
നരേന്ദ്ര മോദി
സദ്ഗുരു ജഗ്ഗി വാസുദേവ്
മനുഷ്യർ കുറച്ചു നൂറ്റാണ്ടുകളായി സ്വീകരിച്ചിട്ടുള്ള തീരുമാനങ്ങൾ നമ്മെ വളരെ അപകടകരമായ സ്ഥിതിയിലേക്കാണു കൊണ്ടെത്തിച്ചത്. സമ്പദ്‌വ്യവസ്ഥ കൈകാര്യം ചെയ്യൽ, പരിസ്ഥിതി സംരക്ഷണം, വിദ്യാഭ്യാസം, സാമൂഹ്യ വ്യവസ്ഥകൾ, യുവാക്കളെയും അടുത്ത തലമുറയെയും വളർത്തിയ രീതി എന്നിവയെല്ലാം നമ്മെ ഈ സാഹചര്യത്തിലേക്കു നയിച്ചു. യുദ്ധങ്ങൾ, തകരുന്ന സാമ്പത്തിക ഘടനകൾ, അതിവേഗം അധഃപതിക്കുന്ന പരിസ്ഥിതി, പ്രകൃതിദുരന്തങ്ങളുടെ വർധന, പല സമൂഹങ്ങളിലെയും മാനസികാരോഗ്യ പ്രശ്നങ്ങൾ, ലഹരിവസ്തുക്കൾ ഉയർത്തുന്ന പ്രതിസന്ധി എന്നിവ ഇതിനു തെളിവാണ്.
ഇത് ആരെയും ഭയപ്പെടുത്താനായി സൂചിപ്പിച്ചതല്ല. മാറ്റത്തിന് അവസരമുണ്ടെന്നു വ്യക്തമാക്കാൻ ഉദ്ദേശിച്ചാണ്. അസ്ഥിരാവസ്ഥ എന്നതു പല സാധ്യതകളാൽ നിറഞ്ഞ ഘട്ടമാണ്. നമ്മുടെ തീരുമാനമാണു നമ്മെ വലിയ പരിവർത്തനത്തിലേക്കോ തകർച്ചയിലേക്കോ നയിക്കുന്നത്. 8.5 ശതകോടി മനുഷ്യരാൽ നിറഞ്ഞിരിക്കുകയാണു ലോകം. എന്നാൽ നാം ഒറ്റ മനസായി ചേർന്നു തീരുമാനങ്ങൾ എടുക്കാൻ സജ്ജരല്ല. അതിനാൽ ഭരണ സംവിധാനത്തെയും നിയമങ്ങളെയും നേതാക്കളെയും ആശ്രയിക്കുന്നു.
ഇത്തരമൊരു ഘട്ടത്തിൽ, നാം തെരഞ്ഞെടുക്കുന്ന നേതാക്കളുടെ സ്വഭാവം വളരെ പ്രധാനമാണ്. ഭൂമിക്കു സുസ്ഥിരവും മനോഹരവുമായ ഭാവി ആവശ്യമെങ്കിൽ, "വസുധൈവ കുടുംബകം' എന്ന ആശയം മനസിലാക്കണം. ലോകം മുഴുവനും ഒരു കുടുംബമാണെന്നതു തിരിച്ചറിയണം. ഇന്ത്യ ഇന്നുവരെ ഈ ഉൾക്കൊള്ളൽ മൂല്യത്തെ സാക്ഷാത്കരിച്ചിട്ടുള്ള രാജ്യമാണ്. അതുകൊണ്ടുതന്നെ, നരേന്ദ്ര മോദിയെ സ്വാഭാവികമായും നേതാവായി തെരഞ്ഞെടുത്തു. കാരണം അദ്ദേഹം ഈ മൂല്യങ്ങളുടെ അടിസ്ഥാനത്തിലാണു മുന്നേറുന്നത്. ഇതു വളരെ പ്രധാനപ്പെട്ട കാര്യമാണ്.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, ലോക വേദികളിൽ കൂടുതൽ സമഗ്രവും സഹകരണപരവുമായ മാനവികതയ്ക്കുള്ള മാർഗരേഖ ഇന്ത്യ ആവർത്തിച്ചു തെളിയിച്ചിട്ടുണ്ട്. ജി20യിൽ ആഫ്രിക്കൻ യൂണിയനെ സ്വാഗതം ചെയ്യുന്നതിൽ ഇന്ത്യയുടെ പങ്ക്, ഗ്ലോബൽ സൗത്തിന്‍റെ കാര്യത്തിലുള്ള നിലപാടുകൾ, പുനരുപയോഗ ഊർജ സംവിധാനങ്ങളെ പരസ്പരം കൂട്ടിയിണക്കാൻ ഇന്ത്യ നിർദേശിച്ച "ഏക ലോകം, ഏക സൂര്യൻ, ഏക ഊർജ ശൃംഖല' സംരംഭം, നമ്മുടെ അയൽപക്കത്തിനു പ്രഥമ പരിഗണന നൽകുന്ന നയം, പ്രതിസന്ധിഘട്ടത്തിൽ ആദ്യം പ്രതികരിക്കുന്ന രാജ്യമെന്ന നിലയിൽ നമുക്കുള്ള അംഗീകാരം, മഹാമാരിക്കാലത്ത് 96 രാജ്യങ്ങളിൽ നമ്മളെത്തിച്ച മാനുഷിക സഹായം എന്നിവയെല്ലാം ഇന്ത്യ സ്വാർഥ നേട്ടങ്ങൾക്കപ്പുറം മനുഷ്യരെ കണക്കിലെടുത്തു പ്രവർത്തിക്കുന്നു എന്നു തെളിയിച്ചു. വ്യക്തിഗത നേട്ടങ്ങളെക്കാൾ നാം വിലമതിക്കുന്നതു മാനവികതയെയാണ്.
മോദിയുടെ നേതൃത്വശൈലിയിലും ഉൾക്കൊള്ളലിന്‍റെ ഈ ഗുണം പ്രകടമാണ്. "മൻ കി ബാത് ' പരിപാടിയിൽ പൊതുജനങ്ങളോടു നേരിട്ടു സംസാരിക്കുന്നതു ബൃഹത്തായ ഭരണ സംവിധാനത്തിലെ ചെറിയ കാര്യമായി തോന്നാം; എന്നാൽ, അതു സാധാരണ മനുഷ്യരുമായി ബന്ധപ്പെട്ട്, അവരുടെ കഥകളും വെല്ലുവിളികളും സംഭാവനകളും ആഘോഷിക്കുന്നതിന്‍റെ തെളിവാണ്. അതിലൂടെ, അവർക്കൊപ്പം ചേരാൻ അദ്ദേഹത്തിനു കഴിയുന്നു. അതിന്‍റെ പ്രതികരണമായി ജനങ്ങളുടെ ആവശ്യാനുസൃതമുള്ള ഭരണം ഉറപ്പാക്കുകയും ചെയ്യുന്നു.
യോഗയിലേക്ക് അന്താരാഷ്‌ട്ര ശ്രദ്ധ ആകർഷിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്കിനെ ഞാൻ അഭിനന്ദിക്കുന്നു. അന്താരാഷ്‌ട്ര യോഗാദിന പ്രഖ്യാപനത്തിനു നേതൃത്വം നൽകിയതിലൂടെ, ലോകമെമ്പാടുമുള്ള ജനങ്ങൾക്കു യോഗയിൽ കൂടുതൽ താത്പര്യം കൊണ്ടുവരാനും അതിലൂടെ ആരോഗ്യ- മാനസിക ക്ഷേമം മെച്ചപ്പെടുത്താനും അദ്ദേഹം സംഭാവനയേകി. ഇന്നു മനുഷ്യരെ ബാധിക്കുന്ന മാനസികാരോഗ്യ- ശാരീരിക വെല്ലുവിളികൾക്കുള്ള ഉത്തരമാണു യോഗ എന്നതിനാൽ, അത് ഈ കാലഘട്ടത്തിൽ നിർണായകമാണ്.
യഥാർഥ സാധ്യതകൾ സാക്ഷാത്കരിക്കാനും മഹത്തായ ഭാവിയിലേക്കു ലക്ഷ്യം വയ്ക്കാനുമുള്ള നിർണായക ഘട്ടത്തിലാണ് ഇന്ത്യ. നമ്മുടെ സമ്പദ്‌വ്യവസ്ഥ, അടിസ്ഥാന സൗകര്യങ്ങൾ, ബഹിരാകാശം, പ്രതിരോധം, കൃഷി, സാങ്കേതികവിദ്യ തുടങ്ങി പല മേഖലയിലും ഇതിനകം വലിയ പുരോഗതിയുണ്ടായി. സ്വയം പര്യാപ്തത, ഭൗമരാഷ്‌ട്രീയ അതിജീവനശേഷിയും കരുത്ത് എന്നിവയിലേക്കുള്ള നയങ്ങളുടെ സമർഥമായ ഗതിനിർണയത്തിനും നാം സാക്ഷ്യം വഹിച്ചു.
എന്നിരുന്നാലും, ഒരു രാഷ്‌ട്രമെന്ന നിലയിൽ ഇനിയും മുന്നോട്ടു പോകേണ്ടതുണ്ട്. ഭാവിതലമുറയെ പരിപോഷിപ്പിക്കുക എന്നതാണു പരിണാമത്തിന്‍റെ താക്കോൽ. ഇന്ത്യയുടെ യുവജനസംഖ്യ വളരെ വലുതാണ്. അതിനാൽ സമൃദ്ധമായ ഈ അവസരകാലം നഷ്ടപ്പെടാതിരിക്കാൻ അവർക്കു ശരിയായ അവസരങ്ങൾ നൽകേണ്ടത് അനിവാര്യമാണ്.
കഴിഞ്ഞ ദശകങ്ങളെ ബാധിച്ച പാതി വെന്ത ആദർശങ്ങളുടെ അവസാന കണ്ണികളും പൊട്ടിച്ചെറിഞ്ഞ്, നാടിന്‍റെ ഭാവിയുടെ ചാലക ശക്തികളാകാൻ ജനതയെ ക്ഷണിക്കേണ്ട സമയമാണിത്. അടിസ്ഥാന സൗകര്യങ്ങൾ മുതൽ നിർമിതബുദ്ധി വരെയും, വ്യാപാരം മുതൽ പ്രതിരോധം വരെയും, വിദ്യാഭ്യാസം മുതൽ വ്യവസായം വരെയും, നാടിനെ സൂപ്പർസോണിക് വേഗതയിൽ മുന്നോട്ടു കൊണ്ടുപോകാനുള്ള ചുമതല നാം ജനങ്ങളെ ഏൽപ്പിക്കേണ്ടതുണ്ട്. മോദിയുടെ നേതൃത്വത്തിലുള്ള ഭരണം ഈ വിശ്വാസം പ്രകടമാക്കുന്നു. പക്ഷേ, ഈ വിശ്വാസം വെല്ലുവിളിയാക്കാൻ ജനങ്ങൾ തയാറാകുകയും അവരുടെ യഥാർഥ കഴിവു തെളിയിക്കുകയും ചെയ്യേണ്ടതുണ്ട്.
ഇന്ത്യ വെറും ഭൂപ്രദേശം മാത്രമല്ല, ലോകത്തിനു വഴികാട്ടിയാകാനുള്ള കഴിവും സാധ്യതയുമുള്ള രാജ്യമാണ്. അതിന്‍റെ തലപ്പത്ത് കഴിവുറ്റ, ധീരനും നിസ്വാർഥനുമായ ഒരു മനുഷ്യനുണ്ട്. പക്ഷേ നാം ഓർക്കേണ്ട കാര്യം, രാജ്യം എന്നത് ഒരു തുണ്ടു ഭൂമിയല്ല; അതിലെ ജനങ്ങളാണ്. നമുക്കാവശ്യമുള്ള സുവർണ ഭാവി സൃഷ്ടിക്കുന്നതിനുള്ള മികച്ച ഭരണത്തിന്‍റെയും അവസരത്തിന്‍റെയും വേദി ഉപയോഗപ്പെടുത്തേണ്ടതു പൗരന്മാരാണ്. നമുക്ക് അതു സാധ്യമാക്കാം!
(കോയമ്പത്തൂരിലെ ഇഷ യോഗ ഫൗണ്ടേഷൻ സ്ഥാപകനും, ഐക്യരാഷ്‌ട്ര സംഘടനയുടെ സാമ്പത്തിക- സാമൂഹ്യ കൗൺസിലിലെ പ്രത്യേക ഉപദേഷ്ടാവും, പ്രമുഖ മാനെജ്മെന്‍റ് പ്രഭാഷകനുമാണ് ലേഖകൻ).