വിപുലമായ വിപണി തുറക്കുന്ന പുതിയ വ്യാപാര കരാർ

ചെമ്മീൻ മുതൽ സോഫ്റ്റ്‌വെയർ വരെ എല്ലാ മേഖലകളിലും നേട്ടം
special article by piyush goyal New trade agreement opens up wider markets

വിപുലമായ വിപണി തുറക്കുന്ന പുതിയ വ്യാപാര കരാർ

Updated on

പീയുഷ് ഗോയൽ

ഒരുലക്ഷം ഡോളറിലധികം പ്രതിശീർഷ വരുമാനമുള്ള സമ്പന്ന യൂറോപ്യൻ രാജ്യങ്ങളുമായി നൂതനമായ ഒരു വ്യാപാര കരാറിൽ ഒപ്പുവച്ചുകൊണ്ട് അഭിവൃദ്ധിയിലേക്കുള്ള പതിയ കവാടം തുറന്നിരിക്കുകയാണ് ഇന്ത്യ. ഇത് കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും സൂക്ഷ്മ- ചെറുകിട- ഇടത്തരം സംരംഭങ്ങൾക്കും (എംഎസ്എംഇ) ലാഭദായകമായ വിപണി തുറന്നു നൽകുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ "വികസിത് ഭാരത് 2047' ദൗത്യത്തെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.

യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷനുമായുള്ള (ഇഎഫ്ടിഎ- സ്വിറ്റ്സർലൻഡ്, നോർവേ, ഐസ്‌ലാൻഡ്, ലിച്ചെൻ‌സ്റ്റൈൻ) വ്യാപാര- സാമ്പത്തിക പങ്കാളിത്ത കരാർ (ടിഇപിഎ) നവരാത്രി വേളയിൽ ഒക്റ്റോബർ ഒന്നിനാണ് പ്രാബല്യത്തിൽ വന്നത് എന്നതും ചരിത്രപരമാണ്. വരുന്ന 15 വർഷത്തിനുള്ളിൽ 100 ബില്യൺ ഡോളറിന്‍റെ നിക്ഷേപം ഇഎഫ്ടിഎ രാജ്യങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഏതൊരു ആഗോള വ്യാപാര കരാർ പരിഗണിച്ചാലും ഇത്തരമൊരു പ്രതിബദ്ധത ആദ്യമാണ്. ഈ രാജ്യങ്ങളിലെ സർക്കാരുകൾ ഇന്ത്യയിൽ നിക്ഷേപം നടത്തുകയും കുറഞ്ഞത് 10 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും പ്രധാനമന്ത്രിയുടെ "മെയ്ക്ക് ഇൻ ഇന്ത്യ' ദൗത്യത്തിന് ഊർജം പകരുകയും ചെയ്യും.

വികസിത ഭാരതം ലക്ഷ്യമിട്ട വ്യാപാര തന്ത്രം

മുൻകാലങ്ങളിലെ നിസംഗത മാറ്റിവച്ച്, നമ്മുടെ ഉത്പന്നങ്ങളെയും സേവനങ്ങളെയും സമ്പന്ന, വികസിത വിപണികളിലേക്ക് എത്തിക്കാനുള്ള സ്വതന്ത്ര വ്യാപാര കരാറുകൾക്ക് (എഫ്ടിഎ) മോദി സർക്കാർ മുൻഗണന നൽകുന്നു. ഈ കരാറുകൾ പുതിയ വാതായനങ്ങൾ തുറക്കുക മാത്രമല്ല, വ്യവസായങ്ങളെ ഉത്തേജിപ്പിക്കുകയും, നമ്മെ മുന്നോട്ട് നയിക്കാനാവശ്യമായ മത്സരശേഷിയും ഗുണനിലവാരവും മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ജൂലൈയിൽ ഇന്ത്യ യുകെയുമായി നിർണായകമായ ഒരു വ്യാപാര കരാർ ഒപ്പുവച്ചു. യൂറോപ്യൻ യൂണിയനുമായുള്ള ചർച്ചകളും പുരോഗതി പ്രാപിക്കുന്നു. നേരത്തേ പ്രധാനമന്ത്രി മുൻകൈയെടുത്ത് ഓസ്‌ട്രേലിയയുമായും യുഎഇയുമായും ഉഭയകക്ഷി കരാറുകൾക്ക് രൂപം നൽകിയിരുന്നു.

കടുത്ത മത്സരങ്ങളെ അതിജീവിച്ച് അഭിവൃദ്ധി പ്രാപിക്കുന്നതിനൊപ്പം, ആഗോള വ്യവസായ മേഖലയെ വരുതിയിലാക്കാമെന്ന ആത്മവിശ്വാസത്തോടെ ഇന്ത്യ ഇന്ന് തലയുയർത്തി നിൽക്കുന്നു. നമ്മുടെ വിപണികളിലേക്കു പ്രവേശനം ലഭിക്കുകയും സ്വന്തം വാതിലുകൾ നമുക്കായി തുറക്കാതിരിക്കുകയും ചെയ്ത സമ്പദ്‌വ്യവസ്ഥകളുമായി യുപിഎ ഭരണ കാലത്തുണ്ടാക്കിയ തട്ടിക്കൂട്ടിയ കരാറുകളിൽ നിന്ന് വ്യത്യസ്തമായി, സമഗ്ര കൂടിയാലോചനകളിലൂടെ രൂപപ്പെടുത്തിയ മോദി കാലഘട്ടത്തിലെ സ്വതന്ത്ര വ്യാപാര കരാറുകളെ എല്ലാവരും പ്രശംസിക്കുന്നു.

ഇന്ത്യയെ ആകർഷകമാക്കുന്നു

ഈ പരിവർത്തനത്തിന് 11 വർഷത്തെ പഴക്കമുണ്ട്. "അഞ്ച് ദുർബലമായ' സമ്പദ്‌വ്യവസ്ഥകളിലൊന്നായി മുദ്രകുത്തപ്പെട്ട നമ്മുടെ സമ്പദ്‌വ്യവസ്ഥയെ പ്രധാനമന്ത്രി മോദി മുൻകൈയെടുത്ത് ശാക്തീകരിച്ചു, വ്യാപാരത്തിന്‍റെയും നിക്ഷേപത്തിന്‍റെയും ആകർഷക കേന്ദ്രമെന്ന നിലയിൽ പ്രതിഷ്ഠിച്ചു. പരമ്പരാഗത പരിമിതികൾ, സ്തംഭനാവസ്ഥ, ഉയർന്ന പണപ്പെരുപ്പം, അഴിമതി, കാര്യക്ഷമതയില്ലായ്മ എന്നിവയെ അടിസ്ഥാന പരിഷ്‌കാരങ്ങളിലൂടെ പരിഹരിച്ചു.

ഉത്പാദന ബന്ധിത പ്രോത്സാഹന (പിഎൽഐ) പദ്ധതിയിലൂടെ മാത്രം മാർച്ച് വരെയുള്ള കണക്കനുസരിച്ച് ₹1.76 ലക്ഷം കോടിയുടെ നിക്ഷേപം സമാഹരിച്ചു. ഇത് 12 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. പിഎം ഗതി ശക്തിയും ദേശീയ ലോജിസ്റ്റിക്സ് നയവും ചെലവുകൾ വെട്ടിക്കുറച്ചു, അടിസ്ഥാന സൗകര്യങ്ങൾ കാര്യക്ഷമമാക്കി. നമ്മുടെ ഡിജിറ്റൽ ത്രയം - ജൻ ധൻ, യുപിഐ, ട്രേഡ് കണക്റ്റ് - അവസരങ്ങളെ ജനാധിപത്യവത്കരിച്ചു. 6 വർഷത്തിനുള്ളിൽ ₹12,000 ലക്ഷം കോടി മൂല്യമുള്ള 65,000 കോടി ഇടപാടുകൾക്ക് ശക്തി പകരുകയും, പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ സാമ്പത്തിക മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുകയും ചെയ്തു.

നിക്ഷേപം, തൊഴിൽ സൃഷ്ടി

ഇഎഫ്ടിഎയുടെ 100 ബില്യൺ യുഎസ് ഡോളർ നിക്ഷേപം 10 ലക്ഷം പ്രത്യക്ഷ തൊഴിലവസരങ്ങളും അസംഖ്യം പരോക്ഷ തൊഴിലവസരങ്ങളും വാഗ്ദാനം ചെയ്യുന്നു. 25 വർഷത്തിനിടെ ഈ രാജ്യങ്ങളിൽ നിന്നുണ്ടായ കേവലം 11.9 ബില്യൺ യുഎസ് ഡോളറിന്‍റെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ നിന്ന് വൻ കുതിച്ചുചാട്ടമാണ് ഈ വാഗ്ദാനം. 2024-25ൽ ഇന്ത്യയുടെ മൊത്തം നിക്ഷേപം 14% വർധനവോടെ 81 ബില്യൺ ഡോളറിലെത്തി. ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥ പ്രദാനം ചെയ്യുന്ന അവസരങ്ങൾക്കും ഫലപ്രദമായി നടപ്പിലാക്കുന്ന ബൗദ്ധിക സ്വത്തവകാശ (ഐപിആർ) നിയമങ്ങൾക്കും നന്ദി. നിർവഹണം, സുരക്ഷാ നടപടികൾ, നൂതനാശയ സംരംഭകരുടെ ശാക്തീകരണം, ഉന്നത സാങ്കേതിക മേഖലയിലെ മൂലധന ആകർഷണം എന്നിവ ടിഇപിഎ ഐപിആറിനെ ശക്തിപ്പെടുത്തുന്നു.

കർഷകരും മത്സ്യത്തൊഴിലാളികളും

നേരിട്ടുള്ള വിദേശ നിക്ഷേപത്തിനു പുറമേ, തുണിത്തരങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ തുടങ്ങിയ തൊഴിൽ- തീവ്ര മേഖലകളിലെ കയറ്റുമതി കുതിച്ചുയരും. ഇത് തൊഴിലവസരങ്ങളുടെ പുതുതരംഗം സൃഷ്ടിക്കും. സമ്പന്നരായ ഇഎഫ്ടിഎ ഉപഭോക്താക്കൾ നമ്മുടെ കാർഷികോത്പന്നങ്ങൾ, ചായ, കാപ്പി എന്നിവ ആഗ്രഹിക്കുന്നു. അരി, ഗ്വാർ ഗം, പയർവർഗങ്ങൾ, മുന്തിരി, മാമ്പഴം, പച്ചക്കറികൾ, ചെറുധാന്യങ്ങൾ, കശുവണ്ടി തുടങ്ങിയ മേഖലകളിലെ അവസരങ്ങൾ ഇന്ത്യ തുറന്നു നൽകുമ്പോൾ, ക്ഷീരോത്പന്നങ്ങൾ അടക്കമുള്ള സംവേദന മേഖലകളെ സംരക്ഷിക്കുന്നു. ബിസ്കറ്റ്, മിഠായി, ചോക്ലേറ്റ്, സോസുകൾ തുടങ്ങിയ സംസ്‌കരിച്ച മധുരപലഹാരങ്ങളുടെ തീരുവ കുറയ്ക്കുന്നത് ഇടപാടിനെ കൂടുതൽ മധുരതരമാക്കുന്നു. തടസരഹിത സഹകരണത്തിലൂടെ ശീതീകരിച്ച ചെമ്മീൻ, കൊഞ്ച്, കണവ എന്നിവയുടെ കയറ്റുമതി വർധിക്കുമ്പോൾ മത്സ്യത്തൊഴിലാളികൾ സന്തോഷിക്കുന്നു.

ഇന്ത്യക്കാർക്ക് കൂടുതൽ അവസരങ്ങൾ

ടിഇപിഎ മുഖേന, നഴ്സിങ്, അക്കൗണ്ടൻസി, ആർക്കിടെക്ചർ മേഖലകളിലെ പരസ്പര അംഗീകാര കരാറുകൾക്ക് വഴിയൊരുങ്ങുന്നതോടെ സേവന മേഖലയ്ക്ക് ഉത്തേജനം ലഭിക്കുന്നു. ഇതിലൂടെ ഐടി, ബിസിനസ്, സാംസ്കാരിക, വിനോദ, വിദ്യാഭ്യാസ, ഓഡിയോ- വിഷ്വൽ സേവനങ്ങളുടെ വാതിലുകൾ ഇന്ത്യൻ പ്രൊഫഷണലുകൾക്കായി തുറക്കുന്നു. നിയന്ത്രണ കാര്യങ്ങളിൽ ചർച്ചകൾക്ക് മുൻകൈയെടുക്കന്നതിലൂടെ സാങ്കേതിക തടസങ്ങൾ കുറയുന്നു.

തടസങ്ങൾ ദൂരീകരിക്കുന്നു

ടിഇപിഎ തീരുവകളെ അതിജീവിക്കുകയും, ഭക്ഷ്യ സുരക്ഷ, സസ്യ- ജന്തു ജാലങ്ങളുടെ ആരോഗ്യം, ഉത്പന്ന ഗുണനിലവാരം, സുരക്ഷ, ഉപഭോക്തൃ സംരക്ഷണം എന്നിവയിൽ നീതിയുക്തവും സുതാര്യവുമായ നിയമങ്ങൾ നെയ്തെടുക്കുകയും ചെയ്യുന്നു. വ്യക്തമായ വിവര വിനിമയം, സ്ഥിരീകരണം, ഇറക്കുമതി പരിശോധനകൾ, സർട്ടിഫിക്കേഷനുകൾ എന്നിവ വ്യാപാര രംഗത്തെ കെണികളിൽ നിന്ന് സംരക്ഷണം ഉറപ്പാക്കുകയും ഇഎഫ്ടിഎയിലേക്കുള്ള ഇന്ത്യൻ ഉത്പന്നങ്ങളുടെ പാത സുഗമമാക്കുകയും ചെയ്യുന്നു. ഒപ്പം ആഭ്യന്തര നിലവാരം ഉയർത്താൻ വ്യവസായമേഖലയെ പ്രചോദിപ്പിക്കുന്നു.

നമ്മുടെ കർഷകരും ഉത്പാദകരും കീടനാശിനിരഹിത ഉത്പന്നങ്ങളും ആഗോള നിലവാരമുള്ള ഉത്പന്നങ്ങളും നിർമിച്ച് സുരക്ഷിതമായ കയറ്റുമതി ഉറപ്പാക്കും. അതു മുഖേന ആഭ്യന്തര ഗുണനിലവാരം ഉയർത്തും. കർശന പരിശോധനയും പാലനവും എന്നാൽ ഓരോ ഇന്ത്യൻ കുടുംബത്തിനും ആരോഗ്യകരമായ ഭക്ഷണവും വിശ്വസനീയമായ ഉത്പന്നങ്ങളും എന്നു കൂടിയാണ് അർഥമാക്കുന്നത്.

ശോഭനമായ ഭാവി

ശക്തമായ സാമ്പത്തിക ബന്ധങ്ങളിലൂടെ മൂല്യവത്തായ ആഗോള ഉത്പന്നങ്ങൾ ആസ്വദിക്കുന്ന ഉത്പാദകർ, സേവന ദാതാക്കൾ, സാധാരണ പൗരന്മാർ എന്നിവർക്കിടയിൽ ഈ കരാറുകൾ ഉത്സാഹം ഉണർത്തുന്നു. അതായത്, ടിഇപിഎ സുസ്ഥിരതയെ ഉൾക്കൊള്ളുന്നു, വളർച്ചയിലേക്ക് നയിക്കുന്ന വ്യാപാരത്തെ പിന്തുണയ്ക്കുന്നു, ദാരിദ്ര്യത്തിനെതിരേ പോരാടുന്നു, പരിസ്ഥിതിയെ സംരക്ഷിക്കുന്നു. പാരീസ് കരാറും ഐഎൽഒയുടെ അടിസ്ഥാന തത്വങ്ങളും ഊട്ടിയുറപ്പിച്ച് കാലാവസ്ഥാ പ്രവർത്തനം, ലിംഗസമത്വം, ജൈവവൈവിധ്യ സംരക്ഷണം, ന്യായ വേതനം, സുരക്ഷിത തൊഴിൽ, ഹരിത ഗ്രഹം എന്നീ മേഖലകളിൽ സഹകരണം വളർത്തുന്നു. ഹരിത സാങ്കേതിക കൈമാറ്റങ്ങളിലൂടെയും സഹകരണത്തിലൂടെയും, തൊഴിലാളികളെ കൈപിടിച്ചുയർത്തുന്നു, അസമത്വം കുറയ്ക്കുന്നു, കുട്ടികൾക്ക് അഭിവൃദ്ധിയുള്ള ഭാവി ഉറപ്പാക്കുന്നു. മോദിയുടെ ഇന്ത്യയിൽ ജനിക്കുന്ന ഒരു കുട്ടിക്ക് ആൽപ്‌സിന്‍റെയും (സ്വിറ്റ്സർലാന്‍റ്, ലിച്ചെൻ‌സ്റ്റൈൻ) അഗ്നിപർവതങ്ങളുടെയും ഹിമാനികളുടെയും (ഐസ്‌ലാൻഡ്) പാതിരാ സൂര്യന്‍റെയും (നോർവേ) നാട്ടിൽ ലഭിക്കുന്ന അതേ അവസരങ്ങൾ സ്വന്തം നാട്ടിലും ലഭിക്കുന്നു!

ഇന്ത്യയുടെ ഭാഗധേയം ഒറ്റപ്പെടലിന്‍റേതല്ല, സജീവ പങ്കാളിത്തത്തിന്‍റേതാണ്. സാംസ്കാരിക ഗരിമയുള്ള നമ്മുടെ ദേശത്തെ പൗരാണിക നാവികർ പ്രക്ഷുബ്ധ ജലാശയങ്ങളിലൂടെ ധൈര്യസമേതം സഞ്ചരിച്ചതിന്‍റെ അനന്തരഫലമായി ഇന്ന് 140 കോടി ഇന്ത്യക്കാർ ആത്മവിശ്വാസത്തോടെയും ദൃഢനിശ്ചയത്തോടെയും ഐക്യത്തോടെയും ഉയർന്നുവരുന്നു. ആഗോള സ്വാധീനം വിപുലീകരിക്കുക, വിദ്യാഭ്യാസത്തിലൂടെയും ഡിജിറ്റൽ വിപ്ലവത്തിലൂടെയും ശാക്തീകരിക്കുക, സുസ്ഥിര ഭാവി കെട്ടിപ്പടുക്കുക എന്നിവയാണ് നമ്മുടെ ലക്ഷ്യം. വാണിജ്യ- വ്യാപാര മേഖലകളിൽ നേതൃസ്ഥാനത്ത് വിരാജിച്ചിരുന്ന ഇന്ത്യയുടെ ഗതകാല പ്രൗഢി കൂട്ടായ പ്രവർത്തനത്തിലൂടെ നമുക്ക് പുനഃസ്ഥാപിക്കാം. ഇവിടെ വ്യാപാരവും സാങ്കേതികവിദ്യയും മാനവരാശിയെ സേവിക്കുന്നു, നൂതനാശയങ്ങളും സർവാശ്ലേഷിത്വവും കൈകോർത്ത് മുന്നേറുന്നു.

(കേന്ദ്ര വാണിജ്യ- വ്യവസായ മന്ത്രിയാണ് ലേഖകൻ)

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com