ഭീകരതയെ ഒരുമിച്ചു ചെറുക്കാം, പിന്തുടരാന്‍ ലോക രാജ്യങ്ങള്‍

ഭീകരതയോട് ഒരു വിട്ടുവീഴ്ചയുമില്ലാത്ത നയമാണ് പിന്തുടരുന്നതെന്ന് ഇന്ത്യ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. ചർച്ചയും ഭീകരതയും ചേര്‍ന്നു പോകില്ല
special story against terrorism
Indian army

file image

Updated on

രാജ്നാഥ് സിങ്

മാനവരാശിക്കു മേല്‍‍ ഭീകരത ഒരു ശിക്ഷയാണ്; പരിഷ്‌കൃത സമൂഹത്തിന്‍റെ വിലമതിക്കാനാവാത്ത മൂല്യങ്ങള്‍ക്കു മേല്‍ ഒരു ശാപമാണത്. വിപ്ലവത്തെയും രക്തസാക്ഷിത്വത്തെയും കുറിച്ച് തെറ്റായ ധാരണകളിലൂന്നിയും അക്രമം സംബന്ധിച്ച കാൽപനിക വീക്ഷണത്തിലുമാണ് ഭീകരത വളര്‍ച്ച പ്രാപിക്കുന്നത്. "ഒരാളുടെ സ്വാതന്ത്ര്യ സമര സേനാനി മറ്റൊരാള്‍ക്ക് ഭീകരവാദി' എന്ന വാദം അനുചിതവും അപകടകരവുമായ പ്രയോഗമാണ്- ഒരിക്കലും ഭയത്തിലൂടെയും രക്തച്ചൊരിച്ചിലിലൂടെയും കെട്ടിപ്പടുക്കാനാവുന്നതല്ല യഥാർഥ സ്വാതന്ത്ര്യം.

ഭീകരവാദികളുടെ ആയുധം ഭയമാണ്. എങ്കിലും ഭയ പ്രചാരണത്തില്‍ പോലും ഒരു തരത്തിലും അവർക്ക് ജനങ്ങളെ നിരാശരാക്കാനായില്ല. ഈ വസ്തുതയ്ക്ക് നേര്‍സാക്ഷ്യമാണ് ഇന്ത്യ. മുംബൈ ഭീകരാക്രമണത്തിനും 2001ലെ ഇന്ത്യൻ പാർലമെന്‍റ് ആക്രമണത്തിനും സമീപകാല പഹൽഗാം ആക്രമണത്തിനുമെല്ലാം ശേഷവും ഇന്ത്യ എക്കാലത്തേക്കാളും ഉയരെ ശക്തമായും നിശ്ചയദാര്‍ഢ്യത്തോടെയും നിലകൊള്ളുന്നു.

ഐക്യപൂര്‍ണമായ ഇന്ത്യയ്ക്കു മുന്നില്‍ ഭീകരത അതിന്‍റെ വികല പ്രത്യയശാസ്ത്രത്തിലും വക്രീകരിച്ച പ്രയോഗത്തിലും സ്വയം തോല്‍ക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നു. അതിന്‍റെ നിലനിൽപ്പ് - ഒരു ദിവസത്തേക്കാണെങ്കില്‍ പോലും - രാജ്യത്തിന്‍റെ കൂട്ടായ മനഃസാക്ഷിയെയും സമാധാന പ്രതിബദ്ധതയെയും വെല്ലുവിളിക്കുന്നു. എല്ലാ രാജ്യങ്ങളും വ്യക്തികളും ഈ വിപത്തിനെ എന്നന്നേക്കുമായി ഇല്ലാതാക്കാൻ ഒരുമിക്കണം.

ഇതെങ്ങനെ സാധ്യമാക്കാമെന്ന് ഇന്ത്യ കാണിച്ചു. പതിറ്റാണ്ടുകളായി ഭരണകൂട പിന്തുണയോടെ പാകിസ്ഥാനിൽ നിന്ന് തുടക്കം കുറിക്കുന്ന അതിർത്തി ഭീകരതയുടെ ഇരകളാണ് നാം. പഹൽഗാം ഭീകരാക്രമണം ഇന്ത്യയുടെ ഐക്യം തകർക്കാനും ജനങ്ങളിൽ ഭയം പടര്‍ത്താനും ലക്ഷ്യമിട്ട ക്രൂരമായ പരാജിത ശ്രമമായിരുന്നു. വിനോദ സഞ്ചാരികളെ കൊലപ്പെടുത്തും മുമ്പ് ഭീകരവാദികള്‍ അവരുടെ മതം അന്വേഷിച്ചതില്‍ നിന്ന് ഇത് വ്യക്തം. വ്യത്യസ്ത വിശ്വാസങ്ങളുടെ ഭാഗമായ ഈ രാജ്യത്തെ വിവിധ മത കേന്ദ്രങ്ങൾ ആക്രമിക്കാൻ ഡ്രോണുകളും പീരങ്കികളും പ്രയോഗിച്ചും പാകിസ്ഥാൻ ഇന്ത്യയുടെ ഐക്യത്തെ വെല്ലുവിളിക്കാന്‍ ശ്രമം നടത്തി.

ഒരു മതത്തിനും ഇത്തരം നീചകൃത്യങ്ങളെ അംഗീകരിക്കാനാവില്ല. ഭീകരവാദികള്‍ തങ്ങളുടെ ക്രൂരതകളെ ന്യായീകരിക്കാൻ തന്ത്രപരമായി മതത്തെ ദുരുപയോഗം ചെയ്യുകയും ആക്ഷേപിക്കുകയും ചെയ്യുന്നു. മതം മറയാക്കി ഒളിഞ്ഞിരിക്കുന്ന ഭീകരവാദികള്‍ അവർ പിന്തുടരുന്നതായി അവകാശപ്പെടുകയും നടിക്കുകയും ചെയ്യുന്ന വിശ്വാസത്തെ ഗുരുതരമായി തകര്‍ക്കുന്നു. മതത്തിന്‍റെ ഈ ദുരുപയോഗം ആകസ്മികമോ ആവേശഭരിതമോ അല്ല; മറിച്ച് അതിക്രമങ്ങളെ തെറ്റായി ന്യായീകരിക്കാന്‍ ശ്രദ്ധാപൂർവം തയാറാക്കിയ, ബോധപൂർവമായ തന്ത്രമാണത്.

ഭീകരതയോട് ഒരു വിട്ടുവീഴ്ചയുമില്ലാത്ത നയമാണ് പിന്തുടരുന്നതെന്ന് ഇന്ത്യ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. ചർച്ചയും ഭീകരതയും ചേര്‍ന്നു പോകില്ല. പാക്കിസ്ഥാനുമായി ഏതൊരു ഭാവി സംഭാഷണവും തീവ്രവാദത്തിലും പാക് അധീന കശ്മീരിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരിക്കും. മാത്രമല്ല, പാകിസ്ഥാന്‍റെ നിലപാട് ഗൗരവതരമാണെങ്കില്‍ ഐക്യരാഷ്‌ട്ര സഭ ഭീകരവാദികളായി ചൂണ്ടിക്കാട്ടിയ ഹാഫിസ് സെയ്ദ്, മസൂദ് അസർ എന്നിവരെ നീതി ഉറപ്പാക്കാനായി കൈമാറണം.

ദീർഘകാല കാഴ്ചപ്പാടും തന്ത്രവും തേടുന്നതിനിടെയാണ് ഏറെക്കാലമായി നാം ഭീകരവാദ പ്രവർത്തനങ്ങളോട് പ്രതികരിച്ചിരുന്നത്. പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ മാത്രമായിരുന്നു രാജ്യത്തെ സായുധ സേനയ്ക്ക് നേരത്തേ അനുമതി. സർജിക്കൽ സ്ട്രൈക്കിലൂടെയും (2016) ബാലാകോട്ട് പ്രത്യാക്രമണത്തിലൂടെയും (2019) ഇപ്പോൾ ഓപ്പറേഷൻ സിന്ദൂറിലൂടെയും (2025) പാക്കിസ്ഥാന്‍ ഭീകരവാദികളോടും അവരുടെ പൂർവികരോടും കൈക്കൊണ്ട നയത്തിൽ ഇന്ത്യ അടിസ്ഥാനപരമായ പുനര്‍വിചിന്തനം നടത്തിയിട്ടുണ്ട്. ഭീകരവാദികള്‍ എവിടെയായാലും അവരെ ആദ്യമേ ഉന്മൂലനം ചെയ്യുക എന്നതാണ് ഇപ്പോൾ രാജ്യത്തിന്‍റെ നയം. ഏതൊരു ഭീകര പ്രവർത്തനവും യുദ്ധമായി കണക്കാക്കുന്നു. ഇന്ത്യയിലൊരു ഭീകരാക്രമണമുണ്ടായാൽ ഭീകരതയുടെ പ്രായോജകരായ സർക്കാരിനെയും ഭീകരവാദികളെയും തമ്മിൽ വേർതിരിക്കാതെ ഉചിതമായ മറുപടി നൽകിയിരിക്കും. സ്വന്തം മണ്ണിൽ പ്രവർത്തിക്കുന്ന ഭീകരവാദികളെ നിയന്ത്രിക്കാൻ പാക്കിസ്ഥാന് സാധിക്കുന്നില്ലെങ്കില്‍ അതിന് അവർ വലിയ വില നൽകേണ്ടിവരും.

ഒരു ആക്രമണം പോലും അംഗീകരിക്കാനാവില്ലെന്നും, ഒരു ജീവൻ നഷ്ടപ്പെടുന്നതു പോലും ഗൗരവതരമാണെന്നും നാം കരുതുന്നുവെന്നും, ഭീകരവാദം വേരോടെ പിഴുതെറിയപ്പെടുന്നതുവരെ വിശ്രമമില്ലെന്നും, ഭീകരവാദ ധന സഹായത്തിനെതിരായി "ഭീകരതയ്ക്ക് പണമില്ല' എന്ന പ്രമേയത്തില്‍ ഡല്‍ഹിയില്‍ സംഘടിപ്പിച്ച മൂന്നാം മന്ത്രിതല സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ഭീകരതയെ വേരോടെ പിഴുതെറിയാൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് സർക്കാരും സായുധ സേനയും ഓപ്പറേഷൻ സിന്ദൂറിലൂടെ ലോകത്തിന് മുന്നില്‍ തെളിയിച്ചു. ലക്ഷ്യവേധിയും കൃത്യവും സാഹചര്യം വഷളാക്കാത്തതുമായ ദൗത്യത്തിലൂന്നി, രാജ്യത്തിനെതിരേ ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയ പാക്കിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകരവാദ അടിസ്ഥാന സൗകര്യങ്ങളെ ഇന്ത്യ ലക്ഷ്യമിട്ടു.

ഭീകരർക്കെതിരേ സൈനിക നടപടി ആവശ്യമാണെന്നും എന്നാല്‍ അത് പര്യാപ്തമല്ലെന്നും ഇന്ത്യയ്ക്കറിയാം. ഭീകരവാദ അടിസ്ഥാന സൗകര്യങ്ങളുടെ അടിത്തറയാണ് നശിപ്പിക്കേണ്ടത്. ഭീകരതയെ പാക്കിസ്ഥാൻ ഒരു ഉപകരണമായി ഉപയോഗിക്കുന്നതിനാൽ ഇന്ത്യ നയതന്ത്രപരമായും സാമ്പത്തികമായും അവരെ വിജയകരമായി ഒറ്റപ്പെടുത്തി. അതിർത്തി ഭീകരതയ്ക്കു നല്‍കുന്ന പിന്തുണ പാക്കിസ്ഥാൻ വിശ്വസനീയമാം വിധം ശാശ്വതമായി ഉപേക്ഷിക്കുന്നതു വരെ സിന്ധു നദീജല കരാര്‍ താത്കാലികമായി മരവിപ്പിച്ചു. പാക്കിസ്ഥാനിലെ 16 ദശലക്ഷം ഹെക്റ്റര്‍ കൃഷിഭൂമിയുടെ 80 ശതമാനത്തിനും ആകെ ജലോപയോഗത്തിന്‍റെ 93 ശതമാനത്തിനും ആശ്രയവും 237 ദശലക്ഷം ജനങ്ങള്‍ക്ക് പിന്തുണയും ജിഡിപിയുടെ നാലിലൊന്ന് സംഭാവനയും നല്‍കുന്ന സിന്ധു നദീജല വ്യവസ്ഥയുമായി ബന്ധപ്പെട്ട ഈ നടപടി പാക്കിസ്ഥാന് കാര്യമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു.

ഭീകരത ഇന്ത്യയുടെ മാത്രം പ്രശ്നമല്ല; അതൊരു ആഗോള പ്രശ്നമാണ്. ആഗോള ഭീകരവാദ സൂചിക (ജിടിഐ) പ്രകാരം ഭീകരാക്രമണം നേരിടുന്ന രാജ്യങ്ങളുടെ എണ്ണം വർഷം തോറും വർധിക്കുന്നു. ഭീകരവാദ ശൃംഖലകളെ ഫലപ്രദമായി തകർക്കാനും ഭീകരവാദം ചെറുക്കാനും വരും തലമുറകൾക്ക് സുരക്ഷിത ഭാവി ഉറപ്പാക്കാനും കേവല ശ്രമങ്ങൾക്കപ്പുറം നാം മുന്നോട്ടുനീങ്ങേണ്ടതുണ്ട്. തത്വാധിഷ്ഠിതവും, സമഗ്രവും സുസ്ഥിരവും ഏകോപിതവുമായ ആഗോള തന്ത്രം അവലംബിക്കണം. ഇതിൽ 5 പ്രധാന നടപടികൾ ഉൾപ്പെടുന്നു.

പ്രാഥമികമായി "ഭീകരത' എന്ന പദം നിർവചിക്കേണ്ടതുണ്ട്. ഭീകരവാദം എന്താണെന്നത് സംബന്ധിച്ച് ഇതുവരെ സമവായമില്ല. ഇന്ത്യയുടെ നിർദേശത്തിന്‍റെ അടിസ്ഥാനത്തില്‍ ഐക്യരാഷ്‌ട്ര സഭയിൽ അന്താരാഷ്‌ട്ര ഭീകരതയ്‌ക്കെതിരേ നടന്ന സമഗ്ര കൺവെൻഷനിലാണ് ഭീകരതയുടെ നിർവചനത്തില്‍ നാം പരമാവധി അടുത്തെത്തിയിരിക്കുന്നത്. ഭീകരവാദ പ്രവർത്തനങ്ങൾ അന്വേഷിക്കുന്നതിനും വിചാരണ ചെയ്യുന്നതിനും വിദേശ ഭീകരവാദികളുടെ കൈമാറ്റം ഉറപ്പാക്കുന്നതിനും ഉതകും വിധം വ്യാപകമായി അംഗീകരിക്കുന്ന നിർവചനം അനിവാര്യമാണ്.

രണ്ടാമതായി, ഭീകര സംഘടനകളുടെയും ഭീകരതയുടെ പ്രായോചകരായ രാജ്യങ്ങളുടെയും ധനസഹായം മരവിപ്പിക്കണം. അടിയന്തര രക്ഷാ ധനസഹായങ്ങള്‍ ദുരുപയോഗം ചെയ്യുന്നതും വായ്പാ ധനസഹായങ്ങള്‍ അതിർത്തി ഭീകരതയ്‌ക്ക് ഉപയോഗിക്കുന്നതുമായ ഒരു ചരിത്രം പാക്കിസ്ഥാനുണ്ടെന്ന് ബഹുരാജ്യ ഏജൻസികളും ധനസഹായ ദാതാക്കളായ രാജ്യങ്ങളും തിരിച്ചറിയണം. അതിർത്തി ഭീകരതയെ തുടർച്ചയായി പിന്തുണയ്ക്കുന്നത് ആഗോള സമൂഹത്തിന് അപകടകരമായ സന്ദേശം നൽകുന്നു, ധനസഹായ ഏജൻസികളുടെയും ദാതാക്കളുടെയും വിശ്വാസ്യത അപകടത്തിലാകുന്നു, ആഗോള മൂല്യങ്ങളെ പരിഹസിക്കുന്നു എന്ന് ഇന്ത്യ ഐ‌എം‌എഫിന് നൽകിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. പാക്കിസ്ഥാന് നൽകുന്ന ധനസഹായങ്ങള്‍ ഒരു അസ്ഥിര ലോകത്തേക്കു വഴിതുറക്കുന്ന പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കാന്‍ കാരണമാകും. അതിനാൽ പാക്കിസ്ഥാനെ എഫ്‌എ‌ടി‌എഫ് വീണ്ടും കരിമ്പട്ടികയില്‍ പെടുത്തുകയും വിശ്വസനീയവും ശാശ്വതവുമായി ഭീകരപ്രവര്‍ത്തനങ്ങള്‍ അവർ ഉപേക്ഷിക്കും വരെ എല്ലാ ധനസഹായങ്ങളും വെട്ടിക്കുറയ്ക്കുകയും ചെയ്യണം. സ്വന്തം ദേശത്ത് ഭീകരവാദികള്‍ക്ക് സംരക്ഷണം നല്‍കുന്ന മറ്റു രാജ്യങ്ങൾക്കെതിരേയും ഇതേ മാനദണ്ഡം ഉപയോഗിക്കണം.

മൂന്നാമതായി, പാക്കിസ്ഥാനിൽ ഔദ്യോഗിക - വിമത സംഘടനകള്‍ ഒരേ നാണയത്തിന്‍റെ ഇരുവശങ്ങളാണ് എന്നത് ഏറെക്കാലമായി അറിയപ്പെട്ടിരുന്നതും അതേസമയം കൂടുതൽ വ്യക്തമായിക്കൊണ്ടിരിക്കുന്നതുമായ കാര്യമാണ്. യൂണിഫോം ധരിച്ച സൈനിക ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഭീകരരുടെ മരണാനന്തര ചടങ്ങുകള്‍ ഈയിടെ ഔദ്യോഗിക ബഹുമതികളോടെ നടത്തിയതിലും ഇത് വ്യക്തം. പാക്കിസ്ഥാനിലെ ആണവായുധങ്ങൾ വിമത സംഘടനകളുടെ കൈവശം എത്തിച്ചേരുമെന്ന സ്ഥിര ഭീഷണിയും നിലനിൽക്കുന്നു. ഈ ഗുരുതര അപകടസാധ്യത അന്താരാഷ്‌ട്ര സമൂഹം തിരിച്ചറിയുകയും പാക്കിസ്ഥാന്‍റെ ആണവായുധങ്ങൾ അന്താരാജ്യ ആണവോർജ ഏജൻസിയുടെ (ഐഎഇഎ) മേൽനോട്ടത്തിൽ സൂക്ഷിക്കുകയും വേണം.

നാലാമതായി, അപകടകരമായ ഭീഷണിയാണ് നിഴല്‍യുദ്ധം. അയൽരാജ്യത്തെ അസ്ഥിരപ്പെടുത്താൻ മറ്റുള്ളവരെ ഉപയോഗപ്പെടുത്തുന്ന രാജ്യങ്ങളെ തുറന്നുകാട്ടണം. ഭീകരതയ്ക്കെതിരായ പ്രത്യാക്രമണങ്ങളുടെ വ്യാപ്തിയും തീവ്രതയും അവ എവിടെ സംഭവിക്കുന്നു എന്നതിനെയോ ഇരകളുടെ ദേശീയതയെയോ ആശ്രയിച്ചായിരിക്കില്ല. ഏത് ഭീകര പ്രവർത്തനങ്ങളെ അപലപിക്കണമെന്ന് സൗകര്യവും താൽപ്പര്യങ്ങളും അടിസ്ഥാനമാക്കി ചില രാജ്യങ്ങൾ തെരഞ്ഞെടുക്കുന്നത് കൂട്ടായ പ്രതിരോധത്തെ ദുർബലപ്പെടുത്തും, കുറ്റവാളികള്‍ക്ക് ധൈര്യം പകരും.

അഞ്ചാമതായി, പാകിസ്ഥാനിലെ സുരക്ഷിത ഭീകര താവളുടെ അന്താരാജ്യ വ്യാപ്തിയും നിര്‍മിത ബുദ്ധി, സ്വയം നിയന്ത്രിത സംവിധാനങ്ങൾ, ഓഗ്മെന്‍റഡ് റിയാലിറ്റി, ബയോടെക്നോളജി, നാനോ ടെക്നോളജി തുടങ്ങി ഉയർന്നു വരുന്ന സാങ്കേതിക വിദ്യകളുടെ അവലംബവും ആഗോള അപകടാവസ്ഥ സൃഷ്ടിക്കുന്നു. ഈ സാഹചര്യത്തിലാണ് ഭീകരവാദികളുടെ ഭീഷണി നേരിടാൻ ആഗോള സഹകരണം അനിവാര്യമാകുന്നത്. എല്ലാ രാജ്യങ്ങളും ഒത്തുചേർന്ന് അന്താരാഷ്‌ട്ര ഭീകരതയ്‌ക്കെതിരായ സമഗ്ര ഉടമ്പടിയില്‍ ഒപ്പുവയ്ക്കേണ്ട സമയമാണിത്.

ഭീകരതയ്ക്കു വേണ്ടി നിലകൊള്ളുന്ന പ്രത്യയശാസ്ത്ര, രാഷ്‌ട്രീയ, മതപരമായ ഏതൊരു ന്യായീകരണത്തെയും ശക്തമായി തള്ളിക്കളയണമെന്ന് അമെരിക്കയിലെ സെപ്തംബര്‍ 11 ഭീകരാക്രമണത്തിന് ശേഷം ഇത്തരമൊരു ഉടമ്പടി ആവശ്യപ്പെട്ട് അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി ഐക്യരാഷ്‌ട്ര പൊതുസഭയിൽ പറഞ്ഞു. സ്വന്തം സുരക്ഷ സംബന്ധിച്ച ഓരോ രാജ്യത്തിന്‍റെയും ഉത്കണ്ഠ മുഴുവൻ ലോകത്തിന്‍റെയും ക്ഷേമത്തെക്കുറിച്ചായിരിക്കണം എന്ന് രവീന്ദ്രനാഥ ടാഗോറിനെ ഉദ്ധരിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭീകരതയെ അതിന്‍റെ എല്ലാ തലങ്ങളില്‍ നിന്നും തുടച്ചുനീക്കാന്‍ തുടരുന്ന ശ്രമങ്ങളില്‍ ഇന്ത്യ ഉറച്ചുനിൽക്കുന്നു. സമാധാനപ്രിയരായ എല്ലാ രാജ്യങ്ങളും ഒപ്പംചേരാൻ രാജ്യം അഭ്യർഥിക്കുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com