സിദ്ധ വൈദ്യവും ''വർമശാസ്ത്ര''വും ഇന്നലെ, ഇന്ന്, നാളെ

വേദനയുടെ ശാസ്ത്രം: വിരൽത്തുമ്പിലെ മർമവും ജീവന്‍റെ തുടിപ്പും
Siddha Medicine and Varma Shastra

സിദ്ധ വൈദ്യവും ''വർമശാസ്ത്ര''വും ഇന്നലെ, ഇന്ന്, നാളെ

Updated on

ഡോ. അഭിൽ മോഹൻ

ഇന്നത്തെ അതിവേഗ ജീവിതത്തിൽ മനുഷ്യൻ ഏറ്റവുമധികം അനുഭവിക്കുന്ന ശാരീരിക പ്രശ്നം വേദനയാണ്. മരുന്നുകളുടെയും ശസ്ത്രക്രിയകളുടെയും അതിരുകൾ തേടി നടക്കുന്ന ഈ കാലത്ത്, വേദനയുടെ മൂലകാരണത്തെ തന്നെ സ്പർശിക്കുന്ന ഒരു ആരോഗ്യ ശാസ്ത്രം നമ്മുടെ മണ്ണിൽ ആയിരക്കണക്കിന് വർഷങ്ങളായി നിലനിൽക്കുന്നു- സിദ്ധവൈദ്യവും അതിന്‍റെ അവിഭാജ്യ ഘടകമായ വർമ ശാസ്ത്രവും.

ദേശീയ സിദ്ധ ദിനം ആചരിക്കുന്ന ഈ വേളയിൽ, വിരൽത്തുമ്പിലെ ഒരു സ്പർശം പോലും ജീവനും മരണവും നിർണയിച്ചിരുന്ന ആ ശാസ്ത്രത്തിന്‍റെ ചരിത്രവും ശാസ്ത്രീയതയും ആധുനിക പ്രസക്തിയും വീണ്ടും ഓർക്കപ്പെടുകയാണ്.

കടത്തനാട്ടെ ആ രാത്രി: ഐതിഹ്യം പിറന്ന നിമിഷം

ഇരുളിന്‍റെ മറവിൽ കടത്തനാടിനെ ലക്ഷ്യമാക്കി എത്തിയ ആയുധധാരികളായ കൊലയാളികൾ. ഗ്രാമത്തിലെ പുരുഷന്മാർ പലരും ദൂരെയുള്ള കളരികളിലായിരുന്നു. ഗ്രാമം മുഴുവൻ ഭീതിയിൽ നിശ്ചലമായപ്പോൾ, ഒരു വിളക്കുമായി മുന്നോട്ടുവന്നത് ഒരു സ്ത്രീ- ഉണ്ണിയാർച്ച.

കൈയിൽ വാളോ ഉറുമിയോ ഇല്ല. പരിഹാസത്തോടെ അടുത്തെത്തിയ ശത്രുവിന്‍റെ കഴുത്തിന് താഴെയുള്ള ഉയിർ മർമത്തിൽ അവളുടെ വിരൽത്തുമ്പ് ഒന്നു സ്പർശിച്ചു. ഇല വീഴുന്ന ലാഘവത്തോടെ ആ കരുത്തൻ നിലംപതിച്ചു. മറ്റൊരാളുടെ തോൾക്കീഴിലെ നാഡീ മർമത്തിൽ ചെറിയൊരു പ്രയോഗം- കൈകൾ തളർന്നു, വാൾ നിലത്തുവീണു.

ആയുധമില്ലാതെ, കേവലം മർമ പ്രയോഗത്തിലൂടെ ശത്രുക്കളെ നിശ്ചലമാക്കിയ ഉണ്ണിയാർച്ചയെ ചരിത്രം വിളിച്ചു- ""മർമ വിദ്യയുടെ മാതാവ്!''. ഇത് ഒരു ഐതിഹ്യം മാത്രമല്ല; മനുഷ്യശരീരത്തിലെ ഊർജരഹസ്യങ്ങൾ ശാസ്ത്രീയമായി തിരിച്ചറിഞ്ഞ ഒരു പാരമ്പര്യത്തിന്‍റെ തെളിവാണ്.

വേലുത്തമ്പിയും വർമ ഗുരുക്കന്മാരും

വടക്കൻ കേരളത്തിൽ ഉണ്ണിയാർച്ചയെങ്കിൽ, തെക്കൻ തിരുവിതാംകൂറിൽ വർമ ശാസ്ത്രത്തിന്‍റെ പോരാട്ടവീര്യം പ്രകടമാക്കിയത് വേലുത്തമ്പി ദളവ ആയിരുന്നു. ബ്രിട്ടീഷ് സൈന്യത്തോട് ഏറ്റുമുട്ടിയപ്പോൾ അദ്ദേഹത്തിന് കരുത്തായത് തെക്കൻ കളരിയിലെ വർമക്കല ആയിരുന്നു.

മണക്കാട് ആശാൻ ഉൾപ്പെടെയുള്ള പ്രഗത്ഭരായ ഗുരുക്കന്മാരിൽ നിന്ന് ദളവ അഭ്യസിച്ച ഈ വിദ്യ, ശത്രുവിനെ ഒരൊറ്റ സ്പർശത്തിൽ നിശ്ചലമാക്കാൻ ശേഷിയുള്ളതായിരുന്നു. യുദ്ധക്കളത്തിൽ പരിക്കേറ്റ പടയാളികളെ നിമിഷങ്ങൾക്കുള്ളിൽ പരിചരിക്കാൻ മർമ ചികിത്സകരും ഒപ്പമുണ്ടായിരുന്നു.

72,000 നാഡികൾ; 108 മർമങ്ങൾ: ഒരു ശാസ്ത്രീയ ശരീര ദർശനം

നിഗൂഢതകൾക്കപ്പുറം, മർമ ശാസ്ത്രം കൃത്യതയുള്ള ശരീര ശാസ്ത്രമാണ്. ആധുനിക അനാട്ടമി രൂപം കൊള്ളുന്നതിനും നൂറ്റാണ്ടുകൾക്ക് മുൻപേ ഭാരതീയ സിദ്ധന്മാർ തിരിച്ചറിഞ്ഞ അറിവ്. മനുഷ്യശരീരത്തിൽ 72,000 നാഡി ഞരമ്പുകളിലൂടെ പ്രാണനും ഊർജവും സഞ്ചരിക്കുന്നു. ഈ നാഡികൾ സംഗമിക്കുന്ന 108 കേന്ദ്രങ്ങളാണ് മർമങ്ങൾ. Dതിൽ 96 തൊടു വർമങ്ങൾ- ഉത്തേജനത്തിലൂടെ രോഗശാന്തി നൽകുന്നവ. 12 പടു വർമങ്ങൾ-അപകടകരമായ, മരണ കാരണമാകാൻ പോലും സാധ്യതയുള്ള കേന്ദ്രങ്ങൾ.

ചന്ദ്രന്‍റെ ഗതിയനുസരിച്ച് പ്രാണൻ ശരീരത്തിൽ സഞ്ചരിക്കുന്ന അവസ്ഥയെ അമൃത നില, പ്രാണശൂന്യാവസ്ഥയെ വിഷ നില എന്ന് സിദ്ധ ശാസ്ത്രം വ്യാഖ്യാനിക്കുന്നു. ഈ സമയക്രമത്തെ കൃത്യമായി അറിഞ്ഞാണ് വർമ ചികിത്സയുടെ വിജയം നിർണയിക്കപ്പെടുന്നത്.

യുദ്ധഭൂമിയിൽ നിന്ന് ചികിത്സാ കേന്ദ്രങ്ങളിലേക്ക്

ഒരു കാലത്ത് യുദ്ധത്തിന് ഉപയോഗിച്ചിരുന്ന വർമ വിദ്യ, ഇന്ന് സാധാരണ മനുഷ്യന്‍റെ വേദനകൾക്ക് ആശ്വാസമാകുന്നു. മസ്തിഷ്കാഘാതം (Stroke): തളർന്ന അവയവങ്ങളിലെ നാഡികളെ ഉത്തേജിപ്പിച്ച് ചലനശേഷി വീണ്ടെടുക്കൽ.

നട്ടെല്ല് രോഗങ്ങൾ: സ്ലിപ്പ് ഡിസ്ക്, സ്പോണ്ടിലൈറ്റിസ് തുടങ്ങിയവയ്ക്ക് ശസ്ത്രക്രിയയില്ലാത്ത പരിഹാരങ്ങൾ.

സന്ധി വേദനകൾ: മുട്ടുവേദന, ഫ്രോസൺ ഷോൾഡർ, ഉപ്പൂറ്റി വേദന.

നാഡീരോഗങ്ങൾ: സയറ്റിക്ക പോലുള്ള കഠിനവേദനകൾക്ക് ഫലപ്രദമായ ആശ്വാസം.

തിരുമ്മൽ, ഉഴിച്ചിൽ, പിഴിച്ചിൽ തുടങ്ങിയ കേരളീയ ചികിത്സകൾ ശരീരത്തിലെ ഊർജ തടസങ്ങൾ നീക്കി പ്രാണപ്രവാഹം പുനഃസ്ഥാപിക്കുന്ന ശാസ്ത്രീയ പ്രക്രിയകളാണ്.

സിദ്ധ വൈദ്യവും വർമ ശാസ്ത്രവും

മർമം ബിന്ദുവാണെങ്കിൽ, ആ ബിന്ദുവിലെ ഊർജത്തെ നിയന്ത്രിക്കുന്ന പ്രയോഗമാണ് വർമം. ഈ ശാസ്ത്രത്തിന്‍റെ ഉപജ്ഞാതാവായി കണക്കാക്കപ്പെടുന്നത് അഗസ്ത്യ മഹർഷിയെ. ""ഉണവേ മരുന്ത്, മരുന്തേ ഉണവ്''- ഭക്ഷണവും ചികിത്സയും ഒരേ തത്വത്തിൽ അധിഷ്ഠിതമാണെന്നതാണ് സിദ്ധ വൈദ്യത്തിന്‍റെ ആണിക്കല്ല്. രോഗലക്ഷണങ്ങളെ ചികിത്സിക്കുന്ന ആധുനിക വൈദ്യശാസ്ത്രത്തോട് വ്യത്യസ്തമായി, സിദ്ധ വൈദ്യം രോഗത്തിന്‍റെ മൂലകാരണത്തെയാണ് ചികിത്സിക്കുന്നത്.

വെല്ലുവിളികളും ഉത്തരവാദിത്വവും

ഈ മഹത്തായ പാരമ്പര്യം ഇന്ന് ചില വെല്ലുവിളികൾ നേരിടുന്നു: ഗുരുശിഷ്യ പാരമ്പര്യമില്ലാത്ത അശാസ്ത്രീയ ചികിത്സകൾ, അപൂർവ്വ ഔഷധ സസ്യങ്ങളുടെ ലഭ്യതക്കുറവ്. ഇവയെ മറികടക്കാൻ ശാസ്ത്രീയ പഠനവും സർക്കാർ ഇടപെടലും അനിവാര്യമാണ്.

ഏക സിദ്ധ മെഡിക്കൽ കോളെജ്

സിദ്ധ വൈദ്യത്തിന്‍റെ പാരമ്പര്യം സംരക്ഷിക്കുകയും ശാസ്ത്രീയമായി വികസിപ്പിക്കുകയും ചെയ്യുന്ന കേരളത്തിലെ ഏക സിദ്ധ മെഡിക്കൽ കോളെജ് തിരുവനന്തപുരത്താണ്. ശാന്തിഗിരി ആശ്രമത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനം സിദ്ധ വൈദ്യത്തെ ഒരു പാരമ്പര്യ ചികിത്സാരീതിയിൽ നിന്ന് അക്കാദമിക്- ക്ലിനിക്കൽ ശാസ്ത്ര ശാഖയായി ഉയർത്തുന്നതിൽ നിർണായക പങ്കാണ് വഹിക്കുന്നത്.

ഈ കോളേജിൽ ബിഎസ്എംഎസ് (Bachelor of Siddha Medicine and Surgery) കോഴ്സും അനുബന്ധമായി ആധുനിക ലബോറട്ടറി സൗകര്യങ്ങളോടു കൂടിയ സിദ്ധ ആശുപത്രിയും പ്രവർത്തിക്കുന്നു. വർമ ശാസ്ത്രം, നാഡീ ശാസ്ത്രം, പഥ്യ ചികിത്സ, സിദ്ധൗഷധ നിർമാണം എന്നിവയിൽ പരിശീലനം നേടിയ സിദ്ധ ഡോക്റ്റർമാരെ സമൂഹത്തിനു നൽകുന്ന ഈ സ്ഥാപനം, സിദ്ധ വൈദ്യത്തിന്‍റെ ഭാവി തലമുറയെ വാർത്തെടുക്കുന്ന കേന്ദ്രമായി മാറിയിട്ടുണ്ട്.

പൈതൃകത്തിൽ നിന്ന് ആധുനികതയിലേക്ക്

സിദ്ധ വൈദ്യത്തിന്‍റെ ഉപജ്ഞാതാവായ അഗസ്ത്യ മഹർഷിയുടെ ജന്മനക്ഷത്രമായ ആയില്യം നാളിൽ എല്ലാ വർഷവും ജനുവരി 6ന് രാജ്യം ദേശീയ സിദ്ധ ദിനം ആചരിക്കുന്നു. ഇത്തവണ കേരളത്തിലെ സംസ്ഥാനതല ആഘോഷങ്ങൾ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടക്കും. ഉദ്ഘാടകയായി എത്തുന്നത് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.

സർക്കാർ സിദ്ധ ആശുപത്രികൾ, വർമ തെറാപ്പി സെന്‍ററുകൾ, സ്ട്രോക്ക് റീഹാബിലിറ്റേഷൻ, ലൈഫ് സ്റ്റൈൽ ക്ലിനിക്കുകൾ തുടങ്ങിയവയിലൂടെ സിദ്ധ വൈദ്യം ഇന്ന് പൊതുജനാരോഗ്യത്തിന്‍റെ പ്രധാന ധാരയിലേക്ക് ഉയർന്നിരിക്കുന്നു.

ഇനി നമുക്ക് ഒരുമിച്ച് ചേരാം

പാരമ്പര്യത്തിന്‍റെ കരുത്തും ആധുനിക ശാസ്ത്രത്തിന്‍റെ കൃത്യതയും കൈകോർക്കുന്ന ഈ മഹാസംഗമം, സിദ്ധവൈദ്യത്തിന്‍റെ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളാണ് തുറന്നുകാട്ടുന്നത്. സമ്പൂർണ ആരോഗ്യ ശാസ്ത്രം, ജീവന്‍റെ തുടിപ്പ് - സിദ്ധ വൈദ്യം ഇന്നും നാളെയും.

(സിദ്ധ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറിയാണ് ലേഖകൻ. ഫോൺ: 9747597140, ഇ- മെയിൽ- mohanabhil@gmail.com)

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com