ജനന സുരക്ഷ ആരോഗ്യ ജീവനം

ഇന്ന് "ലോക തദ്ദേശീയ ദിനം'
 Today is "World Indigenous Peoples Day"

ഇന്ന് "ലോക തദ്ദേശീയ ദിനം'

Updated on

കെ. എ. തുളസി

പട്ടികജാതി- പട്ടികവര്‍ഗ, പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി

ഓരോ വര്‍ഷവും ഓഗസ്റ്റ് 9 കടന്നുവരുമ്പോള്‍, നമ്മോട് ചേര്‍ന്നു നില്‍ക്കുന്ന തദ്ദേശീയ തലമുറകളോടുള്ള വലിയൊരു ആദരവായി അതു മാറുന്നു. ഐക്യരാഷ്‌ട്ര സഭയുടെ നേതൃത്വത്തില്‍ 1994 മുതല്‍ ആരംഭിച്ച ഈ അന്താരാഷ്‌ട്ര ആദിവാസി ദിനാചരണം വലിയൊരു ഓര്‍മപ്പെടുത്തലാണ് നമ്മോട് പങ്കുവയ്ക്കുന്നത്. ലോകത്ത് 90 രാജ്യങ്ങളിലായി ഏകദേശം 47.6 കോടിയിലധികം തദ്ദേശീയ ജനവിഭാഗങ്ങള്‍ ജീവിക്കുന്നു. ഇത് ലോക ജനസംഖ്യയുടെ 6.2 ശതമാനത്തോളം വരുമെങ്കിലും, മാനവരാശിയുടെ സാംസ്‌കാരിക വൈവിധ്യത്തിന്‍റെ ഏറ്റവും വലിയ കാവലാളമാര്‍ ഇവരാണ്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പൊക്കിള്‍ക്കൊടി ബന്ധത്തിന്‍റെ മഹത്വം ഈ ദിനം നമ്മെ ഓര്‍മിപ്പിക്കുന്നു.

കോണ്‍ക്രീറ്റ് കാടുകള്‍ക്കപ്പുറം, മണ്ണില്‍ ചവിട്ടി നിന്നു പ്രകൃതിയെ നെഞ്ചോടു ചേര്‍ക്കുന്ന ഒരു ജനതയുടെ അതിജീവനമാണ് നാം ഇന്ന് ആഘോഷിക്കുന്നത്. പ്രകൃതിയുടെ ഓരോ സ്പന്ദനത്തെയും ഹൃദയമിടിപ്പായി കാണുന്ന നമ്മുടെ ആദിവാസി സമൂഹങ്ങള്‍ അറിവുകളുടെ മഹാസമുദ്രമാണ്.

2026ലെ ഐക്യരാഷ്‌ട്ര സഭയുടെ സന്ദേശമായ ""Honouring Indigenous Midwives, Safeguarding Life and Well-being'' എന്ന ആശയം പൂര്‍ണമായും ഉള്‍ക്കൊണ്ട്, കേരളം ഈ വര്‍ഷം "ജനന സുരക്ഷ ആരോഗ്യ ജീവനം' എന്ന ലക്ഷ്യത്തോടെയാണ് തദ്ദേശീയ ദിനം ആചരിക്കുന്നത്. നൂറ്റാണ്ടുകളായി അവഗണിക്കപ്പെട്ട ഈ ഉന്നത സമൂഹത്തിനെ വെളിച്ചത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തേണ്ടത് സര്‍ക്കാരിന്‍റെ മാത്രമല്ല, പൊതുസമൂഹത്തിന്‍റെ കൂടി ബാധ്യതയാണ്.

"ആരും പിന്നിലായിപ്പോകരുത്' എന്ന മുദ്രാവാക്യം കേവലം ചില വാക്കുകളുടെ കൂട്ടമല്ല; അത് ഇരുണ്ട ഇടനാഴികളിലേക്ക് വെളിച്ചമെത്തിക്കുന്ന പ്രതിജ്ഞാബദ്ധതയാണ്. ഈ മുദ്രാവാക്യം അന്വര്‍ഥമാക്കാന്‍ തദ്ദേശീയ ഉന്നതി അത്യാവശ്യമായി തീരുന്ന "സമഗ്ര മേഖലാ' ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. അവര്‍ക്ക് വിവിധ തലങ്ങളില്‍ ഉണ്ടായ തടസങ്ങളും പ്രയാസങ്ങളും നേരിടാന്‍ താങ്ങാവാനും, പാര്‍പ്പിടം, ശുചിത്വം, ഭരണ പങ്കാളിത്തം, വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഉറപ്പാക്കുന്നതിലൂടെ മാത്രമേ സുസ്ഥിരമായ ഒരു വികസന മാതൃക കെട്ടിപ്പടുക്കാന്‍ സാധിക്കൂ.

തദ്ദേശീയ ജനതയുടെ ആരോഗ്യ സംരക്ഷണത്തില്‍ അവരുടെ പാരമ്പര്യ അറിവുകള്‍ക്കും പാരമ്പര്യ വൈദ്യന്മാര്‍ക്കും വലിയ പങ്കുണ്ട്. ആധുനിക വൈദ്യശാസ്ത്രം പോലും വിസ്മയിക്കുന്ന ഈ പാരമ്പര്യ അറിവുകളെ നാം സംരക്ഷിക്കേണ്ടതുണ്ട്. ഊരുകളിലെ ഗര്‍ഭിണികള്‍ക്കും നവജാത ശിശുക്കള്‍ക്കും കാലാകാലങ്ങളായി താങ്ങായി നിന്നിരുന്ന പാരമ്പര്യ വൈദ്യന്മാരെ ആദരിക്കുന്നതിനൊപ്പം, ആധുനിക മെഡിക്കല്‍ ക്യാംപുകള്‍, രോഗനിര്‍ണയ ക്ലിനിക്കുകള്‍, ലഹരിവിരുദ്ധ പ്രചാരണങ്ങള്‍, ശുചിത്വ പരിപാടികള്‍ എന്നിവ ഊര്‍ജിതമാക്കി ഗോത്രസമൂഹത്തെ സമ്പൂര്‍ണ ആരോഗ്യത്തിലേക്ക് നയിക്കാനുള്ള പദ്ധതികളാണ് വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്. ആരോഗ്യ മേഖലയില്‍ നാം കൈവരിച്ച നേട്ടങ്ങള്‍ തദ്ദേശീയരിലേക്കും പൂര്‍ണമായി എത്തിക്കാന്‍ ഈ ദിനം പ്രചോദനമാകട്ടെ.

വിദ്യാഭ്യാസവും സാംസ്‌കാരിക ഉന്നമനവും ഈ വകുപ്പിന്‍റെ പ്രധാന ലക്ഷ്യങ്ങളാണ്. അവരുടെ തനത് സംസ്‌കാരത്തെയും മാതൃഭാഷയെയും തച്ചുടയ്ക്കാതെയുള്ള വിദ്യാഭ്യാസ പദ്ധതികളിലൂടെ നമ്മുടെ കുട്ടികളെ സമൂഹത്തിന്‍റെ ഉന്നതങ്ങളിലെത്തിക്കണം. ഓണ്‍ലൈന്‍ പഠനത്തിന് ഡിജിറ്റല്‍ സൗകര്യങ്ങളില്ലാത്ത വിദൂര ഗ്രാമങ്ങളില്‍ അവ ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. കേവലം വികസന പ്രവര്‍ത്തനങ്ങള്‍ക്കും ഫണ്ട് വിനിയോഗങ്ങള്‍ക്കും അപ്പുറം, ചെലവഴിക്കപ്പെടുന്ന ഓരോ രൂപയും അവരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നുണ്ടോ എന്ന് നാം നിരന്തരം വിലയിരുത്തേണ്ടതുണ്ട്. ദാരിദ്ര്യവും അരക്ഷിതാവസ്ഥയും ഇല്ലാത്ത, എല്ലാവര്‍ക്കും തുല്യ അവകാശമുള്ള ഒരു സമൂഹത്തെ കെട്ടിപ്പടുക്കാനും ഈ ജനതയെ നെഞ്ചോട് ചേര്‍ത്തുപിടിക്കാനും ഈ ദിനാചരണം നമുക്ക് കരുത്തേകട്ടെ. ഏവര്‍ക്കും തദ്ദേശീയ ദിനാശംസകള്‍.

logo
Metro Vaartha
www.metrovaartha.com