മരണമറിഞ്ഞിട്ടും മക്കളെത്തിയില്ല; പിറക്കാത്ത മകൻ അമ്മയ്ക്ക് ചിതയൊരുക്കി

രണ്ടുപെൺമക്കളും ഒരു മകനുമുണ്ട് ലളിതമ്മ എന്ന എഴുപതുകാരിക്ക്. ഭർത്താവില്ലാത്ത അവർ കൂലിപ്പണി ചെയ്ത് മക്കളെ വളർത്തി വലുതാക്കി. ഏഴു വർഷം മുമ്പ് സ്വന്തം കാലിൽ നിൽക്കാറായ മക്കൾ അമ്മയെ നടതല്ലിയിറക്കി.
അജു കെ. മധു ശാന്തികവാടത്തിൽ ലളിതമ്മയ്ക്ക് അന്ത്യകർമങ്ങൾ ചെയ്യുന്നു.
അജു കെ. മധു ശാന്തികവാടത്തിൽ ലളിതമ്മയ്ക്ക് അന്ത്യകർമങ്ങൾ ചെയ്യുന്നു.
Updated on

തിരുവനന്തപുരം: അമ്മയുടെ മരണമറിഞ്ഞിട്ടും ഒരുനോക്ക് കാണുവാനോ മൃതദേഹം ഏറ്റുവാങ്ങാനോ മക്കൾ എത്തിയില്ല. ഒടുവിൽ ആ അമ്മയുടെ മൃതദേഹം ഏറ്റുവാങ്ങി അന്ത്യകർമങ്ങൾ ചെയ്യാൻ അവർക്ക് പിറക്കാത്ത ഒരു മകനെത്തി. സമൂഹമനസാക്ഷിയെ കണ്ണീരിലാഴ്ത്തിയ സംഭവം അരങ്ങേറിയത് കഴിഞ്ഞ ദിവസം.

രണ്ടുപെൺമക്കളും ഒരു മകനുമുണ്ട് ലളിതമ്മ എന്ന എഴുപതുകാരിക്ക്. ഭർത്താവില്ലാത്ത അവർ കൂലിപ്പണി ചെയ്ത് മക്കളെ വളർത്തി വലുതാക്കി. ഏഴു വർഷം മുമ്പ് സ്വന്തം കാലിൽ നിൽക്കാറായ മക്കൾ അമ്മയെ നടതല്ലിയിറക്കി. പിന്നെ അന്യന്‍റെ വീടുകളിൽ എച്ചിൽപാത്രം കഴുകിയും അടുക്കളയിലെ പുകയേറ്റുമായി ലളിതമ്മയുടെ ജീവിതം. ഒടുവിൽ വാർധക്യം സമ്മാനിച്ച രോഗങ്ങൾ കാരണം ജോലിചെയ്ത് ജീവിക്കാൻ കഴിയാതായി ലളിതമ്മയ്ക്ക്. തെരുവിലായി പിന്നെ അവരുടെ വാസം.

ഒരുവർഷം മുമ്പ് ലളിതമ്മയുടെ ദുരിതജീവിതം കണ്ടറിഞ്ഞ തെരുവിന്‍റെ മക്കളെ അന്നമൂട്ടുന്ന അജു കെ. മധു എന്ന യുവാവ് അമ്മയെ പെരുമാതുറയിലുള്ള തണൽ ഓർഫനേജിൽ എത്തിച്ചു. കഴിഞ്ഞ മാസം രോഗം മൂർച്ഛിച്ചതിനെ തുടർന്ന് തണൽ ഭാരവാഹികൾ ലളിതമ്മയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓർഫനേജുകാർ പല പ്രാവശ്യം വിവരമറിയിച്ചിട്ടും തങ്ങൾക്ക് ഇങ്ങനൊരമ്മ ഇല്ലെന്നായിരുന്നു മക്കളുടെ മറുപടി.

കഴിഞ്ഞ ദിവസം മൃതദേഹം ഏറ്റുവാങ്ങാൻ അറിയിച്ചിട്ടും അവരുടെ പ്രതികരണം അതു തന്നെയായിരുന്നു.കഠിനംകുളം പൊലീസ് ഏറ്റുവാങ്ങിയ മൃതദേഹം തണൽ ഭാരവാഹികൾക്ക് കൈമാറി. അവരിൽ നിന്ന് മകന്‍റെ സ്ഥാനത്തു നിന്ന് അജു അമ്മയെ ഏറ്റുവാങ്ങി. ശാന്തികവാടത്തിൽ ആചാരപ്രകാരമുള്ള അന്ത്യകർമങ്ങൾ അർപ്പിച്ച് സംസ്കരിച്ചു. ചൊവ്വാഴ്ച അമ്മയുടെ അസ്ഥി തിരുവല്ലം പരശുരാമ ക്ഷേത്രത്തിൽ നിമജ്ജനം ചെയ്യുമെന്ന് അജു അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com