മലയോര ജനതയുടെ മാഗ്നാ കാര്‍ട്ട

ഇടുക്കിയുടെ ജനപ്രതിനിധി എന്ന നിലയില്‍ എന്‍റെ യാത്ര കാല്‍നൂറ്റാണ്ടിനോട് അടുക്കുകയാണ്.
മലയോര ജനതയുടെ മാഗ്നാ കാര്‍ട്ട

റോഷി അഗസ്റ്റിന്‍

ജലവിഭവ മന്ത്രി

റോഷിയേ... എന്ന വിളിക്കപ്പുറം ഞാനുണ്ടെന്ന വിശ്വാസമാണ് ഇടുക്കിയിലെ ജനങ്ങള്‍ക്ക്. മണ്ഡലത്തിലൂടെയുള്ള യാത്രകളില്‍ ഈ വിളി സ്ഥിരമായി കേള്‍ക്കുന്നതുമാണ്. ഔസേപ്പച്ചനോ തോമാച്ചന്‍ ചേട്ടനോ ഗോപാലനോ ഒക്കെയാകാം ആ ശബ്ദത്തിനു പിന്നില്‍. ആ വിളികള്‍ പലപ്പോഴും സ്വന്തം ഭൂമിയില്‍ നിര്‍മിച്ച കെട്ടിടം കൈവിട്ടു പോകുമോ എന്ന ആശങ്കയാകാം. അല്ലെങ്കില്‍ പണിത കടമുറി സര്‍ക്കാര്‍ പൊളിച്ചു കളയുമോ എന്ന ഭയമാകാം. ഭൂപതിവ് നിയമ ഭേദഗതി ബില്‍ ഇക്കഴിഞ്ഞ നിയമസഭയില്‍ പാസായപ്പോള്‍ അത് ഇടുക്കിയിലെ ആയിരക്കണക്കിന് കര്‍ഷകര്‍ക്ക് ആശ്വാസത്തിന്‍റെ പുതുജീവനാണ് ലഭിച്ചത്.

ഇടുക്കിയുടെ ജനപ്രതിനിധി എന്ന നിലയില്‍ എന്‍റെ യാത്ര കാല്‍നൂറ്റാണ്ടിനോട് അടുക്കുകയാണ്. 2001ല്‍ ഈ നാടിന്‍റെ പ്രതിനിധിയായി എന്നെ സഭയിലേക്ക് അയച്ച ജനത ഇന്നും അതേ ഊഷ്മളതയോടെ എന്നെ അവരെ പ്രതിനിധീകരിക്കാന്‍ അവസരം തരുമ്പോള്‍ ആ സ്‌നേഹം മടക്കി നല്‍കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്. ഇടുക്കിക്കും അവിടുത്തെ ജനങ്ങള്‍ക്കു വേണ്ടിയും സാധ്യമായതെന്തും ചെയ്യാന്‍ പ്രതിജ്ഞാബദ്ധനാണ്. മണ്ഡലത്തിലെ ഓരോരുത്തരെയും പേരെടുത്ത് വിളിച്ചു സംസാരിക്കാനുളള അടുപ്പം എനിക്കുണ്ട്. അവരുടെ ജീവിതത്തിലെ വലിയ ആവശ്യമായിരുന്നു പട്ടയം കിട്ടിയ ഭൂമി സ്വതന്ത്രമായി ഉപയോഗിക്കുക എന്നത്.

ഇടുക്കിയിലുള്ളവര്‍ക്ക് തുല്യനീതി വേണ്ടേ?

ഇടുക്കിയിലെ ജനങ്ങളുടെ ജീവിതം അളക്കാന്‍ നഗരങ്ങളില്‍ ജീവിക്കുന്ന പരിസ്ഥിതിവാദികള്‍ തുനിഞ്ഞിറങ്ങുന്നിടത്താണ് പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്. പരിസ്ഥിതി സംരക്ഷിക്കണമെന്നതില്‍ തര്‍ക്കമില്ല. ഒപ്പം, ഇടുക്കിയില്‍ ജീവിക്കുന്ന മനുഷ്യര്‍ക്ക് മനുഷ്യരായി ജീവിക്കുന്നതിനുള്ള അവകാശവും കണ്ടില്ലെന്ന് നടിക്കരുത്. അംബരചുംബികളായ ഫ്ലാറ്റുകളില്‍ വിരല്‍ത്തുമ്പില്‍ എല്ലാ സുഖസൗകര്യങ്ങളുമുള്ളവര്‍ ഹൈറേഞ്ചിന്‍റെ സൗന്ദര്യം തകര്‍ക്കരുതെന്ന് വാദിച്ചു രംഗത്തുവരുന്നതിലെ അനൗചിത്യം കണ്ടില്ലെന്ന് നടിക്കരുത്. അവര്‍ക്ക് അവധി ആഘോഷിക്കാനുള്ള സ്ഥലം മാത്രമാണ് ഹൈറേഞ്ച്.

ഇടുക്കിയിലെ 8 വന്യജീവി സങ്കേതങ്ങളുടെ ഇടയിലെല്ലാം ജനവാസമുണ്ട്. അതൊന്നും കൈയേറ്റമല്ല. റവന്യൂ വകുപ്പില്‍ നിന്ന് ഏതെങ്കിലും കാലത്ത് ലഭിച്ചിട്ടുള്ള എന്തെങ്കിലുമൊക്കെ രേഖകള്‍ പിന്നീട് അസാധുവാക്കപ്പെടുകയോ കോടതി നടപടികളിലൂടെ സാധുത നഷ്ടപ്പെടുകയോ ഒക്കെ ചെയ്യുമ്പോഴാണ് കൈയേറ്റമായി വ്യാഖ്യാനിക്കപ്പെടുന്നത്. അതൊക്കെ നിയമവിരുദ്ധ കുടിയേറ്റം എന്ന് അവതരിപ്പിക്കുന്നവര്‍ക്ക് പിന്നില്‍ വ്യക്തമായ അജൻഡയുണ്ടെന്ന് സംശയിച്ചാല്‍ കുറ്റപ്പെടുത്താന്‍ കഴിയില്ല.

ഇടുക്കിയിലെ ജനങ്ങളുടെ ദുരിതത്തിന് 6 പതിറ്റാണ്ടിന്‍റെ ദൈര്‍ഘ്യമുണ്ട്. കൈവശ ഭൂമിക്ക് പട്ടയം ലഭിക്കുക എന്നുള്ളതും അത് മറ്റുള്ളവരെ പോലെ യഥേഷ്ടം വിനിയോഗിക്കുവാനുള്ള അധികാരം ലഭിക്കുകയെന്നതും അവരുടെ സ്വപ്‌നമാണ്. രാഷ്‌ട്രീയത്തിനതീതമായി ഒരുമിച്ചു നിന്ന് നേടിയെടുക്കേണ്ട അവകാശമായാണ് എന്നും ഇതിനെ ഞാന്‍ നോക്കിക്കണ്ടിട്ടുള്ളത്.

ഇടുക്കിയിലെ കര്‍ഷകര്‍ക്ക് കൂടുതല്‍ കൈവശ പട്ടയം ലഭിച്ചത് കെ.എം. മാണി റവന്യൂ മന്ത്രി ആയിരുന്നപ്പോഴാണ്. 1993ലെ പട്ടയ വിതരണം കെ.എം. മാണി എന്ന ഇച്ഛാശക്തിയുള്ള നേതാവിന്‍റെ വ്യക്തിപരമായ വിജയമായിരുന്നു. കേന്ദ്ര വന നിയമം പറഞ്ഞ് ഉടക്കിട്ടു നിന്ന മുഖ്യമന്ത്രി കെ. കരുണാകരനെ വെല്ലുവിളിച്ച് കേന്ദ്രമന്ത്രി കമല്‍നാഥില്‍ നിന്നും പ്രത്യേക ഉത്തരവ് വാങ്ങി നിയമസഭയുടെ മേശപ്പുറത്ത് ഹാജരാക്കിയത് ഇടുക്കിയിലെ കര്‍ഷകന് ഇന്നും നിറഞ്ഞു നില്‍ക്കുന്ന ഓര്‍മയാണ്. നിയമ നൂലാമാലകള്‍ പറഞ്ഞ് പലതവണ പട്ടയവിതരണം തടസപ്പെടുത്തിയപ്പോഴും തിരുവാങ്കുളം നേച്ചര്‍ സൊസൈറ്റിയുടെ പേരില്‍ പലവുരു കോടതിയില്‍ നിന്നും സ്റ്റേ വാങ്ങി തടസപ്പെടുത്തിയപ്പോഴും പട്ടയ വിതരണം ചെയ്യുവാന്‍ സാധിച്ചത് കെ.എം. മാണി എന്ന നേതാവിന്‍റെ ഇച്ഛാശക്തിയുടെ വിജയമാണ്.

എന്നാല്‍, ജീവിത സാഹചര്യങ്ങള്‍ മാറിയപ്പോള്‍ കൂടുതല്‍ ആവശ്യങ്ങളായി. പട്ടയ ഭൂമി സ്വതന്ത്രമായി ഉപയോഗിക്കാനുള്ള അവകാശം വേണമെന്ന സാഹചര്യമായി. പരിസ്ഥിതി സ്‌നേഹികളുടെ ഇടപെടലില്‍ കൈവശ ഭൂമിയില്‍ നിര്‍മാണ നിരോധനം ഏര്‍പ്പെടുത്തുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങളെത്തിയപ്പോള്‍ കുടിയേറ്റ ജനതയുടെ മനസു തകര്‍ന്നു. നിയമവും ചട്ടവും മാറാതെ പറ്റില്ലെന്ന് പരമോന്നത കോടതിയും വിധിച്ചു. നിലവിലുള്ള ഭൂപതിവു നിയമം ഭേദഗതി ചെയ്ത് പുതിയ ചട്ടങ്ങള്‍ നിര്‍മിക്കണം എന്ന ആവശ്യവുമായി അങ്ങനെയാണ് ഞങ്ങള്‍ ഇറങ്ങിയത്.

നിയമമായി, ഇനി ചട്ടം

ആദ്യകാലങ്ങളില്‍ കാര്‍ഷികവൃത്തി മാത്രം ആശ്രയിച്ചായിരുന്നു കുടിയേറ്റക്കാരന്‍റെ നിലനിൽപ്പ്. പിന്നീട് അതുകൊണ്ടു മാത്രമുള്ള ജീവിതം അസാധ്യമായി വന്നു. ആരാധനാലയങ്ങളും സ്‌കൂളുകളും മറ്റ് ജീവിതാവശ്യങ്ങളും ജീവിതത്തിന്‍റെ ഭാഗമായി. അപ്പോഴാണ് കാര്‍ഷികേതര ആവശ്യങ്ങളുടെ പ്രാധാന്യം അവന്‍ തിരിച്ചറിഞ്ഞത്.

തെറ്റിദ്ധാരണകള്‍ മാറി ഭൂനിയമം നിയമസഭ ഒറ്റക്കെട്ടായാണ് പാസാക്കിയത്. ബില്‍ കീറിയെറിഞ്ഞവരും കത്തിച്ചവരും ഉദ്ദേശ്യശുദ്ധി മനസിലാക്കി സര്‍ക്കാരിനൊപ്പം നിന്നു. ഭൂപതിവ് ഭേദഗതി നിയമ ബില്ല് ഐകകണ്ഠേന പാസായതോടെ 6 പതിറ്റാണ്ട് നീണ്ടുനിന്ന ആശങ്കയ്ക്കാണ് അവസാനമായിരിക്കുന്നത്. നിയമം പാസായ ദിവസം വരെയുള്ള എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും ക്രമവല്‍ക്കരിക്കും. ഒരര്‍ഥത്തില്‍ ഹൈറേഞ്ചിലെ അടക്കം കേരളത്തിലെ മുഴുവന്‍ കുടിയേറ്റ കര്‍ഷകരുടെയും മാഗ്നാ കാര്‍ട്ടയാണ് ഇത്.

വൈതരണികള്‍ ഒരുപാടുണ്ടായി. നിരവധി തടസവാദങ്ങള്‍ പല സ്ഥലങ്ങളില്‍ നിന്നും ഉയര്‍ന്നു വന്നു. അപ്പോഴെല്ലാം മുഖ്യമന്ത്രി പിണറായി വിജയനും റവന്യൂ മന്ത്രി എ.കെ. രാജനും ഒപ്പം നിന്നു. ഇടുക്കി ജില്ലയില്‍ നിന്നുള്ള എം.എം. മണി ഉള്‍പ്പെടുന്ന എംഎല്‍എമാരും എല്‍ഡിഎഫ് നേതൃത്വവും ഒരേ മനസോടെ നിന്നു. തടസങ്ങള്‍ ഓരോന്നായി നീക്കി.

1960ലെ ഭൂപതിവ് നിയമ പ്രകാരം 64ലും 93ലും രൂപീകരിച്ച ചട്ടങ്ങള്‍ പ്രകാരം നല്‍കിയ ഭൂമി പട്ടയ വ്യവസ്ഥയ്ക്കു വിരുദ്ധമായി മറ്റ് ആവശ്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്തിയാല്‍ പട്ടയം റദ്ദാക്കി തിരിച്ചുപിടിക്കണമെന്നാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്. അതായത് പട്ടയ ഭൂമിയില്‍ വീടു വയ്ക്കാനും, കൃഷിയിറക്കാനും, കൃഷി അനുബന്ധ ഗുണപരമായ വിനിയോഗത്തിനും മാത്രമാണ് പട്ടയം അവകാശം നല്‍കുന്നത്.

2016ല്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ പ്രകാരം റവന്യൂ അധികാരികളുടെ എന്‍ഒസി ഇല്ലാതെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പാടില്ല എന്നു നിഷ്‌കര്‍ഷിച്ചു. ഇതിനെതിരേ പല കക്ഷികളും കോടതിയെ സമീപിക്കുകയും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സംസ്ഥാന വ്യാപകമായി നിര്‍മാണ നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്യുന്ന സാഹചര്യവുമുണ്ടായി.

ഇതിനെതിരേ സുപ്രീം കോടതിയില്‍ എസ്എല്‍പി ഫയല്‍ ചെയ്തുവെങ്കിലും ഇതു തള്ളി ഡിവിഷന്‍ ബെഞ്ചിന്‍റെ ഉത്തരവ് ശരിവയ്ക്കുകയാണുണ്ടായത്. ഈ അവസരത്തില്‍ പരിപൂര്‍ണ നിര്‍മാണ നിരോധനം എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തുന്ന സ്ഥിതിവിശേഷമുണ്ടായി. ഇതില്‍ നിന്നു വ്യതിചലിക്കുന്ന ഭൂവുടമകളുടെ പട്ടയം റദ്ദ് ചെയ്യണം എന്ന തരത്തിലുള്ള പരാമര്‍ശം സുപ്രീം കോടതി നടത്തുകയും ചെയ്തു. അല്ലാത്തപക്ഷം സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപെട്ട് 1960ലെ ആക്റ്റിലും അനുബന്ധ ചട്ടങ്ങളിലും സമഗ്രമായ ഭേദഗതി വരുത്തി ക്രമവല്‍ക്കരിച്ച് നിയമമുണ്ടാക്കാന്‍ സര്‍ക്കാരിന് 2020ല്‍ നിര്‍ദേശം നല്‍കി. ഒരര്‍ഥത്തില്‍ ഭൂവിഷയത്തില്‍ സുപ്രീം കോടതി തന്നെയാണ് സര്‍ക്കാരിന് വഴികാട്ടിയിരിക്കുന്നത്. ഭേദഗതി ബില്‍ സഭയില്‍ കൊണ്ടുവന്നിരിക്കുന്നതും അതിന്‍റെ ചുവടുപിടിച്ചാണ്.

ചട്ടങ്ങളിലെ വ്യവസ്ഥയില്‍ മാറ്റം വരുത്തിയാല്‍ ഇനി നല്‍കുന്ന പട്ടയങ്ങള്‍ക്കു മാത്രമാകും അതു ബാധകമാവുക. മുന്‍പ് നല്‍കിയ പട്ടയങ്ങള്‍ക്ക് സാധുത ലഭിക്കില്ല. ചട്ടങ്ങളിലെ വ്യവസ്ഥ മുന്‍കാല പ്രാബല്യത്തോടെ എടുത്തു കളഞ്ഞാല്‍ മതിയെന്ന വാദവും നിലനില്‍ക്കില്ല. നിയമം അതിന് പരിരക്ഷ നല്‍കില്ല.

പഴയ പട്ടയങ്ങളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിയമ വിരുദ്ധമായിത്തന്നെ നിലനില്‍ക്കുകയാകും ഫലം. അതു മാറ്റി ക്രമപ്പെടുത്തണമെങ്കില്‍ നിയമത്തില്‍ തന്നെ മാറ്റം വരുത്തിയാലേ ഇതിന്‍റെ ഉദ്ദേശം സാധൂകരിക്കൂ. അല്ലാത്തപക്ഷം 1964, 94 ചട്ടങ്ങള്‍ പ്രകാരം നല്‍കിയ പട്ടയ ഭൂമിയില്‍ വ്യവസ്ഥകള്‍ക്കു പുറത്തുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളോ മറ്റോ നടത്തിയാല്‍ ക്രമപ്പെടുത്താന്‍ വകുപ്പില്ല. അതുകൊണ്ടാണ് ആക്റ്റിലും റൂളിലും സമഗ്രമായ മാറ്റങ്ങള്‍ വരുത്തണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചത്. സുപ്രീം കോടതിയുടെയും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്‍റെയും വിധി വന്ന പശ്ചാത്തലത്തില്‍ മറ്റൊരു പോംവഴിയും സര്‍ക്കാരിന് മുന്നില്‍ ഇല്ലാത്ത സാഹചര്യവും വന്നു.

ഈ വിവരങ്ങളൊന്നും അറിയാത്തതു കൊണ്ടല്ല, മറിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാകും ഈ വാദങ്ങള്‍ ഉന്നയിക്കുന്നത്. മറിച്ചുള്ള പ്രചാരണം തെറ്റിദ്ധരിപ്പിക്കുക എന്ന ലക്ഷ്യം മാത്രം വച്ചുകൊണ്ടുള്ളതാണ്. ആക്റ്റിനെ ഇല്ലായ്മ ചെയ്തുകൊണ്ടുള്ള ചട്ടനിര്‍മാണം ഒരിക്കലും കഴിയില്ല. ഈ സാഹചര്യത്തിലാണ് നിയമം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ആക്റ്റിന്‍റെ സ്പിരിറ്റ് ഇതാണ്.

ആക്റ്റ് എന്നത് ഒരു അസ്ഥികൂടമാണ്. മജ്ജയും മാംസവും ചട്ടങ്ങളാണ്. പക്ഷേ സ്‌കെല്‍റ്റണില്‍ നിന്നു കൊണ്ടുമാത്രമേ മജ്ജയും മാംസവും നല്‍കാന്‍ കഴിയൂ. ചട്ടങ്ങള്‍ ഉണ്ടാക്കുമ്പോള്‍ ആര്‍ക്കെങ്കിലും ആശങ്കയുണ്ടെങ്കില്‍ അതു പരിഗണിക്കാനും ആശങ്കകള്‍ പരിഹരിച്ച് ചട്ടങ്ങള്‍ നിര്‍മിക്കാനും കഴിയും. അതിനു പകരം ബില്‍ തന്നെ എതിര്‍ക്കുന്നത് തികച്ചും രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെയാണ്. ആത്യന്തികമായി അതു കര്‍ഷക വിരുദ്ധമാണ്.

അഞ്ചും ആറും തലമുറകള്‍ക്ക് മുമ്പു തന്നെ രണ്ടാം ഇടുക്കി കുടിയേറ്റ കാലം മുതല്‍ കൈവശം വച്ച് കൃഷി ചെയ്ത് വരുന്ന ഭൂമികളില്‍ സമാധാനപൂര്‍ണമായി, നിര്‍ഭയമായി കൈകാര്യം ചെയ്തു ജീവിക്കാന്‍ അവസരം ഒരുക്കി നല്‍കിയാല്‍ ഈ മണ്ണില്‍ പൊന്ന് വിളയും. ടൂറിസം സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയാല്‍ ഈ സ്വര്‍ഗത്തിലേക്ക് വിദേശികള്‍ അടക്കം ഒഴുകിയെത്തും. ഹൈറേഞ്ചിലെ കര്‍ഷകന്‍റെ ജീവിതവും പുതിയ തലത്തിലേക്ക് ഉയരും. അവനും കിനാവു കാണാന്‍ കഴിയും, നല്ല നിറമുള്ള ജീവിതത്തിന്‍റെ. അല്ലാത്തപക്ഷം കുടിയേറ്റം രക്തത്തില്‍ അലിഞ്ഞ അവന്‍ പുതിയ ഭൂമിക തേടി യാത്രയാകും. നഷ്ടം നമുക്കു മാത്രമാകും.

കുടിയേറ്റമാണ്, കൈയേറ്റമല്ല

ഇടുക്കിയിലെ കുടിയേറ്റക്കാരെ കൈയേറ്റക്കാരെന്ന തരത്തിലാണ് പലരും വിവക്ഷിക്കുന്നത്. കുടിയേറ്റവും കൈയേറ്റവും രണ്ടാണ്. അതിന് ഇടുക്കിയുടെ ചരിത്രമറിയണം. ഇടുക്കിയിലെ കുടിയേറ്റങ്ങളെ പ്രധാനമായും നാലു ഘട്ടങ്ങളായി തരംതിരിക്കാം. നാലു തവണയും ജനം സ്വന്തം താത്പര്യത്തിന് വനം വെട്ടിപ്പിടിച്ചു കയറുകയായിരുന്നില്ല എന്നു മനസിലാക്കണം. ഭരണവര്‍ഗങ്ങള്‍ നാടിന്‍റെ വിശാല താത്പര്യം മുന്‍നിര്‍ത്തി അവരെ അവിടേക്ക് പറിച്ചു നടുകയായിരുന്നു എന്നതാണ് വസ്തുത.

തമിഴ് രാജകുടുംബാംഗമായിരുന്ന മന്നവേന്ദ്ര മഹാദേവന്‍ എഡി 1300കളില്‍ മേല്‍ മലനാടും കീഴ്മലനാടും വിലയ്ക്കു വാങ്ങി ഉണ്ടാക്കിയ പൂഞ്ഞാര്‍ രാജവംശമാണ് ഇടുക്കിയുടെ ഒന്നാം ഉടമസ്ഥര്‍. 1822ല്‍ തിരുവിതാംകൂര്‍ റീജന്‍റ് റാണി ഗൗരി പാര്‍വതി ഭായിയാണ് രണ്ടാം ഇടുക്കി കുടിയേറ്റത്തിനു പച്ചക്കൊടി കാണിച്ചത്. രാജ്യത്തിന് വരുമാനവും വിദേശ നാണ്യവും നേടാൻ സാമന്തരാജ്യമായിരുന്ന പൂഞ്ഞാറിന്‍റെ കിഴക്കന്‍ മലകളിലേക്ക് മധ്യതിരുവിതാംകൂറിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്ന് കര്‍ഷകരെ അടക്കം അവിടെ എത്തിക്കുകയായിരുന്നു. അങ്ങനെ ഇവിടെ കൃഷി ചെയ്തുണ്ടാക്കുന്ന ഏലവും കുരുമുളകും വിദേശത്തേക്കു കയറ്റിയയച്ച് ലഭിച്ച വിദേശനാണ്യ ശേഖരമാണ് തിരുവിതാംകൂറിനെ അക്കാലത്ത് ലോകത്തിലെ ഏറ്റവും സമ്പന്ന നാട്ടുരാജ്യങ്ങളിലൊന്നാക്കി മാറ്റിയതും.

ഒന്നാം ലോക മഹായുദ്ധത്തിനു ശേഷമാണ് കുടിയേറ്റത്തിന്‍റെ മൂന്നാം ഘട്ടം. 1930ലുണ്ടായ ആഗോള ഭക്ഷ്യക്ഷാമമാണ് ഇടുക്കിയിലേക്കുള്ള കര്‍ഷക കുടിയേറ്റത്തിന് കാരണമായത്. യുദ്ധാനന്തരം നാടൊട്ടുക്കും പട്ടിണിയായപ്പോള്‍ ഭക്ഷ്യ സാധനങ്ങള്‍ ഉല്‍പാദിപ്പിക്കാന്‍ കര്‍ഷകരെ തിരഞ്ഞു പിടിച്ച് വീണ്ടും ഇടുക്കിയിലേക്ക് എല്ലാ സഹായങ്ങളും നല്‍കി കുടിയേറ്റി പാര്‍പ്പിച്ചു. അന്ന് തിരുവിതാംകൂറും കൊച്ചിയും ചേര്‍ന്ന തിരുക്കൊച്ചി രാജ്യമാണ് ഇതിന് ആവശ്യമായ ഉത്തരവുകള്‍ ഇറക്കിയത്.

ഭക്ഷ്യവിഭവങ്ങള്‍ക്കായി കൃഷി വ്യാപകമാക്കാനും തരിശ് നിലങ്ങളില്‍ കൃഷിയിറക്കാനും അന്നത്തെ ഭരണസംവിധാനം പ്രോത്സാഹന പദ്ധതികളാരംഭിച്ചു. ഇടുക്കിയിലെ വനഭൂമിയില്‍ ഭക്ഷ്യവിളകള്‍ കൃഷിചെയ്യാന്‍ സര്‍ക്കാര്‍ രേഖാമൂലം അനുവാദം നല്‍കുന്നത് ഈ കാലയളവിലായിരുന്നു.

സ്വാതന്ത്ര്യലബ്ധിയ്ക്കു ശേഷം ഊര്‍ജിത ഭക്ഷ്യോത്പാദന പദ്ധതി പ്രകാരവും 1956ല്‍ ഹൈറേഞ്ച് കോളനൈസേഷന്‍ പദ്ധതി പ്രകാരവും ആളുകള്‍ ജില്ലയിലേക്ക് കുടിയേറപ്പെട്ടത് നാലാംഘട്ടം. ഭാഷയുടെ അടിസ്ഥാനത്തില്‍ കേരള സംസ്ഥാനം രൂപീകരിച്ചു. തമിഴ് സംസാരിക്കുന്ന ജനങ്ങള്‍ കൂടുതല്‍ അധിവസിക്കുന്നതിനാല്‍ ഭാഷാ അടിസ്ഥാനത്തില്‍ തിരിക്കുമ്പോള്‍ തമിഴ്നാടിനോട് ചേര്‍ക്കപ്പെടേണ്ടിയിരുന്ന മൂന്നാറിലും ഉടുമ്പന്‍ചോലയിലും കല്ലാറിലുമൊക്കെ നാട്ടില്‍ നിന്ന് ആളുകളെ നിര്‍ബന്ധിച്ചു കൊണ്ടു പോയി സ്ഥലം സൗജന്യമായി കൊടുത്ത് കുടിയിരുത്തിയാണ് നാലാം ഇടുക്കി കുടിയേറ്റം നടത്തുന്നത്. പട്ടം താണുപിള്ള മന്ത്രിസഭയുടെ കാലത്ത് ആയതിനാല്‍ "പട്ടം കോളനി' എന്നാണ് ആ കുടിയേറ്റ സ്ഥലങ്ങള്‍ അറിയപ്പെടുന്നത്. ഇടുക്കി അണക്കെട്ട് അടക്കം പന്ത്രണ്ടോളം ജലസംഭരണികള്‍ കേരളത്തിന്‍റെ ഭാഗമായി മാറിയത് കുടിയേറ്റ ജനതയുടെ ത്യാഗം കൊണ്ടുമാത്രമാണ്.

പ്രതികൂല കാലാവസ്ഥയോടും വന്യജീവികളോടും പടപൊരുതിയും വനപ്രദേശങ്ങളിലെ ദുഃസഹ ജീവിതം അതിജീവിച്ചുമാണ് അവര്‍ ജീവിതം പടുത്തുയര്‍ത്തിയത്. നെല്ലും കപ്പയും കാച്ചിലും ചേമ്പുമെല്ലാം നട്ടുവളര്‍ത്തിയും കന്നുകാലി വളര്‍ത്തിയുമെല്ലാം അവര്‍ അതിജീവനത്തിനു പടപൊരുതി. പട്ടിണി മാര്‍ച്ചും കുടിയിറക്കുമായി ബന്ധപ്പെട്ട എ.കെ.ജിയുടെ അമരാവതി സമരവുമെല്ലാം കുടിയേറ്റ ജനതയുടെ ചരിത്രമാണ്.

അക്കാലത്ത് എല്ലാ നിയമങ്ങളും ഉണ്ടാക്കിയത് കൃഷി സംരക്ഷിക്കാനും ജനങ്ങള്‍ കൃഷി ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കാനുമായിരുന്നു. അങ്ങനെ കാലാകാലങ്ങളില്‍ നിയമ പിന്‍ബലത്തില്‍ നിയമപരമായിത്തന്നെ കുടിയേറിയ ഒരു ജനതയാണ് ഇന്നത്തെ ആധുനിക ഇടുക്കി കര്‍ഷകര്‍. കാട് വെട്ടിപ്പിടിച്ച് ഹീറോയിസം കാണിക്കുന്നതൊക്കെ സിനിമയിലെ കുടിയേറ്റ കര്‍ഷകര്‍ മാത്രമാണ്. യഥാർഥ കര്‍ഷകന്‍ ഇന്നും മണ്ണിനോടും കാട്ടുമൃഗങ്ങളോടും മല്ലിട്ടാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com