Maldives President Mohamed Muizzu with Indian Prime Minister Narendra Modi in UAE during the COP28 summit.
Maldives President Mohamed Muizzu with Indian Prime Minister Narendra Modi in UAE during the COP28 summit.File photo

എല്ലാവർക്കും നഷ്ടം മാത്രമുള്ള ഏറ്റുമുട്ടലുകൾ

സമാധാനത്തിന്റെ പാതയിലേക്ക് മടങ്ങാം: രാജ്യങ്ങളുടെ ഐക്യം അനിവാര്യം: ഇന്ത്യ - മാലദ്വീപ് സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ ഒരു അവലോകനം
Special article on India - Maldives row
Special article on India - Maldives row

അയൽവാസികളുമായി സമാധാനപൂർണമായ ഒരു ജീവിതമാണ് പൊതുവേ വ്യക്തികൾ പോലും ആഗ്രഹിക്കുന്നത്. രാജ്യങ്ങൾക്കും, സമൂഹങ്ങൾക്കും ഇതേ കാഴ്ചപ്പാട് തന്നെയാണുള്ളത്. ഈ സഹവർത്തിത്വവും സഹകരണവും അയൽ രാജ്യങ്ങളുമായി പുലർത്താൻ എല്ലാ രാജ്യങ്ങളും ആഗ്രഹിക്കുന്നു. അതിനാലാണ് പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റു ലോകമേ തറവാട് (വസുധൈവ കുടുംബകം) എന്ന കാഴ്ചപ്പാട് മുന്നിൽക്കണ്ട് പ്രവർത്തിച്ചിരുന്നത്.

ഇന്ത്യയെ രണ്ടായി വിഭജിക്കരുതെന്ന ശക്തമായ അഭിപ്രായം നെഹ്റുവിന് ഉണ്ടായിരുന്നെങ്കിലും മുഹമ്മദലി ജിന്നയുടെ ശാഠ്യവും രാജ്യത്തെ വിഭജിച്ചില്ലെങ്കിൽ രക്തച്ചൊരിച്ചിൽ ഉണ്ടാകും എന്ന മഹാത്മാ ഗാന്ധിയുടെ കാഴ്ചപ്പാടുമാണ് പാക്കിസ്ഥാൻ, ഇന്ത്യ എന്നീ രണ്ടു രാജ്യങ്ങൾ ഉണ്ടാകാനിടയായത്. രണ്ടായി വിഭജിക്കപ്പെട്ട ശേഷമാണ് മുഹമ്മദലി ജിന്നക്കും മഹാത്മാ ഗാന്ധിയ്ക്കും ബോധ്യമായത്, ഒന്നിച്ചു നിന്നാൽ ഉണ്ടാവുമായിരുന്ന രക്തച്ചൊരിച്ചിലിനേക്കാൾ ഭീകരമാണ് രണ്ടായി വിഭജിച്ചപ്പോൾ സംഭവിച്ചതെന്ന്. ഇന്ത്യയും പാക്കിസ്ഥാനും ജന്മം കൊണ്ടിട്ട് 76 വർഷമായെങ്കിലും ചുരുക്കം ചില വർഷങ്ങളിൽ മാത്രമേ സമാധാനത്തോടെ പോയിട്ടുള്ളൂ.

പഞ്ചശീല തത്വങ്ങളിലൂടെ 1954ൽ ചൈനയുമായി സമാധാനത്തിന്‍റെയും സൗഹൃദത്തിന്‍റെയും ഉടമ്പടിയാണ് പണ്ഡിറ്റ്ജി ഉണ്ടാക്കിയത്. എന്നാൽ 1962ലെ ചൈനീസ് കൈയേറ്റം ആ ബന്ധം വിച്ഛേദിക്കപ്പെടാൻ കാരണമായി. രണ്ടു രാജ്യങ്ങളും ഇപ്പോൾ ഏറ്റുമുട്ടലിന്‍റെ പാതയിലാണ്.

ശ്രീലങ്കയുമായി നല്ല ബന്ധം ഉണ്ടാകണമെന്നാണ് ഇന്ദിര ഗാന്ധിയും രാജീവ് ഗാന്ധിയും ആഗ്രഹിച്ചത്. ഇന്ദിര പോയിന്‍റ് വരെ ഇന്ത്യൻ അതിർത്തി സുരക്ഷിതമാക്കിയത് ഇന്ത്യൻ പ്രധാനമന്ത്രിമാരുടെ, പ്രത്യേകിച്ച് ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ ദീർഘവീക്ഷണമാണ് സൂചിപ്പിക്കുന്നത്. ശ്രീലങ്കയെ കൂടെ നിർത്താൻ നമ്മുടെ പ്രധാനമന്ത്രിമാർ ധാരാളം ഉദാരമായ സാമ്പത്തിക ഉടമ്പടികൾ തുടങ്ങി വച്ചിട്ടുണ്ടെങ്കിലും ചൈനയോടും പാക്കിസ്ഥാനോടും അടുക്കാൻ ശ്രീലങ്ക പലപ്പോഴും ശ്രമിച്ചിട്ടുണ്ട്. എൽടിടിഇ നേതാവ് പ്രഭാകരൻ നടത്തിയിട്ടുള്ള പ്രകോപനങ്ങൾ പലപ്പോഴും ഇന്ത്യയ്ക്ക് വലിയ തലവേദനയുണ്ടാക്കിയിരുന്നു. അതിൽ ഏറ്റവും ഭീകരമായിരുന്നു രാജീവ് ഗാന്ധിയുടെ വധം.

ഇന്ത്യയ്ക്ക് തൊട്ടടുത്തു കിടക്കുന്ന മറ്റൊരു ചെറിയ രാജ്യമാണ് മാലദ്വീപ്. അവിടത്തെ ആഭ്യന്തര പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ഇന്ത്യയാണ് അവർക്ക് താങ്ങായി നിന്നിട്ടുള്ളത്. എന്നാൽ മാലിയിലെ പുതിയ ഭരണകൂടം ചൈനയുമായി അടുക്കുന്നതായാണ് ഇപ്പോഴുള്ള സംഭവ വികാസങ്ങൾ കാണിക്കുന്നത്. നമ്മുടെ ക്ന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സന്ദർശനവും തുടർന്ന് മാലദ്വീപിൽ ഇന്നത്തെ ഭരണകൂടം എടുക്കുന്ന സമീപനവും ഇന്ത്യയും മാലിയും തമ്മിലുള്ള സൗഹൃദബന്ധത്തിന് ഹാനികരമായിട്ടുണ്ട്.

ലോകത്ത് എവിടെ നോക്കിയാലും രാജ്യങ്ങൾ പരസ്പരം ഏറ്റുമുട്ടുന്നത് ആർക്കും ഗുണകരമായി കാണുന്നില്ല. പലസ്തീൻ- ഇസ്രയേൽ രാജ്യങ്ങൾ ഏറ്റുമുട്ടുന്നത് ലോകസമാധാനത്തിനു തന്നെ ഭീഷണിയായിട്ടുണ്ട്. അതിന്‍റെ തുടർച്ചയായി ചെങ്കടലിൽ ഹൂതികൾ നടത്തുന്ന കപ്പൽ ആക്രമണവും അതിനോടുള്ള അമെരിക്ക അടക്കമുള്ള രാജ്യങ്ങളുടെ തിരിച്ചടിയും വലിയ പ്രതിസന്ധിയാണുണ്ടാക്കുന്നത്. ചൈനയും തായ്‌വാനും തമ്മിലുള്ള പോര് ഇപ്പോഴും തുടരുന്നു.

ജോലിയും ഭക്ഷണവുമില്ലാതെ കോടിക്കണക്കിനാളുകൾ പട്ടിണി കിടക്കുമ്പോൾ യുദ്ധത്തിനായി കോടാനുകോടികളാണ് പല രാജ്യങ്ങളും ചെലവഴിക്കുന്നത്. അതുകൊണ്ടാണ് ഫ്രാൻസിസ് മാർപാപ്പയെ പോലുള്ള മതമേലധ്യക്ഷർ സമാധാനത്തിനു വേണ്ടി നിരന്തരമായി പ്രാർഥിക്കുന്നത്. യുദ്ധത്തിന്‍റെ കാർമേഘങ്ങൾ പല രാജ്യങ്ങളിലും ഇരുട്ട് പരത്തുമ്പോൾ ജോത്സ്യന് പറയാനുള്ളത് പരസ്പര ചർച്ചകളിലൂടെ രാജ്യങ്ങൾ തമ്മിലുള്ള പ്രശ്ന പരിഹാരത്തിനുള്ള മാർഗം കണ്ടെത്തണമെന്നും, അതിനായി ഐക്യഷ്‌ട്ര സഭയ്ക്ക് കൂടുതൽ കരുത്തുണ്ടാകണം എന്നുമാണ്.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com