വന്യജീവികളെ അകറ്റി നിർത്താൻ ഒരേയൊരു വഴി
ഫോട്ടോ: എൻ.എ. നസീർ

വന്യജീവികളെ അകറ്റി നിർത്താൻ ഒരേയൊരു വഴി

വനത്തിനുള്ളിലെ ഡാമുകളും റിസർവോയറുകളും സംരക്ഷിക്കുന്ന വനം വകുപ്പിനു റോയൽറ്റി ഉറപ്പാക്കുക വഴി വനത്തിലെ ജലംസംരക്ഷണത്തിനുള്ള ഫണ്ടിന്‍റെ ഒരു ഭാഗം കണ്ടെത്താനാകും.

അജയൻ

'മരങ്ങൾക്കായി കാടുകൾ നഷ്‌ടപ്പെടുത്തുന്നു' എന്നാണ് പുരാതന വിജ്ഞാനം. വർധിച്ചുവരുന്ന മനുഷ്യ-മൃഗ സംഘർഷത്തെ അഭിസംബോധന ചെയ്യാൻ കേരള സർക്കാർ നടത്തുന്ന ശ്രമങ്ങളുമായി ഇതിനെ കൂട്ടിവായിക്കാം. പരിശ്രമങ്ങൾക്കും വാഗ്ദാനങ്ങൾക്കുമിടയിൽ ഒന്നിന്‍റെ അഭാവം പ്രകടമാണ് - ശാശ്വതമായ ഒരു പരിഹാരം ലക്ഷ്യമിടുന്ന നിർണായക നടപടികളുടെ അഭാവം.

വന്യജീവികളെ അവയുടെ സ്വാഭാവിക സങ്കേതങ്ങളിൽ നിന്ന് അകറ്റാൻ പ്രേരിപ്പിക്കുന്ന പ്രാഥമിക ഘടകം വനത്തിനുള്ളിലെ ജലത്തിന്‍റെയും ഭക്ഷണത്തിന്‍റെയും അഭാവമാണ്. അധികാരികളുടെ വിദേശ പര്യടനം പോലെയോ വിനോദയാത്ര പോലെയോ അല്ല വന്യമൃഗങ്ങളുടെ പലായനം, അതിജീവനത്തിനായുള്ള പരക്കംപാച്ചിലാണത്. ഭക്ഷണത്തിന്‍റെയും വെള്ളത്തിന്‍റെയും ദൗർലഭ്യമാണ് വന്യമൃഗങ്ങളെ മനുഷ്യവാസ കേന്ദ്രങ്ങളിലേക്ക് കടക്കാൻ പ്രേരിപ്പിക്കുന്നത്. അവരുടെ വനഭവനങ്ങളിൽനിന്നു ഭിന്നമായി, അവിടെ ഭക്ഷ്യ വിഭവങ്ങളുടെ സമൃദ്ധിയുണ്ട്. കൃഷിയിടങ്ങളിലെ പഴങ്ങളുടെയും പച്ചക്കറികളുടെയും സാന്നിധ്യം ഈ മൃഗങ്ങൾക്ക് അനായാസവും പ്രലോഭനാത്മകവുമായ ഭക്ഷണ സ്രോതസുകളായി പ്രവർത്തിക്കുന്നുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

ചുരുങ്ങുന്ന വനങ്ങളുടെ അതിർത്തിയിൽ മൃഗങ്ങളെ തടയാൻ വേലി കെട്ടുക, കൂടുതൽ ജാഗ്രതയോടെ അവയുടെ ചലനങ്ങൾ നിരീക്ഷിക്കുക, അല്ലെങ്കിൽ റേഡിയോ കോളർ പോലുള്ള സാങ്കേതികതവിദ്യകളുടെ സഹായം തേടുക എന്നിങ്ങനെയുള്ള കാര്യങ്ങളാണ് നിർഭാഗ്യവശാൽ ദീർഘകാല പരിഹാരങ്ങളായി കണക്കാക്കപ്പെടുന്നത്. വനത്തിനുള്ളിൽ സമൃദ്ധമായ ഭക്ഷണവും വെള്ളവും ഉറപ്പാക്കുക എന്ന അടിസ്ഥാന ആവശ്യത്തെ ആത്മാർത്ഥമായി അഭിസംബോധന ചെയ്യാത്തിടത്തോളം ഇപ്പറഞ്ഞതൊന്നും ശാശ്വത പരിഹാരങ്ങളല്ല എന്നതാണ് വസ്തുത. ഭക്ഷണവും വെള്ളും അന്വേഷിച്ച് നഗരപ്രദേശങ്ങളിലേക്ക് കടക്കുന്ന വന്യജീവികളുടെ എണ്ണം കൂടുന്നത് അടിയന്തര നടപടികളുടെ അവശ്യകതയിലേക്കാണ് വിരൽചൂണ്ടുന്നത്. കൊല്ലാനോ മയക്കാനോ വെടിവയ്ക്കാനോ മുറവിളി കൂട്ടുന്നത് ഈ വെല്ലുവിളിക്കു മുന്നിൽ എളുപ്പത്തിലുള്ള പരിഹാരമായി തോന്നാമെങ്കിലും, വർധിച്ചുവരുന്ന പ്രതിസന്ധിക്ക് സുസ്ഥിരമായ പരിഹാരമാകുന്നില്ല.

അണക്കെട്ടുകളുടെ സമൃദ്ധി

ഫോട്ടോ: എൻ.എ. നസീർ

എൺപതിലധികം അണക്കെട്ടുകളുടെ വിശാലമായൊരു ശൃംഖലതന്നെയുണ്ട് കേരളത്തിൽ. ഇതിൽ 59 എണ്ണത്തിന്‍റെ മേൽനോട്ടം കെഎസ്ഇബിക്കും 20 എണ്ണത്തിന്‍റേത് ജലസേചന വകുപ്പിനും രണ്ടെണ്ണത്തിന്‍റേത് ജല അതോറിറ്റിക്കുമാണ്. ആലപ്പുഴ, കോട്ടയം, കാസർകോട്, മലപ്പുറം ഒഴികെയുള്ള എല്ലാ ജില്ലകളിലും അണക്കെട്ടുകളുടെ ഭാഗമായി ജലസംഭരണികൾ ഉണ്ട്. 20 എണ്ണുള്ള ഇടുക്കി തന്നെയാണ് മുന്നിൽ. പാലക്കാട്ട് പതിനഞ്ചും പത്തനംതിട്ടയിൽ പതിനൊന്നുമുണ്ട്. റിസർവ് വനങ്ങൾക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ഈ അണക്കെട്ടുകളുടെ സംരക്ഷണച്ചുമതല വനം വകുപ്പിനാണ്. വനം വകുപ്പിനു കീഴിലുള്ള സംരക്ഷിത പ്രദേശങ്ങളിൽ നിലനിൽക്കുന്നതാണെങ്കിലും ഈ അണക്കെട്ടുകൾക്ക് വനം വകുപ്പിനു റോയൽറ്റിയൊന്നും ലഭിക്കുന്നില്ല. ഓരോ അണക്കെട്ടും വ്യത്യസ്‌തമായ ഉദ്ദേശ്യങ്ങൾ നിറവേറ്റുന്നു: ചിലത് ജലവൈദ്യുതി ഉത്പാദനത്തിനും മറ്റു ചിലത് കാർഷിക ആവശ്യത്തിനുള്ള ജലസേചനത്തിനുമാണ്. സംസ്ഥാനത്തെ ജനങ്ങളുടെ ദാഹം ശമിപ്പിക്കാൻ കേരള വാട്ടർ അഥോറിറ്റി ഈ അണക്കെട്ടുകളിൽ ചിലതിനെ ആശ്രയിക്കുന്നു. പാലക്കാട്ടെ ശിരുവാണിയും ഇടുക്കിയിലെ മുല്ലപ്പെരിയാറും അയൽ സംസ്ഥാനങ്ങളുടെ ജല ആവശ്യങ്ങൾ നിറവേറ്റുന്നു.

ഈ സുപ്രധാന ജലസ്രോതസുകളുടെ സംരക്ഷണത്തിനു നല്ല പണച്ചെലവുണ്ട്. വനം സംരക്ഷിക്കുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനും പരിസ്ഥിതി പോഷണത്തിനുമെല്ലാം വനം വകുപ്പിനു കിട്ടുന്ന പണത്തിൽ നിന്നാണ് ഇതിനും മാർഗം കണ്ടെത്തേണ്ടത്. ഇങ്ങനെയൊരു പശ്ചാത്തലത്തിൽ, സംസ്ഥാന സർക്കാർ നിലവിലുള്ള സംവിധാനം പുനഃസംഘടിപ്പിക്കേണ്ടതുണ്ട്. നദികൾ ഉത്ഭവിക്കുന്ന വനപ്രദേശങ്ങളിലെ ആവാസവ്യവസ്ഥ പുനസ്ഥാപിക്കുന്നതിന്‍റെയും ജലസംരക്ഷണ ശ്രമങ്ങളുടെയും ഭാഗമായി, വനത്തിൽ സ്ഥിതി ചെയ്യുന്ന അണക്കെട്ടുകളുടെ റോയൽറ്റിക്ക് വനം വകുപ്പിന് അർഹതയുണ്ട്. വനങ്ങളുടെ മാപ്പിങ്ങും ജലസ്രോതസുകളുടെ പുനരുജ്ജീനവും മുതൽ ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള നഷ്ടപരിഹാരം നൽകാനും വിവിധ സംരക്ഷണ പ്രവർത്തനങ്ങൾ നടത്താനും വരെ ഈ തുക ഉപയോഗിക്കാം.

വനം വകുപ്പിനു കീഴിലുള്ള വിഭങ്ങളുടെ ഉത്തരവാദിത്വം മറ്റു വകുപ്പുകൾ വഹിക്കേണ്ടി വരുന്നത് തുടക്കത്തിൽ എതിർപ്പുകൾക്ക് കാരണമാകാം. എന്നിരുന്നാലും, വനങ്ങൾക്കും അതിനു പുറത്ത് താമസിക്കുന്ന മനുഷ്യർക്കും സംരക്ഷണം ആവശ്യമാണ്; അതിനാൽ, വർത്തമാനകാല സാഹചര്യം ആവശ്യപ്പെടുന്നത് ഇത്തരത്തിൽ സജീവവും സമയോചിതവുമായൊരു സമീപനമാണ്. എന്നാൽ, കുപ്രസിദ്ധമായ സെസ് പിരിവിന്‍റെ അടുത്ത ഏടായി ഇതു മാറരുതെന്നും ഉറപ്പാക്കേണ്ടതുണ്ട്.

മാപ്പിങ്ങും മാറ്റി പാർപ്പിക്കലും

സസ്യജാലങ്ങൾ, ജന്തുജാലങ്ങൾ, മണ്ണിന്‍റെ ഘടന, മാംസഭുക്കുകളും ഇരകളും തമ്മിലുള്ള സന്തുലനം എന്നിങ്ങനെ സംസ്ഥാനത്തെ വനമേഖലയുടെ സമഗ്രമായ മാപ്പിങ് ഒരു അടിയന്തിര ആവശ്യമാണ്. സാങ്കേതിക വിസ്മയങ്ങളുടെ ഈ കാലഘട്ടത്തിൽ, അത്തരമൊരു ദൗത്യം മുൻപെന്നത്തെക്കാൾ എളുപ്പത്തിൽ പൂർത്തിയാക്കാനും സാധിക്കും. റിസർവ് വനങ്ങളിൽ, പ്രത്യേകിച്ച് ആന ഇടനാഴികളിൽ താമസിക്കുന്നവരെയും, അവിടെ റിസോർട്ടുകൾ നടത്തുന്നവരെയുമൊക്കെ വനത്തിനു പുറത്തുള്ള സ്ഥലങ്ങളിലേക്കു മാറ്റുക എന്ന നിർദേശത്തിന് അധികൃതർ ചെവികൊടുക്കണം; കാരണം അത് വന്യജീവികളുടെ സ്ഥലമാണ്, മനുഷ്യരുടേതല്ല.

വൈൽഡ് ലൈഫ് ബയോളജിസ്റ്റ് സാബു ജഹാസിന്‍റെ നേതൃത്വത്തിൽ വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ നടത്തിയ വിജയകരമായ പുനരധിവാസ മാതൃകയാണ് കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ മുതിർന്ന ശാസ്ത്രജ്ഞനായിരുന്ന എസ്. ശങ്കർ ഉദാഹരിക്കുന്നത്. വയനാട്ടിലെ ആന ഇടനാഴിയിലെ നാല് ഗ്രാമങ്ങളിലെ താമസക്കാരെ മാറ്റിപ്പാർപ്പിച്ചു. ഇതിന്‍റെ ഫലമായി, ഈ പ്രദേശത്ത് സ്വാഭാവികമായി വനം വളരുകയും ആനകൾ അടക്കമുള്ള വന്യമൃഗങ്ങൾക്ക് സ്വൈരവിഹാരം നടത്തുന്നതിനുള്ള സാഹചര്യം പുനഃസൃഷ്ടിക്കപ്പെടുകയും ചെയ്തു. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ ആവശ്യം ധീരവും നിർണായകവുമായ നടപടികളാണ്. മനുഷ്യ-മൃഗ സംഘർഷവുമായി ബന്ധപ്പെട്ട പ്രശ്നത്തെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് ചിന്താഗതിയിൽ തന്നെ മാറ്റം വരുത്തണമെന്നാണ് ശങ്കർ ഊന്നിപ്പറയുന്നത്.

ചെക്ക് ഡാമുകളുടെ ആവശ്യകത

ഫോട്ടോ: എൻ.എ. നസീർ

പശ്ചിമഘട്ടത്തിൽ നിന്ന് ഉത്ഭവിക്കുന്ന കേരളത്തിലെ 44 നദികൾ രണ്ടെണ്ണം ഒഴികെയെല്ലാം അറബിക്കടലിൽ പതിക്കുകയാണ്. ഭൂപ്രദേശത്തിന്‍റെ ചെരിവ് കാരണം ഓരോ മഴയ്ക്കും ശേഷം മണിക്കൂറുകൾക്കുള്ളിൽ വെള്ളം അപ്പാടെ കടലിൽ എത്തിച്ചേരുന്നു. ഈ ജലത്തിന്‍റെ ഒരംശം മണ്ണിൽ പിടിച്ചു നിർത്തേണ്ടത് അത്യാവശ്യമാണ്. ചതുപ്പുനിലങ്ങളിലേക്കും പ്രകൃതിദത്ത ജലാശയങ്ങളിലേക്കും വനങ്ങളിൽ നിർമിക്കുന്ന ചെറിയ ചെക്ക് ഡാമുകളിലേക്കും സമൃദ്ധമായ മഴവെള്ളം തിരിച്ചുവിടണം. കാട്ടിൽ ഉചിതമായ സ്ഥലങ്ങളിൽ സ്ഥാപിക്കുന്ന ചെക്ക് ഡാമുകൾക്ക് വന്യമൃഗങ്ങളുടെ പല ജീവൽ പ്രശ്നങ്ങൾക്കും പരിഹാരമാകാൻ സാധിക്കും; കടുത്ത പരിസ്ഥിതിവാദികൾ ഇതിനോട് പൂർണമായി യോജിച്ചെന്നിരിക്കില്ലെങ്കിലും. വനങ്ങളുടെ സമഗ്രമായ മാപ്പിങ് നടത്തിയ ശേഷം, കല്ലും ചെളി പോലുള്ള പ്രകൃതി വിഭവങ്ങൾ മാത്രം ഉപയോഗിച്ച്, വെള്ളം ഒഴുകിപ്പോകുന്ന സമതലങ്ങളിൽ വേണം ചെറിയ ചെക്ക് ഡാമുകൾ സ്ഥാപിക്കാൻ.

ഈ ജലസ്രോതസുകൾ വന്യജീവികളുടെ ദാഹം ശമിപ്പിക്കുക മാത്രമല്ല, സസ്യങ്ങളുടെയും കുറ്റിച്ചെടികളുടെയും വളർച്ചയെ പരിപോഷിപ്പിക്കുകയും മൃഗങ്ങൾക്ക് അവശ്യമായ ഭക്ഷണം ഉറപ്പാക്കുകയും ചെയ്യും. മാത്രമല്ല, ഭൂഗർഭജലവിതാനം മെച്ചപ്പെടുത്തുന്നതിനും പാരിസ്ഥിതിക സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതിനും അവ സഹായിക്കും. വേനൽക്കാലത്ത് കാട്ടുതീയെ ചെറുക്കുന്നതിനും ഈ വെള്ളം വനം വകുപ്പിന് ഉപയോഗിക്കാം.

വേണ്ടത് ശാശ്വത പരിഹാരം

അഭിമുഖീകരിക്കുന്ന പ്രതിസന്ധി നേരിടാൻ സർക്കാർ യഥാർഥത്തിൽ പ്രതിജ്ഞാബദ്ധമാണോ എന്ന ചോദ്യം നിർണായകമാണ്. വനത്തിലെ ചെറിയ ജലാശയങ്ങൾ വൃത്തിയാക്കുന്നത‌ു പോലുള്ള തരികിട പരിപാടികൾ കൊണ്ട് തത്കാലത്തേക്ക് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ മാത്രമേ സാധിക്കൂ. അതിനു പകരം, ശക്തവും വ്യക്തവുമായ നടപടികളാണ് വർത്തമാനകാല സാഹചര്യം ആവശ്യപ്പെടുന്നത്. വനം വകുപ്പിന് ആവശ്യമായ പണം ലഭ്യമാകണം. അതിന് റോയൽറ്റി സംവിധാനം ഏർപ്പെടുത്തണം. ഇന്നുവരെ വന വിഭവങ്ങൾ ഇതര വകുപ്പുകൾ സൗജന്യമായി ഉപയോഗിച്ചു പോന്നിട്ടുണ്ടാവാം, അതു മറക്കണം. അതിനു പകരം ഉപരിപ്ലവമായ നടപടികൾ മാത്രമായി മുന്നോട്ടുപോകാൻ തന്നെയാണു തീരുമാനമെങ്കിൽ, വന്യജീവികൾ വനാതിർത്തി ഗ്രാമങ്ങളും കടന്ന് നഗരങ്ങളിൽ വിഹരിച്ചുതുടങ്ങുന്ന ദിവസം അത്ര വിദൂരമൊന്നുമായിരിക്കില്ല.

Trending

No stories found.

Latest News

No stories found.