വികസിത ഇന്ത്യയുടെ വളർച്ചാ യന്ത്രമായി വസ്ത്ര വ്യാപാര മേഖല

ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായും അതിവേഗം വളരുന്ന പ്രമുഖ സമ്പദ്‌വ്യവസ്ഥയായും ഇന്ത്യ ഇന്നു നിലകൊള്ളുന്നു
special article by minister Giriraj Singh

വികസിത ഇന്ത്യയുടെ വളർച്ചാ യന്ത്രമായി വസ്ത്ര വ്യാപാര മേഖല

Updated on

ഗിരിരാജ് സിങ്

കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രി

ആഗോളതലത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിലും ആത്മവിശ്വാസം, ദൃഢനിശ്ചയം, വ്യക്തമായ പരിഷ്കരണ മനോഭാവം എന്നിവ വികസിത ഇന്ത്യയ്ക്കായുള്ള 2026-27 ബജറ്റ് വിളംബരം ചെയ്യുന്നു. ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായും അതിവേഗം വളരുന്ന പ്രമുഖ സമ്പദ്‌വ്യവസ്ഥയായും ഇന്ത്യ ഇന്നു നിലകൊള്ളുന്നു; വൈകാതെ, മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറാനുള്ള പാതയിലാണു രാജ്യം.

4.5 ട്രില്യൺ ഡോളർ വലിപ്പമുള്ള സമ്പദ്‌വ്യവസ്ഥ, 7.2 ശതമാനമായി നിശ്ചയിച്ചിട്ടുള്ള ജിഡിപി വളർച്ചാ നിരക്ക്, 750 ശതകോടി ഡോളറിലധികം വരുന്ന വിദേശ നിക്ഷേപം, 2014ലെ 1.9 ലക്ഷം കോടി രൂപയിൽ നിന്ന് ആറിരട്ടിയിലധികം വർധന രേഖപ്പെടുത്തി 2026ൽ 12.21 ലക്ഷം കോടി രൂപയിലെത്തിയ മൂലധനച്ചെലവ് എന്നിവയിലൂടെ അടിസ്ഥാനസൗകര്യ വികസനത്തിലൂന്നിയ വളർച്ചയെ ഈ ബജറ്റ് മുറുകെപ്പിടിക്കുന്നു. ഇത് ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയെയും രാജ്യത്തിന്‍റെ വളർച്ചാപാതയിലുള്ള ആഗോള വിശ്വാസത്തെയും അടിവരയിടുന്നു. പ്രധാന കണക്കുകൾക്കപ്പുറം, വസ്ത്രവ്യാപാര മേഖലയെ കേന്ദ്രീകരിച്ചുള്ള തൊഴിലധിഷ്ഠിത നിർമാണത്തിലൂടെ ഏവരെയും ഉൾക്കൊള്ളുന്ന വളർച്ചയും വൻതോതിലുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതും ലക്ഷ്യമിട്ടുള്ള വ്യക്തമായ തന്ത്രപരമായ നിർദേശം ഈ ബജറ്റ് മുന്നോട്ടുവയ്ക്കുന്നു.

തന്ത്രപരമായ മേൽക്കൈ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തന്ത്രപരമായ നേതൃത്വത്തിനു കീഴിൽ, കഴിഞ്ഞ വർഷം വസ്ത്രവ്യാപാര മേഖല നിർണായക മാറ്റത്തിനു സാക്ഷ്യം വഹിച്ചു. 18 സ്വതന്ത്ര വ്യാപാര കരാറുകളിലൂടെ (എഫ്ടിഎ) 800 ശതകോടി ഡോളറിന്‍റെ ആഗോള ഇറക്കുമതി വിപണിയിൽ, ഏകദേശം 466 ശതകോടി ഡോളർ മൂല്യമുള്ള വസ്ത്ര വിപണികളിലേക്ക് ഇന്ത്യക്ക് ഇപ്പോൾ മുൻഗണനാ അടിസ്ഥാനത്തിൽ പ്രവേശനമുണ്ട്. 110 ശതകോടി ഡോളറിന്‍റെ അമെരിക്കൻ വിപണിയിലേക്കുള്ള പുതുക്കിയ പ്രവേശനം ഇതിനു കൂടുതൽ കരുത്തേകുന്നു. അടുത്തിടെ പ്രഖ്യാപിച്ച ഇന്ത്യ- അമെരിക്ക വ്യാപാര കരാറിലൂടെ കയറ്റുമതി കഴിഞ്ഞ വർഷത്തേക്കാൾ ഉയർന്ന നിലയിൽ എത്തിക്കാൻ കഴിയും.

വിപണിലഭ്യതയ്ക്കു പൂരകമായി ക്യുസിഒകൾ ഒഴിവാക്കിയതു നിയമപാലന ഭാരം കുറച്ചു. ഒപ്പം ജിഎസ്ടി പരിഷ്കാരങ്ങൾ വസ്ത്രവ്യാപാര മേഖലയിൽ നിലനിന്നിരുന്ന നികുതി ഘടനയിലെ അപാകം പരിഹരിക്കുകയും, ഈ മേഖലയെ ഫൈബർ- ന്യൂട്രൽ ചട്ടക്കൂടിലേക്കു നിർണായകമായി നയിക്കുകയും ചെയ്തു. ഈ നടപടികൾ കരുത്തുറ്റ അടിത്തറ പാകി. 2026ലെ ബജറ്റിനെ ശ്രദ്ധേയമാക്കുന്നത് ഇതിന്‍റെ തുടർച്ചയും വ്യാപ്തിയുമാണ്. പരുത്തി ഉത്പാദനക്ഷമതാ ദൗത്യം പോലുള്ള സംരംഭങ്ങളും വിപുലമായ സാമ്പത്തിക പരിഷ്കാരങ്ങളും ഇപ്പോൾ പരീക്ഷണ ഘട്ടത്തിൽ നിന്നു പൊതു പ്ലാറ്റ്‌ഫോമിലേക്കു മാറുകയാണ്. പതിറ്റാണ്ടുകളായി വസ്ത്രവ്യാപാര മേഖലയെ വെറും ക്ഷേമ പദ്ധതി എന്ന നിലയിലായിരുന്നു കണ്ടിരുന്നത്. അതിൽ നിന്നു മാറി, വലിയ തോതിലുള്ള ഉത്പാദനം, മത്സരക്ഷമത, ദീർഘകാല ദേശീയ വളർച്ച എന്നിവ ലക്ഷ്യമിട്ടുള്ള പ്രധാന വ്യവസായ തന്ത്രമായി വസ്ത്രവ്യാപാര മേഖലയെ പരിവർത്തനം ചെയ്യുന്നതാണിത്.

ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്‍റെ (ജിഡിപി) ഏകദേശം 2.3% വസ്ത്ര വ്യാപാര- വസ്ത്ര നിർമാണ മേഖലയുടെ സംഭാവനയാണ്. വ്യാവസായിക ഉത്പാദനത്തിന്‍റെ 12%ത്തോളം വരുന്ന ഈ മേഖല 5.2 കോടിയിലധികം പേർക്കു തൊഴിൽ നൽകുന്നു; ഇതു സമ്പദ്‌വ്യവസ്ഥയുടെ സുപ്രധാന സ്തംഭമായി മാറുന്നു. ആഗോള വസ്ത്ര കയറ്റുമതിയിൽ ഇന്ത്യയുടെ വിഹിതം ഏകദേശം 4% മാത്രമാണ് എന്നത് ഈ മേഖലയിലെ വലിയ വികസന സാധ്യതയാണ്. വസ്ത്രവ്യാപാര മേഖലയെ 2030ഓടെ 350 ശതകോടി ഡോളറിലേക്ക് എത്തിക്കുക എന്ന ഇടക്കാല ലക്ഷ്യം ഗവണ്മെന്‍റ് നിശ്ചയിച്ചിട്ടുണ്ട്. ഒപ്പം കയറ്റുമതി 100 ശതകോടി ഡോളറായി വർധിപ്പിക്കുക എന്നതും ഇതിൽ ഉൾപ്പെടുന്നു.

മൂല്യശൃംഖലയുടെ സംയോജനമാണു പരിഷ്കരണ തന്ത്രത്തിന്‍റെ ഒന്നാം സ്തംഭം. പ്രകൃതിദത്തവും കൃത്രിമവുമായ നാരുകൾ ഉൾപ്പെടെ വസ്ത്രവ്യാപാര മേഖലയിൽ 2030ഓടെ പ്രതീക്ഷിക്കുന്ന 23 എംഎംടി അസംസ്കൃത വസ്തുക്കളുടെ ആവശ്യം നിറവേറ്റുക എന്ന വ്യക്തമായ ലക്ഷ്യത്തോടെയാണ് ഇതു വിഭാവന ചെയ്തിട്ടുള്ളത്. നിലവിൽ അസംസ്കൃത വസ്തുക്കളുടെ വിലയിലുണ്ടാകുന്ന ചാഞ്ചാട്ടം ഉത്പാദനച്ചെലവിലെ അനിശ്ചിതത്വത്തിന്‍റെ 25- 30% വരെയാണ്; ഇതു ലാഭവിഹിതത്തെയും ഉത്പാദന ആസൂത്രണത്തെയും കയറ്റുമതി നിരക്കിനെയും, പ്രത്യേകിച്ച് ചെറുകിട- ഇടത്തരം സംരംഭങ്ങളെ നേരിട്ടു ബാധിക്കുന്നു. വർധിച്ചു വരുന്ന ജനസംഖ്യയും അസംസ്കൃത വസ്തുക്കളുടെ ആവശ്യകതയും കണക്കിലെടുത്ത് ""ദേശീയ ഫൈബർ പദ്ധതി'' വഴി 2026ലെ ബജറ്റ് ഈ വെല്ലുവിളി പരിഹരിക്കുന്നു. പരുത്തി, കൃത്രിമ നാരുകൾ, പുതിയ കാലത്തെ നാരുകൾ എന്നിവയുടെ ആഭ്യന്തര ലഭ്യത ഉറപ്പാക്കുന്നതിലൂടെ അസംസ്കൃത വസ്തുക്കൾ മുതൽ ഉത്പന്നം വരെയുള്ള മൂല്യശൃംഖലയ്ക്കാകെ ഈ സംരംഭങ്ങൾ കരുത്തേകുന്നു. അസംസ്കൃത വസ്തുക്കളുടെ വിതരണം സുസ്ഥിരമാക്കുന്നതിലൂടെ ലാഭവിഹിതം കൃത്യമായി കണക്കാക്കാനും ആസൂത്രണം കൂടുതൽ ഉറപ്പുള്ളതാക്കാനും കയറ്റുമതിയിൽ മികച്ച വില നിശ്ചയിക്കാനുള്ള കരുത്ത് നിർമാതാക്കൾക്കു നൽകാനും ഈ ബജറ്റിലൂടെ സാധിക്കുന്നു. ഭാവി ആവശ്യങ്ങൾക്കനുസരിച്ച് ഈ മേഖലയെ സുസ്ഥിരമായി വളർത്താൻ ഇതു സഹായിക്കും.

വസ്ത്രവ്യാപാര മേഖലയുടെ വളർച്ചയെ പിന്നോട്ടടിക്കുന്ന പ്രധാന തടസം, ഉത്പാദനക്ഷമതയെയും വ്യാപ്തിയെയും പരിമിതപ്പെടുത്തുന്ന പരമ്പരാഗത ഉത്പാദന ക്ലസ്റ്ററുകളെ ആശ്രയിക്കുന്ന രീതിയാണ്. നിർമാണ കാര്യക്ഷമത ഉയർത്താനും ലോജിസ്റ്റിക്സ് ചെലവു കുറയ്ക്കാനും ഈ ആവാസ വ്യവസ്ഥകൾ ആധുനികവത്കരിക്കേണ്ടത് അനിവാര്യമാണ്. രാജ്യത്തുടനീളമുള്ള 200 വ്യവസായ ക്ലസ്റ്ററുകൾ ആധുനികവത്കരിക്കുന്നതിലൂടെ 2026ലെ ബജറ്റ് ഈ ആവശ്യത്തെ നേരിട്ട് അഭിസംബോധന ചെയ്യുന്നു. ക്ലസ്റ്റർ അടിസ്ഥാനത്തിലുള്ള നിർമാണം തൊഴിലാളികളുടെ ഉത്പാദനക്ഷമത 20- 25% വരെ വർധിപ്പിക്കുമെന്നും യൂണിറ്റ് അടിസ്ഥാനത്തിലുള്ള ലോജിസ്റ്റിക്സ് ചെലവ് 30% വരെ കുറയ്ക്കുമെന്നും തെളിവുകൾ വ്യക്തമാക്കുന്നു. ബൃഹത്തായ ടെക്സ്റ്റൈൽ പാർക്കുകൾ, പൊതുവായ നടപടിക്രമങ്ങൾക്കുള്ള സൗകര്യങ്ങൾ, "പ്ലഗ് ആൻഡ് പ്ലേ' സംവിധാനങ്ങൾ എന്നിവയിലെ നിക്ഷേപം ചെറുകിട ഉത്പാദകരെ മാറ്റിനിർത്താതെ ഉത്പാദനച്ചെലവു കുറയ്ക്കാൻ സഹായിക്കുന്നു; തൊഴിലധിഷ്ഠിതമായ ഈ മേഖലയെ സംബന്ധിച്ചിടത്തോളം ഇത് അതീവ പ്രധാനമാണ്.

വസ്ത്രവ്യാപാര മേഖലയുടെ പരിവർത്തനത്തിന്‍റെ കാതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും തൊഴിൽസേനയെ സജ്ജരാക്കുന്നതിലുമാണ്. മൂലധനം അധികമായി വേണ്ട മറ്റു വ്യവസായങ്ങളേക്കാൾ, ഓരോ കോടി രൂപയുടെ നിക്ഷേപത്തിനും ഏകദേശം മൂന്നിരട്ടി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ വസ്ത്രവ്യാപാര മേഖലയ്ക്കു സാധിക്കും. മൂല്യ ശൃംഖലയിലുടനീളം നൈപുണ്യവും തൊഴിൽക്ഷമതയും വളർത്തുന്നതിനാണു തുടർച്ചയായ സംരംഭങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ക്ലസ്റ്റർ അടിസ്ഥാനത്തിലുള്ള ഈ വളർച്ചയുടെ പിൻബലത്തിൽ ""വസ്ത്രമേഖലാ വിപുലീകരണവും തൊഴിലും പദ്ധതി'' 5 വർഷത്തിനുള്ളിൽ 2 മുതൽ 3 കോടി വരെ അധിക തൊഴിലവസരങ്ങളെ പിന്തുണയ്ക്കുമെന്നു പ്രതീക്ഷിക്കുന്നു. 15 ലക്ഷം തൊഴിലാളികളെ വ്യവസായസജ്ജരാക്കാൻ 2026നും 2031നും ഇടയിൽ 2,800 കോടി രൂപ വകയിരുത്തിക്കൊണ്ടുള്ള ""സമർഥ് 2.0'' ഈ മുന്നേറ്റത്തിനു കൂടുതൽ കരുത്തേകുന്നു. എൻഐഎഫ്ടി, ഐഐടികൾ, ഐഐഎച്ച്ടികൾ, ഐടിഐകൾ, എസ്‌വിപിഐഎസ്ടിഎം എന്നിവയുമായുള്ള പങ്കാളിത്തത്തിനു കരുത്തേകുന്നതിലൂടെ, നൈപുണ്യവികസനത്തെ യഥാർഥ ഉത്പാദനം, സാങ്കേതികവിദ്യ, രൂപകൽപ്പന ആവശ്യകതകൾ എന്നിവയുമായി കൂട്ടിയിണക്കും. 2030ഓടെ നൈപുണ്യ വിടവ് 50% വരെ കുറയ്ക്കുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം.

ഈ തൊഴിൽ- നൈപുണ്യവികസന പ്രവർത്തനങ്ങൾ സുസ്ഥിര വളർച്ചയായി മാറുന്നതിന്, വസ്ത്രവ്യാപാര മൂല്യശൃംഖലയിലുടനീളമുള്ള സംരംഭങ്ങൾക്കു വികസിക്കാനും മത്സരിക്കാനുമുള്ള സാമ്പത്തിക ശേഷിയുണ്ടാകണം. വസ്ത്രവ്യാപാര ആവാസ വ്യവസ്ഥയുടെ നട്ടെല്ലായ ചെറുകിട- ഇടത്തരം സംരംഭങ്ങളെ തിരിച്ചറിയുക എന്നത് 2026ലെ ബജറ്റിന്‍റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ഇവ നേരിടുന്ന ഏറ്റവും വലിയ തടസമായ പണലഭ്യതാ പ്രശ്നത്തെ ബജറ്റ് നേരിട്ട് അഭിസംബോധന ചെയ്യുന്നു. 10,000 കോടി രൂപയുടെ "എസ്എംഇ വളർച്ചാ നിധി', വിപുലീകരിച്ച ഇൻവോയ്സ് ധനസഹായം, വേഗത്തിലുള്ള ഗവണ്മെന്‍റ് പണമിടപാടുകൾ എന്നിവ പ്രവർത്തന മൂലധനത്തിന്‍റെ സമ്മർദം കുറയ്ക്കുന്നു. വൈകുന്ന പേയ്‌മെന്‍റുകൾ മാത്രം ഓരോ വർഷവും എംഎസ്എംഇ മൂലധനത്തിന്‍റെ ഏകദേശം 15%ത്തോളം തടഞ്ഞുവയ്ക്കുന്നുണ്ട്.

ഈ ഘടനാപരമായ മാറ്റം ഗ്രാമീണ- അർധ നഗര ഇന്ത്യയിലുടനീളം 65 ലക്ഷത്തോളം പേർക്കു തൊഴിൽ നൽകുന്ന കൈത്തറി- കരകൗശല മേഖലകളിലേക്കും വ്യാപിക്കുന്നു. "മഹാത്മാ ഗാന്ധി ഗ്രാമ സ്വരാജ് ' സംരംഭത്തിനും "ഒരു ജില്ല- ഒരുത്പന്നം' കാഴ്ചപ്പാടിനും അനുസൃതമായി ശക്തിപ്പെടുത്തിയ "ദേശീയ കൈത്തറി- കരകൗശല പരിപാടി' ഈ മേഖലയെ വെറും ഉപജീവനമാർഗം എന്നതിൽനിന്നു നൈപുണ്യ വികസനം, ബ്രാൻഡിങ്, സുസ്ഥിരമായ ആഗോള വിപണി ലഭ്യത എന്നിവയിലേക്കു നയിക്കും. തൊഴിൽ വളർച്ച ഏവരെയും ഉൾക്കൊള്ളുന്നതും ഭാവിയിലേക്കായി സജ്ജമായതും രാജ്യത്തുടനീളം വ്യാപിച്ചതുമാണെന്ന് ഇതുറപ്പാക്കുന്നു. "ടെക്സ് ഇക്കോ' സംരംഭത്തിലൂടെ വസ്ത്രവ്യാപാര മേഖലയിൽ സുസ്ഥിരത ബജറ്റ് ഉൾപ്പെടുത്തിയിട്ടുണ്ട്. മൂല്യശൃംഖലയിലുടനീളം പരിസ്ഥിതിസൗഹൃദപരമായ പ്രവർത്തനങ്ങൾ സംയോജിപ്പിക്കുന്നതിലൂടെ ഭാവിയിലെ കയറ്റുമതി മത്സരക്ഷമതയുടെ പ്രധാന ഘടകമായി സുസ്ഥിരതയെ മാറ്റാൻ ഇതിലൂടെ സാധിക്കുന്നു.

ദേശീയ ദിശാബോധത്തിലേക്ക്

ആദ്യമായി, വസ്ത്രവ്യാപാര മേഖലയെ പരമ്പരാഗത മേഖല എന്നതിലുപരി തൊഴിലവസരങ്ങളുടെയും സംരംഭകത്വത്തിന്‍റെയും ഭാവി ലക്ഷ്യമിട്ടുള്ള യന്ത്രമായാണ് അടയാളപ്പെടുത്തുന്നത്. 2020നും 2030നും ഇടയിൽ ഏകദേശം 5 കോടി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കരുത്തുള്ള ഈ മേഖല, ഇന്ത്യയുടെ തൊഴിലധിഷ്ഠിത വളർച്ചാതന്ത്രത്തിന്‍റെ കാതലാണ്.

വികസിത ഇന്ത്യയ്ക്കായുള്ള ബജറ്റ്, പുതിയ തലമുറയിലെ വസ്ത്ര വ്യാപാര സ്റ്റാർട്ടപ്പുകൾക്കും വിപുലീകരിക്കാൻ കഴിയുന്ന സംരംഭങ്ങൾക്കും ആവശ്യമായ അടിത്തറയൊരുക്കുന്നു. തൊഴിൽ, നൈപുണ്യം, സുസ്ഥിരത എന്നിവയ്ക്കു മുൻഗണന നൽകുന്നതിലൂടെ, ഏവരെയും ഉൾക്കൊള്ളുന്ന വളർച്ചയ്ക്കായുള്ള വ്യക്തവും വിവരാധിഷ്ഠിതവുമായ പാത ഈ ബജറ്റ് വാഗ്ദാനം ചെയ്യുന്നു. ഉത്പാദനക്ഷമമായ തൊഴിലുകളിലൂടെയും മത്സരശേഷിയുള്ള സംരംഭങ്ങളിലൂടെയും "സ്വർണപ്പക്ഷി'' എന്ന നിലയിലുള്ള ഇന്ത്യയുടെ തിരിച്ചുവരവിന് ഇതു കരുത്തേകുകയും, വികസിത ഇന്ത്യ 2047ലേക്കും അതിനപ്പുറത്തേക്കുമുള്ള പാത രൂപപ്പെടുത്തുകയും ചെയ്യുന്നു.

(അഭിപ്രായങ്ങൾ വ്യക്തിപരം)

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com