തേർവാഴ്ചയല്ല, നിയമവാഴ്ചയാണു വേണ്ടത്

രാഷ്ട്രീയ പ്രവര്‍ത്തനം ലോകത്തെ മഹാഭൂരിപക്ഷം രാജ്യങ്ങളിലും ഇന്ന് അംഗീകരിക്കപ്പെട്ടിട്ടുണ്ട്. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ശക്തിയുടെ അടിസ്ഥാനത്തില്‍ അതത് രാജ്യങ്ങളില്‍ അധികാരത്തില്‍ വരും
special story about politics

തേർവാഴ്ചയല്ല, നിയമവാഴ്ചയാണു വേണ്ടത്

Updated on

കമ്യൂണിസ്റ്റ്-ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഇന്ന് ലോകത്തെ മിക്കവാറും എല്ലാ രാജ്യങ്ങളിലും സജീവമാണ്. ചില രാജ്യങ്ങളില്‍ ഈ പ്രസ്ഥാനങ്ങള്‍ വളരെ ശക്തമാണെങ്കിലും മറ്റു ചില രാജ്യങ്ങളില്‍ വളരെ ദുര്‍ബലമാണ്. കമ്യൂണിസ്റ്റ്-ഇടതുപക്ഷ പ്രസ്ഥാനങ്ങളില്‍ തീവ്ര ഇടതുപക്ഷത്തെയും മധ്യഇടതുപക്ഷത്തെയും വലത് സമീപനമുള്ളവയെയുമൊക്കെ ഇന്ന് നമുക്ക് കാണാന്‍ കഴിയും. എങ്കിലും ഒരു പ്രത്യയശാസ്ത്രത്തിന്‍റെ അടിസ്ഥാനത്തില്‍ ഊന്നിനിന്ന് ഏറ്റവും കൂടുതല്‍ രാജ്യങ്ങളില്‍ അധികാരത്തിലുള്ള പ്രസ്ഥാനവും ഇടതുപക്ഷമാണെന്ന കാര്യത്തില്‍ ഒരു തര്‍ക്കവും ഇല്ല.

രാഷ്ട്രീയ പ്രവര്‍ത്തനം ലോകത്തെ മഹാഭൂരിപക്ഷം രാജ്യങ്ങളിലും ഇന്ന് അംഗീകരിക്കപ്പെട്ടിട്ടുണ്ട്. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ശക്തിയുടെ അടിസ്ഥാനത്തില്‍ അതത് രാജ്യങ്ങളില്‍ അധികാരത്തില്‍ വരും. അതു പ്രകാരം ഇടതുപക്ഷവും ഇന്ന് വിവിധ രാജ്യങ്ങളില്‍ അധികാരത്തിലെത്തുന്നു. ഇടതുപക്ഷ പാര്‍ട്ടികളില്‍ ഒരു വിഭാഗം തീവ്രമായ ഇടതുസമീപനം സ്വീകരിക്കുകയും അക്രമങ്ങളും ഭീകരപ്രവര്‍ത്തനവുമെല്ലാം പല രാജ്യങ്ങളിലും നടത്തുകയും ചെയ്യുന്നുണ്ട്. ഓരോ രാജ്യത്തിന്‍റെയും നിയമങ്ങള്‍ക്കും നീതിന്യായ സംവിധാനങ്ങള്‍ക്കും ഘടകവിരുദ്ധമായ ചെയ്തികളിൽ ഏര്‍പ്പെട്ടിട്ടുള്ള രാഷ്ട്രീയ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാനും കോടതിക്കു മുന്നിൽ ഹാജരാക്കാനും ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കാനും സര്‍ക്കാരിനുള്ള അധികാരവും അവകാശവും അംഗീകരിക്കപ്പെട്ട ഒന്നാണ്. അക്രമങ്ങളിലും ഭീകരപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്ന പാര്‍ട്ടിയെ രാജ്യത്ത് നിലവിലെ നീതി‌ന്യായ സംവിധാനങ്ങളുടെ അകത്തുനിന്നുകൊണ്ട് വേണം സര്‍ക്കാര്‍ നേരിടേണ്ടത്. ഛത്തിസ്ഗഡിലെ മാവോവാദികളെ അറസ്റ്റ് ചെയ്യാനും കോടതിയില്‍ ഹാജരാക്കി വിചാരണചെയ്ത് ശിക്ഷിക്കാനുമുള്ള അധികാരമാണ് ഭരണഘടനയും രാജ്യത്തെ നിയമങ്ങളും സര്‍ക്കാരിന് നല്‍കിയിട്ടുള്ളത്. അവരെ കൂട്ടത്തോടെ വെടിവച്ച് കൊല്ലാന്‍ ഒരു സര്‍ക്കാരിനും യാതൊരു അധികാരവും ഇല്ല. ലോകത്തെ ഒരു രാജ്യത്തും ഇന്ന് ഈ രീതിയില്‍ തീവ്ര ഇടതുപക്ഷക്കാരെ കൂട്ടക്കൊല ചെയ്യുന്നുമില്ല.

ഛത്തിസ്ഗഡില്‍ മാവോയിസ്റ്റ് വേട്ട ഒരു തുടര്‍ക്കഥയായി മാറിയിരിക്കുന്നു. ഡസന്‍ കണക്കിന് മാവോയിസ്റ്റുകളാണ് കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ അവിടെ പൊലീസിന്‍റെ തോക്കിനിരയായത്. ഛത്തിസ്ഗഡ് അതിര്‍ത്തിയില്‍ വീണ്ടും മാവോയിസ്റ്റ് കൂട്ടക്കൊല റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. നാരായണ്‍പുര്‍ ജില്ലയിലെ അബുജ്മദ് പ്രദേശത്ത് സുരക്ഷാസേന 27 മാവോയിസ്റ്റുകളെയാണ് കൊലപ്പെടുത്തിയത്. സിപിഐ (മാവോയിസ്റ്റ്) ജനറല്‍ സെക്രട്ടറി ബസവ രാജുവും കൊല്ലപ്പെട്ടതായി പൊലീസ് വ്യക്തമാക്കി.

തലയ്ക്ക് ഒരു കോടി രൂപ ഇനാം പ്രഖ്യാപിക്കപ്പെട്ട മാവോയിസ്റ്റ് നേതാവാണ് ബസവ രാജു എന്നറിയപ്പെടുന്ന നംബാല കേശവറാവു. 2018ല്‍ ഗണപതിയുടെ പിന്‍ഗാമിയായാണ് ബസവരാജു സിപിഐ (മാവോയിസ്റ്റ്) ജനറല്‍ സെക്രട്ടറിയായത്. നാരായണ്‍പുര്‍, ദന്തേവാഡ, ബിജാപുര്‍, കൊണ്ടഗാവ് ജില്ലകളില്‍ നിന്നുള്ള ജില്ലാ റിസര്‍വ് ഗാര്‍ഡ് (ഡിആര്‍ജി) നടത്തിയ ഓപ്പറേഷനിലാണ് മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതെന്ന് ഛത്തിസ്ഗഡ് മുഖ്യമന്ത്രി വിഷ്ണുദേവ് സായ് പറഞ്ഞു. മാവോയിസ്റ്റ് മാഡ് ഡിവിഷനിലെ മുതിര്‍ന്ന കേഡറുകളുടെ സാന്നിധ്യം സംബന്ധിച്ച ഇന്‍റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രദേശത്ത് ഓപ്പറേഷന്‍ നടത്തിയത്. മാവോയിസ്റ്റുകള്‍ നടത്തിയ വെടിവയ്പ്പിന് മറുപടിയായി സുരക്ഷാസേന പ്രത്യാക്രമണം നടത്തുകയായിരുന്നെന്ന് ആഭ്യന്തര മന്ത്രി വിജയ് ശര്‍മ പറഞ്ഞു.

ഏറ്റുമുട്ടലില്‍ 214 ഓളം മാവോയിസ്റ്റ് ഒളിത്താവളങ്ങളും ബങ്കറുകളും നശിപ്പിച്ചെന്നും ഇംപ്രുവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഉപകരണങ്ങള്‍, ബിജിഎല്‍ ഷെല്ലുകള്‍, ഡിറ്റണേറ്ററുകള്‍, സ്‌ഫോടകവസ്തുക്കള്‍ എന്നിവ പിടിച്ചെടുത്തെന്നും പൊലീസ് പറയുന്നു. തെലങ്കാന അതിര്‍ത്തിയിലെ കരേഗുട്ട കുന്നുകള്‍ക്ക് സമീപമുള്ള ഛത്തിസ്ഗഡിലെ വനങ്ങളില്‍ സുരക്ഷാസേന 31 മാവോവാദികളെ 21 ദിവസത്തിനിടെ കൊലപ്പെടുത്തി, ദിവസങ്ങള്‍ക്കകമാണ് പുതിയ സംഭവം. മാവോയിസ്റ്റുകള്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും കേന്ദ്രം ഇത് തള്ളി ഓപ്പറേഷന്‍ തുടരുകയായിരുന്നു.

മഹാരാഷ്ട്ര-ഛത്തിസ്ഗഡ് അതിര്‍ത്തിക്ക് സമീപം ഗഡ്ചിരോളി ജില്ലയിലെ കവണ്ടയില്‍ നാല് മാവോയിസ്റ്റുകളെ വെടിവച്ചുകൊന്നു.

തോക്കുകളും സ്‌ഫോടകവസ്തുക്കളും കണ്ടെടുത്തതായും പൊലീസ് അവകാശപ്പെട്ടു. ഛത്തിസ്ഗഡിലെ സുഖ്മയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് പ്രവര്‍ത്തകനും കൊല്ലപ്പെട്ടു. ഝാര്‍ഖണ്ഡിലെ ലെത്തേഹാര്‍ ജില്ലയില്‍ തലയ്ക്ക് 5 ലക്ഷം രൂപ വിലയിട്ട നിരോധിത മാവോവാദി സംഘടനാംഗം സുരക്ഷാസേനയുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. സിപിഐ (മാവോയിസ്റ്റ്) അംഗം മനീഷ് യാദവാണ് കൊല്ലപ്പെട്ടത്. തലയ്ക്ക് 40 ലക്ഷം രൂപ വിലയിട്ട മറ്റൊരംഗം കുന്ദന്‍ ഖേര്‍വാറിനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഏതാനും ദിവസം മുമ്പാണ് ജില്ലയില്‍ സുരക്ഷാസേന നടത്തിയ മാവോവാദിവിരുദ്ധ നടപടിയില്‍ നിരോധിത ജെജെഎംപി മേധാവി പപ്പു ലോഹ്‌റ ഉള്‍പ്പെടെ രണ്ട് മാവോവാദികള്‍ കൊല്ലപ്പെട്ടു.

പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട 30ല്‍ പ്പരം മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാതെ പൊലീസ് സംസ്‌കരിച്ചിരിക്കുകയാണ്. മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി സംസ്‌കരിക്കാന്‍ ബന്ധുക്കള്‍ ആശുപത്രിയില്‍ കാത്തുനില്‍ക്കവെയാണ് മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ അവകാശികളില്ലെന്ന പേരില്‍ പൊലീസ് സംസ്‌കരിച്ചത്. മൃതദേഹങ്ങള്‍ വിട്ടുനല്‍കണമെന്നുള്ള ഹൈക്കോടതി ഉത്തരവും രേഖകളുമായി ജില്ലാ ആശുപത്രിക്ക് മുന്നിൽ ബന്ധുക്കള്‍ കാത്തുനില്‍ക്കെയാണ് ഛത്തിസ്ഗഡ് പൊലീസ് ഏറ്റെടുക്കാന്‍ ആരുമില്ലെന്ന കാരണം പറഞ്ഞ് മൃതദേഹങ്ങള്‍ മറവ് ചെയ്തത്.

ഹൈക്കോടതി ഉത്തരവും ബന്ധപ്പെട്ട രേഖകളും ഹാജരാക്കിയിട്ടും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ മാന്യമായി സംസ്‌കരിക്കാന്‍ വിട്ടുനല്‍കാത്ത പൊലീസ് നടപടിക്കെതിരേ കടുത്ത പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. മനുഷ്യാവകാശ അഭിഭാഷകയായ ബേല ഭാട്ടിയ ബന്ധുക്കള്‍ക്കൊപ്പം നാരായണ്‍പുര്‍ ആശുപത്രിയില്‍ എത്തിയിരുന്നു. അവിടെ ബന്ധുക്കളോടുള്ള പൊലീസ് പ്രതികരണം പരുഷമായിരുന്നെന്ന് ഭാട്ടിയ പുറത്തുവിട്ട വീഡിയോ പറയുന്നു. കോടതി ഉത്തരവും ബന്ധുക്കള്‍ ഹാജരാക്കിയ രേഖകളും പരിശോധിക്കാനോ മൃതദേഹം വിട്ടുനല്‍കാനോ പൊലീസ് കൂട്ടാക്കിയില്ല. മൃതദേഹങ്ങള്‍ വെറും നിലത്താണ് കിടത്തിയിരുന്നത്. കൊല്ലപ്പെട്ടവരുടെ ഭൗതികശരീരങ്ങളോടു പൊലും പൊലീസ് അനാദരവ് കാട്ടിയെന്നും ബേല ഭാട്ടിയ പ്രതികരിച്ചു. അക്കാഡമിക്, സമൂഹ്യപ്രവര്‍ത്തക, അഭിഭാഷക കൂട്ടായ്മയായ ദി കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റി ഫോര്‍ പീസും പൊലീസിന്‍റെ മനുഷ്യത്വരഹിതമായ നടപടിക്കെതിരേ രൂക്ഷവിമര്‍ശനം നടത്തി. എന്നാല്‍ മൃതദേഹം ഏറ്റുവാങ്ങാനെത്തിയ ബന്ധുക്കള്‍ ഹാജരാക്കിയ രേഖയില്‍ കൊല്ലപ്പെട്ടവരുമായുള്ള ബന്ധം വ്യക്തമാക്കിയിട്ടില്ലെന്നാണ് ബസ്തര്‍ റെയ്ഞ്ച് ഇന്‍സ്‌പെക്റ്റർ ജനറല്‍ ഒഫ് പൊലീസ് പി. സുന്ദരരാജ് പറയുന്നത്.

സര്‍ക്കാരിന്‍റെ അഭ്യർഥനന മാനിച്ച് അവരുമായി ചര്‍ച്ചയ്ക്ക് തയാറായ മാവോയിസ്റ്റ് നേതാക്കളെയാണ് ഛത്തിസ്ഗഡ് പൊലീസ് തോക്കിനിരയാക്കിയിരിക്കുന്നതെന്ന് ആരോപണമുണ്ട്. സിപിഎം പൊളിറ്റ് ബ്യൂറോയുടെ പ്രസ്താവനയില്‍ മാവോയിസ്റ്റുകളെ കിരാതമായി കൊലപ്പെടുത്തിയതിനെ ശക്തമായി അപലപിച്ചു. മാവോയിസ്റ്റ് ജനറല്‍ സെക്രട്ടറി നമ്പാല കേശവറാവു ഉള്‍പ്പെടെ നേതാക്കളെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയതില്‍ യാതൊരു നീതീകരണവുമില്ലെന്ന് പ്രസ്താവനയില്‍ പറഞ്ഞു. ചര്‍ച്ച നടത്തണമെന്നുള്ള മാവോയിസ്റ്റുകളുടെ തുടര്‍ച്ചയായ ആവശ്യം തള്ളിയാണ് കേന്ദ്ര സര്‍ക്കാരും ബിജെപി നേതൃത്വം നല്‍കുന്ന ഛത്തിസ്ഗഡ് സര്‍ക്കാരും കൂട്ടക്കൊലയുടെയും ഉന്മൂലനത്തിന്‍റെയും പാത സ്വീകരിച്ചത്.

ഇത്ര ദിവസങ്ങള്‍ക്കുള്ളില്‍ മാവോയിസ്റ്റുകളെ മുഴുവന്‍ തുടച്ചുനീക്കുമെന്ന പ്രഖ്യാപനം കേന്ദ്ര ആഭ്യന്തരമന്ത്രി ആവര്‍ത്തിക്കുമ്പോള്‍ മാവോയിസ്റ്റുകളുമായി ഒരു തരത്തിലെ ചര്‍ച്ചയുടെയും ആവശ്യമില്ലെന്നാണ് ഛത്തിസ്ഗഡ് മുഖ്യമന്ത്രിയുടെ നിലപാട്. ജനത്തെ കൊന്നൊടുക്കുന്നതില്‍ ആഹ്ലാദിക്കുന്ന ഫാസിസ്റ്റ് മനോഭാവമാണ് ഇത്തരം പ്രസ്താവനകളില്‍ പ്രതിഫലിക്കുന്നതെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ ചൂണ്ടിക്കാട്ടി.

ഛത്തിസ്ഗഡിലെ മാവോയിസ്റ്റുകളുടെ വധത്തില്‍ സ്വതന്ത്ര ജുഡീഷ്യല്‍ കമ്മിഷൻ അന്വേഷണം നടത്തണമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജ ആവശ്യപ്പെടുന്നു. ബസവരാജുവിനെ അറസ്റ്റ് ചെയ്യുന്നതിന് പകരം കൊലപ്പെടുത്തിയത് ജനാധിപത്യ മാനദണ്ഡങ്ങളോടുള്ള കേന്ദ്രത്തിന്‍റെ പ്രതിബദ്ധതയില്ലായ്മയാണ് ചൂണ്ടിക്കാട്ടുന്നത്.

സുരക്ഷാസേന നടത്തിയത് "വ്യാജ ഏറ്റുമുട്ടല്‍' ആണെന്നും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും തെലങ്കാന സിവില്‍ ലിബര്‍ട്ടീസ് കമ്മിറ്റി ആവശ്യപ്പെട്ടു. മാവോയിസ്റ്റുകള്‍ക്കെതിരായ ആക്രമണത്തിനു പിന്നില്‍ കേന്ദ്ര സര്‍ക്കാര്‍ ആണെന്നും ഓപ്പറേഷന്‍ കാഗര്‍ നിര്‍ത്തിവയ്ക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ മാവോയിസ്റ്റുകളുമായി ചര്‍ച്ച നടത്താന്‍ തയാറാവണമെന്ന് സിഎല്‍സി സംസ്ഥാന പ്രസിഡന്‍റ് ഗദ്ദാം ലക്ഷ്മണും ജനറല്‍ സെക്രട്ടറി എല്‍. നാരായണറാവുവും ആവശ്യപ്പെട്ടു.

2003 ഡിസംബറിലാണ് ഛത്തിസ്ഗഡില്‍ ബിജെപി ഭരണത്തിലേറിയത്. ആ വര്‍ഷം 56 മാവോവാദികളടക്കം 149 പേർ ഏറ്റുമുട്ടലുകളില്‍ കൊലചെയ്യപ്പെട്ടു. തൊട്ടടുത്ത വര്‍ഷം 296 മാവോവാദികള്‍ ഉള്‍പ്പെടെ 397 പേര്‍ കൊല്ലപ്പെട്ടു. ഓപ്പറേഷന്‍ ഗ്രീന്‍ഹണ്ടിനുശേഷമുള്ള ഉയര്‍ന്ന മരണനിരക്കായിരുന്നു ഇത്. ഈ വർഷം അഞ്ച് മാസം മാത്രം പിന്നിടുമ്പോള്‍ 230 നക്‌സലൈറ്റുകള്‍ കൊല്ലപ്പെട്ടതായാണ് ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ജനാധിപത്യ വ്യവസ്ഥിതിയില്‍ ആശയസംഘര്‍ഷങ്ങള്‍ സ്വാഭാവികമാണ്. തീവ്രകമ്യൂണിസ്റ്റ് നിലപാടും അതിന്‍റെ ഭാഗമായുള്ള തീവ്രവാദപ്രവര്‍ത്തനവുമെല്ലാം ഇന്ത്യയില്‍ മാത്രം കാണുന്ന ഒരു കാര്യമല്ല. ലോകചരിത്രത്തിലും വിവിധ രാജ്യങ്ങളിൽ ഇന്നും ഇത്തരം സംഭവങ്ങള്‍ ധാരാളം നമുക്ക് കാണാന്‍ കഴിയും. സായുധസേനയെ ഉപയോഗിച്ച് കൂട്ടക്കുരുതി നടത്തുകയല്ല ഇവരെ അമര്‍ച്ച ചെയ്യാനുള്ള മാർഗം. ഇടതുതീവ്രവാദത്തിന് എതിരായ ആശയപ്രചരണവും ശക്തമായ നിയമനടപടികളുമാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്.

നമ്മുടെ രാജ്യത്തെ ജനാധിപത്യം പ്രതിബന്ധങ്ങളെ അതിജീവിച്ചുകൊണ്ട് മുന്നോട്ട് തന്നെ പോകുകയാണ്. പ്രത്യയശാസ്ത്രത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടരെ, അത് തീവ്രപ്രത്യയശാസ്ത്രക്കാരായാല്‍ പോലും വെടിവച്ച് കൊല്ലാന്‍ ഒരു സര്‍ക്കാരിനും അവകാശമില്ല. രാജ്യത്തെ ഭരണഘടനയ്ക്കും നീതിന്യായ വ്യവസ്ഥയ്ക്കും അകത്തുനിന്നുകൊണ്ട് തന്നെയായിരിക്കണം ഇക്കൂട്ടരെ നേരിടേണ്ടത്. "Rule of Law' ആണ് രാജ്യം അംഗീകരിച്ചിട്ടുള്ളത്. നിയമവാഴ്ച തന്നെയാണ് ഈ രാജ്യത്ത് നടപ്പിലാക്കേണ്ടത്. ഭരണാധികാരികളുടെ തേര്‍വാഴ്ചയ്ക്ക് ഈ രാജ്യത്തെ എറിഞ്ഞുകൊടുക്കാന്‍ രാഷ്ട്രീയ പ്രബുദ്ധരായ ഇന്ത്യന്‍ ജനത സമ്മതിക്കുമെന്ന് തോന്നുന്നില്ല.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com