
ജീനാ യഹാം മര്‍നാ യഹാം
വിജയ് ചൗക്ക് - സുധീര്‍ നാഥ്
ജീനാ യഹാം മര്‍നാ യഹാം,
ഇസ്കേ സിവാ ജാനാ കഹാം
(ജീവിക്കുന്നത് ഇവിടെ, മരിക്കുന്നതും ഇവിടെ, ഇതുവിട്ട് എവിടെ പോകാനാണ്).
മേരാ നാം ജോക്കറിലെ ഈ ഗാനം ആരും മറക്കില്ല. ഈ ഗാനം ഏറെ പ്രശസ്തവും അർഥവത്തും ചിന്തിക്കാന്‍ കേള്‍വിക്കാരനെ പ്രേരിപ്പിക്കുന്ന ഒന്നുമാണ്. സര്‍ക്കസ് കലാകാരന്‍റെ കഥപറയുന്ന മേരാ നാം ജോക്കര്‍ എന്ന ഹിറ്റ് ഹിന്ദി സിനിമ 1970ല്‍ രാജ്കപൂര്‍ നിർമിച്ച് സംവിധാനം ചെയ്തത സിനിമയുടെ നല്ലൊരു ഭാഗവും മുംബൈയിലെ ക്രോസ് മൈതാനിയിലെയും, ഡൽഹിയിലെ ഫിറോഷാ കോട്‌ലയിലെയും ജെമിനി സര്‍ക്കസ് കൂടാരങ്ങളില്‍ ആയിരുന്നു ചിത്രീകരിച്ചത്. പിന്നീട് എത്രയോ സിനിമകളില്‍ സര്‍ക്കസ് കൂടാരം കണ്ടിരിക്കുന്നു. സര്‍ക്കസ് കൂടാരത്തിലെ കഥകള്‍ വന്നിരിക്കുന്നു. മേരാ നാം ജോക്കറിലെ പ്രശസ്തമായ ഗാനമാണിന്ന് ഓരോ സര്‍ക്കസ് കലാകാരനും മനസില്‍ മൂളുന്നത്. അതിനു കാരണവുമുണ്ട്. ഇനി എത്രനാള്‍ ഇന്ത്യയില്‍ സര്‍ക്കസ് എന്ന കലാരൂപം ഉണ്ടാകും എന്ന ആശങ്കയാണ്.
സര്‍ക്കസ്, സിനിമകളിൽ പ്രധാന വിഷയമായിരുന്ന കാലമുണ്ടായിരുന്നു. ഇന്നു സിനിമകൾക്കും സര്‍ക്കസ് വേണ്ടാതായിരിക്കുന്നു. ഒരു ഗാന ചിത്രീകരണത്തില്‍ പോലും സര്‍ക്കസ് കൂടാരം ആരും തെരഞ്ഞെടുക്കുന്നില്ല. എത്രയോ വര്‍ഷമായി മലയാള സിനിമകളില്‍ സര്‍ക്കസ് കൂടാരം പ്രത്യക്ഷപ്പെട്ടിട്ട്. ചില മലയാള സിനിമകളുടെ ഭൂരിഭാഗവും സര്‍ക്കസ് കൂടാരത്തില്‍ തന്നെ പൂര്‍ണമായും ചിത്രീകരിച്ചവയുണ്ട് എന്നുള്ളത് മറക്കാനും പറ്റില്ലല്ലോ.
ഇന്ത്യന്‍ സര്‍ക്കസിന്‍റെ ചരിത്രം ഒന്ന് നോക്കാം. ലോകമെമ്പാടും ഒട്ടേറെ ആരാധകരുള്ള കലയായ സര്‍ക്കസ് പുരാതന റോമിലാണ് ഉത്ഭവിച്ചതെന്ന് കരുതപ്പെടുന്നു. തെരുവ് സര്‍ക്കസ് പ്രകടനങ്ങള്‍ ഇന്ത്യയില്‍ പണ്ടേയുണ്ടെന്നതിൽ സംശയമില്ല. അതിന്‍റെ കാലപ്പഴക്കവും രേഖപ്പെടുത്തിയിട്ടില്ല. ആധുനിക സര്‍ക്കസിന്‍റെ പിതാവ് എന്നറിയപ്പെടുന്ന ഫിലിപ്പ് ആസ്റ്റ്ലി പറയുന്നതു പോലുള്ള സര്‍ക്കസ് 1880 ല്‍ മാത്രമാണ് ഇന്ത്യയില്‍ നിലവില്‍ വന്നത്.
മഹാരാഷ്ട്രക്കാരനായ വിഷ്ണുപന്ത് മൊറെശ്വര്‍ ഛത്രെ, മലയാളിയായ കീലേരി കുഞ്ഞിക്കണ്ണന്‍, ബംഗാളിയായ പ്രിയാനാഥ് ബോസ് എന്നിവരാണ് ഇന്ത്യന്‍ സര്‍ക്കസിന്‍റെ തുടക്കക്കാരില്‍ പ്രമുഖര്‍. കേരളത്തിലെ സര്‍ക്കസിന്‍റെ പിതാവായി അറിയപ്പെടുന്നത് കീലേരി കുഞ്ഞിക്കണ്ണനാണ്. കളരിയും മെയ്യഭ്യാസവും പഠിപ്പിക്കുകയായിരുന്നു അദ്ദേഹത്തിന്‍റെ തൊഴില്‍. ആദ്യകാല സര്‍ക്കസില്‍ കളരിയും മെയ്യഭ്യാസവും മാത്രമാണ് ഉണ്ടായിരുന്നത്. കീലേരി കുഞ്ഞിക്കണ്ണന്‍റെ ശിക്ഷ്യനായിരുന്ന പരിയാളി കണ്ണനാണ് 1904ല്‍ കേരളത്തിലെ ആദ്യത്തെ സര്‍ക്കസ് കമ്പനിയായ മലബാര്‍ ഗ്രാന്‍റ് സര്‍ക്കസ് ആരംഭിക്കുന്നത്.
1879 ല്‍ ഗ്യൂസെപ്പെ ചിയാരിനിയുടെ റോയല്‍ ഇറ്റാലിയന്‍ സര്‍ക്കസ് ഇന്ത്യയില്‍ പര്യടനം നടത്തവെ, എല്ലാ ദിവസത്തെ പ്രദര്‍ശനത്തിന് മുന്‍പും ചിയാരിനി ഇന്ത്യക്ക് ശരിയായ സര്‍ക്കസ് ഇല്ലെന്നും, ആറുമാസത്തിനുള്ളില്‍ തന്‍റെ ധീരമായ സ്റ്റേജ് ഇഫക്റ്റുകള്‍ ആവര്‍ത്തിക്കാന്‍ കഴിയുന്ന ഏതൊരാള്‍ക്കും "ആയിരം ബ്രിട്ടിഷ് ഇന്ത്യന്‍ രൂപയും ഒരു കുതിരയും" സമ്മാനമായി വാഗ്ദാനം ചെയ്തിരുന്നു. ബോംബെയില്‍ റോയല്‍ ഇറ്റാലിയന്‍ സര്‍ക്കസ് നടക്കുമ്പോള്‍, സാംഗ്ലിയിലെ നാട്ടുരാജ്യമായ കുറുന്ദ്വാഡ് (ഇന്നത്തെ കോലാപ്പുര്‍) രാജാവായ ബാലസാഹിബ് പട്‌വര്‍ധന്‍ തന്‍റെ കുതിരാലയം സൂക്ഷിപ്പുകാരനും കുതിരയോട്ട പരിശീലകനുമായ വിഷ്ണുപന്ത് ഛത്രെയുടെ കൂടെ ക്രിസ്മസ് ദിനത്തില്‍ സര്‍ക്കസ് കാണുവാന്‍ എത്തി. ചിയാരിനിയുടെ വെല്ലുവിളി സ്വീകരിച്ച ഛത്രെ, മൂന്ന് മാസത്തിനുള്ളില്‍ 1880 മാര്‍ച്ച് 20 ന് കുറുന്ദ്വാഡ് കൊട്ടാരം മൈതാനത്ത് തന്‍റെ സ്വന്തം കുതിരകളുമായി അഭ്യാസ പ്രകടനത്തിന് ഒരുക്കി. എന്നാല്‍ കോല്‍ക്കത്തയില്‍ പ്രകടനത്തിന് ശേഷം തിരിച്ചുപോകാന്‍ പോലും പണമില്ലാതെ വിഷമിച്ചു നിന്ന ചിയാരിനി ഇതു കാണാന്‍ എത്തിയില്ല. നഷ്ടത്തിലായ ചിയാരിനിയുടെ കമ്പനിയിലെ സര്‍ക്കസ് സാമഗ്രികളില്‍ ഏറെയും വിഷ്ണുപന്ത് ഛാത്രെ വാങ്ങി. ഒരു വര്‍ഷത്തിനുള്ളില്‍ അദ്ദേഹം ഗ്രേറ്റ് ഇന്ത്യന്‍ സര്‍ക്കസ് എന്ന പേരില്‍ പുതിയ സര്‍ക്കസ് കമ്പനി ഉണ്ടാക്കി. ഇന്ത്യയിലെ ആദ്യ സര്‍ക്കസ് കമ്പനിയായിരുന്നു അത്.
കുട്ടിക്കാലത്ത് വന്യമൃഗങ്ങളെ ലേഖകന്‍ അടുത്ത് കണ്ടത് സര്‍ക്കസ് കൂടാരത്തില്‍ വച്ചാണ്. പിന്നീടാണ് മ്യഗശാലയിലും മറ്റും പോയി കണ്ടിട്ടുള്ളത്. അങ്ങനെ തന്നെയാകും നാല്‍പ്പതുകള്‍ കഴിഞ്ഞ പലരും. എറണാകുളം ജില്ലയിലെ മണപ്പാട്ടി പറമ്പിലും, മറൈന്‍ഡ്രൈവിലും ഉയര്‍ന്നുവന്ന സര്‍ക്കസ് കൂടാരത്തിന്‍റെ അകത്തുനിന്ന് സിംഹത്തിന്‍റെയും പുലിയുടെയും കടുവയുടെയും കരടിയുടെയും ആനയുടെയും കുതിരയുടെയും ഒക്കെ ചലനങ്ങള്‍ നേരില്‍ കണ്ടത് ഒരു അത്ഭുത കാഴ്ച്ചയായിരുന്നു ലേഖകന്‍റെ കുട്ടിക്കാലത്ത്. കടുവയോ, സിംഹമോ അഗ്നി വലയത്തിലൂടെ ചാടുന്ന കാഴ്ച്ച. ലോകത്തിലെ ഏറ്റവും വലിയ കര സസ്തനിയായ ഒരു ഗാംഭീര്യമുള്ള ആന, ഒരു ചെറിയ പീഠത്തില്‍ ശ്രദ്ധാപൂര്‍വം ബാലന്‍സ് ചെയ്ത് ജനക്കൂട്ടത്തിനായി പ്രകടനം നടത്തുന്നു. സൈക്കിള്‍ ചവിട്ടുന്നത്. സര്‍ക്കസ് കൂടാരത്തില്‍ കാണികളെ ശ്വാസം മുട്ടിക്കുകയും പിന്നീട് ആര്‍പ്പുവിളിക്കുകയും ചെയ്യിക്കുന്ന എത്രയെത്ര ഓര്‍മ ചിത്രങ്ങള്‍.
സിംഹം, ആന, കരടി, സീബ്ര, ഹിപ്പൊപൊട്ടമസ്, കരിമ്പുലി ഗോറില്ല, ഒറാങ് ഉട്ടാന്‍ എന്നിങ്ങനെ മൃഗശാലയില്‍ പോലുമില്ലാത്ത മൃഗങ്ങള്‍ സര്‍ക്കസ് കൂടാരങ്ങളില്‍ ഉണ്ടായിരുന്നു. കേന്ദ്രസര്‍ക്കാര്‍ മൃഗസംരക്ഷണ നിയമം കൊണ്ടുവന്നതോടെ സര്‍ക്കസ് കൂടാരത്തില്‍നിന്ന് മൃഗങ്ങള്‍ പുറത്തായി. 1990ല്‍ ചന്ദ്രശേഖർ പ്രധാനമന്ത്രിയായിരുന്ന സമയത്ത് കോണ്‍ഗ്രസ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നതിന് തൊട്ട് മുന്‍പ് അന്നത്തെ കേന്ദ്ര പരിസ്ഥിതി വനം വകുപ്പ് മന്ത്രിയായ മേനക ഗാന്ധി ഒരു പഠനവുമില്ലാതെ ഷെഡ്യൂള്‍ എ എടുത്ത് കളഞ്ഞതോടെ സര്‍ക്കസ് കലാരൂപം തകര്‍ന്നു തുടങ്ങി. സാമ്പത്തിക രംഗത്ത് ഇന്ത്യ ഏറ്റവും മോശം കാലത്തായിരുന്നു അത്. ഘട്ടം ഘട്ടമായുള്ള നിരോധനമായിരുന്നെങ്കില്‍ സര്‍ക്കസ് രംഗം ഇത്ര തകരില്ലായിരുന്നു എന്നാണ് ഈ രംഗത്തുള്ളവര്‍ അഭിപ്രായപ്പെടുന്നത്.
സര്‍ക്കസ് കൂടാരത്തിലേക്ക് കയറുവാന്‍ തന്നെ ഏറെ പ്രയാസപ്പെട്ടിരുന്ന കാലമായിരുന്നു അന്നൊക്കെ. മിക്കവാറും എല്ലാ ഷോകളിലുമുണ്ടായിരുന്നു ഹൗസ് ഫുള്‍ ബോര്‍ഡുകള്‍. ഇന്നത് ഉപയോഗിക്കേണ്ടി വരുന്നില്ല. സാഹചര്യങ്ങളും കാലവും മാറി, സാങ്കേതികവിദ്യയും വളര്‍ന്നു. ഹൈടെക്ക് സിനിമകളും മറ്റുകലാപ്രകടനങ്ങളും, ദൃശ്യമാധ്യമങ്ങളില്‍ വരുന്ന വിദേശ സാഹസിക പ്രകടനവും സ്ഥിരം കാണുന്ന ആരാധകര്‍ സര്‍ക്കസില്‍ നിന്ന് പതുക്കെ പതുക്കെ വ്യതിചലിക്കാന്‍ തുടങ്ങി.
കഴിഞ്ഞ ആഴ്ച കൊല്ലത്തും, തിരുവനന്തപുരത്തും രണ്ട് സര്‍ക്കസ് കൂടാരങ്ങള്‍ സന്ദര്‍ശിക്കാൻ അവസരം ലഭിച്ചതാണ് ഇപ്പോൾ ഇത് സൂചിപ്പിക്കുവാന്‍ കാരണം. രണ്ടിടത്തും സര്‍ക്കസ് കൂടാരത്തില്‍ ആളുകള്‍ വരുന്നുണ്ട്. എന്നാൽ, സര്‍ക്കസ് കൂടാരത്തില്‍ നിന്ന് ഒരു പട്ടിക്കുഞ്ഞിന്‍റെ പോലും ശബ്ദം നാം കേള്‍ക്കുന്നില്ല. മ്യഗങ്ങളുടെ വേഷപ്പകര്‍ച്ച നടത്തി മനുഷ്യന്‍ കാണികള്‍ക്ക് മുന്നില്‍ എത്തി അവര്‍ക്ക് ആശ്വാസം പകരുന്ന ദയനീയ കാഴ്ചയും സര്‍ക്കസ് കൂടാരത്തില്‍ കാണുവാന്‍ ഇടയായി.
സര്‍ക്കസില്‍ ഏറ്റവുമധികം കൈയടി നേടിയിരുന്നതും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആവേശവും അത്ഭുതവുമായിരുന്നു മൃഗങ്ങളുടെ സാന്നിധ്യം. അത് ഇല്ലാതായി. കുട്ടികളെ ട്രീപ്പീസും മറ്റും പരിശീലിപ്പിക്കുന്നതിന് ഇന്ത്യന്‍ നിയമം തടസമായപ്പോള്‍ ഞാണിന്മേല്‍ കളിയില്‍നിന്നും, എയറോബിക്സില്‍ നിന്നും മറ്റും ഇന്ത്യന്‍ കലാകാരന്മാര്‍ ഇല്ലാതായി. ചെറു പ്രായത്തില്‍ അഭ്യാസം പഠിച്ചവര്‍ക്കേ സര്‍ക്കസ് കൂടാരത്തില്‍ സ്ഥാനമുള്ളൂ. ഇന്ത്യയിലെ സര്‍ക്കസ് കലാകാരന്‍മാർ അരങ്ങൊഴിയുന്ന അവസ്ഥയായി. കൊവിഡ് പ്രതിസന്ധിയില്‍ ഒന്നരവര്‍ഷത്തോളം തമ്പുകള്‍ നിശ്ചലമായി. എല്ലാറ്റിനെയും അതിജീവിച്ച് സര്‍ക്കസ് ഒരു ട്രപ്പീസ് കളി പോലെ മുന്നേറുകയാണ്.
ഇന്ന് സര്‍ക്കസുകളില്‍ മനുഷ്യന്‍ മാത്രമാണ് കാഴ്ച വസ്തു. 18 വയസ്സ് കഴിയാത്ത ഒരു കുട്ടിയെ പോലും പരിശീലിപ്പിക്കരുത് എന്നത് ഇന്ത്യന്‍ നിയമമായപ്പോള്‍ കൂടാരത്തില്‍ 18 കഴിഞ്ഞ വിദേശികള്‍ നിറഞ്ഞു. ഇപ്പോള്‍ സര്‍ക്കസ് എന്നാല്‍ റഷ്യ, ആഫ്രിക്ക, നേപ്പാള്‍ എന്നിവിടങ്ങളിലെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും വിദേശതാരങ്ങളുടെ മെയ്യഭ്യാസ പ്രകടന വേദിയായി. അതുകൊണ്ടുതന്നെ പ്രായമായ ചിലരുടെ അഭ്യാസ പ്രകടനങ്ങള്‍ കണ്ട്, അവരുടെ മാജിക്കുകള്‍ കണ്ട്, വേറിട്ട കുറെ സര്‍ക്കസ് അനുഭവങ്ങള്‍ കണ്ട് തൃപ്തിപ്പെടേണ്ടി വന്നിരിക്കുന്നു. നിറങ്ങളും ശബ്ദങ്ങളും കൊണ്ട് വിസ്മയം തീര്‍ക്കുവാന്‍ മാത്രമാണ് ഈ കലാപ്രസ്ഥാനത്തിന് ഇപ്പോള്‍ സാധിക്കുന്നത്. സര്‍ക്കസ് എന്ന കലാരൂപം മെഴുകുതിരി പോലെ ഇല്ലാതായിക്കൊണ്ടിരിക്കുന്ന ദയനീയ കാഴ്ച ഇന്ത്യയില്‍ സംഭവിക്കുന്നു എന്നുള്ളത് ചൂണ്ടിക്കാണിക്കുവാനാണ് ഇങ്ങനെ പറഞ്ഞത്.
ഓരോ സര്‍ക്കസ് കമ്പനിയുമായി ബന്ധപ്പെട്ട് ചുരുങ്ങിയത് മുന്നൂറോളം പേരെങ്കിലും ഉപജീവനം നടത്തുന്നുണ്ട്. ഇരുപതിധിലധികം മലയാളി സര്‍ക്കസ് കമ്പനികള്‍ ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ നിലനില്‍ക്കുന്നത് നാലോ അഞ്ചോ മാത്രം. സര്‍ക്കസ് തമ്പുകളില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കിയ യുവതികള്‍ക്കും 20 വര്‍ഷം പൂര്‍ത്തിയാക്കിയ കലാകാരന്‍മാര്‍ക്കു മാത്രമായി അനുവദിച്ചിട്ടുള്ള 500 രൂപ പെന്‍ഷനാണ് സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യം. സര്‍ക്കസ് വിട്ടാല്‍ ഒരു വരുമാനവുമില്ല. അവശകലാകാരന്മാര്‍ക്ക് 1200 രൂപ പെന്‍ഷനുണ്ടായിരുന്നു. അതുതന്നെ ലഭിച്ചാല്‍ ഭാഗ്യം. സര്‍ക്കസ് കാലകാരന്‍മാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡോ, റേഷന്‍കാര്‍ഡോ ഇല്ല. സര്‍ക്കസ് കൂടാരങ്ങള്‍ അന്യമായി കൊണ്ടിരിക്കുന്ന കാലം വന്നിരിക്കുന്നു എന്നുള്ള യാഥാർഥ്യബോധം നാം തിരിച്ചറിയണം. സര്‍ക്കാരിന് മാത്രമേ ഈ കലാരൂപത്തെ ഇന്ത്യയില്‍ സംരക്ഷിക്കാന്‍ സാധിക്കൂ