ഏറ്റവും വലിയ നികുതിയിളവ്?

ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് 2010കളുടെ തുടക്കത്തിൽ ആരംഭിച്ച നിരവധി പരിഷ്കാരങ്ങൾ പിന്തുണയേകി
special story about Tax deduction

ഏറ്റവും വലിയ നികുതിയിളവ്?

Updated on

കരൺ ഭസീൻ

ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത്, ആഗോള വളർച്ചാഗാഥയിൽ നിരവധി ആശങ്കകൾ നിലനിന്നിരുന്നു. ദുർബലമായ സാമ്പത്തിക സാഹചര്യങ്ങൾക്ക് ആശ്വാസമേകാൻ ചൈന അനിവാര്യമായ രക്ഷകനായി ഉയർന്നുവന്നു. ഒരു ദശാബ്ദത്തിനു ശേഷം, സമാനമായൊരു കഥയെഴുതുകയാണു ചൈനയുടെ അയൽ രാജ്യമായ ഇന്ത്യയും. 2025-26 സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പാദത്തിൽ 7.8% എന്ന ശ്രദ്ധേയ ജിഡിപി വളർച്ചാ നിരക്കു രേഖപ്പെടുത്തിയത് ഇതിനു തെളിവാണ്.

ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് 2010കളുടെ തുടക്കത്തിൽ ആരംഭിച്ച നിരവധി പരിഷ്കാരങ്ങൾ പിന്തുണയേകി. അത്തരത്തിലുള്ള പ്രധാന പരിഷ്കാരമായിരുന്നു എക്സൈസ്, മൂല്യവർധിത നികുതികൾ എന്നിവയുടെ സങ്കീർണമായ പരോക്ഷ നികുതി ഘടനയെ മാറ്റിസ്ഥാപിച്ച ചരക്കു സേവന നികുതി അഥവാ ജിഎസ്ടി. ലക്ഷ്യസ്ഥാനത്തെ അടിസ്ഥാനമാക്കിയുള്ള നികുതിയായിരുന്നു ജിഎസ്ടി. അതു സ്വയം നടപ്പാക്കപ്പെടുന്നതും നികുതിക്കു മേൽ നികുതി ചുമത്തുന്നത് ഒഴിവാക്കുന്നതുമായിരുന്നു. കേന്ദ്ര, സംസ്ഥാന ഗവണ്മെന്‍റുകൾക്കു സ്ഥിരമായ വരുമാനം ഉറപ്പാക്കി, രാജ്യത്തിന്‍റെ ധനകാര്യ ഫെഡറലിസത്തിന് ജിഎസ്ടി വലിയ നേട്ടമുണ്ടാക്കി. മഹാമാരിയുടെ രൂപത്തിൽ വന്ന ഏറ്റവും വലിയ സാമ്പത്തിക ആഘാതങ്ങളിലൊന്നിനെ അതിജീവിച്ചു എന്നത് ഈ സംവിധാനത്തിന്‍റെ കരുത്തു വിളിച്ചോതുന്നു.

എന്നിരുന്നാലും, ജിഎസ്ടിയുടെ ഗുണങ്ങൾക്കപ്പുറം, അതു മെച്ചപ്പെടുത്താനുള്ള സാധ്യതകളും നിലനിന്നിരുന്നു. 2020ലെ വേനൽക്കാലത്ത് അരവിന്ദ് വീർമണിക്കൊപ്പം എഴുതിയ പ്രബന്ധത്തിൽ, ഞങ്ങൾ ജിഎസ്ടി ഘടന പരിശോധിച്ചു. നിരവധി നികുതി നിരക്കുകൾ, വലിയ തോതിലുള്ള ഒഴിവാക്കലുകൾ, ഒരേ വിഭാഗത്തിലുള്ള സാധനങ്ങൾക്കു വ്യത്യസ്ത നികുതി നിരക്കുകൾ തുടങ്ങിയ പ്രശ്നങ്ങൾ ഈ സംവിധാനത്തെ കൂടുതൽ സങ്കീർണമാക്കി. രാഷ്‌ട്രീയ സാമ്പത്തിക പരിഗണനകളാലാണ് ഈ സങ്കീർണതയിൽ ചിലതുണ്ടായത്. ഒരുപക്ഷേ, ഭാവിയിലും ഇതു തുടർന്നേക്കാം.

സാമ്പത്തിക പ്രതിസന്ധിയെ പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിനുള്ള മികച്ച അവസരമായി കാണുക എന്നതാണു മികച്ച നയ രൂപവത്കരണത്തിലെ പ്രധാന ഘടകം. സാമ്പത്തിക അനിശ്ചിതത്വവും ബാഹ്യ സ്രോതസുകളിൽനിന്നുള്ള വളർച്ചാ തടസങ്ങളും കണക്കിലെടുക്കുമ്പോൾ, ജിഎസ്ടി പരിഷ്കരണങ്ങളിൽ വീണ്ടും ഊന്നൽ നൽകിയതിൽ അതിശയിക്കാനില്ല. ജിഎസ്ടി കൗൺസിലിന്‍റെ ഘടനയുടെ പശ്ചാത്തലത്തിൽ, നികുതിവ്യവസ്ഥയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നതു ബുദ്ധിമുട്ടാണ്; പ്രത്യേകിച്ചും അതു നിശ്ചിത സമയ പരിധിക്കുള്ളിൽ നടപ്പാക്കണം എന്ന ലക്ഷ്യമുണ്ടെങ്കിൽ. 2025 സെപ്റ്റംബർ 4ന് ഇന്ത്യാ ഗവൺമെന്‍റ് ഇതു കൃത്യമായി നടപ്പാക്കി. യാദൃച്ഛികമായി, 6 വർഷം മുമ്പ് 2019 സെപ്റ്റംബറിൽ, ധനമന്ത്രി നിർമല സീതാരാമൻ വലിയ കോർപ്പറേറ്റ് നികുതിയിളവു പ്രഖ്യാപിച്ചിരുന്നു. അത് അന്നു മുതൽ കോർപ്പറേറ്റ് ബാലൻസ് ഷീറ്റുകൾ മെച്ചപ്പെടുത്താൻ സഹായിച്ചിട്ടുണ്ട്.

അപ്പോൾ, അടുത്തിടെ കൊണ്ടുവന്ന ജിഎസ്ടി ഇളവ് എന്താണ്? വ്യത്യാസം വരുത്താൻ പര്യാപ്തമാണോ അത്? ജിഎസ്ടി നികുതിയിളവുകളുടെ വ്യാപ്തിയെക്കുറിച്ചു വരുന്ന ആഴ്ചയിൽ വ്യത്യസ്ത വിലയിരുത്തലുകൾ പുറത്തുവരും. ഉപഭോഗച്ചെലവുകളെ അടിസ്ഥാനമാക്കി, ശരാശരി ഉപഭോക്താവിന് 5.4% നികുതിയിളവു ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നു. 40% എന്ന ഉയർന്ന നികുതി സ്ലാബ് അവതരിപ്പിക്കുമ്പോഴും ഇന്ത്യയുടെ പരോക്ഷ നികുതി വ്യവസ്ഥയിൽ ഇതു കുത്തനെയുള്ള കുറവിനെ പ്രതിഫലിപ്പിക്കുന്നു. ആരോഗ്യത്തിനു ഹാനികരമാകുന്ന സാമഗ്രികൾക്കായി ""പാപ നികുതി'' എന്ന സ്ലാബ് കൂടി ചേർത്തിട്ടും, നഷ്ടപരിഹാര സെസ് ജിഎസ്ടിയിൽ ലയിപ്പിച്ചിട്ടുമുണ്ട്. ഏറ്റവും മുകളിൽ വരുന്ന 10% ഉപഭോക്താക്കൾക്കായി, പുതിയ ജിഎസ്ടി നിരക്കുകൾ 4.8% നികുതിയിളവു പ്രതിഫലിപ്പിക്കുന്നു. ഇന്ത്യയിലെ ഇടത്തരം, താഴ്ന്ന ഇടത്തരം കുടുംബങ്ങൾക്കു നികുതിയിളവുകളുടെ പരമാവധി ഗുണം ലഭ്യമാക്കുക എന്ന വ്യക്തമായ ലക്ഷ്യത്തോടെ, ദൈനംദിന ഉപഭോഗ ഇനങ്ങൾക്കാണ് ഏറ്റവും കൂടുതൽ ഇളവുകൾ ലഭിച്ചത്.

നിസംശയം നമുക്കു പറയാനാകുന്നത്, ഉത്സവകാലത്തിനു മുമ്പ് ഉപഭോക്താക്കൾക്കു കൂടുതൽ വരുമാനം ലഭിക്കാൻ ഇതു സഹായിക്കുമെന്നാണ്. ഒപ്പം, ആഭ്യന്തര ഉപഭോഗത്തിന് ഇതു വലിയ പിന്തുണ നൽകുകയും ചെയ്യും. ഈ നികുതിയിളവു മൊത്തത്തിലുള്ള സാമ്പത്തിക വളർച്ചയെ എത്രത്തോളം സ്വാധീനിക്കുമെന്ന് ഇപ്പോൾ വിലയിരുത്തിയാൽ അതു വളരെ നേരത്തേയായിപ്പോകും. പക്ഷേ ഈ മാറ്റങ്ങൾ തീർച്ചയായും ഇന്ത്യയുടെ ജിഎസ്ടിയെ മാതൃകാപരമായ ജിഎസ്ടിയോടു കൂടുതൽ അടുപ്പിക്കുന്നു. ഈ മാറ്റങ്ങളുടെ ഗുണപരമായ ഫലങ്ങൾ ജിഎസ്ടി കൗൺസിലിലെ അംഗങ്ങളെ കൂടുതൽ ലളിതവത്കരണം നടത്താൻ പ്രോത്സാഹിപ്പിക്കുമെന്നു നമുക്കു പ്രതീക്ഷിക്കാം. ആത്യന്തികമായി ലക്ഷ്യമിടുന്നതു കുറഞ്ഞ ഇളവുകളുള്ള രണ്ടു നിരക്കുകൾ മാത്രമുള്ള സംവിധാനമാണ്. അതിലേക്ക് എത്തിച്ചേരാൻ ഒരു ദശാബ്ദമോ അതിൽ കൂടുതലോ എടുത്തേക്കാം.

നികുതി ഇളവുകൾക്കു പുറമേ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കുള്ള ചട്ടങ്ങൾ പാലിക്കൽ ഭാരം ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെ നിരവധി നടപടിക്രമ പരിഷ്കാരങ്ങൾ ഉണ്ടായിട്ടുണ്ട്. ചെറിയ വലിപ്പം കാരണം ഈ കമ്പനികളുടെ ചട്ടങ്ങൾ പാലിക്കൽ ചെലവുകൾ അവയുടെ മൊത്തത്തിലുള്ള വരുമാനത്തിന്‍റെ അനുപാതത്തിൽ വളരെ കൂടുതലാണ്. ഈ ചെലവുകൾ വെട്ടിക്കുറയ്ക്കുന്നത് ഈ സ്ഥാപനങ്ങൾക്ക് അവരുടെ വ്യാപാരത്തിൽ നിക്ഷേപത്തിനു കൂടുതൽ ഇടം സൃഷ്ടിക്കും.

അവസാനമായി, ലോകമെമ്പാടും നോക്കുമ്പോൾ വൈരുധ്യമാർന്ന ചിത്രമാണു പുറത്തുവരുന്നതെന്നു കാണാം. ഒരു വശത്ത് ഇന്ത്യ, വരുമാനത്തിലും ലാഭത്തിലും ഇപ്പോൾ ഉപഭോഗത്തിലും നികുതി കുറയ്ക്കുകയാണ്. മറുവശത്ത്, നിരവധി ഗവണ്മെന്‍റുകൾ പൊതു ധനകാര്യത്തിൽ കടുത്ത പ്രതിസന്ധി നേരിടുന്നു. സഹായം തേടുകയോ അല്ലെങ്കിൽ കടുത്ത ചെലവു ചുരുക്കൽ നയങ്ങൾ നടപ്പാക്കുകയോ ചെയ്യുന്നു. ഈ വൈരുധ്യം കൊവിഡ്19 കാലത്തു പ്രഖ്യാപിച്ച വൻ ഉത്തേജക പാക്കെജുകളാൽ പൊതു ധനകാര്യത്തിൽ വന്ന അപകടകരമായ അവസ്ഥയുടെയും, ദീർഘകാലത്തേക്കുള്ള സാമ്പത്തിക മന്ദഗതിയുടെയും പ്രതിഫലനമാകാം. എന്നാൽ കഴിഞ്ഞ ദശാബ്ദത്തിൽ ഇന്ത്യ കർശനമായി ധനപരമായ അച്ചടക്കം പാലിച്ചിരുന്നു. അതുകൊണ്ടുതന്നെ, ഇപ്പോൾ ലഭിച്ചിരിക്കുന്നത്, നികുതി ഘടനയിൽ യുക്തിസഹമായ മാറ്റങ്ങൾ വരുത്താനുള്ള ഇടമാണ്.

(ന്യൂയോർക്കിൽ താമസിക്കുന്ന സാമ്പത്തിക വിദഗ്ധനാണു ലേഖകൻ).

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com