
ലാലു പ്രാസാദ് യാദവ്, നിതീഷ് കുമാർ
ആന്‍റണി ഷെലിൻ
1974ല്‍ ബിഹാറിലെ ഒരുകൂട്ടം വിദ്യാര്‍ഥികള്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ദുര്‍ഭരണത്തിനും അഴിമതിക്കുമെതിരേ ആരംഭിച്ച ഒരു രാഷ്ട്രീയ പ്രസ്ഥാനമായിരുന്നു ജെപി പ്രസ്ഥാനം. ബീഹാര്‍ പ്രസ്ഥാനം എന്നും ഇത് അറിയപ്പെടുന്നു. ജെപി പ്രസ്ഥാനത്തിന്‍റെ ജീവിച്ചിരിക്കുന്ന പ്രധാന നേതാക്കളാണ് ലാലു പ്രസാദും നിതീഷ് കുമാറും. കഴിഞ്ഞ 35 വര്‍ഷമായി ഈ രണ്ട് നേതാക്കളാണു ബീഹാറിന്‍റെ രാഷ്ട്രീയത്തില്‍ ആധിപത്യം സ്ഥാപിച്ചത്. ഉത്തര്‍പ്രദേശും, മഹാരാഷ്ട്രയും കഴിഞ്ഞാല്‍ ഇന്ത്യയിലെ മൂന്നാമത്തെ വലിയ ജനസംഖ്യയുള്ള സംസ്ഥാനമായ ബീഹാറിന്‍റെ സാമൂഹിക-രാഷ്ട്രീയത്തെ സമൂലമായി മാറ്റിമറിച്ചവരാണ് ലാലു പ്രസാദ് യാദവും നിതീഷ് കുമാറും. അടുത്ത മാസം 6 മുതല്‍ 11 വരെ ബീഹാറില്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് ഒരു പക്ഷേ ഈ രണ്ട് നേതാക്കളുടെയും രാഷ്ട്രീയ ജീവിതത്തിലെ ഫൈനല്‍ മത്സരമായിരിക്കാം.
1990നും 2005നുമിടയില്‍ ബീഹാറില്‍ സര്‍വശക്തനായിരുന്നു ലാലു പ്രസാദ്. 2005 മുതല്‍ മുഖ്യമന്ത്രി സ്ഥാനം അലങ്കരിക്കുന്ന വ്യക്തിയാണു നിതീഷ് കുമാര്‍. ഈ രണ്ട് നേതാക്കളും ചേര്‍ന്ന് ബീഹാറിന്‍റെ താഴ്ന്ന ജാതിക്കാരെ മുഖ്യധാരയിലേക്കു കൊണ്ടു വന്നു. ഇവരുടെ ഉയര്‍ച്ചയ്‌ക്കൊപ്പം ജാതി സ്വത്വവും (Caste identity) വളരുകയായിരുന്നു. ഇത് പിന്നാക്ക ജാതിക്കാര്‍ക്ക് അനുകൂലമായ സാഹചര്യം രൂപപ്പെട്ടുവരാനും കാരണമായി. എന്നാല്‍ ഇതു വികസനമില്ലായ്മ, അഴിമതി തുടങ്ങിയ നിരവധി പ്രശ്‌നങ്ങള്‍ക്കും പിന്നീട് കാരണമായി. ലാലു പ്രസാദ് യാദവും നിതീഷ് കുമാറും ജീവിത സായാഹ്നത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഒരു യുഗത്തിനാണ് തിരശീല വീഴുന്നത്.
യുവശക്തി
ഇപ്രാവിശ്യം ബീഹാറിലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാന്‍ പോകുന്ന പ്രധാന ചാലകശക്തി യുവാക്കള്‍ ആയിരിക്കും. ബീഹാറിലെ ജനസംഖ്യയുടെ 40 ശതമാനത്തിലധികവും 25 വയസ്സിനു താഴെയുള്ളവരാണ്. രണ്ട് പതിറ്റാണ്ട് മുമ്പുള്ളതിനേക്കാള്‍ ബീഹാര്‍ ഇന്ന് വളരെ മെച്ചപ്പെട്ടതാണെങ്കിലും ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന്‍റെ അഭാവവും തൊഴിലില്ലായ്മയും വലിയ ആശങ്കകളായി തുടരുന്നുണ്ട്. ഇതാകട്ടെ നിരവധി ബിഹാറികളെ തൊഴിലിനായി സംസ്ഥാനത്തിനു പുറത്തേക്ക് കുടിയേറാനും നിർബന്ധിതമാക്കി.
സ്വാതന്ത്ര്യാനന്തരം
1947ല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ബീഹാറിന്‍റെ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് ആധിപത്യം സ്ഥാപിച്ചു. ഉയര്‍ന്ന ജാതിക്കാരുടെയും വന്‍കിട ഭൂവുടമകളുടെയും പിന്തുണ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ലഭിച്ചു. 1947നും 1967നുമിടയില്‍ പിന്നോക്ക, താഴ്ന്ന ജാതിക്കാര്‍ക്കു ലെജിസ്ലേറ്റീവ്, അഡ്മിനിസ്‌ട്രേറ്റീവ് ഘടനകളില്‍ ഔദ്യോഗിക സ്ഥാനങ്ങള്‍ ലഭ്യമായിരുന്നില്ല. എന്നാല്‍ സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രങ്ങളുടെയും കാര്‍ഷിക പ്രസ്ഥാനങ്ങളുടെയും സ്വാധീനത്താല്‍ 1960കളിലുണ്ടായ സാമൂഹിക മുന്നേറ്റം ബീഹാറിനെ മാറ്റിമറിക്കാന്‍ തുടങ്ങി. റാം മനോഹര്‍ ലോഹ്യ പോലുള്ള പ്രമുഖ നേതാക്കള്‍ പിന്നോക്ക വിഭാഗങ്ങളുടെ അവകാശങ്ങള്‍ പ്രഖ്യാപിക്കുകയും രാഷ്ട്രീയ അധികാരത്തിനായി അവരെ അണിനിരത്തുകയും ചെയ്തതോടെ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചു. 1967ലെ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസില്‍ നിന്ന് അകലുന്നതിന്‍റെ ലക്ഷണങ്ങള്‍ ബീഹാര്‍ കാണിച്ചു തുടങ്ങി.
ബീഹാറില്‍ സോഷ്യലിസ്റ്റുകള്‍ ഉള്‍പ്പെടെ കൂടുതല്‍ കോണ്‍ഗ്രസ് ഇതര സഖ്യങ്ങള്‍ക്കു തുടക്കമിട്ടു. സോഷ്യലിസ്റ്റുകള്‍ അധികാരം മെല്ലെ പിടിച്ചെടുക്കുകയും അധികാരത്തില്‍ ജാതി താത്പര്യങ്ങള്‍ക്ക് എങ്ങനെ ഇടം നേടാമെന്ന് കാണിച്ചു കൊടുക്കുകയും ചെയ്തു. സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെയും (എസ്എസ്പി) തുടര്‍ന്നു ജനതാദളിന്‍റെയും ആവിര്‍ഭാവം പിന്നോക്ക വിഭാഗങ്ങളെ അവരുടെ രാഷ്ട്രീയ അവകാശങ്ങള്‍ക്കായി ഒരുമിപ്പിക്കാന്‍ സഹായിച്ചു.
ലാലുവിന്‍റെയും നിതീഷിന്‍റെയും മുന്നേറ്റം
ലാലു പ്രസാദ്, നിതീഷ് കുമാര്‍ തുടങ്ങിയ പിന്നോക്ക ജാതിക്കാരുടെ ജനകീയ മുന്നേറ്റത്തിന് ഇത്തരം രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ് അടിത്തറ പാകിയത്. അന്നുമുതല്‍, ബീഹാറിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം ജാതി നയിക്കുന്ന സഖ്യങ്ങളും വോട്ട് ബാങ്കുകളും ആയി മാറി. 1974ലെ ജെപി പ്രസ്ഥാനം രാഷ്ട്രീയമായി ബോധമുള്ള പിന്നോക്ക ജാതിക്കാരെയും, വര്‍ഗങ്ങളെയും, ഗോത്രങ്ങളെയും കോണ്‍ഗ്രസില്‍ നിന്ന് അകറ്റി. 1990കളില്‍ തിളങ്ങി നിന്ന ലാലു പ്രസാദും, നിതീഷ് കുമാറും ഉള്‍പ്പെടെയുള്ള എല്ലാ നേതാക്കളും ഈ പ്രസ്ഥാനത്തിന്‍റെ ഉത്പന്നങ്ങളായിരുന്നു.
ലാലു പ്രസാദിന്‍റെയും, നിതീഷ് കുമാറിന്‍റെയും രാഷ്ട്രീയ ലോഞ്ച് പാഡുകള്‍ ഒന്നുതന്നെയായിരുന്നെങ്കിലും ഇരുവരുടെയും ഭരണതന്ത്രങ്ങള്‍ തമ്മില്‍ വലിയ വ്യത്യാസമുണ്ടായിരുന്നു.
ജെപി പ്രസ്ഥാനത്തില്‍ സജീവ സാന്നിധ്യമായിരുന്നു അക്കാലത്തെ വിദ്യാര്‍ഥി നേതാവ് കൂടിയായിരുന്ന ലാലു പ്രസാദ്. 1990ല്‍ രഥയാത്ര നടത്തിയ എല്‍.കെ. അദ്വാനിയെ സമസ്തിപൂരില്‍ അറസ്റ്റ് ചെയ്തതോടെയാണ് ലാലു പ്രസാദ് പ്രിയങ്കരനായി മാറിയത്. ബീഹാറില്‍ പ്രബലമായ യാദവ വോട്ടുകളും ലാലുവിന് അനുകൂലമായിരുന്നു. അതുവരെ കോണ്‍ഗ്രസിനെ പിന്തുണച്ചിരുന്ന താഴ്ന്ന ജാതിക്കാരും മുസ്‌ലിങ്ങളും ലാലുവിനെ രക്ഷകനായി കണ്ടു. ചുരുക്കിപ്പറഞ്ഞാല്‍ ലാലു പ്രസാദിന്‍റെ രാഷ്ട്രീയ വിജയത്തിന്‍റെയും ബീഹാറിലെ ദീര്‍ഘകാല ഭരണത്തിന്‍റെയും കോക്‌ടെയ്ല്‍ അതായിരുന്നു. ബിജെപിക്കെതിരായ ഒരു കുരിശുയുദ്ധക്കാരനായി സ്വയം അവതരിപ്പിച്ചു കൊണ്ട് അദ്ദേഹം ജനശ്രദ്ധ പിടിച്ചുപറ്റി. ലാലുവിന്‍റെ വാക്ചാതുരി മുസ്‌ലിങ്ങളെ വളരെയധികം ആകര്‍ഷിച്ചു. അദ്ദേഹത്തിന്‍റെ രാഷ്ട്രീയ കണക്കുകൂട്ടലുകള്‍ മാന്ത്രികമായി പ്രവര്‍ത്തിച്ചു. അദ്ദേഹം ഒരു ദേശീയ രാഷ്ട്രീയക്കാരന്‍റെ പദവിയിലേക്ക് ഉയരുകയും ചെയ്തു.
1990കളില്‍ ബിഹാര്‍ നിയമരാഹിത്യത്തിന്‍റെയും ഉയര്‍ന്ന കുറ്റകൃത്യനിരക്കിന്‍റെയും പര്യായമായിരുന്നു. മുഹമ്മദ് ഷഹാബുദ്ദീന്‍ പോലുള്ള ഭരണകക്ഷിയുടെ പിന്തുണയുള്ള ഗുണ്ടകള്‍ പരസ്യമായി കൊലപാതകങ്ങള്‍ നടത്തി. തട്ടിക്കൊണ്ടു പോകലുകള്‍ക്കുള്ള മോചനദ്രവ്യം മുഖ്യമന്ത്രിയുടെ വസതിയില്‍ വച്ച് തീരുമാനിക്കപ്പെട്ടിരുന്നു. ഇതാകട്ടെ ലാലു യുഗത്തിനു 'ജംഗിള്‍ രാജ്' എന്ന കുപ്രസിദ്ധ നാമം നേടിക്കൊടുത്തു. ഇതൊക്കെയാണെങ്കിലും ബീഹാറിലെ മണ്ഡല്‍ മുന്നേറ്റത്തിനു നേതൃത്വം നല്‍കിയതും സംസ്ഥാന രാഷ്ട്രീയത്തിലെ സമൂല മാറ്റത്തിനു കാരണക്കാരനുമായിരുന്നു ലാലു എന്നതില്‍ തര്‍ക്കമില്ല.
ലാലു പ്രസാദിനു മുമ്പുതന്നെ താഴ്ന്ന ജാതിക്കാരോ പട്ടികജാതിക്കാരോ ആയ മുഖ്യമന്ത്രിമാര്‍ ഉണ്ടായിരുന്നു ബീഹാറില്‍. പക്ഷേ, അവര്‍ താഴ്ന്ന ജാതിക്കാരെ ശക്തിപ്പെടുത്തതില്‍ വിജയിച്ചിരുന്നില്ല. അതിന് ഒരപവാദം എന്നു പറയാവുന്നത് കര്‍പൂരി താക്കൂര്‍ മാത്രമായിരിക്കും.
1990നു ശേഷം 1995ല്‍ തെരഞ്ഞെടുപ്പ് എത്തിയപ്പോള്‍ ലാലുവിന്‍റെ സര്‍ക്കാരിനു മോശം റെക്കോര്‍ഡ് ആയിരുന്നു. എന്നാല്‍ മോശം റെക്കോര്‍ഡ് ഉണ്ടായിരുന്നിട്ടും ലാലു തന്‍റെ കരിയറിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് വിജയം ബീഹാറില്‍ നേടി. പഴയ വ്യവസ്ഥയും ഫ്യൂഡല്‍ ജാതി പ്രഭുക്കന്മാരും അധികാരത്തില്‍ തിരിച്ചെത്തുമെന്ന ഭയമാണു പിന്നോക്ക ജാതിക്കാരെയും മറ്റുള്ളവരെയും 1995ല്‍ ലാലുവിനെ വീണ്ടും തെരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതരാക്കിയത്.
കള്ളിനും മീന്‍പിടുത്തത്തിനും നികുതി ഇളവ് നല്‍കിയ ലാലു പ്രസാദ്, ദരിദ്രര്‍ക്ക് പ്രിയങ്കരനായി മാറുകയും ഒബിസി വോട്ടുകളുടെ ഏകീകരണം ഉറപ്പാക്കുകയും ചെയ്തു. ലാലു തന്‍റെ 'ഭൂരാ ബാല്‍ സാഫ് കരോ' (ഉയര്‍ന്ന ജാതിയെ നീക്കം ചെയ്യുക) മുദ്രാവാക്യം അവതരിപ്പിച്ചപ്പോള്‍ യാദവ് ഇതര ഒബിസികള്‍ ഉള്‍പ്പെടെ വലിയൊരു വിഭാഗം ലാലുവിനു കീഴിൽ അണിനിരന്നു.
കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെത്തുടര്‍ന്ന് ലാലു പ്രസാദ് രാജിവയ്ക്കാന്‍ നിര്‍ബന്ധിതനായതിനെത്തുടര്‍ന്ന് 1997 ജൂലൈയില്‍ ലാലുവിന്‍റെ ഭാര്യ റാബ്‌റി ദേവി ബീഹാറിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയായി.
ലാലു പ്രസാദ് അധികാരത്തിലിരുന്ന കാലത്ത്, അസാധാരണമായ കാര്യങ്ങള്‍ സാധാരണ കാര്യങ്ങളായി. ആറ് മാസത്തിലൊരിക്കലെങ്കിലും നിയമസഭ വിളിച്ചുകൂട്ടണമെന്നു ഭരണഘടനാപരമായി നിബന്ധനയുണ്ടായിരുന്നു. എന്നാല്‍ അത് വളരെ അപൂര്‍വമായിട്ടാണു നടന്നിരുന്നത്. മുഖ്യമന്ത്രിയായിരിക്കെ ലാലു പ്രസാദ് സെക്രട്ടേറിയറ്റിലെ തന്‍റെ ഓഫിസില്‍ വന്നിരുന്നില്ല. പകരം ഉദ്യോഗസ്ഥര്‍ ഫയലുമായി ലാലുവിന്‍റെ വസതിയിലേക്കാണു വന്നിരുന്നത്.
കാലിത്തീറ്റ കുംഭകോണക്കേസിലും മറ്റ് കേസുകളിലും ജയിലിലടയ്ക്കപ്പെട്ടിട്ടും 2005 വരെ ലാലു പ്രസാദ് അധികാരത്തില്‍ തുടര്‍ന്നു. റാബ്‌റി ദേവി മുഖ്യമന്ത്രി സ്ഥാനത്ത് അദ്ദേഹത്തിന്‍റെ പ്രതിനിധിയായി. അപ്പോഴേക്കും, ബിഹാര്‍ ഒരു യാദവ രാജ്യമായി തീര്‍ന്നിരുന്നു. മറ്റ് പിന്നോക്ക വിഭാഗങ്ങളെ അപേക്ഷിച്ചു യാദവര്‍ക്ക് വന്‍ പ്രാധാന്യവും ലഭിച്ചു. ഇതോടെ ബീഹാറിലെ ജനസംഖ്യയുടെ ഏകദേശം 30 ശതമാനത്തോളം വരുന്ന ഇബിസി (വളരെ പിന്നോക്കം നില്‍ക്കുന്ന വിഭാഗം)ക്കാര്‍ക്ക് വഞ്ചിക്കപ്പെട്ടതായി തോന്നി.
അതുപോലെ ദളിതരില്‍ ഏറ്റവും ദരിദ്രരും അരികുവത്കരിക്കപ്പെട്ടവരുമായ മഹാദളിതര്‍ ലാലുവിന്‍റെ കീഴില്‍ തങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടവരായി തീര്‍ന്നെന്നും മനസിലാക്കി. ഇത്തരത്തില്‍ അസംതൃപ്തരായ ആ സമൂഹങ്ങളില്‍ നിന്ന് തനിക്ക് ഒരു അവസരം ലഭിക്കുമെന്നു നിതീഷ് കുമാറിനു ബോധ്യപ്പെട്ടു. അതില്‍ പിടിച്ച് നിതീഷ് കരുക്കള്‍ നീക്കി. അധികം താമസിയാതെ നിതീഷ് കുമാര്‍ ബീഹാറിന്‍റെ മുഖ്യമന്ത്രിയായി.
2005 മുതല്‍ മുഖ്യമന്ത്രിയായി തുടരുന്ന നിതീഷ് കുമാറിന്‍റെ കീഴില്‍ ലാലു യുഗത്തിന്‍റെ ശോഭ മങ്ങി. 2005 മുതല്‍, ജനതാദള്‍ (യുണൈറ്റഡ്)-ബിജെപിയുമായി സഖ്യത്തിലേര്‍പ്പെട്ടു കൊണ്ടു നിതീഷ് കുമാര്‍ ബീഹാറില്‍ മുഖ്യമന്ത്രിയായി. 2010ലെ തെരഞ്ഞെടുപ്പിലും ബീഹാറില്‍ നിതീഷ് കുമാറിനു വന്‍ വിജയം നേടാനായി. അതിലൂടെ ലാലു യുഗത്തിന്‍റെ അന്ത്യം ഏറെക്കുറെ പൂര്‍ണവുമായി.
അധികാരത്തില്‍ എത്തിയപ്പോള്‍, ബീഹാറിലെ വോട്ട് അടിത്തറ വികസിപ്പിക്കാന്‍ നിതീഷ് ശ്രമിച്ചു. അതിന്‍റെ ഭാഗമായി സൈക്കിളുകളും കമ്പ്യൂട്ടറുകളും ഉപയോഗിച്ച് സ്ത്രീ വോട്ടര്‍മാരെ ആകര്‍ഷിക്കുകയും, പഞ്ചായത്തുകളില്‍ പകുതി സീറ്റുകള്‍ അവര്‍ക്കായി സംവരണം ചെയ്യുകയും, മദ്യനിരോധനം നടപ്പിലാക്കുകയും ചെയ്തു.
2013ല്‍ നരേന്ദ്ര മോദിയെ ബിജെപി ലോക്സഭാ പ്രചാരണ സമിതിയുടെ ചെയര്‍മാനായി നിയമിച്ചതോടെ നിതീഷ് ബിജെപിയുമായുള്ള ബന്ധം വിച്ഛേദിച്ചു. ഈ സമയത്താണ് ലാലുവിന്‍റെ ആര്‍ജെഡി, കോണ്‍ഗ്രസ് പാര്‍ട്ടി എന്നിവരുമായി ചേര്‍ന്നു മഹാഗത്ബന്ധന്‍ എന്ന സഖ്യം രൂപീകരിച്ചത്. തുടര്‍ന്ന് യുപിഎയില്‍ ചേരുകയും ചെയ്തു.
2014ല്‍ ഇന്ത്യയില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഏറ്റ കനത്ത തോല്‍വിയെ തുടര്‍ന്നു 2014 മേയ് 17ന് നിതീഷ് കുമാര്‍ ബീഹാറിന്‍റെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു.
2017ല്‍ നിതീഷ് കുമാര്‍ ആര്‍ജെഡിയുമായി ബന്ധം വേര്‍പെടുത്തി എന്‍ഡിഎയില്‍ തിരിച്ചെത്തി. 2020ലെ ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ നിതീഷ് സര്‍ക്കാര്‍ നേരിയ ഭൂരിപക്ഷത്തില്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ 2022 ഓഗസ്റ്റില്‍ നിതീഷ് കുമാര്‍ എന്‍ഡിഎ വിട്ട് മഹാഗത്ബന്ധനിലൂടെ വീണ്ടും യുപിഎയിലെത്തി. പക്ഷേ ആ ബന്ധം അധികം നിലനിന്നില്ല. 2024 ജനുവരിയില്‍ നിതീഷ് വീണ്ടും എന്‍ഡിഎയില്‍ ചേര്‍ന്നു.
ലാലുവിന്‍റെ പിന്‍ഗാമി
കാലിത്തീറ്റ കുംഭകോണം, മറ്റ് അഴിമതി കേസുകള്‍, മോശം ഭരണ റെക്കോര്‍ഡ്, ക്രമസമാധാന പാലനമില്ലായ്മ എന്നിവയാല്‍ വലയം ചെയ്യപ്പെട്ട വൃദ്ധനായ ലാലു പ്രസാദ്, മകന്‍ തേജസ്വി യാദവിനെയാണ് പിന്‍ഗാമിയായി കാണുന്നത്. യുവാക്കളുടെ ശബ്ദമായി സ്വയം ഉയര്‍ത്തിക്കാട്ടാനും തൊഴിലില്ലായ്മയെയും വിദ്യാഭ്യാസത്തെയും കേന്ദ്രീകരിച്ചുള്ള ഒരു പോരാട്ടം നടത്താനുമാണു തേജസ്വി ശ്രമിക്കുന്നത്. ആര്‍ജെഡിയുടെ പരമ്പരാഗത വോട്ട് അടിത്തറയാണ് എംവൈ അഥവാ മുസ്‌ലിം-യാദവ വോട്ടുകള്‍. എംവൈയെ ആശ്രയിക്കുമ്പോള്‍ തന്നെ തേജസ്വി രാഷ്ട്രീയ നേട്ടത്തിനായി അവയെ വികസിപ്പിക്കാന്‍ ശ്രമിക്കുകയാണ്. മറുവശത്ത് ജെഡിയുവിന്‍റെ അതികായനായ നിതീഷിന് പിന്‍ഗാമിയായി ഒരാളെ പ്രഖ്യാപിക്കാന്‍ കഴിയാത്ത അവസ്ഥയുമുണ്ട്.
ബീഹാര്‍ രാഷ്ട്രീയത്തില്‍ മാറുന്ന ജാതികളും ഉയര്‍ന്നുവരുന്ന സഖ്യങ്ങളും
വ്യക്തിഗത നേതാക്കള്‍ക്കപ്പുറം, ജാതിയാണ് ബീഹാറിലെ പാര്‍ട്ടി തന്ത്രങ്ങളെ വളരെക്കാലമായി രൂപപ്പെടുത്തിയിട്ടുള്ളത്. എക്‌സ്ട്രീമിലി ബാക്ക്‌വേഡ് ക്ലാസസ് (ഇബിസി), മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ (ഒബിസി), ദലിതര്‍ എന്നീ വിഭാഗങ്ങള്‍ ബീഹാറിന്‍റെ രാഷ്ട്രീയത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു.
2023ലെ ജാതി സര്‍വേപ്രകാരം ബീഹാറില്‍ ഇബിസി 36 ശതമാനമുണ്ട്. ഒബിസി 27.1 ശതമാനവും, പട്ടികജാതിക്കാര്‍ 19.7 ശതമാനവും, പട്ടികവര്‍ഗക്കാര്‍ 1.7 ശതമാനവും ഉയര്‍ന്ന ജാതിക്കാര്‍ 15.5 ശതമാനവുമാണ്.
ഒ.ബി.സി വിഭാഗങ്ങളില്‍ ഏറ്റവും വലിയ വിഭാഗം യാദവരാണ് (14.27 ശതമാനം), അതേസമയം ബ്രാഹ്‌മണര്‍, ഭൂമിഹാര്‍, കുശ്വാഹ, കുര്‍മി എന്നിവരാണ് ചെറിയ വിഭാഗങ്ങള്‍. ജനസംഖ്യയുടെ 81.99 ശതമാനം ഹിന്ദുക്കളും 17.7 ശതമാനം മുസ്ലീങ്ങളുമാണ്.
പരമ്പരാഗതമായി, ഒബിസി വിഭാഗമായ യാദവര്‍ ലാലുവിന്‍റെ ആര്‍ജെഡിയെ പിന്തുണയ്ക്കുന്നവരാണ്. എന്നിരുന്നാലും, ലാലുവിന്‍റെ മകന്‍ തേജസ്വി യാദവ് പോലുള്ള നേതാക്കള്‍ ഇപ്പോള്‍ യാദവ ഇതര ഒബിസികളെയും ഇബിസികളെയും സഖ്യത്തില്‍ ഉള്‍പ്പെടുത്തി തങ്ങളുടെ അടിത്തറ വിശാലമാക്കാന്‍ ശ്രമിക്കുകയാണ്.
മറുവശത്ത്, ഏറ്റവും അരികുവല്‍ക്കരിക്കപ്പെട്ട സമുദായങ്ങളെ ആകര്‍ഷിക്കുന്നതിനും അവരുടെ രാഷ്ട്രീയ അടിത്തറ വികസിപ്പിക്കുന്നതിനുമാണു നിതീഷ് കുമാറിന്‍റെ ജെഡിയു ശ്രമിച്ചുവരുന്നത്.
ബീഹാര്‍ നിയമസഭയില്‍ 243 സീറ്റുകളാണുള്ളത്. 2020ലെ തെരഞ്ഞെടുപ്പില്‍ ബിജെപി, ജെഡിയു, വിഐപി, എച്ച്എഎം(എസ്) ഉള്‍പ്പെടുന്ന എന്‍ഡിഎ സഖ്യം 125 സീറ്റുകള്‍ നേടി. ആര്‍ജെഡി, കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍ ഉള്‍പ്പെടുന്ന മഹാഗത്ബന്ധന്‍ 110 സീറ്റുകളും നേടി. 75 സീറ്റുകള്‍ നേടിയ ആര്‍ജെഡിയായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. ബിജെപിക്ക് 74ും ജെഡിയുവിന് 43 സീറ്റുകളുമാണു നേടാനായത്.