

നീറ്റാ'ക്കുമോ പാറ്റകൾ
വീണ്ടുവിചാരം|ജോസഫ് എം. പുതുശ്ശേരി
ഒടുവിൽ പാറ്റകൾ പറന്നിറങ്ങി. രാജ്യ തലസ്ഥാനത്തെ ജന്തർ മന്തറിൽ പതിനായിരങ്ങളുടെ ഒത്തുചേരൽ. യുവരോഷമിരമ്പിയ കൂട്ടായ്മയിൽ പിന്തുണയുമായി യുവജനങ്ങളും വിദ്യാർഥികളും രക്ഷിതാക്കളുമെല്ലാം അണിചേർന്നു. സ്കൂൾ, കോളെജ് വിദ്യാർഥികളിൽ ചിലർ അച്ഛനമ്മമാർക്കൊപ്പമാണെത്തിയതെന്നു വരെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നേതാക്കളുടെ നിരകളോ ആഹ്വാനങ്ങളോ ഇല്ലാതെ നിശബ്ദ സന്ദേശങ്ങളിലൂടെ അണിനിരന്നു വിദ്യാർഥികളും യുവജനങ്ങളും. ഒരു ചെറു സംഘത്തെ പോലും നയിച്ചു പരിചയമില്ലാത്ത സംഘാടകർ പരസ്പരം നേരിൽ കണ്ടത് തന്നെ സമരമുഖത്താണ്. സമൂഹ മാധ്യമങ്ങളിലൂടെ രാജ്യത്തിന്‍റെ പല ഭാഗത്തിരുന്ന് ഓൺലൈൻ വഴി ബന്ധപ്പെട്ടിരുന്നവർ ഒരുമിച്ച് ചേരുന്നു. മുദ്രാവാക്യം വിളിക്കുന്നു. ആശയപ്രചാരണം നടത്തുന്നു. പൂക്കളും പുസ്തകങ്ങളും ദേശീയ പതാകളുമായി പ്രതിഷേധക്കാരെത്തുന്നു. പാറ്റ മുഖംമൂടിയും ലഘുലേഖകളും വിതരണം ചെയ്യുന്നു. ഭരണഘടന ഉയർത്തിക്കാട്ടിയും ഭാരമാതാവിന് ജയ് വിളിച്ചുമുള്ള മുദ്രാവാക്യം. നമുക്ക് ഒട്ടുംപരിചിതമല്ലാത്ത അസാധാരണമായ കാഴ്ചയും അനുഭവവും.
കോക്രോച് ജനതാ പാർട്ടി (സിജെ.പി). ആക്ഷേപഹാസ്യം എന്ന നിലയിലുള്ള തുടക്കം. "മടിയരും തൊഴിൽ രഹിതരുമായവരുടെ ശബ്ദം' എന്ന വെബ്സൈറ്റിൽ കൊടുത്തിട്ടുള്ള മുദ്രാവാക്യം തന്നെ ഇതു സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ കാര്യത്തോടടുത്തപ്പോൾ അവസ്ഥ മാറി. സ്ഥാപകൻ അഭിജിത്ത് ദീപ്കെ പ്രതീക്ഷിച്ചതിലും അപ്പുറമായിരിക്കണം സമൂഹ മാധ്യമങ്ങളിൽ ലഭിച്ച പിന്തുണ. വ്യവസ്ഥാപിത രാഷ്‌ട്രീയ പാർട്ടികളെ പോലും പിന്നിലാക്കുന്ന അമ്പരപ്പിക്കുന്ന പിന്തുണ. അതുകൊണ്ടാണല്ലോ മാധ്യമ അക്കൗണ്ടിന് വിലക്ക് വീണത്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന ഇന്‍റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് അക്കൗണ്ട് വിലക്കിയതെന്നാണ് വിശദീകരണം. പക്ഷേ അതുകൊണ്ടൊന്നും അവസാനിക്കുന്നതായിരുന്നില്ല യുവജന വികാരം. അതാണ് ജന്തർമന്തറിൽ പ്രതിഫലിച്ചത്.
വെറുമൊരു ഇന്‍റർനെറ്റ് പ്രതിഭാസമായി ഇതിനെ തള്ളാനാവുമോ? രാജ്യസുരക്ഷയ്ക്ക് ഭീഷണി എന്ന ചാപ്പ കുത്തി ഒതുക്കാനാവുമോ? ആരുടെ ബി. ടീമെന്ന എന്ന ചോദ്യവും ആശങ്കയും സംശയവും പങ്കുവച്ച് ഒഴിയാനാവുമോ? ഇതൊക്കെ അസ്ഥാനത്താണെന്നാണ് ഡൽഹി കൂടിച്ചേരൽ വിളിച്ചോതുന്നത്.
നിലവിലുള്ള ഭരണകൂടത്തിന്‍റെ വാഗ്ദാന ലംഘനങ്ങളും അധികാരവാഴ്ചയുടെ നിരന്തരമായി സംഭവിച്ചുകൊണ്ടിരിക്കുന്ന വീഴ്ചകളുമാണ് ഈ യുവജന മുന്നേറ്റത്തിന് കാരണമായതെന്ന കാര്യം വ്യക്തം. നീതിയും അവസരസമത്വവും ഉറപ്പാക്കുന്നതിലും അടിസ്ഥാന അവകാശങ്ങൾ സംരക്ഷിക്കുന്നതിലും ഭരണകൂടവും അത് ബോധ്യപ്പെടുത്തുന്നതിൽ പ്രതിപക്ഷവും പരാജയപ്പെട്ടിടത്ത് യുവസമൂഹം സ്വന്തം വഴി തേടുകയായിരുന്നു. അസ്വസ്ഥതയുടെയും അസംതൃപ്തിയുടെയും പാരമ്യത്തിലെത്തിയ യുവതയുടെ മനസിലെ നിരാശയും പ്രതിഷേധവും പുതിയ സമരമാർഗമായോ പ്രതിഷേധ കൂട്ടായ്മയായോ രൂപപ്പെടുന്ന ചിത്രം.
നീറ്റ് പരീക്ഷയിലെ ചോദ്യ ചോർച്ചയും സിബിഎസ്ഇ പരീക്ഷാ മൂല്യനിർണയത്തിലെ വീഴ്ചയുമാണ് ഈ കൂട്ടായ്മയ്ക്ക് ഗതിവേഗം വർധിപ്പിക്കുന്ന ഇന്ധനമായി മാറിയത്. എന്നാൽ, ഭരണ വ്യവസ്ഥകളോടും ഭരണാധികാരികളുടെ ചെയ്തികളോടും കാലങ്ങളായി ഉള്ളിൽ പുകഞ്ഞു കൊണ്ടിരുന്ന കനൽ എരിഞ്ഞു കത്തുന്നതായിരുന്നു അവസ്ഥ. "പാറ്റകൾ' എന്ന ചീഫ് ജസ്റ്റിസിന്‍റെ നിരീക്ഷണം കനലിന് തീ പടർത്തുന്നതായി മാറി. അമർഷം അടക്കാവുന്നതിലേറെയാകുമ്പോൾ അത് പ്രതിഷേധാഗ്നിയായി രൂപപ്പെടുന്നതാണ് ലോകമെമ്പാടും കണ്ടുവരുന്നത്. അതൊരു സ്വാഭാവിക പരിണാമം മാത്രം. വിദ്യാർഥികളും യുവജനങ്ങളും തെരുവിലി റങ്ങി സൃഷ്ടിച്ച ഭരണ മാറ്റങ്ങളും ഇടപെടലുകളും നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ നമ്മുടെ അയൽരാജ്യങ്ങളിലെ വർത്തമാനകാലചരിത്രമായി നമ്മുടെ മുമ്പിൽ നിൽക്കുകയാണ്.
സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ നടത്തിയ പ്രസംഗത്തിൽ ഭരണ വ്യവസ്ഥയോടും അതിന്‍റെ വീഴ്ചകളോടുള്ള അമർഷം പ്രകടമായിരുന്നു-""ഇന്ത്യയിലേക്ക് വരുമ്പോൾ മകൻ അറസ്റ്റിലാകുമോ എന്നായിരുന്നു അമ്മയുടെ പേടി. അത് തന്‍റെ മാത്രം അമ്മയുടെ പേടിയല്ല. രാഷ്‌ട്രീയത്തെക്കുറിച്ച് സംസാരിക്കുന്ന എല്ലാ ചെറുപ്പക്കാരുടെയും മാതാപിതാക്കൾക്ക് ഈ പേടിയുണ്ട്. എത്രനാൾ അങ്ങനെ പേടിച്ച് ജീവിക്കാനാകും? ആരെയും ഭയപ്പെടുന്നില്ലെന്ന് അവരോട് പറയണം''.
അതിനു പുറമെയാണ് എരി തീയിൽ എണ്ണ ഒഴിക്കുന്നതു പോലെയുള്ള പരീക്ഷാ ക്രമക്കേടുകളുടെ ഘോഷയാത്ര. 2014 മുതൽ 2024 വരെ 66 പ്രധാന പരീക്ഷകളുടെ ചോദ്യക്കടലാസുകൾ ചോർന്നെന്നാണ് കണക്ക്. അന്വേഷണ പ്രഖ്യാപനമല്ലാതെ നടപടി ഒന്നും ഉണ്ടാവുന്നില്ല. പ്രശ്നം പരിഹരിക്കാനുള്ള പരിഷ്കരണ ശുപാർശകൾ പൊടിപിടിച്ചിരിക്കുന്നതല്ലാതെ ഒന്നും നടപ്പാക്കുന്നതുമില്ല. ഒടുവിൽ 18 ലക്ഷം കുട്ടികൾ എഴുതിയ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മൂല്യനിർണയത്തിലാണ് കുഴപ്പങ്ങളോടു കുഴപ്പം. എന്താണ് ഉത്തരവാദിത്തപ്പെട്ടവരുടെ ജോലി? ആരിതിന് ഉത്തരം പറയും?
പോരാഞ്ഞ് തൊഴിലില്ലായ്മയുടെ ഒരിക്കലുമില്ലാത്ത വളർച്ച! സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ തൊഴിലില്ലായ്മയുടെ ഏറ്റവും ഉയർന്ന നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിലക്കയറ്റം സർവകാല റെക്കോഡിലേക്ക് കുതിക്കുന്നു. യുദ്ധ ഭീഷണിയുടെ പേരിൽ ഇന്ധനവില ദിവസേന എന്നോണം വർധിപ്പിക്കുന്നു. പാചകവാതകത്തിന്‍റെ വില വർധന ഓർമയിൽ നിന്നു പറയാവുന്നതിനുമപ്പുറത്ത്! ജനജീവിതം ഇത്രയേറെ "ലളിത സുന്ദരമാകുമ്പോൾ' അതിന്‍റെ പ്രതിഫലനമില്ലാതെ കടന്നുപോകാനാവുമോ?
ഇവിടെ പ്രതിപക്ഷവും പ്രതിക്കൂട്ടിൽ തന്നെയാണ് നിൽക്കുന്നത്. പരീക്ഷ ക്രമക്കേട്, ഇന്ധനവില വർധന തുടങ്ങിയ വിഷയങ്ങളിൽ ഗൗരവമായ ഒരു പ്രതിഷേധം ഉയർത്താൻ ഇതുവരെയായിട്ടുണ്ടോ. തിങ്കളാഴ്ചയാണ് "ഇന്ത്യാ'സഖ്യ യോഗത്തിന്‍റേതായ ഒരു പ്രതികരണം പോലുമുണ്ടായത്. അവിടെ വിടവ് നികത്താൻ പാറ്റകൾ പറന്നിറങ്ങുമ്പോൾ ആർക്കാണ് അവരെ കുറ്റപ്പെടുത്താനാവുക? ആർക്കാണ് അവരെ പിന്തുണയ്ക്കാതിരിക്കാനാവുക? ഭാവി തല്ലിക്കെടുത്താൻ തുനിയുന്ന വ്യവസ്ഥിതിക്കും അതിന്‍റെ ഉത്തരവാദികൾക്കുമെ തിരെ കൊടുങ്കാറ്റ് പോലെ ആഞ്ഞടിച്ച പ്രക്ഷോഭത്തെ എങ്ങനെ വിലകുറച്ചു കാണാനാവും? ""വിദ്യാഭ്യാസ സംവിധാനത്തിൽ മാറ്റം വരണമെങ്കിൽ വിദ്യാഭ്യാസ മന്ത്രിയുടെ മാറ്റത്തിൽ നിന്നും വേണം തുടങ്ങാൻ. സർക്കാരിനെ ഏഴു ദിവസത്തെ സമയം നൽകുന്നു. അതിനകം ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുകയോ പ്രധാനമന്ത്രി പുറത്താക്കുകയോ വേണം. നടപടി ഇല്ലെങ്കിൽ പ്രതിഷേധം രാജ്യവ്യാപകമാകും''- പ്രക്ഷോഭകർ നൽകുന്ന ഈ താക്കീതിന്‍റെ ഉൾക്കരുത്തിന്‍റെ പൊരുൾ തേടി പോകേണ്ട. ക്ഷമയ്ക്കും പരിധിയുണ്ടെന്ന തിരിച്ചറിവു മതി.
വനിതകൾക്ക് 50 ശതമാനം സംവരണം, വോട്ട് നിഷേധിക്കപ്പെട്ടാൽ ചീഫ് ഇലക്ഷൻ കമ്മിഷണറെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യും, അംബാനിയുടെയും അദാനിയുടെയും ഉടമസ്ഥതയിലുള്ള മാധ്യമങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്യും, ഒരു പാർട്ടി വിട്ടു മറ്റൊരു പാർട്ടിയിൽ ചേരുന്ന എംപി- എംഎൽഎമാരെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് 20 വർഷത്തേക്ക് വിലക്കും, സിജെപി അധികാരത്തിൽ എത്തിയാൽ വിരമിച്ച ചീഫ് ജസ്റ്റിസ്മാർക്ക് രാജ്യസഭാ സീറ്റ് നൽകില്ല തുടങ്ങിയ ആവശ്യങ്ങളിൽ നിലവിലെ സാഹചര്യങ്ങളോടുള്ള വിരക്തിയും പ്രതിഷേധവുമലയടിക്കുന്നതിന്‍റെ ഇരമ്പലാണ് കേൾക്കാനാകുന്നത്. നിലവിലെ ഭരണവ്യവസ്ഥകളോടും രീതികളോടുമുള്ള യുവത്വത്തിന്‍റെ പ്രതികരണവും അഭിപ്രായവും ശ്രദ്ധാപൂർവം കേൾക്കേണ്ടതല്ലേ? ചിലതിന് ആധികാരിക ശബ്ദം പോലുമുണ്ടാവുന്നു.
കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ, യുപിഎസ്‌സി ചെയർമാൻ എന്നിവർക്കെന്നപോലെ സുപ്രീംകോടതി ജഡ്ജിമാർക്കും വിരമിച്ച ശേഷമുള്ള പദവികൾ വിലക്കണമെന്ന് ഇന്ത്യയിലെ ആദ്യ ലോ കമ്മിഷൻ തന്നെ ശുപാർശ ചെയ്തിരുന്നു. ജുഡീഷ്യറിയുടെ സ്വതന്ത്ര സ്വഭാവം സംരക്ഷിക്കാൻ ഇത് ആവശ്യമാണെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി. വിരമിച്ച ജഡ്ജിമാർ ചേംബർ പ്രാക്റ്റിസ് നടത്തുന്നതുപോലും ഉചിതമല്ല എന്നാണ് 1958 സെപ്റ്റംബറിൽ അറ്റോർണി ജനറലായിരുന്ന എം. സി. സെത്തൽവാദ് ചെയർമാനായ ലോ കമ്മിഷൻ നൽകിയ റിപ്പോർട്ടിലെ ശുപാർശ. നിരന്തരം അതിനു വിരുദ്ധമായി സംഭവിക്കുമ്പോൾ ജുഡീഷ്യറിയുടെ സ്വതന്ത്ര സ്വഭാവത്തിന് ഉണ്ടാകുന്ന തകർച്ചയും എത്ര വലുതാണെന്ന് മറ്റാരെക്കാൾ യുവതലമുറ വ്യാകുലപ്പെടുന്നെങ്കിൽ അവർ അഭിനന്ദിക്കപ്പെടുകയല്ലേ വേണ്ടത്?
ഇവിടെയാണ് നീതിബോധത്തോടെയുള്ള സമീപനം അനിവാര്യമാകുന്നത്. സംവിധാനം പരാജയപ്പെടുന്നിടത്ത് ജനരോഷം ഉയർന്നുവരും. അതിനെ ഭയത്തോടെ നോക്കി കണ്ട് ഉന്മൂലം ചെയ്യാൻ ശ്രമിക്കുന്നതിന് പകരം പ്രശ്നപരിഹാരത്തിന് സമചിത്തതയോടെയുള്ള സമീപനം സ്വീകരിക്കുകയാണ് വേണ്ടത്. "ഡെമൊക്രസി എന്നുവച്ചാൽ അധികാരം കൈപ്പറ്റാൻ ഒരുകൂട്ടം ആളുകൾ സംഘടിതമായി നടത്തുന്ന ശ്രമമോ, കൈക്കൊള്ളുന്ന തന്ത്രമോ, മറ്റു ചിലർ അധികാര സ്ഥാനത്ത് നിന്നവരെ പുറന്തള്ളുവാൻ ഉത്സാഹപൂർവം ഉപയോഗിക്കുന്ന തന്ത്രങ്ങളോ അല്ല, ജനങ്ങളുടെ ഹിതാനുരണം കാര്യങ്ങൾ നടത്തുന്ന ഗവൺമെന്‍റിനെയാണ് നാം സ്വാഗതം ചെയ്യേണ്ടത്. അല്ലാതെ ഗവൺമെന്‍റിന്‍റെ താളത്തിനൊത്തു തുള്ളുന്ന ജനത്തെയല്ല. അക്രമം കൊണ്ടോ ഭീഷണിപ്പെടുത്തിയോ അല്ല ജനാധിപത്യ വ്യവസ്ഥയിൽ ഭരണം നടത്തേണ്ടത്. ന്യായത്തിലും നീതിയിലും സ്വാതന്ത്ര്യത്തിലും മറ്റുള്ളവരുടെ അവകാശങ്ങൾ ആദരിക്കുന്നതിലും അധിഷ്ഠിതമാണത്' - വിഖ്യാതനായ ബ്രിട്ടിഷ് പ്രധാനമന്ത്രി വിൻസ്റ്റൻ ചർച്ചിൽ ജനാധിപത്യത്തിന്‍റെ മൗലിക തത്വങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന വാക്കുകളാണിത്.
ഈ അടിസ്ഥാന പ്രമാണങ്ങൾ ലംഘിക്കപ്പെടുമ്പോൾ ജനാധിപത്യത്തിന്‍റെ സത്തയും മജ്ജയും ചോർന്നു പോകുന്നു. അതു വെറും അസ്ഥിപഞ്ജരമായി രൂപപ്പെടുന്നു. വിശാല അർഥത്തിൽ അതിനെതിരായ ചെറുത്തുനിൽപ്പിനാണ് യുവ സമൂഹം കോപ്പുകൂട്ടുന്നത്. അതിനു വിധേയപ്പെടുകയാണ് വിവേകശാലികൾ ചെയ്യേണ്ടത്. അല്ലെങ്കിൽ പ്രകൃതി നിയമം എന്ന പോലെ ആ പ്രക്രിയ രൂപപ്പെട്ടു മുന്നേറിക്കൊണ്ടിരിക്കും, ലക്ഷ്യപ്രാപ്തിയിൽ എത്തുന്നതു വരെ.