
നമ്മുടെ ചേര രാജ്യം! നിങ്ങളുടെ "ഇന്ത്യ'!
കെ.ആർ. പ്രമോദ്
ഇന്ത്യ'യിലെ കശ്മീരദേശത്ത് ഒരുപിടി വിനോദ സഞ്ചാരികളെ കേവലവിനോദവും നവോത്ഥാനവും ലാക്കാക്കി പ്രബുദ്ധരായ ചില സ്വാതന്ത്ര്യപ്പോരാളികൾ ചേർന്നു വെടിവച്ചുകൊന്നത് ഒരുതരം രക്ഷാപ്രവർത്തനം മാത്രമാണെന്ന് ഏവർക്കും അറിവുള്ള കാര്യമാണല്ലോ. അതുകൊണ്ടാണ് ചേര രാജ്യത്തെ ചാനൽ പൈതങ്ങളും ബുദ്ധിജീവികളും നിസംഗതയുടെ കുപ്പായമണിഞ്ഞ് ഇതുസംബന്ധിച്ച വാർത്തകൾ തന്ത്രപരമായി സംപ്രേഷണം ചെയ്തത്. എന്തായാലും "ഇന്ത്യ' എന്ന അന്യരാജ്യത്തോട് ഈ മലയാളച്ചാനലുകൾ ദയയോടെ പെരുമാറിയെന്നത് സത്യമാണ്.
"ഇന്ത്യ' തിരിച്ചടിക്കും എന്ന് ഒരു ചാനലും "ഇന്ത്യ'യ്ക്ക് ഞെട്ടൽ എന്നു മറ്റൊരു ചാനലും "ഇന്ത്യ'യ്ക്ക് പരീക്ഷണകാലം എന്ന് വേറൊരു ചാനലും പറഞ്ഞപ്പോൾ "ഇന്ത്യ'യുടെ അതിർത്തികൾ ഒന്നുകൂടി വ്യക്തമാകുന്നുണ്ട്. ഇന്ത്യയും ചേര കേരളവും ഒന്നല്ല, രണ്ടാണെന്നും പിടികിട്ടുന്നുണ്ട്. തഹാവൂർ റാണ എന്ന ചരിത്ര സഞ്ചാരി ചേരളത്തിലെ കൊച്ചിയിലും "ഇന്ത്യ'യിലെ മുംബൈയും സന്ദർശിച്ചെന്ന് പറയുകയാണല്ലോ ചേരന്‍റെ നാട്ടിലെ സാമാന്യരീതി.
ഹിന്ദിക്കാരായ ഏതാനും വർഗീയ - ഫാസിസ്റ്റ് - സയണിസ്റ്റ് ചാനലുകളും പത്രങ്ങളും ഇന്ത്യയെ 'ഭാരതം' എന്നു നിർലജ്ജം വിശേഷിപ്പിച്ചപ്പോൾ ചേരരാജ്യത്തെ "പ്രബുദ്ധ' - മാധ്യമ പ്രവർത്തകർ അതേ ചീത്തപ്പേരുപറഞ്ഞ് സാമൂഹികാന്തരീക്ഷം കളങ്കിതമാക്കാതിരിക്കാൻ ശ്രദ്ധിച്ചെന്നതും പ്രശംസനീയം തന്നെ. "വന്ദേ മാതരം' പോലെ തിരസ്കൃതമായ വീൺവാക്കാണല്ലോ "ഭാരത'വും.
കശ്മീരദേശത്തെ വെടിവയ്പ്പിൽ മരിച്ചുപോയവർക്ക് വിവിധ സംസ്ഥാനങ്ങളിലെ മഹാരാജാക്കന്മാർ ധനസഹായം നൽകിയപ്പോഴും നമ്മൾ, ചേരന്മാർ അത്തരം ബാലിശമായ പരിപാടികളിൽനിന്ന് വിട്ടുനിന്ന് ആത്മഗൗരവം പാലിച്ചത് "ഇന്ത്യൻ' ഫാസിസത്തിന് കനത്ത തിരിച്ചടിയായി.
ഒരു മലയാളി വെടിയേറ്റു മരിച്ചെങ്കിലും അത് ആഘോഷമാക്കി മാറ്റാതിരിക്കാൻ നമ്മുടെ ചേരഭരണകൂടം കൈക്കൊണ്ട നടപടികളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. സംസ്ക്കാരച്ചടങ്ങിൽ നിന്ന് ചേരമാൻ പെരുമാക്കന്മാരിൽ ഭൂരിഭാഗം പേരും വിട്ടുനിന്നത് ഉദാഹരണം. ഈ സൃഗാലതന്ത്രം വോട്ടു ബാങ്കിനും നോട്ടു ബാങ്കിനും ബക്കറ്റ്ബാങ്കിനും നേത്ര ബാങ്കിനും ചേരള ബാങ്കിനും ഗുണംചെയ്യും.
എന്തായാലും കാശ്മീരിലെ വെടിവയ്പ്പ് ചേര കേരള രാജ്യത്തിന്‍റെ അഖണ്ഡതയെയും കെട്ടുറപ്പിനെയും രാഷ്ട്രീയത്തെയും ഒരുതരത്തിലും ബാധിക്കയില്ലെന്ന് ചേരള എംബസി വൃത്തങ്ങൾ വ്യക്തമാക്കിയതിൽ നമുക്ക് ആശ്വസിക്കാം. അല്ലെങ്കിലും യുദ്ധവും ലഹളയും പട്ടിണിയും നിയന്ത്രണരേഖയും സിന്ധുവും കാവേരിയും ഗംഗയും മറ്റു പൊല്ലാപ്പുകളുമൊക്കെ "ഫാസിസ്റ്റ് ഇന്ത്യ'യുടെ ശാപങ്ങളാണല്ലോ. പുരോഗതിയിൽ നിന്ന് പുരോഗതിയിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന ചേരരാജ്യത്തിന് ഇതൊന്നും ശ്രദ്ധിക്കേണ്ടതില്ല. അതൊന്നും എശുകയുമില്ല. ഈശരനെയും ബ്രഹ്മനെയും സവർണ, സവർക്ക, സനാതന ബ്രാഹ്മണനെയും മലയാളത്തുകാർക്ക് വകവയ്ക്കേണ്ട കാര്യവുമില്ല. നമ്മുടെ ഭൂമി ചേര കേരളമാണെന്ന് ദ്രാവിഡാചാര്യർ പണ്ടേ പഞ്ഞിക്കിട്ടു പറഞ്ഞിട്ടുണ്ട്.