
സാംസ്കാരിക പൈതൃകത്തെയും പൊതുമൂല്യങ്ങളെയും പ്രതിഫലിപ്പിക്കുന്ന പാരിതോഷികങ്ങൾ സമ്മാനിക്കുന്നത് ഏറെക്കാലമായി നയതന്ത്രത്തിന്‍റെ പ്രധാന വശമാണ്. അങ്ങേയറ്റം പ്രതീകാത്മക പ്രാധാന്യമുള്ള പാരിതോഷികങ്ങൾ ശ്രദ്ധാപൂർവം തെരഞ്ഞെടുത്ത്, ഇന്ത്യയുടെ സമ്പന്നമായ കലാവൈഭവവും കരകൗശല വൈദഗ്ധ്യവും ഉയർത്തിക്കാട്ടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പാരമ്പര്യം സ്വീകരിച്ചു.
ഏറ്റവും അർഥവത്തായ നയതന്ത്ര പാരിതോഷികങ്ങൾക്കു വ്യക്തിപരമോ വൈകാരികമോ ആയ പ്രാധാന്യമുണ്ട്. രാജ്യത്തിന്‍റെ വ്യവസായങ്ങളെയും ഉത്പന്നങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള വേദിയായും അവ വർത്തിക്കുന്നു. പ്രാദേശിക കരകൗശല വൈദഗ്ധ്യത്തിനും വ്യവസായങ്ങൾക്കും വിശാലമായ അംഗീകാരം ലഭിക്കുന്നുവെന്നും ഇതുറപ്പാക്കുന്നു.
2014ൽ അധികാരമേറ്റശേഷം, പ്രധാനമന്ത്രി മോദി പ്രധാന സന്ദേശങ്ങൾ കൈമാറാൻ നയതന്ത്ര പാരിതോഷികങ്ങൾ ഉപയോഗിച്ചു. പാരിതോഷികങ്ങൾ തെരഞ്ഞെടുക്കുന്നതിൽ സുപ്രധാന സംരംഭങ്ങളായ ‘ഒരു ജില്ല, ഒരുത്പന്നം’, ‘തദ്ദേശീയമായവയ്ക്കുള്ള ആഹ്വാനം’ എന്നിവ സംയോജിപ്പിക്കാനുള്ള കഴിവാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. ഈ സമീപനത്തിലൂടെ, അദ്ദേഹം ഇന്ത്യയുടെ കരകൗശല പൈതൃകം പ്രദർശിപ്പിക്കുക മാത്രമല്ല, പ്രാദേശിക ഉത്പാദനത്തെ പിന്തുണയ്ക്കുന്നതിന്‍റെ പ്രാധാന്യത്തിനു കരുത്തേകുകയും ചെയ്യുന്നു.
നിർമിതബുദ്ധി പ്രവർത്തന ഉച്ചകോടിക്കായി ഫ്രാൻസിലേക്ക് അടുത്തിടെ നടത്തിയ സന്ദർശനത്തിൽ, ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോണിനും, പ്രഥമ വനിത ബ്രിജിറ്റ് മക്രോണിനും, അമെരിക്കൻ വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസിന്‍റെ കുടുംബത്തിനും ശ്രദ്ധാപൂർവം തയറാക്കിയ പാരിതോഷികങ്ങൾ അദ്ദേഹം സമ്മാനിച്ചു. ഇന്ത്യയുടെ കലാപരമായ മികവ്, സുസ്ഥിരമായ കരകൗശല വൈദഗധ്യം, പരമ്പരാഗത ജ്ഞാനം എന്നിവ പ്രദർശിപ്പിക്കുന്നതിനാണ് ഓരോ ഇനവും തെരഞ്ഞെടുത്തത്.
ഇന്ത്യൻ കരകൗശല വൈദഗ്ധ്യത്തിനുള്ള ആദരം
ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോണിനും, പ്രഥമ വനിത ബ്രിജിറ്റ് മാക്രോണിനും സമ്മാനിച്ച പാരിതോഷികങ്ങൾ ഇന്ത്യയുടെ ദീർഘകാല കലാപാരമ്പര്യങ്ങളെ ഉയർത്തിക്കാട്ടുന്നതാണ്. രാജ്യത്തിന്‍റെ സങ്കീർണമായ കരകൗശല വൈദഗ്ധ്യത്തിന്‍റെയും ആഴത്തിലുള്ള സാംസ്കാരിക പ്രതീകാത്മകതയുടെയും പൈതൃകത്തെയാണ് ഈ തെരഞ്ഞെടുപ്പുകൾ പ്രതിഫലിപ്പിച്ചത്.
പ്രസിഡന്‍റ് മാക്രോണിനു ഢോക്ര കലാസൃഷ്ടി
പരമ്പരാഗത സംഗീതജ്ഞരെ ചിത്രീകരിക്കുന്ന അതിമനോഹരമായ ഢോക്ര കലാസൃഷ്ടിയാണ് പ്രസിഡന്‍റ് മാക്രോണിനായി പ്രധാനമന്ത്രി മോദി തെരഞ്ഞെടുത്തത്. ഛത്തിസ്‌ഗഡിൽനിന്ന് ഉത്ഭവിച്ച ഈ ലോഹ-വാർപ്പ് പാരമ്പര്യം പുരാതന ലോസ്റ്റ്-വാക്സ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ലാപിസ് ലാസുലിയും പവിഴവും ഉപയോഗിച്ച് മെച്ചപ്പെടുത്തിയ സങ്കീർണമായ പിച്ചള-ചെമ്പ് രൂപം ഇന്ത്യയുടെ ഗോത്ര പൈതൃകത്തിന്‍റെ ഊർജസ്വലതയെ പ്രതീകപ്പെടുത്തുന്നു. ഈ കലാസൃഷ്ടി തെരഞ്ഞെടുത്തതിലൂടെ, സംഗീതത്തെ സാംസ്കാരിക ആവിഷ്കാരത്തിന്‍റെ സാർവത്രിക രൂപമായി ആഘോഷിക്കുന്നതിനൊപ്പം, ഇന്ത്യയിലെ വിദഗ്ധരായ കരകൗശലത്തൊഴിലാളികൾക്ക് ആദരമർപ്പിക്കുക കൂടിയാണ് പ്രധാനമന്ത്രി മോദി.
ബ്രിജിറ്റ് മാക്രോണിന് രജതദർപ്പണം
കൈകൊണ്ട് കൊത്തുപണിചെയ്ത, രാജസ്ഥാനിൽനിന്നുള്ള വെള്ളിയിൽ നിർമിച്ച മേശക്കണ്ണാടിയാണ് ബ്രിജിറ്റ് മാക്രോണിനു സമ്മാനിച്ചത്. ഇത് പ്രദേശത്തിന്‍റെ മികവാർന്ന ലോഹനിർമാണ പൈതൃകത്തെ പ്രതിഫലിപ്പിക്കുന്നു. പുഷ്പ-മയൂര രൂപങ്ങളാൽ അലങ്കരിച്ചിരിക്കുന്ന ഈ കണ്ണാടി സൗന്ദര്യത്തെയും ചാരുതയെയും പ്രകൃതിയെയും പ്രതിനിധാനം ചെയ്യുന്നു. സങ്കീർണമായ കൊത്തുപണികളും തിളക്കമാർന്ന അവസാന മിനുക്കുപണികളും പരമ്പരാഗത കരകൗശലവിദ്യ സംരക്ഷിക്കുന്നതിനുള്ള ഇന്ത്യയുടെ അർപ്പണബോധം ഉൾക്കൊള്ളുന്ന പ്രവർത്തനപരവും കലാപരവുമായ പാരമ്പര്യമായി ഇതിനെ മാറ്റുന്നു.
വരുംതലമുറയ്ക്കായി ചിന്തോദ്ദീപകമായ പാരിതോഷികങ്ങൾ
ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മോദി അമെരിക്കൻ വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസിനെയും അദ്ദേഹത്തിന്‍റെ ഭാര്യയും ഇന്ത്യൻ വംശജയുമായ അമെരിക്കയുടെ രണ്ടാം വനിത ഉഷ വാൻസിനെയും അവരുടെ മൂന്നു മക്കളിൽ രണ്ടുപേരെയും കണ്ടുമുട്ടി. സുസ്ഥിരതയ്ക്കും സാംസ്കാരിക പൈതൃകത്തിനുമുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത പ്രതിഫലിപ്പിക്കുന്ന പ്രത്യേകം തയാറാക്കിയ പാരിതോഷികങ്ങൾ അവർക്കു സമ്മാനിച്ചു.
വിവേക് വാൻസിന് തടികൊണ്ടുള്ള ട്രെയ്‌ൻ കളിപ്പാട്ടം
അമെരിക്കൻ വൈസ് പ്രസിഡന്‍റിന്‍റെ മകൻ വിവേക് വാൻസിനായി, ഗൃഹാതുരത്വവും പരിസ്ഥിതിബോധമുള്ള കരകൗശല വൈദഗ്ധ്യവും സംയോജിപ്പിച്ച തടികൊണ്ടുള്ള ട്രെയിൻ കളിപ്പാട്ട സെറ്റാണു തെരഞ്ഞെടുത്തത്. പ്രകൃതിദത്തതടിയാൽ നിർമിച്ചതും പച്ചക്കറിച്ചായങ്ങളാൽ ചിത്രീകരിച്ചതുമായ ഈ കളിപ്പാട്ടം കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം, സുസ്ഥിരതയും പ്രദാനം ചെയ്യുന്നു. മഞ്ഞൾ, ബീറ്റ്റൂട്ട്, ഇൻഡിഗോ, വേപ്പ് എന്നിവയിൽനിന്ന് ഉരുത്തിരിഞ്ഞ പരമ്പരാഗത നിറങ്ങൾ ഇന്ത്യയുടെ ജൈവ-കരകൗശല കളിപ്പാട്ടങ്ങളുടെ പാരമ്പര്യം ഉയർത്തിക്കാട്ടുന്നു. ഈ സമ്മാനം പാരമ്പര്യത്തെയും ആധുനികതയെയും സന്തുലിതമാക്കുന്നു. പരിസ്ഥിതിസൗഹൃദ സ്പർശത്തോടെ ഭാവനാത്മക വിനോദം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ഇവാൻ ബ്ലെയ്ൻ വാൻസിന് ജിഗ്സോ പസിൽ
അമെരിക്കൻ വൈസ് പ്രസിഡന്‍റിന്‍റെ മകൻ ഇവാൻ ബ്ലെയ്ൻ വാൻസിന്, പശ്ചിമ ബംഗാളിലെ കാളിഘാട്ട്, കിഴക്കൻ ഇന്ത്യയിൽ നിന്നുള്ള സന്താൾ, ബിഹാറിൽനിന്നുള്ള മധുബനി എന്നിവയുൾപ്പെടെ പ്രശസ്ത ഇന്ത്യൻ നാടോടി ചിത്രകലാശൈലികൾ ഉൾക്കൊള്ളുന്ന ജിഗ്‌സോ പസിൽ സമ്മാനിച്ചു. ഈ കലാപാരമ്പര്യങ്ങളിൽ ഓരോന്നും സവിശേഷമായ കഥകൾ പറയുന്നു. പുരാണങ്ങളുടെയും ദൈനംദിന ജീവിതത്തിന്‍റെയും പ്രകൃതിയുടെയും പ്രമേയങ്ങൾ കടുപ്പമുള്ള നിറങ്ങളിലൂടെയും സങ്കീർണമായ അലങ്കാരമാതൃകകളിലൂടെയും ചിത്രീകരിക്കുന്നു.
മിറാബെൽ റോസ് വാൻസിന് തടികൊണ്ടുള്ള അക്ഷരമാല
അമെരിക്കൻ വൈസ് പ്രസിഡന്‍റിന്‍റെ മകൾ മിറാബെൽ റോസ് വാൻസിനായി തടികൊണ്ടുള്ള അക്ഷരമാല സെറ്റാണു നൽകിയത്. ഇത് കൈകൊണ്ട് നിർമിച്ച തടി കളിപ്പാട്ടങ്ങളിലെ ഇന്ത്യയുടെ ദീർഘകാല പാരമ്പര്യം പ്രതിഫലിപ്പിക്കുന്നു. ചലനക്ഷമതയും വൈജ്ഞാനിക വികാസവും വർധിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ പരിസ്ഥിതി സൗഹൃദ കളിപ്പാട്ടസെറ്റ് ദോഷകരമായ രാസവസ്തുക്കളിൽനിന്നു മുക്തവും സംവേദനാത്മക പഠനത്തെ പ്രോത്സാഹിപ്പിക്കുന്നതുമാണ്. മരം കൊണ്ടുള്ള അക്ഷരമാല സെറ്റ് തെരഞ്ഞെടുക്കുന്നത് സുസ്ഥിരമായ കരകൗശലത്തിനും വിദ്യാഭ്യാസത്തിനും ഇന്ത്യ നൽകുന്ന ഊന്നലിന് അടിവരയിടുന്നു. പഠനം സമ്പന്നവും പരിസ്ഥിതിബോധമുള്ളതുമാകണമെന്ന ആശയത്തിനും ഇതു കരുത്തേകുന്നു.
ആഴമേറിയ നയതന്ത്രസന്ദേശം
സൗന്ദര്യാത്മക ആകർഷണത്തിനപ്പുറം, ഈ പാരിതോഷികങ്ങൾ ഇന്ത്യയുടെ പൈതൃകം, സുസ്ഥിരത, സാംസ്കാരിക കൈമാറ്റം എന്നിവയോടുള്ള അർപ്പണബോധം പ്രകടിപ്പിക്കുന്നതാണ്. ഓരോ തെരഞ്ഞെടുപ്പും ഇന്ത്യയുടെ കലാപരമായ പാരമ്പര്യങ്ങളെ ചിന്താപൂർവം പ്രതിനിധാനം ചെയ്യുന്നു. ഒപ്പം, കരകൗശല വിദഗ്ധരുടെ വൈദഗ്ധ്യവും സർഗാത്മകതയും ഉയർത്തിക്കാട്ടുന്നു. അർഥവത്തായ ഈ പ്രവൃത്തികളിലൂടെ, പ്രധാനമന്ത്രി മോദി ആഗോള പങ്കാളിത്തങ്ങളോടുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധതയ്ക്കു കരുത്തേകുകയും രാജ്യത്തിന്‍റെ കാലാതീതമായ പാരമ്പര്യങ്ങളെ അന്താരാഷ്ട്ര വേദിയിൽ പ്രദർശിപ്പിക്കുകയും ചെയ്തു.
നയതന്ത്ര പാരിതോഷികങ്ങൾ ആചാരപരമായ കൈമാറ്റത്തിനും അപ്പുറമാണ്. അത് സാംസ്കാരിക സ്വത്വത്തിന്‍റെയും കരകൗശലവിദ്യയുടെയും പ്രതിഫലനമാണ്. നയതന്ത്രത്തിന്‍റെ സൂക്ഷ്മവും, എന്നാൽ കരുത്തുറ്റതുമായ ഈ സങ്കേതത്തിന് ആഖ്യാനങ്ങളെ രൂപപ്പെടുത്താനും ബന്ധങ്ങൾ ശക്തിപ്പെടുത്താനും ചിലപ്പോൾ സ്വാധീനം ഉറപ്പിക്കാനും കഴിയും. ഈ സമ്മാനങ്ങളുടെ സ്വഭാവം വികസിച്ചേക്കാം; എന്നാൽ വിദേശ ബന്ധങ്ങളിൽ അവയുടെ പങ്ക്, പാരമ്പര്യവും പ്രതീകാത്മകതയും തന്ത്രപരമായ ഉദ്ദേശ്യവുമായി ഇഴചേർന്നു നിലകൊള്ളും.