ജനകീയ വികസനത്തിന്‍റെ കേരള മാതൃക

10 വർഷങ്ങൾക്കിടെ സർവ മേഖലകളിലും കാതലായ മാറ്റം കൊണ്ടുവരാൻ ഇടതു മുന്നണി സർക്കാരിന് സാധിച്ചു
special article by pinarayi vijayan on kerala development

ജനകീയ വികസനത്തിന്‍റെ കേരള മാതൃക

Updated on

പിണറായി വിജയൻ (മുഖ്യമന്ത്രി)

സമൃദ്ധിയുടെയും സമാധാനത്തിന്‍റെയും വികസനത്തിന്‍റെയും പുതിയ വെളിച്ചം വീശുന്ന നവ കേരളത്തിലേക്കുള്ള ചുവടുവയ്പ്പുകളുമായാണ് നാം മുന്നേറുന്നത്. 10 വർഷങ്ങൾക്കിടെ സർവ മേഖലകളിലും കാതലായ മാറ്റം കൊണ്ടുവരാൻ ഇടതു മുന്നണി സർക്കാരിന് സാധിച്ചു. വികസനം, ക്ഷേമം, സാമൂഹ്യ സുരക്ഷ ഉൾപ്പെടെ എല്ലാ രംഗത്തും മറ്റെല്ലാ സംസ്ഥാനങ്ങളെക്കാളും ഉയർന്ന നിലയിൽ എത്താൻ കേരളത്തിന് കഴിഞ്ഞു. ഈ "കേരള മാതൃക' ലോകശ്രദ്ധ തന്നെ ആകർഷിച്ചു, നിരവധി അംഗീകാരങ്ങൾ നമ്മെ തേടിയെത്തുകയും ചെയ്തു. ജനക്ഷേമവും വികസനവും ഒരുപോലെ സാധ്യമാക്കുക എന്ന ഇടതു സർക്കാരിന്‍റെ നയമാണ് 10 വർഷത്തിനിടെ മികച്ച രീതിയിൽ നടപ്പാക്കിയത്.

ആരോഗ്യ കേരളം

അന്താരാഷ്‌ട്ര ഏജൻസികൾ ഉൾപ്പെടെ അംഗീകരിച്ച കണക്കുകളാണ് നമ്മോട് സംസാരിക്കുന്നത്. കേരളത്തിലെ ശിശു മരണ നിരക്ക് 5 ആയി കുറഞ്ഞു. അമെരിക്കയിൽ പോലും ഈ നിരക്ക് 5.6 ആണെന്നിരിക്കെയാണ് കൊച്ചു കേരളം ഈ നേട്ടം കൈവരിച്ചത്. ഇന്ത്യയിലെ ദേശീയ ശരാശരി 25 ആണ് എന്നുകൂടി ഓർക്കുമ്പോഴാണ് ഈ നേട്ടം എത്ര മികച്ചതെന്ന് നാം തിരിച്ചറിയുന്നത്. 2016ൽ 12 ആയിരുന്ന ശിശുമരണ നിരക്ക് 2018ഓടെ 7ലേക്കും, പിന്നീട് 6ലേക്കും, ഇപ്പോൾ 5ലേക്കും താഴ്ത്തിക്കൊണ്ടുവരാൻ സാധിച്ചത് ഇടതു സർക്കാരിന്‍റെ ഇടപെടലുകൾ കൊണ്ടാണ്.

കൃത്യമായ വൈദ്യസഹായം ലഭിക്കുന്നതിൽ രാജ്യത്ത്‌ മുൻപന്തിയിലാണ്‌ കേരളം. വൈദ്യസഹായം ലഭിക്കാതെ മരിക്കുന്നവരുടെ കണക്ക്‌ കേരളത്തിൽ ദേശീയ ശരാശരിയേക്കാൾ നാലിലൊന്ന്‌ കുറവാണ്‌. കേരളത്തിൽ 80.70% പേർക്ക്‌ മരണപൂർവ ചികിത്സ ലഭിക്കുമ്പോൾ ദേശീയ നിരക്ക്‌ വെറും 48.70% മാത്രമാണെന്നത് നമ്മുടെ സാമൂഹ്യ സുരക്ഷാ കരുത്ത് വ്യക്തമാക്കുന്നു.

അതിദാരിദ്ര്യമില്ലാത്ത കേരളം

വികസനം വൻകിട നിർമാണങ്ങൾ മാത്രമല്ല, പട്ടിണി കിടക്കുന്ന ഒരാൾ പോലും ഉണ്ടാവരുത് എന്ന നിർബന്ധം കൂടിയാണ്. നിതി ആയോഗിന്‍റെ 2023ലെ ദേശീയ ബഹുമുഖ ദാരിദ്ര്യ സൂചിക പ്രകാരം രാജ്യത്ത്‌ ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. ഭൂ പരിഷ്കരണം, വിദ്യാഭ്യാസ - ആരോഗ്യ സംരക്ഷണം, അധികാര വികേന്ദ്രീകരണം, സാമൂഹ്യ സുരക്ഷാ പദ്ധതി, പൊതുവിതരണ സമ്പ്രദായം, സ്ത്രീ ശാക്തീകരണം എന്നിവയിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. ഈ നേട്ടത്തെ പുതിയ ഉയരങ്ങളിലേക്കെത്തിക്കും വിധം അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി മാറാൻ നമുക്ക് സാധിച്ചു. ഈ മാറ്റത്തിനു പിന്നിൽ പ്രവർത്തിച്ച പ്രധാന ശക്തി തദ്ദേശ സ്ഥാപനങ്ങളാണ്.

ക്വാളിറ്റി ഓഫ് ലൈഫ് ഇൻഡക്സിൽ 95.34 സ്കോറോടെ കേരളം ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഒന്നാമതാണ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങിയ നഗരങ്ങൾ ഡൽഹി, മുംബൈ തുടങ്ങിയ മെട്രൊ നഗരങ്ങളേക്കാൾ ജീവിത നിലവാരത്തിൽ മുന്നിലാണ്. ഹ്യൂമൻ ഡെവലപ്‌മെന്‍റ് ഇൻഡക്‌സിൽ 0.758 സ്കോറുമായി കേരളം ഒന്നാമത്. ആഗോള ശരാശരിയായ 0.754നേക്കാൾ മുകളിലാണ് നമ്മുടെ സ്ഥാനം എന്നത് നിസാരമല്ല.

സാമൂഹിക പുരോഗതി സൂചികയിൽ കേരളത്തിന്‍റെ സ്കോർ 65.2 ആണ്; ഇന്ത്യൻ ശരാശരി വെറും 58.3 ആണ്. തൊഴിൽ സേനയിലെ സ്ത്രീ പങ്കാളിത്തം 2020-21ലെ 32.3%ത്തിൽ നിന്ന് 2023-24ൽ 36.4% ആയി ഉയർന്നു. ഇന്ത്യാ സ്കിൽസ് റിപ്പോർട്ട് 2024 പ്രകാരം തൊഴിൽ വൈദഗ്ധ്യമുള്ളവർക്ക് ജോലി ചെയ്യാൻ ഏറ്റവും മുൻഗണന നൽകുന്ന സംസ്ഥാനമായും കേരളം തെരഞ്ഞെടുക്കപ്പെട്ടു.

രണ്ടു കാലഘട്ടങ്ങൾ, രണ്ടു സമീപനങ്ങൾ

1996ൽ അന്നത്തെ എൽഡിഎഫ് സർക്കാർ തുടക്കമിട്ട ജനകീയാസൂത്രണം ലോകത്തിനു മാതൃകയായിരുന്നു. എന്നാൽ, വലതുപക്ഷം അധികാര വികേന്ദ്രീകരണത്തെ എക്കാലത്തും അട്ടിമറിക്കാനാണ് അവർ ശ്രമിച്ചത്. 2011-12 മുതൽ 2015-16 വരെയുള്ള യുഡിഎഫ് ഭരണകാലത്ത് തദ്ദേശ സ്ഥാപനങ്ങൾക്കായി സർക്കാർ ആകെ നൽകിയ പദ്ധതി വിഹിതം 29,500 കോടി രൂപ മാത്രമായിരുന്നു. 2016ൽ എൽഡിഎഫ് അധികാരത്തിൽ വന്നതോടെ ചിത്രം മാറി. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്‍റെ കാലത്ത് ഈ വിഹിതം 52,648.39 കോടി രൂപയായി. ഈ സർക്കാരിന്‍റെ കാലയളവിൽ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള വിഹിതം 70,526.77 കോടി രൂപയായി ഉയർത്തി. 10 വർഷം കൊണ്ട് 1,23,175.16 കോടി രൂപയാണ് തദ്ദേശ സ്ഥാപനങ്ങൾക്ക് ഇടതു സർക്കാർ കൈമാറിയത്- യുഡിഎഫ് ഭരണകാലത്ത് നൽകിയതിന്‍റെ നാലിരട്ടിയോളം.

സംസ്ഥാന പദ്ധതി അടങ്കലിന്‍റെ 27.26% തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകി ഗ്രാമ പഞ്ചായത്തുകളെയും നഗരസഭകളെയും പ്രാദേശിക സർക്കാരുകളായി മാറ്റാൻ എൽഡിഎഫ് സർക്കാരിനു സാധിച്ചു. ഫണ്ടില്ലാത്തതിനാൽ വികസനം മുടങ്ങുന്ന അവസ്ഥ കേരളത്തിൽ ഇന്നില്ല. പദ്ധതി നിർവഹണത്തിന് മൂന്നോ നാലോ മാസം മാത്രം കിട്ടിയിരുന്ന പഴയ സാഹചര്യത്തിൽ നിന്ന് 12 മാസവും ലഭിക്കുന്ന സ്ഥിതിയിലേക്ക് മാറി.

സാങ്കേതിക വിപ്ലവം

തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലുള്ള റോഡുകൾ നന്നാക്കാൻ ഫണ്ടില്ല, കൃത്യമായ കണക്കില്ല, അറ്റകുറ്റപ്പണികൾ വൈകുന്നു എന്നതായിരുന്നു പരാതി. ഇതിനു ശാശ്വത പരിഹാരമാണ് എൽഡിഎഫ് സർക്കാർ കണ്ടത്. ചരിത്രത്തിലാദ്യമായി കേരളത്തിലെ ഗ്രാമീണ റോഡുകൾ ഡിജിറ്റൈസ് ചെയ്തുകൊണ്ട് വലിയ മാറ്റത്തിനു തുടക്കം കുറിച്ചു. "R- Track' എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് 1,55,840 കിലോമീറ്റർ റോഡുകളുടെ വിവരങ്ങൾ ശേഖരിച്ചു. ഏതു റോഡിന് എപ്പോൾ അറ്റകുറ്റപ്പണി വേണമെന്ന് ഇനി ഉദ്യോഗസ്ഥർക്കോ ജനപ്രതിനിധികൾക്കോ ഊഹിക്കേണ്ടി വരില്ല. കൃത്യ ഡാറ്റയുടെ അടിസ്ഥാനത്തിൽ ഫണ്ട് വകയിരുത്താൻ സാധിക്കും. റോഡ് ഫണ്ട് ലഭിക്കുന്നില്ല എന്ന പരാതിക്ക് പരിഹാരമായി.

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി വഴി ഗ്രാമീണ റോഡുകളുടെ മുഖച്ഛായ തന്നെ മാറ്റി. റോഡുകൾക്കായി മാത്രം 5 വർഷത്തിനിടെ 8,867.07 കോടി രൂപ തദ്ദേശ സ്ഥാപനങ്ങൾ ചെലവഴിച്ചു. അങ്കണവാടി കെട്ടിട നിർമാണത്തിന് മാത്രമായി 1,186 കോടി രൂപ ചെലവഴിച്ചു. കോൺഗ്രസ് ഭരിച്ച കണ്ണൂർ കോർപ്പറേഷൻ മുതൽ ബിജെപി ഭരിച്ച പന്തളം നഗരസഭ വരെ നിരവധി തദ്ദേശ സ്ഥാപനങ്ങളിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ചു വൻകിട നിർമാണ പ്രവർത്തനങ്ങളും നടന്നു. വികസനം എന്നത് കക്ഷിരാഷ്‌ട്രീയത്തിന് അതീതമായി നാടിന്‍റെ ആവശ്യമാണ്.

ലൈഫ് മിഷൻ ജനകീയ സ്വപ്നം

ഇതുവരെ 4,71,442 കുടുംബങ്ങൾക്ക് സ്വന്തമായി വീട് സാക്ഷാത്കരിക്കാൻ ലൈഫ് മിഷനിലൂടെ സാധിച്ചു. 2026 ഫെബ്രുവരിയോടെ 5 ലക്ഷം വീടുകൾ എന്ന ലക്ഷ്യം കൈവരിക്കും. 5,98,102 വീടുകൾ നിർമിക്കാനുള്ള കരാറുകളിൽ ഏർപ്പെട്ടു.

ഇവിടെയാണ് ബിജെപിയുടെയും കോൺഗ്രസിന്‍റെയും കാപട്യങ്ങളെ തിരിച്ചറിയേണ്ടത്. ലൈഫ് മിഷൻ വീടുകൾക്ക് പേര് മാറ്റിയാൽ അത് കേന്ദ്ര പദ്ധതിയാകില്ല എന്ന് കണക്കുകൾ ഓർമിപ്പിക്കുന്നു. ഗ്രാമപ്രദേശങ്ങളിൽ ഒരു വീടിന് കേന്ദ്രം നൽകുന്ന വിഹിതം 72,000 രൂപയും നഗരങ്ങളിൽ 1.5 ലക്ഷം രൂപയുമാണ്. എന്നാൽ കേരള സർക്കാർ ലൈഫ് പദ്ധതിയിൽ നൽകുന്നത് 4 ലക്ഷം രൂപ. പട്ടികവർഗക്കാർക്ക് ഇത് 6 ലക്ഷം രൂപ വരെ. ഭൂമി വാങ്ങാൻ നഗരസഭകളിൽ 5.25 ലക്ഷം രൂപ വരെയും, എസ്‌സി/ എസ്ടി വിഭാഗങ്ങൾക്ക് 6 ലക്ഷം രൂപ വരെയും നൽകുന്നു. മറ്റൊരു സംസ്ഥാനവും വീടുവയ്ക്കാൻ ഇത്രയും വലിയ തുക നൽകുന്നില്ല. 2017 മുതൽ ലൈഫ് പദ്ധതിക്കായി 18,573 കോടി രൂപ ചെലവഴിച്ചതിൽ, കേന്ദ്ര വിഹിതം 2,301 കോടി രൂപ മാത്രമാണ്.

"മനസോടിത്തിരി മണ്ണ് ' എന്ന ക്യാംപെയിനിലൂടെ 26.14 ഏക്കർ ഭൂമി സംഭാവനയായി ലഭിച്ചത് നാടിന്‍റെ നന്മയുടെ തെളിവാണ്. പാവപ്പെട്ടവന്‍റെ വീട് മുടക്കാൻ സിബിഐയെയും ഇഡിയെയും വിളിച്ചുവരുത്തിയവരാണ് കോൺഗ്രസും ബിജെപിയും. ആ പ്രതിസന്ധികളെയും അതിജീവിച്ചാണ് തുരുത്തി ഭവന സമുച്ചയം ഉൾപ്പെടെയുള്ള പദ്ധതികൾ യാഥാർഥ്യമാക്കിയത്.

അഴിമതിരഹിത കെ- സ്മാർട്ട്

ഓഫിസുകൾ കയറിയിറങ്ങാതെ സേവനങ്ങൾ ജനങ്ങളുടെ വിരൽത്തുമ്പിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ കെ- സ്മാർട്ട് രാജ്യത്തു തന്നെ വിപ്ലവകരമാണ്. 2024 ജനുവരി ഒന്ന് മുതൽ നഗരസഭകളിലും, തുടർന്ന് പഞ്ചായത്തുകളിലേക്കും ഈ സംവിധാനം വ്യാപിപ്പിച്ചു. 84 ലക്ഷത്തിലധികം ഫയലുകൾ ഇതിനകം ഡിജിറ്റലായി കൈകാര്യം ചെയ്തു. തിരുവനന്തപുരം കോർപ്പറേഷനിൽ ജനന- മരണ സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ എടുത്ത സമയം ഒരു മിനിറ്റിൽ താഴെയാണെങ്കിൽ, ചാലക്കുടിയിൽ വിവാഹ സർട്ടിഫിക്കറ്റ് ലഭിച്ചത് ഒന്നര മിനിറ്റിലാണ്.

അർധരാത്രിയിലും ഞായറാഴ്ചകളിലും വരെ ഫയലുകൾ തീർപ്പാക്കുന്ന ഈ സംവിധാനം അഴിമതിക്കുള്ള എല്ലാ പഴുതുകളും അടച്ചു. കെട്ടിട നിർമാണ പെർമിറ്റുകൾക്കായി മാസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥ മാറി. കെ- സ്മാർട്ട് വഴി മാത്രം 2,15 കോടി രൂപയുടെ തനത് വരുമാനം തദ്ദേശ സ്ഥാപനങ്ങൾക്ക് ലഭിച്ചു എന്നത് ഇതിന്‍റെ കാര്യക്ഷമത തെളിയിക്കുന്നു.

പരിസ്ഥിതി സൗഹൃദം

മാലിന്യ സംസ്കരണത്തിൽ പുതിയ സംസ്കാരം വളർത്തിയെടുക്കുകയാണ്. കൊച്ചി ബ്രഹ്മപുരം പോലുള്ള പഴയ മാലിന്യ മലകൾ (Legacy Waste) ശാസ്ത്രീയമായി നീക്കം ചെയ്ത് ബയോ- മൈനിങ് നടപ്പാക്കുന്നു 37,000ത്തിലധികം വരുന്ന ഹരിത കർമ സേനാംഗങ്ങൾ നാടിന്‍റെ ശുചിത്വ കാവലാളുകളാണ്. 90 ലക്ഷം വീടുകളിൽ "ഹരിതമിത്രം' ആപ്പ് വഴി ഡിജിറ്റൽ നിരീക്ഷണം ഉറപ്പാക്കി. 20,000ത്തിലധികം മിനി എംസിഎഫുകളും, 4 ലക്ഷത്തിലധികം പൊതു ബിന്നുകളും സ്ഥാപിച്ച് നാടിനെ വെടിപ്പുള്ളതാക്കാൻ തദ്ദേശ സ്ഥാപനങ്ങൾ നടത്തിയ ഇടപെടൽ ശ്ലാഘനീയം.

ബദൽ നയങ്ങളുടെ വിജയം

തൊഴിലുറപ്പ് പദ്ധതിയെ ഇല്ലായ്മ ചെയ്യാൻ കേന്ദ്രം ശ്രമിക്കുമ്പോൾ അതിനെ സംരക്ഷിച്ച് നിർത്തുന്നത് കേരളമാണ്. ആദിവാസി കുടുംബങ്ങൾക്ക് കേന്ദ്രം നൽകുന്ന 100 ദിവസത്തെ തൊഴിലിനു പുറമെ, സംസ്ഥാന സർക്കാർ സ്വന്തം ചെലവിൽ അധികമായി 100 തൊഴിൽ ദിനങ്ങൾ കൂടി നൽകുന്ന "ട്രൈബൽ പ്ലസ്' പദ്ധതി ഇന്ത്യയിൽ കേരളത്തിൽ മാത്രമേയുള്ളൂ. നഗരങ്ങളിലെ പാവപ്പെട്ടവർക്ക് തൊഴിൽ നൽകാൻ "അയ്യങ്കാളി നഗര തൊഴിലുറപ്പ് ' പദ്ധതിയിലൂടെ 30 ലക്ഷത്തിലധികം തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചു.

കുടുംബശ്രീയെ തകർക്കാൻ "ജനശ്രീ' എന്ന പേരിൽ സമാന്തര സംവിധാനം ഉണ്ടാക്കി സ്ത്രീകളുടെ കൂട്ടായ്മയെ രാഷ്‌ട്രീവത്കരിക്കാൻ ശ്രമിച്ചവരാണ് യുഡിഎഫ്. എന്നാൽ എൽഡിഎഫ് കുടുംബശ്രീയെ കൂടുതൽ കരുത്തുറ്റതാക്കി. 1.9 ലക്ഷം അയൽക്കൂട്ടങ്ങളിലൂടെ സ്ത്രീകളെ സാമ്പത്തികമായി സ്വയംപര്യാപ്തരാക്കി. "കേരള ചിക്കൻ' പോലുള്ള സംരംഭങ്ങളിലൂടെ 400 കോടിയുടെ വിറ്റുവരവ് നേടി.

കേന്ദ്ര അവഗണന

ഇത്രയേറെ നേട്ടങ്ങൾ കൈവരിക്കുമ്പോഴും കേരളം കടുത്ത വെല്ലുവിളികൾ നേരിടുന്നു. കേന്ദ്ര അവഗണനയും അതിന് കൂട്ടുനിൽക്കുന്ന യുഡിഎഫിന്‍റെ നിസംഗതയുമാണ് കാരണം. കേരളത്തിന് ഭരണഘടനാപരമായി ലഭിക്കേണ്ട സഹായങ്ങൾ വെട്ടിക്കുറച്ചും, വായ്പാ പരിധിയിൽ നിയന്ത്രണം ഏർപ്പെടുത്തിയും ശ്വാസം മുട്ടിക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. ഏകദേശം 57,000 കോടി രൂപയുടെ കുറവാണ് കേന്ദ്ര സമീപനം മൂലം കേരളത്തിന് ഉണ്ടായത്. കിഫ്ബിയെ തകർക്കാൻ ഇഡി യെയും മറ്റ് ഏജൻസികളെയും ഉപയോഗിക്കുന്നത് വികസനം തടസപ്പെട്ടാലും സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയാൽ മതി എന്ന ദുഷ്ടചിന്ത കൊണ്ടാണ്.

കേരളം കടക്കെണിയിലാണെന്ന് പ്രചരിപ്പിക്കുന്നവർക്കുള്ള മറുപടിയാണ് സാമ്പത്തിക വളർച്ചാ നിരക്കുകൾ. 2023-24ൽ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്‍റെ വാർഷിക വളർച്ചാ നിരക്ക്‌ 6.5% ആയി- മുൻവർഷം ഇത് 4.2% ആയിരുന്നു. തനത്‌ നികുതി വരുമാനത്തിൽ 3.3%വും, നികുതിയേതര വരുമാനത്തിൽ 8.1%വും വർധനവുണ്ടായി. ദേശീയ ശരാശരിയെക്കാൾ 1.4 മടങ്ങ് കൂടുതലാണ് ഇന്ന് കേരളത്തിലെ ഒരു വ്യക്തിയുടെ ശരാശരി വരുമാനം.

എന്നാൽ, കേരളത്തിന്‍റെ ഈ കുതിപ്പിന് തടയിടാനാണ് കേന്ദ്രം പക പോക്കലിലൂടെ ശ്രമിക്കുന്നത്. കേന്ദ്ര ഗ്രാന്‍റ്-ഇൻ-എയ്ഡിൽ 15,309.60 കോടി രൂപയുടെ കുറവാണ് ഒറ്റയടിക്ക് വരുത്തിയത്. അതായത് 56% കുറവ്. മുൻവർഷം 27,377.86 കോടി ലഭിച്ചിരുന്ന സ്ഥാനത്ത് ഇത്തവണ ലഭിച്ചത് 12,068.26 കോടി മാത്രം. ഇത്ര ഭീമമായ തുക വെട്ടിക്കുറച്ചിട്ടും, ക്ഷേമ പെൻഷനുകളോ വികസന പദ്ധതികളോ മുടങ്ങാതെ മുന്നോട്ടു കൊണ്ടുപോകാൻ സർക്കാരിന് സാധിച്ചത് ധനകാര്യ മാനെജ്‌മെന്‍റിലെ മികവു കൊണ്ടാണ്. പദ്ധതിച്ചെലവിൽ മുൻവർഷത്തേക്കാൾ 1,560.53 കോടിയുടെ വർധനവ് വരുത്താൻ സാധിച്ചു.

കേരളത്തെ സാമ്പത്തികമായി ഞെരുക്കുമ്പോൾ അതിനെതിരേ പാർലമെന്‍റിൽ ഒരക്ഷരം മിണ്ടാൻ യുഡിഎഫ് എംപിമാർ തയാറായിട്ടില്ല. മാത്രമല്ല, കേരളത്തിനെതിരേ കേന്ദ്രത്തിന് പരാതി നൽകി വികസനം മുടക്കാനാണ് പ്രതിപക്ഷ നേതാവും കൂട്ടരും ശ്രമിച്ചത്. ഫെഡറൽ സംവിധാനത്തെ തകർക്കുന്നവർക്കും, കേരളത്തിന്‍റെ വികസനത്തെ തടയിടുന്നവർക്കും എതിരെയുള്ള ശക്തമായ ജനവിധിയായി ഈ തെരഞ്ഞെടുപ്പ് മാറണം.

ഭാവിയിലേക്കുള്ള ചുവട്

2050ലെ കേരളത്തെ മുന്നിൽക്കണ്ട് രാജ്യത്താദ്യമായി ഒരു "നഗരനയ കമ്മിഷനെ' നിയോഗിച്ചത് ഈ സർക്കാരാണ്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളെ മെട്രോപൊളിറ്റൻ നഗരങ്ങളായി വികസിപ്പിക്കാനും, ഗ്രാമങ്ങളിലെ തനിമ നിലനിർത്തിക്കൊണ്ടുതന്നെ ആധുനിക സൗകര്യങ്ങൾ എത്തിക്കാനും പദ്ധതിയുണ്ട്.

വികസനവും വികസന വിരുദ്ധതയും തമ്മിലുള്ള പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പ്. അഴിമതിയില്ലാത്ത, വേഗത്തിൽ സേവനം നൽകുന്ന കെ- സ്മാർട്ട് തുടരണോ, ഭവനരഹിതർക്ക് സ്വന്തം വീട് നൽകുന്ന ലൈഫ് മിഷൻ പൂർത്തിയാക്കണോ, സ്ത്രീകളെ ശാക്തീകരിക്കുന്ന കുടുംബശ്രീ കൂടുതൽ ഉയരങ്ങളിലെത്തണോ, നാടിന്‍റെ ശുചിത്വം ഉറപ്പാക്കുന്ന മാലിന്യ സംസ്കരണ സംവിധാനങ്ങൾ വിജയിക്കണോ എന്നതൊക്കെയാണ് ചോദ്യങ്ങൾ. എങ്കിൽ, ഇടതുപക്ഷത്തിന്‍റെ വിജയം ഉറപ്പാക്കേണ്ടതുണ്ട്. വർഗീയത വളർത്താൻ ശ്രമിക്കുന്ന ബിജെപിക്കും, അവസരവാദ രാഷ്‌ട്രീയം കളിക്കുന്ന കോൺഗ്രസിനും കേരളത്തിന്‍റെ മണ്ണിൽ ഇടമില്ലെന്ന് തെളിയിക്കാം. തദ്ദേശ സ്ഥാപനങ്ങളെ ജനാധിപത്യത്തിന്‍റെ യഥാർഥ കോട്ടകളായി നിലനിർത്താനും നവകേരള നിർമിതിക്ക് വേഗം കൂട്ടാനും എൽഡി എഫ് സ്ഥാനാർഥികളെ വിജയിപ്പിക്കണം. നമുക്ക് ഒരുമിച്ച് മുന്നേറാം, നവകേരളത്തിനായി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com