

സൊഹ്‌റാന്‍ മംദാനി
അഡ്വ. ജി. സുഗുണന്‍
ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക, സൈനിക ശക്തിയാണ് അമെരിക്ക. വലിപ്പത്തില്‍ നാലും ജനസംഖ്യയില്‍ മൂന്നുമാണ് ലോക രാജ്യങ്ങള്‍ക്കിടയില്‍ സ്ഥാനം. ജനസംഖ്യയില്‍ 75 ശതമാനത്തോളം വെള്ളക്കാരാണ്. കറുത്ത വര്‍ഗക്കാര്‍ 12 ശതമാനത്തോളമേ ഉള്ളൂ. ആദിമ നിവാസികളായ റെഡ് ഇന്ത്യക്കാര്‍ കേവലം ഒരു ശതമാനം. മറ്റു വിഭാഗങ്ങള്‍ 8.5 ശതമാനം വരും. തെക്കേ അമെരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരാണ് ജനസംഖ്യയുടെ 13 ശതമാനവും. ആകെ ജനസംഖ്യയുടെ 51 ശതമാനവും വനിതകളുമാണ്.
ലോകത്തെ സൂപ്പര്‍ പവറായി അറിയപ്പെടുമ്പോഴും ദാരിദ്ര്യം അമെരിക്ക നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. ധനികരും ദരിദ്രരും തമ്മിലുള്ള അന്തരം വളരെ വലുതാണ്. സര്‍ക്കാരിന്‍റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 35 ദശലക്ഷത്തോളം പേര്‍ ദാരിദ്ര്യരേഖയ്ക്കു താഴെയാണ്. കറുത്ത വര്‍ഗക്കാരും തെക്കേ അമെരിക്കന്‍ വംശജരുമാണ് ദരിദ്രരില്‍ ഭൂരിഭാഗവും.
സാമ്രാജ്യത്വ രാജ്യങ്ങള്‍ക്ക് ആകെ നേതൃത്വം നല്‍കുന്ന രാജ്യമാണിത്. ആഗോളവത്കരണവും കുത്തകവത്കരണവും മുതലാളിത്ത രാജ്യങ്ങളില്‍ വ്യാപിപ്പിച്ചു കൊണ്ടിരിക്കുന്നതും ഈ രാജ്യം തന്നെ. സാര്‍വദേശീയ സംഘര്‍ഷങ്ങില്‍ ലോക പൊലീസായി ചമയാനും മടി കാണിക്കുന്നില്ല. രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളില്‍ ഇടപെടാനും അതില്‍ നിന്ന് രാഷ്‌ട്രീയ ലാഭം കൊയ്യാനും അമെരിക്കന്‍ സാമ്രാജ്യത്വത്തിന് കഴിഞ്ഞിട്ടുണ്ട്. സാമ്പത്തിക ഉയര്‍ച്ച നേടാന്‍ കഴിഞ്ഞ ഈ രാജ്യം മറ്റു രാജ്യങ്ങളെ സ്വന്തം പരിധിക്കുള്ളിലാക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സൈനിക ശക്തിയില്‍ മുന്നിലായതു കൊണ്ട് പല രാജ്യങ്ങളും അമെരിക്കയെ ഭയപ്പെടുന്നു. അമെരിക്കയുടെ തെറ്റായതും ജനാധിപത്യ വിരുദ്ധവുമായ നടപടികളെ ചോദ്യം ചെയ്യാന്‍ പലർക്കും ധൈര്യവുമില്ല.
എന്നാല്‍, ഈ രാജ്യത്തിന്‍റെ പുതിയ കുടിയേറ്റ നയവും വിദ്യാഭ്യാസനയവും, ചുങ്കം നയവും മറ്റും രാജ്യത്തിനുള്ളില്‍ തന്നെ വ്യാപകമായ അസംതൃപ്തി ഉണ്ടാക്കി. പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ജനവിരുദ്ധ ഭരണ നടപടികള്‍ക്കെതിരേ ബഹുജന വികാരം വളര്‍ന്നു വന്നിട്ടുണ്ട്. ട്രംപ് ഭരണകൂടത്തിനെതിരേ അമെരിക്കയിലെ വിവിധ സംസ്ഥാനങ്ങളുടെ ജന വികാരം ശക്തിപ്പെടുന്നു.
ഒടുവിൽ, ന്യൂയോര്‍ക്കില്‍ നടന്ന മേയര്‍ തെരഞ്ഞെടുപ്പും ട്രംപിനെതിരായ ജനവിധിയായി മാറി. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സിറ്റിയായ ന്യൂയോര്‍ക്കിന്‍റെ മേയര്‍ തെരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് ഡമോക്രേറ്റീവ് പാര്‍ട്ടിയുടെ സൊഹ്‌റാന്‍ മംദാനി വിജയിച്ചു. തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടം മുതല്‍ വ്യക്തമായ ലീഡ് മംദാനി നിലനിര്‍ത്തിയിരുന്നു. ന്യൂയോര്‍ക്ക് മേയറാകുന്ന ആദ്യ ഇന്ത്യന്‍- അമെരിക്കന്‍ മുസ്‌ലിമാണ് 34കാരനായ സൊഹ്‌റാന്‍ മംദാനി. സ്വതന്ത്ര സ്ഥാനാര്‍ഥിയായ മുന്‍ ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രു കവാമോയെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ കര്‍ട്ടിസ് സ്ലിവറെയും പരാജയപ്പെടുത്തിയാണ് മംദാനിയുടെ ഐതിഹാസിക വിജയം.
ജനുവരി ഒന്നിനാണ് മേയറായി മംദാനി അധികാരമേല്‍ക്കുക. കഴിഞ്ഞ 100 വര്‍ഷത്തിനിടയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ കൂടിയാണ് ഇദ്ദേഹം. 20 ലക്ഷത്തോളം പേരാണ് ഇത്തവണ മേയര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത്. 1969ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പോളിങ്. മംദാനിയുടെ എതിര്‍ സ്ഥാനാര്‍ഥിയായ കമോയ്ക്ക് ട്രംപ് പിന്തുണ പ്രഖ്യാപിച്ചിരുന്നു. മംദാനി വിജയിച്ചാല്‍ അത് വിപത്താകുമെന്നും നഗരത്തിനുള്ള ഫെഡറല്‍ സഹായം നിലച്ചേക്കുമെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു.
കലയിലും ആക്റ്റിവിസത്തിലും ആഴത്തില്‍ വേരൂന്നിയ കുടുംബത്തില്‍ ഇന്ത്യന്‍ ചലച്ചിത്ര പ്രവര്‍ത്തക മീരാ നായരുടെയും ഉഗാണ്ടന്‍ അക്കാഡമിഷ്യനായ മഹമൂദ് മംദാനിയുടെയും മകനായി 1991ല്‍ ഉഗാണ്ടയിലെ കംപാലയിലാണ് മംദാനി ജനിച്ചത്. മുംബൈയില്‍ ജനിച്ച മഹമൂദ് വളര്‍ന്നത് കംപാലയിലായിരുന്നു. 1972ല്‍ ഈദി അമീന്‍റെ ഭരണകാലത്ത് നാടുകടത്തപ്പെട്ട അദ്ദേഹം ഹാര്‍വഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പിഎച്ച്ഡി നേടി ആഫ്രിക്കന്‍, യുഎസ് യൂണിവേഴ്‌സിറ്റികളില്‍ അക്കാദമിക് ജീവിതം തുടങ്ങി. ഇപ്പോള്‍ കൊളംബിയ യൂണിവേഴ്‌സിറ്റി പ്രൊഫസറാണ്.
ന്യൂയോര്‍ക്ക് നഗരത്തിന്‍റെ ആദ്യ ഇന്ത്യന്‍ വംശജനായ മേയറുടെ വിജയ പ്രസംഗം അവസാനിച്ചത് ബോളിവുഡ് ഹിറ്റ് ഗാനമായ "ധൂം മച്ചാലെ'യുടെ പശ്ചാത്തലത്തിലാണ്. ട്രംപിനെതിരേ ആഞ്ഞടിച്ചുള്ള പ്രസംഗം അവസാനിപ്പിച്ചതിനു പിന്നാലെയാണ് ഗാനം ഉയര്‍ന്നത്. "ചരിത്രത്തില്‍ അപൂര്‍വമായി മാത്രം സംഭവിക്കുന്ന ആ സമയം വരുന്നു. പഴയതില്‍ നിന്നും പുതിയതിലേക്ക് കാലെടുത്ത് വക്കുമ്പോള്‍, ഒരു യുഗം അവസാനിക്കുമ്പോള്‍, വളരെക്കാലമായി അടിച്ചമര്‍ത്തപ്പെട്ട ജനതയുടെ ആത്മാവ് ഉറക്കെ സംസാരിക്കുന്ന സമയം വന്നെത്തുന്നു'- ബ്രിട്ടീഷ് കോളനിവാഴ്ച്ച അവസാനിപ്പിച്ച് 1947ലെ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റു നടത്തിയ പ്രസംഗത്തിലെ ഈ വരികള്‍ ഉദ്ധരിച്ചാണ് മംദാനി സംസാരിച്ചത്. "ഇന്ന് നമ്മള്‍ പഴയതില്‍നിന്ന് പുതിയതിലേക്ക് കാലെടുത്തു വച്ചിരിക്കുന്നു. വ്യക്തതയോടെയും ഉറപ്പോടെയും തെറ്റിദ്ധരിപ്പിക്കപ്പെടാതെയും നമുക്കു സംസാരിക്കാം. പുതിയ യുഗം ആര്‍ക്ക്, എന്താണ് സംഭാവന ചെയ്യാന്‍ പോകുന്നതെന്നും'- മംദാനി പറഞ്ഞു.
സാധാരണക്കാരുടെ ജീവിത നിലവാരം ഉയര്‍ത്തും, സിറ്റി ബസുകളില്‍ സൗജന്യ യാത്ര, ശിശുക്ഷേമ പദ്ധതി, ഭവന പ്രതിസന്ധി പരിഹരിക്കല്‍ തുടങ്ങിയവയായിരുന്നു വാഗ്ദാനങ്ങള്‍. അധ്വാനിക്കുന്ന ജനതയ്ക്കു വേണ്ടി നിലകൊള്ളുന്ന തന്നെ തടയാന്‍ സമ്പന്നര്‍ ശ്രമിക്കുന്നതിന്‍റെ തെളിവാണ് രാഷ്‌ട്രീയ ആക്രമണ പ്രചാരണം എന്ന് അദ്ദേഹം പറഞ്ഞു. ട്രംപിന്‍റെ കുടിയേറ്റ വിരുദ്ധ നയങ്ങളെ തുറന്നെതിര്‍ത്തും, പുതിയ തീരുവ നയങ്ങള്‍ കടുത്ത വിലക്കയറ്റം വരുത്തുമെന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രചാരണം നടത്തിയത്.
ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായിരുന്ന മംദാനി ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് ഓഫ് അമെരിക്കയുടെ (ഡിഎസ്എ) പ്രമുഖനായ നേതാവാണ്. ട്രംപ് ഭ്രാന്തന്‍ കമ്യൂണിസ്റ്റ് എന്നാണ് മംദാനിയെ വിളിച്ചത്. ഒരു സോഷ്യലിസ്റ്റും കമ്യൂണിസ്റ്റുമായാണ് മംദാനി അമെരിക്കയില്‍ അറിയപ്പെടുന്നത്. ലോകം മുഴുവന്‍ ഉറ്റുനോക്കിയ പോരാട്ടമാണ് ന്യൂയോര്‍ക്കില്‍ നടന്നത്. അത് കേവലം ഒരു നഗരത്തിന്‍റെ മേയര്‍ തെരഞ്ഞെടുപ്പ് എന്നതിലുപരി ട്രംപ് ഭരണകൂടവും കോര്‍പ്പറേറ്റ്, യാഥാസ്ഥിതിക അമെരിക്കയും ഉയര്‍ത്തിപ്പിടിക്കുന്ന ആഭ്യന്തര, ആഗോള രാഷ്‌ട്രീയ നയ സമീപനങ്ങളെ രൂക്ഷതയോടെ തുറന്നുകാട്ടുന്ന രാഷ്‌ട്രീയ പോരാട്ടമായിരുന്നു. യുഎസ് ഭരണകൂടത്തിന്‍റെയും യാഥാസ്ഥിതിക അമെരിക്കയുടെയും പാലസ്തീന്‍ വിരുദ്ധതയെയും, ഇസ്രയേലിന്‍റെ ഉന്മൂലന യുദ്ധത്തെയും മംദാനി പരസ്യമായി തന്നെ ചോദ്യം ചെയ്തു. ജനക്ഷേമ ഭരണനടപടികള്‍ക്കായി അതിസമ്പന്നരില്‍ നിന്നും കോര്‍പ്പറേറ്റുകളില്‍ നിന്നും അധിക നികുതി ചുമത്തി ജനങ്ങള്‍ക്ക് ആശ്വാസം പകരുമെന്നാണ് വാഗ്ദാനം.
പ്രസിഡന്‍റിന്‍റെ അധികാരം ഉപയോഗിച്ച് ന്യൂയോര്‍ക്കിനുള്ള ഫണ്ടുകള്‍ തടയുമെന്നും, നാഷണല്‍ ഗാര്‍ഡിനെ ഇറക്കി ക്രമസമാധാനം ഏറ്റെടുക്കുമെന്നും, എന്തിനധികം, മംദാനിയെ നാടുകടത്തുമെന്നു പോലും ട്രംപ് ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ 85 ലക്ഷം ജനസംഖ്യയുള്ള ന്യൂയോര്‍ക്ക് നഗരത്തില്‍ ദരിദ്രരും കുടിയേറ്റക്കാരുമായ സാമാന്യ ജനങ്ങളുടെ ഹൃദയത്തില്‍ സ്പര്‍ശിക്കുന്നതും, അവരുടെ ജീവിതപ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നതുമായിരുന്നു മംദാനിയുടെ പ്രചാരണം. ഗാസയിലെ വംശഹത്യയ്‌ക്കെതിരേയും പലസ്തീനുകളുടെ അവകാശങ്ങള്‍ക്കു വേണ്ടിയും സംസാരിച്ചു തന്നെയായിരുന്നു അദ്ദേഹം നിലയുറപ്പിച്ചത്. എന്തായാലും അമെരിക്കന്‍ ജനതയുടെ പൊതു പിന്തുണ ഇസ്രയേല്‍, മുതലാളിത്തം, മൂലധന ശക്തികള്‍ എന്നിവയ്ക്ക് അനുകൂലമാണെന്ന അവസ്ഥയില്‍ നിന്നുള്ള ഒരു വ്യതിയാനമാണ് ഇപ്പോള്‍ മംദാനിയുടെ വിജയത്തിലൂടെ പുറത്തു വന്നിരിക്കുന്നത്.
അമെരിക്കന്‍ ജനത, പ്രത്യേകിച്ച് യുവത രാഷ്‌ട്രീയമായി ഇടത്തോട്ടു തിരിയുന്നതായാണ് കാണാന്‍ കഴിയുന്നത്. സോഷ്യലിസമാണ് തന്‍റെ രാഷ്‌ട്രീയം എന്ന് ഉറക്കെ പ്രഖ്യാപിച്ചിട്ടുള്ള മംദാനി നേടിയ ഉജ്വല വിജയം ഇതിന് അടിവരയിടുന്നതുമാണ്.
മുതലാളിത്തത്തിന്‍റെ തലസ്ഥാനമായ ന്യൂയോര്‍ക്ക് സിറ്റി ഒരു സോഷ്യലിസ്റ്റ് മേയറെ തെരഞ്ഞെടുത്തത് സവിശേഷമാണ്. യുഎസ് ചരിത്രത്തിലെ സോഷ്യലിസത്തിന്‍റെ പ്രധാനപ്പെട്ട വഴിത്തിരിവാണ്. അമെരിക്കയില്‍ ഡെമോക്രാറ്റുകള്‍ മടങ്ങിവരുന്നതിന്‍റെയും ഇടതുപക്ഷം കരുത്താര്‍ജിക്കുന്നതിന്‍റെയും സൂചനയുമാണിത്. മംദാനിയെ സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി, മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അടക്കമുള്ളവർ അഭിനന്ദിച്ചു. ഇന്ത്യയില്‍ വേരുകളുള്ള ഒരാള്‍ എന്ന നിലയില്‍ മംദാനിയുടെ വിജയം ഇന്ത്യയ്ക്കും അഭിമാന നിമിഷമാണെന്ന് ബേബി പറഞ്ഞു.
ലോകവും വിവിധ രാജ്യങ്ങളും അവിടങ്ങളിലെ ജനങ്ങളും മാറിക്കൊണ്ടിരിക്കുകയാണ്. സാമ്രാജ്യത്വ- ആഗോളവത്കരണ ശക്തികള്‍ക്ക് വളരെക്കാലം ഏതു രാജ്യത്തെയും ജനങ്ങളെ അവരുടെ കരവലയത്തില്‍ ഒതുക്കി മുന്നോട്ടുപോകാന്‍ കഴിയുമെന്നു തോന്നുന്നില്ല. അതിന്‍റെ ഏറ്റവും ഒടുവിലത്തെ തെളിവു തന്നെയാണ് ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പിലെ ഇടതുപക്ഷ വിജയം.
(ലേഖകന്‍ ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗമാണ്. ഫോണ്‍: 9847132428)