ഇലക്ഷന്‍ കാലത്തെ ചിരിയുടെ പ്രാധാന്യം

സ്മിതപൂര്‍വഭാഷി എന്നൊരു ചെല്ലുണ്ട്. എന്ത് സംസാരിക്കുന്നതിന് മുന്‍പും ഒന്ന് മന്ദഹസിക്കണം എന്നാണ് അതിന്‍റെ അർഥം
ഇലക്ഷന്‍ കാലത്തെ ചിരിയുടെ പ്രാധാന്യം

തെരഞ്ഞെടുപ്പ് കാലത്തെ ചിരിക്ക് വലിയ വിലയാണ് ഉള്ളത്. ഏതു മുന്നണിയിലെ സ്ഥാനാർഥിയാണെങ്കിലും ചിരിക്കുന്നതായി കാണാം. വോട്ടര്‍മാര്‍ക്കു മുന്നില്‍ അവര്‍ ചിരിക്കുന്നു. ചിരി വോട്ടുകളെ ആകര്‍ഷിക്കും എന്നാണ് അവര്‍ വിശ്വസിക്കുന്നത്. മണ്ഡലങ്ങളില്‍ നിറയുന്ന പോസ്റ്ററുകളിലും ഹോർഡിങ്ങുകളിലും ചിരിക്കുന്ന സ്ഥാനാർഥിയുടെ ചിത്രങ്ങള്‍ കാണാം. നിര്‍വികാരമായി നില്‍ക്കുന്ന ഒരു സ്ഥാനാർഥിയെ നമുക്ക് പോസ്റ്ററുകളിലോ ഹോഡിങ്ങുകളിലോ കാണുവാന്‍ സാധിക്കില്ല. വോട്ട് ചോദിച്ചെത്തുന്ന സ്ഥാനാർഥി ആയിക്കോട്ടെ മുന്നണിയുടെ നേതാക്കള്‍ ആയിക്കോട്ടെ പ്രവര്‍ത്തകരായിക്കോട്ടെ ചിരിക്കുന്ന മുഖം വോട്ടര്‍മാരെ ആകര്‍ഷിക്കുന്ന തന്ത്രം തന്നെയാണ്.

സ്മിതപൂര്‍വഭാഷി എന്നൊരു ചെല്ലുണ്ട്. എന്ത് സംസാരിക്കുന്നതിന് മുന്‍പും ഒന്ന് മന്ദഹസിക്കണം എന്നാണ് അതിന്‍റെ അർഥം. അതു തന്നെയാണ് ശ്രീക്യഷ്ണന്‍ അനുകരിക്കുന്നതെന്ന് ഭഗവദ് ഗീത സാക്ഷ്യം വഹിക്കുന്നു. ആയുധങ്ങളുമായി യുദ്ധ മുഖത്ത് കൗരവപ്പടയ്ക്ക് എതിരായി നിലയുറപ്പിച്ച അർജുനനോട് മന്ദഹാസപൂര്‍വമാണ് ശ്രീക്യഷ്ണന്‍ സംസാരിച്ചു തുടങ്ങിയത്. ഇതികര്‍ത്തവ്യതാമൂഢനായി നിന്ന അര്‍ജുനന് ശ്രീക്യഷ്ണന്‍റെ വാക്കുകള്‍ സാന്ത്വനമേകി.

സ്ഥാനാർഥികള്‍ കൈകൾ കൂപ്പി ചിരിച്ചുവരുമ്പോള്‍ വോട്ടര്‍മാരും ചിരിക്കുന്നു. നമുക്കീ കാഴ്ച ടെലിവിഷനിലെ സ്ക്രീനില്‍ വരുന്ന വാര്‍ത്താ ചാനലുകളിലെ തെരഞ്ഞെടുപ്പ് വാര്‍ത്തകളില്‍ കാണാം. ചിരിക്ക് അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് യാത്രയില്‍ വലിയ പങ്കാണ് ഉള്ളത്. ചിരിക്കുവാനുള്ള കഴിവ് മനുഷ്യര്‍ക്ക് മാത്രം ലഭിച്ചിട്ടുള്ള ഒന്നായതു കൊണ്ടു തെരഞ്ഞെടുപ്പില്‍ ഒന്നാം നിരയില്‍ തന്നെ സ്ഥാനവുമുണ്ട്. ചിരിക്കുന്ന വ്യക്തികളെ കാണാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. സ്വന്തം മുഖം ചിരിക്കുന്ന രൂപത്തില്‍ ഫോട്ടൊയില്‍ കാണാനാണ് എല്ലാവര്‍ക്കും ഇഷ്ടം. അതുകൊണ്ടാണ് ഫോട്ടൊഗ്രഫര്‍മാര്‍ ഫോട്ടൊ എടുക്കുന്ന അവസരത്തില്‍ ഒന്നു ചിരിക്കൂ അല്ലെങ്കില്‍ സ്മൈല്‍ പ്ലീസ് എന്നു പറയുന്നത്. പണ്ടു പണ്ട് രാജ സദസ്സുകളില്‍ രാജാക്കന്മാരും ചക്രവര്‍ത്തിമാരും മനസ്സിന് ഉന്മേഷം ഉണ്ടാക്കുന്നതിന് തമാശ കേള്‍ക്കാറുണ്ടായിരുന്നു. അതിനായി അവര്‍ വിദൂഷകരെ നിയമിക്കുമായിരുന്നു. മനസ്സറിഞ്ഞ് ചിരിച്ചാല്‍ ഉന്‍മേഷവും ഊര്‍ജവും ഉണ്ടാകുമെന്നാണ് ശാസ്ത്രം പറയുന്നത്.

ഗൗരവ സ്വഭാവക്കാരായ രാഷ്‌ട്രീയ നേതാക്കള്‍ സ്ഥാനാർഥികളാകുന്ന അവസരത്തില്‍ ചിരിക്കാന്‍ രഹസ്യമായി പരിശീലനം നേടാറുണ്ട് എന്നു കേട്ടിട്ടുണ്ട്. മനോഹരമായ ചിരി പോസ്റ്ററുകളിലും നോട്ടീസിലും പ്രസിദ്ധീകരിക്കുന്ന സ്ഥാനാർഥികളുടെ ഫോട്ടോകള്‍ക്ക് വേണ്ടതാണ്. അത് സാധിച്ചെടുക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത് ഡിസൈനര്‍മാരാണ്. സ്ഥാനാർഥികളുടെ മനോഹരമായ ചിരിക്കുന്ന ഫോട്ടൊ ലഭിക്കാന്‍ അവര്‍ ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നു.

സ്ഥാനാർഥികളുടെ രൂപം മനോഹരമാക്കി പോസ്റ്ററുകളില്‍ പതിപ്പിക്കുന്നതിന് അവരുടെ ചുളുക്കുമാറ്റിയ മുഖവും കറകളില്ലാത്ത പല്ലും വളരെ പ്രധാനം അര്‍ഹിക്കുന്നു. സ്ഥാനാർഥികളുടെ വെളുത്ത തുടുത്ത പല്ലുകള്‍ കാട്ടിയുള്ള ചിരിയാണ് ജനങ്ങളെ കൂടുതല്‍ ആകര്‍ഷിക്കുക. സ്ഥാനാർഥികളുടെ വ്യത്യസ്ത നിറങ്ങള്‍ മനോഹരമാക്കേണ്ടതും ഡിസൈനറുടെ പണിയാണ്. മുഖത്തെ ചുളുക്കുകള്‍ മാറ്റണം, കണ്ണുകള്‍ക്ക് തിളക്കം വരുത്തണം അങ്ങിനെ എന്തെല്ലാം. അങ്ങനെ ജനങ്ങളെ ആകര്‍ഷിക്കുന്ന തരത്തില്‍ ഫോട്ടൊകളില്‍ പണിയുമ്പോള്‍ മുഖച്ഛായയ്ക്ക് മാറ്റം വരാന്‍ പാടില്ല, സ്ഥാനാർഥിയുടെ രൂപത്തിന് കോട്ടം തട്ടാന്‍ പാടില്ല. ഡിസൈനര്‍മാര്‍ ഇതൊക്കെ തയാറാക്കുന്നത് എത്രയോ സമയം എടുത്താണ്. അവര്‍ തയാറാക്കുന്ന പരിഷ്കരിച്ച ചിത്രങ്ങള്‍ക്ക് വലിയ ചന്തം ഉണ്ട് എന്ന് സമൂഹത്തിനു തോന്നണം. അവിടെയാണ് വിജയം.

മുന്‍കാലങ്ങളില്‍ വെളുത്ത കുമ്മായം തേച്ച ചുമരുകളില്‍ നീലം കൊണ്ട് എഴുതിയിരുന്ന കാലത്ത് ചിരിക്കുന്ന മുഖത്തിന്‍റെ ആവശ്യം ഇല്ലായിരുന്നു. അന്നൊക്കെ പോസ്റ്ററുകളില്‍ ഫോട്ടൊകള്‍ ഇല്ലായിരുന്നു. പേരും ചിഹ്നവും മാത്രം. അന്നു ചിരിക്കുന്ന മുഖവുമായി വോട്ടര്‍മാര്‍ക്കിടയിലേക്കു നേരെ നടന്നു ചെന്നാല്‍ മാത്രം മതിയായിരുന്നു. ഇന്നു സ്ഥിതി മാറിയിരിക്കുന്നു. ചിരിക്കുന്ന മുഖവുമായി ഉള്ള പോസ്റ്ററുകള്‍ മാത്രമല്ല വിഡിയൊകളും ഓരോ പാര്‍ട്ടിയും തയാറാക്കേണ്ടതുണ്ട്. ആധുനിക സാങ്കേതിക വിദ്യയുടെ വളര്‍ച്ചയും സാമൂഹ്യ മാധ്യമങ്ങളുടെ ജനപ്രീതിയും ഇങ്ങനെയൊക്കെ ചെയ്യുവാന്‍ എല്ലാം മുന്നണികളെയും നിര്‍ബന്ധിതമാക്കുന്നു. സ്ഥാനാർഥികളുടെ വിഡിയൊകളുടെ ചെറിയ റീലുകള്‍ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമാണ്. ചിരിച്ചുകൊണ്ട് കൈവീശി വരുന്ന സ്ഥാനാർഥിയും പിന്നണിയില്‍ ഒരു ഹിറ്റ് ഗാനവും ആയാല്‍ റീലുകള്‍ തയാര്‍. സ്ഥാനാർഥിയുടെ നടപ്പും കൈവീശലും ചിരിയും നല്ല ഒരു അന്തരീക്ഷത്തില്‍ ചിത്രീകരിച്ചെടുക്കുന്നതിന് നല്ലൊരു സംവിധായകനും നല്ലൊരു ക്യാമറമാനും ആവശ്യമാണ്. മികച്ച ഒരു എഡിറ്റര്‍ കൂടി ഉണ്ടെങ്കില്‍ വളരെ നല്ല രീതിയില്‍ റീലുകള്‍ തയാറാക്കാം. സാമൂഹ്യ മാധ്യമങ്ങളിലൂടെ ദിവസേന ഓരോ റീലുകള്‍ വച്ച് ഇറക്കുന്ന ഓരോ മുന്നണിയും എത്രയോ മണിക്കൂറുകള്‍ ആയിരിക്കും വിഡിയൊ ഷൂട്ടിനായി സ്ഥാനാർഥിയുടെ സമയം എടുത്തിട്ടുണ്ടാവുക.

ചിരിക്കാന്‍ ആര്‍ക്കും സാധിക്കും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ജനിക്കുന്ന അവസരത്തില്‍ തന്നെ ചിരിയും കൂടെ പോന്നതാണല്ലോ. അതുകൊണ്ട് മരണം വരെ അതിനെ മനുഷ്യരില്‍ നിന്ന് വേര്‍തിരിക്കാന്‍ സാധിക്കില്ല. ചിരിപ്പിക്കുവാന്‍ സാധിക്കുക എന്നതിലാണ് കാര്യം. മനുഷ്യനെ ഏത് തരത്തിലുള്ള ശ്രമഫലമായിട്ടാണെങ്കിലും, ചിരിപ്പിക്കുക എന്നത് പ്രയാസമുള്ള കാര്യമാണ്. നവരസങ്ങളില്‍ ഏറ്റവും പ്രാധാന്യമുള്ളതും ഹാസ്യത്തിനാണ് എന്നതും ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. ഹാസ്യം സ്യഷ്ടിക്കുക എന്നത് ഏറ്റവും കഠിനമായ പ്രവര്‍ത്തിയും ആകുന്നു. ചിരിപ്പിക്കുന്നത് പല തലത്തിലാകാം. ഭാവാഭിനയത്തിലൂടെ മറ്റൊരാളെ ചിരിപ്പിക്കാം. നാടകത്തിലെയും സിനിമയിലേയും ഹാസ്യകഥാപാത്രങ്ങളും, സര്‍ക്കസ്സിലെ ജോക്കര്‍മാരും ഉദാഹരണങ്ങളാണ്. വെറും ആംഗ്യങ്ങള്‍ മാത്രം കൊണ്ട് ചിരിപ്പിക്കുകയും, ഹാസ്യരസമുള്ള സംഭാഷണങ്ങള്‍ ചേര്‍ത്തും ഇവര്‍ ചിരിപ്പിക്കുന്നു. നമുക്ക് പരിചിതമായതും, പ്രമുഖരായവരുടെയും ശബ്ദങ്ങള്‍ അതേപോലെ അനുകരിക്കുന്ന മിമിക്രി കലാകാരന്‍മാരും നമ്മളില്‍ ചിരി വിരിയിക്കും. ചിരി സദസുകളില്‍ നര്‍മ സല്ലാപങ്ങളിലൂടേയും ചിരി ഉണ്ടാകുന്നുണ്ട്.

അനവസരത്തില്‍ ചിരിക്കുന്നത് അപകടകരവുമാണ്. അത് കുലനാശം വരെ വരുത്തിവയ്ക്കുമെന്നാണ് പാഞ്ചാലിയുടെ ചിരി ഉദ്ബോധിപ്പിക്കുന്നത്. ആ കഥ ഇപ്രകാരമാണ്. മയദാനവന്‍റെ ജീവന്‍ രക്ഷിച്ച അര്‍ജുനന് പ്രത്യുപകാരമായി എന്തെങ്കിലും ചെയ്യണമെന്ന് തോന്നി. അങ്ങിനെ ക്യഷണ ഭഗവാന്‍റെ നിർദേശപ്രകാരം ദേവകളുടെ ഇടയില്‍ വിശ്വകര്‍മാവിനുള്ള സ്ഥാനമുള്ള മയന്‍ യുധിഷ്ഠിര മഹാരാജാവിന് വേണ്ടി ഒരു സഭാ മണ്ഡപം പണിത് കൊടുത്തു. അതുപോലെ മറ്റൊന്ന് ഭൂമിയില്‍ ഉണ്ടാകരുതെന്നും, അത്രയ്ക്ക് ആശ്ചര്യമായിരിക്കണം അതെന്നും ക്യഷ്ണന്‍ മയനോട് പറഞ്ഞു. അതു പ്രകാരം അയ്യായിരം അടി നീളത്തില്‍ എണ്ണായിരം രാക്ഷസന്‍മാരെ കൊണ്ട് പതിനാല് മാസം കൊണ്ടാണ് മയന്‍ സഭാ മണ്ഡപത്തിന്‍റെ പണി പൂര്‍ത്തിയാക്കിച്ചത്. നിലവും ചുമരും മേല്‍ക്കൂരയും സ്ഫടികം കൊണ്ടാണ് നിര്‍മിച്ചത്. താഴികക്കുടം തങ്കം കൊണ്ട് നിർമിച്ചു. അഴകിന് വേണ്ടി അവിടവിടെ ജലാശയങ്ങള്‍ സ്ഫടികം കൊണ്ട് നിര്‍മ്മിച്ചു. അവിടെ വെള്ളമുണ്ടെന്നത് അവിടെ വീഴുന്ന അവസരത്തിലേ മനസിലാകൂ. മയന്‍റെ ശില്‍പ്പ വൈദഗ്ധ്യത്തിന്‍റെയും പാണ്ഡവരുടെ മഹാ ഭാഗ്യത്തിന്‍റെയും മണിമന്ദിരം കാണാന്‍ രാജാക്കന്‍മാരും ജനങ്ങളും സ്വര്‍ഗത്തില്‍ നിന്ന് നാരദരും ദേവര്‍ഷികളും മറ്റും എത്തി.

ഒരിക്കല്‍ യുധിഷ്ഠിരന്‍റെ രാജ സദസില്‍ നടന്ന രാജസൂയം കഴിഞ്ഞ് ദുര്യോധനനും ശകുനിയും വിശേഷപ്പെട്ട സഭാ ഗ്യഹം നടന്ന് കാണുവാന്‍ ഇറങ്ങി. മനോഹരമായ സഭാ മണ്ഡപത്തിന്‍റെ ഉടമസ്ഥന്‍മാരോട് സന്തോഷത്തിന് പകരം ദുര്യോധനന് കണ്ണുകടിയാണ് ഉണ്ടായത്. സ്ഫടിക നിര്‍മിതമായ നിലം കണ്ട് വെള്ളമാണെന്ന് തെറ്റിദ്ധരിച്ച് ഉടുത്ത വസ്ത്രം കയറ്റി പിടിക്കുകയും, അതേ പ്രകാരം വെള്ളത്തെ സ്ഫടികമാണെന്ന് തെറ്റിദ്ധരിച്ച് നടന്നത് കൊണ്ട് വെള്ളത്തില്‍ അടിതെറ്രി വീഴുകയും ഉണ്ടായി. ഈ വീഴ്ച്ച കണ്ടാണ് പാഞ്ചാലി ചിരിച്ചത്. പാഞ്ചാലിയുടെ ചിരി പാണ്ഡവരുടെ ചിരിയായി മാറി. അത് അവിടെ സഭയില്‍ പൊട്ടി ചിരിയായി മാറി. പാണ്ഡവരുടെ പരിഹാസത്തിന് പാത്രമായ ദുര്യോധനനെ ശകുനി പഴിക്കുകയും അത് പിന്നീട് മഹാഭാരതയുദ്ധത്തിലാണു കലാശിച്ചത്. അനവസരത്തിലെ ചിരി വരുത്തിയ വിപത്ത് ഇങ്ങനെയായിരുന്നു.

ചിരി ഒരു ഔഷധം തന്നെയാണ്. ചിരി ആരോഗ്യത്തിന് മികച്ചതാണെന്നും ഒറ്റമൂലിയാണെന്നും ആരോഗ്യ ശാസ്ത്രം തന്നെ പറയുന്നുണ്ട്. മനസ്സറിഞ്ഞ് ചിരിക്കുന്നവരില്‍ രോഗങ്ങളും കുറവായി കാണുന്നു. ചിരി മനുഷ്യന്‍റെ നെഞ്ചിന് ഒരു നല്ല വ്യായാമം ആണെന്നും ശ്വാസകോശങ്ങള്‍ക്കും ഞരമ്പുകള്‍ക്കും രക്തയോട്ടത്തിലും ഗുണം ചെയ്യും എന്നും പറയുന്നു. പൊട്ടിച്ചിരിക്കുമ്പോള്‍ ശ്വാസകോശത്തിന്‍റെ മുക്കിലും മൂലയിലും ഉള്ള ദുഷിച്ച വായ പുറത്തേക്ക് തള്ളപ്പെടുകയും തല്‍സ്ഥാനത്ത് ശുദ്ധവായു കടന്നു ചെല്ലുകയും ചെയ്യുന്നു. ചിരി മെഡിക്കല്‍ സ്റ്റോറില്‍ ലഭിക്കുന്ന വസ്തു ആയിരുന്നെങ്കില്‍ ഡോക്റ്റര്‍മാര്‍ ഏറ്റവും കൂടുതല്‍ നിർദേശിക്കുന്നത് ചിരി ടാബ്‌ലറ്റോ, ചിരി സിറപ്പോ ആയിരുന്നേനെ. ചിരിയെ കുറിച്ച് ഇത്ര വിശദമായി പറയുവാന്‍ കാരണം ഡെന്മാര്‍ക്കില്‍ അടുത്ത ഒരു കട തുറന്നിരിക്കുന്നു. ഈ കടയിലേക്ക് ചെന്നാല്‍ അതിന്‍റെ ഗ്ലാസ് ഡോറുകള്‍ തുറക്കണമെങ്കില്‍ ഈ കടയുടെ മുന്നില്‍ നിന്ന് ചിരിക്കണം. ചിരിക്കുന്ന മുഖത്തോട് കൂടി വേണം കടയില്‍ കയറുവാന്‍. ചിരിക്കുകയാണെങ്കില്‍ മാത്രമേ ഈ കടയുടെ വാതിലുകള്‍ തുറക്കുകയുള്ളൂ. വളരെ രസകരമായ ഒരു വാര്‍ത്തയല്ലേ ഈ തെരഞ്ഞെടുപ്പ് കാലത്ത് ഉണ്ടായത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com