
ഗുരുപൂർണിമ: മാനവരാശിയെ ദീപ്തമാക്കുന്ന പ്രകാശം
അർജുൻ റാം മേഘ്‌വാൾ
മൂല്യങ്ങൾ, ജ്ഞാനം, കാലാതീതമായ പാഠങ്ങൾ എന്നിവയാൽ രാജ്യത്തിന്‍റെ സാംസ്കാരിക പൈതൃകം സമ്പന്നമാണ്. അതിന്‍റെ വൈവിധ്യവും സാർവത്രികവുമായ മാനങ്ങൾ കൂട്ടായ അവബോധത്തെ ആഘോഷിക്കുന്നതിൽ ഒരവസരവും പാഴാക്കുന്നില്ല, അത് നിരവധി ഉത്സവങ്ങളിലൂടെ വ്യക്തമായി പ്രകടിപ്പിക്കപ്പെടുന്നു. ഈ ഉത്സവങ്ങൾ കേവലം ആചാരപരമല്ല - അവ പ്രകൃതിയുടെ താളങ്ങളുമായുള്ള നമ്മുടെ ബന്ധത്തിന്‍റെ പ്രതിഫലനങ്ങളാണ്, ശാസ്ത്രീയ ഉൾക്കാഴ്ചകളും ആത്മീയ ദർശനവും ഇവയെ പിന്തുണയ്ക്കുന്നു.
എന്താണ് സംഭവിച്ചതെന്ന് ഒന്നു നിന്ന് ചിന്തിക്കാനും ആന്തരികവത്കരിക്കാനും നമുക്ക് ഒരു നിമിഷം നൽകുന്ന ഒരു പ്രത്യേക സന്ദർഭത്തെ ഗുരുപൂർണിമ അടയാളപ്പെടുത്തുന്നു. എന്താണ് മാറിയതെന്നു ചോദിക്കാൻ ഇത് നമ്മെ പ്രോത്സാഹിപ്പിക്കുന്നു. നമ്മൾ എന്താണ് മുന്നോട്ടു കൊണ്ടുപോകുന്നത്, എന്താണ് പിന്നിൽ ഉപേക്ഷിച്ചത്? വ്യക്തിഗത ശേഷിയിലും കൂട്ടായ ശേഷിയിലും നാം എത്ര ദൂരം സഞ്ചരിച്ചു? ഈ പിന്നോട്ടും മുന്നോട്ടുമുള്ള ചിന്താശേഷിക്കിടയിൽ, യാത്രയിൽ ഏറ്റവും ആഴമേറിയ പങ്ക് വഹിച്ചത് ആരാണ്? കലുഷിതവും ചെളി നിറഞ്ഞതും പ്രവചനാതീതവും പ്രക്ഷുബ്ധവുമായ ജീവിതപാതയിൽ ആരാണ് നമ്മുടെ വിരലുകൾ പിടിച്ചത്?
അത് ഒരു വ്യക്തിയായാലും തത്വമായാലും ആന്തരിക വഴികാട്ടിയായാലും അത്തരം നിമിഷങ്ങളിലാണ് ഗുരുവിന്‍റെയോ വഴികാട്ടിയുടെയോ പങ്ക് നമ്മുടെ യാത്രയിലെ ആഴമേറിയ സാന്നിധ്യമാകുന്നത്. കാലം തെളിയിച്ച അടിസ്ഥാന കാര്യങ്ങൾ എന്തൊക്കെയോ, അവ നമ്മെ ഒരു സന്തുലിത സഞ്ചാരിയായി വളർത്തുന്നു. നമ്മുടെ അസ്തിത്വത്തിന്‍റെ വൈവിധ്യമാർന്ന മാനങ്ങൾക്കിടയിലും, പലപ്പോഴും അദൃശ്യമോ ദൃശ്യമോ ആയ, സ്പഷ്ടമോ അല്ലാത്തതോ ആയ ശക്തികളാണ് - അത് ഒരു ഉപദേഷ്ടാവിന്‍റെ കൈയായാലും, ഒരു ദിവ്യചിന്തയായാലും, ഒരു അമ്മയുടെ പരിചരണമായാലും, ഒരു അധ്യാപകന്‍റെ വാക്കായാലും, ഒരു സുഹൃത്തിന്‍റെ വിശ്വാസമായാലും - നമ്മുടെ വഴികാട്ടികളാകുന്നു. അതിനാൽ ഗുരുപൂർണിമ നമ്മെ നയിക്കുന്നതും വാർത്തെടുക്കുന്നതും വളർച്ചാ പാതയിൽ നമ്മോടൊപ്പം നടക്കുന്നതുമായ, ദൃശ്യമോ അദൃശ്യമോ ആയ, എല്ലാ ഘടകങ്ങളെയും ആദരിക്കാനുള്ള പവിത്രമായ അവസരമാണ്.
വ്യക്തിജീവിതങ്ങളെയും സാമൂഹിക മൂല്യങ്ങളെയും രൂപപ്പെടുത്തുന്നതിൽ ഗുരുവിന്‍റെ പങ്കിനെ അംഗീകരിക്കുന്ന കാലാതീതമായ പാരമ്പര്യമാണ് ഗുരുപൂർണിമ. ആഷാഢ മാസത്തിലെ ഈ പൂർണിമ ദിനം ആഴത്തിലുള്ള ആത്മീയ, ചരിത്ര, ഋതുപരമായി പ്രാധാന്യമുള്ളതാണ്. കാരണം ഭഗവാൻ ശിവൻ (ആദിഗുരു) സപ്ത ഋഷിമാർക്ക് യോഗ പരിജ്ഞാനം പകർന്നു നൽകിയ ദിവസമാണിത്. മഹർഷി വേദവ്യാസന്‍റെ ജന്മദിനവും ഇത് അനുസ്മരിക്കുന്നു. സാധുക്കളും സംന്യാസിമാരും ഒരിടത്തു താമസിച്ച് ശിഷ്യരെ പഠിപ്പിക്കുന്ന മഴക്കാലത്ത് നാലു മാസത്തെ പുണ്യകാലമായ ചാതുർമാസ സമാപ്തിയുടെ ആരംഭമാണിത്. ആഷാഢ പൂർണിമയുടെ ഊർജം ആന്തരിക പരിവർത്തനത്തെ പിന്തുണയ്ക്കും. നന്മയുടെ വെളിച്ചം ജ്വലിപ്പിക്കുന്നവരോട് നന്ദി പ്രകടിപ്പിക്കാനുള്ള ഉത്സവമാണിത്.
കൈപിടിച്ച് വളർത്താനും പരിപാലിക്കാനും വെല്ലുവിളികളെ സധൈര്യം നേരിടാനുമുള്ള കരുത്തു നൽകി ഗുരു നമ്മെ ശാക്തീകരിക്കുന്നു. സംസ്കൃതത്തിൽ "ഗുരു' എന്ന വാക്ക് "ഗു' (അന്ധകാരം) "രു' (അന്ധകാരത്തെ നീക്കം ചെയ്യൽ) എന്നിവയുടെ സംയോജനമാണ്, അതായത് അന്ധകാരത്തെ അകറ്റുന്നവൻ. വേദ പാരമ്പര്യങ്ങളിൽ ഗുരു- ശിഷ്യ പരമ്പരയായിരുന്നു പഠനത്തിന്‍റെ അടിത്തറ. ഗുരുവിന്‍റെ പ്രാധാന്യവും മഹത്വവും വെറും വാക്കുകൾ കൊണ്ട് മനസിലാക്കാൻ കഴിയില്ല. ഗുരു കേവലം അധ്യാപകൻ മാത്രമല്ല; അവരുടെ സാന്നിധ്യം ഒരു ജീവശക്തി, ഒരു വികാരം, ശക്തി, ദിശ, പ്രചോദനം എന്നിവയുടെ സ്ഥിരമായ ഉറവിടമാണ്. പൂർണിമ പൂർണത, വിശുദ്ധി, പ്രകാശം എന്നിവയെ പ്രതീകപ്പെടുത്തുന്നതുപോലെ, ഗുരു അതേ മഹത്വത്തെ പ്രതിഫലിപ്പിക്കുന്നു- അദ്ദേഹം ജ്ഞാനത്തിൽ പൂർണനാണ്, ഉദ്ദേശ്യത്തിൽ ശുദ്ധനാണ്, ആന്തരിക പ്രകാശത്തിന്‍റെ ഉറവിടവുമാണ്.
പ്രശസ്ത സന്യാസി കബീർ ഗുരുവിനെ ഒരു കുശവൻ എന്നും ശിഷ്യനെ ചുടാത്ത കളിമൺ കലം എന്നും മനോഹരമായി താരതമ്യം ചെയ്യുന്നു.
""ഗുരു കുംഭാർ, ശിഷ്യ കുംഭ് ഹൈ
ഗഢീ ഗഢീ കാഠൈ ഖോട്
അന്തർ ഹാഥ് സഹാർ ദേ
ബാഹർ ബാഹൈ ചോട്ട് ''ष्य कुंभ है
ഒരു കുശവൻ മണ്ണു കുഴച്ചുണ്ടാക്കുന്ന കലത്തിനുള്ളിൽ ഒരു കൈ മൃദുവായി താങ്ങാനും മറുകൈ പുറത്ത് അടിച്ച് രൂപപ്പെടുത്താനും ഉപയോഗിക്കുന്നതു പോലെ കാർക്കശ്യം, വെല്ലുവിളികൾ, പ്രതികരണങ്ങൾ എന്നിവയിലൂടെ ഒരു യഥാർഥ ഗുരു ശിഷ്യന് പുറത്തു നിന്നു ശിക്ഷണം നൽകുകയും തിരുത്തുകയും പരിഷ്കരിക്കുകയും ചെയ്യുന്നു - അതേസമയം, ആന്തരികമായി സ്നേഹം, കാരുണ്യം, ധാരണ എന്നിവയിലൂടെ പിന്തുണയ്ക്കുന്നു, ശക്തിപ്പെടുത്തുന്നു.
മറഞ്ഞിരിക്കുന്നതും ഉപയോഗിക്കാത്തതുമായ നിധിയുടെ സംഭരണിയാണ് ഗുരു. അവരുടെ അനുഗ്രഹങ്ങൾ നിശബ്ദമാണെങ്കിലും ആഴത്തിൽ പരിവർത്തനം ചെയ്യുന്നു, നന്മയുടെയും സത്യത്തിന്‍റെയും മൂല്യങ്ങളിൽ അധിഷ്ഠിതമായ അറിവും ജ്ഞാനവും നൽകുന്നു. രാമായണത്തിലെ വിശ്വാമിത്രനും ശ്രീരാമനും, ഗുരു രവിദാസും മീരാഭായിയും, രാമാനന്ദനും കബീറും, ഗുരു നാനാക് ദേവ് ജിയും ഭക്തിപ്രസ്ഥാനത്തിലെ തുടർച്ചയായ സിഖ് ഗുരുക്കളും തമ്മിലുള്ള ബന്ധം - ഇവയെല്ലാം നമ്മുടെ നാഗരികതയിലെ ആത്മീയവും ബൗദ്ധികവുമായ കൈമാറ്റത്തിന്‍റെ നിലനിൽക്കുന്ന പൈതൃകത്തെ ഉദാഹരപ്പെടുത്തുന്നു. ഈ പവിത്ര ബന്ധങ്ങൾ സമൂഹത്തിന് ധാർമിക ചട്ടക്കൂട് നൽകുകയും അതിന്‍റെ ആന്തരിക പരിണാമത്തെ പരിപോഷിപ്പിക്കുകയും ചെയ്തു.
ആധുനിക യുഗത്തിൽ സമർഥ ഗുരു രാംദാസും ഛത്രപതി ശിവജി മഹാരാജും, സ്വാമി വീർജാനന്ദ സരസ്വതിയും സ്വാമി ദയാനന്ദ സരസ്വതിയും. അതേപോലെ, സ്വാമി രാമകൃഷ്ണ പരമഹംസൻ സ്വാമി വിവേകാനന്ദനെ ഇന്ത്യൻ തത്ത്വചിന്ത പടിഞ്ഞാറോട്ട് എത്തിച്ച ആത്മീയവര്യനായി രൂപാന്തരപ്പെടുത്തി. മഹാവതാർ ബാബാജി, ലാഹിരി മഹാശയ, ശ്രീ യുക്തേശ്വരൻ, പരമഹംസ യോഗാനന്ദ എന്നിവരുടെ ദിവ്യ പരമ്പര ലോകമെമ്പാടുമുള്ള അന്വേഷകരെ നയിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു. അവരുടെ പാഠങ്ങൾ സാഹോദര്യത്തിന്‍റെ ബന്ധം ശക്തിപ്പെടുത്തുകയും വിദേശങ്ങളിൽ ദൈവികതയെ ഉണർത്തുകയും ചെയ്തു.
ലോകമെമ്പാടും, ഭക്തി, സമർപ്പണം അല്ലെങ്കിൽ ദൈവവുമായുള്ള വ്യക്തിപരമായ ബന്ധം പ്രകടിപ്പിക്കുന്നത് ഒരു പൊതു പാരമ്പര്യമാണ്. പാശ്ചാത്യ പ്രാർഥനാ ശൈലിയിൽ, ആഴത്തിലുള്ള ആത്മീയ ബന്ധത്തിന്‍റെ പ്രതീകമായി "ഓ മൈ മാസ്റ്റർ' എന്ന വാചകത്തിന് പ്രത്യേക പ്രാധാന്യമാണുള്ളത്.
ആദ്യ ഗുരു എന്ന നിലയിൽ അമ്മ ഒരു കുട്ടിയെ ഈ പുതിയ ലോകത്തിലേക്ക് പരിചയപ്പെടുത്തുകയും ജീവിതത്തിന്‍റെ ആദ്യ ചുവടുകൾ നയിക്കുകയും ചെയ്യുന്നു. മറ്റൊരു വീക്ഷണകോണിൽ നോക്കിയാൽ, അഞ്ച് ജ്ഞാനേന്ദ്രിയങ്ങൾ - ചെവികൾ, ചർമം, കണ്ണുകൾ, നാവ്, മൂക്ക് - പുറം ലോകത്തിൽ നിന്ന് ഇന്ദ്രിയപരമായി വിവരങ്ങൾ സ്വീകരിക്കുന്നു, അഞ്ച് കർമേന്ദ്രിയങ്ങൾ - കൈകൾ, കാലുകൾ, സംസാരം, ഗുദം, ജനനേന്ദ്രിയങ്ങൾ - ശാരീരിക പ്രവർത്തനങ്ങൾ ചെയ്യുന്നു. നാല് ആന്തരിക ഉപകരണങ്ങൾ - മനസ്, ബുദ്ധി, അഹംകാര, ചിത്ത - ചിന്ത, തീരുമാനമെടുക്കൽ, സ്വത്വം, ഓർമ എന്നിവയെ നിയന്ത്രിക്കുന്നു.
സാരാംശം ഇതാണ്: ജ്ഞാനേന്ദ്രിയങ്ങൾ വിവരങ്ങൾ സ്വീകരിക്കുന്നു, മനസ് അതിനെ വിലയിരുത്തുന്നു, ബുദ്ധി തീരുമാനങ്ങളെടുക്കുന്നു, അഹംകാര അനുഭവത്തെ വ്യക്തിഗതമാക്കുന്നു, കർമേന്ദ്രിയങ്ങൾ പ്രവൃത്തി നിർവഹിക്കുന്നു, ചിത്ത അതിനെ ഓർമയായി രേഖപ്പെടുത്തുന്നു.
ഗുരു അന്വേഷകന് അറിവ് നൽകുന്നു, അതേസമയം സദ്ഗുരു ജ്ഞാനം വളർത്തുന്നു. ആന്തരിക വ്യക്തിത്വത്തിന്‍റെ അദൃശ്യ സങ്കീർണതകൾക്കിടയിൽ അവരുടെ മാർഗനിർദ്ദേശം സദ്‌ഗുണങ്ങളെ നിറയ്ക്കുന്നു. ഗുരുവിന്‍റെ ജ്ഞാനം, കുടുംബത്തിന്‍റെ പിന്തുണ, സമൂഹത്തിന്‍റെ മൊത്തത്തിലുള്ള മൂല്യം എന്നിവയാൽ നനയ്ക്കപ്പെട്ട ശക്തമായ വേരുകളെയാണ് അഭിവൃദ്ധി പ്രാപിക്കുന്ന വ്യക്തിയുടെ രൂപത്തിലുള്ള പാകമാകുന്ന ഫലം അനുസ്മരിപ്പിക്കുന്നത്. വ്യക്തികളുടെ പ്രവർത്തനങ്ങൾ ഈ ആന്തര പ്രതിഭാസത്തിന്‍റെ പ്രകടനമാണ്.
പൂർണിമയുടെ സന്ദർഭം ഈ എല്ലാ മാനങ്ങളുടെയും ആത്മപരിശോധനയ്ക്കുള്ള നിമിഷമാണ്. ഇത് ഒരു ആത്മീയ കണ്ണാടി, ഒരു സാംസ്കാരിക ആഘോഷം, ഒരു ശാസ്ത്രീയ പ്രതിഭാസം, നവീകരണം, പ്രതിഫലനം, നന്ദി എന്നിവയ്ക്കുള്ള പ്രതീകാത്മക നിമിഷമാണ്. അതിന്‍റെ പ്രാധാന്യം മതങ്ങൾ, വിഷയങ്ങൾ, നൂറ്റാണ്ടുകൾ എന്നിവയെ ഉൾക്കൊള്ളുന്നു, പ്രകൃതിയുടെ താളത്തെയും നമ്മുടെ ഉള്ളിലെ ചക്രങ്ങളെയും ഓർമിപ്പിക്കുന്നു. പൂർണചന്ദ്രൻ പൂർണതയെയും പ്രബുദ്ധതയെയും പ്രതിനിധീകരിക്കുന്നു - സൂര്യപ്രകാശത്തെ പൂർണമായി പ്രതിഫലിപ്പിക്കുന്ന ചന്ദ്രനെപ്പോലെ ആന്തരിക സ്വഭാവം വ്യക്തമായി മനസിലാക്കാൻ കഴിയുന്ന സമയം. യോഗികളും സംന്യാസിമാരും പലപ്പോഴും പൂർണിമയെ ആഴത്തിലുള്ള ധ്യാനം, ജപം, ഉപവാസം, ദിവ്യശക്തിയുമായി ബന്ധപ്പെടൽ എന്നിവയ്ക്ക് അനുയോജ്യ സമയമായി കണക്കാക്കുന്നു.
പഠനം, ജ്ഞാനം, കൃതജ്ഞത എന്നിവയുടെ ആഘോഷമാണ് ഗുരു പൂർണിമ. വിവരങ്ങൾ, ആശയക്കുഴപ്പം, താരതമ്യം, മത്സരം എന്നിവയാൽ വലയം ചെയ്യപ്പെടുന്ന ഒരു കാലഘട്ടത്തിൽ, ആത്മീയ ഗുരുവോ പരിശീലകനോ അധ്യാപകനോ രക്ഷിതാവോ ഡിജിറ്റൽ ഉപദേഷ്ടാവോ ആകട്ടെ, ഒരു യഥാർഥ അധ്യാപകന്‍റെ മാർഗനിർദേശ സാന്നിധ്യം കൂടുതൽ നിർണായകമാവുകയും മതത്തിനും ആചാരങ്ങൾക്കും അതീതമാവുകയും ചെയ്യുന്നു. ഭൗമ- രാഷ്‌ട്രീയ സംഘർഷങ്ങൾ വർധിച്ചുവരുന്ന 21ാം നൂറ്റാണ്ടിന്‍റെ പ്രവചനാതീതമായ മേഖലയിൽ ഭീകരത, തീവ്രവാദം, മയക്കുമരുന്നു കടത്ത്, സൈബർ യുദ്ധം, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവയുടെ ഭീഷണി യുവാക്കളെ വേട്ടയാടുന്നു. ഈ അവസരത്തിൽ ഗുരു പൂർണിമയുടെ സത്ത മുഴുവൻ ലോകത്തിനും പ്രസക്തമാണ്. ധാർമിക പ്രതിസന്ധി, തെറ്റും ശരിയും തിരിച്ചറിയാനുള്ള കഴിവില്ലായ്മ എന്നിവ പുതിയ വെല്ലുവിളികളാണ്. കൂടാതെ സമീപകാല വാർത്താ തലക്കെട്ടുകളിലൂടെ അത് സാമൂഹിക ഘടനയെ തകർത്തു. പക്ഷേ, തെറ്റിന്‍റെ പാതയിൽ നിന്ന് ഒരാളെ പിന്നോട്ടു വലിക്കാൻ ഒരു ഗുരുവിന്‍റെ നിഴലിനു പോലും സാധിക്കും.
ഡിജിറ്റൽ യുഗത്തിലേക്ക് നാം കൂടുതൽ നീങ്ങുമ്പോൾ, ഗുരു പൂർണിമയുടെ കാലാതീത സന്ദേശം അറിവു തേടാനും, ആന്തരിക മാർഗനിർദേശം വീണ്ടും കണ്ടെത്താനും, നമ്മുടെ ഉപദേഷ്ടാക്കളെ ബഹുമാനിക്കാനും, മറ്റുള്ളവർക്ക് വെളിച്ചത്തിന്‍റെ ഉറവിടങ്ങളായി മാറാനും നമ്മെ പ്രോത്സാഹിപ്പിക്കുന്നു. മൂല്യാധിഷ്ഠിതമായ ഒരു മാനവികത കെട്ടിപ്പടുക്കാനുള്ള ഏക മാർഗമാണിത്.