ജീവിതം ആസ്വദിക്കുക, പക്ഷേ സ്വയം തകരരുത്

"സ്ത്രീകളുടെ വസ്ത്രധാരണം അവരുടെ വ്യക്തിപരമായ അവകാശമാണ്; മുലക്കച്ച ഉടുത്തു വരുന്നതും ആ അവകാശത്തിന്‍റെ ഭാഗമാണ്, അതിൽ എന്തിനാണ് വിമർശനം?"
special story about freedom

ജീവിതം ആസ്വദിക്കുക, പക്ഷേ സ്വയം തകരരുത്

Updated on

ജ്യോത്സ്യൻ

ഉൽപത്തി പുസ്തകത്തിൽ (2:25) പറയുന്നതുപോലെ, ആദിമ മനുഷ്യരായ ആദവും ഹവ്വയും ആദ്യ ഘട്ടത്തിൽ നഗ്നരായിരുന്നു എങ്കിലും അവർക്ക് ലജ്ജ തോന്നിയിരുന്നില്ല. എന്നാൽ ഏദൻ തോട്ടത്തിന്‍റെ നടുവിലുള്ള മരത്തിലെ ഫലം തിന്നരുതെന്ന ദൈവത്തിന്‍റെ മുന്നറിയിപ്പ് സർപ്പത്തിന്‍റെ പ്രലോഭനത്താൽ അവർ ലംഘിച്ചു. പ്രകൃതിവിരുദ്ധമായ ആ അറിവോടെ അവർക്ക് സ്വന്തം നഗ്നത ബോധ്യപ്പെടുകയും, അത്തിയിലകൾ കൊണ്ട് അരക്കച്ചയുണ്ടാക്കി നഗ്നത മറയ്ക്കാൻ ശ്രമിക്കുകയും ചെയ്തു.

അത്തിയിലയിൽ തുടങ്ങിയ ആ സംരക്ഷണ ശ്രമം മനുഷ്യവർഗത്തിന്‍റെ വളർച്ചയോടൊപ്പം പുതിയ ഉടയാടകളുടെ കണ്ടെത്തലുകളിലേക്ക് നയിച്ചു. കമുകിൻ പാള കൊണ്ടും ചെറിയ തുണിത്തുണ്ടുകൾ കൊണ്ടും കോണകം ഉപയോഗിച്ചു തുടങ്ങിയത് ഇതിന്‍റെ ഭാഗമായിരുന്നു. തുടർന്ന് കാലഘട്ടങ്ങൾ മാറിക്കൊണ്ടിരുന്നു. ഇന്ത്യയിൽ സ്ത്രീകൾക്ക്, പ്രത്യേകിച്ച് അധഃസ്ഥിത വിഭാഗത്തിലെ സ്ത്രീകൾക്ക് ഒരുകാലത്ത് മാറുമറയ്ക്കാൻ പോലും അവകാശമുണ്ടായിരുന്നില്ല. മാറിന്‍റെ വലുപ്പമനുസരിച്ച് ഭരണവർഗം മുലക്കരം നിശ്ചയിച്ചിരുന്നതും, തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും നിലനിന്നിരുന്നതും കറുത്ത ചരിത്രത്തിന്‍റെ ഭാഗമാണ്. മേലാളന്‍റെ മുന്നിൽ കീഴാളൻ തോളത്തിട്ട മുണ്ട് കക്ഷത്തിൽ ഒതുക്കി കുമ്പിട്ടു നിൽക്കേണ്ടി വന്ന അടിമത്ത വ്യവസ്ഥിതിയും ഇവിടെ ഉണ്ടായിരുന്നു.

പിന്നീട് കാലം മുന്നോട്ടുപോയപ്പോൾ വസ്ത്രധാരണം മനുഷ്യജീവിതത്തിന്‍റെ അവിഭാജ്യ ഘടകവും മാന്യതയുടെ അടയാളവുമായി മാറി. മാറു മറയ്ക്കുന്ന വസ്ത്രങ്ങളും, മുഖം മാത്രം കാണുന്ന ബുർക്കയും, പുരുഷന്മാരുടെ ളോഹയും ഉൾപ്പെടെയുള്ള വിവിധ രീതികൾ പ്രചാരത്തിൽ വന്നു.

എന്നാൽ, ആധുനിക കാലഘട്ടത്തിൽ അൽപ വസ്ത്രധാരണം പുതിയ തലമുറയുടെ ഹരവും അവകാശവുമായി മാറുന്ന കാഴ്ചയാണ് കാണുന്നത്. ഏദൻ തോട്ടത്തിൽ അത്തിയിലകൾ കൊണ്ട് നഗ്നത മറയ്ക്കാൻ ശ്രമിച്ച മനുഷ്യകുലത്തിന്‍റെ ഇന്നത്തെ തലമുറ, വീണ്ടും സുതാര്യവും ചെറുതുമായ തുണ്ടുകൾ കൊണ്ട് നഗ്നത മറയ്ക്കാൻ ശ്രമിക്കുന്നതിനെ പുരോഗമനമായി കാണുന്നു.

"സ്ത്രീകളുടെ വസ്ത്രധാരണം അവരുടെ വ്യക്തിപരമായ അവകാശമാണ്; മുലക്കച്ച ഉടുത്തു വരുന്നതും ആ അവകാശത്തിന്‍റെ ഭാഗമാണ്, അതിൽ എന്തിനാണ് വിമർശനം?' എന്ന് ന്യൂജെൻ പ്രതിനിധിയായ ഒരു ദേശീയ യുവ നേതാവ് പരസ്യമായി ചോദിക്കുക പോലുമുണ്ടായി!

ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിനു നേതൃത്വം നൽകുകയും സ്വതന്ത്ര ഭാരതത്തിന്‍റെ ഭരണചക്രം ഏറെക്കാലം തിരിക്കുകയും ചെയ്ത പ്രമുഖ രാഷ്‌ട്രീയ കുടുംബത്തിലെ അംഗമെന്ന നിലയിൽ, ഈ നേതാവ് നടത്തിയ പ്രസ്താവന ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ വിവാദമായി മാറിക്കൊണ്ടിരിക്കുകയാണ്.

വസ്ത്രധാരണത്തിൽ മാത്രമല്ല; സംഭാഷണം, പെരുമാറ്റം, ജീവിതരീതി തുടങ്ങി സാമൂഹിക ബന്ധങ്ങളിൽ അലിഖിതമായ ചില മാന്യതകളും മാനദണ്ഡങ്ങളുമുണ്ട്. അതിനെ പുരോഗമനത്തിന്‍റെ പേരിൽ തകർത്തുകളയരുത്. യൗവനം ആസ്വദിക്കേണ്ട ഒന്നാണ്, എന്നാൽ അത് ഭാവിജീവിതത്തെ തകർക്കുന്ന രീതിയിലാകരുത് എന്നാണ് ജോത്സ്യന് പറയാനുള്ളത്.

logo
Metro Vaartha
www.metrovaartha.com