ഏതോ ജന്മകല്‍പനയില്‍.....

സംഗീതമായിരുന്നു ആ ജീവിതത്തിന്‍റെ നിയോഗം, സംഗീതം മാത്രം. '' എനിക്കൊരിക്കലും പാട്ട് നിര്‍ത്താനാവില്ല, അതെന്‍റെ ജീവിതമാണെന്നു'' വാണി ജയറാം പറയുമ്പോള്‍ അതിശയോക്തിയില്ല
ഏതോ ജന്മകല്‍പനയില്‍.....

ഭാഷയുടെ അതിര്‍ത്തികളില്ലാതെ ആസ്വാദകമനസുകളിലേക്ക് ഒഴുകിപ്പരന്ന ആലാപനമാധുര്യം. സംഗീതമായിരുന്നു ആ ജീവിതത്തിന്‍റെ നിയോഗം, സംഗീതം മാത്രം. '' എനിക്കൊരിക്കലും പാട്ട് നിര്‍ത്താനാവില്ല, അതെന്‍റെ ജീവിതമാണെന്നു'' വാണി ജയറാം പറയുമ്പോള്‍ അതിശയോക്തിയില്ല. ഭാഷയുടെയോ ദേശത്തിന്‍റെയോ അതിര്‍ത്തികളില്ലാതെയാണു ആലാപനത്തിന്‍റെ അരനൂറ്റാണ്ട് വാണി ജയറാം താണ്ടിയത്. ഓരോ ദേശക്കാരനും അവരവരുടേതെന്നു തോന്നുംവിധം സംഗീതത്താല്‍ കൈയ്യൊപ്പു ചാര്‍ത്തി ഈ ഗായിക. ഇന്നും സ്മരണകളുടെ പല്ലവിയില്‍ നിന്നും ഇറങ്ങിപ്പോകാത്ത, ഇടറിപ്പോകാത്ത എത്രയോ മധുരഗാനങ്ങള്‍...

മൂന്നാം വയസ് കഴിയുമ്പോഴേക്കും രാഗങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു വാണി ജയറാം. അമ്മയായിരുന്നു പ്രചോദനം. വാണിയുടെ സഹോദരിയെ സംഗീതം പഠിപ്പിക്കാനെത്തിയ കടലൂര്‍ ശ്രീനിവാസ അയ്യങ്കാര്‍ തന്നെ വാണിയുടെയും ഗുരുവായി. എട്ടാം വയസില്‍ ആകാശവാണിയിലൂടെ ആ സംഗീതമാധുര്യം ലോകം കേട്ടു. സംഗീതജ്ഞരായ ടി ആര്‍ ബാലസുബ്രഹ്മണ്യത്തിലൂടെയും ആര്‍ എസ് മണിയിലൂടെയും വാണിയില്‍ കര്‍ണാടിക് സംഗീതത്തിന്‍റെ വേരുകളുറച്ചു. എന്നാല്‍ പഠനം കഴിഞ്ഞു ജോലി തേടിപ്പോകുന്ന പതിവ് വഴികളിലൂടെയായിരുന്നു സഞ്ചാരം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ഉദ്യോഗസ്ഥയായി. 

വിവാഹശേഷമാണു പാട്ടിന്‍റെ വഴി തുറക്കുന്നത്, ഭര്‍ത്താവ് ജയറാമിന്‍റെ അകമഴിഞ്ഞ പ്രോത്സാഹനത്തോടെ. വിവാഹശേഷം മുംബൈയില്‍ ജീവിതം തുടങ്ങുമ്പോള്‍ ഒപ്പം സംഗീതവും ചേര്‍ന്നു. ഉസ്താദ് അബ്ദുള്‍ റഹ്മാന്‍ ഖാന്‍റെ കീഴില്‍ സംഗീതപഠനം പുനരാരംഭിച്ചു. ജോലി ഉപേക്ഷിച്ചു പൂര്‍ണമായി സംഗീതത്തില്‍ ശ്രദ്ധിക്കാന്‍ ഉപദേശിച്ചത് ഉസ്താദാണ്. വാണിയുടെ ശബ്ദം സംഗീതസംവിധായകന്‍ വസന്ത് ദേശായിയുടെ ശ്രദ്ധയില്‍പ്പെട്ടതാണു വഴിത്തിരിവായത്. ഗുഡ്ഡി എന്ന ചിത്രത്തിലൂടെ പിന്നണി ഗാനരംഗത്ത്. ചിത്രത്തിലെ രണ്ടു ഗാനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു, ആ ശബ്ദവും. അതൊരു തുടക്കമായിരുന്നു. നൗഷാദ്, ഒ പി നയ്യാര്‍, മദന്‍മോഹന്‍, കല്യാണ്‍ജി ആനന്ദ്ജി തുടങ്ങിയവരുടെ ഗാനങ്ങളും തുടര്‍ന്നങ്ങോട്ട് ആലപിച്ചു. 1975-ല്‍ അപൂര്‍വരാഗങ്ങള്‍ എന്ന ചിത്രത്തിലെ ഏഴു സ്വരങ്ങള്‍ എന്ന ഗാനത്തിലൂടെ ആദ്യ ദേശീയ അവാര്‍ഡും വാണി ജയറാമിനെ തേടിയെത്തി. 1980-ല്‍ ശങ്കരാഭരണം, 1991-ല്‍ സ്വാതികിരണം എന്നീ ചിത്രങ്ങളിലെ ഗാനങ്ങളിലൂടെയും ദേശീയ അംഗീകാരത്തിന്‍റെ മധുരമുണ്ടു. അനവധി ഭാഷകളിലായി പതിനായിരത്തിലധികം ഗാനങ്ങൾ ആലപിച്ചു. 

1973-ല്‍ സ്വപ്‌നം എന്ന സിനിമയിലെ സൗരയൂഥത്തില്‍ വിടര്‍ന്നൊരു എന്ന ഗാനത്തിലൂടെ ആ സ്വരമാധുരി മലയാളിയറിഞ്ഞു. സലില്‍ ചൗധരിയായിരുന്നു സംഗീതം. തുടര്‍ന്നു ജി. ദേവരാജന്‍, എം കെ അര്‍ജുനന്‍, എം എസ് വിശ്വനാഥന്‍, ആര്‍. കെ ശേഖര്‍, വിദ്യാധരന്‍ മാസ്റ്റര്‍ തുടങ്ങിയവരുടെയൊക്കെ ചിട്ടപ്പെടുത്തലുകളില്‍ വാണിയുടെ പാട്ടുകള്‍ മലയാളിയുടെ മനസിലുറച്ചു. പത്മതീര്‍ത്ഥക്കരയില്‍, നാടന്‍ പാട്ടിലെ മൈന, തിരുവോണപ്പുലരിതന്‍, ആഷാഢമാസം, സീമന്തരേഖയില്‍ ചന്ദനം ചാര്‍ത്തി, വീണപാണിനി തുടങ്ങിയ ഗാനങ്ങളിലൂടെ തുടര്‍ന്ന് ഓലേഞ്ഞാലിക്കുരുവി വരെ മലയാള പിന്നണിഗാന രംഗത്ത് ആ സംഗീതസപര്യം തുടര്‍ന്നു. 

കൈയിലൊരു കടലാസ്‌കഷണം പോലുമില്ലാതെ, ഓര്‍മയില്‍ നിന്നാണ് ആ സംഗീതം ഒഴുകിയെത്തിയിരുന്നത്. പാടുന്ന ഓരോ പാട്ടുകളും അത്രമേല്‍ ഹൃദയത്തോടു ചേര്‍ത്തിരുന്നു. വരികളിലെന്നും അസാമാന്യ സ്ഫുടതയും ലാളിത്യവും മാധുര്യവും ഇടകലര്‍ന്ന് ഈണങ്ങളായി. സംഗീതത്തിന്‍റെ വകഭേദങ്ങളിലൊന്നും പതറിനില്‍ക്കാതെ പാടിക്കൊണ്ടേയിരുന്നു അവസാനം വരെ, ഏതോ ജന്മകല്‍പനയിലെന്ന പോലെ....

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com