അമ്പടാ, കൊച്ചു കള്ളാ!

ഈ കള്ളന്മാരുടെ വിക്രിയകളെക്കുറിച്ച് നാട്ടുകാർ ചായക്കടകളിലും നാൽക്കവലകളിലും പൊടിപ്പും തൊങ്ങലും വച്ച് പറയാറുണ്ടായിരുന്നെങ്കിലും ഒരു കള്ളനെ നേരിട്ടു കാണാൻ പലർക്കും കഴിയാറില്ലായിരുന്നു.
special story by k.r. pramod

അമ്പടാ, കൊച്ചു കള്ളാ!

Updated on

കെ. ആർ. പ്രമോദ്

പണ്ടൊക്കെ നാട്ടുമ്പുറങ്ങളിൽ കൊച്ചു കള്ളന്മാർ ധാരാളമുണ്ടായിരുന്നു. ഒരു നാട്ടിൽ ഒരു കള്ളൻ എന്നതായിരുന്നു നാടുനടപ്പ്. കൈലിയും ബനിയനും ധരിച്ച് അരയിൽ കത്തി തിരുകി, തലയിലൊരു വട്ടക്കെട്ടും ചുറ്റി കൊമ്പൻ മീശ പിരിച്ച് ഇടവഴികളിലും കള്ളു ഷാപ്പുകളിലും അയാൾ പ്രത്യക്ഷപ്പെടും.

ഈ കള്ളന്മാരുടെ വിക്രിയകളെക്കുറിച്ച് നാട്ടുകാർ ചായക്കടകളിലും നാൽക്കവലകളിലും പൊടിപ്പും തൊങ്ങലും വച്ച് പറയാറുണ്ടായിരുന്നെങ്കിലും ഒരു കള്ളനെ നേരിട്ടു കാണാൻ പലർക്കും കഴിയാറില്ലായിരുന്നു. ചിലപ്പോൾ അവർക്കിടയിൽത്തന്നെ കള്ളൻ ഉണ്ടായെന്നും വരും. അല്ലെങ്കിൽ, കള്ളനല്ലാത്തവരായി ആരുണ്ട്? മനസിലെങ്കിലും കള്ളം ചെയ്തിട്ടുള്ളവരല്ലേ, നമ്മളെല്ലാം?

നാട്ടിൽ ഏറ്റവും ബുദ്ധിയും കൗശലവും ധൈര്യവുമുള്ള ഒരുവനായിരിക്കും കള്ളൻ എന്നതിൽ സംശയമില്ല. പകൽ വെട്ടത്തിൽ അവൻ വെറും സാധരണക്കാരനായിരിക്കും. നമ്മളോട് മാന്യമായി പെരുമാറുന്നവനായിരിക്കും. ചിലപ്പോൾ വെള്ള ഷർട്ടും മുണ്ടും ധരിച്ച സുന്ദര കളേബരനായിരിക്കും. ആരാണ് കള്ളനെന്നും ആരാണ് കള്ളനല്ലാത്തതെന്നും പണ്ടും കൃത്യമായി പറയാൻ കഴിഞ്ഞിരുന്നില്ല. ഇന്നും അങ്ങനെ തന്നെ.

ഒരു ഏത്തക്കുലയോ മറ്റോ ഒരിക്കൽ കക്കുകയും അപ്പോൾത്തന്നെ പിടിക്കപ്പെടുകയും ചെയ്താൽ അയാളുടെ മരണം വരെ പേരിനൊപ്പം "കള്ളൻ' എന്ന ബിരുദം പതിയും എന്നൊരു ദയനീയമായ അവസ്ഥയും വ്യവസ്ഥയും പണ്ടു നിലനിന്നിരുന്നു. പലപ്പോഴും സന്ധ്യയ്ക്കാണ് കൊച്ചു കള്ളന്മാർ നാടിറങ്ങുന്നത്. നാട്ടിലെ പ്രമാണിമാരുടെ പുരയിടങ്ങളിലെ ഏത്തക്കുലയും ചക്കയും കപ്പയും കോഴിയുമൊക്കെയായിരിക്കും ലക്ഷ്യം. ചിലപ്പോൾ വീടിന്‍റെ ഇറയത്തു വച്ചിരുന്ന നിലവിളക്കോ, അലുമിനിയം പാത്രമോ എടുക്കാറുണ്ട്.

തക്കം കിട്ടിയാൽ ചിലരെങ്കിലും അമ്മൂമ്മമാരുടെ സ്വർണ മാല പൊട്ടിക്കും. എന്നു കരുതി നാട്ടിലെ തേവരുടെ തിരുവാഭരണത്തോടും സ്വർണത്തകിടിനോടും അവർ താത്പര്യം കാട്ടാറില്ലായിരുന്നു.

പാവം, പാവം കള്ളൻ

................

ഒരിക്കൽ ഒരു രാത്രിയിൽ വീടിനടുത്തുള്ള വാഴത്തോട്ടത്തിൽ വച്ച് കുറച്ചു നാട്ടുകാർ ഒരു കള്ളനെ പിടികൂടിയപ്പോഴാണ് കുട്ടികളായിരുന്ന ഞങ്ങൾ ആദ്യമായി ഒരു കള്ളനെ അടുത്തു കണ്ടത്. ഒരു തോർത്തു മാത്രമുടുത്ത്, ദേഹത്ത് കരിയോയിൽ തേച്ച നിലയിൽ ആളുകൾക്കിടയിൽ നിന്നിരുന്ന മെലിഞ്ഞുണങ്ങിയ മീശക്കാരനായിരുന്നു കള്ളൻ. നാട്ടുകാർ പിടികൂടിയിട്ടും കൂസലില്ലാതെ, നിസംഗതയോടെ നിൽക്കുന്ന കള്ളനെ നോക്കി ഞങ്ങൾ അത്ഭുതപ്പെട്ടു. നമ്മളെല്ലാം ഒരേ സമൂഹത്തിലെ അംഗങ്ങളല്ലേയെന്ന മട്ടിലായിരുന്നു അയാളുടെ ഭാവം.

ആ നിൽപ്പു കണ്ടപ്പോൾ ഞങ്ങൾക്ക് നിരാശയാണ് തോന്നിയത്.

"കള്ളൻ' എന്നു കേൾക്കുമ്പോൾ തോന്നുന്ന ഗാംഭീര്യമൊന്നും അയാൾക്കില്ലായിരുന്നല്ലോ.

നാട്ടുകാരിൽ പ്രമാണിയായ രാമൻ നായർ അവനെ നോക്കി "അമ്പമ്പടാ, കൊച്ചു കള്ളാ!' എന്ന് ഉറക്കെപ്പറഞ്ഞപ്പോൾ കള്ളന്‍റെ കണ്ണിൽ ഒരു നിഷ്ക്കളങ്കമായ തിളക്കം മിന്നിമറഞ്ഞു. പെരുങ്കള്ളന്മാരും അമ്പലം വിഴുങ്ങികളും ആനക്കള്ളന്മാരും അക്കാലത്ത് ഉരുത്തിരിഞ്ഞിരുന്നില്ലല്ലോ.

കള്ളനും സോഷ്യലിസവും

.................................................................

നാട്ടിലെ പഴയ കള്ളന്മാർ നാട്ടുനന്മകളുടെ ഭാഗമായിരുന്നെന്നു പറയാം. കള്ളനെയും വേശ്യയെയും കണി കാണുന്നത് നല്ലതാണെന്നൊരു വിചാരവും നാട്ടിലുണ്ടായിരുന്നു. മിക്ക നാട്ടുകള്ളന്മാരും സത്യവും ധർമവുമൊക്കെ അവരാലാവും വിധം പരിപാലിക്കുന്നതിൽ ശ്രദ്ധ പുലർത്തി. പദ്മരാജന്‍റെ "കള്ളൻ പവിത്രൻ' എന്ന സിനിമയിലെ പവിത്രൻ ഇപ്രകാരം സത്യമുള്ള കള്ളനാണ്. "മീശമാധവ'നാണ് മറ്റൊരു പാവം കള്ളൻ.

എത്ര വലിയ കള്ളനും സ്വന്തം നാട്ടിലെ തേവരുടെ കാണിക്ക വഞ്ചി മോഷ്ടിക്കില്ല എന്നൊരു വിശ്വാസം നാട്ടിലുണ്ടായിരുന്നു. കാവിലെ യക്ഷി അമ്പലത്തിൽ കെട്ടും പൂട്ടുമില്ലാതെ സൂക്ഷിച്ചിരുന്ന പള്ളിവാളും കാൽച്ചിലമ്പും നാട്ടിലെ തസ്കര വീരന്മാരാരും തൊട്ടുനോക്കിയിരുന്നില്ല എന്നത് ഈ വിശ്വാസം ഊട്ടിയുറപ്പിച്ചു.

കായംകുളം കൊച്ചുണ്ണിയും നിഷ്ഠയുള്ള കള്ളനായിരുന്നുവല്ലോ. നാട്ടിൽ സോഷ്യലിസം നടപ്പാക്കാൻ അദ്ദേഹം ഏറെ അധ്വാനിച്ചിട്ടുണ്ട്. എന്നു കരുതി സോഷ്യലിസം നടപ്പാക്കാൻ ഇറങ്ങിത്തിരിച്ചവരെല്ലാം കള്ളന്മാരാണെന്ന് കരുതരുത്.

അല്ലെങ്കിൽത്തന്നെ, സമ്പൂർണ സോഷ്യലിസ്റ്റ് വ്യവസ്ഥിതിയിൽ കള്ളന്മാരും കൊള്ളക്കാരുമില്ല. ദൈവവും ദ്വാരപാലകരുമില്ല. സ്വർണവും ചെമ്പുമില്ല. എല്ലാവരും ഒന്നാണ്. തമ്മിൽ തിരിച്ചറിയാൻ വയ്യ. വസുധൈവ കുടുംബകം.

കള്ളൻ കപ്പലിലുണ്ട്

........................................

വാഴക്കുലയും കപ്പയും ചേനയും കോഴിയും മോഷ്ടിക്കുന്ന പരമ്പാഗത ഫാസിസ്റ്റ് രീതിയിൽ നിന്ന് നാട്ടിലെ കൊച്ചു കള്ളന്മാർക്ക് സോഷ്യലിസ്റ്റ് അഴിതിയിലേക്ക് പ്രമോഷൻ കിട്ടിയത് എപ്പോഴാണ്? ഒരു ജനാധിപത്യ ഭരണക്രമം നാട്ടിൽ നിലവിൽ വരുമ്പോൾ കൊച്ചു കള്ളന്മാരുടെ പിന്തിരിപ്പിൻ ശൈലികളിൽ നിന്ന് ലാഭകരമായ പുതിയ മേഖലകളിലേക്ക് മാറേണ്ടി വരും. അത് സ്വാഭാവികമാണ്. കാലഘട്ടത്തിന്‍റെ ആവശ്യവുമാണ്. അതുകൊണ്ടുതന്നെ, ആദ്യമായി പഞ്ചായത്തു തെരഞ്ഞെടുപ്പ് വന്നപ്പോൾ കുറെ തസ്ക്കരന്മാർ തദ്ദേശ സ്വയംഭരണ രംഗത്തേക്കു ചുവടു മാറിയെന്ന് തോന്നുന്നു. സഹകരണ ബാങ്കുകളും സംഘങ്ങളും രൂപീകരിക്കപ്പെട്ടപ്പോൾ കുറച്ചുപേർ അവിടം താവളമാക്കി കൊള്ള തുടങ്ങിയെന്നാണ് മറ്റൊരനുഭവം. ബാക്കിയുള്ളവർ ദൈവങ്ങളുടെ കാര്യക്കാരായി അമ്പലം കമ്മറ്റികളിലും ദേവസ്വം ബോർഡുകളിലും ചേർന്നു. ഈ മേഖലകളിൽ കഴിവു തെളിയിച്ചവർ പിന്നെ നിയമസഭാ ഇലക്‌ഷനിലൂടെ ഉന്നതസ്ഥാനങ്ങളിൽ കയറിപ്പറ്റി. അതോടെ "കള്ളൻ' എന്നു പറഞ്ഞാൽ കേവലമൊരു മോഷ്ടാവല്ലാതായി. "നവനീത ചോരൻ' എന്നു പറയുന്നതു പോലെ അതൊരു ബഹുമതിയും ഓമനപ്പേരുമായി.

കള്ളൻ കപ്പലിൽത്തന്നെ ഉണ്ടെന്നറിഞ്ഞ് കള്ളനു കഞ്ഞിവച്ചു കൊടുക്കുന്ന ഹരിശ്ചന്ദ്രമാരുടെയും അമ്പലം വിഴുങ്ങുമ്പോൾ വാതിൽപ്പലക പപ്പടമായി കഴിക്കുന്നവരുടേയും നല്ല കാലം അതോടെ തെളിയുകയായിരുന്നു.

റോബിൻഹുഡും വിരുതൻ ശങ്കുവും കൊച്ചുണ്ണിയും വെള്ളായണി പരമുവും ഇത്തിക്കര പക്കിയുമൊക്കെ ജനാധിപത്യത്തിന്‍റെ ശ്രീകോവിലിലെ കാര്യക്കാരായതും ക്ഷേത്ര ദ്വാരപാലകരുടെ ഉടുപ്പും ഉടുമുണ്ടും അഴിഞ്ഞുപോയതും അങ്ങനെയാണ്.

വെറുമൊരു മോഷ്ടാവായ ഒരാളെ കള്ളനെന്നു വിളിക്കരുതെന്ന് കവി അയ്യപ്പപ്പണിക്കർ നേരത്തേ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ നമുക്കു ചുറ്റും സർവത്ര കള്ളന്മാർ നിറഞ്ഞതിനാൽ അത്തരമൊരു സംബോധനയ്ക്ക് അല്ലെങ്കിലും പ്രസക്തിയില്ല. കോഴി കട്ട കള്ളന്‍റെ തലയിൽ തൂവൽ കാണുമെങ്കിലും പൊന്നു കക്കുന്ന കള്ളന്മാരുടെ തലയിൽ കിരീടമാണുള്ളതെങ്കിൽ നമുക്ക് കണ്ണടയ്ക്കേണ്ടി വരും. കണ്ണടച്ചിരുട്ടാക്കുന്ന ലൈഫ്സ്റ്റെലാണല്ലോ ഡെമോക്രസി.

കാരണവർ ഒരു കൊച്ചുകള്ളൻ

.........................................................

സ്വന്തം തറവാടിന്‍റെ നിലവറയിലെ വിലയേറിയ ഓട്ടുമണികളും പൂജാപാത്രങ്ങളും ഉരുളികളും വിദഗ്ധമായി അടിച്ചുമാറ്റിയ ഒരു കാരണവരുടെ കഥ ഓർമ വരുന്നു. വർഷംതോറും സർപ്പ പൂജയും ഭഗവതി സേവയും നടക്കുന്ന തറവാടാണ്.

പണത്തിന് ആവശ്യം വന്നപ്പോൾ കാരണവർ ഒരു കാര്യം ചെയ്തു. ഒരു ജ്യോതിഷിയെക്കൊണ്ട് പ്രശ്നം വയ്പ്പിച്ചു.

തറവാട്ടിലെ പൂജാ സാധനങ്ങൾ കേടുവന്നതാണെന്നും അവ വീണ്ടും ഉടച്ചുവാർക്കണമെന്നും കാരണവരുടെ ഇംഗിതം പോലെ ജ്യോതിഷി പറഞ്ഞു.

അക്കാലത്ത് സമർഥരായ മൂശാരിമാർ തറവാട്ടിൽ വന്നു താമസിച്ച് പാത്രങ്ങളും മറ്റും വാർക്കുമായിരുന്നു. കാരണവർ നിലവറ തുറന്ന് വിളക്കുകളും മറ്റും പുറത്തെടുത്ത് വീണ്ടും ഉടച്ചു വാർപ്പിച്ചപ്പോൾ പലതിന്‍റെയും വലിപ്പം പകുതിയായി! പല ഉരുളികളും പൂജാ പാത്രങ്ങളും അപ്രത്യക്ഷമായി.

സ്വന്തം തറവാടിന്‍റെ മുറ്റത്തു വച്ച് വാർപ്പിച്ചതായതു കൊണ്ട് ആരും ഒന്നും സംശയിച്ചതുമില്ല.

അക്കാലത്ത് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമൊന്നും ഇല്ലാതിരുന്നത് ഭാഗ്യം!

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com