
നിശബ്ദം, സുശക്തം; നാരീശക്തി
representative image
ഡോ. കിരൺ മജുംദാർ-ഷാ
സ്ത്രീകളുടെ പൂർണ പങ്കാളിത്തമില്ലാതെ ഇന്ത്യയ്ക്ക് വികസിത രാഷ്‌ട്രമാകാനാകില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിജ്ഞാവാക്യമാണ് അദ്ദേഹത്തിന്‍റെ എഴുപത്തഞ്ചാം ജന്മദിനാഘോഷവേള നമ്മെ ഓര്‍മിപ്പിക്കുന്നത്. "അമ്മ ആരോഗ്യവതിയായിരുന്നാല്‍ വീട് ആരോഗ്യപൂര്‍ണമായിരിക്കും; അമ്മയ്ക്ക് രോഗം പിടിപെട്ടാല്‍ കുടുംബ സംവിധാനമെല്ലാം തകരും" എന്ന പരമസത്യത്തിന്‍റെ പ്രതിഫലനമാണ് അദ്ദേഹം ആവിഷ്കരിച്ച 'സ്വസ്ഥ് നാരീ സശക്ത് പരിവാര്‍ അഭിയാന്‍. സ്ത്രീകളുടെ ക്ഷേമമാണ് രാജ്യപുരോഗതിയുടെ അടിസ്ഥാനമെന്ന കാഴ്ചപ്പാട് ഇന്ത്യയുടെ വികസന യാത്രയിലെ കേന്ദ്രബിന്ദുവാണ്.
രാജ്യ വളർച്ചയുടെ കേന്ദ്രബിന്ദുവായി സ്ത്രീകൾ
രാജ്യത്തിന്‍റെ വളർച്ചാ യാത്രയിൽ സ്ത്രീകൾ കേവലം പങ്കാളികൾ മാത്രമല്ല, മറിച്ച് ആ പ്രയാണത്തെ മുന്നോട്ട് നയിക്കുന്നവരാണ്. ലബോറട്ടറികളിലും ക്ലിനിക്കുകളിലും കൃഷിയിടങ്ങളിലും ജൈവസാങ്കേതിക സ്റ്റാർട്ടപ്പുകളിലുമെല്ലാം സ്ത്രീകൾ കൈവരിക്കുന്ന നിശബ്ദവും സുശക്തവുമായ നേട്ടങ്ങള്‍ രാഷ്‌ട്രഭാവിയെ രൂപപ്പെടുത്തുന്നു. ഇന്ത്യയുടെ പ്രാഥമികാരോഗ്യ പരിരക്ഷാ സംവിധാനത്തിന്‍റെ നട്ടെല്ലായ പത്തുലക്ഷം ആശാ പ്രവർത്തകരെ ഉദാഹരണമായി എടുക്കാം. രോഗവ്യാപനവേളയില്‍ പലപ്പോഴും മുന്‍നിരയില്‍ അവരാണ്. 2020-ൽ സാര്‍സ് - കോവ് - 2 വൈറസിനെ വേർതിരിച്ച് ലോകത്തെ ഏറ്റവും വലിയ പ്രതിരോധ കുത്തിവയ്പ്പ് യജ്ഞത്തിലൂടെ 200 കോടിയിലധികം കുത്തിവയ്പ്പുകള്‍ക്ക് വഴിയൊരുക്കിയ ഐസിഎംആർ, എൻഐവി, എയിംസ് എന്നിവിടങ്ങളിലെ വനിതാ ശാസ്ത്രജ്ഞരെയും നാം സ്മരിക്കുന്നു.
ഇന്ത്യയിലെ വനിതാ തൊഴിലാളികളിൽ 62.9% പേരും കാര്‍ഷികരംഗത്താണ് ജോലി ചെയ്യുന്നത്. വരൾച്ചയെ പ്രതിരോധിക്കാനും വിളകളെ സംരക്ഷിക്കാനും ജൈവസാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ പലർക്കും പരിശീലനം ലഭിക്കുന്നു. ജൈവസാങ്കേതിക സംരംഭകത്വ മേഖലയിൽ കുറഞ്ഞ ചെലവില്‍ രോഗനിർണയം, ജീനോമിക്സ്, വാക്സിൻ ഗവേഷണങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട സ്റ്റാർട്ടപ്പുകൾക്ക് നേതൃത്വം നൽകുന്നതും സ്ത്രീകളാണ്. ഇത് ഒറ്റപ്പെട്ട കഥകളല്ല, മറിച്ച് രാജ്യത്തെ സ്ത്രീശക്തിയുടെ നേർസാക്ഷ്യങ്ങളാണ്.
നയങ്ങളും സ്ഥാപനപരമായ പിന്തുണയും
സ്ത്രീകളുടെ കഴിവുകൾ പുറത്തെടുക്കുന്നതില്‍ സർക്കാർ പദ്ധതികൾക്ക് വലിയ പങ്കുണ്ട്. ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ മുതൽ ‘മിഷൻ ശക്തി’യും പാർലമെന്‍റിൽ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുന്ന ചരിത്രപരമായ ‘നാരി ശക്തി വന്ദൻ അധിനിയ’വും വരെ ദൗത്യങ്ങളും പ്രധാനമന്ത്രി മുദ്രാ യോജന, സ്റ്റാൻഡ്-അപ്പ് ഇന്ത്യ, ജൻ ധൻ യോജന തുടങ്ങിയ സാമ്പത്തിക ശാക്തീകരണ പദ്ധതികളും സ്ത്രീകളെ നേതൃനിരയിലെത്തിക്കുന്ന വികസനത്തിന് ശക്തമായ അടിത്തറ നല്‍കുന്നു.
54 കോടിയിലധികം ജൻ ധൻ അക്കൗണ്ടുകൾ തുറന്നതിൽ 56% അക്കൗണ്ടുകളും സ്ത്രീകളുടേതാണ്. ലോകത്തുതന്നെ അപൂർവമായി കാണുന്ന സാമ്പത്തിക ഉൾച്ചേര്‍ക്കലിന്‍റെ മികച്ച ഉദാഹരണമാണിത്.
മുദ്ര യോജന പ്രകാരം അനുവദിച്ച 43 കോടി വായ്പകളിൽ ഏകദേശം 70% വായ്പകളും നൽകിയത് വനിതാ സംരംഭകർക്കാണ്. നാരി ശക്തി വന്ദൻ അധിനിയം വഴി പാർലമെന്‍റ് സീറ്റുകളിൽ മൂന്നിലൊന്ന് സ്ത്രീകൾക്കായി ഉടന്‍ സംവരണം ചെയ്യുന്നതോടെ നയ രൂപീകരണത്തില്‍ സ്ത്രീശബ്ദം ഉറപ്പാക്കാനാവും.
ശാസ്ത്ര സാങ്കേതികവിദ്യയും നൂനതാശയങ്ങളും: ഇന്ത്യ ആഗോളതലത്തിൽ
ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ രാജ്യത്തെ സ്ത്രീകൾ ആകാശം കീഴടക്കുകയാണ്. ചന്ദ്രയാൻ-2, മംഗൾയാൻ ദൗത്യങ്ങളുടെ ഡയറക്റ്റമാർ വനിതാ ശാസ്ത്രജ്ഞരായിരുന്നുവെന്നത് ബഹിരാകാശ ശക്തിയെന്ന നിലയിൽ ഇന്ത്യയുടെ വളർച്ച അടയാളപ്പെടുത്തുന്നു.
ശാസ്ത്രം, സാങ്കേതികവിദ്യ, എൻജിനീയറിങ്, ഗണിതം എന്നീ വിദ്യാഭ്യാസ മേഖലകളിലെ സ്ത്രീപങ്കാളിത്തത്തിൽ ഇന്ത്യ ആഗോളതലത്തില്‍ മുന്‍നിരയിലാണ്. രാജ്യത്ത് ഈ മേഖലകളിലെ ബിരുദധാരികളിൽ 43% സ്ത്രീകളാണ്. യുഎസിലിത് 34 ശതമാനവും യൂറോപ്യൻ യൂണിയനിൽ 32 ശതമാനവും ഒഇസിഡി രാജ്യങ്ങളിൽ 33 ശതമാനവും മാത്രം. എങ്കിലും ശാസ്ത്ര സ്ഥാപനങ്ങളിലെ ഗവേഷണ വികസന മേഖലകളിൽ 19% സ്ത്രീകൾ മാത്രമാണ് നേരിട്ട് പ്രവർത്തിക്കുന്നത്. ഇത് വിദ്യാഭ്യാസ നേട്ടങ്ങളെ തൊഴിൽ പ്രാതിനിധ്യത്തിലേക്ക് പരിവര്‍ത്തനം ചെയ്യേണ്ടതിന്‍റെ ആവശ്യകത സൂചിപ്പിക്കുന്നു.
ബയോകെയർ, വൈസ്-കിരൺ എന്നീ സർക്കാർ പദ്ധതികള്‍ തൊഴിലിനിടെ ഇടവേളയെടുത്ത വനിതാ ശാസ്ത്രജ്ഞർക്ക് ഗവേഷണ രംഗത്തേക്ക് തിരികെ വരാൻ അവസരം നൽകി. ബയോടെക്നോളജി വ്യാവസായിക ഗവേഷണ സഹായ സമിതി (ബിറാക്) അടുത്തിടെ 75ലേറെ വനിതാ ജൈവസാങ്കേതിക സംരംഭകരെ ആദരിച്ചത് പുതുതലമുറ നേതൃനിരയിലേക്ക് സ്ത്രീകള്‍ കടന്നുവരുന്നതിന്‍റെ നേര്‍സാക്ഷ്യമാണ്. ആഗോള ജൈവസാങ്കേതിക രംഗത്തെ നേതൃസ്ഥാനങ്ങളിൽ സ്ത്രീ പ്രാതിനിധ്യം 20% മാത്രമാണെന്നോർക്കണം.
ഭാവിയെ മുന്നോട്ട് നയിക്കാന്‍ സ്ത്രീകൾ
ജീനോമിക്സ്, മോളിക്യുലാർ ഡയഗ്നോസ്റ്റിക്സ്, ബയോളജിക്സ്, പ്രിസിഷൻ തെറാപ്പികൾ തുടങ്ങിയ അതിനൂതന മേഖലകളിൽ മുന്നേറുന്ന സ്ത്രീകൾ ശാസ്ത്രാധിഷ്ഠിത വികസനത്തിന്‍റെ ഭാവി രൂപപ്പെടുത്തും. ജൈവസാങ്കേതിക വിതരണ ശൃംഖലകൾക്കും നിയമനിര്‍വഹണങ്ങള്‍ക്കും വിദൂര ഗ്രാമങ്ങളിൽ പോലും കുറഞ്ഞ ചിലവിൽ ചികിത്സ ലഭ്യമാക്കുന്ന ആരോഗ്യ ശൃംഖലകൾക്കും അവർ നേതൃത്വം നൽകും.
വഴിത്തിരിവിന്‍റെ ഘട്ടത്തില്‍ ഇന്ത്യ
ജൈവസാങ്കേതിക വിപ്ലവം, ആരോഗ്യ സുരക്ഷ, ഭക്ഷ്യസുരക്ഷ, ബഹിരാകാശ സാങ്കേതികവിദ്യ, ഡിജിറ്റൽ സാങ്കേതികവിദ്യയുടെ നവസാധ്യതകൾ എന്നിവ വരും ദശാബ്ദങ്ങളിൽ ഇന്ത്യയുടെ വളർച്ച നിർവചിക്കുന്നു. ഭാവിയുടെ കേവലം ഗുണഭോക്താക്കളായല്ല, മറിച്ച് സഹ-ശിൽപ്പികളായാണ് സ്ത്രീകളെ പരിഗണിക്കേണ്ടതെന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് സുവ്യക്തമാണ്.
പ്രവർത്തനാഹ്വാനം
വനിതാ ശാസ്ത്രജ്ഞരും നഴ്‌സുമാരും ആരോഗ്യ പ്രവർത്തകരും സംരംഭകരുമെല്ലാം പൂര്‍ണതോതില്‍ അംഗീകരിക്കപ്പെടുകയും അവരിലെ വിഭവശേഷി പ്രയോജനപ്പെുടത്തുകയും അവരെ ശാക്തീകരിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ സര്‍വ മേഖലകളിലെയും നേതൃത്വം ഒരുമിച്ച് നിൽക്കേണ്ട സമയമാണിത്. അതുവഴി വാഗ്ദാനം നിറവേറ്റുന്നതിനൊപ്പം ആഗോള പ്രതീക്ഷകളെ ഇന്ത്യ മറികടക്കും. കാരണം, സ്ത്രീകളുടെ നേതൃത്വത്തില്‍ നാം ഒരുമിച്ച് കെട്ടിപ്പടുക്കുന്ന ഭാവി അജയ്യമായിരിക്കും.