
തികച്ചും അശ്ലീലമായ സനാതന ധർമത്തിനുള്ളിൽ അതിലും അശ്ലീലമായ മനുസ്മൃതി പാമ്പിനെപ്പോലെ ഒളിഞ്ഞിരിക്കുന്നുണ്ടെന്നു നിങ്ങൾ ഇതുവരെ അറിഞ്ഞില്ലേ? എങ്കിൽ, അറിയാത്ത പിള്ള ചെറിയുമ്പോൾ അറിയും!
അക്ഷര വ്യവസായ- ലാറ്റക്സ് നഗരിയിലെ ചടങ്ങിൽ കഴിഞ്ഞദിവസം നമ്മുടെ ഒരു നേതാവ് വീണ്ടും ഇതൊക്കെ ഓർമിപ്പിച്ചത് എന്തായാലും ഉചിതമായി. ഫാസിസ്റ്റുകളായ സനാതന സസ്തിനികളെ അടിച്ചും കുത്തിയും ഉന്മൂലനം ചെയ്യുന്ന നവോത്ഥാനപ്രക്രിയ അയലത്തെ വാഗ്ദത്തഭൂമിയായ ബംഗ്ലാദേശിൽ നടക്കുമ്പോൾ ഈ ശുദ്ധികലശത്തിന് നാവുകൊണ്ടെങ്കിലും പിന്തുണ കൊടുക്കേണ്ടത് ഇവിടുത്തെ നവോത്ഥാനികളുടെ ലക്ഷ്യവും ചരിത്രപരമായ കടമയുമാണ്. വിഘടനവാദികളും പ്രതിക്രിയാവാദികളും പ്രഥമദൃഷ്ട്യാ അകല്‍ച്ചയിലായിരുന്നെങ്കിലും അവര്‍ക്കിടയിലുള്ള അന്തര്‍ധാര സജീവമായിരുന്നു എന്ന് ശങ്കരാടിയുടെ കുമാരപിള്ള സാർ എന്ന കഥാപാത്രം പണ്ടേ വ്യക്തമാക്കിയിട്ടുണ്ടല്ലോ.
കൂടുതൽ ചുടലക്കാടുകൾ വേണം!
സനാതന ധർമത്തിന്‍റെ അടുക്കളയിൽ മനുസ്മൃതി കത്തിച്ച് ബീഫ്ഫെസ്റ്റ് നടത്തണമെന്നതാണ് അശ്ലീല വിരുദ്ധ പ്രബുദ്ധരുടെ മനസിലിരിപ്പ്. പക്ഷെ, എങ്ങനെ കത്തിക്കണമെന്നതാണ് ഇപ്പോഴത്തെ പ്രശ്നം! ചൂട്ടുകൊണ്ട് കത്തിച്ചാൽ ചൂട്ടുചവയ്ക്കും. ഗ്യാസടുപ്പിൽ കത്തിച്ചാൽ കൂടുതൽ വെന്തുപോകും. കോലം കത്തിക്കൽ എന്നൊരു ആചാരം ഇപ്പോൾ സാർവത്രികമായി നിലവിലുള്ളകൊണ്ട് വൈദ്യുതി ശ്മശാനമാണു പൊതുവേ സ്വീകാര്യമെന്നു തോന്നുന്നു. പല സ്ഥലങ്ങളിലും ഇലക്‌ട്രിക്ക് ചുടലക്കാടുകൾ നവീകരിക്കുന്നത് വെറുതെയല്ല. സംഗതികളാക്ക ഇങ്ങനെയാണെങ്കിലും ചൂളയിൽവയ്ക്കേണ്ട സനാതന ധർമവും മനുസ്മൃതിയുമൊക്കെ എന്തു തേങ്ങയാണെന്നു വിമർശകർക്കും വലിയ പിടിയൊന്നുമില്ല എന്നതാണ് മറ്റൊരു ക്രൂരഫലിതം.
ധൈര്യമായി കത്തിക്കാം!
മനുസ്മൃതി എന്നാണ് എഴുതപ്പെട്ടതെന്ന് ആർക്കും കൃത്യമായി അറിയില്ല. ക്രിസ്തുവിന് മുമ്പുള്ള ഒന്നാം സഹസ്രാബ്ദത്തിൽ ഏതോ മനു എന്ന ഒരാചാര്യൻ എഡിറ്റു ചെയ്തു ക്രോഡീകരിച്ച നിയമസംഹിതയാണ് അതെന്നു മാത്രമേ പണ്ഡിതന്മാർക്കു പോലും പറയാൻ സാധിക്കുന്നുള്ളൂ. തന്മൂലം വോട്ടു ബാങ്ക് ലാക്കാക്കി അതിനെ ആർക്കും എപ്പോഴും ധൈര്യമായി ചുട്ടുകരിക്കാം. ആരും ചോദിക്കാനും പറയാനും ഉണ്ടാവില്ല. സനാതന ധർമവും ഇതുപോലെ അനാദിയും അഗാധവുമായ കൊസ്രാക്കൊള്ളിയാണ്. അതിന് അഗ്നി പകർന്നാൽ ഹനുമാന്‍റെ വാൽ കത്തിക്കാൻ ശ്രമിച്ച രാവണന്‍റെ ഗതി വരും. അറ്റമില്ലാതെ നീണ്ടുകിടക്കുന്ന സനാതന ധർമത്തിന്‍റെ തലയും വാലും മനസിലാക്കാൻ ആർക്കും കഴിയില്ലെന്നു മാത്രമല്ല, അവ തിരിച്ചറിയാതെ തീകൊളുത്തിയാൽ നാടുമുഴുവൻ ഒരു നിമിഷത്തിനുള്ളിൽ രാവണന്‍റെ ലങ്കപോലെ കുട്ടിച്ചോറാകാനും സാധ്യതയുണ്ട്.
മുത്തച്ഛന്‍റെ കൗപീനം
സനാതന ധർമം, മനുസ്മൃതി തുടങ്ങിയ കുണ്ടാമണ്ടികളെക്കുറിച്ച് കാലാകാലങ്ങളിൽ പൊട്ടിപ്പുറപ്പെടുന്ന വിവാദങ്ങളിൽ അരക്കഴഞ്ചുപോലും കഴമ്പില്ലെന്ന് ഏതു ബുദ്ധിജീവിക്കും ആലോചിച്ചാൽ പിടികിട്ടും. നമ്മളുടെ മുത്തച്ഛനാണ് സനാതന ധർമം എന്നു കരുതുക. എങ്കിൽ മുത്തച്ഛന്‍റെ കോണകമാണ് മനുസ്മൃതി. കോണകം കാലാകാലങ്ങളിൽ മാറും, മാറ്റണം. എന്നാൽ മുത്തച്ഛന് മാറ്റമെന്നും വരികയില്ല. കോണകം പഴഞ്ചനായാൽ മുത്തച്ഛനെ കത്തിക്കേണ്ട, കോണകം കത്തിച്ചു കളഞ്ഞശേഷം പുതിയ അടിവസ്ത്രം ധരിച്ചാൽ മതിയെന്നു സാരം. അതിനു പകരം, മുത്തച്ഛനെയും കോണകത്തെയും കുറ്റംപറയുന്നത് മലർന്നുകിടന്ന് തുപ്പുന്നതിന് തുല്യമല്ലേ?
മറ്റൊരു രീതിയിൽ പറഞ്ഞാൽ, സനാതന ധർമത്തിന്‍റെ അടിസ്ഥാനം സ്മൃതികളും ശ്രുതികളുമാണ്. സ്മൃതികൾ താത്കാലിക നിയമങ്ങൾ മാത്രമാണ്. നഗരങ്ങളിലെ ട്രാഫിക് പരിഷ്കാരം പോലെ അവ എപ്പോഴും മാറിക്കൊണ്ടിരിക്കും. മനുസ്മൃതി അന്തരത്തിൽപ്പെട്ട സംഗതിയാണ്. ശ്രുതികളുടെ കാര്യം അങ്ങനെയല്ല. അവ വേദങ്ങളടക്കമുള്ള ശ്വാശ്വത സത്യങ്ങളാണ്. അതുകൊണ്ടുതന്നെ, ഗതകാലത്തെ താത്കാലിക നിയമ സംഹിതയായ മനുസ്മൃതിയെച്ചൊല്ലി ഈ പുതുവർഷത്തിൽ ആക്രോശിക്കുന്നതിൽ ഒരു കാര്യവുമില്ല. ആ കൗപീനം മുത്തച്ഛൻ പണ്ടേ മാറ്റിക്കഴിഞ്ഞു!
മനുസ്മൃതി പഠിപ്പിക്കണം!
സനാതന ധർമത്തിൽ അശ്ലീലം ചികഞ്ഞുനടക്കുന്ന സൃഗാലന്മാർ ചില കാര്യങ്ങൾകൂടി ശ്രദ്ധിക്കണം. ഒന്ന് - സനാതന ധർമവും മനുസ്മൃതിയും തമ്മിൽ താരതമ്യപ്പടുത്താനാവില്ല. സനാതന ധർമം ഒരു വലിയ ആൽമരമാന്നെങ്കിൽ മനുസ്മൃതി അതിലെ പഴുത്ത ഒരിലമാത്രമാണ്. അതു പൊഴിഞ്ഞാൽ പുതിയ തളിരുകൾ വരും.
രണ്ട് - പൗരാണിക ഭാരതീയ ജീവിതത്തിലെ മാറിമാറിവരുന്ന ആചാരങ്ങൾ, രാജധർമം എന്നിവയെക്കുറിച്ചൊക്കെയാണ് മനുസ്മൃതി പറയുന്നത്. അതുകൊണ്ടുതന്നെ ഇതിനെ പുതിയ കാലവുമായി കൂട്ടിക്കുഴക്കേണ്ടതില്ല. വർണാശ്രമ വ്യവസ്ഥ തന്നെ പണ്ടേ ഇല്ലാതായിക്കഴിഞ്ഞല്ലോ. അത് ആർക്കും തിരിച്ചുകൊണ്ടുവരാൻ സാധിക്കില്ല.
മൂന്ന് - മനുസ്മൃതി തലയിൽ ചുമന്നു നടക്കുന്നവർ പോലും അത് പുതിയ കാലത്തിന് അനുയോജ്യമാണെന്ന് പറഞ്ഞിട്ടില്ല. എങ്കിലും, കഴിഞ്ഞ കാലത്തിന്‍റെ അടയാളം എന്ന നിലയിൽ മനുസ്മൃതിക്ക് പ്രസക്തിയുണ്ട്. "സതി' എന്ന ദുരാചാരം നിർത്തലാക്കാൻ രാജാറാം മോഹൻ റായ് അവലംബമാക്കിയത് മനുസ്മൃതിയായിരുന്നു! ഇത് വിദ്യാലയങ്ങളിൽ പഠിപ്പിക്കണമെന്ന് നമ്മുടെ യുക്തിവാദികളടക്കമുള്ള പല ബുദ്ധിജീവികളും പണ്ട് ആവശ്യപ്പെട്ടിരുന്നതുമാണ്.
ഗൗരിയമ്മയും മനുസ്മൃതിയും
പത്തുനാൽപ്പതു വർഷം മുമ്പ് മനുസ്മൃതിയുടെ പേരിലുണ്ടായ ബഹളങ്ങൾക്ക് തുടക്കം കുറിച്ചതു മന്ത്രി ഗൗരിയമ്മയായിരുന്നു.
"സ്ത്രീധന നിരോധന നിയമവും സ്ത്രീ പരിരക്ഷയും' എന്ന വിഷയം ആസ്പദമാക്കി സാമൂഹിക ക്ഷേമ വകുപ്പ് സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ടായിരിന്നു ഗൗരിയമ്മ മനുസ്മൃതിക്കെതിരേ കത്തിക്കയറിയത്. മനുസ്മൃതി കത്തിക്കണമെന്ന ആവശ്യം അവർ ഉന്നയിച്ചു. അപ്പോൾത്തന്നെ ഇതിനെതിരേയുള്ള പ്രസ്താവനയുമായി അന്നത്തെ ബിജെപി സംസ്ഥാന പ്രസിഡന്‍റായിരുന്ന കെ. രാമൻപിള്ളയും അവതരിച്ചു.
അതോടെ പത്രങ്ങളിൽ വിവാദങ്ങളുടെ പെരുമഴ പെയ്തു തുടങ്ങി. അക്കാലത്ത് ചാനലും സോഷ്യൽ മീഡിയയും ഒന്നും ഇല്ലാതിരുന്നത് നാട്ടുകാരുടെ ഭാഗ്യം! മനുസ്മൃതി കത്തിക്കണമെന്നു പറഞ്ഞ ഗൗരിയമ്മ പിന്നീട് സനാതന ധർമ മൂല്യങ്ങളിലും ശ്രീകൃഷ്ണനിലുമൊക്കെ വിശ്വസിക്കുന്ന സാധാരണക്കാരിയായി മാറിയെന്നത് നവോത്ഥാനികൾക്ക് ദൈവം നൽകിയ - സോറി! ദൈവമില്ല! - തിരിച്ചടിയായിരുന്നു.
സനാതന വോട്ടുരാഷ്‌ട്രീയം
സത്യത്തിൽ, ഈ നേതാക്കന്മാർക്കും മറ്റും മനുസ്മൃതിയോടും സനാതന മൂല്യങ്ങളോടും മാത്രമാണോ എതിർപ്പ്? മനുവിനു മുമ്പും പിമ്പുമുള്ള സ്മൃതികളെയും വേദേതിഹാസങ്ങളെയും മുപ്പത്തെട്ടു മുക്കോടി ദൈവങ്ങളെയും കാണിക്ക വഞ്ചികളിലെ പണത്തെയും ഇവരാരും എതിർക്കുന്നില്ലേ? വസ്തുനിഷ്ഠമായി സനാതന ധർമത്തെ എതിർക്കുന്നുവെങ്കിൽ രണസ്മാരകങ്ങളിലെ പുഷ്പാർച്ചന മുതൽ ദേവസ്വം ബോർഡു ഭരണവും പാട്ടും ഡാൻസും കഥകളിയും വരെ ഇവർ ഉപേക്ഷിക്കേണ്ടതല്ലേ? എന്നിട്ട് മാതൃകാ ബുദ്ധിജീവികളായി അവറ്റകൾ മാറുകയാണ് വേണ്ടത്. അങ്ങനെ കേരളത്തെ സനാതന ധർമം എന്ന അശ്ലീലത്തിൽ നിന്ന് മോചിപ്പിച്ച് പതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കണം. പുതിയ പ്രവാചകന്മാർക്ക് പട്ടുമെത്ത വിരിക്കണം.
ഏതുവിധേനയും അശ്ലീലങ്ങൾ മാറട്ടെ! നവോത്ഥാനം പുലരട്ടെ!
പുതിയൊരു ദിനകരൻ (സ്റ്റാലിൻ) ഉണരട്ടെ! നാടിൻ ഭേരി മുഴങ്ങട്ടെ!
(9447809631)