

അടിസ്ഥാന സൗകര്യ വികസന കുതിപ്പിനെ സോയിൽ ഇന്‍റലിജൻസ് പുനർരൂപകൽപ്പന ചെയ്യുമ്പോൾ
ഡോ. എം.എൽ. ജാട്ട്, ഡോ. എൻ.ജി. പാട്ടീൽ
അഭൂതപൂർവമായ വേഗത്തിലാണ് ഇന്ത്യ ഇന്നു റോഡ്, റെയ്ൽ, ഡിജിറ്റൽ ആശയവിനിമയ ശൃംഖലകൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതിനു ദേശീയപാതകളും റെയ്ൽപ്പാതകളും ഒപ്റ്റിക്കൽ ഫൈബർ ശൃംഖലകളും അതിവേഗം വിപുലീകരിച്ചു കൊണ്ടിരിക്കുകയാണ്. പ്രതിവർഷം ശരാശരി 4.5 ലക്ഷം റൂട്ട് കിലോമീറ്ററിലധികം ഒപ്റ്റിക്കൽ ഫൈബർ ശൃംഖല വികസിപ്പിക്കുന്നതിനൊപ്പം ഏകദേശം 11,000 കിലോമീറ്റർ ദേശീയ പാതകളുടെ നിർമാണവും 6,500 കിലോമീറ്റർ റെയ്‌ൽപ്പാതകളുടെ വൈദ്യുതീകരണവും നടക്കുന്നു. കൂടാതെ, ഓരോ വർഷവും ഏകദേശം 5,000 കിലോമീറ്റർ പുതിയ റെയ്‌ൽപ്പാതകൾ കൂടി ശൃംഖലയിലേക്ക് കൂട്ടിച്ചേർക്കപ്പെടുന്നു. രാജ്യത്തുടനീളം 2.28 ദശലക്ഷം കിലോമീറ്റർ കിലോമീറ്റർ ഡിജിറ്റൽ കണക്റ്റിവിറ്റി വിപുലീകരിക്കുന്ന ബഹുവർഷ പദ്ധതിക്കൊപ്പം പ്രതിദിനം ശരാശരി 30 കിലോമീറ്റർ ദേശീയ പാതകളും 12 മുതൽ 15 കിലോമീറ്റർ വരെ പുതിയ റെയ്‌ൽവേ പാതകളും ഇന്ത്യ നിർമിച്ചുകൊണ്ടിരിക്കുന്നു. വൻകിട സൗരോർജ പാർക്കുകളും മറ്റ് പ്രധാന അടിസ്ഥാനസൗകര്യ പദ്ധതികളും അതിവേഗം പുരോഗമിക്കുന്നു. ഈ വിപുലമായ നിർമാണ പ്രവർത്തനങ്ങളുടെ അണിയറയിൽ, കാർഷിക ശാസ്ത്രവും മണ്ണ് ഗവേഷണങ്ങളും നിശബ്ദവും നിർണായകവുമായ പങ്കുവഹിക്കുന്നുണ്ട്.
പദ്ധതികൾ നടപ്പാക്കുന്ന ഭൂമിയുടെ സ്വഭാവവും മണ്ണിന്‍റെ ഘടനയും ആഴവും ഭൂഗർഭ സാഹചര്യങ്ങളും കൃത്യമായി മനസിലാക്കാൻ ശാസ്ത്രജ്ഞരെയും എൻജിനീയർമാരെയും ഈ ഗവേഷണം സഹായിക്കുന്നു. ഇതുവഴി അടിസ്ഥാനസൗകര്യ പദ്ധതികൾ കൂടുതൽ സുരക്ഷിതമായും ശാസ്ത്രീയമായും കുറഞ്ഞ ചെലവിലും കാര്യക്ഷമമായും ആസൂത്രണം ചെയ്യാനും നടപ്പാക്കാനും ഇത് വഴിയൊരുക്കുന്നു.
വൻകിട അടിസ്ഥാനസൗകര്യ വികസന പദ്ധതികളിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനികൾക്ക് പലപ്പോഴും ഭൂമിക്കടിയിലെ മണ്ണിന്‍റെയും പാറയുടെയും ഘടനയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ലഭ്യമാകാത്തതിനാൽ, കുഴിയെടുക്കലുമായി ബന്ധപ്പെട്ട ചെലവും സാങ്കേതിക ബുദ്ധിമുട്ടുകളും മുൻകൂട്ടി കണക്കാക്കുന്നത് വലിയ വെല്ലുവിളിയാണ്. അപരിചിതമായ പ്രദേശങ്ങളിൽ, കൃത്യമായ മണ്ണ് വിവരങ്ങൾ വേഗത്തിൽ ലഭ്യമാകുന്നത് അപ്രതീക്ഷിത ചെലവുകളും നിർമാണ കാലതാമസവും ഗണ്യമായി കുറയ്ക്കാൻ സഹായിക്കും. നിർമാണത്തിനിടെ മൃദുവായ മണ്ണിലൂടെ സുഗമമായി മുന്നേറുന്ന യന്ത്രങ്ങൾക്ക് പെട്ടെന്ന് കട്ടിയുള്ള പാറകളെ നേരിടേണ്ടിവരാം. അതുപോലെ, ശരിയായ വിലയിരുത്തലില്ലാതെ ദുർബലമായ "ബ്ലാക്ക് കോട്ടൺ സോയ്‌ൽ" പ്രദേശങ്ങളിൽ നിർമിക്കുന്ന റോഡുകളിൽ പിന്നീട് വിള്ളലുകൾ ഉണ്ടാകാം. ഇത് പരിഹരിക്കുന്നതിന്, നാഗ്പുരിലെ ഐസിഎആറിലെ (ഇന്ത്യൻ കൗൺസിൽ ഒഫ് അഗ്രിക്കൾച്ചറൽ റിസർച്ച്) നാഷണൽ ബ്യൂറോ ഓഫ് സോയ‌്ൽ സർവേ ആൻഡ് ലാൻഡ് യൂസ് പ്ലാനിങ്ങിലെ (എൻബിഎസ്എസ്& എൽയുപി)ശാസ്ത്രജ്ഞർ "സോയ്‌ൽ ഇന്‍റലിജൻസ്-ബേസ്ഡ് പ്രെഡിക്റ്റീവ് എൻജിനീയറിങ്' എന്ന നൂതന സമീപനം വികസിപ്പിച്ചെടുത്തിട്ടുണ്ട്. പതിറ്റാണ്ടുകളായി ശേഖരിച്ച മണ്ണ് സംബന്ധമായ ശാസ്ത്രീയ വിവരങ്ങൾ ആധുനിക മെഷീൻ ലേണിങ് സാങ്കേതികവിദ്യയുമായി സംയോജിപ്പിച്ചാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. ഇതിലൂടെ കുഴിയെടുക്കൽ ആരംഭിക്കുന്നതിന് മുൻപ് തന്നെ ഒരു പ്രദേശത്തെ മണ്ണിന്‍റെ ഘടന, പാറയുടെ സാന്നിധ്യം തുടങ്ങിയ ഭൂഗർഭ സവിശേഷതകൾ പ്രവചിക്കാൻ കഴിയും. ഭൂമിക്കടിയിലെ അവസ്ഥ മുൻകൂട്ടി "കാണാനും' മനസിലാക്കാനും ഐസിഎആർ എൻജിനീയർമാരെ സഹായിക്കുന്നു. 'സോയ്‌ൽ ഇന്‍റലിജൻസ്-ബേസ്ഡ് പ്രെഡിക്റ്റീവ് എൻജിനീയറിങ്'. ഭൂമിക്കടിയിലെ അവസ്ഥയെക്കുറിച്ച് ഒരു 'എക്സ്റേ കാഴ്ച'അടിസ്ഥാന സൗകര്യ ആസൂത്രകർക്ക് ഐസിഎആർ നൽകുന്നു. കൃഷിയുമായി ബന്ധപ്പെട്ട വിജ്ഞാനവും ഗവേഷണവും കൃഷിയിടങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും രാജ്യത്തിന്‍റെ റോഡ്, റെയ്‌ൽ, ഊർജ, ഡിജിറ്റൽ തുടങ്ങിയ വൻകിട അടിസ്ഥാനസൗകര്യ വികസനങ്ങൾക്കുപോലും ശക്തമായ പിന്തുണ നൽകാൻ അതിനു കഴിയുമെന്നും ഈ സാങ്കേതികവിദ്യ തെളിയിക്കുന്നു.
ദ്രുതഗതിയിലും വൻ തോതിലുമുള്ള വികസനത്തിനിടയിൽ അവഗണിക്കപ്പെടാൻ സാധ്യതയുള്ള മേഖലകൾ (ബ്ലൈൻഡ് സ്പോട്ട്സ് ഒഫ് സ്പീഡ് ആൻഡ് സ്കെയ്ൽ) ഇന്ത്യ ഇന്നു റോഡ്, റെയ്‌ൽവേ, ഡിജിറ്റൽ ശൃംഖലകൾ, സൗരോർജ പദ്ധതികൾ തുടങ്ങിയ അടിസ്ഥാനസൗകര്യ മേഖലകളിൽ അഭൂതപൂർവമായ വേഗതയിലാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്. ഈ അതിവേഗ വളർച്ചയുടെ പശ്ചാത്തലത്തിൽ, പരമ്പരാഗത ആസൂത്രണ രീതികൾ പദ്ധതികളുടെ ദ്രുതഗതിയിലെ മുന്നേറ്റത്തിന് പലപ്പോഴും വെല്ലുവിളിയായി മാറുന്നു. ലഭ്യമായ കണക്കുകൾ പ്രകാരം, ഇന്ത്യയുടെ ഡിജിറ്റൽ ശൃംഖലയുടെ ആകെ ദൈർഘ്യം റൂട്ട് കിലോമീറ്റർ അടിസ്ഥാനത്തിൽ ഏകദേശം 19.35 ലക്ഷം കിലോമീറ്ററിൽ നിന്ന് 42.36 ലക്ഷം കിലോമീറ്ററിലധികമായി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മാത്രം രാജ്യത്ത് 57,125 കിലോമീറ്റർ ദേശീയ പാതകൾ നിർമിക്കപ്പെട്ടു. ഇതോടൊപ്പം, ഇന്ത്യൻ റെയ്‌ൽവേ 33,000 റൂട്ട് കിലോമീറ്ററിലധികം പാത വൈദ്യുതീകരിച്ചു; പ്രതിവർഷം ശരാശരി 6,600 കിലോമീറ്റർ എന്ന വേഗതയിലാണ് ഈ നേട്ടം കൈവരിച്ചത്. പ്രതിദിനം 15 കിലോമീറ്ററിലധികം റെയ്‌ൽപാത വൈദ്യുതീകരിച്ചതോടെ ബ്രോഡ്ഗേജ് ശൃംഖലയുടെ വൈദ്യുതീകരണം ഏകദേശം 99.6 ശതമാനത്തിലെത്തി. രാജ്യത്തെ പ്രധാന സൗരോർജ പദ്ധതിയുടെ ഭാഗമായി ഏകദേശം 39.5 ജിഗാവാട്ട് ശേഷിയുള്ള 54 മുതൽ 56 വരെ വൻകിട സൗരോർജ പാർക്കുകൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്. ഇതിന്‍റെ ഫലമായി, നൂറിലധികം പൊതു-സ്വകാര്യ പാർക്കുകളിലായി സ്ഥാപിച്ചിട്ടുള്ള ഭൂതല സൗരോർജശേഷി 122 ജിഗാവാട്ട് കടന്നിരിക്കുന്നു.
ഭൂഗർഭ ആശയവിനിമയ ലൈനുകൾ സ്ഥാപിക്കുന്നതിലും വൈദ്യുതി ടവറുകൾ നിർമിക്കുന്നതിലും വൻകിട സൗരോർജ പദ്ധതികൾ നടപ്പാക്കുന്നതിലും ഏർപ്പെട്ടിരിക്കുന്ന സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്ക് ഭൂമിയുടെയും മണ്ണിന്‍റെയും ഭൂഗർഭ ഘടനയുടെയും കൃത്യമായ വിവരങ്ങൾ നിർണായകമാണ്. എന്നാൽ, പരമ്പരാഗത മണ്ണ്-ഭൂഗർഭ സർവെകൾക്ക് വലിയ തോതിൽ സമയവും സാമ്പത്തിക വിഭവങ്ങളും ആവശ്യമാണ്. അടിസ്ഥാനസൗകര്യ പദ്ധതികൾ അതിവേഗം മുന്നേറുന്ന സാഹചര്യത്തിൽ, ഇത്തരം നിർണായക സർവെകൾ പലപ്പോഴും പരിമിതപ്പെടുത്തുകയോ പൂർണമായും ഒഴിവാക്കുകയോ ചെയ്യേണ്ടിവരുന്നു. ഇതിന്‍റെ ഫലമായി, വിശദമായ പ്രോജക്റ്റ് റിപ്പോർട്ടുകൾ കൃത്യതയില്ലാത്തതാകാനും നിർമാണച്ചെലവുകളുടെ കണക്കുകൂട്ടലുകളിൽ പിഴവുകൾ സംഭവിക്കാനും സാധ്യതയുണ്ട്. നിർമാണ ഘട്ടത്തിൽ പ്രതീക്ഷിക്കാത്ത ഭൂഗർഭ സാഹചര്യങ്ങൾ നേരിടേണ്ടിവന്നാൽ, പദ്ധതികളുടെ സമയക്രമം താളം തെറ്റുന്നതിനൊപ്പം ചെലവ് കുത്തനെ ഉയരുകയും ലേലത്തിൽ പങ്കെടുക്കുന്ന കമ്പനികൾക്ക് ഗണ്യമായ സാമ്പത്തിക നഷ്ടം നേരിടേണ്ടിവരികയും ചെയ്യാം.
കൃഷിയും അടിസ്ഥാന സൗകര്യങ്ങളും തമ്മിലെ പരസ്പരബന്ധം
ഭൂമിക്കടിയിലെ മണ്ണിന്‍റെയും ഭൂഗർഭ ഘടനയുടെയും വിവരങ്ങളുടെ ലഭ്യതക്കുറവ് പരിഹരിക്കുന്നതിനു, ഇന്ത്യയിലും മറ്റ് നിരവധി രാജ്യങ്ങളിലും പരീക്ഷിച്ച് വിജയിച്ച ഒരു നൂതന സാങ്കേതികവിദ്യയാണ് ഐസിഎആർ-എൻബിഎസ്എസ് & എൽയുപി പ്രയോജനപ്പെടുത്തുന്നത്. ഉപഗ്രഹ ചിത്രങ്ങളും മെഷീൻ ലേണിങ് സാങ്കേതികവിദ്യയും സംയോജിപ്പിച്ച്, മണ്ണിന്‍റെ ആഴം, ഭൂമിക്ക് സുരക്ഷിതമായി താങ്ങാൻ കഴിയുന്ന ഭാരം, മണ്ണിന്‍റെ സാന്ദ്രത തുടങ്ങിയ നിർണായക ഭൗമ-സാങ്കേതിക സവിശേഷതകൾ പ്രാദേശികാടിസ്ഥാനത്തിൽ പ്രവചിക്കാൻ ഈ സംവിധാനത്തിന് കഴിയും. സമയവും വലിയ സാമ്പത്തിക ചെലവും ആവശ്യമുള്ള പരമ്പരാഗത ഡ്രില്ലിങ്, മണ്ണ് പരിശോധന തുടങ്ങിയ രീതികളെ ആശ്രയിക്കാതെ തന്നെ, നിർമാണം ആരംഭിക്കുന്നതിന് മുമ്പ് ഒരു പ്രദേശത്തെ മണ്ണിന്‍റെയും ഭൂഗർഭ സാഹചര്യങ്ങളുടെയും സ്വഭാവം മനസിലാക്കാൻ ഇത് എൻജിനീയർമാരെ സഹായിക്കുന്നു.
ഉപഗ്രഹ ചിത്രങ്ങൾ, ഭൂമിയുടെ ഉയരവും ചരിവും, ശിലാഘടന, ഭൂഗർഭജലനിരപ്പ് തുടങ്ങിയ വിവിധ ഭൗമ-പാരിസ്ഥിതിക വിവരങ്ങളെ ഒരുമിച്ച് വിശകലനം ചെയ്യുന്നതിന്, പൂർണമായും ഓട്ടോമേറ്റഡ് സംവിധാനത്തിലൂടെ മെഷീൻ ലേണിങ് അധിഷ്ഠിത സാങ്കേതികവിദ്യയാണ് ഐസിഎആർ പ്രയോജനപ്പെടുത്തുന്നത്. വിവിധ സ്രോതസുകളിൽ നിന്നുള്ള വിവരങ്ങൾ സംയോജിപ്പിച്ച്, ഒരു പ്രത്യേക പ്രദേശത്തെ മണ്ണിന്‍റെ ആഴം, അതിനടിയിലെ പാളികൾ മൃദുവായതോ കട്ടിയുള്ളതോ അല്ലെങ്കിൽ ഇവയുടെ മിശ്രിതമോ ആണോ തുടങ്ങിയ മണ്ണിന്‍റെയും ഭൂഗർഭ ഘടനയുടെയും സവിശേഷതകൾ കൃത്യമായി പ്രവചിക്കാൻ ഈ സംവിധാനത്തിന് കഴിയുന്നു. നിർമാണ പ്രവർത്തനങ്ങളുടെ പ്രാഥമിക ആസൂത്രണം, വിശദമായ പ്രോജക്റ്റ് റിപ്പോർട്ടുകൾ തയാറാക്കൽ, ടെൻഡറിന് മുൻപുള്ള പദ്ധതിച്ചെലവ് കണക്കാക്കൽ തുടങ്ങിയ നിർണായക ഘട്ടങ്ങളിൽ എൻജിനീയർമാർക്ക് ഈ വിവരങ്ങൾ പ്രയോജനപ്പെടുത്താം.
പരമ്പരാഗത ഫീൽഡ് സർവെകളെ അപേക്ഷിച്ച് ഐസിഎആറിന്‍റെ ഡിജിറ്റൽ മണ്ണ്-മാപ്പിങ് സാങ്കേതികവിദ്യ വേഗതമേറിയതും ചെലവുകുറഞ്ഞതുമാണ്. ഇതിലൂടെ സമയവും ചെലവും ഏകദേശം 75 ശതമാനത്തോളം ലഭിക്കാനാകും. കേവലം മൂന്നുപേരടങ്ങുന്ന ഒരു സംഘത്തിന് പ്രതിദിനം ഏകദേശം 1,000 കിലോമീറ്റർ ദൈർഘ്യമുള്ള പാതയുടെ വിവരങ്ങൾ വിശകലനം ചെയ്യാൻ കഴിയുന്നതിനാൽ, സമയബന്ധിതമായി നടപ്പാക്കേണ്ട വൻകിട അടിസ്ഥാനസൗകര്യ പദ്ധതികളുടെ ആസൂത്രണത്തിന് ഈ സാങ്കേതികവിദ്യ ഏറെ പ്രയോജനകരമാണ്. ഇന്ത്യയിലുടനീളം 50,000 കിലോമീറ്ററിലധികം ദൂരത്തിൽ ഈ പ്രവചനരീതി പരീക്ഷിച്ചുകഴിഞ്ഞു. യഥാർഥ ഫീൽഡ് വിവരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 80 ശതമാനം പ്രവചന കൃത്യതയും (ആർ² മൂല്യങ്ങൾ സ്ഥിരമായി 0.78ന് മുകളിൽ) കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്.
ആഗോള സാന്നിധ്യവും വാണിജ്യപരമായ വിശ്വാസ്യതയും
ഉത്തരാഖണ്ഡിലെയും അസമിലെയും ഹിമാലയൻ പർവതപ്രദേശങ്ങൾ, രാജസ്ഥാനിലെ താർ മരുഭൂമി, ഡെക്കാൺ പീഠഭൂമി, സിന്ധു-ഗംഗാ സമതലങ്ങൾ തുടങ്ങി ഇന്ത്യയുടെ വൈവിധ്യമാർന്ന ഭൂപ്രകൃതികളിലുടനീളം ഈ സാങ്കേതികവിദ്യ സമഗ്രമായി പരീക്ഷിച്ച് കാര്യക്ഷമത അംഗീകരിച്ചിട്ടുണ്ട്.
വ്യത്യസ്ത ഭൂപ്രകൃതികളിൽ വിശ്വസനീയമായ ഫലങ്ങൾ നൽകാൻ കഴിയുമെന്ന് തെളിയിക്കപ്പെട്ടതോടെ, സാങ്കേതികവിദ്യയുടെ പ്രയോഗം ഇന്ത്യൻ അതിർത്തികൾക്കപ്പുറത്തേക്ക് വ്യാപിച്ചിരിക്കുകയാണ്. പ്രമുഖ സർക്കാർ, സ്വകാര്യ അടിസ്ഥാന സൗകര്യ വികസന സ്ഥാപനങ്ങൾ ഇതിനോടകം ഇന്ത്യയിലും വിദേശത്തുമായി 2,00,000 കിലോമീറ്ററിലധികം ദൈർഘ്യമുള്ള പാതകളുടെ ഭൂഗർഭ-മണ്ണ് സവിശേഷതകൾ വിലയിരുത്തുന്നതിന് ഈ സംവിധാനം പ്രയോജനപ്പെടുത്തിയിട്ടുണ്ട്.
അദാനി ട്രാൻസ്മിഷൻ, സ്റ്റെർലൈറ്റ് ടെക്നോളജീസ്, ടാറ്റ പ്രോജക്റ്റ്സ്, കെഇസി ഇന്‍റർനാഷണൽ തുടങ്ങിയ പ്രമുഖ അടിസ്ഥാനസൗകര്യ വികസന കമ്പനികൾ മണ്ണ്-മാപ്പിങ് സാങ്കേതികവിദ്യ ഇപ്പോൾ പ്രയോജനപ്പെടുത്തുന്നുണ്ട്. നൂറിലധികം രാജ്യങ്ങളിൽ വൈദ്യുതി പ്രസരണ ലൈനുകൾ നിർമിക്കുന്ന കെഇസി ഇന്‍റർനാഷണൽ പോലുള്ള ഒരു ആഗോള കമ്പനിയെ സംബന്ധിച്ചിടത്തോളം, മണ്ണിന്‍റെ തരവും ഭൂഗർഭ സാഹചര്യങ്ങളും കൃത്യമായി മനസിലാക്കുന്നത് നിർണായകമാണ്. കാരണം, പ്രസരണ ലൈനുകളുടെ അടിത്തറയുടെ രൂപകൽപ്പന, നിർമാണച്ചെലവ്, ഘടനയുടെ സുരക്ഷ എന്നിവയെല്ലാം മണ്ണിന്‍റെ സ്വഭാവവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. പദ്ധതിച്ചെലവിലുണ്ടാകുന്ന ചെറിയൊരു വർധന പോലും വലിയ സാമ്പത്തിക പ്രത്യാഘാതങ്ങൾക്ക് ഇടയാക്കാം. അതിനാൽ, പദ്ധതിച്ചെലവ് കൃത്യമായി കണക്കാക്കുന്നതിനും സാമ്പത്തിക-സാങ്കേതിക അപകടസാധ്യതകൾ കുറയ്ക്കുന്നതിനും ലാഭക്ഷമത മെച്ചപ്പെടുത്തുന്നതിനും കൃത്യവും വിശ്വസനീയവുമായ മണ്ണ് വിവരങ്ങൾ അനിവാര്യമാണ്.
യുഎഇ, സൗദി അറേബ്യ, നൈജർ, റഷ്യ, കെനിയ, മൊറോക്കോ, മോൾഡോവ, മെക്സിക്കോ, മലേഷ്യ, നേപ്പാൾ, ബംഗ്ലാദേശ്, ടുണീഷ്യ തുടങ്ങിയ വൈവിധ്യമാർന്ന ഭൗമശാസ്ത്ര സാഹചര്യങ്ങളുള്ള രാജ്യങ്ങളിലെ വൈദ്യുതി പ്രസരണ പദ്ധതികൾക്കായി കമ്പനികൾ ലേലം വിളിക്കുമ്പോൾ, മണ്ണിനെക്കുറിച്ചുള്ള കൃത്യമല്ലാത്തതോ അപൂർണമായതോ ആയ വിവരങ്ങൾ തെറ്റായ കണക്കുകൂട്ടലുകൾക്കും വലിയ സാമ്പത്തിക നഷ്ടങ്ങൾക്കും കാരണമാകാം. ഈ സാഹചര്യത്തിൽ, ഐസിഎആറിന്‍റെ പ്രവചന സാങ്കേതികവിദ്യ വേഗതമേറിയതും ചെലവുകുറഞ്ഞതുമായ ഒരു പ്രായോഗിക ബദലായി മാറുന്നു. ന്നു.
രാഷ്ട്രപുരോഗതിയുടെ ചാലകശക്തി
ഐസിഎആർ വികസിപ്പിച്ച മണ്ണുസംബന്ധമായ വിവരങ്ങളും അവയുടെ ശാസ്ത്രീയ വിശകലനവും പ്രയോജനകരമാണെന്ന് തെളിഞ്ഞതോടെ, പ്രമുഖ അടിസ്ഥാനസൗകര്യ വികസന കമ്പനികൾ സാങ്കേതികവിദ്യ വ്യാപകമായി പ്രയോജനപ്പെടുത്താൻ ആരംഭിച്ചിരിക്കുകയാണ്. ഈ നേട്ടത്തിന്‍റെ തുടർച്ചയായി, ഐസിഎആർ ശാസ്ത്രജ്ഞർ 90 മീറ്റർ റെസല്യൂഷനിൽ മണ്ണിന്‍റെ ആഴവും മണ്ണിന്‍റെ ഘടനയും വ്യക്തമാക്കുന്ന വിശദമായ ഡിജിറ്റൽ മണ്ണ് ഭൂപടങ്ങൾ തയാറാക്കിവരികയാണ്. ഭാവിയിൽ ഓരോ കർഷകന്‍റെയും ഭൂമിയുടെ സവിശേഷതകൾക്കനുസരിച്ചുള്ള മണ്ണ് വിവരങ്ങൾ ലഭ്യമാക്കുന്നതിലൂടെ, കൃഷിയുമായി ബന്ധപ്പെട്ട കൂടുതൽ കൃത്യമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ ഈ ഭൂപടങ്ങൾ സഹായിക്കും. ഇതുവഴി ഇന്ത്യയെ കൂടുതൽ കാര്യക്ഷമവും ശാസ്ത്രീയവുമായ ഡിജിറ്റൽ കൃഷിയിലേക്ക് ആനയിക്കാൻ കഴിയും.
ഇന്ത്യൻ കൗൺസിൽ ഒഫ് അഗ്രികൾച്ചറൽ റിസർച്ച് (ഐസിഎആർ) ഡയറക്റ്റർ ജനറലും കേന്ദ്ര കൃഷിമന്ത്രാലയത്തിനു കീഴിലെ, കാർഷിക ഗവേഷണ-വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുമാണ് ഡോ. എം.എൽ. ജാട്ട്. ഐസിഎആർ- നാഷണൽ ബ്യൂറോ ഒഫ് സോയ്‌ൽ സർവേ ആൻഡ് ലാൻഡ് യൂസ് പ്ലാനിങ് (എൻബിഎസ്എസ് &എൽയുപി) ഡയറക്റ്ററാണ് ഡോ. എൻ.ജി. പാട്ടീൽ.