ദോശ ചുടും പോലെ ബില്ലുകൾ!

സഭയുടെ അന്തസും പാരമ്പര്യവും പരിപാലിച്ചുകൊണ്ടുതന്നെ ജനകീയ പ്രശ്നങ്ങൾ പാർലമെന്‍റിലും നിയമസഭകളിലും അവതരിപ്പിക്കാൻ ധാരാളം അംഗീകൃത മാർഗങ്ങളുണ്ട്
 special story about laws

ദോശ ചുടും പോലെ ബില്ലുകൾ!

Updated on

ഭരണഘടനാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിന് പകരം ബലഹീനമാക്കുന്ന നടപടികളാണ് ഇന്ന് നാം രാജ്യവ്യാപകമായി കണ്ടുകൊണ്ടിരിക്കുന്നത്. ജനങ്ങളുടെ അവകാശ സംരക്ഷണത്തിന് സധൈര്യം എത്തിച്ചേരാവുന്ന ഭരണഘടനാസ്ഥാപനമാണ് കോടതികൾ. കോടതികളെ ശക്തിപ്പെടുത്തി മുന്നോട്ട് പോകുന്നതിന് പകരം അവയെ ദുർബലമാക്കുന്ന നടപടികളാണ് കഴിഞ്ഞയാഴ്ച നാം കണ്ടത്. സുപ്രീം കോടതിയിൽ ചീഫ് ജസ്റ്റിസിനെ ചെരിപ്പെറിഞ്ഞ സീനിയർ അഭിഭാഷകൻ അത് 'ക്രെഡിറ്റായി' കാണുന്നത് കോടതികളിൽ ജനങ്ങൾക്കുള്ള വിശ്വാസത്തെ തകർക്കും. നിയമസംരക്ഷണ സംവിധാനത്തിന്‍റെ ഏറ്റവും തലപ്പത്തുള്ളവരെ പോലും അപമാനിക്കുന്നത് ഭരണഘടനയെ അപമാനിക്കുന്നതിന് തുല്യമാണ്.

ചീഫ് ജസ്റ്റിസിന്‍റെ മഹാമനസ്കതകൊണ്ട് കുറ്റവാളിയായ നിയമജ്ഞൻ രക്ഷപ്പെട്ടെങ്കിലും തന്‍റെ പ്രവൃത്തിയുടെ ദുഷ്ടത മനസ്സിലാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്നാണു പിന്നീട് അദ്ദേഹം എടുത്ത നിലപാടുകളിലൂടെ മനസിലായത്. കോടതിയെ അവഹേളിച്ചത് ഒരു സാധാരണക്കാരനല്ല, കോടതി നിയമങ്ങൾ അറിയാവുന്നയാളാണെന്നത് പ്രശ്നത്തിന്‍റെ ഗൗരവം കൂട്ടുന്നു. ജഡ്ജിമാരുടെ സത്യസന്ധതയും നിഷ്പക്ഷതയും ചോദ്യം ചെയ്യപ്പെടുന്ന പല സംഭവങ്ങളും രാജ്യത്തെ വിവിധ കോടതികളിൽ നടക്കുന്നുണ്ട്. ഒരു സുപ്രീം കോടതി ജഡ്ജിയുടെ ഭവനത്തിൽ നിന്ന് കണ്ടെത്തിയ വലിയ നോട്ടുശേഖരം ഇതിനൊരു ഉദാഹരണം മാത്രമാണ്.

ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന മറ്റ് സംവിധാനങ്ങളാണ് പാർലമെന്‍റും നിയമസഭകളും. പാർലമെന്‍റിന്‍റെയും നിയമസഭയുടെയും അന്തസ് കാത്തു സൂക്ഷിക്കേണ്ടത് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാണ്. ദുഃഖകരമെന്ന് പറയട്ടെ ഈ സംവിധാനത്തെ തകർക്കുന്ന കാര്യങ്ങളും നാം കാണുന്നു. പാർലമെന്‍റിനും നിയമസഭകൾക്കും പ്രവർത്തിക്കാൻ കഴിയാത്ത വിധത്തിൽ അസഭ്യ ആക്രോശങ്ങളം വെല്ലുവിളികളും നടക്കുകയാണ്. എല്ലാ രാഷ്‌ട്രീയ പാർട്ടികൾക്കും ഇതിൽ ഉത്തരവാദിത്വമുണ്ട്. കേരള നിയമസഭ ഒട്ടും മോശമല്ല. പണ്ട്, സഭാ പ്രവർത്തനങ്ങൾ മുന്നോട്ട് പോകാൻ കഴിയാത്ത വിധത്തിൽ സ്പീക്കറുടെ ഡയസിൽ ചാടിക്കയറി കസേരകളും മൈക്കുകളും വലിച്ചെറിഞ്ഞവർ ഇന്ന് അധികാരത്തിലേറിയപ്പോൾ അന്നു ഭരണപക്ഷത്തുള്ളവർ നേരിട്ട അതേ വെല്ലുവിളികളാണ് ഇപ്പോൾ ഭരിക്കുന്നവരും നേരിടുന്നത്.

സഭയുടെ അന്തസും പാരമ്പര്യവും പരിപാലിച്ചുകൊണ്ടുതന്നെ ജനകീയ പ്രശ്നങ്ങൾ പാർലമെന്‍റിലും നിയമസഭകളിലും അവതരിപ്പിക്കാൻ ധാരാളം അംഗീകൃത മാർഗങ്ങളുണ്ട്. പ്രതിപക്ഷ ബഹളത്തിനിടയിൽ ദോശ ചുടും പോലെ, ബില്ലുകൾ പാസാക്കിയെടുക്കുന്നത് ആർക്കും ഭൂഷണമല്ല. ഇങ്ങനെ പാസാക്കുന്ന ബില്ലുകൾക്ക് ഗവർണറുടെയോ, രാഷ്‌ട്രപതിയുടെയോ, കോടതികളിലോ നിലനിൽപ്പില്ലാതെയും വരാം. കേരള നിയമസഭയിൽ പതിനൊന്ന് ബില്ലുകളാണ് ഇപ്പോൾ ഒറ്റയടിക്ക് പാസാക്കിയത്. 1982 ൽ ആറ് ബില്ലുകൾ ഒറ്റയടിക്ക് പാസാക്കിയ ചരിത്രമാണ് ഇതിലൂടെ തിരുത്തിയിരിക്കുന്നതെന്ന് നമുക്ക് അഭിമാനിക്കാം! ബില്ലുകൾ പാസാക്കാൻ തലനാരിഴ കീറി ചർച്ച നടത്തണം. മൂന്നു പ്രാവശ്യം വായിക്കുന്നത് അതിനാണ്. അല്ലെങ്കിൽ ഗവർണറുടെയും രാഷ്‌ട്രപതിയുടെയും നിഷേധത്തിന് കാരണമാകും; കോടതികളിൽ ചോദ്യം ചെയ്യപ്പെടും.

ഏക കിടപ്പാട സംരക്ഷണ ബിൽ സഭയിൽ ചർച്ചയില്ലാതെ സർക്കാർ പാസാക്കിയെടുത്തത് ഒരു തെരഞ്ഞെടുപ്പ് തന്ത്രമായി മാത്രമേ നിയമജ്ഞർ കാണുന്നുള്ളൂ. ഈ നിയമം വരുമെന്നറിഞ്ഞതോടെ ബാങ്കുകൾ നഗരങ്ങളിൽ 5 സെന്‍റിന് താഴെയും, ഗ്രാമങ്ങളിൽ 10 സെന്‍റിന് താഴെയും ഭൂമിയുള്ളവർക്ക് വീട് വയ്ക്കാൻ സാമ്പത്തിക സഹായം നൽകുന്നതിന് നിസംഗത കാണിക്കുവാൻ തുടങ്ങി.

ശബരിമല പ്രശ്നങ്ങൾ രാഷ്‌ട്രീയവത്കരിച്ചതോടെ കേരളം പ്രക്ഷുബ്ധമായിരിക്കുന്നു. വിശ്വാസം ഓരോ പൗരന്‍റെയും ജന്മാവകാശമാണ്; എന്നാൽ ദൈവങ്ങളുടെ പേരിൽ തട്ടിപ്പും വെട്ടിപ്പും ജാതിമത ഭേദമന്യേ നടക്കുന്നുണ്ട് എന്നത് യാഥാർഥ്യവും. ദൈവങ്ങൾക്കെന്തിനാണ് സ്വർണവും വെള്ളിയും എന്ന് ചോദിക്കുന്നവരുണ്ട്. “അന്നവസ്ത്രാദി മുട്ടാതെ തന്നു രക്ഷിച്ചു ഞങ്ങളെ ധന്യരാക്കുന്ന നീയൊന്നു തന്നെ ഞങ്ങൾക്കു തമ്പുരാൻ” എന്ന് പ്രാർഥിച്ച ശ്രീനാരായണഗുരുവിന്‍റെ നാട്ടിൽ ക്ഷേത്രങ്ങളിലും പള്ളികളിലും ആരാധന കേന്ദ്രങ്ങളിലും ധനം കുമിഞ്ഞുകൂടുകയാണ്. ഒന്ന് അന്തിയുറങ്ങാനും ഒരു നേരമെങ്കിലും ഭക്ഷണം കഴിക്കാനും സാധിക്കാത്ത ആയിരങ്ങൾ ഉള്ളപ്പോൾ ആരാധനാലയങ്ങളിൽ സ്വർണവും വെള്ളിയും മറ്റ് സമ്പത്തുകളും കുമിഞ്ഞുകൂടുന്നത് അപമാനകരമാണ്. ഈശ്വര വിശ്വാസം കച്ചവടമാക്കരുത്. ദൈവങ്ങൾക്ക് വേണ്ടത് സമ്പത്തുകളല്ല, മറിച്ച് വിശപ്പില്ലാതെ, ഏതാനും മണിക്കൂറുകളെങ്കിലും മനഃസമാധാനത്തോടെ ഉറങ്ങാൻ കഴിയുന്ന ജനസമൂഹത്തെയാണ്. യേശുക്രിസ്തു പറഞ്ഞതുപോലെ “എനിക്ക് വിശന്നപ്പോൾ ഭക്ഷണം തന്നവരും, നഗ്നനായപ്പോൾ വസ്ത്രം തന്നവരും, ദാഹിച്ചപ്പോൾ വെള്ളം തന്നവരുമാണ് സ്വർഗലോകത്തിന് അർഹരായവർ” എന്നാണ് ജോത്സ്യനും പറയാനുള്ളത്.

കേരള നിയമസഭയിൽ പതിനൊന്ന് ബില്ലുകളാണ് ഇപ്പോൾ ഒറ്റയടിക്ക് പാസാക്കിയത്. 1982 ൽ ആറ് ബില്ലുകൾ ഒറ്റയടിക്ക് പാസാക്കിയ ചരിത്രമാണ് ഇതിലൂടെ തിരുത്തിയത്. ബില്ലുകൾ പാസാക്കാൻ തലനാരിഴ കീറി ചർച്ച നടത്തണം. അല്ലെങ്കിൽ ഗവർണറുടെയും രാഷ്‌ട്രപതിയുടെയും നിഷേധത്തിന് കാരണമാകും; കോടതികളിൽ ചോദ്യം ചെയ്യപ്പെടും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com