

ഫ്രാൻസിസ് മാർപാപ്പ
file image
ന്യൂഡൽഹി: ഫ്രാൻസിസ് മാർപാപ്പയുടെ വിടപറയുമ്പോൾ അദ്ദേഹത്തിന്‍റെ സന്ദർശനത്തിനായി കാത്തിരുന്ന ഇന്ത്യയിലെ വിശ്വാസികൾക്ക് സമ്മാനിക്കുന്നതു വേദനയും നിരാശയുമാണ്. ഫ്രാൻസിസ് മാർപാപ്പ അധികാരത്തിലിരുന്ന 12 വർഷത്തിനിടെ പലതവണ ചർച്ചയായിരുന്നു ഇന്ത്യാ സന്ദർശനം. രണ്ടു തവണ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രാൻസിസ് മാർപാപ്പയും കൂടിക്കാഴ്ച നടത്തുകയും ഇന്ത്യ ഔദ്യോഗികമായി ക്ഷണിക്കുകയുമുണ്ടായി. എന്നാൽ, പല കാരണങ്ങളാൽ സന്ദർശനം യാഥാർഥ്യമായില്ല.
2016ൽ ബംഗ്ലാദേശിനൊപ്പം ഇന്ത്യയും സന്ദർശിക്കാനുള്ള പദ്ധതികൾ ഏറെക്കുറെ അന്തിമരൂപത്തിലെത്തിയിരുന്നു. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരക്കുകളും പാപ്പയുടെ സന്ദർശന സമയവും ഒത്തുചേരുന്നതായിരുന്നില്ല. ഒടുവിൽ മാർപാപ്പ ബംഗ്ലാദേശിനൊപ്പം മ്യാൻമറും സന്ദർശിച്ചു മടങ്ങി. 2017ൽ ശ്രീലങ്കയിലെത്തിയപ്പോഴും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ഫ്രാൻസിസ് മാർപാപ്പയുടെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ചുള്ള ചർച്ചകൾ ഇവിടംകൊണ്ട് അവസാനിച്ചതായിരുന്നു. എന്നാൽ, 2021 ഒക്റ്റോബറിൽ ജി20 ഉച്ചകോടിക്കിടെ മാർപാപ്പയും മോദിയും കൂടിക്കാഴ്ച നടത്തിയത് വീണ്ടും പ്രതീക്ഷയായി. 20 വർഷത്തിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രിയും മാർപാപ്പയുമായുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു അത്. അന്നു മോദി, മാർപാപ്പയെ ഇന്ത്യയിലേക്കു ക്ഷണിച്ചു. ക്ഷണം മാർപാപ്പ സ്വീകരിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ക്ഷണം ലഭിച്ചതായി വത്തിക്കാനും സ്ഥിരീകരിച്ചെങ്കിലും പിന്നീട് അറിയിപ്പുകളുണ്ടായില്ല.
കഴിഞ്ഞ വർഷാന്ത്യത്തിൽ മോൺസിഞ്ഞോർ മാർ ജോർജ് കൂവക്കാടിനെ കർദിനാളായി അഭിഷേകം ചെയ്യുന്ന ചടങ്ങിനുശേഷം മാർപാപ്പയുടെ ഇന്ത്യാ സന്ദർശന ചർച്ചകൾക്കു വീണ്ടും ജീവൻ വച്ചിരുന്നു. ചടങ്ങിൽ പങ്കെടുത്ത കേന്ദ്ര മന്ത്രി ജോർജ് കുര്യൻ മാർപാപ്പയുടെ സൗകര്യം പരിഗണിച്ച് സന്ദർശന സമയം തീരുമാനിക്കുമെന്ന് അറിയിച്ചു. ഇതോടെ, ഇന്ത്യയിലെ ക്രൈസ്തവ വിശ്വാസികൾ വീണ്ടും കാത്തിരിപ്പു തുടങ്ങി.
എന്നാൽ, 2025 ജൂബിലി വർഷമായി പ്രഖ്യാപിച്ചതോടെ വത്തിക്കാന്‍റെ മുൻഗണനകൾ മാറി. ഇതിനിടെ മാർപാപ്പയുടെ ആരോഗ്യം മോശമായി. ഒടുവിൽ മടങ്ങിവരവില്ലാത്ത യാത്രയിൽ അലിഞ്ഞു മാർപാപ്പ.