കേരളം പിറന്ന നാള്‍

ഇന്ത്യന്‍ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 22 പ്രധാന ഭാഷകളെ അടിസ്ഥാനമാക്കി സംസ്ഥാനങ്ങള്‍ രൂപീകരിക്കാനുള്ള തീരുമാനത്തിന്‍റെ ഭാഗമായിരുന്നു ഭാഷാ സംസ്ഥാനങ്ങള്‍
special column by sudheernath

കേരളം പിറന്ന നാള്‍

representative image

Updated on

വിജയ് ചൗക്ക്| സുധീര്‍ നാഥ്

1956 നവംബര്‍ ഒന്നിനാണ് ഭാഷാ അടിസ്ഥാനത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ രൂപം കൊണ്ടത്. ഇന്ത്യന്‍ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 22 പ്രധാന ഭാഷകളെ അടിസ്ഥാനമാക്കി സംസ്ഥാനങ്ങള്‍ രൂപീകരിക്കാനുള്ള തീരുമാനത്തിന്‍റെ ഭാഗമായിരുന്നു ഭാഷാ സംസ്ഥാനങ്ങള്‍. 1956ലെ സംസ്ഥാന പുനഃസംഘടനാ നിയമത്തിലൂടെയാണ് ഇത് പ്രധാനമായും നടന്നത്. 1956 ഓഗസ്റ്റ് 31നു ബില്‍ പാസായെങ്കിലും നിയമം പ്രാബല്യത്തിലായത് നവംബര്‍ ഒന്നിനാണ്. 1950 ലെ ഭരണഘടന പ്രകാരം സംസ്ഥാനങ്ങളെ പാര്‍ട്ട് എ, ബി, സി, ഡി എന്നിങ്ങനെ വേര്‍തിരിക്കുന്നത് എടുത്തു കളഞ്ഞു. പകരം "സംസ്ഥാനങ്ങള്‍' എന്ന് മാത്രം നാമകരണം ചെയ്തു. കേന്ദ്രഭരണ പ്രദേശം എന്നൊരു പുതിയ വിഭാഗം ഉള്‍പ്പെടുത്തി. 1956 നവംബര്‍ ഒന്നിന് അങ്ങിനെ കേരളമടക്കം പുതിയ സംസ്ഥാനങ്ങള്‍ രാജ്യത്ത് ഉണ്ടായി. 1956നു ശേഷവും സംസ്ഥാന അതിര്‍ത്തികളില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കിലും 1956ലെ സംസ്ഥാന പുനഃസംഘടനാ നിയമം ആണ് സ്വാതന്ത്ര്യത്തിനു ശേഷം നടന്ന ഏറ്റവും സമഗ്രമായ മാറ്റങ്ങള്‍ നടത്തിയ നിയമം.

രാജ്യത്തെ 28 സംസ്ഥാനങ്ങളിലൊന്നാണ്, കേരളം. രൂപീകൃതമാകുമ്പോള്‍ ഇന്ത്യയിലെ 14 സംസ്ഥാനങ്ങളില്‍ ഏറ്റവും ചെറിയ സംസ്ഥാനമായിരുന്നു കേരളം. ഐക്യകേരള പ്രസ്ഥാനം എന്നറിയപ്പെട്ട കേരളത്തിലെ ജനകീയ പ്രസ്ഥാനം, ഭാഷാടിസ്ഥാനത്തിലെ സംസ്ഥാന പുനഃസംഘടനയ്ക്ക് ഊര്‍ജം പകര്‍ന്നു. ഐക്യകേരളം എന്ന ആശയം 1956നു മുന്‍പ് തന്നെ ഉണ്ടായിരുന്നു. ഒടുവില്‍ തിരുവിതാംകൂര്‍, കൊച്ചി, ബ്രിട്ടിഷ് മലബാര്‍, കാസർഗോഡ് എന്നീ പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് കേരള സംസ്ഥാനം രൂപീകരിക്കുന്നത്. കൊച്ചി, തിരുവിതാംകൂര്‍, മലബാര്‍ എന്നീ പ്രദേശങ്ങളെ ഉള്‍പ്പെടുത്തി 1921ല്‍ കേരള പ്രദേശ കമ്മിറ്റി രൂപീകരിച്ചത് കേരള രൂപീകരണത്തിലെ ഒഴിച്ചുകൂടാനാവാത്ത നാഴികക്കല്ലായിരുന്നു. 1949 ജൂലൈയില്‍ തിരു - കൊച്ചി സംസ്ഥാനം നിലവില്‍ വന്നതോടെ ഐക്യകേരളമെന്ന സ്വപ്നത്തിലേക്ക് നാട് ഒരുപടികൂടി അടുത്തു.

സംസ്ഥാന രൂപീകരണം നടക്കുന്നതിനു വളരെ മുന്‍പ് തന്നെ ഇവിടം കേരളമെന്നാണ് വിളിക്കപ്പെട്ടിരുന്നത്. 1952ല്‍ ആന്ധ്രയില്‍ ഗാന്ധിയനായ പോറ്റി ശ്രീരാമുലു ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനം അവശ്യപ്പെട്ട് ആഴ്ചകളോളം നിരാഹാര സത്യഗ്രഹമനുഷ്ഠിച്ച് രക്തസാക്ഷിത്വം വഹിച്ചതിന് പിന്നാലെ 1953ല്‍ ആന്ധ്ര സംസ്ഥാനം രൂപീകരിക്കാന്‍ കേന്ദ്രം നിര്‍ബന്ധിതരായി. അതിന്‍റെ തുടര്‍ച്ചയെന്നോണമാണ് ഐക്യകേരളവും യാഥാര്‍ഥ്യമാകുന്നത്. 1947 ഏപ്രില്‍ മാസത്തില്‍ കെ കേളപ്പന്‍റെ അധ്യക്ഷതയില്‍ തൃശൂരില്‍ കൂടിയ ഐക്യ കേരള കണ്‍വെന്‍ഷന്‍ കേരള സംസ്ഥാന ലക്ഷ്യത്തിലേക്കുള്ള പ്രധാന നാഴികക്കല്ലാണ്. മലയാള സംസ്കാരം തലയുയര്‍ത്തി നില്‍ക്കണമെങ്കില്‍ ഒരു പ്രത്യേക സംസ്ഥാനം നമുക്ക് വേണമെന്ന് കേളപ്പന്‍ പറഞ്ഞിരുന്നു. മലബാറും കൊച്ചിയും തിരുവതാംകൂറും ഒന്നിച്ച് ചേര്‍ന്ന് കേരളം എന്ന സംസ്ഥാനം ഉണ്ടാകണമെന്ന് സമൂഹത്തെ വിളിച്ചുണര്‍ത്തിയത് കേളപ്പന്‍റെ നേതൃത്വത്തിലുള്ള ഒരു കൂട്ടം നേതാക്കളായിരുന്നു. കേരള ഗാന്ധി എന്നാണ് അദ്ദേഹം അറിയപ്പെട്ടത് തന്നെ.

കേരള സംസ്ഥാന രൂപീകരണ സമയത്ത് കേരളത്തില്‍ വെറും അഞ്ച് ജില്ലകള്‍ മാത്രമേ ഉണ്ടായിരുന്നൊള്ളു. ഒട്ടേറെ മാറ്റങ്ങള്‍ ഇതിന്‍റെ ഭാഗമായി ഉണ്ടായി. അതില്‍ ഏറ്റവും പ്രധാനം ചിത്തിരതിരുനാള്‍ മഹാരാജാവ് തിരു-കൊച്ചി രാജപ്രമുഖ സ്ഥാനത്തുനിന്നും വിരമിച്ചതാണ്. സംസ്ഥാനത്തിന്‍റെ തലവനായി രാജ പ്രമുഖനു പകരം ബി. രാമകൃഷ്ണറാവു ആദ്യ ഗവര്‍ണറായി. സംസ്ഥാനത്തെ ആദ്യ ചീഫ് ജസ്റ്റിസ് കെ.ടി. കോശിയായിരുന്നു. ആദ്യ ചീഫ് സെക്രട്ടറി എന്‍.ഇ.എസ്. രാഘവാചാരി. ആദ്യ പൊലീസ് ഐ ജി എന്‍. ചന്ദ്രശേഖരന്‍നായര്‍. കേരള സംസ്ഥാനത്തിലെ ആദ്യ പൊതുതെരഞ്ഞെടുപ്പ് 1957 ഫെബ്രുവരി 28ന് നടന്നു. ആ തെരഞ്ഞെടുപ്പിലൂടെ ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നു.

മലയാളം സംസാരിക്കുന്ന പ്രദേശമാണ് കേരളമായി രൂപം കൊള്ളാന്‍ ഇടയാക്കിയത്. കേരളം വീതി കുറഞ്ഞ സംസ്ഥാനമാണ്. പതിനൊന്നുമുതല്‍ കിലോമീറ്റര്‍ 121 കിലോമീറ്റര്‍ വരെയാണ് കേരളത്തിന്‍റെ വീതി. കേരളത്തിന്‍റെ നീളം 580 കിലോമീറ്റർ. മലയാളഭാഷ സംസാരിക്കുന്ന ജനങ്ങള്‍ താമസിക്കുന്ന (ഇന്നത്തെ തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയും, തെങ്കാശി ജില്ലയിലെ ചെങ്കോട്ടത്താലൂക്കിന്‍റെ കിഴക്കേ ഭാഗവുമൊഴികെ) തിരുവിതാംകൂര്‍, പണ്ടത്തെ കൊച്ചി, പഴയ മദിരാശി സംസ്ഥാനത്തിലെ ഗൂഡല്ലൂര്‍ താലുക്ക്, കുന്ദ താലൂക്ക്, ടോപ് സ്ലിപ്, ആനക്കട്ടിക്കു കിഴക്കുള്ള അട്ടപ്പാടിവനങ്ങള്‍ (ഇപ്പോള്‍ നീലഗിരി ജില്ല, കോയമ്പത്തൂര്‍ ജില്ലയുടെ ഭാഗങ്ങള്‍) ഒഴികെയുള്ള മലബാര്‍ ജില്ല, ദക്ഷിണ കന്നഡ ജില്ലയിലെ തുളുനാട് ഉള്‍പ്പെടുന്ന കാസറഗോഡ് താലൂക്ക് (ഇപ്പോള്‍ കാസർഗോഡ് ജില്ല) എന്നീ പ്രദേശങ്ങള്‍ ചേര്‍ത്ത്, 1956ലാണ് ഭാഷാടിസ്ഥാനത്തില്‍ കേരള സംസ്ഥാനം രൂപവത്കരിച്ചത്.

കേരവൃക്ഷങ്ങള്‍ നിറഞ്ഞ സ്ഥലം എന്ന അർഥത്തില്‍ കേരളം എന്ന പേരുണ്ടായെന്ന അഭിപ്രായമാണ് ഏറ്റവും പ്രബലം. കേരം എന്ന പദവും സ്ഥലം എന്നർഥം വരുന്ന അളം എന്ന പദവും ചേര്‍ന്നാണ്, കേരളം എന്ന പേരുണ്ടായതെന്ന വാദം ഈ അഭിപ്രായത്തെ ബലപ്പെടുത്തുന്നു. അല്ലാഹു അനുഗ്രഹിച്ച നാട് എന്ന അർഥത്തില്‍ ഖൈറുള്ള എന്ന് അറബി സഞ്ചാരികള്‍ വിളിച്ചിരുന്നത് ലോപിച്ചാണ്, കേരളം എന്ന പേരുണ്ടായതെന്നാണത് എന്ന് ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. "മലബാര്‍' എന്ന പദം അറബികള്‍ വഴി ലഭിച്ചതാണെന്നതാണ്, ഈ അഭിപ്രായത്തിനു കൂടുതല്‍ പിന്തുണ നൽകുന്നത്. "മഹല്‍' എന്ന പദവും "ബുഹാര്‍' എന്ന പദവും ചേര്‍ന്നാണു മലബാര്‍ എന്ന പദമുണ്ടായതത്രേ. "മഹല്‍ബുഹാര്‍' എന്നാല്‍ സുഗന്ധവ്യഞ്ജനങ്ങളുടെ നാട് എന്നർഥം. അതു പിന്നീടു ലോപിച്ചാണ്, മലബാര്‍ എന്നായത്.

കേരളം എന്ന പേര് "ചേരളം' എന്ന പദത്തില്‍നിന്ന് ഉദ്ഭവിച്ചതാണെന്നാണ് മറ്റൊരു വാദം. ചേര്‍, അഥവാ ചേര്‍ന്ത എന്നതിന്, ചേര്‍ന്ന എന്നാണർഥം. കടല്‍മാറി കരകള്‍ കൂടിച്ചേര്‍ന്ന എന്ന അർഥത്തിലാണ് ഈ പേരുണ്ടായതെന്ന് ഒരു കൂട്ടര്‍ കരുതുന്നു. ചേര രാജാക്കന്മാരില്‍ നിന്നുമാകാം കേരളം എന്ന പേര്‍ വന്നതെന്ന അഭിപ്രായമുള്ളവരും ഉണ്ട്. ബുദ്ധമതത്തിലെ ഥേര വാദ മതത്തില്‍പെട്ടവരായിരുന്നു ചേര രാജാക്കന്മാര്‍ എന്നു കരുതുന്നു. ഥേര എന്ന വാക്ക്, പാലിയില്‍ നിന്ന്, താലവ്യവത്കരണം എന്ന സ്വനനയപ്രകാരം ചേരന്‍ എന്നായതാണെന്നും, സ്ഥലമെന്ന അർഥത്തിലുള്ള പാലിപദമായ തളം, ആദിലോപം പ്രാപിച്ച് അളം ആയതാണെന്നും ഇക്കൂട്ടര്‍ വിശ്വസിക്കുന്നു. കേരളം ഒരുകാലത്ത് ബുദ്ധമതക്കാരുടെ പ്രബലകേന്ദ്രമായിരുന്നുവെന്ന വിശ്വാസം ബലപ്പെടുത്തുന്നതാണീ വാദം. വീരകേരളന്‍റെ നാടായതിനാല്‍ കേരളം എന്ന പേര്‍വന്നുവെന്നും ഒരു വിശ്വാസമുണ്ട്. മലഞ്ചെരിവ് എന്നർഥമുള്ള ചാരല്‍ എന്ന തമിഴ്പദത്തില്‍ നിന്നാണ് ചേരല്‍ ഉണ്ടായതെന്നും അതാണ്, കേരളമായതെന്നുമുള്ള മറ്റൊരു വാദവും നിലനില്‍ക്കുന്നു.

1956 നവംബര്‍ മാസം ഒന്നിന് കേരളത്തോടൊപ്പം രൂപം കൊണ്ട മറ്റ് സംസ്ഥാനങ്ങള്‍ ഏതൊക്കെ എന്ന് പരിശോധിക്കാം. തെലുങ്ക് സംസാരിക്കുന്നവരെ ഉള്‍പ്പെടുത്തി രൂപീകരിച്ച ആദ്യത്തെ ഭാഷാ സംസ്ഥാനം ആന്ധ്രാപ്രദേശ് ആയിരുന്നു. ആന്ധ്രപ്രദേശ് "ഇന്ത്യയുടെ അരിപ്പാത്രം' എന്നാണ് അറിയപ്പെടുന്നത്. ഇവിടെ കൃഷി ചെയ്യുന്നതില്‍ 70 ശതമാനവും നെല്ലാണ്. ഭാഷയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിച്ചപ്പൊള്‍ "കന്നഡ' ഭാഷ സംസാരിക്കുന്ന പ്രദേശങ്ങള്‍ ചേര്‍ന്നാണ് 1956 നവംബര്‍ ഒന്നിന് മൈസൂര്‍ സംസ്ഥാനം രൂപമെടുത്തത്. 1973ല്‍ "കർണാടക' എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു. ബംഗളൂരു കര്‍ണാടകയുടെ തലസ്ഥാനമായി. തമിഴ് മുഖ്യഭാഷയായി ഉപയോഗിക്കുന്നവരുടെ സംസ്ഥാനമാണിത്. കേരളം, കർണാടക, ആന്ധ്രാ പ്രദേശ് എന്നീ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയും തമിഴ്നാടിനോടു ചേര്‍ന്നു കിടക്കുന്നു. ശ്രീലങ്കയുമായി രാജ്യാന്തര അതിര്‍ത്തിയുമുണ്ട്. ചെന്നൈ ആണ് തമിഴ്നാടിന്‍റെ തലസ്ഥാനം.

1956 നവംബര്‍ ഒന്നിന് രൂപം കൊണ്ടില്ലെങ്കിലും നവംബര്‍ ഒന്ന് സംസ്ഥാനപ്പിറവി ആഘോഷിക്കുന്ന മറ്റ് സംസ്ഥാനങ്ങളും നമ്മുടെ രാജ്യത്ത് ഉണ്ട്. 1966 നവംബര്‍ ഒന്നാം തീയതിയാണ് ഹരിയാന സംസ്ഥാനം രൂപം കൊള്ളുന്നത്. 1966 നവംബര്‍ ഒന്നിനാണ് പഞ്ചാബ് സംസ്ഥാനം രൂപം കൊള്ളുന്നത്. 2000 നവംബര്‍ ഒന്നിനാണ് ഛത്തിസ്ഗഡ് സംസ്ഥാനം രൂപം കൊള്ളുന്നത്. ഇങ്ങനെ നവംബര്‍ ഒന്ന് സംസ്ഥാനപ്പിറവി ആഘോഷിക്കുന്ന മറ്റ് സംസ്ഥാനങ്ങളും നമ്മുടെ രാജ്യത്തുണ്ട് എന്ന് പറയുവാനാണ് ഇതുകൂടി കൂട്ടിച്ചേര്‍ത്തത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com