'കോഡുകള്‍' കഥ പറയുമ്പോള്‍

ആശയവിനിയമയത്തിലും വിവര സംസ്‌കരണത്തിലും അക്ഷരങ്ങള്‍, വാക്കുകള്‍, ശബ്ദം, ചിത്രം, ചേഷ്ടകള്‍ എന്നീ വിവരങ്ങളെ മറ്റു രൂപങ്ങളിലേക്കു മാറ്റാനുളള നിയമാവലിയാണ് കോഡ്
special article by sudheernath

'കോഡുകള്‍' കഥ പറയുമ്പോള്‍

representative image

Updated on

വിജയ് ചൗക്ക്| സുധീര്‍ നാഥ്

നമ്മള്‍ ഡിജിറ്റല്‍ ആയപ്പോള്‍ നിരന്തരം സംസാരിക്കുന്ന ഒരു വാക്കായി "കോഡ്'' എന്നത് മാറിയിരിക്കുന്നു. ആശയവിനിയമയത്തിലും വിവര സംസ്‌കരണത്തിലും അക്ഷരങ്ങള്‍, വാക്കുകള്‍, ശബ്ദം, ചിത്രം, ചേഷ്ടകള്‍ എന്നീ വിവരങ്ങളെ മറ്റു രൂപങ്ങളിലേക്കു മാറ്റാനുളള നിയമാവലിയാണ് കോഡ്. മുന്‍പ് കോഡുകള്‍ എന്നാല്‍ സേനകളും വിപ്ലവകാരികളും ഭരണകൂടവിരുദ്ധരും ഭീകരവാദികളും മറ്റും ഉപയോഗിച്ചിരുന്ന രഹസ്യ ആശയവ്യവഹാരം എന്നാണ് പൊതുവേ പറഞ്ഞിരുന്നത്. കാമുകീകാമുകന്മാര്‍ക്കിടയിലും പണ്ടു കോഡ് ഭാഷ ഉണ്ടായിരുന്നു! ഇരുവരും ചില കോഡു ഭാഷകളിലാണ് പ്രണയലേഖനങ്ങള്‍ എഴുതിയിരുന്നതെന്നും, മറിച്ചും അങ്ങനെ തന്നെയായിരുന്നു എന്നും പഴമക്കാർക്കറിയാം. അത് മുതിര്‍ന്നവരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും സ്വകാര്യത സൂക്ഷിക്കാനായിരുന്നു. കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവി കോളെജിൽ പഠിക്കവെ സഹപാഠിയായ മേഴ്‌സിക്ക് കോഡ് ഭാഷയില്‍ കത്തെഴുതിയിരുന്നത്രെ. ആ ഭാഷ തങ്ങള്‍ക്കു മാത്രം അറിയാവുന്നതായിരുന്നു എന്നും അദ്ദേഹം പറയാറുണ്ട്. ഇത്തരത്തില്‍ രണ്ടുപേര്‍ക്കു മാത്രം അറിയുന്ന നിരവധി കോഡ് ഭാഷകള്‍ നമ്മുടെ നാടുകളില്‍ ഉണ്ടായിരുന്നു.

പ്രശസ്തമായ "ലാല്‍സലാം' എന്ന മോഹൻലാൽ സിനിമയില്‍ കമ്യൂണിസ്റ്റ് നേതാക്കള്‍ പരസ്പരം പറഞ്ഞിരുന്ന ഒരു കോഡ് ഭാഷ പ്രശസ്തമാണ്. രഹസ്യവിവരവുമായി എത്തിയ ആൾ "ബീഡിയുണ്ടോ സഖാവേ ഒരു തീപ്പെട്ടി എടുക്കാന്‍' എന്നു പറഞ്ഞതിന് മറുപടിയായി "തീപ്പെട്ടിയുണ്ടോ സഖാവേ ഒരു ബീഡി എടുക്കാന്‍' എന്നതായിരുന്നു കോഡ് ഭാഷ. ഇരുവരും കമ്മ്യൂണിസ്റ്റുകാരാണ് എന്ന് തെളിയിക്കാനാണ് ഇങ്ങനെ ആ ഭാഷ ഉപയോഗിച്ചത്. ഇത്തരം നിരവധി കോഡ് പ്രയോഗങ്ങള്‍ പൊലീസ് പിടിയിൽ അകപ്പെടാതിരിക്കാൻ അടിയന്തരാവസ്ഥക്കാലത്ത് കമ്യൂണിസ്റ്റുകാരും ആർഎസ്എസുകാരും വ്യാപകമായി ഉപയോഗിച്ചിരുന്നു.

പോസ്റ്റ് ഓഫിസ് കോഡുകള്‍ ജനകീയവും രാജ്യത്തിലാകെ പ്രചാരമുള്ളതുമാണ്. ഇന്ന് ആ കോഡുകള്‍ അത്ര പ്രാധാന്യമില്ലാതായത് സാങ്കതിക രംഗം വളര്‍ന്നതിനാലാണ്. 1972 ഓഗസ്റ്റ് 15ന് ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ ആശയവിനിമയ മന്ത്രാലയത്തിലെ അഡിഷണല്‍ സെക്രട്ടറിയായിരുന്ന ശ്രീറാം ഭികാജി വേലാങ്കര്‍ ആണ് പോസ്റ്റൽ ഇൻഡക്സ് നമ്പർ അഥവാ പിന്‍ എന്ന കോഡ് സംവിധാനം അവതരിപ്പിച്ചത്. തെറ്റായ വിലാസങ്ങള്‍, സമാനമായ സ്ഥലനാമങ്ങള്‍, ജനങ്ങള്‍ ഉപയോഗിക്കുന്ന വ്യത്യസ്ത ഭാഷകള്‍ എന്നിവയിലെ ആശയക്കുഴപ്പം ഒഴിവാക്കി, തപാല്‍ തരംതിരിക്കലും വിതരണവും ലളിതമാക്കാനാണ് ആ ബൃഹത്തായ സംവിധാനം അവതരിപ്പിച്ചത്.

എല്ലാ സംസ്ഥാനങ്ങളേയും കേന്ദ്ര ഭരണപ്രദേശങ്ങളേയും 8 പിന്‍ മേഖലകളായി തിരിച്ചിരിക്കുന്നു. പിന്‍കോഡിലെ ആദ്യ അക്കം പോസ്റ്റ് ഓഫീസ് ഈ 8 മേഖലകളില്‍ ഏതില്‍ ഉള്‍പ്പെടുന്നു എന്നു സൂചിപ്പിക്കുന്നു. പോസ്റ്റ് ഓഫിസ് ഉള്‍പ്പെടുന്ന ഉപമേഖലയെ പ്രതിനിധാനം ചെയ്യുന്നതാണ് രണ്ടാമത്തെ അക്കം. ഒരു പോസ്റ്റ് ഓഫിസിലേക്കുള്ള തപാല്‍ ഉരുപ്പടികള്‍ വര്‍ഗീകരിക്കുന്ന സോര്‍ട്ടിങ് ജില്ലയെ മൂന്നാം അക്കം സൂചിപ്പിക്കുന്നു. അവസാനത്തെ മൂന്ന് അക്കങ്ങള്‍ ഒരോ പോസ്റ്റ് ഓഫിസിനേയും പ്രതിനിധീകരിക്കുന്നു. 2013 സെപ്റ്റംബര്‍ 26ന് സുപ്രീം കോടതിയുടെ പിന്‍ 110201 ആയി പ്രഖ്യാപിച്ചെങ്കിലും 2019 ഒക്റ്റോബറില്‍ അത് പിന്‍വലിച്ചു. നിലവില്‍ ഡല്‍ഹിയുടെ പിന്‍കോഡ് ആയ 110001 ആണ് സുപ്രീം കോടതിയുടെ പിന്‍കോഡ്.

രാഷ്‌ട്രപതി ദ്രൗപദി മുർമുവിന്‍റെ ശബരിമല ദര്‍ശനത്തിനു പിന്നാലെ രസകരമായ ചില വാർത്തകൾ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു. "രാജ്യത്ത് സ്വന്തമായി പിന്‍കോഡുള്ള രണ്ടു വ്യക്തികള്‍ കണ്ടുമുട്ടുന്ന അപൂര്‍വകാഴ്ച' എന്നായിരുന്നു അത്. സ്വന്തമായി പിന്‍കോഡ് ഉള്ള പ്രഥമ പൗരനായ പ്രസിഡന്‍റും ശബരിമല അയ്യപ്പനും കണ്ടുമുട്ടുന്നു എന്നതായിരുന്നു വൈറലായ ആ പോസ്റ്റിന് പിന്നില്‍. 689713 എന്നതാണ് അയ്യപ്പ സ്വാമിയുടെ പിന്‍ കോഡ്. 110004 എന്നതാണ് ഇന്ത്യന്‍ പ്രസിഡന്‍റിന്‍റെ പിന്‍കോഡ്. രണ്ടുപേർക്കു മാത്രമായുള്ളത്..! സന്നിധാനത്ത് അയ്യപ്പൻ മാത്രം, രാഷ്‌ട്രപതിഭവനിൽ രാഷ്‌ട്രപതി മാത്രം.

ചില കോഡുകള്‍ മുഖേന ആശയ സംവാദം നടത്തുമ്പോള്‍ അത് വായിക്കണ്ടയാള്‍ കോഡുകള്‍ ഡീകോഡിങ് നടത്തേണ്ടതുണ്ട്. കോഡിങ്- ഡീകോഡിങ് എന്നത് ഏതെങ്കിലും വാക്ക്, അക്ഷരം അല്ലെങ്കില്‍ വാക്യം എന്നിവ ഏതെങ്കിലും നിയമങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു നിശ്ചിത പാറ്റേണിലോ കോഡിലോ എന്‍ക്രിപ്റ്റ് ചെയ്യുകയോ ഡീക്രിപ്റ്റ് ചെയ്യുകയോ ചെയ്യുന്ന പ്രക്രിയയാണ്. ഏതെങ്കിലും അക്ഷരം/ വാക്ക്/ വാക്യം, ആ പ്രത്യേക അക്ഷരത്തിന്‍റെ/ വാക്കിന്‍റെ/ വാക്യത്തിന്‍റെ യഥാർഥ അർഥം ആവശ്യമുള്ള വ്യക്തി ഒഴികെ മറ്റുള്ളവരില്‍ നിന്ന് മറയ്ക്കുന്ന രീതിയില്‍ എഴുതുകയോ പറയുകയോ ചെയ്യുമ്പോള്‍, അതിനെ കോഡിങ് എന്ന് വിളിക്കുന്നു. മറുവശത്ത്, ഏതെങ്കിലും അക്ഷരം/ വാക്ക്/ വാക്യം ആ പ്രത്യേക അക്ഷരത്തിന്‍റെ/ വാക്കിന്‍റെ/ വാക്യത്തിന്‍റെ അർഥം ആവശ്യമുള്ള വ്യക്തി ഒഴികെ മറ്റുള്ളവരില്‍ നിന്ന് മറയ്ക്കുന്ന രീതിയില്‍ എഴുതുകയോ പറയുകയോ ചെയ്യുന്ന പ്രക്രിയയാണ് ഡീകോഡിങ്. പട്ടാളത്തില്‍ സന്ദേശങ്ങള്‍ കൈമാറുന്നത് കോഡിങ് നടത്തിയാണ്. ഇത് സന്ദേശം ശത്രുപക്ഷത്ത് ലഭിച്ചാലും ആശയവിനിമയം തടയാനാണ്. തീവ്രവാദികളും മറ്റും ഇതേ രീതിയാണ് ഉപയോഗിക്കുന്നത് എന്ന് പറയുന്നു. വിവിധ നിയമങ്ങളോ പാറ്റേണുകളോ ഉപയോഗിച്ചാണ് വിവരങ്ങളുടെ കോഡിങ്ങും ഡീകോഡിങ്ങും നടത്തുന്നത്. അതിനാല്‍ ശരിയായ വ്യക്തിക്ക് മാത്രമേ അത് മനസിലാക്കാന്‍ കഴിയൂ.

ബാർ കോഡ് എന്നത് കുറച്ച് നാളുകളായി നാം കേള്‍ക്കുന്നതാണ്. അതിന്‍റെ ആശയം നോര്‍മന്‍ ജോസഫ് വുഡ്ലാന്‍ഡും ബെര്‍ണാഡ് സില്‍വറും ചേര്‍ന്ന് 1951ല്‍ കണ്ടുപിടിക്കുകയും 1952ല്‍ പേറ്റന്‍റ് നേടുകയും ചെയ്തതാണ്. എന്നാല്‍, വ്യാപാരരംഗത്ത് വിജയകരമായി ഉപയോഗിക്കാനായ ജോര്‍ജ് ലോറര്‍ രൂപകല്‍പ്പന ചെയ്ത ബാർ കോഡ് 1973ലാണ് യുണിവേഴ്‌സല്‍ പ്രൊഡക്റ്റ് കോഡായി തെരഞ്ഞെടുത്തത്. ഉത്പന്നങ്ങള്‍, തിരിച്ചറിയല്‍ കാര്‍ഡുകള്‍, തപാല്‍ എന്നിവയില്‍ കാണുന്ന ബാറുകളും സ്‌പെയ്സുകളും ചേര്‍ന്ന ഒരു ചിത്രമാണ്. ഇത് ഒരു ഉത്പന്നത്തിന്‍റെയോ വ്യക്തിയുടെയോ കൃത്യമായ വിവരങ്ങള്‍ തിരിച്ചറിയാൻ ഉപയോഗിക്കുന്നു. ലോകമെമ്പാടും പല സന്ദര്‍ഭങ്ങളിലും ബാർ കോഡുകള്‍ വ്യാപകമായി ഇപ്പോള്‍ ഉപയോഗിക്കുന്നു. മിക്ക ഇനങ്ങളിലും ബാര്‍ കോഡുകള്‍ മുന്‍കൂട്ടി പ്രിന്‍റ് ചെയ്തിരിക്കുന്നു. ഇത് ഒരു കടയില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ കച്ചവടം പൂര്‍ത്തിയാക്കി കണക്ക് നോക്കുന്നത് വേഗത്തിലാക്കുകയും ഇനങ്ങള്‍ എന്തൊക്കെയാണെന്ന് ക്യത്യതയോടെ കണക്കാക്കാന്‍ സഹായിക്കുകയും ചെയ്യും. വില ടാഗ് സ്വാപ്പിങ് ഉള്‍പ്പെടുന്ന ഈ രീതി മോഷണ സംഭവങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്നു.

ബാര്‍കോഡുകള്‍ ഇന്ന് ആരോഗ്യ സംരക്ഷണത്തിലും ആശുപത്രി ക്രമീകരണങ്ങളിലും പോലും വ്യാപകമായി ഉപയോഗിക്കുന്നു. രോഗിയെ തിരിച്ചറിയല്‍, മെഡിക്കല്‍ ചരിത്രം മുതലായവ ഉള്‍പ്പെടെയുള്ള രോഗിയുടെ ഡാറ്റ ആക്സസ് ചെയ്യുന്നതിന് ഈ കോഡുകള്‍ മതി. വസ്തുക്കളുടേയും ആളുകളുടെയും രേഖകൾ സൂക്ഷിക്കാനും വാടക കാറുകള്‍, എയര്‍ലൈന്‍ ലഗേജ്, ന്യൂക്ലിയര്‍ മാലിന്യങ്ങള്‍, എക്‌സ്പ്രസ് മെയില്‍, പാഴ്‌സലുകള്‍ എന്നിവയുടെ ട്രാക്ക് സൂക്ഷിക്കാനും ബാര്‍ കോഡ് ഉപയോഗിക്കുന്നു. ബാര്‍കോഡ് ചെയ്ത ടിക്കറ്റുകള്‍ സ്‌പോര്‍ട്‌സ് അരീനകള്‍, സിനിമാ ശാലകള്‍, തിയെറ്ററുകള്‍, ഫെയര്‍ഗ്രൗണ്ടുകള്‍, ഗതാഗതം എന്നിവയില്‍ പ്രവേശിക്കാന്‍ അനുവദിക്കുന്നു.

പുസ്തകങ്ങളില്‍ ഇന്‍റര്‍നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ് ബുക്ക് നമ്പര്‍ (ഐഎസ്ബിഎന്‍) കോഡ് അച്ചടിക്കുന്നത് സര്‍വസാധാരണമായി മാറിയിട്ടുണ്ട്. പുസ്തകങ്ങളിലും ജേണലുകളിലും മറ്റ് അച്ചടിച്ച മെറ്റീരിയലുകളിലും വ്യാപകമായി കോഡുകൾ പ്രീ-പ്രിന്‍റ് ചെയ്തിട്ടുണ്ട്. ഈ ബാറുകളും സ്‌പെയ്സുകളും അക്ഷരങ്ങളെയും അക്കങ്ങളെയും പ്രതിനിധീകരിക്കുന്ന ഒരു കോഡ് രൂപീകരിക്കുന്നു. ഇത് കച്ചവടക്കാര്‍ക്ക് ഏറെ ഗുണം ചെയ്യും. ലോക പുസ്തക വിപണിയില്‍ ഐഎസ്ബിഎന്‍ കോഡ് വലിയ നേട്ടമാണ്. ഐഎസ്ബിഎന്‍ കോഡ് എന്നത് ഒരു പുസ്തകത്തിന്‍റെയോ പുസ്തകം പോലുള്ള മറ്റേതെങ്കിലും പ്രസിദ്ധീകരണത്തിന്‍റെയോ അദ്വിതീയമായ ഒരു തിരിച്ചറിയല്‍ കോഡാണ്. ഇത് ഒരു പുസ്തകം ഏത് രാജ്യത്ത്, ഏത് ഭാഷയില്‍, ഏത് എഡിഷനിലാണ്, ഏത് പ്രസാധകനാണ് പ്രസിദ്ധീകരിച്ചതെന്ന് തിരിച്ചറിയാന്‍ സഹായിക്കുന്നു.

ക്യുആര്‍ കോഡ് ഇപ്പോള്‍ എല്ലാവരും സാധാരണ ഉപയോഗിക്കുന്ന വാക്കായി മാറിയിരിക്കുന്നു. ഇന്ത്യയില്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ വ്യാപകമായപ്പോള്‍ ക്യൂആര്‍ കോഡും പ്രശസ്തമായി. പ്രത്യേകമായി നിർമിച്ചിട്ടുള്ള ക്യൂആര്‍ കോഡ് റീഡറുകള്‍ക്കും ക്യാമറ ഫോണുകള്‍ക്കും വായിക്കാന്‍ സാധിക്കുന്ന മെട്രിക്‌സ് ബാര്‍ കോഡുകളെയാണ് ക്യൂആര്‍ കോഡ് എന്നു വിളിക്കുന്നത്. വെളുത്ത പ്രതലത്തില്‍ കറുത്ത നിറത്തിലുള്ള ചതുരങ്ങള്‍ പ്രത്യേക രീതിയില്‍ ക്രമീകരിച്ചതു പോലെയാണ് ക്യുആര്‍ കോഡുകള്‍ സൃഷ്ടിക്കുന്നത്. 1994ല്‍ ജാപ്പനീസ് കമ്പനിയായ ഡെന്‍സോ വേവില്‍ നിന്നുള്ള മസാഹിരോ ഹാരയാണ് ക്യുആര്‍ കോഡ് സിസ്റ്റം കണ്ടുപിടിച്ചത്. ജപ്പാനിലും തെക്കന്‍ കൊറിയയിലുമാണ് ഈ സാങ്കേതിക വിദ്യ അതിവേഗം ആദ്യം സ്വീകരിക്കപ്പെട്ടത്. ഇപ്പോള്‍ ലോക രാജ്യങ്ങളും ഇതിനെ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. ഒരു ഗോ ബോര്‍ഡിലെ കറുപ്പും വെളുപ്പും കഷണങ്ങളാണ് പ്രാരംഭ രൂപകല്‍പ്പനയെ സ്വാധീനിച്ചത്. നിർമാണ സമയത്ത് വാഹനങ്ങള്‍ ട്രാക്ക് ചെയ്യുക എന്നതായിരുന്നു ഉദ്ദേശ്യം. ഹൈ-സ്പീഡ് കംപോണന്‍റ് സ്‌കാനിങ് അനുവദിക്കാനാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

സാങ്കേതികമായി ഒട്ടേറെ ഗുണങ്ങള്‍ ക്യൂആര്‍ കോഡും ബാര്‍കോഡും കൊണ്ട് ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇത് വലിയ തട്ടിപ്പുകളുടെയും ചതിയുടെയും ലോകത്തേക്ക് പലരെയും വീഴ്ത്തിയിട്ടുമുണ്ട്. ബാങ്കിങ് രംഗത്തും കച്ചവട രംഗത്തും വ്യാജമായി ഉണ്ടാക്കുന്ന ബാര്‍കോഡുകളും ക്യൂആര്‍ കോഡുകളും ഉപയോഗിച്ച് കോടികളുടെ തട്ടിപ്പു നടക്കുന്നു. ഡിജിറ്റല്‍ രംഗം നമ്മുടെ സംവിധാനങ്ങളെ അതിവേഗതയിലാക്കുമ്പോള്‍ ഒട്ടേറെ ചതിക്കുഴികളും ഒപ്പം ഉണ്ടാകുന്നു എന്നത് എടുത്തു പറയേണ്ടതാണ്. അതിനാൽ കോഡുകളിൽ നല്ല ശ്രദ്ധ വേണം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com