
ഓപ്പറേഷൻ സിന്ദൂർ ആവർത്തിക്കുമോ? 'സർ ക്രീക്കി'ൽ തർക്കം മുറുകുന്നു, കടുപ്പിച്ച് ഇന്ത്യ
ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇന്ത്യ- പാക്കിസ്ഥാൻ അതിർത്തിയിൽ വീണ്ടും പടയൊരുങ്ങുന്നു. ഗുജറാത്തിലെ സർ ക്രീക്കിലേക്കുള്ള പാക്കിസ്ഥാന്‍റെ കടന്നു കയറ്റം ഓപ്പറേഷൻ സിന്ദൂറിന്‍റെ രണ്ടാം പതിപ്പിന് ഇടയാക്കുമെന്ന് സൂചന നൽകിയിരിക്കുകയാണ് ഇന്ത്യ. ഭീകരവാദത്തിന് പിന്തുണ നൽകുന്നത് തുടരുകയാണെങ്കിൽ ഭൂപടത്തിൽ നിന്ന് തന്നെ പാക്കിസ്ഥാനെ തൂത്തെറിയുമെന്ന് ഇന്ത്യൻ സൈനിക മേധാവി മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. ഓപ്പറേഷൻ സിന്ദൂറിന്‍റെ സമയത്ത് ഇന്ത്യൻ സൈനികർ കാണിച്ച സംയമനമൊന്നും ഇനി കാണിക്കില്ലെന്ന വാക്കുകളിലും മറഞ്ഞിരിക്കുന്നത് മറ്റൊന്നുമല്ല. സർ ക്രീക്കിലേക്ക് കടന്നു കയറാനുള്ള പാക്കിസ്ഥാന്‍റെ ശ്രമം ചരിത്രത്തെയും ഭൂമിശാസ്ത്രത്തെയും വരെ മാറ്റി മറിക്കുമെന്ന് വ്യാഴാഴ്ച പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും പ്രതികരിച്ചിരുന്നു.
ഗുജറാത്ത് ഉൾപ്പെടെയുള്ള അതിർത്തിപ്രദേശങ്ങളിൽ സമാധാനപരമായ പരിഹാരങ്ങൾക്കാണ് ഇന്ത്യ തയാറായിരുന്നത്. എന്നാൽ പാക്കിസ്ഥാന്‍റെ താത്പര്യം അവ്യക്തവും വികലവുമാണ്. അടുത്തിടെ സൈനിക ഇൻഫ്രാ സ്ട്രക്ചറും ബങ്കറുകളും റഡാറുകളും വിപുലമാക്കുകയും അതിർത്തിയോട് ചേർന്ന് ഡ്രോൺ ആക്രമണത്തിന് അനുയോജ്യമായ സജ്ജീകരണങ്ങൾ തയാറാക്കിയതും അവരുടെ താത്പര്യം വ്യക്തമാക്കുന്നുണ്ടെന്നും പ്രതിരോധ മന്ത്രി പറയുന്നു.
എന്താണ് സർ ക്രീക്ക്
ഗുജറാത്തിനോടു ചേർന്ന ഇന്ത്യ-പാക് അതിർത്തിയിൽ ഗുജറാത്തിലെ റൺ ഓഫ് കച്ചിനും പാക്കിസ്ഥാന്‍റെ സിന്ധ് പ്രവിശ്യക്കുമിടയിൽ ജനവാസമില്ലാത്ത മേഖലയിൽ 96 കിലോമീറ്ററിൽ നീണ്ടു കിടക്കുന്ന അരുവിക്കു സമാനമായ വേലിയേറ്റ അഴിമുഖമാണ് സർ ക്രീക്ക്. ഈ നീർച്ചാൽ ഒഴുകി അറബിക്കടലിലേക്കാണ് പതിക്കുന്നത്. ഇന്ത്യ-പാക് തർക്കം പരിഹരിക്കാനായി നിയോഗിക്കപ്പെട്ട ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥനാണ് സർ ക്രീക്ക്. പിന്നീട് ആ പ്രദേശം അദ്ദേഹത്തിന്‍റെ പേരിൽ അറിയപ്പെട്ടു. ഔദ്യോഗികമായി ഇന്ത്യയുടെ പാക്കിസ്ഥാനും തമ്മിലുള്ള പടിഞ്ഞാറൻ അതിർത്തിയാണ് ക്രീക്ക്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനു മുൻപേ ഈ മേഖല ഭരിച്ചിരുന്നത് കച്ചിലെ മഹാരാജാവായിരുന്നു. ഇവിടത്തെ അധികാരത്തിന്മേൽ രാജഭരണം കാലം മുതലേ തർക്കം ശക്തമായിരുന്നു. അന്നു മുതലേ സിന്ധ് പ്രവിശ്യയിലെ ഭരണാധികാരിയുമായി തർക്കം മുറുകിയിരുന്നു. പ്രദേശത്ത് നിന്ന് വിറകു ശേഖരിക്കുന്നതിനെച്ചൊല്ലിയാണ് അന്ന് തർക്കം ആരംഭിച്ചത്. കൊളോണിയൽ കാലത്തെ ഭൂപടത്തെയും കരാറുകളെയും അടിസ്ഥാനമാക്കിയാണ് പാക്കിസ്ഥാൻ വീണ്ടും പ്രകോപനം സൃഷ്ടിക്കുന്നത്.
നിലവിൽ അതിർത്തിയിലെ ചതുപ്പു പ്രദേശം ഉൾപ്പെടെ സർ ക്രീക്കിന്‍റെ പാതിയാണ് ഇന്ത്യ അവകാശപ്പെടുന്നത്. എന്നാൽ കൊളോണിയൽ കാലത്തെ കരാറുകൾ ചൂണ്ടിക്കാണിച്ചു കൊണ്ട് പാക്കിസ്ഥാൻ തങ്ങളുടെ അതിർത്തി ക്രീക്കിന്‍റെ കിഴക്കു ഭാഗം വരെ നീണ്ടു കിടക്കുന്നുവെന്നാണ് അവകാശപ്പെടുന്നത്. അങ്ങനെയെങ്കിൽ ഗുജറാത്തിന്‍റെ ഹൃദയഭാഗത്തേക്ക് എത്താൻ പാക്കിസ്ഥാന് എളുപ്പമായിരിക്കും.
സിന്ധ് സർക്കാരും കച്ചിലെ റാവുവും 1914ൽ ഒപ്പു വച്ച കരാറാണ് ഇതിനായി പാക്കിസ്ഥാൻ മുന്നോട്ടു വയ്ക്കുന്നത്. ഈ കരാർ പ്രകാരം ക്രീക്കിന്‍റെ കിഴക്കൻ തീരമാണ് അതിർത്തി.
1952ലെ ഭൂപടം ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ ഈ അവകാശവാദത്തെ തകർക്കുന്നത്. ഈ ഭൂപടം പ്രകാരം ക്രീക്കിന്‍റെ മധ്യത്തിലാണ് അതിർത്തി. അന്താരാഷ്‌ട്ര തലത്തിൽ സ്വീകരിക്കപ്പെട്ട തൽവേഗ് തത്വവും ഇന്ത്യ ചൂണ്ടിക്കാണിക്കുന്നു. ഈ തത്വം പ്രകാരം ഇരു രാജ്യങ്ങളുടെയും അതിർത്തി അരുവിയുടെ ആഴമേറിയ പ്രദേശമാണെന്നും ഇരു രാജ്യങ്ങളും കപ്പൽ സഞ്ചാരത്തിന് യോഗ്യമായ അരുവി പങ്കു വയ്ക്കുന്നുവെന്നുമാണുള്ളത്. എന്നാൽ ഈ തത്വം അംഗീകരിക്കാൻ പാക്കിസ്ഥാൻ തയാറല്ല. സർ ക്രീക്ക് കപ്പൽ ഗതാഗതത്തിന് യോഗ്യമല്ല എന്നാണ് പാക്കിസ്ഥാൻ ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സമുദ്രാതിർത്തി തർക്കത്തിനു പുറമേ ചില നയതന്ത്രപരമായ പ്രശ്നങ്ങളും ക്രീക്കിൽ ശക്തമാണ്. കറാച്ചി തുറമുഖത്തിലേക്ക് നേരിട്ട് എത്താൻ സാധിക്കുമെന്നതിനാൽ ഇവിടെ ഇന്ത്യ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സർ ക്രീക്കിലൂടെയാണ് കറാച്ചിയിലേക്കുള്ള ഒരു പാത എന്ന് പാക്കിസ്ഥാൻ മറക്കരുതെന്നും ഇന്ത്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സർ ക്രീക്കിന്‍റെ പ്രാധാന്യം
ആയിരക്കണക്കിന് പേർ ആശ്രയിക്കുന്ന ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മത്സ്യബന്ധന സ്രോതസ്സു കൂടിയാണ് സർ ക്രീക്ക്. ഇന്ത്യ-പാക് അതിർത്തിത്തർക്കം ഇരു രാജ്യങ്ങളിലെയും സ്ത്രീകൾ അടക്കമുള്ള മീൻ പിടുത്തക്കാരുടെ അറസ്റ്റിന് ഇടയാക്കാറുണ്ട്. കടലിന്നടിയിലെ എണ്ണയുടെയും പ്രകൃതിവാതകത്തിന്‍റെയും നിക്ഷേപമെന്ന സാധ്യതയും സർ ക്രീക്കിന്‍റെ പ്രാധാന്യം വർധിപ്പിക്കുന്നു. പാക്കിസ്ഥാനും യുഎസും തമ്മിലുള്ള പുതിയ എണ്ണക്കരാറിന്‍റെ പശ്ചാത്തലത്തിൽ ഈ ഘടകത്തെ തള്ളിക്കളയാനാകില്ല. അതിർത്തിത്തർക്കം മൂലം ഇവിടത്തെ എണ്ണ നിക്ഷേപങ്ങൾ കണ്ടെത്തുന്നതിനായുള്ള പ്രവർത്തനങ്ങൾ തടസപ്പെട്ടിരിക്കുകയാണ്.
ഭീകരവാദം
പാക്കിസ്ഥാൻ സൈന്യത്തിനുമപ്പുറം പാക്കിസ്ഥാൻ പിന്തുണയ്ക്കുന്ന ഭീകരസംഘടകളാണ് ഇന്ത്യക്ക് അതിർത്തിയിൽ വെല്ലുവിളിയാകുന്നത്. 2019 സെപ്റ്റംബറിൽ സർ ക്രീക്കിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ നിരവധി ബോട്ടുകളാണ് കണ്ടെത്തിയത്. പാക് സ്പെഷ്യൽ ഫോഴ്സ് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ നടത്തി ഗുജറാത്തിൽ ഭീകരാക്രണം നടത്താൻ പദ്ധതിയിട്ടിരുന്നതായി ഇന്‍റലിജൻസിന് വിവരം ലഭിച്ചിരുന്നു. പാക് കേന്ദ്രീകൃത ഭീകരസംഘടനയായ ജയ്ഷ് ഇ മുഹമ്മദ് അംഗങ്ങൾക്ക് വെള്ളത്തിനടിയിലൂടെ ആക്രമണം നടത്താൻ പരിശീലനം നൽകുന്നുവെന്ന് ഇന്‍റലിജൻസ് വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. അതിനു തൊട്ടു പിന്നാലെയാണ് ബോട്ടുകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
അതായത് സർ ക്രീക്കിലേക്കുള്ള പാക്കിസ്ഥാന്‍റെ കടന്നു കയറ്റം ഗുജറാത്തിനു മാത്രമല്ല വെല്ലുവിളിയാകുന്നത്, കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കും ഈ നീക്കം ആശങ്ക സൃഷ്ടിക്കുമെന്നർഥം.