ഭക്ഷ്യ സമൃദ്ധിക്കായി അണിചേരാം

പോഷകസമൃദ്ധിയും, സുസ്ഥിരതയും പാലിലൂടെ ഇത്തവണ ജൂൺ ഒന്നിന് ക്ഷീര ദിനം ആഘോഷിക്കുമ്പോൾ ഐക്യരാഷ്‌ട്ര സംഘടനയുടെ തീം "പോഷക സമൃദ്ധിയും സുസ്ഥിരതയും പാലിലൂടെ' എന്നതാണ്
special story about food abundance
special story about food abundance

ജെ. ചിഞ്ചുറാണി

മൃഗസംരക്ഷണ,ക്ഷീര വികസന വകുപ്പ് മന്ത്രി

പാൽ ഒരു പരിശുദ്ധിയാണ്. പ്രകൃതിയുടെ നൈസർഗികമായ പാനീയങ്ങളിൽ പാലു പോലെ ശുദ്ധവും സാർവലൗകികവുമായ മറ്റൊരു പാനീയമില്ല.

പാൽ എന്ന സാർവത്രികവും സമ്പൂർണവുമായ ഭക്ഷണത്തിന്‍റെ പ്രാധാന്യം കണക്കിലെടുത്ത് 2001ൽ ഐക്യരാഷ്‌ട്ര സഭയുടെ ഭക്ഷ്യ കാർഷിക സംഘടനയുടെ ആഹ്വാനമനുസരിച്ച് 2001 മുതൽ ജൂൺ ഒന്ന് ലോക ക്ഷീര ദിനമായി ആചരിച്ചു വരുകയാണ്.

പാലിന്‍റെ പ്രാധാന്യം പ്രചരിപ്പിക്കാനും ഈ രംഗത്തിന്‍റെ യഥാർഥ നട്ടെല്ലായ കർഷകരെ ആദരിക്കാനും ആഗോള വ്യവസായ മേഖലയിൽ പാലിന്‍റെ പ്രാധാന്യം തിരിച്ചറിയാനും ഈ ദിവസം നമുക്ക് അവസരം നൽകുന്നു.

ക്ഷീരസപര്യ ഭക്ഷ്യ ഭദ്രതയക്കും സാമ്പത്തിക മേന്മയ്ക്കും ആരോഗ്യകരമായ ഭക്ഷണക്രമത്തിൽ പാലിനും പാലുത്പന്നങ്ങൾക്കും നിർണായക സ്ഥാനമുള്ളതിനാൽ ലോക ഭക്ഷ്യ കാർഷിക ക്ഷേമ സംഘടനയുടെ ആഹ്വാനം അനുസരിച്ച് ആളോഹരി പാൽ ഉപഭോഗം വർധിപ്പിക്കേണ്ടത് രാജ്യത്തിന്‍റെ ആവശ്യമായി വന്നു. അതോടെ പാൽ ഒരു വ്യവസായത്തിലേക്ക് മാറുകയായിരുന്നു. ക്ഷീരവൃത്തി ഒരു വ്യവസായമായി മാറിക്കഴിഞ്ഞപ്പോൾ പാൽ ഉപയോഗത്തിലും ഉത്പാദനത്തിലും ഇന്ത്യ വളരെ മുന്നിലായി. ഇന്ന് പഞ്ചാബാണ് ഏറ്റവും കൂടുതൽ പാൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം. തൊട്ടു പിന്നിൽ തന്നെ കേരളവുമുണ്ട്. കേരളത്തിൽ ധവള വിപ്ലവം ആരംഭിച്ചത് മുതലാണ് ക്ഷീര മേഖലയ്ക്ക് ഒരു കെട്ടുറപ്പ് വരുന്നത്.

കേരളത്തിന്‍റെ അഭിമാനമായ ഡോ. വർഗീസ് കുര്യൻ സ്ഥാപിച്ച ആനന്ദ് മാതൃകാ സഹകരണ സംഘങ്ങൾ രാജ്യത്തിനാകെ ഉണർവും ആവേശവുമായി അതിന്‍റെ പാത പിൻപറ്റി കേരളവും സംഘടിത ക്ഷീര വ്യവസായ മേഖലയിലേക്ക് മാറുകയായിരുന്നു. 1,300ഓളം വരുന്ന ആനന്ദ് പാറ്റേൺ കോപ്പറേറ്റീവ് സൊസൈറ്റികൾ കേരളത്തിൽ രൂപീകൃതമായതോടെ ക്ഷീരസപര്യ ഉപജീവന മാർഗമായി മാറി. പോഷക സുരക്ഷിതത്വവും, സാമ്പത്തിക ഭദ്രതയും ഉറപ്പാക്കുന്ന ഒരു വലിയ കാർഷിക രംഗമായി ഇന്ന് അത് ഉയർന്നു. ലോകം ശ്രദ്ധിക്കുന്ന പാൽ ഉത്പാദന വളർച്ചയിലേക്ക് കേരളം ഇപ്പോൾ വളർന്നു കഴിഞ്ഞു. സ്വയം പര്യാപ്തതയോട് തൊട്ടു തൊട്ടില്ല എന്ന രീതിയിലാണ് ഇന്ന് കേരളത്തിന്‍റെ ക്ഷീരമേഖല. ഈ രംഗത്ത് അശ്രാന്തപരിശ്രമം നടത്തുന്ന കർഷകരും, ഉദ്യോഗസ്ഥരും, സർക്കാർ പദ്ധതികൾ എന്നും നെഞ്ചോട് ചേർക്കുന്ന കേരള ജനതയുമാണ് ഈ നേട്ടങ്ങൾക്കെല്ലാം പിന്നിൽ.

പോഷകസമൃദ്ധിയും, സുസ്ഥിരതയും പാലിലൂടെ ഇത്തവണ ജൂൺ ഒന്നിന് ക്ഷീര ദിനം ആഘോഷിക്കുമ്പോൾ ഐക്യരാഷ്‌ട്ര സംഘടനയുടെ തീം "പോഷക സമൃദ്ധിയും സുസ്ഥിരതയും പാലിലൂടെ' എന്നതാണ്. ലഭ്യമായ കണക്കുകൾ പ്രകാരം ആയിരത്തിൽ 300 പേരെങ്കിലും വിവിധ പോഷകക്കുറവുകൾ മൂലം പ്രയാസപ്പെടുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത്. പോഷകാഹാര കുറവു കാരണം മരണപ്പെടുന്നവരും ഏറെയുണ്ട്. ഇവിടെയാണ് ക്ഷീരമേഖലയുടെ പ്രസക്തി. പോഷകകാര്യത്തിലായാലും, വിലയുടെ കാര്യത്തിലായാലും സാധാരണക്കാരന് ചേർന്നതും യോജിച്ചതുമായ ആഹാരം പാലാണ്. കൂടിൽ മുതൽ കൊട്ടാരം വരെ ആർക്കും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന പോഷക കലവറ, കൊഴുപ്പിന്‍റെയും ജീവകങ്ങളുടെയും ധാതുക്കളുടെയും നല്ലൊരു സ്രോതസ് എന്നിവയൊക്കെ പാലിന്‍റെ ഗുണ വിശേഷങ്ങളാണ്. ക്ഷീരവൃത്തിയും, ക്ഷീര വ്യവസായവും വളരുന്ന ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നത് . ഈ മേഖലയിൽ കൂടുതൽ പേർ ഇനിയും കടന്നു വരേണ്ടതുണ്ട്. പ്രവാസി മലയാളികളും യുവസംരംഭകരും വനിതകളും ഒക്കെ വരത്തക്ക രീതിയിൽ ഈ മേഖല കൂടുതൽ ആകർഷകമാക്കേണ്ടതുണ്ട്.

കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പദ്ധതികൾ കേരളത്തിന് യോജിച്ച രീതിയിലേക്ക് മാറ്റിയെടുക്കാനുള്ള തീവ്രശ്രമത്തിലാണ് സർക്കാർ. കർഷകരുടെ ക്ഷീര സംരംഭങ്ങൾക്ക് സഹായിക്കുന്ന ഉത്പാദന ഉപാധികളുടെ വിതരണം, ഇൻസെന്‍റീവുകൾ, പലിശ സബ്‌സിഡി, തീരദേശത്തെ കർഷകർക്കായുള്ള ക്ഷീരതീരംപദ്ധതി, തോട്ടം മേഖലയിലെ തൊഴിലാളികൾക്കായുള്ള ക്ഷീരലയം പദ്ധതി, കാലിത്തീറ്റയുടെ ഉത്പാദനവും സംഭരണവും, പ്രാദേശികമായി നിർമിക്കാവുന്ന കാലിത്തീറ്റയുടെ പ്രചരണം, കാലിത്തീറ്റയുടെ ഗുണമേന്മ വർധിപ്പിക്കൽ, അനുബന്ധ മേഖലയായ തീറ്റപ്പുൽ കൃഷിവികസനം, കൃത്രിമ ബീജാധാന സൗകര്യങ്ങളുടെ മേന്മ വർധിപ്പിക്കൽ, കാളക്കൂറ്റന്മാരുടെ മേന്മ വർധിപ്പിക്കുന്നതിന് സഹായകരമായിട്ടുള്ള ഭ്രൂണമാറ്റ പദ്ധതി, പഠനം, ഗവേഷണം ഇതൊക്കെ ഊർജിതമാക്കുവാനായുള്ള ഭാവനാപൂർണമായ ആസൂത്രണമാണ് സർക്കാർ നടപ്പിലാക്കുന്നത്.

കേരളത്തിൽ 12 ലക്ഷത്തോളം വീടുകളിൽ അടുപ്പു പുകയുന്നത് ഇന്നും ക്ഷീരവൃത്തി കൊണ്ടാണ് എന്നതിൽ രണ്ടഭിപ്രായമില്ല. രാപകലില്ലാത്ത കർഷകരുടെ അധ്വാനം ഈ മേഖലയ്ക്ക് കൂട്ടാവുന്നു. ഒരുപക്ഷേ നമ്മെ പാൽ കുടിപ്പിക്കുവാൻ വേണ്ടി കഷ്ടപ്പെടുന്നവരാണ് അവരൊക്കെ. അവർക്ക് വേണ്ടതെല്ലാം വേണ്ട സമയത്ത് നൽകുവാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ക്ഷീര മേഖലയിലൂടെ ഭക്ഷ്യ ഭദ്രതയും, സാമ്പത്തിക ഭദ്രതയും ഉറപ്പുവരുത്തി സമൂഹത്തിന് പോഷക ഭദ്രത നിലനിർത്തുവാനുള്ള കൂട്ടായ ശ്രമത്തിന് നമുക്ക് തോളോട് തോൾ അണിചേരാം. അതാകട്ടെ ഇത്തവണത്തെ ക്ഷീരദിന സന്ദേശം.

Trending

No stories found.

Latest News

No stories found.