മരണശയ്യയിലായ മാധ്യമസ്വാതന്ത്ര്യം

നമ്മുടെ രാജ്യത്തെ മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും ഗവണ്‍മെന്‍റ് ഭാഗത്തു നിന്ന് വലിയ പീഡനങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.
മരണശയ്യയിലായ മാധ്യമസ്വാതന്ത്ര്യം

അഡ്വ. ജി. സുഗുണന്‍

മാധ്യമങ്ങള്‍ക്ക് രാജ്യത്ത് വളരെ സുപ്രധാനമായ ഒരു സ്ഥാനമാണുള്ളത്. ഭരണഘടനയിലെ മൗലിക അവകാശങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ ഉള്‍പ്പെട്ടതാണ് മാധ്യമ സ്വാതന്ത്ര്യം. ഭരണഘടനയുടെ നെടുംതൂണുകളായ നിയമനിര്‍മാണ സഭ, എക്‌സിക്യൂട്ടീവ്, ജുഡീഷ്യറി എന്നിവയ്‌ക്കൊപ്പം തന്നെ ഈ മാധ്യമങ്ങളെയും ഭരണഘടനയുടെ ഫോര്‍ത്ത് എസ്റ്റേറ്റായാണ് ഇപ്പോഴും നാം കാണുന്നത്. രാജ്യത്തെ മൗലിക നിയമത്തിന്‍റെ (ഭരണഘടനയുടെ) നെടുംതൂണുകളില്‍ ഒന്നായി അംഗീകരിക്കപ്പെട്ട പ്രസിനെ തകര്‍ക്കാനും, അവഹേളിക്കാനും ചോരയില്‍ മുക്കിക്കൊല്ലാനുമുള്ള ഏറ്റവും ഹീനമായ നടപടികളാണ് നമ്മുടെ ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്നത്.

രാജ്യത്തെ മൗലികാവകാശങ്ങളില്‍ വച്ച് ഏറ്റവും മൗലികമായിട്ടുള്ളത് വ്യക്തിസ്വാതന്ത്ര്യമാണ്. ഭരണഘടനയുടെ 19ാം വകുപ്പുമുതല്‍ 22ാം വകുപ്പ് വരെ ഈ മൗലികാവകാശത്തിന്‍റെ വിവിധ വശങ്ങളെപ്പറ്റി പ്രതിപാദിക്കുന്നു. മൊത്തത്തിലെടുത്താല്‍ ഈ നാല് വകുപ്പുകളും വ്യക്തിസ്വാതന്ത്ര്യങ്ങളുടെ ഒരധ്യായമായിത്തീരുന്നു. അതുതന്നെയാണ് മൗലികാവകാശങ്ങളുടെ നട്ടെല്ല്. ഇതില്‍ 19ാം വകുപ്പാണ് ഏറ്റവും പ്രധാനമായിട്ടുള്ളത്. ഭരണഘടനയനുസരിച്ച് എല്ലാ പൗരന്മാര്‍ക്കും ഉറപ്പുനല്‍കിയിട്ടുള്ള മൗലിക സ്വാതന്ത്ര്യങ്ങള്‍ ഉള്‍ക്കൊണ്ട സുപ്രധാന വകുപ്പാണിത്. പ്രസംഗത്തിനും അഭിപ്രായത്തിനുമുള്ള സ്വാതന്ത്ര്യം, ആയുധങ്ങളില്ലാതെ സമാധാനപരമായി യോഗം ചേരുന്നതിനുള്ള അവകാശം, അസോസിയേഷനുകളും സംഘടനകളും രൂപീകരിക്കുവാനുള്ള അവകാശം, ഇന്ത്യന്‍ പ്രദേശത്ത് മുഴുവന്‍ സ്വതന്ത്രമായി സഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യം, ഇന്ത്യന്‍ പ്രദേശത്ത് എവിടെയും താമസിക്കാനും സ്ഥിരവാസം ഉറപ്പിക്കാനുമുള്ള സ്വാതന്ത്ര്യം, ഏത് ജോലിചെയ്യുന്നതിനും ഏത് തൊഴിലും വ്യാപാര വ്യവസായാദികളും നടത്തുന്നതിനുള്ള അവകാശം എന്നിവയാണ് മൗലികമായ ഈ അവകാശങ്ങള്‍.

ഒരു ജനാധിപത്യവ്യവസ്ഥിതിയില്‍ പൗരന്മാര്‍ക്ക് ലഭിക്കുന്ന ഏറ്റവും സുപ്രധാനമായ അവകാശമാണ് അഭിപ്രായപ്രകടനത്തിനും ആവിഷ്‌ക്കാരത്തിനുമുള്ള സ്വാതന്ത്ര്യം. സ്വാഭിപ്രായങ്ങള്‍ തുറന്ന് പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഓരോ പൗരനുമുണ്ട്. അഭിപ്രായ-ആവിഷ്‌ക്കാരസ്വാതന്ത്ര്യത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് പത്രസ്വാതന്ത്ര്യം. 19ാം വകുപ്പ് (1) (എ) യില്‍ പ്രസംഗം എന്ന വാക്കോടുകൂടി പ്രയോഗിച്ചിട്ടുള്ള അഭിപ്രായ പ്രകടനമെന്ന പദം പത്രങ്ങളെകൂടി ഉള്‍ക്കൊള്ളിക്കത്തക്കവണ്ണം വിപുലമായതാണ്. യഥാർഥത്തില്‍ ഭരണഘടനയില്‍ പത്രങ്ങളെ സംബന്ധിച്ചുള്ള പ്രത്യേക പരാമര്‍ശത്തിന്‍റെ അഭാവം രമേഷ് താക്കറുടെ കേസില്‍ പത്രസ്വാതന്ത്ര്യ സംരക്ഷണത്തിന് സുപ്രീം കോടതിയോട് അഭ്യർഥിച്ചപ്പോള്‍ യാതൊരു വിഷമതയും ഉളവാക്കിയില്ല.

ആധുനിക ശാസ്ത്രവും, സാങ്കേതിക വിദ്യയും, ആശയ വിനിമയത്തിന് സൗകര്യം നല്‍കിക്കൊണ്ട് പല വിധത്തിലുമുള്ള അഭിപ്രായ പ്രകടന മാധ്യമങ്ങള്‍ കണ്ടുപിടിച്ചിട്ടുണ്ട്. ഇപ്പോഴും കണ്ടുപിടിച്ചുകൊണ്ടിരിക്കുകയും, പ്രയോഗക്ഷമമാക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. റേഡിയോ, സിനിമ, ടെലിഫോണ്‍, ടെലിവിഷന്‍ തുടങ്ങിയവയാണ് ഇവയില്‍ ചുരുക്കം ചില പ്രധാനോപധികള്‍. കാലക്രമത്തില്‍ ഇവയില്‍ ചിലത് പത്രങ്ങളേക്കാളെല്ലാം കൂടുതല്‍ ശക്തവും പ്രധാനവുമായ അഭിപ്രായപ്രകടനമാധ്യമായി തീര്‍ന്നേക്കാന്‍ ഇടയുണ്ട് അതിനാല്‍ ഭരണഘടനയില്‍ ഇവയിലേതെങ്കിലും ഒന്നിനേക്കുറിച്ച് പറഞ്ഞിട്ടില്ലെന്നതിനോ, നിലവിലെ പ്രധാന രൂപങ്ങളെപ്പറ്റിയെല്ലാം പ്രതിപാദിക്കുന്നതിനോ, യാതൊരു ന്യായീകകരണവുമില്ലെന്ന് തോന്നുന്നു. 'അഭിപ്രായ പ്രകടനം' എന്ന പദമില്ലെങ്കില്‍ വിശദമായ പ്രതിപാദനം കൊണ്ട് ഒരു പ്രയോജനവും ഇല്ലെന്ന് സാരം.

കേന്ദ്ര സര്‍ക്കാര്‍ ഏതാണ്ട് കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി പത്ര-മാധ്യമങ്ങള്‍ക്ക് നേരെ വ്യാപകമായി കടന്നാക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഡസന്‍ കണക്കിന് മാധ്യമ സ്ഥാപനങ്ങളും മാധ്യമ പ്രവര്‍ത്തകരും ഈ ആക്രമണങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. കല്‍ത്തുറുങ്കിലായവരും രാജ്യംവിട്ട്‌ പോയവരുമെല്ലാം ഈ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടത്തിലുണ്ട്. സ്വന്തം ജീവന്‍ ബലി കൊടുത്തും പത്രസ്വാതന്ത്ര്യത്തിന് വേണ്ടി പോരടിച്ച പലരും ഇക്കൂട്ടത്തില്‍ ഉണ്ട്. ഇവരെ വിസ്മരിക്കാന്‍ പത്ര-മാധ്യമലോകത്തിന് സാധിക്കുമെന്ന് തോന്നുന്നില്ല.

മുക്കാല്‍ നൂറ്റാണ്ട് മുമ്പ് നമ്മുടെ രാജ്യത്ത് പ്രവര്‍ത്തനം തുടങ്ങിയ ബിബിസിക്ക് അതിന്‍റെ പ്രവര്‍ത്തനം ഔദ്യോഗികമായി അവസാനിപ്പിക്കേണ്ടിവന്നു. ബിബിസിയുടെ ലൈസന്‍സ് അതിന്‍റെ ജീവനക്കാര്‍ ആരംഭിച്ച സംരംഭമായ കളക്റ്റീവ് ന്യൂസ്‌ റൂമിന് കൈമാറിയിരിക്കുകയാണ്. ബ്രിട്ടന് പുറത്തുള്ള കൂടുതല്‍ ജീവനക്കാരുണ്ടായിരുന്ന ഇന്ത്യന്‍ ഓഫീസാണ് ബി ബി സി-ക്ക് കേന്ദ്രസര്‍ക്കാരിന്‍റെ നീതീകരണമില്ലാത്ത ഇടപെടലുകള്‍ മൂലം അടച്ച്പൂട്ടേണ്ടിവന്നത്. സോഷ്യല്‍ മീഡിയാ സ്ഥാപനങ്ങളും ഇതേരീതിയിലുള്ള നടപടകിള്‍ നേരിടുന്നുണ്ട്. പ്രവര്‍ത്തനത്തിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്ന 2021 ലെ ഐടി നിയമഭേദഗതിയ്‌ക്കെതിരെ സോഷ്യല്‍മീഡിയാ പ്ലാറ്റ്‌ഫോമുകളായ വാട്‌സാപ്പും ഫെയ്‌സ്ബുക്കും ഇപ്പോള്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. ഉപഭോക്താക്കളുടെ സ്വകാര്യതയില്‍ വിട്ടുവീഴ്ചചെയ്യേണ്ടിവന്നാല്‍ ഇന്ത്യവിടേണ്ടിവരുമെന്ന് വാട്‌സാപ്പ് മേധാവികള്‍ ഡല്‍ഹിഹൈക്കോടതിയില്‍ സത്യാവങ്മൂലം നല്‍കിയിട്ടുണ്ട്.

നമ്മുടെ രാജ്യത്തെ മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും ഗവണ്‍മെന്‍റ് ഭാഗത്തു നിന്ന് വലിയ പീഡനങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. നമ്മുടെ രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം എല്ലാ നിലയിലും ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്. മോദി സര്‍ക്കാരിന്‍റെ അവസാന വര്‍ഷത്തില്‍ രാജ്യത്ത് സ്വതന്ത്രമായി അഭിപ്രായം രേഖപ്പെടുത്തുന്നതിനുള്ള അവകാശം നിഷേധിച്ച 134 സംഭവങ്ങളാണ് ഉണ്ടായിരിക്കുന്നത്. 2024 ജനുവരി മുതല്‍ 34 മാധ്യമപ്രവര്‍ത്തകര്‍ അക്രമത്തിന് വിധേയരായെന്നു ഫ്രീ സ്പീച്ച് കളക്റ്റീവ് റിപ്പോര്‍ട്ടില്‍ പറയുന്നു. ജനുവരി 1 മുതല്‍ 30 വരെയുള്ള സമയത്ത് രാജ്യത്ത് സ്വതന്ത്ര്യമായ അഭിപ്രായം രേഖപ്പെടുത്തിയവര്‍ക്കും അവരെ പിന്തുണച്ച വ്യക്തികള്‍, മാധ്യമസ്ഥാപനങ്ങള്‍ എന്നിവര്‍ക്കുമെതിരായി ഉണ്ടായ അക്രമസംഭവങ്ങളാണ് ഈ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

വ്യക്തിഹത്യ, അറസ്റ്റ്, മാധ്യമപ്രവര്‍ത്തകരെ സെന്‍സര്‍ഷിപ്പിന് വിധേയമാക്കുക എന്നിവ മോദി ഭരണത്തില്‍ സാധാരണയായി. മോഡി ഭരണത്തിനെതിരെ അഭിപ്രായം രേഖപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകരെ തിരഞ്ഞ്പിടിച്ച് ആക്രമിച്ച സംഭവങ്ങളും ഉണ്ടായി. ഫെബ്രുവരി 9ന് നിഖില്‍ വാഗ്‌ളെ എന്ന മാധ്യമപ്രവര്‍ത്തകനെ പൂനയില്‍ ദേഹോപദ്രവം ഏല്‍പ്പിക്കാന്‍ ശ്രമംനടന്നു. സാമൂഹ്യപ്രവര്‍ത്തകന്‍ വിശ്വംഭര്‍ ചൗധരി, അഭിഭാഷകന്‍ അസിം സാരോദ് എന്നിവര്‍ക്കൊപ്പം കാറില്‍ സഞ്ചരിക്കവേയാണ് നിഖിലിന് നേരെ ആക്രമണം അഴിച്ചുവിട്ടത്.

ഫെബ്രുവരി 8 ന് ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ 10 മാധ്യമപ്രവര്‍ത്തകര്‍ ബിജെപി - സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ക്രൂരമായ ആക്രമണത്തിന് ഇടയായി. 2002 ല്‍ നിര്‍മിച്ച അബ്ദുള്‍ റസാക്ക് സക്കരിയ മദ്രസ പൊളിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ അവസരത്തിലായിരുന്നു ഈ ആക്രമണം. അമൃത് വിചാര്‍ എന്ന പത്രത്തിന്‍റെ ഫോട്ടോഗ്രാഫര്‍ സഞ്ചയ് കനേര എന്നയാള്‍ക്ക് ഈ ആക്രമണത്തില്‍ മാരകമായ പരിക്കേറ്റിരുന്നു. ആസ്‌ട്രേലിയന്‍ ബ്രോഡ്കാസ്റ്റിങ് ഏജന്‍സി (എബിസി)അടക്കമുള്ള 12 മാധ്യമ സ്ഥാപനങ്ങള്‍ മോദി ഭരണത്തില്‍ സെന്‍സര്‍ഷിപ്പിന് വിധേയമായി എബിസി ന്യൂസിന്‍റെ അവനി ഡയസിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. രാജ്യം വിട്ടുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. അവനി ഡയസിന്‍റെ വിസ കാലാവധി നീട്ടിനല്‍കാനാവില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിക്കുകയായിരുന്നു. ഖാലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജര്‍ വധം സംബന്ധിച്ച് എബിസി ലേഖനം പ്രസിദ്ധീകരിച്ചതാണ് മോദിയേയും ബിജെപിയെയും ചൊടിപ്പിച്ചതെന്ന് അവര്‍ പറഞ്ഞു.

രാമക്ഷേത്രം ഉദ്ഘാടനത്തിന് മുന്നോടിയായി 46 സമൂഹമാധ്യമ അക്കൗണ്ടുകളാണ് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം, അഭിപ്രായ സ്വാതന്ത്ര്യം എന്നിവയ്ക്ക് മേല്‍ കടുത്ത നിയന്ത്രണവും നിരോധനവും മോദി ഭരണത്തിലല്ലാതെ രാജ്യത്ത് ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ഫ്രീ സ്പീച്ച് കളക്റ്റീവ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

മോദി ഭരണത്തിന്‍ കീഴില്‍ പത്ര-മാധ്യമങ്ങള്‍ക്കെതിരായ പൈശാചികമായ കടന്നാക്രമണങ്ങള്‍ ഒരിക്കലും ഒരു പുത്തരിയല്ല. സമൂഹത്തിലെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്നവരില്‍ നിന്നും ഉണ്ടാകുന്ന വിമര്‍ശനങ്ങളൊന്നും ഉള്‍ക്കൊള്ളാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറല്ലെന്നുള്ളത് പകല്‍പോലെ വ്യക്തമാണ്. സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ ആരായാലും അവരെ കള്ളക്കേസില്‍ കുടുക്കി കല്‍ത്തുറുങ്കിലടയ്ക്കുകയാണ് ഈ സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. സ്വാദ്ദേശ്യ വിമര്‍ശനങ്ങളെപ്പോലും ഉള്‍ക്കൊള്ളാന്‍ മോദിയും കൂട്ടരും തയാറല്ല. രാജ്യത്തിന്‍റെ ഫോര്‍ത്ത് എസ്റ്റേറ്റായ പത്ര- മാധ്യമങ്ങള്‍ക്കുള്ള മഹത്തായ സ്ഥാനം അംഗീകരിച്ചുകൊടുക്കാന്‍ ഈ സര്‍ക്കാര്‍ സന്നദ്ധമാകുമെന്ന് തോന്നുന്നില്ല. ഇതിന്‍റെ ദുരന്തഫലമാണ് പത്ര മാധ്യമങ്ങള്‍ക്ക് നേരെ ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്ന ഹീനമായ കടന്നാക്രമണങ്ങള്‍. പത്രസ്വാതന്ത്ര്യം നമ്മുടെ രാജ്യത്ത് ഒരു പഴങ്കഥയായി മാറുകയാണ്. മരണശയ്യയിലായ മാധ്യമ സ്വാതന്ത്ര്യത്തെ രക്ഷിക്കാനും സംരക്ഷിക്കാനും ജനത ഉണര്‍ന്നെഴുന്നേല്‍ക്കണ്ട സമയമായി.

(ലേഖകന്‍റെ ഫോണ്‍: 9847132428)

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com