
നൊബേല്‍ സമ്മാനങ്ങള്‍ ഉണ്ടാകുന്നത്
വിജയ് ചൗക്ക് | സുധീര്‍ നാഥ്
രസതന്ത്രം, ഭൗതികശാസ്ത്രം, സാഹിത്യം, സമാധാനം, വൈദ്യശാസ്ത്രം എന്നീ മേഖലകളില്‍ മികച്ച സംഭാവനകള്‍ നല്‍കുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കും വര്‍ഷം തോറും സ്വീഡിഷ് അക്കാഡമി നല്‍കുന്ന പുരസ്കാരമാണ് നൊബേല്‍ സമ്മാനം. ഇത്തവണ അമെരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിക്കാന്‍ പരസ്യമായ ശ്രമം നടത്തി. പല രാജ്യങ്ങളോടും അദ്ദേഹം അഭ്യർഥിച്ചു. ഇന്ത്യയും പാക്കിസ്ഥാനുമായുള്ള യുദ്ധം അവസാനിപ്പിച്ചത് താനാണെന്ന് പച്ചക്കള്ളം പരസ്യമായി പറഞ്ഞു. ഇന്ത്യയുടെ പിന്തുണ പരസ്യമായി ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല.
കഴിഞ്ഞദിവസം സമാധാന നൊബേല്‍ പ്രഖ്യാപിച്ചപ്പോള്‍ ട്രംപ് ഔട്ട്. ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ വെനിസ്വേലയിലെ പ്രതിപക്ഷ നേതാവും ജനാധിപത്യ പ്രവര്‍ത്തകയുമായ മരിയ കൊറീന മചാഡോയ്ക്ക്. വെനിസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവരുടെ അക്ഷീണ പ്രയത്നത്തിനും സ്വേച്ഛാധിപത്യത്തില്‍ നിന്ന് ജനാധിപത്യത്തിലേക്ക് നീതിയുക്തവും സമാധാനപരവുമായ ഒരു മാറ്റം കൈവരിക്കുന്നതിനുള്ള പോരാട്ടത്തിനുമാണ് അവര്‍ക്ക് സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം നല്‍കുന്നത് എന്നാണ് കമ്മറ്റി അഭിപ്രായപ്പെട്ടത്. യുഎസ് പ്രസിഡന്‍റ് വിചിരിച്ചാല്‍ പോലും ലഭിക്കാത്ത ഒന്നാണ് നൊബേല്‍ പുരസ്ക്കാരമെന്ന് കാലം പറഞ്ഞുകൊണ്ടിരിക്കും.
നൊബേല്‍ സമ്മാനത്തിന്‍റെ തീരുമാനങ്ങള്‍ എടുക്കുന്നത് വ്യത്യസ്ത സംഘടനകളുടെ ഉത്തരവാദിത്തമാണ്. റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസ് ഭൗതികശാസ്ത്രം, രസതന്ത്രം, സാമ്പത്തിക ശാസ്ത്രം എന്നിവയ്ക്കുള്ള നൊബേല്‍ ജേതാവിനെ കണ്ടെത്തി സമ്മാനം നല്‍കുന്നു. സ്വീഡിഷ് അക്കാദമിയാണ് സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം തീരുമാനിക്കുന്നതും നല്‍കുന്നതും. കരോലിന്‍സ്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഫിസിയോളജി വൈദ്യശാസ്ത്രം രംഗത്തുള്ള നൊബേല്‍ നല്‍കുന്നു. നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റിയാണ് സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവിനെ തീരുമാനിക്കുന്നതും സമ്മാനം നല്‍കുന്നതും.
ആരാണ് നൊബേല്‍ സമ്മാനം ഏര്‍പ്പെടുത്തിയത് എന്ന കൗതുകം സ്വാഭാവികം. വിവിധ മേഖലകളിലെ ഏറ്റവും ഉന്നത പുരസ്കാരം എന്നു വിശേഷിപ്പിക്കപ്പെടുന്ന നൊബേല്‍ സമ്മാനത്തിന്‍റെ ഉപജ്ഞാതാവാണ് ആല്‍ഫ്രഡ് നൊബേല്‍ എന്ന സ്വീഡിഷ് ശാസ്ത്രജ്ഞന്‍. ഡൈനാമിറ്റ് എന്ന സ്ഫോടകവസ്തു കണ്ടുപിടിച്ച അദ്ദേഹം പ്രശസ്തനായ രസതന്ത്രജ്ഞനും എൻജിനീയറും കൂടിയാണ്. ബോഫോഴ്സ് എന്ന ആയുധ നിർമാണ കമ്പനിയുടെ ഉടമസ്ഥനായിരുന്നു. ഉരുക്ക് നിർമാണ കമ്പനിയായിരുന്ന ബോഫോഴ്സിനെ ആയുധ നിര്‍മ്മാണ മേഖലയിലേക്ക് തിരിച്ചത് ആല്‍ഫ്രഡ് നൊബേല്‍ ആയിരുന്നു.
നൈട്രോഗ്ലിസറിന്‍ എന്ന സ്ഫോടക വസ്തുവിനെ ഒരുതരം കളിമണ്ണു ചേര്‍ത്ത് കൂടുതല്‍ സൗകര്യപ്രദമായും സുരക്ഷിതമായും കൈകാര്യം ചെയ്യാവുന്ന പാകത്തിലാക്കാമെന്ന് ആല്‍ഫ്രഡ് നൊബേല്‍ കണ്ടുപിടിച്ചു. 1867ല്‍ ഈ മിശ്രിതത്തിന് ഡൈനാമൈറ്റ് എന്ന പേരു നല്കി പേറ്റന്‍റ് എടുക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് ജെലാറ്റിനുമായി കൂട്ടിക്കലര്‍ത്തി ജെലിഗ്നൈറ്റ് എന്ന സ്ഫോടക മിശ്രിതത്തിനും രൂപം നല്കി. ഈ സ്ഫോടക മിശ്രിതങ്ങള്‍ ഖനനത്തിനും പാറ പൊട്ടിക്കുന്നതിനും മാത്രമല്ല പ്രയോജനപ്പെട്ടത്, യുദ്ധങ്ങളില്‍ ഏറ്റവും മാരകമായ ആയുധമായും ഇവ ഉപയോഗിക്കപ്പെട്ടു. ഈ സ്ഫോടക മിശ്രിതങ്ങളുടെ പരക്കേയുളള ഉപയോഗം അതിന്‍റെ കുത്തകാവകാശിയായ നൊബേലിന് ഏറെ ധനം നേടിക്കൊടുത്തു.
1895 നവംബര്‍ 27ന് അദ്ദേഹം തന്‍റെ വില്‍പത്രത്തില്‍ സ്വത്തിന്‍റെ കുറെ ഭാഗങ്ങള്‍ സ്വജനങ്ങള്‍ക്ക് എഴുതിവച്ചതിനു ശേഷം, ബാക്കി ഭാഗം ഭൗതിക ശാസ്ത്രം, രസതന്ത്രം, വൈദ്യശാസ്ത്രം, സാഹിത്യം, സമാധാന പ്രവര്‍ത്തനങ്ങള്‍ എന്നീ മേഖലകളില്‍ ലോക ക്ഷേമത്തിന്നായി മികച്ച സംഭാവനകള്‍ നല്‍കിയവര്‍ക്കുള്ള വാര്‍ഷിക പുരസ്കാരത്തിനു നീക്കിവച്ചു. അതിന് തക്കതായ കാരണവുമുണ്ട്. പരീക്ഷണങ്ങളുടേയും, വേദനയുടെയും, വിജയത്തിനായുള്ള അടങ്ങാത്ത ദാഹത്തിന്‍റെയും ജീവിച്ചിരുന്ന ഇതിഹാസമായിരുന്നു ആല്‍ഫ്രഡ് നൊബേല്‍. പക്ഷേ, സന്തോഷ നാളുകള്‍ അധികം നീണ്ടുനിന്നില്ല. തന്‍റെ മഹത്തായ കണ്ടുപിടിത്തം സൈനിക മേഖലയിലും രാഷട്രാന്തര കുടിപ്പകയിലും ഉപയോഗിക്കപ്പെട്ട് മനുഷ്യശരീരം ചിതറിപോകുന്ന ദാരുണ ചിത്രങ്ങള്‍ കണ്ട് അദ്ദേഹത്തിന്‍റെ മനസ് വേദനിച്ചു. തന്‍റെ കണ്ടുപിടിത്തം ഒരു ജനതയുടെ നാശം സൃഷ്ടിക്കുന്നത് കണ്ട് അദ്ദേഹം അവസാന കാലങ്ങളില്‍ ഋഷിതുല്യമായ ജീവിതമാണ് നയിച്ചത്.
തന്‍റെ വില്‍പ്പത്രത്തില്‍ അദ്ദേഹം അവസാന ഭാഗത്തില്‍ ഇങ്ങനെ എഴുതിയിരുന്നു. ""എന്‍റെ ആഗ്രഹം ഞാന്‍ പ്രകടിപ്പിക്കുന്നതെന്തെന്നാല്‍, പുരസ്കാരങ്ങള്‍ സമ്മാനിക്കുന്നതില്‍ സമ്മാനാർഥി ഏത് രാജ്യക്കാരനാണ് എന്ന കാര്യത്തില്‍ യാതൊരു പരിഗണനയും നല്‍കരുത്. പക്ഷെ ഏറ്റവും അര്‍ഹതപ്പെട്ടവര്‍ക്ക് തന്നെ പുരസ്കാരം ലഭിക്കണം. അത് സ്കാന്‍ഡിനേവിയക്കാരനായാലും ശരി, അല്ലെങ്കിലും ശരി...''
സമ്മാനത്തുക സ്വീഡിഷ് ജനതക്ക് മാത്രം പരിമിതപ്പെടുത്തിയില്ല എന്നതിനാൽ രാജ്യസ്നേഹമില്ലാത്തവന്‍ എന്ന വിമര്‍ശനം വരെ അവിടെ ഉണ്ടായി. 1896ല്‍ അദ്ദേഹത്തിന്‍റെ മരണ ശേഷമാണ് ഈ സമ്മാനത്തുകയെക്കുറിച്ച് പുറംലോകം അറിയുന്നത്. പക്ഷെ, വൻ സമ്പത്തിനുടമയായിരുന്ന അവിവാഹിതനായ നൊബേലിന്‍റെ സ്വത്തുവകകളുടെ വലിയൊരു ഭാഗം ഇത്തരമൊരു സമ്മാനത്തുകയ്ക്ക് വേണ്ടി ഉപയോഗിക്കുന്നതിനെ അദ്ദേഹത്തിന്‍റെ കുടുംബക്കാര്‍ ശക്തമായി എതിര്‍ത്തിരുന്നു. ഈ എതിര്‍പ്പും തുടര്‍ന്നുണ്ടായ പ്രശ്നങ്ങളും കാരണം നൊബേല്‍ സമ്മാനം നടപ്പിലാക്കുന്നതിന് താമസം ഉണ്ടായി. 1896 ഡിസംബര്‍ 10ന് ആല്‍ഫ്രഡ് നൊബേല്‍ അന്തരിച്ചെങ്കിലും 1901ലാണ് ആദ്യമായി പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടത്.
ആറ് നൊബേല്‍ സമ്മാന ജേതാക്കളെ അവരുടെ സര്‍ക്കാരുകള്‍ നൊബേല്‍ സമ്മാനം സ്വീകരിക്കാന്‍ അനുവദിച്ചില്ല. റിച്ചാര്‍ഡ് കുന്‍ (രസതന്ത്രം, 1938), അഡോള്‍ഫ് ബ്യൂട്ടനാന്‍റ് (രസതന്ത്രം, 1939), ഗെര്‍ഹാര്‍ഡ് ഡൊമാഗ് (വൈദ്യശാസ്ത്രം, 1939), കാള്‍ വോണ്‍ ഒസിയറ്റ്സ്കി (സമാധാനം, 1936) എന്നീ നാല് ജര്‍മന്‍കാരെ അഡോള്‍ഫ് ഹിറ്റ്ലര്‍ വിലക്കി. ലിയു സിയാബോയ്ക്ക് നൊബേല്‍ സമ്മാനം സ്വീകരിക്കുന്നതില്‍ നിന്ന് ചൈനീസ് സര്‍ക്കാര്‍ വിലക്കി (സമാധാനം, 2010). സോവിയറ്റ് യൂണിയന്‍ സര്‍ക്കാര്‍ ബോറിസ് പാസ്റ്റെര്‍നാക്കിനെ (സാഹിത്യം, 1958) അദ്ദേഹത്തിന്‍റെ അവാര്‍ഡ് നിരസിക്കാന്‍ സമ്മര്‍ദം ചെലുത്തി. ലിയു സിയാബോ, കാള്‍ വോണ്‍ ഒസീറ്റ്സ്കി, ഓങ് സാന്‍ സൂകി എന്നിവര്‍ക്കെല്ലാം ജയിലിലോ തടങ്കലിലോ ആയിരിക്കുമ്പോള്‍ നൊബേല്‍ സമ്മാനം ലഭിച്ചു. രണ്ട് നൊബേല്‍ സമ്മാന ജേതാക്കളായ ജീന്‍-പോള്‍ സാര്‍ത്ര് (സാഹിത്യം, 1964), ലെ ഇ ഡുക്ക് തോ (സമാധാനം, 1973) എന്നിവര്‍ സമ്മാനം നിരസിച്ചു. എല്ലാ ഔദ്യോഗിക ബഹുമതികളും നിരസിച്ചതിനാലാണ് സാര്‍ത്രെ സമ്മാനം നിരസിച്ചത്. അക്കാലത്ത് വിയറ്റ്നാമില്‍ ഉണ്ടായിരുന്ന രാഷ്‌ട്രീയ സാഹചര്യം കാരണമാണ് തോ സമ്മാനം നിരസിച്ചത്.
ഏഴുപേര്‍ ഒന്നിലധികം തവണ നൊബേല്‍ സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. അവരില്‍, ഇന്‍റര്‍നാഷണല്‍ കമ്മിറ്റി ഓഫ് റെഡ് ക്രോസ് മൂന്ന് തവണ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിയിട്ടുണ്ട്. യുഎന്‍എച്ച്സിആര്‍ രണ്ട് തവണ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിയിട്ടുണ്ട്. ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ജോണ്‍ ബാര്‍ഡീന് രണ്ടുതവണ ലഭിച്ചു. അതുപോലെ ഫ്രെഡറിക് സാങ്കറിനും കാള്‍ ബാരി ഷാര്‍പ്ലെസിനും രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചു. രണ്ട് സമ്മാന ജേതാക്കള്‍ക്ക് രണ്ടുതവണ നൊബേല്‍ സമ്മാനം ലഭിച്ചിട്ടുണ്ട്. പക്ഷേ ഒരേ മേഖലയിലല്ല എന്നത് ശ്രദ്ധേയമാണ്. മേരി ക്യൂറിക്കും (ഭൗതികശാസ്ത്രവും, രസതന്ത്രവും), ലിനസ് പോളിങ്ങിനും (രസതന്ത്രവും, സമാധാനവും) നൊബേല്‍ സമ്മാനം രണ്ട് തവണയാണ് ലഭിച്ചത്. 892 നൊബേല്‍ സമ്മാന ജേതാക്കളില്‍ 48 പേര്‍ സ്ത്രീകളാണ്. നൊബേല്‍ സമ്മാനം ലഭിച്ച ആദ്യ വനിത 1903ല്‍ ഭൗതിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ച മേരി ക്യൂറിയാണ്. രണ്ട് നൊബേല്‍ സമ്മാനങ്ങള്‍ ലഭിച്ച ആദ്യ വ്യക്തിയും അവരാണ്. രണ്ടാമത്തെ സമ്മാനം 1911ല്‍ നല്‍കിയ രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനമാണ്.
നൊബേല്‍ സമ്മാനം നേടിയ ഇന്ത്യക്കാര്‍ ഒരു ഡസനിലേറെയാണ്. 1902ല്‍ ഇന്ത്യയിലേയ്ക്ക് ആദ്യമായി നൊബേല്‍ സമ്മാനം എത്തിയത് ബ്രിട്ടീഷുകാരനായ മെഡിക്കല്‍ ഡോക്റ്റര്‍ റൊണാള്‍ഡ് റോസിലൂടെയാണ്. വൈദ്യശാസ്ത്രത്തിലായിരുന്നു അദ്ദേഹത്തിന് നൊബേല്‍ സമ്മാനം ലഭിച്ചത്. ബ്രിട്ടീഷ് വംശജനാണെങ്കിലും, ബ്രിട്ടീഷ് ഇന്ത്യയിലെ അല്‍മോറയിലാണ് ജനിച്ചതും ജീവിച്ചതും പ്രവര്‍ത്തിച്ചതും. മലേറിയ ശരീരത്തില്‍ എങ്ങനെ പ്രവേശിക്കുന്നുവെന്ന് കാണിച്ചുതരികയും അതുവഴി ഈ രോഗത്തെക്കുറിച്ചും അതിനെ ചെറുക്കുന്നതിനുള്ള രീതികളെക്കുറിച്ചും വിജയകരമായ ഗവേഷണത്തിന് അടിത്തറയിടുകയും ചെയ്തതിനെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനത്തിനാണ് നൊബേല്‍ സമ്മാനം ലഭിച്ചത്.
1907ല്‍ റുഡ്യാര്‍ഡ് കിപ്ലിങ് എന്ന ബ്രിട്ടീഷ് വംശജനായ സാഹിത്യകാരനാണ് ഇന്ത്യയിലേയ്ക്ക് നൊബേല്‍ സമ്മാനം എത്തിച്ചത്. പതിനാലാമത്തെ ദലൈലാമയ്ക്ക് 1989ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചു. 2001ല്‍ സാഹത്യത്തില്‍ നൊബേല്‍ സമ്മാനം ലഭിച്ചത് വി.എസ്. നൈപോളിനാണ്. ഇന്ത്യന്‍ ബന്ധങ്ങളുള്ള നൊബേല്‍ സമ്മാന ജേതാക്കളാണ് ഇവരൊക്കെ.
ഇന്ത്യക്കാരല്ലെങ്കിലും, ബ്രിട്ടീഷ് ഇന്ത്യയില്‍ ജനിച്ച നൊബേല്‍ സമ്മാന ജേതാക്കളോ ഇന്ത്യന്‍ വംശജരായ എന്നാല്‍ പിന്നീട് ഇന്ത്യന്‍ പൗരന്മാരല്ലാത്തവരോ ആണ് ചിലര്‍. എന്നിരുന്നാലും, അവരെ ഇപ്പോഴും ഇന്ത്യന്‍ നൊബേല്‍ സമ്മാന ജേതാക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താറുണ്ട്. ഡോ. ഹരഗോവിന്ദ് ഖൊറാന 1968ല്‍ വൈദ്യശാസ്ത്രത്തില്‍ നൊബേല്‍ സമ്മാനം കരസ്ഥമാക്കി. സുബ്രഹ്മണ്യന്‍ ചന്ദ്രശേഖര്‍ 1983ല്‍ ഭൗതികശാസ്ത്രത്തില്‍ നൊബേല്‍ സമ്മാനം കരസ്ഥമാക്കി. വെങ്കിട്ടരാമന്‍ രാമകൃഷ്ണന്‍ 2009ല്‍ രസതന്ത്രത്തിലും അഭിജിത് ബാനര്‍ജി 2019ല്‍ സാമ്പത്തിക ശാസ്ത്രത്തിലും നൊബേല്‍ കരസ്ഥമാക്കി.
1913ല്‍ സാഹിത്യത്തില്‍ നൊബേല്‍ സമ്മാനം കരസ്ഥമാക്കിയത് മഹാകവി രവീന്ദ്രനാഥ ടാഗോറാണ്. 1930ല്‍ സി.വി. രാമന് ഭൗതികശാസ്ത്രത്തില്‍ നൊബേല്‍ ലഭിച്ചു. 1979ല്‍ സമാധാനത്തിന് മദര്‍ തെരേസ, 1998ല്‍ സാമ്പത്തിക ശാസ്ത്രത്തില്‍ അമര്‍ത്യാ സെൻ, 2014ല്‍ സമാധാനത്തിന് കൈലാഷ് സത്യാർഥി എന്നിവർക്കു നൊബേല്‍ സമ്മാനം ലഭിച്ചു.
50 വര്‍ഷമാണ് നൊബേല്‍ സമ്മാനത്തിന് പരിഗണിച്ചവരുടെ പേരുകള്‍ രഹസ്യമായി വയ്ക്കുക. നോമിനികളുടെ പേരുകള്‍ കമ്മിറ്റി മാധ്യമങ്ങളെയോ സ്ഥാനാർഥികളെയോ അറിയിക്കുന്നില്ല. എല്ലാ വര്‍ഷവും നൊബേല്‍ അവാര്‍ഡ് പ്രവചനങ്ങള്‍ നടക്കാറുണ്ട്. ഇത് ഒന്നുകില്‍ ഊഹാപോഹമോ, നാമനിര്‍ദേശം സമര്‍പ്പിച്ച വ്യക്തിയില്‍ നിന്നോ ആളുകളില്‍ നിന്നോ ഉള്ളിലുള്ള വിവരങ്ങളോ ആണ്. 50 വര്‍ഷത്തിനുശേഷം, നൊബേല്‍ കമ്മിറ്റി പരിപാലിക്കുന്ന നോമിനേഷനുകളുടെ ഡാറ്റാ ബേസ് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കം എന്നാണ് ഫൗണ്ടേഷന്‍റെ നിയമം. അതായത്, 2025ല്‍ അമെരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ പേര് ഇക്കുറി പരിഗണിച്ചിരുന്നോ എന്നറിയാന്‍ 2075 വരെ കാത്തിരിക്കണം.