നമുക്കുമില്ലേ ഡിജിറ്റല്‍ ഡിമെന്‍ഷ്യ...?

ഡിജിറ്റല്‍ ഉപകരണങ്ങളും സാങ്കേതികവിദ്യയും ദൈനംദിന ജീവിതത്തിന്‍റെ ഭാഗമായി തന്നെ ഇപ്പോള്‍ മാറിയിരിക്കുന്നു
special column by sudheernath about digital dementia

നമുക്കുമില്ലേ ഡിജിറ്റല്‍ ഡിമെന്‍ഷ്യ...?

representative image

Updated on

വിജയ് ചൗക്ക്| സുധീര്‍ നാഥ്

കൊവിഡ് കാലം കഴിഞ്ഞതോടുകൂടി നമ്മുടെ ഇടയില്‍ ഡിജിറ്റല്‍ ഡിമെന്‍ഷ്യ ശക്തമായിരിക്കുന്നുവെന്നതിൽ തര്‍ക്കമില്ല. ജോലിയുടെ ഭാഗമായും അല്ലാതെയുമൊക്കെ ദിവസവും മൊബൈല്‍ ഫോണ്‍, ലാപ്ടോപ് സ്ക്രീനുകള്‍ തുടങ്ങിയവയ്ക്ക് മുന്നിലിരിക്കുന്നവര്‍ നിരവധിയാണ്. ഡിജിറ്റല്‍ ഉപകരണങ്ങളും സാങ്കേതികവിദ്യയും ദൈനംദിന ജീവിതത്തിന്‍റെ ഭാഗമായി തന്നെ ഇപ്പോള്‍ മാറിയിരിക്കുന്നു. ഇടയ്ക്കിടെ ഡിജിറ്റല്‍ ഫോണില്‍ നേക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഈ ശീലം ആരോഗ്യത്തെ ഹാനികരമായി ബാധിക്കും. മാത്രമല്ല വ്യായാമം കൂടിയില്ലാത്തവരാണെങ്കില്‍ മറവിരോഗത്തിന് സാധ്യത വളരെ കൂടുതലാണെന്ന് മണപ്പുറം ഡയലോഗിന്‍റെ ഭാഗമായി ഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടത്തിയ പ്രഭാഷണത്തില്‍ ഡോക്റ്റര്‍ മനോജ് കുമാര്‍ ശര്‍മ ചൂണ്ടികാട്ടി.

സാങ്കേതിക വിദ്യയാല്‍ നയിക്കപ്പെടുന്ന കാലമാണിത്. സ്മാര്‍ട്ട് ഫോണുകളും ലാപ്ടോപ്പുകളും മറ്റ് ഡിജിറ്റല്‍ ഗാഡ്ജെറ്റുകളെയും വളരെയധികം ആശ്രയിച്ച് വേഗമേറിയ ലോകത്താണ് നമ്മളുള്ളത്. സാങ്കേതികവിദ്യ ജീവിതം എളുപ്പമാക്കിയിട്ടുണ്ടെങ്കിലും, അതില്‍ അധികമായാല്‍ നിങ്ങളുടെ തലച്ചോറിന് ദോഷം സംഭവിക്കുമെന്നത് നമ്മള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അവിടെയാണ് "ഡിജിറ്റല്‍ ഡിമെന്‍ഷ്യ" എന്ന പദം വരുന്നത് - അതെ, അത് ഗൗരവമായി എടുക്കേണ്ട ഒന്നാണ്! സാങ്കേതികവിദ്യ അദ്ഭുതകരമായ ഒരു മേഖലയാണ്. പക്ഷേ അമിതമായി ഉപയോഗിക്കുമ്പോള്‍, അത് നമ്മുടെ മാനസിക വ്യക്തതയും സമാധാനവും നഷ്ടപ്പെടുത്തും. ശരീരത്തിലെ മറ്റേതൊരു ഭാഗത്തെയും പോലെ തന്നെ നമ്മുടെ തലച്ചോറിനും പരിചരണം ആവശ്യമാണ്.

സ്മാര്‍ട്ട് ഫോണുകള്‍, കംപ്യൂട്ടറുകള്‍, ടാബ്‌ലറ്റുകള്‍ തുടങ്ങി ഡിജിറ്റല്‍ ഉപകരണങ്ങളുടെ അമിത ഉപയോഗം കാരണം ഓർമശക്തിക്കും ശ്രദ്ധയ്ക്കും ഉണ്ടാകുന്ന തകര്‍ച്ചയാണ് ഡിജിറ്റല്‍ ഡിമെന്‍ഷ്യ. സമീപകാലത്ത് ഒരു കുട്ടിയോട് നമ്മുടെ ഇന്ത്യയില്‍ എത്ര സംസ്ഥാനങ്ങള്‍ ഉണ്ട് എന്ന് ചോദിച്ചപ്പോള്‍ അത് ഗൂഗ്‌ളിന് അറിയാം എന്നാണ് മറുപടി നല്‍കിയത്. ഗൂഗ്‌ളില്‍ ഒന്ന് സെര്‍ച്ച് ചെയ്യട്ടെ എന്നാണ് കൂട്ടി ചേര്‍ത്ത് പറഞ്ഞത്. രാജ്യത്തെ സംസ്ഥാനങ്ങളെ പോലും ഓര്‍ത്തു വയ്ക്കാന്‍ പുതിയ തലമുറ മടിക്കുന്നു. കാരണം അവര്‍ക്ക് ഇന്‍റര്‍നെറ്റിലൂടെ ഇതെല്ലാം ലഭ്യമാണ്.

ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് പോകുവാന്‍ ഗൂഗ്‌ള്‍ സെര്‍ച്ച് ആശ്രയിക്കുന്ന പുതുതലമുറയുടെ വ്യഗ്രത മുതിര്‍ന്ന പലര്‍ക്കുമുണ്ട്. സ്വന്തം വീട്ടിലേക്കും, കവലയിലേക്കും ഗൂഗിള്‍ മാപ്പിന്‍റെ സഹായം തേടുന്നവരുടെ എണ്ണം കൂടുതലാണ്. എല്ലാം ഗൂഗ്‌ളില്‍ തെരയുന്നതിനു പകരം കാര്യങ്ങള്‍ ഓർമിക്കാന്‍ ശ്രമിക്കുക എന്നത് അഭികാമ്യമാണ്. വര്‍ത്തമാനകാലത്ത് പുതുതലമുറയ്ക്ക് ചെറിയ കാര്യങ്ങള്‍ പോലും ഓര്‍ക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നു എന്നാണ് വൈദ്യശാസ്ത്രം കണ്ടെത്തിയിരിക്കുന്നത്. ഒരേസമയം വായനയും സ്ക്രീന്‍ ഷെയറിങ്ങും മൊബൈലും ഈ ഒരു സാഹചര്യത്തില്‍ ശക്തിപ്പെടുത്തുന്നു.

കൂടുതല്‍ സമയം ഇന്‍റര്‍നെറ്റിനെയും മൊബൈലിനെയും ആശ്രയിക്കുന്ന യുവതലമുറയ്ക്ക് മാനസിക മന്ദത ഉണ്ടാകുന്നു എന്നാണ് കണ്ടെത്തല്‍. പുതിയ കാര്യങ്ങള്‍ മനസിലാക്കാനും അതിനുള്ള പ്രശ്നപരിഹാരത്തിനും കൂടുതല്‍ സമയം ചെലവഴിക്കേണ്ടി വരുന്നു. ഇവരില്‍ വൈകാരിക പ്രശ്നങ്ങളുണ്ടാകുന്നു എന്നുള്ളതാണ് മറ്റൊരു കണ്ടെത്തല്‍. സാമൂഹിക അകല്‍ച്ച പുതിയ തലമുറയില്‍ വ്യാപകമായി ഉണ്ടായിരിക്കുന്നു. നേരിട്ടുള്ള ബന്ധത്തെക്കാള്‍ ഡിജിറ്റല്‍ ലോകത്തെ ജീവിതത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു എന്നാണ് വൈദ്യശാസ്ത്രം ചൂണ്ടിക്കാണിക്കുന്നത്. വാട്ട്സാപ്പിലൂടെയും മറ്റ് സാമൂഹിക മാധ്യമങ്ങളിലൂടെയും കൂടുതലായി ആശയവിനിമയം നടത്തുന്നത് ഇപ്പോള്‍ വ്യാപകമാണ്. മകനെ ഫോണില്‍ വിളിച്ച പിതാവിന് മെസേജ് ചെയ്യൂ എന്നായിരുന്നു മകന്‍റെ മറുപടി. മക്കള്‍ മാതാപിതാക്കളുടെ ആരോഗ്യ വിവരങ്ങള്‍ ചോദിക്കുന്നത് പോലും മെസേജിലൂടെയാണ്. ഇത് വലിയ മാനസിക വ്യതിയാനം പുതുതലമുറയില്‍ ഉണ്ടാക്കും.

കൂടുതല്‍ സമയം ഡിജിറ്റല്‍ ലോകത്ത് നില്‍ക്കുന്നവര്‍ക്ക് കഴുത്തുവേദന, തലവേദന, കണ്ണിനു ക്ഷീണം തുടങ്ങിയവ ഉണ്ടാകുമെന്നും പറയുന്നുണ്ട്. ഇത് നിയന്ത്രിക്കുവാന്‍ പല കാര്യങ്ങളും വൈദ്യശാസ്ത്രം നിര്‍ദേശിക്കുന്നു. കര്‍ശനമായും സ്ക്രീന്‍ സമയം നിയന്ത്രിക്കുക എന്നതാണ് ഏറ്റവും പ്രധാനം. നിങ്ങള്‍ സ്ക്രീന്‍-ടൈം ട്രാക്കറുകള്‍ ഉപയോഗിക്കുകയോ ആപ്പ് പരിധികള്‍ സജ്ജമാക്കുകയോ ചെയ്യുക. വീട്ടില്‍, പ്രത്യേകിച്ച് കിടപ്പുമുറിയിലും ഭക്ഷണ സമയത്തും സ്ക്രീന്‍-ഫ്രീ സോണുകള്‍ സൃഷ്ടിക്കുക. ഡിജിറ്റല്‍ ഉപകരണങ്ങളെ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കിപ്പിക്കുക എന്നുള്ളത് മറ്റൊരു പരിഹാരമാര്‍ഗമാണ്. ഓണ്‍ലൈനില്‍ വായിക്കുന്നതും, പിഡിഎഫ് പുസ്തകങ്ങള്‍ തുടര്‍ച്ചയായി വായിക്കുന്നതും ഒഴിവാക്കേണ്ടതുണ്ട്. ഹാര്‍ഡ്ബൗണ്ട് പുസ്തകങ്ങള്‍ വായിക്കുന്നത് നിങ്ങളുടെ കണ്ണുകള്‍ക്ക് വിശ്രമം നല്‍കുക മാത്രമല്ല, ശ്രദ്ധയും ഓര്‍മശക്തിയും മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉപേക്ഷിച്ച് മാനസികവും ശാരീരികവുമായ പ്രവൃത്തികളില്‍ ഏര്‍പ്പെടാൻ പുതുതലമുറയെ പ്രേരിപ്പിക്കുക എന്നുള്ളതാണ് മൂന്നാമത്തെ പരിഹാരമാര്‍ഗം. വ്യായാമം സന്തോഷ ഹോര്‍മോണുകളെ വര്‍ധിപ്പിക്കുകയും നിങ്ങളുടെ തലച്ചോറിനെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. വ്യായമത്തിന്‍റെ ഭാഗമായി നക്കുമ്പോഴും യോഗ ചെയ്യുന്ന അവസരത്തിലും മൊബൈല്‍ ഉപയോഗം ഒഴിവാക്കണം.

വീഡിയോ ഗെയിം, ഓണ്‍ലൈന്‍ ഗെയിം പോലുള്ള പ്രവര്‍ത്തനങ്ങളിലൂടെ വൈജ്ഞാനിക കഴിവുകള്‍ വർധിപ്പിക്കുന്നതിനുള്ള സാധ്യത സാങ്കേതിക വിദ്യ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, അതുമൂലം ഒട്ടേറെ പോരായ്മകളും ഉണ്ടാകുന്നുണ്ട്. സാങ്കേതികവിദ്യയുടെ അമിത ഉപയോഗം മനുഷ്യനിലെ ശ്രദ്ധ കുറയ്ക്കുന്നതിനും വൈജ്ഞാനിക മന്ദതയ്ക്കും കാരണമാകും. കൂടാതെ, ഡിജിറ്റല്‍ ഉപകരണങ്ങളുടെ നിരന്തരമായ ഉപയോഗം മുഖാമുഖ ഇടപെടല്‍ കുറയ്ക്കുന്നതിനും സാമൂഹിക ഒറ്റപ്പെടല്‍ വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകും.

സംസാരിക്കുന്നതിനെക്കാള്‍ കൂടുതല്‍ മൊബൈലിലൂടെയും ചാറ്റിങ്ങിലൂടെയും ഇടപഴകുവാനാണ് പലരും ഇപ്പോള്‍ താത്പര്യം കാണിക്കുന്നത്. അതൊഴിവാക്കി മുഖാമുഖം കാണുകയും സംസാരിക്കുകയും ചെയ്യുകയാണു വേണ്ടത്. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സമയം ചെലവഴിക്കുന്നത് യഥാർഥ സംഭാഷണങ്ങളിലേക്കും സന്തോഷകരമായ നിമിഷങ്ങളിലേക്കും ആകര്‍ഷിക്കുന്നു. ഫോണ്‍ പരിശോധിക്കാനുള്ള താത്പര്യം ഇതുവഴി കുറയ്ക്കുവാനും സാധിക്കും.

ജനിച്ചുവീഴുന്ന കുട്ടികള്‍ കരയാതിരിക്കുവാന്‍ മൊബൈല്‍ ഫോണുകള്‍ നല്‍കുന്ന ഒരു പ്രവണത സമീപകാലത്ത് വർധിച്ചു വരുന്നുണ്ട്. ഇത് അതിഭീകരമായ ഡിജിറ്റല്‍ ഡിമെന്‍ഷ്യയ്ക്ക് കാരണമാകും എന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. കുഞ്ഞുങ്ങള്‍ കരയാതിരിക്കാന്‍ മൊബൈല്‍ ഓണാക്കി ചലിക്കുന്ന ദ്യശ്യങ്ങള്‍ കാണിച്ച് കരച്ചില്‍ നിര്‍ത്താന്‍ സാധിക്കുന്നു എന്ന പരിഹാര മാര്‍ഗം അപകടമാണ്. കുട്ടികള്‍ക്ക് രസിക്കുവാന്‍ ഉതകുന്ന ഒട്ടേറെ വിഭവങ്ങള്‍ തുറന്നുകൊടുത്തും അവരെ ഡിജിറ്റല്‍ ലോകത്തേക്ക് അടിമപ്പെടുത്തുന്ന മാതാപിതാക്കള്‍ ഉണ്ട്. അവര്‍ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം കുട്ടികളുടെ ചിന്താശേഷി നശിപ്പിക്കുന്നതിന് ഇത് കാരണമാകും എന്നുള്ളതാണ്.

അമെരിക്കയിലെ പ്രശസ്തരായ ശിശു രോഗ വിദഗ്ധര്‍ പറയുന്നത് ഒരു കാരണവശാലും കുട്ടികള്‍ക്ക് സ്ക്രീനുകള്‍ ഉപയോഗിച്ചുള്ള മൊബൈലും മറ്റു ദൃശ്യ മാധ്യമങ്ങളും നല്‍കാതിരിക്കുക എന്നതാണ്. കാര്‍ട്ടൂണ്‍ അനിമേഷന്‍ കുട്ടികളെ ആകര്‍ഷിക്കുന്ന ഒന്നാണ്. എന്നാല്‍ മൂന്നോ നാലോ വയസുവരെ ഒരു മണിക്കൂറില്‍ കൂടുതല്‍ ഇത്തരം വിനോദ ഉപാധികള്‍ കാണുവാന്‍ അനുവദിക്കരുത്. ലോകാരോഗ്യ സംഘടന പറയുന്നത് കുട്ടികള്‍ ചുരുങ്ങിയത് രണ്ടു മണിക്കൂര്‍ എങ്കിലും ഫിസിക്കല്‍ ആക്റ്റിവിറ്റി നടത്തണമെന്നാണ്. ഒരു മണിക്കൂറില്‍ കൂടുതല്‍ സ്ക്രീന്‍ സമയം നല്‍കരുതെന്നും ലോകാരോഗ്യസംഘടന നിര്‍ദേശിക്കുന്നു.

ഇന്ത്യന്‍ അസോസിയേഷന്‍ ഒഫ് പീഡിയാട്രീഷ്യന്‍ പറയുന്നത് രണ്ടുവര്‍ഷം വരെ ഒരു കാരണവശാലും കുട്ടികള്‍ക്ക് സ്ക്രീന്‍ ഷെയര്‍ ചെയ്യാന്‍ പാടില്ല എന്നുള്ളതാണ്. 18 വയസ് വരെ രണ്ടുമണിക്കൂറില്‍ കൂടുതല്‍ സ്ക്രീന്‍ സമയം നല്‍കുന്നത് അഭികാമ്യമല്ലെന്നും ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പീഡിയാട്രിക്സ് നിർദേശിക്കുന്നു. കുട്ടികള്‍ കൂടുതല്‍ സമയം ഡിജിറ്റല്‍ ലോകത്ത് ഇരിക്കുന്നത് മാനസിക ആരോഗ്യത്തിന് വലിയ ആഘാതം സൃഷ്ടിക്കും. വീടിന് പുറത്തുള്ള ആക്റ്റിവിറ്റുകളില്‍ കുട്ടികളെ കൂടുതല്‍ പ്രേരിപ്പിക്കണം എന്നുള്ള നിർദേശവും അവര്‍ക്കുണ്ട്.

ലഹരിക്ക് അടിമയാകുന്നവരെ അതിൽ നിന്ന് രക്ഷിക്കാൻ നമ്മുടെ രാജ്യത്ത് എത്രയോ ഡിഅഡിക്ഷൻ കേന്ദ്രങ്ങളാണ് ഉള്ളത്. സമാനമായി ഡിജിറ്റൽ അഡിക്‌ഷൻ വന്നിട്ടുള്ള ഒട്ടേറെ പേർ നമുക്കുചുറ്റും ഉണ്ട്. ഡിജിറ്റൽ രംഗത്ത് അടിമകളായി പോകുന്നവർക്ക് മോചനം നൽകുന്ന ഡിഅഡിക്‌ഷൻ കേന്ദ്രങ്ങൾ നമ്മുടെ നാട്ടിൽ വ്യാപകമായി വളർന്നുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ മെട്രോ നഗരങ്ങളിൽ ഇത് തുടക്കം കുറിച്ചു കഴിഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com