
"നമ്പർ വൺ' ദുരഭിമാനക്കൊല
ശസ്ത്രക്രിയയ്ക്കു വിധേയയായ മകൾക്കു കൂട്ടിരിക്കാനെത്തിയ തലയോലപ്പറമ്പ് സ്വദേശി ബിന്ദു (52) എന്ന പാവപ്പെട്ട വീട്ടമ്മയ്ക്ക് കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിക്കെട്ടിടം ഇടിഞ്ഞുവീണു ദാരുണമായ അന്ത്യം സംഭവിച്ചതിന് ആര് ഉത്തരം പറയും? സ്ഥാനത്തും അസ്ഥാനത്തും കൊട്ടിഘോഷിക്കപ്പെടുന്ന "നമ്പർ വണ്ണിന്‍റെ' രക്തസാക്ഷിയല്ലേ അവർ. ആരോഗ്യ മന്ത്രിയുടെ വാക്ക് കടമെടുത്താൽ "സിസ്റ്റം' നടത്തിയ കൊല. അവകാശവാദങ്ങളും യാഥാർഥ്യങ്ങളുമായി പുലബന്ധം പോലുമില്ലെന്നു വ്യക്തമാകുമ്പോഴും പ്രതിച്ഛായ സംരക്ഷണത്തിനായി ഇല്ലാക്കഥകൾ മെനയുന്ന ഇടതു സർക്കാർ നടത്തിയ ദുരഭിമാനക്കൊല.
ശസ്ത്രക്രിയ കഴിഞ്ഞ് സുഖം പ്രാപിച്ച മകളുമായി വീട്ടിലേക്ക് പോകാൻ ആഗ്രഹിച്ച ബിന്ദുവിന്‍റെ ചേതനയറ്റ ശരീരം ആ വീട്ടിലേക്കെത്തിക്കേണ്ടി വന്നതിന്‍റെ കാരണക്കാർ ആരാണ്? തെരച്ചിലും രക്ഷാപ്രവർത്തനവും നടത്താൻ രണ്ടു മണിക്കൂർ വൈകിയത് എന്തുകൊണ്ട്? ഇത്തരമൊരു ദുരന്തമുഖത്ത് സാധാരണ ആരും ചെയ്യാറുള്ള തെരച്ചിൽ നടത്താൻ പെട്ടെന്ന് മുന്നിട്ടിറങ്ങേണ്ടവർ അത് ചെയ്യാതെ പോയതെന്തേ? കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽപ്പെട്ട ആരെങ്കിലും ഉണ്ടെങ്കിൽ അവരുടെ ജീവൻ രക്ഷിക്കേണ്ട ആ "ഗോൾഡൻ അവേഴ്സ് " നഷ്ടപ്പെടുത്തിയതിന് എന്ത് ന്യായീകരണമാണുള്ളത്?
ഉപയോഗിക്കാത്ത കെട്ടിടമാണതെന്നും അവിടെ ആരുമില്ലെന്നും രണ്ടുപേർക്കു നിസാര പരുക്കേറ്റതു മാത്രമേ ഉള്ളൂവെന്നും ആരോഗ്യ മന്ത്രിയും സഹകരണ മന്ത്രിയും തിടുക്കപ്പെട്ട് നടത്തിയ പ്രസ്താവന തന്നെയാണ് രക്ഷാപ്രവർത്തനം വൈകിപ്പിച്ചത്. ഇങ്ങനെ പറയാൻ എന്ത് ഇൻഫൊർമേഷനാണ് അവർക്ക് ലഭിച്ചത്? ഇനി അങ്ങനെ ഉണ്ടെങ്കിൽ തന്നെ ഇത്തരമൊരു അപകടത്തിൽ എത്രയും വേഗം തെരച്ചിൽ നടത്തി ആരുമില്ലെന്ന് ഉറപ്പാക്കുകയല്ലേ അവർ ചെയ്യേണ്ടിയിരുന്നത്. ഒരുപക്ഷേ, അവരവിടെ എത്താതിരുന്നെങ്കിൽ അതു സംഭവിക്കുമായിരുന്നു. എങ്കിൽ ബിന്ദുവിനെ ജീവനോടെ പുറത്തെടുക്കാൻ കഴിഞ്ഞേനെ.
മനുഷ്യ ജീവനുകളെക്കാൾ സർക്കാരിന്‍റെ പ്രതിച്ഛായ നിർമാണത്തിന് മുൻഗണന നൽകിയെന്നതാണ് മന്ത്രിമാരുടെ നടപടിയിലൂടെ വ്യക്തമാകുന്നത്. ഡോ. ഹാരിസ് ചിറയ്ക്കലിന്‍റെ തുറന്നുപറച്ചിൽ ഉണ്ടാക്കിയ കെടുതിയിൽ നിന്ന് കരകയറിയിട്ടില്ല. അതിന്‍റെ പുറത്ത് ഇങ്ങനെ ഒരു കെടുതി കൂടി ഉണ്ടായാലോ. പ്രതിച്ഛായാ തടവറയിൽ നിൽക്കുമ്പോൾ അത് അങ്ങനെയങ്ങു സമ്മതിച്ചു കൊടുക്കാനാവുമോ. നമ്പർ വൺ കളങ്കപ്പെട്ടിട്ടില്ല എന്ന് സ്ഥാപിക്കണം. അതിനുള്ള തത്രപ്പാടും പാഴ്വേലയുമാണ് അരങ്ങേറിയത്. അതുകൊണ്ടാണ് ബിന്ദുവിന്‍റെ മരണം സർക്കാരിന്‍റെ ദുരഭിമാനക്കൊലയായി മാറുന്നത്.
മെഡിക്കൽ കോളെജുകൾ അടക്കം കേരളത്തിലെ സർക്കാർ ആശുപത്രികളുടെ പൊതുസ്ഥിതിയാണിത്. മരുന്നില്ല, ഉപകരണങ്ങളില്ല, സ്റ്റാഫ് ഇല്ല. മരുന്നും ഉപകരണങ്ങളുമെല്ലാം പാവപ്പെട്ട രോഗികൾ വാങ്ങി നൽകണം. ഈ യാഥാർഥ്യത്തിലേക്കാണ് തിരുവനന്തപുരം മെഡിക്കൽ കോളെജിലെ യൂറോളജി വിഭാഗം തലവൻ ഡോ. ഹാരിസ് ചിറയ്ക്കൽ വിരൽ ചൂണ്ടിയത്. നേരത്തേ മാധ്യമങ്ങൾ അടക്കം എത്രയോ പേർ ഈ ഗുരുതരാവസ്ഥ ചൂണ്ടിക്കാട്ടിയതാണ്. പ്രതിപക്ഷം നിയമസഭയ്ക്ക് അകത്തും പുറത്തും ഇക്കാര്യം പലതവണ ഉന്നയിച്ചു. പക്ഷേ, ഈ യാഥാർഥ്യം അംഗീകരിക്കാൻ ആരോഗ്യമന്ത്രിയോ സർക്കാരോ തയാറല്ല. അവാസ്തവ പ്രതിരോധമുയർത്തി അവരെ പരിഹസിക്കാനും അപഹസിക്കാനുമാണ് മന്ത്രി ശ്രമിച്ചത്. പ്രശ്നപരിഹാരത്തിന് ചെറുവിരൽ പോലും അനക്കിയില്ല. ഫലമോ ആരോഗ്യ മേഖല നാഥനില്ലാക്കളരിയായി അലങ്കോലപ്പെട്ടു. ഒരു കാലത്ത് ആരോഗ്യ കേരള സൃഷ്ടിക്ക് നിർണായക പങ്കുവഹിച്ച മെഡിക്കൽ കോളെജുകൾ അടക്കമുള്ള സർക്കാർ ആശുപത്രികൾ ഇന്ന് അസ്ഥിപഞ്ജരങ്ങളായി മാറി. എന്നിട്ടും പിആർ വർക്കുകളിൽ തീർക്കുന്ന മായാജാലത്തിലൂടെ കേരളം നമ്പർ വൺ എന്ന് കൊട്ടിഘോഷിക്കുന്നതിൽ മാത്രമായി അവരുടെ താത്പര്യം.
ഈ പശ്ചാത്തലത്തിലാണ് ഡോ. ഹാരിസ് ചിറയ്ക്കലിന്‍റെ സമൂഹമാധ്യമക്കുറിപ്പ് വൈറലായതും ഭരണക്കാരെ അലോസരപ്പെടുത്തിയതും. കെട്ടിപ്പൊക്കിയതൊക്കെ പെട്ടെന്ന് തകർന്നു വീഴുന്ന പ്രതീതി. അതും ഒരു ഇടതു സഹയാത്രികനിൽ നിന്ന് തന്നെ. പണം വാങ്ങാത്ത, സത്യസന്ധനായ ഡോക്റ്റർ എന്നൊക്കെ തുടക്കത്തിൽ പറഞ്ഞവർ പിന്നീട് ഇങ്ങനെയൊക്കെ പറയാമോ എന്ന് ചോദിച്ചാണ് അദ്ദേഹത്തിനെതിരേ ആക്രോശിക്കാൻ തുടങ്ങിയത്. മുഖ്യമന്ത്രിയാണ് തുടക്കമിട്ടത്. ഇവിടെ രസാവഹമായ ഒരു വസ്തുത ചൂണ്ടിക്കാട്ടാതെ വയ്യ. ഉത്തർപ്രദേശിലെ ആരോഗ്യ മേഖലയിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയ ഡോ. കഫീൽ ഖാനെ അന്ന് അവിടത്തെ സർക്കാർ അറസ്റ്റ് ചെയ്തിരുന്നു. വിഷയം വിവാദമായപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ, കഫീൽ ഖാനെ പിന്തുണയ്ക്കുകയും പ്രശംസിക്കുകയും ചെയ്തു. ഇവിടെ അതേ വെളിപ്പെടുത്തൽ നടത്തിയ ഡോ. ഹാരിസിനെ മുഖ്യമന്ത്രി തള്ളിപ്പറയുമ്പോൾ അതിൽ ഇരട്ടത്താപ്പ് പ്രകടം.
ജനരോഷം ഭയന്ന് തുടക്കത്തിൽ മൗനം അവലംബിച്ചവരൊക്കെ മുഖ്യമന്ത്രിയുടെ അഭിപ്രായപ്രകടനത്തിനു ശേഷം ഉറഞ്ഞുതുള്ളാൻ തുടങ്ങി. മരുന്നും സർജിക്കൽ ഉപകരണങ്ങളും പഞ്ഞിയും കുത്തിക്കെട്ടാൻ സൂചിയും നൂലുമടക്കം വാങ്ങി കൊടുക്കേണ്ടിവരുന്ന ദുരവസ്ഥയ്ക്കല്ല കുഴപ്പം, അത് ചൂണ്ടിക്കാട്ടിയതാണ് കുഴപ്പം! ഡോ. ഹാരിസ് പറഞ്ഞത് ഒരു ഡോക്റ്ററുടെ മാത്രം കണ്ടെത്തലാണോ? എല്ലാവരും ഇതുതന്നെ പങ്കുവയ്ക്കുന്നവരാണ്. ഇടതു സഹയാത്രികനായിരുന്നിട്ടു കൂടി ഡോക്റ്ററുടെ മേൽ മെക്കിട്ടു കയറുന്നവർ ലക്ഷ്യം വയ്ക്കുന്നത് ഇതിന്‍റെ ശബ്ദത്തുടർച്ചയോ തുടർചലനങ്ങളോ ഉണ്ടായിക്കൂടാ എന്നതു തന്നെ. കാരണം ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത്. സിഎജി ഇക്കാര്യം അക്കമിട്ട് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇപ്പോൾ ഇതെല്ലാം പാടെ നിഷേധിക്കുന്ന ഈ സർക്കാർ തന്നെ ആ റിപ്പോർട്ട് നിയമസഭയിൽ സമർപ്പിച്ചിട്ടുമുണ്ട്. മുഖം നഷ്ടപ്പെട്ടപ്പോൾ രോഷാകുലരാകുന്ന ഈ ഭരണാധികാരികൾ അതിന്മേൽ എന്തെങ്കിലും ഒരു നടപടി സ്വീകരിച്ചിട്ടുണ്ടോ? വൻവില നൽകി വാങ്ങിയിട്ടും പ്രവർത്തിപ്പിക്കാതെ സൂക്ഷിച്ചിട്ടുള്ള, സിഎജി അക്കമിട്ട് നിരത്തിയിട്ടുള്ള ഏതെങ്കിലും ഉപകരണങ്ങളിൽ ഒന്നെങ്കിലും പ്രവർത്തിപ്പിക്കാൻ ചെറുവില്ലെങ്കിലും അനക്കാൻ ആയിട്ടുണ്ടോ?
ഡോ. ഹാരിസിന്‍റെ തുറന്നുപറച്ചിൽ ഒടുവിൽ ഫലം കണ്ടിരിക്കുന്നു. ഉപകരണ ക്ഷാമം മൂലം ശസ്ത്രക്രിയകൾ വരെ മാറ്റിവയ്ക്കേണ്ടിവരുന്ന തിരുവനന്തപുരം മെഡിക്കൽ കോളജിന്‍റെ ദുരവസ്ഥയാണു ഡോക്റ്റർ ഹൃദയസ്പർശിയായി തുറന്നു പറഞ്ഞത്. ഡോ. ഹാരിസ് ചൂണ്ടിക്കാട്ടിയ യന്ത്ര ഭാഗമായ ലിത്തോ ക്ലാസ്റ്റ് പ്രോബിന്‍റെ രണ്ടു യൂണിറ്റുകൾ സമീപ ദിവസങ്ങളിൽ ഹൈദരാബാദിൽ നിന്ന് വിമാനമാർഗം എത്തിച്ചു. ഇവ ഉപയോഗിച്ച് ഏകദേശം 80 പേർക്ക് ചികിത്സ നൽകാനാകുമെന്നാണ് റിപ്പോർട്ടുകൾ. ഡോ. ഹാരിസ് തന്നെ യൂറോളജി വിഭാഗത്തിൽ നടത്തിയ 10 ശസ്ത്രക്രിയകളിൽ ആറെണ്ണത്തിന് ഈ ഉപകരണം ഉപയോഗിച്ചതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഡോക്റ്ററുടെ വെളിപ്പെടുത്തലിന് ശേഷം അനുഭവസ്ഥരായ രോഗികൾ തന്നെ ഇക്കാര്യം വിളിച്ചു പറയാൻ തുടങ്ങി. കാലൊടിഞ്ഞ് ശസ്ത്രക്രിയ വേണ്ടി വന്ന രോഗിക്ക് 85,000 രൂപ അടയ്ക്കേണ്ടി വന്നതടക്കം എത്രയോ സംഭവങ്ങൾ. ശസ്ത്രക്രിയാ ഉപകരണം കേടാണ്, അത് വാങ്ങാൻ 4,000 രൂപ വേണമെന്ന് ഡോക്റ്റർ ആവശ്യപ്പെട്ടതും നാലു രോഗികൾ ചേർന്ന് പണം നൽകിയതും ജീവനക്കാർ അന്നുതന്നെ ഉപകരണം വാങ്ങിയതിന്‍റെ രശീതുമായി വന്നതും അടക്കമുള്ള കഥന കഥകൾ വേറെ.
സിസ്റ്റത്തിന്‍റെ തകരാറാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാനാണ് ആരോഗ്യ മന്ത്രി വീണാ ജോർജ് ശ്രമിക്കുന്നത്. ആരാണ് ഇതിനുത്തരവാദി? ആരാണ് ആ സിസ്റ്റം നേരെയാക്കേണ്ടത്? അതല്ലേ ഭരണാധികാരികളുടെ ഉത്തരവാദിത്വം. സിസ്റ്റം ഈ നിലയിൽ തകർത്തതിന്‍റെ ഉത്തരവാദിത്വത്തിൽ നിന്ന് മന്ത്രി അടക്കമുള്ളവർക്ക് ഒഴിഞ്ഞുമാറാനാവുമോ? കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വകുപ്പായ ആരോഗ്യ വകുപ്പിനെ മന്ത്രിമാരുടെ "വൺമാൻ ഷോ' ആയി അധഃപതിപ്പിച്ചിടത്തു നിന്നാണ് അതിന്‍റെ തുടക്കം. നിപ ചികിത്സാ സമയത്ത് ആരോഗ്യമന്ത്രി ഐസിയുവിൽ നിന്നുകൊണ്ട് എന്ത് സാധിക്കാനാണ്? ഉത്തരവാദിത്വപ്പെട്ടവരെക്കൊണ്ട് ഫലപ്രദമായ ചികിത്സ ഉറപ്പാക്കുകയാണ് മന്ത്രി ചെയ്യേണ്ടത്. കൊവിഡ് കാലത്ത് പിടിച്ചുകെട്ടി എന്നു വാഴ്ത്തുപാട്ട് പാടാൻ മരണങ്ങൾ അടക്കം പൂഴ്ത്തിവച്ചത് പിന്നീട് അനാവരണം ചെയ്യപ്പെട്ടില്ലേ? മുഖ്യമന്ത്രി ദിവസവും നടത്തിയിരുന്ന പത്രസമ്മേളനങ്ങളിൽ വായ തുറക്കാൻ അവകാശമില്ലാതിരുന്ന ആരോഗ്യ മന്ത്രിയുടെ സാന്നിധ്യം അല്ലാതെ വകുപ്പു തലവന്മാരെ ആരെയെങ്കിലും കണ്ടോ? 9 വർഷ ഭരണത്തിനിടയിൽ ആരോഗ്യ വകുപ്പ് ഡയറക്റ്ററുടെ സാന്നിധ്യം നാം എവിടെയെങ്കിലും ദർശിച്ചിട്ടുണ്ടോ? ഈ സർക്കാർ കൊണ്ടുവന്ന് നിയമസഭ പാസാക്കിയ ബില്ലിൽ ഇതിന്‍റെ അധികാരിയും ഉത്തരവാദിയും ആരോഗ്യവകുപ്പ് ഡയറക്റ്ററാണെന്ന് വിവക്ഷ ചെയ്തിട്ടാണ് ഈ കടുംകൈ പ്രയോഗങ്ങൾ നടത്തുന്നത്. മേനി നടിക്കാനുള്ള സൂത്രവിദ്യ! സിസ്റ്റം തകരാറിലായതിന്‍റെ നാൾവഴികൾ.
ഒരു സിസ്റ്റം നേരെ ചൊവ്വേ പോകണമെങ്കിൽ തിരുത്തൽ, ശിക്ഷണ നടപടികൾ അനിവാര്യമല്ലേ? അത്തരത്തിലുള്ള എന്തെങ്കിലും ഒരു നടപടി എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ? സംഭവത്തെക്കുറിച്ച് റിപ്പോർട്ട് നേടിയിട്ടുണ്ട് എന്ന വഴിപാട് പ്രഖ്യാപനം അല്ലാതെ സ്വീകരിച്ച ഒരു നടപടിയെങ്കിലും ആരോഗ്യ മന്ത്രിക്ക് വിശദീകരിക്കാനാവുമോ? ഇതിലെല്ലാം പ്രതിസ്ഥാനത്തു നിന്നവരെ സംരക്ഷിക്കാനുള്ള വഴിവിട്ട നടപടികളല്ലേ ആരോഗ്യ മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത്? കോഴിക്കോട് മെഡിക്കൽ കോളെജിലെ ഐസിയുവിൽ അർധ ബോധാവസ്ഥയിൽ കഴിഞ്ഞ വനിതയായ രോഗി പീഡിപ്പിക്കപ്പെട്ടതടക്കമുള്ള അതീവ ഗുരുതരമായ സംഭവത്തിൽ പോലും. ഇങ്ങനെയൊക്കെയാകുമ്പോൾ പിന്നെ സിസ്റ്റം എങ്ങനെയാണ് മെച്ചപ്പെടുക!
ഡേറ്റകളുടെ അടിസ്ഥാനത്തിൽ സംവാദത്തിന് തയാറുണ്ടോ എന്നാണ് മന്ത്രിയുടെ വെല്ലുവിളി. സ്വാതന്ത്ര്യ ലബ്ധിക്കു മുമ്പേ തന്നെ ബഹുജനാരോഗ്യ രംഗത്ത് ഇടപെട്ട് തുടങ്ങിയ നാടാണിതെന്ന കാര്യം മന്ത്രി മനഃപൂർവം വിസ്മരിക്കുന്നു. ആരോഗ്യ സൂചികകളെ അടിസ്ഥാനമാക്കി പരിശോധിക്കുമ്പോൾ മെച്ചപ്പെട്ട ആരോഗ്യ നിലവാരമുള്ള സംസ്ഥാനമായി കേരളം നിലനിൽക്കുന്നത് നാം ഇന്നലെകളിൽ ആർജിച്ച നേട്ടങ്ങളുടെയും ജനങ്ങൾ സ്വന്തം നിലയിൽ പണം മുടക്കുന്നതിന്‍റെയും അടിസ്ഥാനത്തിൽ കൂടിയാണ്. നാഷണൽ ഹെൽത്ത് അക്കൗണ്ട്സിന്‍റെ ഏറ്റവും ഒടുവിൽ പുറത്തുവന്ന കണക്കുകൾ അനുസരിച്ച് (2024 റിപ്പോർട്ട്) ജനസംഖ്യാനുപാതമായി നോക്കുമ്പോൾ ഇന്ത്യയിൽ ആരോഗ്യ രംഗത്ത് ഏറ്റവും കൂടുതൽ പണം ചെലവഴിക്കപ്പെടുന്നത് കേരളത്തിലാണ്. പക്ഷേ, അതിൽ സർക്കാർ വിഹിതം വെറും 32.5 ശതമാനം മാത്രം. ബാക്കി വരുന്ന വലിയ പങ്കും ജനങ്ങൾ സ്വയം ചെലവഴിക്കുന്നതാണ്.
സർക്കാർ ചെലവഴിക്കുന്ന പണത്തിന്‍റെ കാര്യത്തിൽ ദേശീയതലത്തിൽ ഉത്തർപ്രദേശ് ഒഴികെ മറ്റെല്ലാ സംസ്ഥാനങ്ങളും കേരളത്തിനു മുകളിലാണ്. തമിഴ്നാട് - 52%, കർണാടക- 43%, മധ്യപ്രദേശ് -52%, ഹിമാചൽ പ്രദേശ് -57%, ആസാം - 64%. ഈ സ്ഥിതി നിലനിൽക്കുമ്പോഴാണ് ബജറ്റിൽ പ്രഖ്യാപിച്ച തുകയിൽ വീണ്ടും വെട്ടിക്കുറവ് വരുത്തിയത്. ഇപ്പോൾ വിവാദമായിരിക്കുന്ന മെഡിക്കൽ കോളെജുകളുടെ ഇനത്തിൽ മാത്രം 146.89 കോടി രൂപയാണ് വെട്ടിക്കുറച്ചത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ ജില്ലാ ജനറൽ ആശുപത്രികൾ വരെയുള്ളവയ്ക്ക് 152.13 കോടി രൂപ ബജറ്റിൽ പ്രഖ്യാപിച്ചെങ്കിലും 90. 02 കോടിയായി അത് വെട്ടിച്ചുരുക്കി. ആരോഗ്യ മേഖലയിലെ വിവിധ ഇനങ്ങൾക്കായി നീക്കിവെച്ചവയിലെല്ലാം ഇതേ നിലയിൽ വെട്ടിക്കുറവ് വരുത്തി.
അപ്പോൾ, ഹെൽത്ത് ഇക്കണോമിക്സിൽ "ഔട്ട് ഓഫ് പോക്കറ്റ് എക്സ്പെൻഡിച്ചർ' എന്നു പറയുന്ന ജനങ്ങൾ സ്വന്തമായി ചെലവഴിക്കുന്ന പണത്തെ അടിസ്ഥാനപ്പെടുത്തിയതാണ് സൂചികകളുടെ നിലനിൽപ്പ് എന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ആരോഗ്യ പരിപാലനത്തിനായി ഇന്ത്യയിൽ ജനങ്ങൾ ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്നത് കേരളത്തിലാണ്. ഇങ്ങനെ ചെലവഴിക്കുന്ന പണത്തിന്‍റെ നല്ലൊരു പങ്കും കടം വാങ്ങിയതും കൈയിലുള്ള ആസ്തികൾ വിറ്റുള്ളതുമാണെന്നതാണ് വസ്തുത. അങ്ങനെ ചികിത്സയ്ക്കായി ജനങ്ങൾ കടക്കണിയിലാവുന്നു. ഇങ്ങനെ കടക്കണിയിലാകുന്നവരുടെ എണ്ണത്തിലും കേരളമാണ് മുന്നിൽ. കരകയറാൻ ആവാത്ത ദാരിദ്ര്യത്തിലേക്ക് ഇത് അവരെ തള്ളി വിടും. ചികിത്സാ ചെലവ് താങ്ങാൻ ആവാതെ ലക്ഷക്കണക്കിന് ആളുകൾ ദാരിദ്ര്യ രേഖയിലേക്ക് കൂപ്പുകുത്തുന്നു എന്ന് നിതി ആയോഗ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിന്‍റെ മൂന്നിൽ രണ്ട് ഭാഗം ആരോഗ്യച്ചെലവും ജനങ്ങൾ വഹിക്കുമ്പോൾ അത് ചെന്നെത്തുന്നത് സ്വകാര്യ മേഖലയിലേക്കാണ്. ആ മേഖല തഴച്ചു വളരുന്നതിന്‍റെ കാരണവും ഇതുതന്നെ. സ്വകാര്യ മേഖല ഒരു യാഥാർഥ്യമാണ്. അത് കണ്ടില്ലെന്നു നടിക്കാനുമാവില്ല. എന്നാൽ അവിടെ നിയന്ത്രണങ്ങൾ ഉണ്ടാവണം. സമ്പത്തുള്ളവരും ഇൻഷ്വറൻസ് പരിരക്ഷ ഉള്ളവരും അടക്കം ശേഷിയുള്ളവർ അവിടെ ചികിത്സ തേടിക്കൊള്ളട്ടെ. എന്നാൽ മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരന് അവിടേക്ക് എത്തിനോക്കാൻ പോലും കഴിയില്ല. അവിടെയാണ് സർക്കാർ ആശുപത്രികളുടെ അനിവാര്യതയും മഹത്വവും.
കുറഞ്ഞ മാതൃ - ശിശു മരണനിരക്ക്, ആയുർദൈർഘ്യം തുടങ്ങി പല ആരോഗ്യ സൂചികകളിലും നമ്മൾ മുന്നിലാണെന്നത് വസ്തുത തന്നെയാണ്. അതിന്‍റെ പേരിലാണ് മന്ത്രി ഡേറ്റാ വച്ചു വെല്ലുവിളി നടത്താൻ മുതിർന്നത്. എന്നാൽ പ്രസവ സംബന്ധമായി ചികിത്സകൾക്ക് ബഹുഭൂരിപക്ഷവും സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നതെന്ന സത്യം മന്ത്രി വിസ്മരിക്കുന്നു. പിന്നീട് അതിന്‍റെ ക്രെഡിറ്റ് ആശാ വർക്കർമാർക്കുള്ളതാണ്. ആയുർ ദൈർഘ്യം വർധിപ്പിക്കുന്ന ടെർഷ്യറി കെയർ / സ്പെഷ്യാലിറ്റി ചികിത്സകൾക്കും സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
വസ്തുത ഇതായിരിക്കേ, തിരുത്തലിനു തയാറുണ്ടോ എന്നതാണ് പ്രശ്നം. അതിന് തയാറാവുമ്പോൾ മാത്രമേ മന്ത്രി പറയുന്ന സിസ്റ്റത്തിന്‍റെ തകരാർ പരിഹരിക്കാനാവൂ. അല്ലാതെ നമ്പർ വൺ എന്ന കൊട്ടിഘോഷം നമ്മെ എവിടെയും എത്തിക്കില്ല. എൻജിൻ തകരാറിലായ വണ്ടിക്ക് പെയിന്‍റ് അടിച്ചു മിനുക്കിയത് കൊണ്ട് കാര്യമില്ല. എൻജിൻ പണി തന്നെ നടത്തണം. അതിനു തയാറുണ്ടോ എന്നാണ് അറിയേണ്ടത്.