
ആലുവ: ഫോട്ടൊഗ്രഫറുടെ വീട്ടില്‍ പാമ്പ് കയറിയാല്‍, ആദ്യം ചിത്രമെടുക്കാന്‍ നോക്കുമോ, അതോ രക്ഷപെടാന്‍ ശ്രമിക്കുമോ ?. കരിയറും ജീവനും രണ്ടറ്റത്ത് നില്‍ക്കുന്ന ചോദ്യമാണ്. അതിനൊരു മറുപടി ഇഴഞ്ഞെത്തുന്നുണ്ട്, ആലുവയിലെ ഫോട്ടൊഗ്രഫറുടെ വീട്ടില്‍ നിന്നും. സംഭവം ഇങ്ങനെ.
ആലുവ പറവൂര്‍ കവലയില്‍ പ്രശാന്ത് ചന്ദ്രന്‍റെ വീട്ടില്‍ ഇന്നലെയൊരു പാമ്പിനെ കണ്ടു. നേരത്തെ പ്രാണികളുടെ മാക്രോ ഫോട്ടൊഗ്രഫിയൊക്കെ പ്രശാന്ത് പരീക്ഷിച്ചിട്ടുണ്ടെങ്കിലും, 'പാമ്പ് ഫോട്ടൊഗ്രഫി' എന്നൊരു സാധ്യതയെക്കുറിച്ചു ചിന്തിക്കാന്‍ സമയം കിട്ടുന്നതിനു മുമ്പേ പാമ്പ് ഒരു പൈപ്പിനുള്ളിലേക്ക് ഇഴഞ്ഞുകയറി. വെള്ളം ഒഴുക്കിക്കളയുന്ന അത്യാവശ്യം നീളമുള്ള പൈപ്പാണ്. 'ഇടിവെട്ടിയവനെ പാമ്പ് കടിച്ചു' എന്നൊക്കെ പറയാവുന്ന അവസ്ഥ.
അപ്പോഴേക്കും സ്നേക്ക് റെസ്‌ക്യൂവറായ ഷൈനും സ്ഥലത്തെത്തി. പൈപ്പിനുള്ളില്‍ പാമ്പിന്‍റെ പൊസിഷന്‍ എവിടെയെന്ന് ഒരു പിടിയുമില്ലാത്ത അവസ്ഥ. എങ്ങനെ പുറത്തെടുക്കണമെന്നും അറിയില്ല. വെള്ളമൊഴിച്ചും, പൈപ്പിന്‍റെ പുറത്ത് തട്ടിയുമൊക്കെ 'ഇറങ്ങി വാടാ മക്കളെ' എന്ന മട്ടില്‍ പലതും പരീക്ഷിച്ചു. 'ചത്താലും വരൂല്ലടാ' എന്ന മട്ടില്‍ പാമ്പും.
അപ്പോള്‍ പ്രശാന്തിന്‍റെയുള്ളിലെ ഫോട്ടൊഗ്രഫറുണര്‍ന്നു. 360 ഡിഗ്രി ക്യാമറ, പൈപ്പിന്‍റെ മറുവശത്തൂടെ അകത്തേക്ക് കടത്തി. ഇന്‍സ്റ്റാ 360 വണ്‍ എക്‌സ് 2 ക്യാമറയുടെ തെളിമയിലൂടെ പാമ്പിന്‍റെ പൊസിഷന്‍ കൃത്യമായി മനസിലാക്കി. പിന്നീട് മറുവശത്തൂടെ തുണി ഉപയോഗിച്ചു തള്ളിയും, പാമ്പ് ഇരിക്കുന്നയിടത്ത് കൃത്യമായി അനക്കിയുമൊക്കെ, പതുക്കെ പതുക്കെ പാമ്പിനെ പുറത്തെത്തിക്കുകയും ചെയ്തു. അത്യാവശ്യം നീളമൊക്കെയുള്ള മൂര്‍ഖനായിരുന്നു 'അതിഥി'. നാലര മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊ ടുവിലാണു മൂര്‍ഖന്‍ പാമ്പിനെ പുറത്തെടുത്തത്.നേരത്തെ മാക്രോ ഫോട്ടൊഗ്രഫിയിലൂടെ പ്രശസ്തനാണ് പ്രശാന്ത് ചന്ദ്രന്‍. എന്നാല്‍ പാമ്പുമായുള്ള ഒരു എന്‍കൗണ്ടര്‍ ഇതാദ്യം.