

100ാം ജന്മദിന ആഘോഷത്തില്‍ ഓംചേരിയും ലീല ഓംചേരിയും. മുൻ ചീഫ് സെക്രട്ടറി വി.പി. ജോയ്, ബാബു പണിക്കർ, കാർട്ടൂണിസ്റ്റ് സുധീർനാഥ്, ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ് തുടങ്ങിയവർ സമീപം.(ഫയല്‍ ചിത്രം)
വിജയ് ചൗക്ക്|സുധീര്‍നാഥ്
ഓംചേരി സർ ഇല്ലാത്ത ഡല്‍ഹിയെക്കുറിച്ച് വളരെ നഷ്ടബോധത്തോടെയാണ് അവിടത്തെ ഓരോ മലയാളിയും സംസാരിക്കുന്നത്. ഡല്‍ഹിയില്‍ ഒട്ടേറെ സംഘടനകളുണ്ട്. എല്ലാ സംഘടനകളുടെയും രാഷ്‌ട്രീയം വ്യത്യസ്തമാണ്. പക്ഷേ അവരെല്ലാം ഓംചേരി എൻ.എൻ. പിള്ളയുടെ ശബ്ദത്തിനായി, ഉപദേശത്തിനായി, നിര്‍ദേശങ്ങള്‍ക്കായി കാതോര്‍ക്കുമായിരുന്നു. പ്രത്യയശാസ്ത്ര വ്യത്യാസമില്ലാതെ, വിശ്വാസിയും അവിശ്വാസിയും ഒരേപോലെ ആരാധിച്ചിരുന്ന വ്യക്തിത്വമായിരുന്നു ഓംചേരി. അത്രയ്ക്ക് സ്വീകാര്യതയുണ്ടിരുന്നു ഡല്‍ഹിയുടെ കാരണവരായിരുന്നു ഓംചേരിക്ക്. 102ാം വയസിലേക്കു കടക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ 2024 നവംബര്‍ 22ന് അദ്ദേഹം അന്തരിച്ചു. അദ്ദേഹമില്ലാത്ത ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന ഈ നവംബര്‍ 22ന് ഓര്‍മ പങ്കിടലിന് പ്രസക്തിയുണ്ട്.
ഇത്ര പ്രായമായിട്ടും ഓംചേരി രാഷ്‌ട്രീയ വിശകലനം നടത്തുന്നതിന് സാക്ഷിയായ വ്യക്തിയാണ് ലേഖകന്‍. പല പ്രമുഖ രാഷ്‌ട്രീയ നേതാക്കളും അദ്ദേഹത്തിന്‍റെ ഉപദേശവും അഭിപ്രായങ്ങളും പല വിഷയങ്ങള്‍ക്കും തേടുമായിരുന്നു. പ്രവാസികളുടെ പിന്‍തലമുറക്കാര്‍ മാതൃഭാഷയായ മലയാളം പഠിക്കണമെന്ന ആശയം മുന്നോട്ടുവച്ച പ്രധാന വ്യക്തി. മലയാളം മിഷന്‍ എന്ന ഒന്നിന് തുടക്കമിട്ടത് ഓംചേരിയാണ്. ആധുനിക നാടകത്തിനും മൈക്രോ ഡ്രാമകള്‍ക്കും തുടക്കമിട്ടു. പത്ത് മിനിറ്റുള്ള നാടങ്ങളുടെ ഉത്സവമായ തെപ്സിസിന് തുടക്കമിട്ടതായിരിക്കും അദ്ദേഹത്തിന്‍റെ ഏറ്റവും ഒടുവിലത്തെ സംഭാവന. അവസാന കാലത്തും "പ്രാര്‍ഥന', "ഞാനും യേശുവും' തുടങ്ങി ഒരു ഡസനോളം മൈക്രോ ഡ്രാമകള്‍ എഴുതി കാലത്തിനൊത്ത് സഞ്ചരിച്ചു. മനുഷ്യജീവിതം പൂര്‍ണമായും സാത്വികമാക്കിയ മഹാവ്യക്തിത്വമായിരുന്നു ഓംചേയുടേത്. അതുകൊണ്ടുതന്നെ കക്ഷിരാഷ്‌ട്രീയത്തിന് അതീതമായി, മതങ്ങള്‍ക്കും ജാതികൾക്കും അതീതമായി അദ്ദേഹം ആദരിക്കപ്പെട്ടു.
ഫാസിസ്റ്റിനെ കാണാന്‍ പോയി ഹ്യൂമനിസ്റ്റിനെ കണ്ട അനുഭവം ഓംചേരി പലപ്പോഴും പറയുകയും, ആത്മകഥയായ "ആകസ്മിക'ത്തില്‍ എഴുതുകയും ചെയ്തു. ഓംചേരിയുടെ ഭാര്യ ലീല ഓംചേരിയുടെ സഹോദരനാണ് പ്രശസ്ത ഗായകന്‍ കമുകറ പുരുഷോത്തമന്‍. അദ്ദേഹം പാടിയ "ആത്മവിദ്യാലയമേ...' മലയാളത്തിലെ അനശ്വര ഗാനമാണ്. എത്രയോ ദശകങ്ങള്‍ക്കു മുമ്പ് ബ്ലാക് ആൻഡ് വൈറ്റ് സിനിമയ്ക്കു വേണ്ടി പാടിയ ആ ഗാനം കമുകറ എന്ന ഗായകനെ അനശ്വരനാക്കി. കമുകറയുടെ ശബ്ദവും ആലാപന സൗന്ദര്യവും തിരുനൈനാര്‍ കുറിച്ചി എഴുതിയ ആ ഗാനത്തെയും അനശ്വരമാക്കി. അദ്ദേഹത്തിന്‍റെ ഓര്‍മ നിലനിര്‍ത്താന്‍ ഒരു ഫൗണ്ടേഷന്‍ രൂപം കൊണ്ടിട്ടുണ്ട്. കമുകറയുടെ ഓര്‍മ ദിനത്തില്‍ ഒരു സംഗീത പരിപാടിയും കമുകറ സ്മാരക അവാര്‍ഡും അവര്‍ എല്ലാ വര്‍ഷവും ഒരുക്കാറുണ്ട്. തിരുവനന്തപുരത്തെ ഏറ്റവും നല്ല ഒരു ഓഡിറ്റോറിയത്തിലാണ് പരിപാടി നടത്തുക.
2010ല്‍ ഒരു പ്രതിസന്ധിയുണ്ടായി. പതിവുള്ള ഓഡിറ്റോറിയം നേരത്തേ ബുക്ക് ചെയ്യപ്പെട്ടു കഴിഞ്ഞിരുന്നു. അന്വേഷിച്ചു ചെന്നപ്പോള്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ എകെജി ഹാള്‍ മാത്രമേ ഒഴിവുള്ളൂ. അതു കൊടുക്കാന്‍ പാര്‍ട്ടി സെക്രട്ടറിക്കു മാത്രമേ അധികാരമുള്ളൂ. കമുകറ ഫൗണ്ടേഷന്‍കാര്‍ രക്ഷാധികാരി കൂടിയായ ഓംചേരിയെ വിളിച്ചു പറഞ്ഞു. ആ ഹാള്‍ കിട്ടിയില്ലെങ്കില്‍ പരിപാടി മുടങ്ങും. സിപിഎം സെക്രട്ടറി പിണറായി വിജയനാണ്. ഓംചേരി അന്ന് എം.എ. ബേബിയെ വിളിച്ചു കാര്യം പറഞ്ഞു. പിണറായിയോടു പറയാമോ എന്നു ചോദിച്ചു. "പിണറായിയോട് ഞാന്‍ ശുപാര്‍ശ ചെയ്യുന്നതു ശരിയല്ല. സാർ തന്നെ പിണറായിയെ കണ്ടു പറഞ്ഞാല്‍ മതി' എന്നായിരുന്നു ബേബിയുടെ മറുപടി. "മുരട്ട് സ്വഭാവക്കാരനാണെന്നു കേട്ടിട്ടുണ്ട്. ടെലിവിഷനിലൂടെ കാണുമ്പോഴെല്ലാം ആ ശരീരഭാഷയാണ്'- ഓംചേരി ആശങ്ക പങ്കുവച്ചു. ബേബി പറഞ്ഞു: "ധാരണ എപ്പോഴും ശരിയാകണമെന്നില്ലല്ലോ. സാറ് പോയി കാണണം.' അന്ന് ഡല്‍ഹിയിലുള്ള പിണറായി വിജയനെ കാണാന്‍ പോകുന്ന വഴിയില്‍ ഒരു പത്രത്തിലെ വാചകമേള ഓംചേരി വായിക്കാനിടയായി. വാചകമേളയില്‍ പറഞ്ഞിരിക്കുന്നത് "ഇന്ത്യയില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ ഫാസിസ്റ്റാണ് പിണറായി വിജയന്‍' എന്നാണ്. ഓംചേരി ഡല്‍ഹിയിലെ കേരള ഹൗസിലേക്ക് പോകുമ്പോള്‍ ബേബിയെ വിളിച്ച് വാചകമേളയിലെ വാക്കുകള്‍ അവതരിപ്പിച്ചു. ബേബി പറഞ്ഞു: "ഫാസിസ്റ്റിനെ കണ്ടശേഷം സാറെന്നെ വിളിക്കണം.'
പിണറായി വിജയന്‍ അന്ന് പൊളിറ്റ് ബ്യൂറോ മീറ്റിങ്ങിനായി ഡല്‍ഹിയില്‍ വന്നതാണ്. കേരള ഹൗസ് റിസപ്ഷനിലെത്തിയ ഓംചേരി റിസപ്ഷനിലുള്ളവരോട് "പിണറായിയെ ഒന്നു വിളിക്കണം. കാണണം' എന്നു പറഞ്ഞു. ഫാസിസ്റ്റിനെ കാണാന്‍ പോകുന്ന ചിന്തയില്‍ ഓംചേരി മുറിയിലേക്കു ചെന്നു. പിണറായി വാതില്‍ തുറന്നു. പാതിവിരിഞ്ഞ പുഞ്ചിരിയോടെ പിണറായി ഓംചേരിയെ സ്വീകരിച്ചു. "നേരിട്ടു പരിചയമില്ലാതെ ഇങ്ങനെയൊരു സ്വാതന്ത്ര്യമെടുക്കേണ്ടി വന്നതില്‍ വിഷമമുണ്ട്.' ആമുഖമായി ഓംചേരി പറഞ്ഞു. "സാറിനല്ലേ പരിചയക്കുറവ്. എനിക്കു നല്ല പരിചയമുണ്ട്. ഇരിക്കൂ'. വളരെക്കാലത്തെ പരിചയവും സ്നേഹാദരങ്ങളും ഉണ്ടെന്ന പോലെയാണ് പിണറായി സംസാരിച്ചതെന്ന് ഓംചേരി എഴുതിയിട്ടുണ്ട്. പിന്നീടിങ്ങോട്ട് വളരെ സൗഹൃദപൂര്‍ണമായ പെരുമാറ്റം. തിരുവനന്തപുരത്ത് കമുകറ ഫൗണ്ടേഷന്‍ എന്നൊന്നുണ്ടെന്നും ഗായകന്‍ കമുകറയുടെ പേരില്‍ ഒരു സംഗീത പരിപാടിയും ഒരു ഗായകന് അവാര്‍ഡും നല്‍കാന്‍ എകെജി ഭവനിലുള്ള ഹാളില്‍ നടത്തണമെന്നുണ്ടെന്നും അറിയിച്ചു. സംഘാടകരോട് ഒരപേക്ഷ തരണമെന്ന് പറഞ്ഞ പിണറായി, അക്കാല്ലം എകെജി ഹാള്‍ അനുവദിച്ചതായി ഓചേരി പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഫാസിസ്റ്റിനെ കാണാന്‍ പോയി ഹ്യൂമനിസ്റ്റിനെ കണ്ട ഓംചേരിയുടെ അനുഭവ സാക്ഷ്യം പിന്നീട് പലരും പല വേദികളിലും പറഞ്ഞിട്ടുണ്ട്.
ലീലയുടെ അനുജനാണ് കമുകറ പുരുഷോത്തമന്‍. തിരുവനന്തപുരത്ത് ഓംചേരി പഠിച്ചിരുന്നപ്പോള്‍ ലീല ഭായുമായി പ്രണയമായി. അത് അപവാദം പോലെ ഒരു സംസാര വിഷയമായിരുന്നപ്പോള്‍ പുരുഷോത്തമന്‍ ഓംചേരിയുടെ ജൂനിയറായി കോളെജില്‍ പഠിക്കുന്നുണ്ട്. മിക്കവാറും ഒ.എന്‍.വി. കുറുപ്പും പിന്നീട് എംജി കോളെജില്‍ ഇംഗ്ലീഷ് പ്രൊഫസറായ ഗോപിയും (ഡോ. ഗോപിനാഥന്‍നായര്‍) പുരുഷോത്തമനും ഒരുമിച്ചു നടക്കുന്നത് ഓംചേരി കാണാറുണ്ടായിരുന്നു. ഓംചേരി- ലീലാ ഭായ് പ്രണയവാര്‍ത്ത കലശലായി നടന്നിരുന്നപ്പോഴും പുരുഷോത്തമന്‍റെ മുഖത്ത് യാതൊരു ഭാവഭേദവുമുണ്ടായിരുന്നില്ല. വീട്ടില്‍ എതിര്‍പ്പിന്‍റെ കൊടുങ്കാറ്റ് വീശിയിരുന്നപ്പോഴും സൗമ്യനും ശാന്തനുമായിരുന്ന പുരുഷോത്തമന്‍റെ മുഖത്ത് അതൊന്നും നിഴലിച്ചിരുന്നില്ല. ഏതൊരു സഹോദരനും പ്രതികരിച്ചുപോകുമായിരുന്ന ആ ചുറ്റുപാടില്‍ ഒരിക്കല്‍പ്പോലും അപ്രിയം കാണിക്കാതെ പ്രണയത്തിന് പിന്തുണച്ചതിന്‍റെ ഉപകാരസ്മരണ കൂടി ആയിരുന്നിരിക്കണം പിണറായോടുള്ള ആ ശുപാര്‍ശ.
ഓംചേരിയുടേയും, ലീലയുടെയും ദാമ്പത്യത്തിന് 75 വര്‍ഷത്തെ ദൈര്‍ഘ്യമുണ്ടായിരുന്നു. 2023 നവംബര്‍ ഒന്നിനായിരുന്നു ലീല മരിക്കുന്നത്. അതിന് മുമ്പ് കൊവിഡ് കാലം തുടങ്ങും വരെ ഓംചേരി ഡല്‍ഹിയിലെ പൊതുചടങ്ങുകളിലെല്ലാം പങ്കെടുക്കുമായിരുന്നു. 2023 ഫെബ്രുവരിയില്‍ 100ാം ജന്മദിനാഘോഷത്തില്‍ ലീലയും പങ്കെടുത്തിരുന്നു. കൊവിഡിന് ശേഷം വളരെ കരുതലയുടെയായിരുന്നു ഇരുവരുടെയും ജീവിതം. രാവിലെ കുളിച്ചൊരുങ്ങി സ്വീകരണ മുറിയില്‍ ഇരുവരും ഇരിക്കും. ലീല തന്‍റെ ഓര്‍മകളില്‍ നിന്ന് പാട്ടുകള്‍ പാടും. കവിതകള്‍ ചൊല്ലും. അതിനു താളം പിടിച്ച് ഓംചേരിയും. എന്നും അതിഥികളുണ്ടാകും. ആര് വന്നാലും അവര്‍ക്ക് ദോശയും സാമ്പാറും കൊടുക്കുക എന്നത് പതിവായിരുന്നു. ഓരോ ദിവസവും എത്ര ദോശ ഉണ്ടാക്കിയിട്ടുണ്ടാകും! ഇവരുടെ പ്രണയകാലത്ത് ഓംചേരി എഴുതിയ കവിതകള്‍ ഓര്‍ത്തെടുത്ത് ലീല ഈ ലേഖകനു വേണ്ടി പാടിയത് ഓര്‍ക്കുന്നു. ആര്‍ക്കും അസൂയ ഉണ്ടാകുന്ന ഇരുവരുടേയും പ്രണയം അവസാന കാലംവരെ തുടർന്നു.
60ാം വയസില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പിരിഞ്ഞതിന്‍റെ പിറ്റേന്ന് ഡല്‍ഹിയിലെ ഭാരതീയ വിദ്യാഭവനില്‍ ജോലിക്ക് കയറിയ വ്യക്തിയാണ് ഓംചേരി. 96ാം വയസില്‍ സ്വയം വിരമിച്ചു. കര്‍മനിരതനായിരുന്നു ഓംചേരി. മരണത്തിന് ഏതാനും ദിവസം മുമ്പു വരെ ഓര്‍മകള്‍ക്ക് ഒരു മങ്ങലും ഏറ്റിരുന്നില്ല. ദിവസവും പത്രം വായിക്കും, ടിവിയില്‍ വാര്‍ത്തകള്‍ കാണും. വര്‍ത്തമാനകാല വിവരങ്ങളെല്ലാം അദ്ദേഹത്തിനറിയാം. വായിക്കാനും പറയുന്നതു കേള്‍ക്കാനും സാങ്കേതിക വിദ്യയുടെ സഹായമില്ലാതെ സാധിക്കുന്നു എന്നത് ഭാഗ്യം തന്നെയാണെന്ന് അദ്ദേഹം തന്നെ പറയുമായിരുന്നു.
എപ്പോഴും പുസ്തകം വായിക്കുന്ന തിരക്കിലായിരുന്നു അദ്ദേഹം. അതിന് അദ്ദേഹം പറയുന്ന മറുപടിയും രസകരമായിരുന്നു. ""മരിച്ചു മുകളിലെത്തുമ്പോള്‍ ദൈവം ചോദിക്കും, ഇത്ര വയസ് വരെയൊക്കെ നിന്നെ ഞാന്‍ ഭൂമിയില്‍ നിര്‍ത്തിയിട്ട് നീ ഇന്ന പുസ്തകം വായിച്ചോ എന്ന്... വായിച്ചില്ല എന്ന് പറഞ്ഞാല്‍ മോശമാകില്ലേ..? അതുകൊണ്ട് മരിക്കുവോളം വായിക്കും. വായിച്ച് വായിച്ച് അറിവുകള്‍ സമ്പാദിക്കുക എന്നത് ഒരു യജ്ഞമായി തന്നെ എടുത്തിരിക്കുകയാണ്. കുഞ്ഞുന്നാളില്‍ തുടങ്ങിയ ശീലമാണ് വായന''.
സ്വന്തം പുസ്തകവും കുഞ്ചന്‍ നമ്പ്യാരുടെ തുള്ളല്‍ കൃതികളും ബാസന്‍റെ നാടകങ്ങളും എന്നു വേണ്ട പഴയതും പുതിയതുമായ രചനകള്‍ ഒക്കെ അദ്ദേഹം ദിവസവും വായിക്കാറുണ്ടായിരുന്നു. വായിച്ചാലും വായിച്ചാലും മതിവരില്ല എന്നാണ് ഓംചേരി പറയാറുണ്ടായിരുന്നത്. അദ്ദേഹത്തിന് മരണാനന്തരവും ഇന്നും ജനങ്ങളുടെ ആദരവ് ലഭിച്ചു കൊണ്ടിരിക്കുന്നു. പ്രവാസ ലോകത്തെ മഹാത്മാവായി മലയാളികള്‍ പരിഗണിക്കുന്നതും അതുകൊണ്ടു തന്നെയാണ്.