
ട്രംപിനെതിരേ നടക്കുന്ന വന്‍ ജനകീയ പ്രക്ഷോഭം
അഡ്വ. ജി. സുഗുണന്‍
ലോകത്തെ സാമ്രാജ്യത്വ രാജ്യങ്ങള്‍ക്കാകെ നേതൃത്വം നല്‍കുന്ന രാജ്യമാണ് അമെരിക്ക. ആഗോളവത്കരണവും കുത്തകവത്കരണവും മുതലാളിത്ത രാജ്യങ്ങളില്‍ വ്യാപിപ്പിച്ചു കൊണ്ടിരിക്കുന്നതും ഈ രാജ്യം തന്നെയാണ്. സാര്‍വദേശീയ സംഘര്‍ഷങ്ങില്‍ ലോക പൊലീസായി ചമയാനും അമെരിക്ക മടി കാണിക്കുന്നില്ല. രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളില്‍ ഇടപെടാനും അതില്‍ നിന്ന് രാഷ്‌ട്രീയ ലാഭം കൊയ്യാനും അമെരിക്കന്‍ സാമ്രാജ്യത്വത്തിന് കഴിഞ്ഞിട്ടുണ്ട്. സാമ്പത്തിക ഉയര്‍ച്ച നേടാന്‍ കഴിഞ്ഞ ഈ രാജ്യം മറ്റു രാജ്യങ്ങളെ എല്ലാം സ്വന്തം വരുതിക്കുള്ളിലാക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സൈനിക ശക്തിയില്‍ മെച്ചപ്പെട്ടു നില്‍ക്കുന്നതുകൊണ്ട് പല രാജ്യങ്ങളും അമെരിക്കയെ ഭയപ്പെടുന്നുമുണ്ട്. അമെരിക്കയുടെ തെറ്റായതും ജനാധിപത്യ വിരുദ്ധവുമായ നടപടികളെ ചോദ്യം ചെയ്യാന്‍ പല രാജ്യങ്ങള്‍ക്കും ധൈര്യവുമില്ല.
എന്നാല്‍, ഈ രാജ്യത്തിന്‍റെ പുതിയ കുടിയേറ്റ നയവും വിദ്യാഭ്യാസ നയവും ചുങ്ക നയവും മറ്റും രാജ്യത്തിനുള്ളില്‍ തന്നെ വ്യാപകമായ അസംതൃപ്തി ഉണ്ടാക്കിയിരിക്കുകയാണ്. ട്രംപിന്‍റെ ജനവിരുദ്ധ ഭരണ നടപടികള്‍ക്കെതിരായി ശക്തമായ പ്രക്ഷോഭം അവിടെ വളര്‍ന്നു വന്നിട്ടുണ്ട്. ലക്ഷങ്ങള്‍ അണിനിരന്നുകൊണ്ടിരിക്കുന്ന ഈ പ്രക്ഷോഭങ്ങള്‍ ലോകശ്രദ്ധ ആകര്‍ഷിക്കുന്ന ഒന്നായി മാറിയിരിക്കുന്നു.
ട്രംപിനെതിരായ പ്രക്ഷോഭം അമെരിക്കയില്‍ കൂടുതല്‍ ശക്തമാകുകയാണ്. രാജ്യം സ്വേച്ഛാധിപത്യത്തിലേക്ക് വഴുതി വീഴുകയാണെന്നും, യുഎസില്‍ രാജാക്കന്മാര്‍ ഉണ്ടാകരുതെന്നുമുള്ള സന്ദേശം ഉയര്‍ത്തിപ്പിടിച്ചാണ് രാജ്യത്തെ 50 സംസ്ഥാനങ്ങളിലുമുള്ള ജനങ്ങള്‍ ഭരണകൂടത്തിനെതിരേ വന്‍ പ്രതിക്ഷേധ മാര്‍ച്ചുകള്‍ നടത്തുന്നത്. യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധ ദിനങ്ങളിലൊന്നായിരുന്നു കഴിഞ്ഞ ജൂണില്‍ നടന്ന "നോ കിങ്‌സ് '. ഈ പ്രതിഷേധ പ്രസ്ഥാനത്തിന്‍റെ തുടർച്ചയായാണ് രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ വ്യാപകമായി നടക്കുന്നത്. ചെറിയ പട്ടണങ്ങള്‍ മുതല്‍ വലിയ നഗരങ്ങള്‍ വരെ 2,700ലധികം സ്ഥലങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ നടന്നുകഴിഞ്ഞു.
ഡോണാള്‍ഡ് ട്രംപ് യുഎസ് നഗരങ്ങള്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിച്ചു, ഫെഡറല്‍ സൈനികരെ അയയ്ക്കാനും കൂടുതല്‍ ഇമിഗ്രേഷന്‍ ഏജന്‍റുമാരെ റെയ്ഡ് നടത്താനും അനുവദിച്ചു, വിയോജിപ്പുകളെ കുറ്റകൃത്യമാക്കാനും തീവ്രവാദത്തെയോ രാഷ്‌ട്രീയ അക്രമത്തെയോ പിന്തുണയ്ക്കുന്നുവെന്ന് ആരോപിച്ചുകൊണ്ട് ഇടതുപക്ഷ ചായ്‌വുള്ള സംഘടനകളെ പിന്തുടര്‍ന്ന് അക്രമിക്കാനും ശ്രമിക്കുന്നു, നികുതിദായകരുടെ പണം അധികാരം പിടിച്ചെടുക്കാന്‍ ഉപയോഗിക്കുന്നു, യുഎസ് നഗരങ്ങള്‍ പിടിച്ചെടുക്കാന്‍ ഫെഡറല്‍ സേനയെ അയയ്ക്കുന്നു, കോടതികളെ ധിക്കരിക്കുകയും സേവനങ്ങള്‍ വെട്ടിക്കുറയ്ക്കുകയും അതേസമയം ശരിയായ നടപടിക്രമങ്ങളില്ലാതെ ആളുകളെ നാടു കടത്തുകയും ചെയ്തു തുടങ്ങിയ വിഷയങ്ങളാണ് സമരക്കാര്‍ ഉന്നയിച്ചിരിക്കുന്നത്. തങ്ങള്‍ എന്തുകൊണ്ടാണ് ഈ പ്രക്ഷോഭം നടത്തുന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സമരക്കാര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
നോ കിങ്‌സ് സഖ്യം അഹിംസാത്മക പ്രതിരോധത്തോടുള്ള പ്രതിബദ്ധത ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ സുരക്ഷ, സംഘര്‍ഷം കുറയ്ക്കല്‍ തന്ത്രങ്ങളില്‍ പരിശീലനം നേടിയവരാണ് പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നത്. ജനങ്ങള്‍ക്ക് നല്‍കുന്ന ഏറ്റവും പ്രധാനപ്പെട്ട സന്ദേശം പ്രസിഡന്‍റ് നമ്മളെ ഭയപ്പെടുത്താന്‍ ആഗ്രഹിക്കുന്നു എന്നതാണ്. പക്ഷേ, നമ്മളെ ഭയപ്പെടുത്താനും നിശബ്ദരാക്കാനും ഒരിക്കലും അനുവദിക്കില്ല എന്ന് പ്രതിഷേധ സംഘാടകരിലൊരാളായ പബ്ലിക് സിറ്റിസണിന്‍റെ വൈസ്പ്രസിഡന്‍റ് ലിസ ഗില്‍ബര്‍ട്ട് പറഞ്ഞു. ആളുകള്‍ സമാധാനപരമായി തുടരുകയും അഭിമാനത്തോടെ നില്‍ക്കുകയും തങ്ങള്‍ക്ക് താല്‍പ്പര്യമുള്ളത് പറയുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ പ്രതിഷേധങ്ങളില്‍ 200ലധികം സംഘടനകളാണ് പങ്കെടുക്കുന്നത്. വാഷിങ്ടണ്‍ ഡിസി, സാന്‍ഫ്രാന്‍സിസ്‌കോ, സാന്‍ ഡീഗോ, അറ്റ്‌ലാന്‍ഡ്, ന്യൂയോര്‍ക്ക് സിറ്റി, ഹൂസ്റ്റണ്‍, ഫോണോലുലു, ബോസ്റ്റണ്‍, മിസോറിയയിലെ കന്‍സാസ് സിറ്റി, മൊണ്ടാനിയയിലെ ബോസ്മാന്‍, ചിക്കാഗോ, ന്യൂ ഓര്‍ലിയാന്‍സ് എന്നീ നഗരങ്ങളിലും വന്‍ പ്രതിഷേധം നടന്നു. യുഎസില്‍ രാജാക്കന്മാരില്ല എന്ന മുദ്രാവാക്യം എല്ലാ സ്ഥലത്തും ഉയര്‍ന്നുകേട്ടു. ട്രംപിന്‍റെ വര്‍ധിച്ചുവരുന്ന സ്വേച്ഛ്വാധിപത്യത്തെക്കുറിച്ചുള്ള ഒരു സൂചനയാണിത്. ജൂണിലെ "നോ കിങ്‌സ്' പ്രതിഷേധങ്ങളില്‍ ദശലക്ഷക്കണക്കിന് പേര്‍ പങ്കാളികളായിരുന്നു. 2 ദശലക്ഷം മുതല്‍ 5 ദശലക്ഷത്തോളം ആളുകള്‍ പ്രതിഷേധങ്ങളില്‍ പങ്കെടുത്തിരിക്കുകയാണ്.
ട്രംപിന്‍റെ സഖ്യകക്ഷികള്‍ "നോ കിങ്‌സ്' പ്രതിഷേധങ്ങളെ അമെരിക്കല്‍ വിരുദ്ധമായി ചിത്രീകരിക്കുവാന്‍ ശ്രമിക്കുകയാണ്. ഫാസിസ്റ്റ് വിരുദ്ധ പ്രസ്ഥാനമായ ആന്‍റിഫയാണ് ഇതിന് നേതൃത്വം നല്‍കുന്നതെന്നും അവര്‍ പറയുന്നു. അതേസമയം പ്രതിഷേധങ്ങള്‍ മൂലം സര്‍ക്കാര്‍ അടച്ചുപൂട്ടല്‍ നീട്ടിക്കൊണ്ടു പോകുന്നുവെന്ന് വാദിക്കുന്നവരുമുണ്ട്. പ്രതിഷേധങ്ങള്‍ക്കു മുന്നോടിയായി നാഷണല്‍ ഗാര്‍ഡിനെ സംസ്ഥാന തലസ്ഥാനമായ ഓസ്റ്റിനിലേക്ക് അയക്കുമെന്ന് ടെസ്‌കസ് ഗവര്‍ണര്‍ ഗ്രഗ് ആബട്ട് പറഞ്ഞു. നിരവധി റിപ്പബ്ലിക്കന്‍ സംസ്ഥാനങ്ങള്‍ നാഷണല്‍ ഗാര്‍ഡുകളെ വിന്യസിച്ചിട്ടുണ്ട്. ഡെമോക്രാറ്റിക് സെനറ്റര്‍മാരായ ചക്ക് ഷൂമര്‍, ക്രിസ് മര്‍ഫി, സ്വതന്ത്ര സെനറ്റര്‍ ബെര്‍ണി സാന്‍റേഴ്‌സ് എന്നിവര്‍ ഉള്‍പ്പെടെ ചില രാഷ്‌ട്രീയ നേതാക്കള്‍ പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. ചില ഭരണകക്ഷി നേതാക്കളും സമരക്കാരോട് അനുഭാവം രേഖപ്പെടുത്തിയതായ റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
പ്രസിഡന്‍റ് രാജാവല്ല, ജനാധിപത്യം ഏകാധിപത്യമല്ല, രാജവാഴ്ച്ചയല്ല ജനാധിപത്യം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് പതിനായിരങ്ങള്‍ തെരുവിലിറങ്ങിയത്. ന്യൂയോര്‍ക്കിലെ ടൈംസ് സ്ക്വയറില്‍ മാത്രം ഇരുപതിനായിരം പേര്‍ പ്രകടനത്തില്‍ പങ്കെടുത്തിരുന്നു. വീണ്ടും അധികാരത്തിലെത്തിയ ശേഷം ട്രംപിന്‍റെ നയങ്ങളെല്ലാം ഫെഡറല്‍ ഗവണ്‍മെന്‍റിന്‍റെ പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുന്നതായിരുന്നു. ഏറ്റവും ഒടുവില്‍ ധന ബില്‍ പാസായതിനെ തുടര്‍ന്നുള്ള അടച്ചുപൂട്ടലും കൂട്ട പിരിച്ചുവിടലുകളും പ്രതിഷേധം ആളിക്കത്തിച്ചു. "അവരെന്നെ രാജാവായാണ് കാണുന്നത്. എന്നാല്‍ ഞാന്‍ രാജാവല്ല' എന്നാല്‍ ട്രംപിന്‍റെ ഈ വാദവും വ്യാപകമായ പ്രതിഷേധങ്ങള്‍ക്കിടയാക്കി. പ്രക്ഷോഭ റാലികള്‍ അമെരിക്കന്‍ വിരുദ്ധരുടെ റാലികളാണെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ആരോപിച്ചു. പ്രതിഷേധക്കാര്‍ക്ക് തീവ്ര ഇടതുപക്ഷവുമായി ബന്ധമുണ്ടെന്നും ഇവര്‍ ആരോപിച്ചിട്ടുണ്ട്. അതേസമയം, സമാധാനപരമായ റാലികളെ അക്രമാസക്തമാക്കി മാറ്റാനാണ് അധികൃതരുടെ ശ്രമമെന്ന് പ്രതിപക്ഷമായ ഡെമോക്രാറ്റുകള്‍ ചൂണ്ടിക്കാട്ടി.
യൂറോപ്യന്‍ രാജ്യങ്ങളിലെ യുഎസ് എംബസികള്‍ക്കു മുമ്പിലും പ്രതിഷേധങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ലണ്ടന്‍, ബര്‍ലിന്‍, മാന്‍ഡ്രീസ്, റോം, ടൊറെന്‍ഡോ എന്നിവിടങ്ങളിലെ എംബസികള്‍ക്കു മുമ്പിലും വന്‍ പ്രകടനങ്ങള്‍ നടന്നു. ഡെമോക്രാറ്റുകളുടെ നേതൃത്വത്തിലാണ് അമെരിക്കയിലെ പ്രതിഷേധങ്ങള്‍ ശക്തമായത്. പ്രക്ഷോഭകര്‍ രാജ്യ ദ്രോഹികളാണെന്ന് റിപ്പബ്ലിക്കന്മാര്‍ ആരോപിച്ചതിനെ ആരും ഗൗരവമായി കാണുന്നില്ല. എന്നാല്‍ ലോകത്തിന്‍റെ മുഴുവന്‍ രക്ഷാധികാരിയായി ചമയുന്ന ട്രംപിന് സ്വന്തം തട്ടകത്തിലെ ജനപിന്തുണ വന്‍തോതില്‍ ഇടിഞ്ഞിരിക്കുകയാണ്. ട്രംപിന്‍റെ ജനപ്രീതി 40 ശതമാനം മാത്രമാണെന്നും 58 ശതമാനം പേര്‍ പ്രസിഡന്‍റ് എന്ന നിലയിലുള്ള അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തിയില്ലാത്തവരാണെന്നും റോയിട്ടേഴ്സ് നടത്തിയ അഭിപ്രായ സര്‍വേയില്‍ കണ്ടെത്തിയിട്ടുമുണ്ട്.
സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് അര്‍ഹന്‍ താനാണെന്ന് വീമ്പിളക്കി നടക്കുന്ന ഡോണള്‍ഡ് ട്രംപിനു സ്വന്തം രാജ്യത്തു പോലും സമാധാനം നിലനിര്‍ത്താന്‍ കഴിയാത്ത സാഹചര്യമാണ് ഒടുവില്‍ സംജാതമായിരിക്കുന്നത്. നിലവില്‍ ഈ പ്രതിഷേധ പ്രകടനങ്ങളെല്ലാം സമാധാനപരമായാണ് നടക്കുന്നത്. ട്രംപിന്‍റെ പൊലീസിന്‍റെ സമരക്കാരോടുള്ള സമീപനം മോശമായാല്‍ ഈ പ്രക്ഷോഭമാകെ വന്‍ അക്രമങ്ങളിലേക്ക് തിരിയുമെന്നതില്‍ തര്‍ക്കമില്ല. എന്നും വിവിധ സമരങ്ങള്‍ക്കു നേരേ നിഷേധാത്മകമായ നിലപാടാണ് ട്രംപ് ഭരണകൂടം സ്വീകരിച്ചിട്ടുള്ളത്.
അമെരിക്കന്‍ ജനതയുടെ സ്വേച്ഛാധിപത്യത്തിനെതിരായും, നീതിക്കു വേണ്ടിയുള്ളതുമായ ഈ വന്‍ ബഹുജന പ്രക്ഷോഭം വിജയം കണ്ടു കാണാനാണ് ലോകത്തൊട്ടാകെയുള്ള ജനാധിപത്യ വിശ്വാസികളെല്ലാം ആഗ്രഹിക്കുന്നത്. ജനാധിപത്യത്തിനും പൗരാവകാശങ്ങള്‍ക്കും വേണ്ടിയുള്ള അമെരിക്കന്‍ ജനതയുടെ സമരങ്ങളെല്ലാം വിജയിച്ച ചരിത്രമാണുള്ളത്. അതുകൊണ്ടുതന്നെ സ്വേച്ഛാധിപത്യത്തിനെതിരായി നടക്കുന്ന അമെരിക്കന്‍ ജനതയുടെ ഈ പ്രക്ഷോഭവും വിജയിക്കുമെന്നാണു വിലയിരുത്തൽ.