'ന്നാ താൻ കേസ് കൊട്'

16,000ഓളം അധ്യാപകർക്ക് ശമ്പളം ലഭിക്കാത്ത ഗുരുതരാവസ്ഥ നിലനിൽക്കുന്നു എന്നതാണ് പ്രശ്നത്തിന്‍റെ കാതൽ.
special article veenduvijaram

വി. ശിവൻകുട്ടി

Updated on

ജോസഫ് എം. പുതുശേരി‌‌|വീണ്ടുവിചാരം

രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം നിർവഹിച്ച് സന്തോഷ് ടി. കുരുവിളയും കുഞ്ചാക്കോ ബോബനും ഉദയാ പിക്ചേർസും ചേർന്ന് നിർമിച്ച് 2022ൽ പുറത്തിറങ്ങിയ ഒരു ആക്ഷേപഹാസ്യ മലയാള ചലച്ചിത്രമാണ് "ന്നാ താൻ കേസ് കൊട്'. കൊഴുമ്മൽ രാജീവൻ എന്ന പരിഷ്കൃത കള്ളന്‍റെ നീതിക്കു വേണ്ടിയുള്ള പോരാട്ടത്തെ ചുറ്റിപ്പറ്റിയ കഥ.

"റോഡിലെ കുഴി' പല സിംഹാസനങ്ങളെയും അസ്വസ്ഥമാക്കും വിധം കേരളത്തിൽ പൊതുവിഷയമായി ഉയർന്നു നിൽക്കുകയും "കുഴിയുടെ പിതൃത്വം' ഏറ്റെടുക്കാതെ ഉത്തരവാദിത്തപ്പെട്ടവർ കൈയൊഴിയുകയും ചെയ്യുന്ന രാഷ്‌ട്രീയ സാഹചര്യത്തിൽ അധികാരികളുടെ ചെകിട്ടത്തു പൊട്ടിക്കുന്ന അടിയാണ് ഈ സിനിമ. "വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ' എന്ന പരസ്യ വാചകം കൂടിയായപ്പോൾ കൊള്ളേണ്ടവർക്ക് നന്നായി കൊണ്ടു. അതുകൊണ്ടുതന്നെ വർത്തമാനകാല സാഹചര്യങ്ങളെ സ്വാംശീകരിച്ച് നടത്തിയ ഈ വിമർശനം വിവാദത്തിനു തിരി കൊളുത്തുകയും ചെയ്തു.

വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും ഇപ്പോൾ ഇതുതന്നെയാണ് ആവർത്തിക്കുന്നത്. "നിങ്ങൾ കേസ് കൊട് '. എയ്ഡഡ് സ്കൂൾ മാനെജ്മെന്‍റുകളോടാണ് ഇതു പറയുന്നതെന്ന വ്യത്യാസം മാത്രം. നിയമനവുമായി ബന്ധപ്പെട്ട ആവശ്യത്തിന് കോടതിയെ സമീപിക്കേണ്ടത് നിയമന അധികാരികളായ മാനെജ്മെന്‍റ് തന്നെയാണെന്നും അതു ചെയ്യാതെ സർക്കാരിനു മേൽ പഴി ചാരുന്നത് ശരിയല്ലെന്നുമാണ് മന്ത്രിയുടെ വാദം. ഈ പ്രതികരണം സ്വന്തം പരാജയത്തിന്‍റെ സമ്മതപത്രമാണെന്ന കാര്യത്തിൽ വല്ല സംശയവുമുണ്ടോ?

നീതിക്കും നിയമ വ്യവസ്ഥകൾക്കും വിധേയമായി ഭരണനിർവഹണം നടത്തേണ്ട സർക്കാർ അതിൽ വീഴ്ച വരുത്തുമ്പോഴാണ് നീതി തേടി പൗരജനങ്ങൾ കോടതിയെ സമീപിക്കുന്നത്. അല്ലാതെ മന്ത്രി പറയുന്നതു പോലെ നേരെ കോടതിയിലേക്ക് ഓടിക്കയറുകയല്ല. ജനാധിപത്യ ഭരണക്രമത്തിന്‍റെ രീതിയും കീഴ്‌വഴക്കവും അതല്ല. മന്ത്രി പറയുന്നതു പോലെ കോടതി ഉത്തരവ് നടപ്പാക്കുന്ന ചുമതല മാത്രമാണ് സർക്കാരിനെങ്കിൽ പിന്നെ അതിനെന്തിനാണ് ഒരു മന്ത്രിയും പരിവാരങ്ങളും! ഉദ്യോഗസ്ഥർ മാത്രം പോരേ? നാട്ടിൻപുറങ്ങളിലെ വഴക്കാളികളും ധിക്കാരികളുമായ നിയമ നിഷേധികൾ, അത് ചോദ്യം ചെയ്യപ്പെടുകയും ഉത്തരം മുട്ടുകയും ചെയ്യുമ്പോൾ "നീ കൊണ്ടുപോയി കേസ് കൊടുക്ക് ' എന്നു പറയുന്ന നിലവാരത്തിലേക്ക് ഒരു മന്ത്രിക്ക് തരം താഴാനാവുമോ!

വിഷയം എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരുടെ നിയമനാംഗീകാരം നൽകുന്നതുമായി ബന്ധപ്പെട്ട ഉയർന്നു വന്നിട്ടുള്ള വിവാദം. ഭിന്നശേഷി സംവരണ തസ്തികകൾ ഒഴിച്ചിട്ട ശേഷം അംഗീകരിക്കപ്പെട്ട ഒഴിവുകളിലേക്ക് നടത്തിയ നിയമനത്തിന്‍റെ അടിസ്ഥാനത്തിൽ വർഷങ്ങളായി ജോലിചെയ്യുന്ന 16,000ഓളം അധ്യാപകർക്ക് ശമ്പളം ലഭിക്കാത്ത ഗുരുതരാവസ്ഥ നിലനിൽക്കുന്നു എന്നതാണ് പ്രശ്നത്തിന്‍റെ കാതൽ. സാങ്കേതികത്വത്തിന്‍റെ നൂലാമാലകളിൽ കുടുക്കി അവർക്ക് നീതി നിഷേധിക്കുന്നതിന് എന്തു ന്യായീകരണം? എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണ നിയമനവും മറ്റു നിയമനങ്ങളുടെ അംഗീകാരവും ഇത്രയേറെ സങ്കീർണവും വിവാദവുമാക്കി പ്രശ്നപരിഹാരം അനന്തമായി നീട്ടിക്കൊണ്ടു പോകുന്നതിന്‍റെ ഉത്തരവാദിത്വത്തിൽ നിന്ന് സർക്കാരിന് ഒഴിഞ്ഞുമാറാനാകില്ല.

സ്കൂളുകളിലെ ഭിന്നശേഷി സംവരണ സീറ്റുകളിൽ മുൻകാല പ്രാബല്യത്തോടെ നിയമനം നടത്തണമെന്ന കോടതി വിധിയെ തുടർന്നാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതിനു സർവാത്മനാ സന്നദ്ധരായ മാനെജ്മെന്‍റുകൾ പലതവണ സെലക്‌ഷന് ഇന്‍റർവ്യൂ നടത്തിയെങ്കിലും യോഗ്യരായവരെ ലഭിക്കുക ഉണ്ടായില്ല. പച്ചയായ ഈ പരമാർഥം സർക്കാരിനും അറിയാത്തതല്ല. അത്തരക്കാരെ കണ്ടെത്തി നൽകാനുള്ള എന്തെങ്കിലും നീക്കം ഇപ്പോൾ പരിധിവിട്ട വീറും വാശിയും പ്രകടിപ്പിക്കുന്ന മന്ത്രിയും സർക്കാരും നടത്തിയിട്ടുണ്ടോ? ഫലമോ, പ്രശ്നം പരിഹരിക്കാതെ നിലനിൽക്കുന്നു. സംവരണ തസ്തികകൾ മാറ്റിവച്ച ശേഷമുള്ള ഒഴിവുകളിൽ നിയമിക്കപ്പെട്ട അധ്യാപകർക്ക് അവരുടെ നിയമനാംഗീകാരം ലഭിക്കാത്തത് കാരണം ശമ്പളം കിട്ടുന്നുമില്ല.

ഈ പശ്ചാത്തലത്തിലാണ് എൻഎസ്എസ് കോടതിയെ സമീപിക്കുന്നത്. ഭിന്നശേഷി സംവരണ സീറ്റുകൾ മാറ്റിവച്ച ശേഷം മറ്റു ഒഴിവുകളിലേക്ക് നടത്തിയ നിയമനങ്ങൾക്ക് അംഗീകാരം നൽകാൻ ഈ കേസിൽ സുപ്രീം കോടതി സർക്കാരിന് നിർദേശം നൽകി. ആ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ എൻഎസ്എസ് മാനെജ്മെന്‍റിന് കീഴിലുള്ള സ്കൂളുകളിലെ നിയമനത്തിന് സർക്കാർ അംഗീകാരം നൽകി. കോടതിവിധി പ്രകാരമുള്ള നടപടി. ഇത് സർക്കാരിന്‍റെ ഔദാര്യമോ ദാക്ഷണ്യമോ ആയിരുന്നില്ല, മറിച്ച് എൻഎസ്എസ് നിയമ യുദ്ധത്തിലൂടെ പൊരുതി നേടിയ വിജയമായിരുന്നു. സർക്കാരിന്‍റെ കെടുകാര്യസ്ഥതയും പിടിപ്പുകേടും കൊണ്ട് സംഭവിച്ച നിഷേധിക്കപ്പെട്ട നീതി ലഭ്യമാക്കാൻ പ്രകടിപ്പിച്ച ഇച്ഛാശക്തിയുടെ വിജയം. അക്കാര്യത്തിൽ എൻഎസ്എസ് അഭിനന്ദനം അർഹിക്കുന്നു.

തുടർന്നാണ് സമാന സ്വഭാവമുള്ള മറ്റ് സ്കൂൾ മാനെജ്മെന്‍റുകൾക്കും ഈ ഉത്തരവ് ബാധകമാക്കണമെന്ന ആവശ്യം ഉയരുന്നത്. സർക്കാരിനു മുമ്പിൽ നേരത്തേ തന്നെ നിരന്തരമായി ഉന്നയിച്ചു കൊണ്ടിരുന്ന ഈ വിഷയം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ശക്തിപ്പെട്ടു. സുപ്രീം കോടതി കണ്ടെത്തിയ അതേ ന്യായാന്യായങ്ങൾ തന്നെയാണ് മറ്റുള്ളവർക്കും ബാധകമായിരുന്നതും അവർ ഉന്നയിക്കുന്നതും. മാത്രമല്ല, സമാന പരാതികൾ ഉള്ള ഏജൻസികൾക്കും സൊസൈറ്റികൾക്കും വിധി ബാധകമാക്കാമെന്നു സുപ്രീം കോടതി ഉത്തരവിൽ നിർദേശിക്കുകയും ചെയ്തിരുന്നു. അത്തരത്തിൽ പുതുക്കിയ ഒരു ഉത്തരവ് കൂടി ഇറക്കിയാൽ പ്രശ്നം അവിടെ പരിഹരിക്കപ്പെടും. എല്ലാവരും അതാണ് പ്രതീക്ഷിച്ചതും. മന്ത്രിയെ കണ്ട് നിരവധി തവണ ഇക്കാര്യം ഉണർത്തിക്കുകയും ചെയ്തിരുന്നു. ഭരണനിർവഹണത്തിന്‍റെ ബാലപാഠമോ സാമാന്യ യുക്തിയുടെ പ്രയോഗസാധ്യതയോ തൊട്ടു തീണ്ടിയിരുന്നെങ്കിൽ അതല്ലേ ചെയ്യേണ്ടിയിരുന്നത്?. എന്നാൽ അതുണ്ടായില്ല. മാത്രമല്ല, ഭിന്നശേഷിക്കാർക്കെതിരായ നിലപാട് സ്വീകരിക്കുന്നു എന്നു പറഞ്ഞു നിഴൽയുദ്ധം നടത്തി പ്രസ്തുത മാനെജ്മെന്‍റുകളെ ഇകഴ്ത്താനും അപകീർത്തിപ്പെടുത്താനുമാണ് മന്ത്രി തുനിഞ്ഞത്. ഭിന്നശേഷിക്കാർക്കുള്ള സംവരണ തസ്തികകൾ ഒഴിച്ചിട്ടിരിക്കുമ്പോൾ പിന്നെ അതെങ്ങനെ അവർക്കെതിരാകും! 96 മുതൽ നടത്തിയ നിയമനങ്ങളുടെ 3 ശതമാനവും 2018 മുതൽ നടത്തിയ നിയമനങ്ങളുടെ 4 ശതമാനവും ഒഴിവുകൾ ഭിന്നശേഷിക്കാർക്കായി നീക്കിവയ്ക്കുകയും ആ വിവരം സത്യവാങ്മൂലത്തിലൂടെ സർക്കാരിനെ അറിയിക്കുകയും ചെയ്തതിനുശേഷമാ ണ് മന്ത്രി ഈ ഇകഴ്‌ത്തലിന് ഒരുമ്പെട്ടതെന്നതിലെ നിക്ഷിപ്ത താത്പര്യം വ്യക്തം.

ഇക്കാര്യത്തിലുള്ള വീഴ്ച മറച്ചു പിടിക്കാനാണ് മന്ത്രി മറ്റുള്ളവരുടെ മേൽ കുതിര കയറുന്നതെന്ന കാര്യം വസ്തുതകൾ സാക്ഷീകരിക്കുന്നു. കെസിബിസി കൺസോർഷ്യത്തിൽ 107 അംഗങ്ങളാണുള്ളതെന്നും ഇവരെല്ലാവരും ഭിന്നശേഷി ഒഴിവുകൾ കൃത്യമായി സോഫ്റ്റ്‌വെയറിൽ അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്നും കെസിബിസി എഡ്യൂക്കേഷൻ കമ്മിഷൻ സെക്രട്ടറി ഫാ. ആന്‍റണി അറക്കൽ വ്യക്തമാക്കുന്നു. ഇങ്ങനെ റിപ്പോർട്ട് ചെയ്ത ഒഴിവുകളിൽ പൂർണമായും സർക്കാർ നിയമനം നടത്തിയിട്ടുമില്ല. ഉദാഹരണത്തിന് ചങ്ങനാശേരി അതിരൂപത 51 ഭിന്നശേഷി ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ട് സർക്കാർ നിയമനം നടത്തിയത് 21 എണ്ണത്തിൽ മാത്രം. തൃശൂർ അതിരൂപത 80 ഒഴിവുകൾ റിപ്പോർട്ട് ചെയ്‍തിട്ട് നിയമനം നടന്നത് 27 എണ്ണത്തിൽ മാത്രം. ഈ വസ്തുത നിലനിൽക്കേയാണ് മന്ത്രി അവാസ്തവ പ്രസ്താവന നടത്തിയതും മാനെജ്മെന്‍റുകൾ ഭിന്നശേഷിക്കാർക്കെതിരാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചതും.

വിഷയം മോൻസ് ജോസഫ് എംഎൽഎ നിയമസഭയിൽ അവതരിപ്പിച്ചപ്പോഴും മന്ത്രി ഇതേ നിഷേധാത്മക നിലപാടാണ് സ്വീകരിച്ചത്. കൂടെക്കൂടെ മന്ത്രി തന്നെ ആവർത്തിക്കുന്ന "നിയമന അധികാരികളായ മാനെജ്മെന്‍റിന്‍റെ' ചുമതലക്കാരായ ബിഷപ്പുമാർ ഇക്കാര്യത്തിൽ പ്രകടിപ്പിച്ച അഭിപ്രായം ചൂണ്ടിക്കാണിച്ചപ്പോൾ അതൊന്നും ഇവിടെ പറയേണ്ട, അത് വേറെ സ്ഥലങ്ങളിലാണ് പറയേണ്ടതെന്ന് പറഞ്ഞ് ഇകഴ്ത്തലിനു കുടപിടിക്കാനാണ് സ്പീക്കറും ശ്രമിച്ചത്. വിഷയം ചർച്ച ചെയ്യുമ്പോൾ അതുമായി ബന്ധപ്പെട്ടവരുടെ വാദഗതിയും അഭിപ്രായവും ഇവിടെയല്ലാതെ മറ്റെവിടെയാണ് ഉന്നയിക്കേണ്ടത്? ഈ സ്ഥാപനങ്ങൾ നടത്തുന്നത് അവരല്ലേ? ഏറ്റവും ചുരുങ്ങിയത് ഈ പൗര സമൂഹത്തിൽ പെട്ടവരെന്ന അവകാശമെങ്കിലും അവർക്കില്ലേ? അതിൽ തെറ്റു കാണുന്ന സ്പീക്കർ ഏതു വീക്ഷണകോണിലൂടെയാണ് അതിനെ നോക്കിക്കാണുന്നത്? മുൻവിധി രൂപപ്പെടുത്തിയ അസഹിഷ്ണതാ പ്രകടനമല്ലാതെ ഇതു മറ്റെന്താണ്? സ്പീക്കർ പരാമർശം തിരുത്തണമെന്ന് പ്രമുഖരായ പലരും ആവശ്യപ്പെടുകയും ചെയ്തു.

ഇതേ മുൻവിധി പ്രകടമാക്കുന്ന നടപടികളാണ് ഇക്കാര്യത്തിൽ സർക്കാർ സ്വീകരിച്ചതത്രയും. സുപ്രീം കോടതി നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ സർക്കാർ ഇറക്കിയ ഉത്തരവ് സമാന സ്വഭാവമുള്ള മറ്റു മാനെജ്മെന്‍റുകൾക്കും ബാധകമാക്കണമെന്ന ആവശ്യവുമായി ക്രിസ്ത്യൻ മാനെജ്മെന്‍റുകളുടെ കൺസോർഷ്യം ഹൈക്കോടതിയെ സമീപിക്കുകയും 4 മാസത്തിനുള്ളിൽ തീരുമാനമെടുക്കാൻ ഹൈക്കോടതി സർക്കാരിന് നിർദേശം നൽകുകയും ചെയ്തു. എന്നാൽ 4 മാസ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രമുള്ളപ്പോൾ കഴിഞ്ഞ ഓഗസ്റ്റിൽ മാനെജ്മെന്‍റുകളുടെ ആവശ്യം തള്ളി സർക്കാർ ഉത്തരവ് ഇറക്കുകയായിരുന്നു. വിചിത്രവും അമ്പരപ്പിക്കുന്നതുമായ നടപടി.

"എന്നിട്ടരിശം തീരാഞ്ഞിട്ട് ' മന്ത്രി ചന്ദ്രഹാസമിളക്കുകയും വെല്ലുവിളിക്കുകയും ചെയ്യുകയാണ്. വിദ്യാഭ്യാസ രംഗത്തെ പരിഷ്കാരങ്ങൾക്കെതിരേ മതവും ജാതിയും പോലുള്ള കാര്യങ്ങൾ വച്ച് വിരട്ടാൻ നോക്കേണ്ട എന്നാണ് പുതിയ ഭാഷ്യം. ഇത്തരത്തിൽ ഈ വിഷയത്തെ നോക്കിക്കാണാൻ എന്തു പ്രകോപനമാണു ണ്ടായതെന്ന് വ്യക്തമാകുന്നതേയില്ല. സ്വാഭാവിക നീതി നടത്തിതരണമെന്ന് പറയുന്നവരെ ശത്രുഗണത്തിൽ പ്രതിഷ്ഠിച്ചു യുദ്ധ പ്രഖ്യാപനം നടത്തുന്നതിന് എന്തു ന്യായീകരണം? തുല്യനീതി പൗരന്മാർക്ക് ഭരണഘടന നൽകുന്ന അവകാശമാണ്.

ഇത് ഏതെങ്കിലും മാനെജ്മെന്‍റുകളുടെയോ അംഗീകാരം ലഭിക്കാത്ത അധ്യാപകരുടെയോ മാത്രം പ്രശ്നമല്ല. ഭാവിയെ കരുപിടിപ്പിക്കുന്ന വിദ്യാഭ്യാസഘടനയെ തന്നെ പ്രതികൂലമായി ബാധിക്കുന്ന ഗുരുതര പ്രശ്നമാണ്. ഈ രംഗത്ത് നിരന്തരമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന പോരായ്മകളും വീഴ്ചകളും എത്രയോ നാളായി ചർച്ച ചെയ്യപ്പെടുന്നു. പ്രധാനാധ്യാപകർ ഇല്ലാത്ത വിദ്യാലയങ്ങൾ, പ്രിൻസിപ്പൽമാർ ഇല്ലാത്ത കോളെജുകൾ, വൈസ് ചാൻസലർമാർ ഇല്ലാത്ത യൂണിവേഴ്സിറ്റികൾ ഇതൊക്കെ സ്ഥിരം കാഴ്ചകളായി നമ്മെ വിസ്മയിപ്പിക്കുമ്പോൾ ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കേണ്ടതില്ല എന്നാണോ അർഥമാക്കേണ്ടത്. അതുണ്ടാക്കിയ അച്ചടക്കരാഹിത്യവും നിലവാരത്തകർച്ചയും ഘടനപരമായുണ്ടായ ബലഹീനതയും അതിന്‍റെ പ്രതിഫലനമെന്നോണം സംഭവിച്ച മസ്തിക ശോഷണവും ഒന്നും ഇപ്പോഴും നമ്മെ അലോരസപ്പെടുത്തുന്നില്ല എന്നല്ലേ ഇത് വ്യക്തമാക്കുന്നത്.

ഭാവി തലമുറയെയും അതുകൊണ്ടുതന്നെ നമ്മുടെ ഭാവി പ്രതീക്ഷകളെയും ആഴത്തിൽ ബാധിക്കുന്ന പ്രശ്നം എന്ന നിലയിൽ ഒട്ടും വൈകാതെ പ്രശ്നപരിഹാരം കാണാനുള്ള ആർജവമാണ് ഭരണാധികാരികൾ പ്രകടിപ്പിക്കേണ്ടത്. അവിടെ മുൻവിധിയും ദുരഭിമാനവും ഒന്നും ഭരണാധികാരികൾക്ക് ചേർന്നതല്ലെന്ന തിരിച്ചറിവും.

നടനും സംവിധായകനുമായ ശ്രീനിവാസന്‍റെ "സന്ദേശം' സിനിമ പോലെ, മോഹൻലാലിന്‍റെ "വരവേൽപ്പ് ' പോലെ, "ന്നാ താൻ കേസ് കൊട്' എന്ന സിനിമയും കേരള സമൂഹത്തിന് നേരെ പിടിക്കുന്ന കണ്ണാടിയാണ്. ഈ കുഞ്ചാക്കോ ബോബൻ സിനിമയിലെ കോടതി രംഗങ്ങൾ മന്ത്രി ശിവൻകുട്ടി ഒന്ന് ഓർത്തുവയ്ക്കുന്നത് നന്ന്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com