കൊടുക്കുന്ന ചീഫ് സെക്രട്ടറിമാരുടെ അഭിപ്രായം. ഇത് കേരളത്തിന്‍റെ മാത്രം പ്രശ്നമല്ല.
ഹാർഡ് ബോർഡിൽ ചുവപ്പുനാടയിട്ട് കെട്ടിവച്ച കടലാസ് പേപ്പറുകളുടെ സ്ഥാനത്ത് ഡിജിറ്റൽ സംവിധാനങ്ങൾ വന്നു കഴിഞ്ഞു. മേശയിൽ നിന്ന് മേശയിലേക്ക് ഫയലുകൾ നീങ്ങുന്ന കാലവും കഴിഞ്ഞു. എന്തും ഏതും അറിയാൻ സ്വന്തം മേശയുടെ മുന്നിലുള്ള കംപ്യൂട്ടറിൽ നോക്കിയാൽ മതി. ഈ വ്യതിയാനം പാർലമെന്‍റിൽ വളരെ വ്യക്തമാണ്. അംഗങ്ങളുടെ വീട്ടിലെയും നാട്ടിലെയും കാര്യങ്ങൾ പാർലമെന്‍റിൽ തങ്ങളുടെ മുന്നിലിരിക്കുന്ന കംപ്യൂട്ടറിലൂടെ മനസിലാക്കാം. ഏതു വിഷയത്തെക്കുറിച്ചുള്ള വിശദീകരണവും വിരൽത്തുമ്പിൽ ലഭ്യമാണ്. ഹാർഡ് കോപ്പി വേണമെങ്കിൽ അംഗത്തിന്‍റെ മുന്നിലെ പ്രിന്‍ററിൽ പ്രിന്‍റ് ചെയ്തെടുക്കാം. ടൺ കണക്കിന് പേപ്പറുകൾ ഉപയോഗിച്ചിരുന്ന പാർലമെന്‍റിലും അസംബ്ലിയിലും ഇപ്പോൾ പേപ്പറുകളുടെ ഉപയോഗം ഗണ്യമായി കുറച്ച് ഫയൽ നീക്കം വേഗതയിലാക്കാനുള്ള സംവിധാനമായിട്ടുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് തീരുമാനങ്ങൾ എടുക്കാനും അത് നടപ്പിലാക്കാനും ഇത്ര താമസം എന്ന് ജോത്സ്യന് മനസിലാവുന്നില്ല.
അടുത്തകാലത്ത് കേരളം കണ്ട ഏറ്റവും വലിയ ഫയൽ നീക്ക താമസം ഭൂമി തരംതിരിവ് ഫയലുകളിലാണ്. കൊച്ചി നഗരം ഉൾപ്പെടെയുള്ള പ്രദേശങ്ങൾ ഒരു കാലത്ത് ജലാശയങ്ങളും വെള്ളക്കെട്ടും ചതുപ്പും നിറഞ്ഞതായിരുന്നു. അവ നികത്തിയാണ് ഇന്നത്തെ നഗരം വളർന്നിട്ടുള്ളത്. വെള്ളക്കെട്ടുകൾ നികത്തിയാണ് ജിസിഡിഎ ടൗൺഷിപ്പുകൾ സ്ഥാപിച്ചത്. പനമ്പിള്ളി നഗറും കുമാരനാശാൻ നഗറുമെല്ലാം ഇതിനുദാഹരണം. എന്നാൽ കരഭൂമിയായി രേഖപ്പെടുത്തി കെട്ടിടം വച്ച് നമ്പർ കിട്ടിയ സ്ഥലങ്ങളെല്ലാം റവന്യൂ വകുപ്പിന്‍റെ സാറ്റലൈറ്റ് സർവെയിലൂടെ കൃഷിഭൂമിയായി മാറി. അതിനാൽ സ്വാഭാവികമായും ഇവ തരംതിരിച്ചെടുക്കണം.
അതോടെ, നഗരത്തിലൂടനീളം ഭൂമി തരംതിരിച്ച് കൊടക്കപ്പെടും എന്ന ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. വലിയ കേസൊന്നുമില്ലാതിരുന്ന വക്കീലന്മാർക്കും ഗുമസ്ഥർക്കും തിരക്കായി. ഉദ്യോഗസ്ഥരുടെ കീശ വീർക്കാൻ തുടങ്ങി. ആർഡി ഓഫിസുകളിൽ തന്നെ തരം മാറ്റം ചെയ്യപ്പെടാനുള്ള ഫയലുകൾ കുന്നുകൂടി. ""ഗാന്ധി'' ഇല്ലാതെ ഫയലുകൾ കണ്ണ് തുറക്കാതെയായി.
പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, കോർപ്പറേഷൻ, വില്ലെജ് ഓഫിസ്, ജില്ലാ പഞ്ചായത്ത് തുടങ്ങി ജനങ്ങൾ എപ്പോഴും ബന്ധപ്പെടുന്ന സ്ഥാപനങ്ങളുടെ മുന്നിൽ ആളുകളുടെ നീണ്ട നിരയാണ്. എല്ലാ മേഖലകളിലും ഏജന്‍റുമാർ തമ്പടിച്ചിരിക്കുന്നു. അവരിലൂടെ മാത്രമേ കാര്യം നടക്കൂ എന്ന് എല്ലാവർക്കുമറിയാം.
സർക്കാർ നിർമാണ മേഖലകളെല്ലാം കൈക്കൂലിയിൽ പെട്ടിരിക്കുന്നത് പരസ്യമായ രഹസ്യമാണ്. ഒരു ലക്ഷം രൂപയുടെ പണി പൂർത്തീകരിക്കുമ്പോൾ ഇരുപത്തിയഞ്ച് ശതമാനത്തിലധികം ഉദ്യോഗസ്ഥരുടെ പോക്കറ്റിലാകും.
അടുത്ത കാലത്ത് പിടിക്കപ്പെട്ട പല അഴിമതിക്കേസുകളിലും ""ഗാന്ധി''യ്ക്കൊപ്പം ധാരാളം മദ്യ കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. ഒരു ആർടി ഓഫിസറുടെ വീട്ടിൽനിന്ന് ബാങ്ക് അക്കൗണ്ടുകളും നോട്ടുകെട്ടുകളും മാത്രമല്ല, ഒരു ബാർ തന്നെ നടത്താനുള്ള മദ്യ ശേഖരവും ലഭിച്ചു..!
ഫയൽ നീക്കം സുതാര്യവും വേഗതയേറിയതുമാക്കിയാൽ കൈക്കൂലിയും ദുർഭരണവും ഇല്ലാതാക്കാം എന്നാണ് ജോത്സ്യന് പറയാനുള്ളത്.