അഗ്രിവോൾട്ടായിക്സ്: കർഷകനെ കേന്ദ്രബിന്ദുവാക്കുന്നു

കൃഷി തുടരുന്നതിനൊപ്പം കർഷകർക്ക് ശുദ്ധമായ വൈദ്യുതി ഉത്പാദിപ്പിക്കാനും അവസരമൊരുക്കുന്ന അഗ്രിവോൾട്ടായിക്സ് അഥവാ അഗ്രിപിവി (AgriPV) ഈ ലക്ഷ്യം മുന്നോട്ടു കൊണ്ടുപോകാനുള്ള മികച്ച അവസരമാണ്.
Agrivoltaics special story

അഗ്രിവോൾട്ടായിക്സ്: കർഷകനെ കേന്ദ്രബിന്ദുവാക്കുന്നു

പ്രതീകാത്മക ചിത്രം-എഐ

Updated on: 

പ്രൾഹാദ് ജോഷി,

കേന്ദ്ര നവ- പുനരുപയോഗ ഊർജ മന്ത്രി

ശിവരാജ് സിങ് ചൗഹാൻ,

കേന്ദ്ര കൃഷി- കർഷകക്ഷേമ മന്ത്രി

വികസിത ഭാരതത്തിലേക്കുള്ള യാത്ര ഗ്രാമങ്ങളുടെ സമൃദ്ധിയിൽ അധിഷ്ഠിതമായിരിക്കണം. അന്നദാതാക്കളായ കർഷകന് സാമ്പത്തിക വളർച്ചാ അവസരങ്ങളിൽ അർഹമായ പങ്ക് ലഭിക്കണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ അന്നദാതാക്കളെ ശാക്തീകരിക്കുക എന്നത് ഭരണത്തിന്‍റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. കൃഷി തുടരുന്നതിനൊപ്പം കർഷകർക്ക് ശുദ്ധമായ വൈദ്യുതി ഉത്പാദിപ്പിക്കാനും അവസരമൊരുക്കുന്ന അഗ്രിവോൾട്ടായിക്സ് അഥവാ അഗ്രിപിവി (AgriPV) ഈ ലക്ഷ്യം മുന്നോട്ടു കൊണ്ടുപോകാനുള്ള മികച്ച അവസരമാണ്.

ഫോട്ടോവോൾട്ടായിക് സംവിധാനങ്ങൾ വിളകളുടെ മുകളിലെ താപനില കുറയ്ക്കും, അന്തരീക്ഷത്തിലെ ഉയർന്ന ബാഷ്പീകരണ ആവശ്യകതയുള്ള കാലയളവുകളിൽ സസ്യങ്ങളുടെ ജലനഷ്ടവും മണ്ണിലെ ഈർപ്പനഷ്ടവും കുറയ്ക്കും. കൃഷിക്ക് അനുകൂലമായ സൂക്ഷ്മ കാലാവസ്ഥ സൃഷ്ടിക്കപ്പെടും. 2030ഓടെ 500 ജിഗാവാട്ട് പുനരുപയോഗ ഊർജം ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള ഇന്ത്യയുടെ യാത്രയിൽ കൃഷിയിടങ്ങളിൽ നിന്ന് സൗരോർജം പ്രയോജനപ്പെടുത്താനുള്ള വലിയ സാധ്യതകൾ കാർഷിക മേഖല തുറന്നു നൽകുന്നു. അതേസമയം, പ്രധാൻമന്ത്രി കിസാൻ ഊർജ സുരക്ഷാ ഏവം ഉത്ഥാൻ മഹാഭിയാൻ (പിഎം- കുസും) പദ്ധതിയിലൂടെ ജലസേചന സംവിധാനങ്ങൾ സൗരോർജവത്കരിക്കുന്നതിൽ കേന്ദ്രം നടത്തിയ വിജയകരമായ ഇടപെടലുകൾ ഇതിനകം പ്രകടമാണ്. ഇത് കാർബൺ പുറന്തള്ളൽ കുറയ്ക്കാനും പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ കാർഷിക രീതികൾ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. പിഎം- കുസും പദ്ധതിയുടെ അടുത്ത ഘട്ടത്തിൽ അഗ്രി-ഫോട്ടോവോൾട്ടായിക്സിനായി പ്രത്യേക ഇടം സൃഷ്ടിച്ച് സൗരോർജ ഉത്പാദനം ത്വരിതപ്പെടുത്താനുള്ള നടപടികളും സ്വീകരിച്ചുവരുന്നു.

23 വരെ ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഏഴാം അഗ്രിവോൾട്ടായിക്സ് ലോക സമ്മേളനത്തിന് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നു. "ഗ്ലോബൽ സൗത്തിന് ഊർജം പകരുക' എന്നതാണ് പ്രമേയം. ഈ മേഖലയിൽ ഇന്ത്യ ഏറ്റെടുക്കാൻ സന്നദ്ധമായ ഉത്തരവാദിത്വത്തെ ഇത് പ്രതിഫലിപ്പിക്കുന്നു. ഇന്ത്യയിലെ ആകെ കർഷകരിൽ ഏകദേശം 86% വരുന്ന ചെറുകിട, നാമമാത്ര കർഷകരിലേക്കും കാർഷിക നവീകരണത്തിന്‍റെയും ഊർജ പരിവർത്തനത്തിന്‍റെയും നേട്ടങ്ങൾ എത്തിക്കുകയാണ് ലക്ഷ്യം. ഗ്രാമങ്ങൾക്ക് പ്രയോജനപ്പെടുന്ന സമീപനങ്ങൾ രൂപപ്പെടുത്താനും ലോകമെമ്പാടുമുള്ള വികസ്വര രാജ്യങ്ങൾക്ക് പ്രായോഗിക പാഠങ്ങൾ നൽകാനും ഈ സമ്മേളനം സഹായിക്കും.

കർഷകരുടെ ഉപജീവനമാർഗമാണ് ഞങ്ങളുടെ മുൻഗണന. ഓരോ വിളവെടുപ്പിനും പിന്നിൽ മാസങ്ങൾ നീണ്ട അധ്വാനവും നിക്ഷേപിച്ച പണവും ഒരു കുടുംബത്തിന്‍റെ പ്രതീക്ഷകളുമുണ്ട്. മികച്ച വിളവ് എല്ലായ്‌പ്പോഴും മികച്ച വരുമാനം ഉറപ്പാക്കണമെന്നില്ല. കാലാവസ്ഥ, കാർഷിക ഉത്പാദനച്ചെലവ്, വിപണിവില എന്നിവ കുടുംബ സാമ്പത്തിക ഭദ്രതയെ ബാധിച്ചേക്കാം. ഇത്തരം അനിശ്ചിതത്വങ്ങളെ നേരിടാനുള്ള കർഷകരുടെ ശേഷി വർധിപ്പിക്കുകയും അധിക വരുമാന മാർഗങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നതായിരിക്കണം പൊതുനയം.

ഇവിടെയാണ് കൃഷിയും പുനരുപയോഗ ഊർജ നയവും പരസ്പരം സംഗമിക്കുന്നത്. കൃഷിക്ക് അനുയോജ്യമായ ഘടനകളും അകല ക്രമീകരണങ്ങളും ഉപയോഗിച്ച് ഒരേ ഭൂമിയിൽ കൃഷിയും സൗരോർജ ഉത്പാദനവും സംയോജിപ്പിക്കുന്ന രീതിയാണ് അഗ്രിവോൾട്ടായിക്സ്. വൈദ്യുതി ഉത്പാദനത്തിലൂടെ കർഷകന് അധിക വരുമാനം നേടാം. ഡീസലിനോ, പണം നൽകി വാങ്ങുന്ന വൈദ്യുതിക്കോ പകരം സൗരോർജം ഉപയോഗിക്കുന്നതിലൂടെ ചെലവ് കുറയ്ക്കാം. അഗ്രിപിവി സംവിധാനങ്ങൾക്കു കീഴിൽ രൂപപ്പെടുന്ന അനുകൂല സൂക്ഷ്മ കാലാവസ്ഥ ഉയർന്ന താപനില, വരൾച്ച, അമിതമായ സൗര വികിരണം, ആലിപ്പഴ വർഷം എന്നിവ മൂലമുണ്ടാകുന്ന ആഘാതങ്ങളിൽ നിന്ന് വിളകൾക്ക് കൂടുതൽ സംരക്ഷണം നൽകുന്നു.

അന്ന ദാതാവ് ഊർജ ദാതാവായി മാറുന്നു എന്ന ആശയത്തിന് വ്യക്തമായ രാഷ്‌ട്രീയ പ്രാധാന്യമുണ്ട്. ഇന്ത്യയുടെ ഊർജ സമ്പത്ത് സൃഷ്ടിക്കുന്നതിൽ കർഷകന് പങ്കാളിയാകാനും അതിന്‍റെ നേട്ടങ്ങൾ ലഭിക്കാനും കഴിയണം. ഭക്ഷ്യ സുരക്ഷയും ഊർജ സുരക്ഷയും ഉറപ്പാക്കുകയെന്ന ഇന്ത്യയുടെ ലക്ഷ്യങ്ങളെ അഗ്രിവോൾട്ടായിക്സ് ഒരുമിപ്പിക്കുന്നു. ഒരേ ഭൂമിയിലൂടെ രാജ്യത്തിന് ഭക്ഷണം നൽകുന്നതിനൊപ്പം ഭാവിയിലേക്കുള്ള ഊർജവും ഉത്പാദിപ്പിക്കാൻ ഇതുവഴി സാധിക്കും.

നയങ്ങൾ നിക്ഷേപകർക്ക് ആത്മവിശ്വാസം നൽകുകയും നൂതനാശയത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമ്പോൾ, സുസ്ഥിരമായ രാഷ്‌ട്രീയ നേതൃത്വം എത്രത്തോളം നേട്ടങ്ങൾ കൈവരിക്കാനാകുമെന്ന് ഇന്ത്യയുടെ സൗരോർജ വികസനം തെളിയിച്ചിട്ടുണ്ട്. ആഭ്യന്തര ഉത്പാദനം, സംഭരണ നടപടികൾ, ഊർജ അടിസ്ഥാന സൗകര്യങ്ങളിലെ നിക്ഷേപം എന്നിവ കൂടുതൽ വളർച്ചയ്ക്കുള്ള അടിത്തറ സൃഷ്ടിച്ചു. സ്ഥാപിക്കൽ, പരിപാലനം, കാർഷിക സേവനങ്ങൾ തുടങ്ങിയ മേഖലകളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലൂടെ അഗ്രിവോൾട്ടായിക്സിന് ഈ അവസരങ്ങൾ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയിലേക്കും വ്യാപിപ്പിക്കാം.

ഇന്ത്യയിൽ അഗ്രിവോൾട്ടായിക്സ് വിജയകരമായി നടപ്പാക്കുന്നതിന് അനുയോജ്യമായ വിളകൾ തിരഞ്ഞെടുക്കുക എന്നത് അനിവാര്യമാണ്. അതിനാൽ തണൽ സഹിഷ്ണുത, മാറുന്ന സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള സസ്യങ്ങളുടെ കഴിവ്, ഇടവിട്ടുള്ള സൗരവികിരണ സാഹചര്യങ്ങളിലും സ്ഥിരമായ ഉത്പാദനക്ഷമത എന്നിവയ്ക്ക് വിള തെരഞ്ഞെടുപ്പിൽ പ്രാധാന്യം നൽകണം. വിളകളുടെ മുകളിൽ സ്വാഭാവികമായി ലഭിക്കുന്ന സൗരവികിരണത്തിന്‍റെ 70 ശതമാനമോ അതിലധികമോ നിലനിർത്തുക എന്ന ലക്ഷ്യത്തോടെയായിരിക്കണം അഗ്രിവോൾട്ടായിക് സംവിധാനങ്ങൾ രൂപകൽപ്പന ചെയ്യേണ്ടത്. ക്രമീകരിക്കാവുന്ന ഫോട്ടോവോൾട്ടായിക് പാനലുകൾക്ക് വികിരണത്തോട് കൂടുതൽ സംവേദനക്ഷമമായ വളർച്ചാഘട്ടങ്ങളിൽ അധിക വഴക്കം നൽകാൻ കഴിയും. ഉത്പാദനക്ഷമമായ കൃഷിയിടങ്ങളും വിശ്വസനീയ ഊർജ ലഭ്യതയും വിപണിയിലേക്കുള്ള പ്രവേശനവും ഒരു ഗ്രാമത്തിന് ആവശ്യമാണ്. അതിനാൽ സംസ്ഥാന ഗവൺമെന്‍റുകൾ, ഗവേഷണ സ്ഥാപനങ്ങൾ, തദ്ദേശസ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ച് കൃഷി, ഊർജ വകുപ്പുകൾ സംയുക്തമായി ആസൂത്രണം നടത്തണം. ഈ തീരുമാനങ്ങളുടെയെല്ലാം ഫലം ഒരേ കൃഷിയിടത്തിൽ കർഷകൻ അനുഭവിക്കുന്നു. നമ്മുടെ സ്ഥാപനങ്ങളും ഇതേ ഏകോപന ബോധത്തോടെ പ്രവർത്തിക്കാൻ പ്രാപ്തമായിരിക്കണം.

സമ്മേളനത്തിനു മുന്നോടിയായുള്ള പരിപാടിയിൽ പിഎം- കുസും പദ്ധതിയുടെ അടുത്ത ഘട്ടത്തിൽ അഗ്രിവോൾട്ടായിക്സിനായി പ്രത്യേക ഘടകം ഉൾപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ചെറുകിട, നാമമാത്ര കർഷകർക്ക് ഈ വളർന്നു വരുന്ന മേഖലയിൽ ഇടം ഉറപ്പാക്കുക എന്ന ദിശ ഇതിലൂടെ വ്യക്തമാകുന്നു. ഇതിനായി, അഗ്രിപിവിക്ക് അനുയോജ്യമായ ചെറുകിട, നാമമാത്ര കർഷകരുടെ കൂട്ടായ കൃഷിഭൂമി പ്രയോജനപ്പെടുത്താനുള്ള സാധ്യതകൾ പരിശോധിക്കണം. കർഷക ഉത്പാദക സംഘടനകൾ, സഹകരണ സംഘങ്ങൾ, പഞ്ചായത്തുകൾ എന്നിവയെ അണിനിരത്തുകയും ശാക്തീകരിക്കുകയും ചെയ്ത് ഇത് സാധ്യമാക്കാം. ഈ ലക്ഷ്യം പ്രായോഗിക പദ്ധതികളാക്കി മാറ്റാൻ താങ്ങാനാവുന്ന നിരക്കിലുള്ള ധനസഹായം, അനുയോജ്യമായ വൈദ്യുതി കണക്‌ഷനുകൾ, ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് ഉറപ്പുള്ള പണമടയ്ക്കൽ സംവിധാനം എന്നിവ ആവശ്യമാണ്.

ഓരോ ഘട്ടത്തിലും കർഷകരുടെ വിശ്വാസത്തിന് മുൻഗണന നൽകണം. കരാറുകൾ മനസിലാക്കാനും പ്രതീക്ഷിക്കാവുന്ന വരുമാനം അറിയാനും ഓരോ ഉത്തരവാദിത്വവും ആർക്കാണെന്ന് തിരിച്ചറിയാനും കർഷകർക്ക് കഴിയണം. ഭൂമിയുടെ ഉടമസ്ഥാവകാശം സംരക്ഷിക്കപ്പെടണം. പാട്ട കർഷകർക്കും വനിതാ കർഷകർക്കും പദ്ധതികളുടെ രൂപകൽപ്പനയിലും നേട്ടങ്ങളുടെ പങ്കുവയ്ക്കലിലും അഭിപ്രായം പറയാൻ അവസരമുണ്ടാകണം. പദ്ധതികളിൽ തങ്ങൾക്ക് പങ്കുണ്ടെന്ന് കർഷകർക്ക് ബോധ്യപ്പെടുമ്പോഴാണ് നിക്ഷേപങ്ങൾക്ക് പൊതുജന വിശ്വാസം നേടാനാകുക.

അഗ്രിവോൾട്ടായിക് പദ്ധതിയെന്ന് അവകാശപ്പെടുന്ന ഒരു പദ്ധതിയും കൃഷിയുടെ പ്രായോഗികത ഇല്ലാതാക്കരുത്. കാർഷിക പ്രവർത്തനങ്ങൾ സുഗമമായി നടത്താൻ കഴിയുന്ന രീതിയിലായിരിക്കണം ഘടനകൾ രൂപകൽപ്പന ചെയ്യേണ്ടത്. പാനലുകളുടെ തിരഞ്ഞെടുപ്പും അവയ്ക്കിടയിലെ അകലവും വിളകളുടെ ആവശ്യകതകൾക്ക് അനുസൃതമായിരിക്കണം. സൗരോർജ പാനലുകൾ കൈവശപ്പെടുത്തുന്ന സ്ഥലത്തിന്‍റെ അളവും രൂപകൽപ്പനയും അടിസ്ഥാനമാക്കി കാർഷിക പരിപാലന രീതികൾ ഏകീകരിക്കേണ്ടതുണ്ട്. കുറഞ്ഞ ഉയര പരിധിയിൽ പ്രവർത്തിക്കാൻ കഴിയുന്ന നൂതനവും ചെറുതുമായ കാർഷിക യന്ത്രങ്ങൾ ഉപയോഗിച്ച് വിളകൾക്കിടയിലെ കൃഷിപ്പണികൾ സുഗമമാക്കണം. ശാസ്ത്രീയ പഠനങ്ങൾ തെളിയിക്കുന്നത് ശരിയായ രീതിയിൽ ക്രമീകരിച്ച തണൽ ചില വിളകളെ ചൂടിന്‍റെയും ജലക്ഷാമത്തിന്‍റെയും ആഘാതങ്ങൾ അതിജീവിക്കാൻ സഹായിക്കുമെന്നാണ്. എന്നാൽ, അനുയോജ്യമല്ലാത്ത തണൽ വിളവിനെ പ്രതികൂലമായി ബാധിക്കുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. ഈ രണ്ടു കണ്ടെത്തലുകളും അംഗീകരിക്കുകയും പ്രാദേശിക സാഹചര്യങ്ങളിൽ പരീക്ഷിച്ച സംവിധാനങ്ങൾ ശുപാർശ ചെയ്യുകയും ചെയ്യുന്നതാണ് ഉത്തരവാദിത്വമുള്ള നേതൃത്വം.

രാജ്യത്ത് ഇതിനകം ലഭ്യമായ അനുഭവ സമ്പത്ത് ഈ മേഖലയിലെ മുന്നേറ്റത്തിന് അടിത്തറയാകും. ജോധ്പുരിലെ ഐസിഎആറിന്‍റെ സെൻട്രൽ ആരിഡ് സോൺ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സൗരോർജ ഉത്പാദനത്തോടൊപ്പം കൃഷിയും മഴവെള്ള സംഭരണവും സംയോജിപ്പിക്കുന്ന സാധ്യതകൾ പഠിച്ചിട്ടുണ്ട്. പുനെയിലെ ബെയ്ഫിന്‍റെ റൂറൽ ഇന്നൊവേഷൻ സെന്‍റർ വിവിധ വിളകളിൽ വ്യത്യസ്ത സംവിധാനങ്ങൾ പരീക്ഷിച്ചുവരുന്നു.

2025ൽ ഡൽഹിയിലെ ഐസിഎആർ ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ 100 കിലോവാട്ട് ശേഷിയുള്ള അഗ്രി- ഫോട്ടോവോൾട്ടായിക്സ് മികവിന്‍റെ കേന്ദ്രം സ്ഥാപിച്ച് അഗ്രിവോൾട്ടായിക്സിൽ ദേശീയതല ഗവേഷണ പരിപാടിക്ക് കേന്ദ്രം തുടക്കമിട്ടു. കേന്ദ്ര നവ പുനരുപയോഗ ഊർജ മന്ത്രാലയത്തിന്‍റെ നിർദേശപ്രകാരം ഐസിഎആറും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോളാർ എനർജിയും സംയുക്തമായാണ് ഈ കേന്ദ്രത്തിന് നേതൃത്വം നൽകുന്നത്. വിളകൾക്കും സൗരോർജ പാനലുകൾക്കും ഇടയിലെ ഏറ്റവും അനുയോജ്യമായ സംയോജനം കണ്ടെത്തുക, വിളവിലെ നഷ്ടം പരമാവധി കുറയ്ക്കുന്ന വിളാനുയോജ്യതാ പട്ടിക തയാറാക്കുക, അഗ്രിപിവി സംവിധാനങ്ങൾക്ക് അനുയോജ്യമായ വിളയിനങ്ങൾ വികസിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള ഗവേഷണ പഠനങ്ങൾ ഇവിടെ നടക്കുന്നു.

കോളിഫ്ലവർ, മുള്ളങ്കി, പീച്ചിങ്ങ, ചീര, ചുരയ്ക്ക, മത്തൻ തുടങ്ങിയ പച്ചക്കറികളിലാണ് ഗവേഷണ പരീക്ഷണങ്ങൾ നടത്തുന്നത്. 2 വർഷത്തിനുള്ളിൽ ഈ മികവിന്‍റെ കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ ഇന്ത്യയിലെ പ്രധാന സാധ്യതാ മേഖലകളിൽ അനുയോജ്യമായ വിളകൾ ഏതൊക്കെയാണെന്നും പാലിക്കേണ്ട സാഹചര്യങ്ങൾ എന്തൊക്കെയാണെന്നും കൃഷിയിടങ്ങളെയും സൗരോർജ പാനലുകളെയും എങ്ങനെ ഏറ്റവും ഫലപ്രദമായി സംയോജിപ്പിക്കാമെന്നും സംബന്ധിച്ച സാങ്കേതിക നിർദേശങ്ങൾ നൽകാൻ സഹായിക്കും. രാജ്യത്ത് അഗ്രിപിവി സംവിധാനങ്ങൾ പ്രവർത്തിപ്പിക്കുന്നതിന് ശക്തമായ ചട്ടക്കൂട് രൂപപ്പെടുത്താനും ഈ കേന്ദ്രം സഹായിക്കും. വിവിധ കാർഷിക- കാലാവസ്ഥാ മേഖലകളിൽ അഗ്രിപിവി സംവിധാനങ്ങളുടെ വ്യാപകമായ പ്രചാരം പ്രോത്സാഹിപ്പിക്കാനുള്ള അറിവുകളും മാർഗനിർദേശങ്ങളും പരിശീലന അവസരങ്ങളും ഇതിലൂടെ ലഭിക്കും. ഇത് കർഷകരുടെ അറ്റവരുമാനം വർധിപ്പിക്കാനും സഹായിക്കും. കേന്ദ്ര ഗവൺമെന്‍റിന്‍റെ കീഴിലുള്ള ഐസിഎആർ സ്ഥാപനങ്ങൾ, കാർഷിക സർവകലാശാലകൾ, കൃഷി വിജ്ഞാന കേന്ദ്രങ്ങൾ എന്നിവയ്ക്ക് ഈ പ്രവർത്തനങ്ങൾ വിവിധ കാർഷിക- കാലാവസ്ഥാ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ കഴിയും.

ലോക സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നതിലൂടെ ഈ ദേശീയ സംരംഭത്തിലേക്ക് അന്താരാഷ്‌ട്ര ശാസ്ത്ര സമൂഹത്തെ കൂടി ഇന്ത്യ പങ്കാളിയാക്കുന്നു. ആദ്യ രണ്ടു സമ്മേളനങ്ങൾ 2020ലും 2021ലും ഓൺലൈനായാണ് നടന്നത്. തുടർന്ന് പിയാചെൻസ, ഡേഗു, ഡെൻവർ, ഫ്രീബർഗ് എന്നിവിടങ്ങളിൽ സമ്മേളനങ്ങൾ നടന്നു. ചെറുകിട കർഷകരുടെ ആശങ്കകൾക്ക് വ്യക്തമായ പ്രാധാന്യം നൽകി ഈ അറിവിന്‍റെ കൈമാറ്റം ഡൽഹിയിൽ മുന്നോട്ടു കൊണ്ടുപോകണം. സൗരോർജ സാങ്കേതികവിദ്യയിലെ പുരോഗതിക്കൊപ്പം ചെറുകിട കൃഷിയിടങ്ങൾക്ക് അനുയോജ്യമായ ചെലവു കുറഞ്ഞ ഘടനകളും ധനസഹായ സംവിധാനങ്ങളും ചർച്ചകളിൽ തുല്യപ്രാധാന്യം അർഹിക്കുന്നു.

ഗ്ലോബൽ സൗത്തുമായുള്ള ഇന്ത്യയുടെ പങ്കാളിത്തം കൂടുതൽ ശക്തമാക്കാനുള്ള അവസരം കൂടിയാണിത്. ഇന്ത്യയും ഫ്രാൻസും ചേർന്ന് ആരംഭിച്ച അന്താരാഷ്‌ട്ര സൗരോർജ സഖ്യം സൗരോർജ മേഖലയിലെ സഹകരണത്തിന് ശക്തമായ അടിത്തറയാണ്. സംയുക്ത ഫീൽഡ് ഗവേഷണം, പരിശീലനം, പ്രായോഗിക അനുഭവങ്ങളുടെ കൈമാറ്റം എന്നിവയ്ക്ക് അഗ്രിവോൾട്ടായിക്സ് കൂടുതൽ അവസരങ്ങൾ തുറന്നു നൽകുന്നു. ഭൂമി, ജലം, ഗ്രാമീണ വരുമാനം എന്നിവയിൽ സമ്മർദം നേരിടുന്ന രാജ്യങ്ങൾക്ക് അവരുടെ സാഹചര്യങ്ങൾക്ക് അനുയോജ്യമായ പരിഹാരങ്ങൾ ലഭ്യമാകണം. തെളിവുകളുടെയും ആവശ്യകതയുടെയും അടിസ്ഥാനത്തിൽ ഈ ശ്രമങ്ങൾക്ക് ഇന്ത്യയിലെ ശാസ്ത്രജ്ഞർക്കും ഉത്പാദകർക്കും ഗ്രാമീണ സംരംഭകർക്കും സംഭാവന നൽകാൻ കഴിയും.

വികസനത്തിന്‍റെ നേട്ടങ്ങൾ ആർക്കാണ് ലഭിക്കുന്നത് എന്നതിലാണ് അഗ്രിവോൾട്ടായിക്സിന്‍റെ രാഷ്‌ട്രീയ പ്രാധാന്യം നിലകൊള്ളുന്നത്. ഊർജ സുരക്ഷ വർധിക്കുന്നത് ഗ്രാമീണ ഉപജീവന മാർഗങ്ങളെ ശക്തിപ്പെടുത്തണം. ശുദ്ധമായ സാങ്കേതിക വിദ്യയിലെ നിക്ഷേപം കർഷകർക്കും ഗ്രാമങ്ങളിലെ യുവജനങ്ങൾക്കും അവസരങ്ങൾ സൃഷ്ടിക്കണം. വികേന്ദ്രീകൃത അഗ്രിപിവി സംവിധാനങ്ങൾക്കും പിഎം- കുസും പദ്ധതിയുടെ അടുത്ത ഘട്ടത്തിനും ഡീസലിനെയും ഗ്രിഡ് വൈദ്യുതിയെയും ആശ്രയിക്കുന്നതുമൂലമുള്ള രാജ്യത്തിന്‍റെ ചെലവു ഭാരം കുറയ്ക്കാൻ വലിയ സാധ്യതയുണ്ട്. ഇന്ത്യയുടെ അന്താരാഷ്‌ട്ര നേതൃത്വം മറ്റ് വികസ്വര രാജ്യങ്ങൾക്ക് അവരുടെ ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ വളർച്ച കൈവരിക്കാൻ സഹായകമാകണം. സമ്മേളനത്തിന്‍റെ പ്രാധാന്യം ഈ യോഗത്തിനപ്പുറത്തേക്ക് വ്യാപിപ്പിക്കുന്ന ഉത്തരവാദിത്വങ്ങളാണിവ.

ലോകത്തെ ന്യൂഡൽഹിയിലേക്ക് സ്വാഗതം ചെയ്യുമ്പോൾ നമുക്കുള്ള പ്രതീക്ഷ പ്രായോഗികമായ ഫലങ്ങളാണ്. കൂടുതൽ പരീക്ഷണങ്ങളിലൂടെ ഫലപ്രാപ്തി തെളിയിച്ച പദ്ധതികൾ, അറിവ് പങ്കുവയ്ക്കുന്ന പങ്കാളിത്തങ്ങൾ, കർഷകർക്ക് വിശ്വാസത്തോടെ ആശ്രയിക്കാവുന്ന ബിസിനസ് ക്രമീകരണങ്ങൾ എന്നിവ രൂപപ്പെടുത്താൻ ചർച്ചകൾ സഹായിക്കണം. പുതിയ സമൃദ്ധിയുടെ ഉറവിടങ്ങളിൽ പങ്കാളിയാകാനുള്ള ആത്മവിശ്വാസവും ശേഷിയും ചെറുകിട കർഷകന് ലഭിക്കുമ്പോഴാണ് വികസിത ഭാരതത്തിലേക്കുള്ള മുന്നേറ്റം ശക്തമാകുന്നത്. കൃഷിയെ അടിത്തറയാക്കിയും അന്നദാതാവിനെ കേന്ദ്ര ബിന്ദുവാക്കിയും അഗ്രിവോൾട്ടായിക്സിന് ഈ ലക്ഷ്യത്തിലേക്ക് സംഭാവന നൽകാൻ കഴിയും.

logo
Metro Vaartha
www.metrovaartha.com