​'ബോളിവുഡിന്‍റെ' ഹീമാന് നവതി

ബോളിവുഡില്‍ 'ഹീ മാന്‍' എന്ന് വിശേഷണമുള്ള ധര്‍മേന്ദ്ര വെള്ളിത്തിരയില്‍ ഹീറോയിസത്തെയും, ഇമോഷന്‍സിനെയും പുനര്‍നിര്‍വചിച്ചയാള്‍ കൂടിയാണ്.
special story about dharmendra

ധരം സിങ് ഡിയോള്‍

Updated on

ആന്‍റണി ഷെലിൻ

ഡിസംബര്‍ 8ന് 90 വയസ് പൂര്‍ത്തിയാക്കുകയാണു ധര്‍മേന്ദ്ര എന്ന ധരം സിങ് ഡിയോള്‍. ബോളിവുഡില്‍ 'ഹീ മാന്‍' എന്ന് വിശേഷണമുള്ള ധര്‍മേന്ദ്ര വെള്ളിത്തിരയില്‍ ഹീറോയിസത്തെയും, ഇമോഷന്‍സിനെയും പുനര്‍നിര്‍വചിച്ചയാള്‍ കൂടിയാണ്. 1960 നവംബര്‍ 4ന് റിലീസ് ചെയ്ത "ദില്‍ ഭി തേരാ, ഹം ഭി തേരേ' ആണു ധര്‍മേന്ദ്രയുടെ ആദ്യ സിനിമ. 1961ല്‍ പുറത്തിറങ്ങിയ "ഷോ ഔര്‍ ഷബ്‌നം' ആയിരുന്നു ധര്‍മേന്ദ്രയുടെ ആദ്യ വിജയ ചിത്രം. പിന്നീട് 1964ല്‍ പുറത്തിറങ്ങിയ "ആയേ മിലന്‍ കി ബേല' ആദ്യ സൂപ്പര്‍ ഹിറ്റുമായി.

1966ല്‍ പുറത്തിറങ്ങിയ "ഫൂല്‍ ഔര്‍ പഥര്‍' എന്ന ചിത്രത്തിലെ തകര്‍പ്പന്‍ വേഷത്തിലൂടെ ധര്‍മേന്ദ്ര മികച്ച നടനെന്ന ഖ്യാതി നേടി. ആദ്യ ഫിലിംഫെയര്‍ നോമിനേഷനും ധര്‍മേന്ദ്രയ്ക്ക് ഈ ചിത്രം നേടിക്കൊടുത്തു. 1966ല്‍ ഇറങ്ങിയ "അനുപമ' 1963ല്‍ പുറത്തിറങ്ങിയ ബന്ദിനി, 1969ല്‍ പുറത്തിറങ്ങിയ സത്യകം എന്നീ ചിത്രങ്ങളിലെ അഭിനയം ധര്‍മേന്ദ്രയിലെ ഇമോഷണല്‍ റേഞ്ചിന്‍റെ ആഴം വെളിപ്പെടുത്തുന്നതായിരുന്നു.

ഇതൊക്കെയാണെങ്കിലും ധര്‍മേന്ദ്രയുടെ ആക്‌ഷന്‍ പടങ്ങളെയാണ് പ്രേക്ഷകര്‍ കൂടുതല്‍ ഇഷ്ടപ്പെട്ടത്. ഷോലെയും (1975), യാദോം കി ബാരാത്തും (1973), ധരം വീറും (1977) ദ ബേണിങ് ട്രെയ്‌നും (1980) ധര്‍മേന്ദ്രയെ ആക്ഷന്‍ കിങ് ആക്കി മാറ്റി. ഈ ഹിറ്റ് ചിത്രങ്ങളിലൂടെ ധര്‍മേന്ദ്രയ്ക്ക് "ഹീമാന്‍' എന്ന വിളിപ്പേരും ലഭിച്ചു. ഷോലെയിലെ നിര്‍ഭയനായ വീരുവിന്‍റേതായാലും 1964ല്‍ പുറത്തിറങ്ങിയ "ഹഖീഖത്തി'ലെ ദേശസ്‌നേഹം തുളുമ്പുന്ന പോരാളിയുടേതായാലും ധര്‍മേന്ദ്രയുടെ വേഷങ്ങള്‍ പലപ്പോഴും "സ്‌ട്രെങ്ത്' പ്രകടമാക്കുന്നതായിരുന്നു. ഹാസ്യവും ധര്‍മേന്ദ്രയ്ക്ക് നല്ല പോലെ വഴങ്ങിയിരുന്നു. ചുപ്‌കെ ചുപ്‌കെ (1975), സീത ഔര്‍ ഗീത (1972), രാജാ ജാനി (1972) തുടങ്ങിയവ ധര്‍മേന്ദ്രയുടെ മികച്ച ഹാസ്യ ചിത്രങ്ങളാണ്.

ഏറ്റവും കൂടുതല്‍ ഹിറ്റുകള്‍

ബോളിവുഡിന് ഏറ്റവും കൂടുതല്‍ ഹിറ്റ് സിനിമകള്‍ സൃഷ്ടിച്ച നടനാണു ധര്‍മേന്ദ്ര. ഷാരൂഖ് ഖാനോ, സല്‍മാൻ ഖാനോ, ആമിർ ഖാനോ പോലും ഈ നേട്ടം അവകാശപ്പെടാനാകില്ല. എന്നിട്ടും അദ്ദേഹത്തിനെ ആരും "സൂപ്പർ സ്റ്റാര്‍' എന്ന് വിളിച്ചിരുന്നില്ല. ആറ് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന കരിയറില്‍ ധര്‍മേന്ദ്ര നായകനായി അഭിനയിച്ചതോ പ്രധാനപ്പെട്ട വേഷങ്ങള്‍ ചെയ്തതോ ആയ 74 സിനിമകളാണു "ഹിറ്റ്' പട്ടികയിലിടം പിടിച്ചത്.

ധര്‍മേന്ദ്ര 250ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഇതില്‍ 94 എണ്ണം വിജയിച്ചു അഥവാ മുടക്കുമുതല്‍ തിരിച്ചുപിടിച്ചു. 74 എണ്ണം ഹിറ്റുകള്‍. ഇതില്‍ 7 ബ്ലോക്ക്ബസ്റ്ററുകളും 13 സൂപ്പര്‍ ഹിറ്റുകളും ഉള്‍പ്പെടും. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ താരമായി കണക്കാക്കപ്പെടുന്ന അമിതാഭ് ബച്ചന്‍റെ ആരാധകര്‍ പോലും അത്ഭുതപ്പെടുന്ന കാര്യമാണിത്. എന്നാല്‍ ബച്ചന് 153 സിനിമകളില്‍ നിന്ന് 56 ഹിറ്റുകള്‍ മാത്രമാണുള്ളത്.

താര ശോഭ

70കളുടെ മധ്യത്തില്‍ ഷോലെ (1975), പ്രതിജ്ഞ (1977), ധരം വീര്‍ (1977) തുടങ്ങിയ ചിത്രങ്ങളിലൂടെയാണു ധര്‍മേന്ദ്രയുടെ താരശോഭ ഉയര്‍ന്നത്. ഷോലെയില്‍ അമിതാഭ് ബച്ചനും ധര്‍മേന്ദ്രയുമാണ് നായക വേഷങ്ങളിലെത്തിയതെങ്കിലും ധര്‍മേന്ദ്രയ്ക്കാണു കൂടുതല്‍ പ്രതിഫലം ലഭിച്ചത്. 1.5 ലക്ഷം രൂപ അന്ന് ധര്‍മേന്ദ്രയ്ക്ക് പ്രതിഫലമായി ലഭിച്ചു. ബച്ചന് ഒരുലക്ഷം രൂപയുമായിരുന്നു പ്രതിഫലം. ചിത്രത്തില്‍ താക്കൂര്‍ ബല്‍ദേവ് സിങ് എന്ന വേഷം അവതരിപ്പിച്ച സഞ്ജീവ് കുമാറിന് പ്രതിഫലമായി ലഭിച്ചത് 1.25 ലക്ഷം രൂപയാണ്. ഗബ്ബര്‍ സിങ്ങിന്‍റെ വേഷത്തിലെത്തിയ അംജദ് ഖാന് ലഭിച്ചത് 50,000 രൂപ. ഹേമമാലിനിക്ക് 75,000 രൂപയും, ജയ ബച്ചന് ലഭിച്ചത് 35,000 രൂപയുമാണ്. ഷോലെയിലേക്കു ബച്ചനെ നിര്‍ദേശിച്ചത് ധര്‍മേന്ദ്രയായിരുന്നു. ഷോലെ റിലീസ് ചെയ്തതിന്‍റെ 50ാം വര്‍ഷമായിരുന്നു 2025 ഓഗസ്റ്റ് 15ന്.

പ്രകാശ് കൗറും ഹേമമാലിനിയും

ധര്‍മേന്ദ്രയുടെ ആദ്യ ഭാര്യ പ്രകാശ് കൗറാണ്. 1954ല്‍ വെറും 19 വയസ് ഉള്ളപ്പോഴാണു പ്രകാശ് കൗറിനെ ധര്‍മേന്ദ്ര വിവാഹം കഴിച്ചത്. ഇവരുടെ മക്കളാണ് പ്രമുഖ അഭിനേതാക്കളായ സണ്ണി ഡിയോളും ബോബി ഡിയോളും. വിജേത, അജീത എന്നീ മക്കളുമുണ്ട്. പിന്നീട് 1980ൽ ഹേമമലിനിയെ ഇദ്ദേഹം വിവാഹം കഴിച്ചു.

ഇപ്പോള്‍ ധര്‍മേന്ദ്ര കഴിയുന്നതു പ്രകാശ് കൗറിനൊപ്പമാണ്. അതെപ്പറ്റി ഒരിക്കല്‍ ഹേമമാലിനി പറഞ്ഞു; "എനിക്ക് അതില്‍ വിഷമമില്ല, സങ്കടവുമില്ല. ഞാന്‍ സന്തുഷ്ടയാണ്. എനിക്ക് ധർമേന്ദ്രയിൽ രണ്ട് മക്കളുണ്ട്. ഇഷയും അഹാനും. അവരെ ഞാന്‍ നന്നായി വളര്‍ത്തി. ധര്‍മേന്ദ്ര എപ്പോഴും എന്നോടൊപ്പമുണ്ടായിരുന്നു. ഒരു ഭാര്യയും ഭര്‍ത്താവും വേര്‍പിരിഞ്ഞു ജീവിക്കാന്‍ ഇഷ്ടപ്പെടില്ല. പക്ഷേ, സാഹചര്യങ്ങള്‍ അങ്ങനെയാകുമ്പോള്‍ ഒരാള്‍ക്ക് അത് അംഗീകരിക്കേണ്ടി വരും'- ഹേമമാലിനി പറഞ്ഞു.

ധര്‍മേന്ദ്രയെ വിവാഹം കഴിക്കുന്നതിനു മുന്‍പു ഹേമമാലിനി നിരവധി പരിപാടികളിൽ പ്രകാശ് കൗറിനെകണ്ടുമുട്ടിയിരുന്നു. എന്നാല്‍ വിവാഹത്തിനു ശേഷം അവര്‍ ഒരിക്കലും കണ്ടുമുട്ടിയിട്ടില്ല. "ആരെയും ബുദ്ധിമുട്ടിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എനിക്കും എന്‍റെ പെണ്‍മക്കള്‍ക്കും വേണ്ടി ധരം ജി ചെയ്തതില്‍ ഞാന്‍ സന്തുഷ്ടയാണ്. ഏതൊരു അച്ഛനെയും പോലെ അദ്ദേഹം ഒരു അച്ഛന്‍റെ കടമ ചെയ്തു. അതില്‍ ഞാന്‍ സംതൃപ്തയാണ്'- ഹേമമാലിനി പറഞ്ഞു.

തും ഹസീന്‍ മേന്‍ ജവാന്‍, സീത ഔര്‍ ഗീത, ഷോലെ, ജുഗ്‌നു, ഡ്രീം ഗേള്‍ തുടങ്ങിയ സിനിമകളില്‍ ഹേമമാലിനിയും ധർമേന്ദ്രയും ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു. 1970ല്‍ "തും ഹസീന്‍ മേന്‍ ജവാന്‍റെ' സെറ്റില്‍ വച്ചാണു ധര്‍മേന്ദ്രയും ഹേമമാലിനിയും ആദ്യമായി കണ്ടുമുട്ടുന്നത്.

ധര്‍മേന്ദ്രയുടെ മുംബൈ ജൂഹുവിലെ വസതിക്കു സമീപമാണു ഹേമമാലിനി താമസിക്കുന്നതെങ്കിലും ഒരിക്കലും ധര്‍മേന്ദ്രയുടെ ആദ്യ കുടുംബത്തിന്‍റെ വീട് സന്ദര്‍ശിച്ചിട്ടില്ല.

ആസ്തി 335 കോടി രൂപ

ബോളിവുഡിന്‍റെ താരം മാത്രമല്ല, ഒരു സമർഥനായ ബിസിനസുകാരന്‍ കൂടിയാണ് ധര്‍മേന്ദ്ര. അദ്ദേഹത്തിന്‍റെ ആസ്തിയായി കണക്കാക്കുന്നത് ഏകദേശം 335 കോടി രൂപയാണ്.

യഥാർഥ ഹീമാന്‍ എന്നും ഗരം ധരം എന്നും വിളിക്കപ്പെടുന്ന ധര്‍മേന്ദ്ര, ബോളിവുഡിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായി സിനിമാ മേഖലയില്‍ തന്‍റെ സ്ഥാനം ഉറപ്പിച്ചതിന് ശേഷം പാചക, ഹോസ്പിറ്റാലിറ്റി മേഖലകളിലേക്കും കടന്നു. 2015ല്‍ ന്യൂഡല്‍ഹിയില്‍ ഗരം ധരം ധാബയിലൂടെയാണ് ധര്‍മേന്ദ്ര ആദ്യമായി റസ്റ്ററന്‍റ് ബിസിനസിലേക്ക് ചുവടുവച്ചത്. 2022ല്‍ കര്‍ണാല്‍ ഹൈവേയില്‍ ഹീമാന്‍ എന്ന പേരില്‍ മറ്റൊരു ഭക്ഷണശാലയും തുറന്നു.

ഹേമയുമായുള്ള വിവാഹം

ധര്‍മേന്ദ്രയുടെ പ്രശസ്തി കുതിച്ചുയര്‍ന്നതോടെ അദ്ദേഹത്തിന്‍റെ ജീവിതവും പൊതുജനശ്രദ്ധയാകര്‍ഷിച്ചു കൊണ്ടിരുന്നു. ഷോലെ എന്ന വമ്പൻ ഹിറ്റ് സിനിമയിലെ സഹതാരമായിരുന്ന ഹേമമാലിനിയുമായുള്ള ധര്‍മേന്ദ്രയുടെ രസതന്ത്രം ഒരു യഥാര്‍ഥ പ്രണയമായി മാറി. 1980ല്‍ ധര്‍മേന്ദ്ര ഹേമയെ ഒരു സ്വകാര്യ ചടങ്ങില്‍ വിവാഹം കഴിച്ചു. അത് പക്ഷേ വിവാദങ്ങള്‍ക്കു കാരണമായി. എന്നിരുന്നാലും ഇതെല്ലാം നേരിട്ടിട്ടും ആദ്യ ഭാര്യയായ പ്രകാശ് കൗര്‍ ഉറച്ചുനിന്നു. ഭര്‍ത്താവുമായി ഊഷ്മളമായ ബന്ധം നിലനിര്‍ത്തി.

ഒരു അപൂര്‍വ അഭിമുഖത്തില്‍, ""ഹേമയോട് തനിക്ക് ഒരു നീരസവുമില്ലെന്നും, ധര്‍മേന്ദ്രയുടെ സന്തോഷമാണ് ഏറ്റവും പ്രധാനമെന്നും'' പ്രകാശ് കൗര്‍ ഒരിക്കല്‍ പറഞ്ഞു. ഹേമയുടെയും ധര്‍മേന്ദ്രയുടെയും വിവാഹത്തിന് ഒരു വര്‍ഷത്തിനുശേഷം, 1981ല്‍ സ്റ്റാര്‍ ഡസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ പ്രകാശ് കൗര്‍ ധര്‍മേന്ദ്രയെ ന്യായീകരിക്കുകയും ചെയ്തു. ഏതൊരു പുരുഷനും ഹേമയെപ്പോലെയുള്ള ഒരാളിലേക്ക് ആകര്‍ഷിക്കപ്പെടുമെന്ന് അവര്‍ പറഞ്ഞു.

സിനിമാ മേഖലയില്‍ സമാനമായ പെരുമാറ്റം വളരെ സാധാരണമായിരിക്കെ, ധര്‍മേന്ദ്രയെ എങ്ങനെ ഒരു സ്ത്രീ ലമ്പടന്‍ എന്നു മുദ്ര കുത്താനാകുമെന്നും പ്രകാശ് കൗര്‍ ചോദിച്ചു. 2025 ജൂണ്‍ 12ന് ധര്‍മേന്ദ്രയുടെയും പ്രകാശ് കൗറിന്‍റെയും 71ാം വിവാഹ വാര്‍ഷിക ദിനമായിരുന്നു.

ജയ ബച്ചന്‍റെയും ക്രഷ്

ധര്‍മേന്ദ്രയോട് ക്രഷ് തോന്നിയിരുന്നവരുടെ എണ്ണം വളരെയേറെ ഉണ്ടായിരുന്നു. അമിതാഭ് ബച്ചനെ വിവാഹം കഴിച്ച് ജയ ബച്ചനായി മാറിയ പ്രമുഖ നടി ജയ ഭാദുരി തനിക്കു ധര്‍മേന്ദ്രയോട് പ്രണയമുണ്ടായിരുന്നെന്ന് ഒരിക്കല്‍ ഹേമമാലിനിയുടെ മുന്നില്‍ വച്ചു തന്നെ പറഞ്ഞിരുന്നു. ജയ ബച്ചനും ഹേമമാലിനിയും പിന്നീട് "കോഫി വിത്ത് കരണ്‍' എന്ന ജനപ്രിയ ടോക്ക് ഷോയില്‍ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടപ്പോഴും ധര്‍മേന്ദ്രയോടുണ്ടായിരുന്ന ഇഷ്ടം ജയ ബച്ചന്‍ വെളിപ്പെടുത്തിയിരുന്നു. ധര്‍മേന്ദ്രയെ ഒരു ഗ്രീക്ക് ദൈവം എന്നാണ് അന്ന് ജയ വിശേഷിപ്പിച്ചത്. ""ഷോലെയില്‍ ബസന്തിയുടെ വേഷം ചെയ്യാന്‍ എനിക്ക് താത്പര്യമായിരുന്നു. കാരണം ധര്‍മേന്ദ്രയെ എനിക്ക് അത്രയേറെ ഇഷ്ടമായിരുന്നു''- ജയ പറഞ്ഞു.

ഷോലെയ്ക്കു പുറമെ ജയയും ധര്‍മേന്ദ്രയും ഒരുമിച്ച് പ്രവര്‍ത്തിച്ച സിനിമയാണ് ഗുഡ്ഡി. 1973ലാണ് അമിതാഭ് ബച്ചനെ ജയ വിവാഹം കഴിച്ചത്. 1963ല്‍ സത്യജിത്ത് റായ്‌യുടെ മഹാനഗര്‍ എന്ന സിനിമയിലാണ് ജയ ഭാദുരി അരങ്ങേറ്റം കുറിച്ചത്.

ഹാസ്യവും ആക്‌ഷനും

ധര്‍മേന്ദ്രയുടെ സിനിമാ ജീവിതം ഹിന്ദി സിനിമയുടെ തന്നെ ഒരു ടൈംലൈന്‍ അഥവാ നാള്‍വഴി കൂടിയാണ്. ബ്ലാക്ക് ആൻഡ് വൈറ്റ് സാമൂഹിക നാടകങ്ങള്‍ മുതല്‍ 70കളിലെ മള്‍ട്ടിസ്റ്റാര്‍ സിനിമകള്‍ വരെയും ഹഖീഖത്ത് (1964) പോലുള്ള ദേശസ്‌നേഹം തുളുമ്പുന്ന ബ്ലോക്ക് ബസ്റ്ററുകള്‍ മുതല്‍ ചുപ്‌കെ ചുപ്‌കെ പോലുള്ള കോമഡികളും "ദ ബേണിങ് ട്രെയ്ന്‍' (1980) പോലുള്ള ആക്‌ഷന്‍ സിനിമകള്‍ വരെ നീളുന്നതാണ് ആ പട്ടിക. പിന്നീട് 2007ല്‍ പുറത്തിറങ്ങിയ "ലൈഫ് ഇന്‍ എ മെട്രോ' (2207), അപ്‌നെ (2007), റോക്കി ഔര്‍ റാണി കീ പ്രേം കഹാനി (2024) എന്നീ ചിത്രങ്ങളിലും ധര്‍മേന്ദ്ര അതിഥി വേഷത്തിലെത്തി. ഓരോ സിനിമയിലും അദ്ദേഹം സ്വയം പുനര്‍നിര്‍മിച്ചു കൊണ്ടിരുന്നു.

ആദ്യ പ്രതിഫലം

"ദില്‍ ഭി തേരാ, ഹം ഭി തേരേ' ആണ് ധര്‍മേന്ദ്രയുടെ ആദ്യ സിനിമ. 1960ല്‍ റിലീസ് ചെയ്ത ചിത്രത്തില്‍ അഭിനയിച്ചതിന് ധര്‍മേന്ദ്രയ്ക്ക് ലഭിച്ച പ്രതിഫലം 51 രൂപയാണ്. ഈ തുക മൂന്ന് പ്രൊഡ്യൂസര്‍മാര്‍ ചേര്‍ന്നാണു നല്‍കിയത്. ചെറിയ തുകയായിരുന്നെങ്കിലും ധര്‍മേന്ദ്ര അതിനെ "ലക്കി മണി' എന്ന് വിളിക്കുകയും അതിനെ ഹൃദയത്തോടു ചേര്‍ത്തുവയ്ക്കുകയും ചെയ്തു. റോക്കി ഔര്‍ റാണി കീ പ്രേം കഹാനി (2024) എന്ന ചിത്രത്തില്‍ അതിഥി വേഷം ചെയ്തപ്പോള്‍ ധര്‍മേന്ദ്ര വാങ്ങിയതായി പറയപ്പെടുന്ന പ്രതിഫലം ഒരു കോടി രൂപയായിരുന്നു.

ബഹുമതികള്‍

2012ല്‍ രാജ്യം ധര്‍മേന്ദ്രയെ പദ്മഭൂഷണ്‍ നല്‍കി ആദരിച്ചു. 2004ൽ രാജസ്ഥാനിലെ ബിക്കാനറില്‍ നിന്ന് ബിജെപി സ്ഥാനാർഥിയായി ലോക്‌സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടിട്ടുമുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com