'പിണറായി': ഫലമെന്തായാലും എൽഡിഎ​ഫിൽ ഒറ്റ അവകാശി!

പൗരത്വ ഭേദഗതി നിയമത്തിനെതിരേ ആഞ്ഞടിച്ച് എല്ലാ പ്രസംഗങ്ങളിലും ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ടായിരുന്നു എൽഡിഎഫ് പ്രചാരണം
special story about cpm loksabha election
pinarayi vijayanfile

എം.ബി. സന്തോഷ്

തിരുവനന്തപുരം: പാർലമെന്‍റ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ 3 ദിവസം മാത്രം ബാക്കിനിൽക്കെ ഒരു കാര്യം വ്യക്തം - എൽഡിഎഫിന്‍റെ ഫലമെന്തായാലും അതിന്‍റെ അവകാശി ഒരേയൊരാൾ: മുഖ്യമന്ത്രി പിണറായി വിജയൻ.

തെരഞ്ഞെടുപ്പിനു മുമ്പ് ഈ വർഷം 7 തവണ കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപിയുടെ തെരഞ്ഞെടുപ്പ് പോരാട്ടം നേരിട്ട് നയിച്ചു, ഇന്ത്യ മുന്നണിയുടെ ഭാഗമായിരിക്കുമ്പോഴും കോൺഗ്രസിന്‍റെ ദേശീയ നേതാവ് രാഹുൽ ഗാന്ധി സംസ്ഥാനത്ത് മത്സരിച്ചു. ഈ രണ്ട് "അപകടങ്ങളും' മറികടക്കാനായിരുന്നു മുഖ്യമന്ത്രിയുടെ പ്രചാരണം.

അതുകൊണ്ടു തന്നെ, സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലെയും പ്രചാരണത്തിന് നേരിട്ട് നേതൃത്വം വഹിച്ചത് മുഖ്യമന്ത്രിയാണ്. തെരഞ്ഞെടുപ്പിനു മുന്നോടിയായി 5 മാസം മുമ്പ് നവകേരള സദസുമായി പിണറായിയുടെ നേതൃത്വത്തിൽ മന്ത്രിസഭയാകെ 140 നിയമസഭാ മണ്ഡലത്തിലും നടത്തിയ പര്യടനം എൽഡിഎഫ് സംവിധാനത്തെ ഉണർത്താൻ ലക്ഷ്യമിട്ടായിരുന്നു. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും മുമ്പു തന്നെ സംസ്ഥാനത്ത് ആദ്യമായി സ്ഥാനാർഥികളെ പ്രഖ്യാപിച്ചത് എൽഡിഎഫാണ്. അപ്രതീക്ഷിത സ്ഥാനാർഥികൾ ഉണ്ടായിരുന്നെങ്കിലും അവരൊക്കെ മികച്ച പ്രകടനം കാഴ്ചവച്ചു എന്നാണ് സിപിഎമ്മിന്‍റെ വിലയിരുത്തൽ.

രാഹുൽ ഗാന്ധിക്കെതിരേ വയനാട്ടിൽ സിപിഐയുടെ ദേശീയ നേതാവ് ആനി രാജ മത്സരിച്ചതിലൂടെ "ഇന്ത്യ മുന്നണിയിലെ അനൈക്യം' ബിജെപി ദേശീയതലത്തിൽ ചർച്ചയാക്കി.‌ പിണറായി വിജയനെതിരെ കേസെടുക്കാത്തതിനും അറസ്റ്റു ചെയ്യാത്തതിനും കേന്ദ്ര ഏജൻസികൾക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ പ്രതികരണത്തിന് രൂക്ഷ പ്രതികരണമാണ് ഇടതു കേന്ദ്രങ്ങളിൽനിന്ന് നേരിടേണ്ടി വന്നത്. "പപ്പു' എന്ന വിളിപ്പേര് ഓർമിപ്പിച്ച് താൻ രാഹുലിനെ അങ്ങനെ വിളിക്കുന്നില്ലെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരേ ആഞ്ഞടിച്ച് എല്ലാ പ്രസംഗങ്ങളിലും ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ടായിരുന്നു എൽഡിഎഫ് പ്രചാരണം. അതുകൊണ്ടു തന്നെ പൗരത്വ നിയമവുമായി ബന്ധപ്പെട്ട കോൺഗ്രസ് ഇരട്ടത്താപ്പ് തുറന്നുകാട്ടാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ യുഡിഎഫിലേക്ക് ചാഞ്ഞ ന്യൂനപക്ഷ വോട്ടുകൾ തിരിച്ചുപിടിക്കുകയായിരുന്നു ലക്ഷ്യം.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒന്നിലൊതുങ്ങിയ മുന്നണിയെ തദ്ദേശ തെരഞ്ഞെടുപ്പിൽ ജയിപ്പിച്ച് ആദ്യമായി തുടർ ഭരണം നേടിയ അനുഭവമുള്ളതിനാൽ മുഖ്യമന്ത്രിയെ ഈ തെരഞ്ഞെടുപ്പ് ഏതെങ്കിലും വിധത്തിൽ ബാധിക്കാനിടയില്ല. അതേസമയം, സിപിഎം, സിപിഐ സംസ്ഥാന സെക്രട്ടറിമാരായ എം.വി. ഗോവിന്ദനും ബിനോയ് വിശ്വവും ചുമതലയേറ്റ ശേഷമുള്ള ആദ്യ പ്രധാന തെരഞ്ഞെടുപ്പായതിനാൽ ഇരുവർക്കും സംഘടനാ സംവിധാനം എത്രത്തോളം ചലിപ്പിക്കാനായി എന്ന വിലയിരുത്തലുണ്ടാവും.

എന്നാൽ, മുന്നണിയിൽ ഏറ്റവുമൊടുവിലെത്തിയ കേരളാ കോൺഗ്രസ് എമ്മിന് കഴിഞ്ഞ തവണ യുഡിഎഫിലായിരിക്കേ നേടിയ ജയം കോട്ടയത്ത് ഇത്തവണ ആവർത്തിച്ചേ തീരൂ. സംസ്ഥാനത്തൊട്ടാകെ വീശിയടിച്ച എൽഡിഎ‌ഫ് തരംഗത്തിലും കോട്ടയത്തെ 7 നിയമസഭാ മണ്ഡലങ്ങളിൽ അഞ്ചും യുഡിഎഫാണ് ജയിച്ചത്. ആ "യുഡിഎഫ് സ്വഭാവം' മറികടന്ന് കോട്ടയം പിടിക്കുക ജോസ് കെ. മാണിക്ക് പ്രധാനമാവുന്നത് അവിടെ കേരളാ കോൺഗ്രസിന്‍റെ മറുവിഭാഗമാണ് എതിരാളി എന്നതിനാൽ കൂടിയാണ്. രാജ്യസഭാ സീറ്റിലടക്കം എൽഡിഎഫിൽ നിർണായകമാവുക കോട്ടയത്തെ ഫലമാവുമെന്ന് പാർട്ടി തിരിച്ചറിയുന്നു. കോട്ടയം നിലനിർത്തിയാൽ ജോസ് കെ. മാണിക്ക് സിപിഎം നൽകുന്ന പ്രാധാന്യം എൽഡിഎഫിൽ സിപിഐ ഉൾപ്പെടെയുള്ള മറ്റ് ഘടക കക്ഷികൾക്കും അംഗീകരിക്കേണ്ടിവരും.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 20ൽ ആലപ്പുഴ മാത്രം ജയിച്ച എൽഡിഎഫ് 5 സീറ്റെങ്കിലും ജയിക്കുമെന്ന വിശ്വാസത്തിലാണ്. ന്യൂനപക്ഷ വോട്ടുകൾ അനുകൂലമായാൽ അത് 12 കടക്കുമെന്നും അവർ കണക്കുകൂട്ടുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com