

ദീപക്, ഷിംജിത
file photo
അഡ്വ. ചാർളി പോൾ
ബസിൽ ലൈംഗിക അതിക്രമം നടത്തിയെന്ന് ആരോപിച്ച് വടകര സ്വദേശി ഷിംജിത മുസ്തഫ സാമൂഹ്യ മാധ്യമത്തിൽ വീഡിയൊ പ്രചരിപ്പിച്ചതിനെ തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം മണൽത്താഴം ഉള്ളാട്ട് തൊടിയിൽ ദീപക് (42) ജീവനൊടുക്കിയ സംഭവം കേരളത്തെയൊന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. ഏറെ കോളിളക്കം സൃഷ്ടിച്ച ഈ കേസിൽ ഭാരതീയ ന്യായ സംഹിത 108ാം വകുപ്പ് പ്രകാരം ആത്മഹത്യ പ്രേരണാകുറ്റം ചുമത്തി ഷിംജിതയ്ക്കെതിരേ പൊലീസ് കേസെടുത്തു. അവർ ജയിലിലാണ്. കോടതി ജാമ്യം നൽകിയിട്ടില്ല.
വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ ദീപക്കിനെ കണ്ടെത്തുകയായിരുന്നു. പയ്യന്നൂരിൽ സ്വകാര്യ ബസ് യാത്രയ്ക്കിടെ ദീപക് തന്‍റെ ശരീരത്തിൽ സ്പർശിച്ചെന്നാരോപിച്ചാണ് ഷിംജിത മൊബൈലിൽ വീഡിയൊ പകർത്തി സാമൂഹ്യ മാധ്യമത്തിൽ പങ്കുവച്ചത്. രണ്ടു ദിവസം കൊണ്ട് 30 ലക്ഷത്തിലേറെ പേർ അതു കാണുകയും ഒട്ടേറെ പേർ ഷെയർ ചെയ്യുകയും ചെയ്തു. ദീപക്കിനെതിരേ വലിയ രോഷവും അവിടെ ഉയർന്നു. സാമൂഹ്യ മാധ്യമങ്ങളെ അപകടകരമായ സാധ്യതകൾക്കായി ഉപയോഗപ്പെടുത്തുന്ന സംഭവങ്ങളുടെ തുടർച്ചയാണിത്.
കണ്ടന്‍റ് ക്രിയേഷനു വേണ്ടി യുവതി ബോധപൂർവം വീഡിയൊ ചിത്രീകരിച്ച് ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിച്ചു എന്നാണ് ദീപക്കിന്‍റെ വീട്ടുകാരുടെ ആരോപണം. റീച്ചിനും ലൈക്കിനും വേണ്ടി സൃഷ്ടിക്കുന്ന ഉള്ളടക്കം മറ്റുള്ളവരുടെ ജീവിതത്തെ ബാധിക്കുന്ന സാഹചര്യം അനുദിനം വർധിക്കുകയാണ്. സാമൂഹ്യ മാധ്യമങ്ങൾ വരുമാന മാർഗം കൂടിയായതോടെ കണ്ടന്‍റ് ക്രിയേറ്റർമാർ വൈറലാകാൻ സാധ്യതയുള്ള കണ്ടന്‍റുകൾക്കായി ഏതു മാർഗവും സ്വീകരിക്കുകയാണ്.
മാന്യമായ ജീവിതം നയിക്കുന്നവരെ ഏറ്റവും മോശമായ രീതിയിൽ അപമാനിക്കുക, സ്ത്രീകൾക്കെതിരേയും മറ്റും അപകീർത്തികമായ വീഡിയൊകൾ പ്രചരിപ്പിക്കുക, ഫേക്ക് ന്യൂസുകൾ പങ്കുവയ്ക്കുക, അധിക്ഷേപം, അപമാനം, ഭീഷണി തുടങ്ങിയ മാർഗത്തിലൂടെ സൈബർ ബുള്ളിയിങ് നടത്തുക, സ്വകാര്യ ചിത്രങ്ങൾ, വിവരങ്ങൾ എന്നിവ അനുമതിയില്ലാതെ പങ്കുവയ്ക്കുക, എന്നിങ്ങനെ കൈയടിക്കും കാശിനും ക്രൂര സംതൃപ്തിക്കും വേണ്ടി സൈബർ പേക്കൂത്ത് നടത്തുകയാണ് ചിലർ. ഇത്തരം നീചർക്ക് ഓശാന പാടുന്ന വിധത്തിലാണ് ചിലരുടെ പ്രതികരണങ്ങൾ.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. യുവാവ് നേരിട്ട സാഹചര്യത്തിനും ഇതായിരുന്നില്ല പ്രതിവിധി. ആ കുടുംബത്തിന്‍റെ നഷ്ടവും വേദനയും അപരിഹാര്യമാണ്. ബസിലെ സംഭവത്തിൽ യുവാവ് നിരപരാധിയോ അപരാധിയോ എന്ന് കണ്ടെത്തേണ്ടത് പൊലീസും നീതിപീഠവുമാണ്. മുൻവിധികളല്ല. സംഭവഗതികളെ ധൈര്യസമേതം നേരിട്ട് അദ്ദേഹത്തിന് നിരപരാധിത്വം തെളിയിക്കാമായിരുന്നു. പക്ഷേ പൊതുസമൂഹത്തിനു മുന്നിൽ നാണം കെട്ടുവോ എന്ന തോന്നലിൽ ആ മനുഷ്യൻ ആത്മഹത്യ ചെയ്യുകയായിരുന്നു. ആ സമയത്തെ മാനസിക നില സ്വയം ജീവനൊടുക്കുന്നതിലേക്ക് ആ മനുഷ്യനെ നയിച്ചു കാണും. അത് സങ്കടകരവും ദൗർഭാഗ്യകരവുമായിപ്പോയി.
ബസിലും മറ്റും ഒരാൾ ലൈംഗിക അതിക്രമം കാട്ടുന്നെങ്കിൽ അത് ഉടനടി പരസ്യമായിത്തന്നെ തടയാൻ ശ്രമിക്കുകയും വീഡിയൊ ചിത്രീകരിക്കുകയും ചെയ്യുന്നത് തെറ്റല്ല. പകർത്തിയ ദൃശ്യങ്ങൾ പൊലീസിന് കൈമാറി നീതി തേടുകയാണു ചെയ്യേണ്ടിയിരുന്നത്. ഒരു ജനാധിപത്യ സമൂഹത്തിൽ നിയമ വഴി തേടുന്നതാണ് ഉചിതവും ന്യായവും. അതിനുപകരം സ്വയം ശിക്ഷ വിധിക്കാനും നടപ്പിലാക്കാനും കരുക്കൾ നീക്കുമ്പോൾ അത് സ്വയം കുരുക്കായി മാറുമെന്ന് ഓർക്കണം.
ഇത്തരം സന്ദർഭങ്ങളിൽ സാമൂഹ്യ മാധ്യമത്തെ ദുരുപയോഗിക്കാതെ തങ്ങളെ അറിയിക്കണമെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് സഹായം ആവശ്യം വരുന്ന സന്ദർഭങ്ങളിൽ സാമൂഹ്യ മാധ്യമത്തിൽ പ്രതികരിക്കാതെ 112 എന്ന എമർജൻസി നമ്പറിലേക്ക് വിളിക്കാം. പൊലീസിന്‍റെ മുന്നിലാണ് ഇത്തരം വീഡിയൊകൾ തെളിവായി സമർപ്പിക്കേണ്ടത്. എന്നാൽ ആ സാധ്യത തേടാതെ റീൽസുണ്ടാക്കി പ്രചരിപ്പിച്ചു ദുരുപയോഗിച്ചതിന്‍റെ ഫലമായിട്ടാണ് ഒരു ജീവൻ ഇവിടെ പൊലിഞ്ഞു വീണത്. ആ നഷ്ടം എങ്ങനെ, ആർക്ക് പരിഹരിക്കാൻ കഴിയും?
സോഷ്യൽ മീഡിയ പോസ്റ്റുകൾക്കു ലൈക്കും കമന്‍റും ഇമോജികളും നൽകി പ്രോത്സാഹിപ്പിക്കാൻ കുറെ സൈബർ ഫ്രണ്ട്സ് ഉണ്ടാകുമെങ്കിലും അതിന്‍റെ ഭവിഷ്യത്ത് അനുഭവിക്കാൻ മറ്റാരും ഉണ്ടാകില്ല എന്നറിയുക. ഇത്തരം മനുഷ്യത്വരഹിതമായ ഹീനമാർഗങ്ങൾ തേടുന്നവർക്ക് ഇതൊരു പാഠമായി മാറണം. അത്തരം സാഹചര്യങ്ങൾ ഇനി ഒരിക്കലും ഉണ്ടാകരുത്.
ഡിജിറ്റൽ ലോകത്ത് മനുഷ്യരുടെ ദിനചര്യകളുടെ പ്രധാന ഭാഗമായി സാമൂഹ്യ മാധ്യമങ്ങൾ മാറിയിട്ടുണ്ട്. ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം, എക്സ് ( ട്വിറ്റർ), യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്ഫോമുകൾ ആശയവിനിമയം അതിവേഗവും ലളിതവുമാക്കി മാറ്റിയിട്ടുണ്ട്. ഡിജിറ്റൽ സാക്ഷരതയിൽ രാജ്യത്തു മുന്നിലാണ് കേരളം. സാങ്കേതിക വിദ്യയുടെ കാര്യത്തിൽ നമുക്കു കൈവന്ന സൗകര്യങ്ങൾ ശരിയായ രീതിയിൽ ഉപയോഗിക്കുമ്പോഴാണ് സമൂഹത്തിന് അതു ഗുണകരമാകുന്നത്.
അതേസമയം, അവയുടെ ദുരുപയോഗം വ്യക്തിപരവും സാമൂഹികവുമായ നിരവധി പ്രശ്നങ്ങൾക്കും പ്രതിസന്ധികൾക്കും കാരണമാകും. മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിലേക്കുള്ള കടന്നുകയറ്റം, അതിരു കടക്കുന്ന പരിഹാസം, അർധ സത്യങ്ങളുടെ പ്രചരിപ്പിക്കൽ എന്നിവ വ്യക്തികളുടെ മാനസികാരോഗ്യം, കുടുംബ ബന്ധങ്ങൾ എന്നിവ ശിഥിലമാക്കുകയും സാമൂഹ്യ അംഗീകാരത്തെ നശിപ്പിക്കുകയും ചെയ്യുന്നു. മറ്റൊരാളുടെ ജീവിതം നശിപ്പിച്ചിട്ട് തേടുന്ന റീച്ച് എങ്ങനെ നേട്ടമാകും? കർമങ്ങളുടെ ഫലം അവരവർ തന്നെയാണ് അനുഭവിക്കേണ്ടി വരിക.
സാമൂഹ്യ മാധ്യമങ്ങളുടെ പ്രധാന ഗുണം വിവര വിനിമയത്തിലെ വേഗതയാണ്. ലോകത്തിന്‍റെ ഏതു കോണിലിരുന്നും നിമിഷങ്ങൾക്കുള്ളിൽ ആശയങ്ങൾ കൈമാറാൻ എന്ന് സാധിക്കും. ആരോഗ്യ- വിദ്യാഭ്യാസ- തൊഴിൽ മേഖലകൾ, സർക്കാർ പദ്ധതികൾ എന്നിവയെക്കുറിച്ച് ശരിയായ വിവരങ്ങൾ പങ്കുവയ്ക്കുവാൻ സാമൂഹ്യ മാധ്യമങ്ങൾ സഹായകരമാണ്. അടിയന്തിര സാഹചര്യങ്ങളിൽ വേഗത്തിലുള്ള സന്ദേശം വിനിമയം മാധ്യമങ്ങൾ സാധ്യമാക്കുന്നുണ്ട്.
പ്രവാസി ബന്ധങ്ങളെ സുദൃഢമാക്കാനും ദുരിതാശ്വാസ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാനും മറ്റും സാമൂഹ്യ മാധ്യമങ്ങൾ സഹായകരമാണ്. വിദ്യാഭ്യാസ രംഗത്ത് സാമൂഹ്യ മാധ്യമങ്ങൾ വലിയ സ്വാധീനം സൃഷ്ടിച്ചിട്ടുണ്ട്. ഓൺലൈൻ ക്ലാസുകൾ, വെബിനാറുകൾ, പഠന വീഡിയൊകൾ എന്നിവ വഴി വിദ്യാർഥികൾക്ക് പുതിയ അറിവുകൾ നേടാൻ അവസരം ലഭിക്കുന്നു. ആരോഗ്യ ബോധവത്കരണത്തിനും സാമൂഹ്യ പ്രശ്നങ്ങളെ മനസിലാക്കാനും ഈ മാധ്യമങ്ങൾ സഹായകരമാണ്. കൂടാതെ തൊഴിൽ സംരംഭങ്ങൾ കണ്ടെത്താനും ചെറു സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കാനും സാമൂഹ്യ മാധ്യമങ്ങൾ ഒരു പ്രധാന വേദിയായി മാറിയിട്ടുമുണ്ട്.
സാമൂഹ്യ മാധ്യമങ്ങളുടെ അനിയന്ത്രിതമായ ഉപയോഗം കുട്ടികളിൽ ഗുരുതര പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട് എന്നതു മറ്റൊരു വലിയ പ്രശ്നമാണ്. കുട്ടികളിലെ മൊബൈൽ ഫോൺ ദുരുപയോഗം പഠനത്തെയും ശാരീരിക- മാനസിക ആരോഗ്യത്തെയും സാരമായി ബാധിച്ചുതുടങ്ങിയതിനാൽ അതിന്‍റെ ഉപയോഗത്തിനു പല രാജ്യങ്ങളും നിയന്ത്രണവും പ്രായപരിധിയും ഏർപ്പെടുത്തിവരുന്നു. ഇതൊരു ആസക്തിയായി മാറുന്നതിനാൽ അവയെക്കുറിച്ചുള്ള സാമൂഹ്യ അവബോധ സെമിനാറുകൾ പല ഏജൻസികളും നടത്തുന്നുണ്ട്. ഗെയിമുകൾ, സാമൂഹ്യ മാധ്യമങ്ങൾ തുടങ്ങിയവയ്ക്ക് കുട്ടികൾ അടിമകളാകുന്നതോടെ അവർക്കുണ്ടാകുന്ന വൈകാരിക വെല്ലുവിളികളെക്കുറിച്ച് ബോധവത്കരണത്തിന് ബംഗളൂരു നിംഹാൻസ് വിവിധ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട് (nimhans.wellbeing@gmail.com).
വ്യാജ വാർത്തകൾ, തെറ്റായ വിവരങ്ങൾ എന്നിവ വേഗത്തിൽ പ്രചരിക്കുന്നത് ഇന്നൊരു പ്രധാന വെല്ലുവിളിയാണ്. ഇതുവഴി സമൂഹത്തിൽ ഭയം, വിദ്വേഷം, സംഘർഷങ്ങൾ എന്നിവയുണ്ടാകും. സൈബർ കുറ്റകൃത്യങ്ങൾ, ഓൺലൈൻ തട്ടിപ്പുകൾ, അക്കൗണ്ട് ഹാക്കിങ്, ഡാറ്റ ദുരുപയോഗം എന്നിവയും വർധിച്ചുവരുന്നു. എത്രയെത്ര പേർക്കാണ് പണം നഷ്ടപ്പെടുന്നത്. കുട്ടികളും യുവാക്കളും സൈബർ ബുള്ളിയിങ്ങിന് ഇരകളാകുന്നത് ഗുരുതര മാനസിക പ്രശ്നങ്ങൾക്കും ചിലപ്പോൾ ആത്മഹത്യ പോലുള്ള ദുരന്തങ്ങൾക്കും കാരണമാകുന്നു. സാമൂഹ്യ മാധ്യമങ്ങളോടുള്ള അമിത ആശ്രയം സമയനഷ്ടത്തിനും പഠനത്തിലും ജോലിയിലും ഉള്ള ശ്രദ്ധക്കുറവിനും കാരണമാകുന്നുണ്ട്. കുടുംബബന്ധങ്ങൾ ദുർബലമാകുകയും സാമൂഹ്യ ഇടപെടലുകൾ കുറയുകയും ചെയ്യുന്ന സാഹചര്യവും ഇന്ന് കാണപ്പെടുന്നു.
സാമൂഹ്യ മാധ്യമങ്ങൾ ഉത്തരവാദിത്വപരമായി ഉപയോഗിക്കേണ്ടത് അനിവാര്യമാണ്. പങ്കുവയ്ക്കുന്നതിനു മുമ്പ് വിവരങ്ങളുടെ വിശ്വാസത ഉറപ്പാക്കണം. സ്വകാര്യതാ ക്രമീകരണങ്ങൾ ശ്രദ്ധിക്കുകയും വ്യക്തിഗത വിവരങ്ങൾ പരമാവധി പരിമിതപ്പെടുത്തുകയും വേണം. കുട്ടികളുടെ സാമൂഹ്യ മാധ്യമ ഉപയോഗം മാതാപിതാക്കളുടെയും അധ്യാപകരുടേയും മേൽനോട്ടത്തിലാകണം. സ്വയം നിയന്ത്രണത്തിന് എല്ലാവരും തയാറാകണം. സൈബർ നിയമങ്ങളെ കുറിച്ചുള്ള അവബോധവും ആർജിച്ചെടുക്കണം. ശരിതെറ്റുകളെ വിവേചിച്ചറിയണം.
സാമൂഹ്യ മാധ്യമങ്ങൾ മനുഷ്യരെ ബന്ധിപ്പിക്കുന്ന ശക്തമായ ഉപകരണങ്ങളാണ്. അവയെ ശരിയായ രീതിയിൽ ഉപയോഗിക്കുമ്പോൾ സാമൂഹ്യ വികസനത്തിന് അത് വലിയ തോതിൽ സഹായകമാകും. എന്നാൽ ദുരുപയോഗം സാമൂഹ്യ സമാധാനത്തെയും വ്യക്തികളുടെ മാനസികാരോഗ്യത്തെയും ബാധിക്കുന്നതിനാൽ ജാഗ്രതയും ഉത്തരവാദിത്വവും പുലർത്തുവാൻ ഓരോരുത്തരും തയ്യാറാകണം. സാമൂഹ്യവിരുദ്ധമാകരുത് സമൂഹ മാധ്യമ ഉപയോഗം. സാമൂഹിക മാധ്യമങ്ങളുടെ ശുഭസാധ്യതകളെ അശുഭമാക്കാതിരിക്കാനും ശ്രമിക്കണം.
(അഭിഭാഷകനും ട്രെയ്നറും മെന്‍ററുമായ ലേഖകൻ കേന്ദ്ര, സംസ്ഥന സർക്കാരുകളിലെ വിവിധ വകുപ്പുകളുടെ പരിശീലകനാണ്. 8075789768)