

മല്ലികാർജുൻ ഖാർഗെ
വീണ്ടുവിചാരം| ജോസഫ് എം പുതുശേരി
ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ രാംലീല മൈതാനത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ പ്രസംഗിച്ച വേദിയിൽ ശുദ്ധികലശം നടത്തി. അടുത്തവർഷം നടക്കുന്ന ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിന്‍റെ പ്രചാരണ പരിപാടികൾക്കു തുടക്കം കുറിച്ച "വിജയ് ശംഖ്നാദ് ' സമ്മേളനത്തിലാണ് ഓഗസ്റ്റ് എട്ടിനു ഖാർഗെ പ്രസംഗിച്ചത്.
പാർലമെന്‍റ് സമ്മേളനം നടക്കുന്നതിനാൽ രാജ്യസഭയിൽ സ്വാഭാവികമായും വിഷയം ഉന്നയിക്കപ്പെട്ടു. സംഭവം അങ്ങേയറ്റം ദുഃഖകരമാണെന്നും ശുദ്ധികലശം നടത്തിയിട്ടുണ്ടെങ്കിൽ പിന്തുണയ്ക്കില്ലെന്നും അന്വേഷണം നടത്തുമെന്നുമാണു ബിജെപി രാജ്യസഭാ കക്ഷി നേതാവായ കേന്ദ്രമന്ത്രി ജെ. പി. നഡ്ഡ പ്രതികരിച്ചത്. ശക്തമായ നടപടിയെടുക്കണമെന്ന് രാജ്യസഭാ അധ്യക്ഷൻ സി.പി. രാധാകൃഷ്ണനും നിർദേശിച്ചു.
ഡൽഹിയിലെ വിദ്യാർഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസ് നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ച് ഹൈദരാബാദിലെ "നൽസർ ' നിയമ സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ ബഹിഷ്കരിക്കുമെന്ന് 450ലേറെ വിദ്യാർഥികൾ ഒപ്പിട്ട നിവേദനം സമർപ്പിക്കപ്പെട്ടു. ഇതേ തുടർന്ന് നൽസറിൽ നിന്ന് ബിരുദം നേടിയ എല്ലാവരുടെയും എൻറോൾമെന്‍റ് തടഞ്ഞ് ബാർ കൗൺസിൽ ഒഫ് ഇന്ത്യ(ബിസി ഐ) അധ്യക്ഷൻ മന്നൻ കുമാർ മിശ്ര ഉത്തരവിറക്കി.
ആഭ്യന്തരമന്ത്രി പാർലമെന്‍റ് സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷം നിരന്തരമായ പ്രക്ഷോഭത്തിനു നിർബന്ധിതമാകുന്നു. പാർലമെന്‍റിന്‍റെ ഈ സമ്മേളന കാലയളവിൽ ഒരു ദിവസം പോലും അമിത്ഷാ പാർലമെന്‍റിൽ വന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ പ്രക്ഷോഭം. പ്രധാനമന്ത്രി നരേന്ദ്രമോദിയാവട്ടെ സമ്മേളനത്തിന്‍റെ ആദ്യദിവസം മാത്രമാണ് സഭയിൽ എത്തിയത്. ഡൽഹിയിൽ വിദ്യാർഥികളെ തല്ലിച്ചതച്ചതിന് ആഭ്യന്തരമന്ത്രിയും അയോധ്യയിലെ സംഭാവന കൊള്ളയിൽ പ്രധാനമന്ത്രിയും മറുപടി പറയണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം.
ഓഗസ്റ്റ് 15ന് രാജ്യം 80ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ ആ കാലയളവിൽതന്നെ അതിന്‍റെ ചുറ്റുവട്ടത്ത് നടന്ന സംഭവവികാസങ്ങളുടെ സംക്ഷിപ്തരൂപമാണിത്. രാജ്യത്തിന്‍റെ പ്രതീക്ഷ എന്നു വിശേഷിപ്പിക്കപ്പെടുന്ന വിദ്യാർഥികളുടെ ഭാവിയെ ഗുരുതരമായി ബാധിക്കുന്ന പരീക്ഷാ ക്രമക്കേടുകളും ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്ന പിഎസ്‌സിയിൽ നടക്കുന്ന തട്ടിപ്പുമടക്കമുള്ള ഗുരുതര പ്രശ്നങ്ങൾ വേറെ. രാജ്യം ജനാധിപത്യത്തിന്‍റെ പുഷ്കല രൂപഭാവങ്ങളിലേക്കു വളർന്നുവെന്നും ലോകത്തെ സാമ്പത്തിക ശക്തിയായി സ്ഥിരപ്രതിഷ്ഠ നേടിയെന്നുമൊക്കെയുള്ള അവകാശവാദങ്ങൾക്കു പെരുമ്പറയടിക്കുമ്പോഴാണ് ഇത്തരം അപചയങ്ങൾ ചർച്ച ചെയ്യപ്പെടേണ്ടി വരുന്നത്.
80 വർഷത്തെ സ്വതന്ത്ര ഇന്ത്യയുടെ വളർച്ചാ വികാസ പരിണാമങ്ങളുടെ അഭിമാനബോധം പങ്കുവയ്ക്കുമ്പോൾ നമ്മെ ബഹുകാതം പിന്നോട്ട് വലിക്കുന്ന ഇത്തരം കറുത്ത പാടുകൾക്കു ഉത്തരവാദികളായവരെ വെറുതെ വിടാനാവുമോ? സ്വാതന്ത്ര്യലബ്ധിയുടെ കാലത്ത് സ്വന്തമായി ഒരു മൊട്ടുസൂചി പോലും ഉത്പാദിപ്പിക്കാൻ ശേഷിയില്ലാതിരുന്ന സാഹചര്യത്തിൽ നിന്ന് സ്വന്തം കാലിൽ നിൽക്കാൻ കഴിയുന്ന ആത്മാഭിമാനമുള്ള ജനതയായും രാജ്യമായും നമ്മെ രൂപപ്പെടുത്തി വളർത്തിയ നാഴികക്കല്ലുകളുടെ അസ്ഥിവാരം തോണ്ടുന്നവരെ എങ്ങനെയാണ് വിലയിരുത്തേണ്ടത് ? ഭക്ഷ്യപ്രശ്ന പരിഹാരത്തിന് വിദേശ കപ്പലുകൾ നങ്കൂരമിടുന്നതു നോക്കി കാത്തിരുന്ന (ഷിപ് ടു മൗത്ത് ഇക്കോണമി) കാലത്തിൽ നിന്ന് സ്വയം പര്യാപ്തതയിൽ നിലയുറപ്പിക്കാനായ ഹരിതവിപ്ലവവും പഞ്ചവത്സര പദ്ധതികളും ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെ അമ്പരപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്ന നേട്ടങ്ങളും ആർജിച്ച രാജ്യം ഇത്തരം പുഴുക്കുത്തലുകളിൽപെട്ട് പിടയുമ്പോൾ അത് ആരെയാണ് വേദനിപ്പിക്കാത്തത്.
ദീർഘകാലം എംഎൽഎ, എംപി പദവികളിൽ ജനപ്രതിനിധിയായും സംസ്ഥാനമന്ത്രിയായും കേന്ദ്രമന്ത്രിയായും ഇപ്പോഴും ക്യാബിനറ്റ് റാങ്കുള്ള രാജ്യസഭാ പ്രതിപക്ഷ നേതാവായും പ്രവർത്തിക്കുന്ന വിഖ്യാതനായ ഒരു നേതാവിനെയാണ് ശുദ്ധികലശം നടത്തി അപമാനിക്കുന്നത് എന്ന വസ്തുത വിലയിരുത്തുമ്പോഴാണ് അതിന്‍റെ രൗദ്രഭാവം കൂടുതൽ വെളിവാകുന്നത്. ഉത്തരാഖണ്ഡ് ഗവൺമെന്‍റ് ഇക്കാര്യത്തിൽ കേസെടുത്തില്ലെന്നത് ഭീതിപ്പെടുത്തുന്ന വസ്തുതയായി നിലനിൽക്കുന്നു.
"അയിത്തം ആത്മാവിനെ നശിപ്പിക്കുന്ന ഒരു പാപമാണ് " എന്നു മഹാത്മാഗാന്ധി പറഞ്ഞിട്ട് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ലവലേശം കൂസലില്ലാതെ ആ പാപ പ്രവൃത്തി ആവർത്തിച്ചുകൊണ്ടിരിക്കുകയാണോ ? "നീതിയുടെയോ പ്രായോഗികമായ സാമാന്യബോധത്തിന്‍റെയോ കാഴ്ചപ്പാടിൽനിന്ന്, തൊട്ടുകൂടായ്മയെ ന്യായീകരിക്കുക സാധ്യമല്ലെന്ന"ഗാന്ധി വചനങ്ങൾ ഞങ്ങൾക്ക് പ്രശ്നമേയല്ലെന്ന അഹന്തയും മാനസിക വൈകല്യവുമല്ലേ ഇവിടെ നിഴലിക്കുന്നത്.
അയിത്താചരണം ധാർമികമായി തെറ്റാണ്, വിവേചനം എന്നത് ജനാധിപത്യപരമായ പൗരത്വത്തിന് അടിസ്ഥാനപരമായി നിരക്കാത്ത ഒന്നാണ്. ഈ അടിസ്ഥാന പ്രമാണം ഉൾക്കൊള്ളാൻ ഇനി എന്ത് ദൂരം നാം സഞ്ചരിക്കേണ്ടി വരും. ഭരണഘടനയേയും നിയമത്തെയും വെല്ലുവിളിക്കുന്നവർക്കു നിയമപരമായ ശിക്ഷാവിധി ഉറപ്പാക്കാൻ അധികാരികൾ വൈമനസ്യം കാണിച്ചാൽ പിന്നെ എന്തു പ്രതിവിധി!
വിയോജിപ്പ് ജനാധിപത്യത്തിന്‍റെ സൗന്ദര്യമാണ്. ഭരണഘടന നൽകുന്ന അവകാശമാണ്. അത് ആരുടെയെങ്കിലും ദാക്ഷണ്യമോ സൗമനസ്യമോ അല്ല. ആ അവകാശമാണ് നൽസർ നിയമസർവകലാശാലയിലെ വിദ്യാർഥികൾ വിനിയോഗിച്ചത്. എന്നാൽ അവിടെ രാജാവിനെക്കാൾ വലിയ രാജ്യഭക്തി പ്രകടിപ്പിച്ചുകൊണ്ടാണ് ബിസിഐ അധ്യക്ഷൻ രംഗത്ത് വന്നത്. സുഖിപ്പിക്കലിന്‍റെയും വിധേയത്വത്തിന്‍റെയും അഭ്യാസപ്രകടനം! എന്തായാലും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ആ ചൂണ്ടയിൽ കൊത്തിയില്ല. അത്രയും നന്ന്. എൻറോൾമെന്‍റ് തടഞ്ഞ ബിസിഐ ഉത്തരവിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് ഇത് അനാവശ്യ ഇടപെടലായിരുന്നുവെന്നാണ് ചീഫ് ജസ്റ്റിസ് നടത്തിയ നിരീക്ഷണം.
" വിദ്യാർഥികൾ എനിക്ക് കത്തെഴുതിയിട്ടുണ്ടാകും. അവരും ഞാനും തമ്മിലുള്ള കാര്യമാണത്. അതിലിടപെടാൻ ബി. സി. ഐക്ക് എന്ത് കാര്യം? വിദ്യാർഥിയായിരുന്ന കാലത്ത് ഞാനും വിദ്യാർഥി പ്രവർത്തനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. സമാധാനപരമായ അഭിപ്രായം പ്രകടിപ്പിക്കുകയാണെങ്കിൽ അത് അനുവദിക്കണം. തെറ്റാണെങ്കിൽ പോലും. സമാധാനപരമായും നിയമപരമായും അഭിപ്രായം പറയാൻ അവർക്ക് അവകാശമുണ്ട്. അവരെ തടയാൻ ആർക്കാണ് കഴിയുക. ബിസി ഐ എന്തിനാണ് അനാവശ്യമായി ഇതിൽ ഇടപെടുന്നത്? "- ഇക്കാര്യത്തിൽ ചീഫ് ജസ്റ്റിസ് പ്രകടിപ്പിച്ച ഈ വാക്കുകൾ പ്രതീക്ഷ നൽകുന്നു. അവധാനതയില്ലാതെ യുവതയെ "പാറ്റ' എന്ന് വിശേഷിപ്പിച്ച് കുഴപ്പത്തിലായതിന്‍റെ പ്രായശ്ചിത്തം കൂടിയാവാമിത്. അതോടെ എൻറോൾമെന്‍റ് തടഞ്ഞു ഉത്തരവിറക്കിയ ബി. സി.ഐ അധ്യക്ഷൻ മന്നൻ കുമാർ മിശ്ര ഉത്തരവ് തിരുത്തി "യൂ ടേൺ' അടിക്കുന്നതാണ് കണ്ടത്.
"നിലവിലുള്ള വിവാദവുമായി ബന്ധപ്പെട്ട്, എന്‍റെ വാക്കുകളോ കത്തോ മൂലം നമ്മുടെ നിയമവിദ്യാർഥികളുടെ വികാരങ്ങൾക്ക് എന്തെങ്കിലും തരത്തിൽ മുറിവേറ്റിട്ടുണ്ടെങ്കിൽ, അതിൽ ഞാൻ ആത്മാർത്ഥമായി ഖേദിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്യുന്നു. ഇക്കാര്യം പറയുന്നതിൽ യാതൊരു മടിയുമില്ല. ഖേദം പ്രകടിപ്പിക്കുന്നത് അഭിമാനത്തെയോ അഹങ്കാരത്തെയോ ബാധിക്കുന്ന വിഷയമല്ല'- ഇതായിരുന്നു ക്ഷമാപണ പ്രസ്താവന. ഇതിലും യൂണിവേഴ്സിറ്റിയുടെ പേരോ ഇതിന് കാരണമായ സംഭവത്തെക്കുറിച്ചോ പരാമർശിക്കുന്നില്ല. ഖേദം പ്രകടിപ്പിക്കുന്നത് അഭിമാനത്തെ ബാധിക്കുന്നില്ലെന്ന് പറയുമ്പോഴും ദുരഭിമാനത്തിന്‍റെ ത്വര തികട്ടുന്നതിന്‍റെ നിദർശനം. നിൽക്കക്കള്ളി ഇല്ലാതെ വന്നപ്പോഴത്തെ വകതിരിവ്!
പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച്, രാഷ്ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുത്ത ചടങ്ങ് പോണ്ടിച്ചേരി സർവകലാശാല വിദ്യാർഥി യൂണിയൻ ബഹിഷ്കരിച്ച ശ്രദ്ധേയമായ പ്രക്ഷോഭരീതി നമ്മുടെ മുന്നിലുണ്ട്. മലയാളികൾ അടക്കമുള്ള റാങ്ക് ജേതാക്കളായ വിദ്യാർഥികൾ അവർക്ക് ലഭിച്ച സ്വർണമെഡലുകൾ വേണ്ടെന്നുവച്ചുകൊണ്ടാണ് പ്രക്ഷോഭത്തോടുള്ള ഐക്യദാർഢ്യം അറിയിച്ചത്. ഇതാണ് നൽസർ സർവകലാശാലയിലെ നിയമ വിദ്യാർഥികളും ചെയ്തത്. ഇത് ഇന്ത്യൻ ജനാധിപത്യത്തിന് കരുത്ത് പകരുന്ന 'ബൂസ്റ്റർ ഡോസ് ' തന്നെയാണ്.
പാർലമെന്‍റ് സമ്മേളനത്തിൽ ആഭ്യന്തരമന്തി ഹാജരാവണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തിന് മുറവിളി കൂട്ടേണ്ടി വരുന്നത് രാജ്യത്തിന്‍റെ 80ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ ഇന്ത്യൻ ജനാധിപത്യം എത്രമാത്രം രോഗഗ്രസ്തമായിരിക്കുന്നു വെന്നതിന്‍റെ തെളിവാണ്. പാർലമെന്‍റ് കൂടുമ്പോൾ മന്ത്രിമാർ അടക്കമുള്ള അംഗങ്ങൾ ഹാജരാവുക എന്നുള്ളതാണല്ലോ അതിന്‍റെ പൊതുതത്വം. സഭയുടെ അനുമതി വാങ്ങാതെ 60 ദിവസം പാർലമെന്‍റ് സമ്മേളനങ്ങളിൽ നിന്ന് വിട്ടുനിന്നാൽ അംഗത്തിന്‍റെ സീറ്റ് ഒഴിഞ്ഞുകിടക്കുന്നതായി കണക്കാക്കും. പാർലമെന്‍ററി ചുമതലകളിൽ പതിവായി ഹാജരാകേണ്ടതിന്‍റെയും പങ്കെടുക്കേണ്ടതിന്‍റെയും പ്രാധാന്യം ഈ നിയമം അടിവരയിടുന്നു.
പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു പാർലമെന്‍റ് കൂടുന്ന കാലയളവിൽ ഔദ്യോഗിക പരിപാടികൾ പോലും വയ്ക്കാതെ കഴിയുന്നത്ര സമയവും സമ്മേളനത്തിൽ ഹാജരാവാൻ ബദ്ധശ്രദ്ധനായിരുന്നു. ചർച്ചകളും വിമർശനങ്ങളും കേൾക്കാനും അത് ഉൾക്കൊണ്ട് തന്‍റെ നിലപാടുകളെയും വീക്ഷണങ്ങളെയും കൂടുതൽ സ്ഫുടം ചെയ്യാൻ അദ്ദേഹം ഇത് അവസരമാക്കിയിട്ടുണ്ട്. ജനാധിപത്യത്തിന്‍റെ ശ്രീകോവിലിനെ അതിന്‍റെ ഔന്നിത്യത്തിലും മഹത്വത്തിലും വിശുദ്ധിയിലും നോക്കിക്കാണുന്ന സമീപനം. അംഗബലത്തിന്‍റെ സാങ്കേതികത്വം പരിഗണിക്കാതെ കമ്യൂണിസ്റ്റ് പാർട്ടി നേതാവായിരുന്ന എ.കെ.ജിയെ പ്രതിപക്ഷ നേതാവായി അംഗീകരിച്ചു പ്രവർത്തിച്ചത് ചരിത്രം. ഭരണകക്ഷിക്ക് വലിയ ഭൂരിപക്ഷം ഉണ്ടെങ്കിലും ജനാധിപത്യ പ്രക്രിയയിൽ പ്രതിപക്ഷത്തിന്‍റെ സ്ഥാനം വിലപ്പെട്ടതാണെന്ന ബോധ്യവും അംഗീകാരവും. അത്തരം ആഭിജാത്യമായ പാരമ്പര്യങ്ങളും മഹത്തരമായ കീഴ് വഴക്കങ്ങളും പിൻപറ്റിയിരുന്ന ഇന്ത്യൻ പാർലമെന്‍റിലാണ് ആഭ്യന്തര മന്ത്രിയുടെ സാന്നിധ്യത്തിനായി മുറവിളി കൂട്ടേണ്ടി വരുന്നതെന്നതു വർത്തമാന കാലത്തിന്‍റെ ദുര്യോഗം എന്നല്ലാതെ എന്തു പറയാൻ! ഇക്കഴിഞ്ഞ സമ്മേളനത്തിന്‍റെ അവസാന ദിവസമാണ് പിന്നീട് ആഭ്യന്തരമന്ത്രിയും പ്രധാനമന്ത്രിയും ഹാജരായത്!
കീഴ് വഴക്കമനുസരിച്ച് പ്രതിപക്ഷത്തിന് നൽകേണ്ട ലോകസഭാ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം കഴിഞ്ഞ പാർലമെന്‍റ് കാലയളവിലും ഈ കാലയളവിലും ഒഴിഞ്ഞുകിടക്കുന്നു എന്നത് ജനാധിപത്യ പ്രക്രിയയെയും പ്രതിപക്ഷത്തെയും എങ്ങനെ സമീപിക്കുന്നുവെന്നതിന്‍റെ തെളിവാണ്. ഈ വർത്തമാനകാല സാഹചര്യങ്ങളുടെ പിരിമുറുക്കത്തിന്‍റെ നടുവിലാണ് 80ാം സ്വാതന്ത്ര്യ ദിനം കടന്നുപോയത്. രാഷ്ട്രത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി യുവാക്കളെ ലക്ഷ്യമിട്ട് നടത്തിയ പ്രഖ്യാപനങ്ങൾ ജെൻസി പ്രക്ഷോഭത്തിൽ പതറിപ്പോയതിന്‍റെ ആഘാതമകറ്റുക ലക്ഷ്യം വച്ചു കൊണ്ടുള്ളതാണ്. വികസിത ഭാരതത്തിലേക്കുള്ള വഴികാട്ടികൾ യുവാക്കളാണെന്ന് പ്രധാനമന്ത്രി പ്രഖ്യാപിക്കുമ്പോൾ ഉന്നവും ലക്ഷ്യവും വ്യക്തം. ഒന്നിലും കുലുങ്ങില്ല എന്ന് ഉറപ്പിച്ചു നീങ്ങിയ ശക്തന്മാരായ ഭരണാധികാരികളെ പിടിച്ചു കുലുക്കാൻ കഴിഞ്ഞ വിദ്യാർഥി പ്രക്ഷോഭം ഇന്ത്യൻ ജനാധിപത്യത്തിന്‍റെ പുതിയ ദിശാസൂചികയാണ്. ജനാധിപത്യത്തിന്‍റെ കഴുത്തു ഞെരിക്കുന്ന അപായ ശൃംഖലകളുടെ ഘോഷയാത്ര നടക്കുമ്പോഴും ഇന്ത്യൻ യുവതയുടെ ഉയർത്തെഴുന്നേൽപ്പ് 80ാം സ്വാതന്ത്ര്യ ദിനാഘോഷ പശ്ചാത്തലത്തിൽ പുതിയ പ്രതീക്ഷയും പ്രകാശവും നൽകുന്നു. സ്വാതന്ത്ര്യവും ജനാധിപത്യവും കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുമെന്ന ആർജവത്തോടെയുള്ള പ്രഖ്യാപനവും പോരാട്ടവീര്യവും ഇരുൾ കനക്കുന്നതിന് നടുവിലും പ്രത്യാശയുടെ പുതുകിരണങ്ങളായി തെളിയുന്നു